Slider

സുന്ദരസുരഭിലം

0

ഒറ്റ റിംഗിന് തന്നെ ഫോൺ എടുത്തല്ലോ, മുത്തെന്താ ഫോണിൽ ചുരണ്ടിക്കൊണ്ടിരിക്കുകയായിരുന്നോ?
അച്ഛനെന്താ അമ്മയുടെ വാചകം കടമെടുത്തതാണോ ഈ ചുരണ്ടൽ പ്രയോഗം, അമ്മ അങ്ങോട്ട് മാറിയപ്പോൾ അമ്മയുടെ ഫോൺ പെട്ടെന്നെടുത്ത് കൂട്ടുകാരുടെ വാട്ട്സ്അപ്പ് സ്റ്റാറ്റസ് നോക്കിയതാണേ, ഇപ്പോൾ തന്നെ അമ്മ ഫോൺ തിരിച്ചു വാങ്ങാൻ വരും.
മുത്തിന് സ്വന്തമായി ഫോൺ വാങ്ങുന്ന കാര്യം പറഞ്ഞപ്പോൾ വേണ്ടെന്ന് പറഞ്ഞിട്ടല്ലേ . മോളു തന്നെയല്ലേ പറഞ്ഞത് മോളെത്ര നിർബ്ബന്ധിച്ച് പറഞ്ഞാലും ഞങ്ങൾ വാങ്ങിത്തരണ്ട എന്ന്. അല്ലെങ്കിൽ തന്നെ ഫോൺ ക്രേസ് ആണ് അപ്പോൾ പിന്നെ സ്വന്തമായി ഫോൺ കിട്ടിയാൽ പിന്നെ പറയണ്ട, ഇതിപ്പോൾ അമ്മയുടെ ഫോൺ കുറെ നേരം ഉപയോഗിച്ച് കഴിയുമ്പോൾ അമ്മ തിരിച്ചു വാങ്ങിച്ചോളും അതാണ് നല്ലത് എന്നെല്ലാം പറഞ്ഞത് കൊണ്ടല്ലേ വാങ്ങാതിരുന്നത്.
അന്ന് അതെല്ലാം പറഞ്ഞത് ശരിയാണ്, എന്നാലും ഇപ്പോൾ തോന്നുന്നു ഒരെണ്ണം കിട്ടിയാൽ കൊള്ളാമെന്ന്.
എന്നാൽ ആമസോണിൽ നോക്കിക്കോ, ദീപാവലി ഓഫർ ഉണ്ടാകും ഒരു പത്തു വരേയുള്ളത് ഒരെണ്ണം നോക്കിക്കോ.
പത്തിന്റെ മുകളിലേയ്ക്ക് പോകണമെങ്കിൽ പോകാം
അങ്ങിനെ ഇപ്പോൾ പത്തിനു മുകളിൽ പോകണ്ട, പത്തിനു താഴെയാണെങ്കിൽ അതാണ് ഏറ്റവും നല്ലത്.
അയ്യടാ അച്ഛപ്പാ, എങ്കിൽ പത്ത് ഫിക്സ്.
സ്വന്തമായി ഫോൺ കിട്ടിയാലും അമ്മയുടെ ഫോൺ ആണന്ന് ഓർത്ത് ഉപയോഗിച്ചാൽ മതി, അല്പം സ്വയം നിയന്ത്രണം എല്ലാം എല്ലാത്തിനും വേണം. വൈകിട്ട് ആറു മുതൽ ഒമ്പത് വരെ പഠിക്കുന്ന സമയമാണ് അപ്പോൾ ഫോൺ മാറ്റിവയ്ക്കണം, കൂട്ടുകാരോടും പറയണം സ്റ്റഡിടൈമിൽ വിളിയ്ക്കരുത് എന്ന്.
മതി അച്ചാ, ഞാൻ നാളെത്തൊട്ട് നന്നായേക്കാമേ അച്ഛനോട് പയ്യെ ഒന്ന് ഉപദേശിയ്ക്കാൻ പറഞ്ഞപ്പോൾ അച്ചൻ സൂപ്പർ ഫാസ്റ്റ് പോലെ ഇതെങ്ങോട്ട് പോണന്റച്ഛോ. സമ്മതിക്കണം.
എന്നാൽ ബാക്കിയിനി നാളെയാകട്ടെ. അനിയത്തിക്കുട്ടി എന്തു ചെയ്യുകയാണ്. പഠിക്കുകയാണോ, ഒച്ച കേൾക്കുന്നുണ്ടല്ലോ.
പുള്ളി പഠിക്കുകയൊന്നുമല്ല, സന്ധ്യാനാമം ചൊല്ലുകയാണ്.
അതിന് അവിടെ സന്ധ്യ ആയില്ലല്ലോ പിന്നെന്താ നേരത്തെ ഭയങ്കര കീർത്തനാലാപനം.
അതറിയില്ല, പക്ഷെ അമ്മ ഫോൺ വാങ്ങാൻ വരുന്നുണ്ട്.
സ്റ്റാറ്റസ് നോക്കുന്നതിന്റെ കാര്യത്തിന് ഒരു തീരുമാനം ആയി.
പ്രിയതമയുടെ വീഡിയോകാൾ ആണ് അടുത്തതായി വന്നത്.
നിങ്ങളുടെ ഇളയമോൾ സന്ധ്യാനാമം ചൊല്ലി തകർക്കുന്നത് കാണുന്നില്ലേ.
കൊള്ളാമല്ലോ നന്നായി ചൊല്ലുന്നുണ്ടല്ലോ.
അതല്ല ആ കള്ളച്ചിരി കണ്ടോ, ഇത്തിരിമുമ്പ് കിച്ചണിൽ വന്ന് രണ്ട് മുട്ടയും തട്ടിപ്പൊട്ടിച്ചിട്ട് അടി കിട്ടാതിരിയ്ക്കാൻ ഓടി വന്നിരുന്ന് കീർത്തനം ചൊല്ലുന്നതാണ്, അല്ലാതെ ഭക്തികൊണ്ടൊന്നുമല്ല. അത് തീർന്നിട്ടു വേണം രണ്ടെണ്ണം കൊടുക്കാൻ. അതിനാണ് ഞാൻ നോക്കി നിൽക്കുന്നത്. കള്ളിപ്പെണ്ണ് അതിനാൽ നിർത്തുന്ന ലക്ഷണമില്ല.
അതേതായാലും നന്നായി, നോക്കി നിന്നോ, ഇന്നിനി കീർത്തനം ചൊല്ലൽ നിർത്തുന്ന മട്ടു കാണുന്നില്ല.
ഒരിറ്റു നേരം കൊണ്ട് ഓർമ്മകൾ തന്റെ കുട്ടിക്കാലത്തേയ്ക്ക് പറന്നു പോയി. അമ്മവീട്ടിൽ വളർന്ന ബാല്യകാലം. സ്ക്കൂൾ വിട്ടു വന്നാൽ പുസ്തകസഞ്ചിയും വലിച്ചെറിഞ്ഞ് നിന്ന നിൽപ്പിൽ ചായകുടിയും കഴിഞ്ഞ് വടക്കേ പറമ്പിലേയ്ക്ക് കൂട്ടുകാരുടെ കൂടെ കളിയ്ക്കാനുള്ള ഓട്ടം. സന്ധ്യ ആയാലും തിരിച്ചു വരാതാവുമ്പോൾ മുത്തച്ചന്റെ ആവർത്തിച്ചുള്ള വിളികൾക്ക് ചെവി കൊടുക്കാതാകുമ്പോൾ കപടദേഷ്യത്തോടെ തന്നെ അടിയ്ക്കാൻ ഓലമടലിന്റെ മാന്താം പൊളിയോ, ഓലക്കണയോ ആയി തല്ലാൻ കാത്തു നിൽക്കുന്ന മുത്തച്ചൻ. മുത്തച്ചന്റെ കണ്ണുവെട്ടിച്ച് കിഴക്കേ കുളത്തിൽ ചെന്ന് കൈയ്യും കാലും മുഖവും കഴുകി, അമ്മുമ്മ കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്കിലെ നിറദീപത്തിന്റെ മുന്നിൽ ഇരുന്ന് രാമനാമം ജപിച്ചിരുന്ന് ഓട്ടകണ്ണിട്ട് മുത്തച്ഛനെ നോക്കിയിരുന്ന ബാല്യകാല സുന്ദരസുരഭില കുസൃതികളിലേയ്ക്ക് അറിയാതെ മനസ്സ് ഇറങ്ങിപ്പോയി. പിന്നീട് ഭക്ഷണത്തിനു മുമ്പുള്ള ഇടവേളകളിൽ മുത്തച്ഛൻ പറഞ്ഞു തരാറുള്ള കഥകൾ ചെവിയിൽ മധുവൂറുന്ന മധുരമൊഴികളായ് ഇപ്പോഴും പെയ്തിറങ്ങുന്നു..
By PS Anilkumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo