കോയമ്പത്തൂർ L & T ബൈപാസ്സിലെ ആദ്യത്തെ ടോൾ ഗേറ്റ് , ഊഴം കാത്ത് വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് പിന്നിലായി ഞാനും എന്റെ കാറും.
മൊബൈലെടുത്ത് ഫേസ്ബുക് നോട്ടിഫിക്കേഷനുകളിലൂടെ കണ്ണോടിച്ചുകൊണ്ടിരിക്കെ ഒരു ചുവപ്പ് കളർ ഹോണ്ടാസിറ്റി കാർ എന്നെ ഓവർ ടേക് ചെയ്ത് മുന്നിൽ കയറ്റി നിർത്തി.
മൊബൈലിൽ നോക്കിയിരുന്നപ്പോൾ മുന്നിലുണ്ടായിരുന്ന വാഹനം നീങ്ങിയത് ഞാനറിഞ്ഞില്ല, ആ ചെറിയ ഗ്യാപ്പിലാണ് ഈ ഹോണ്ടാസിറ്റി തള്ളിക്കയറി നിൽക്കുന്നത്. ഒന്ന് ഹോണടിച്ചിരുന്നെങ്കിൽ ഞാൻ, എന്റെ കാർ മുന്നോട്ടെടുത്തിരുന്നേനെ. റോഡ് മാനേഴ്സ് ഇല്ലാത്ത ഡ്രൈവർ.
ടോക്കൺ എടുത്ത് ടോൾ ഗേറ്റ് കടന്ന് കുറച്ചുദൂരം ചെന്നപ്പോൾ ആ ചുവന്ന ഹോണ്ടാസിറ്റി മുന്നിൽ പോകുന്നത് കണ്ടു . ഗിയർ ഷിഫ്റ്റ് ചെയ്ത് ആക്സിലറേറ്ററിൽ കാലമർത്തി. എന്റെ ഫോർഡ് എക്കോസ്പോർട്സ് ഒരിരമ്പലോടെ മുന്നോട്ട് കുതിച്ചു.
ഒരു വാശിതീർക്കാനെന്നോണം ആ ഹോണ്ടാസിറ്റിയെ ഓവർടേക്ക് ചെയ്യുമ്പോൾ അതിലെ ഡ്രൈവറുടെ നേർക്കൊന്ന് പാളി നോക്കി. ഒരു നടുവിരൽ നമസ്കാരത്തിനു വേണ്ടി ഉയർത്തിയ കൈ ഞാൻ പെട്ടെന്ന് താഴ്ത്തി. കാരണം ആ കാർ ഓടിച്ചുകൊണ്ടിരുന്നത് ഒരു സുന്ദരിയായ പെൺകുട്ടിയായിരുന്നു. ബ്ലാക്ക് കളർ ടി ഷർട്ടും ബ്ലാക്ക് സൺഗ്ലാസുമാണ് വേഷം. അവളെപ്പോലെതന്നെ സുന്ദരിയായ മറ്റൊരു പെൺകുട്ടിയുമുണ്ട് കാറിൽ. ടോൾ ഗേറ്റിലെ ക്യു തെറ്റിച്ച് മുന്നിൽ കടന്നതിന് അവരോടൊരൽപ്പം നീരസം ഉണ്ടായിരുന്നത് ഞാനങ്ങ് മറന്നു. സുന്ദരികളായ പെൺകുട്ടികൾ ലേശം മര്യാദക്കുറവ് കാണിച്ചാലും അത് നമ്മളങ്ങു ക്ഷമിച്ചേക്കണം, അല്ല പിന്നെ.
അവരെ ഓവർ ടേക്ക് ചെയ്തിട്ട് റിയർ വ്യൂ മിററിലൂടെ നോക്കി. സിനിമാ നടികളെപ്പോലെ മുടിഞ്ഞ ഗ്ലാമറാണ് രണ്ടിനും.
എന്റെ വായീനോട്ടം കണ്ടിട്ടാവണം അവർ വണ്ടിയുടെ വേഗത കുറച്ചു. മറ്റൊരു കാർ അവരെ മറികടന്ന് എന്റെ കാറിന്റെ പുറകിൽ എത്തി കാഴ്ച മറച്ചു. ആ രണ്ട് സുന്ദരികളെ ശരിക്കൊന്ന് കാണാൻ പറ്റിയില്ലല്ലോ എന്ന് കുണ്ഠിതപ്പെട്ട് ഞാൻ വീണ്ടും ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു.
മ്യൂസിക് സിസ്റ്റത്തിൽ നിന്നൊഴുകുന്ന പാട്ടിന് സ്റ്റിയറിങ്ങിൽ താളം പിടിച്ചങ്ങനെയിരിക്കെ, അടുത്ത ടോൾ ഗേറ്റ്. ഇരുപത്തഞ്ചു കിലോമീറ്റർ ബെപാസ്സിൽ ആറ് ടോൾ ഗേറ്റ് ഉണ്ടാക്കിയ L & T ക്കാരെ മനസ്സാ ശപിച്ചു. വണ്ടി സ്ലോ ചെയ്തു. ഡാഷ് ബോർഡിൽ നിന്ന് ടോൾ സ്ലിപ്പ് എടുത്ത് സൈഡ് വിൻഡോ ഗ്ലാസ് താഴ്ത്തി.
അതാ വീണ്ടുമാ പെൺകുട്ടികളുടെ കാർ ടോൾ ഗേറ്റിന് തൊട്ടരികിൽ വെച്ച് ഒരിരമ്പലോടെ എന്നെ ഓവർ ടേക് ചെയ്തു മുന്നിൽ കടന്നു. ഇത്തവണ വാശിയല്ല, ഒരു കൗതുകമാണ് തോന്നിയത്. ടോൾ സ്ലിപ് കാണിച്ചതിന് ശേഷം ഞാനും അവരുടെ പുറകെ വച്ചുപിടിച്ചു. കുറച്ചു ദൂരം ചെന്നപ്പോൾ മുന്നിൽ ട്രിച്ചി റോഡ് ട്രാഫിക് ജംഗ്ഷൻ, റെഡ് സിഗ്നൽ. എന്റെ കാർ അവരുടെ കാറിന്റെ ഇടത് വശത്ത് കൊണ്ട് ചെന്ന് സമാന്തരമായി നിർത്തി. കാറിനുള്ളിലേക്ക് ഒളികണ്ണിട്ട് നോക്കി.
ആ രണ്ടു യുവതികളിൽ ആർക്കാണ് സൗന്ദര്യം കൂടുതൽ എന്ന് ഗവേഷണം നടത്തികൊണ്ടിരിക്കെ കോഡ്രൈവർ സീറ്റിലിരുന്ന സുന്ദരി ഗ്ലാസ് താഴ്ത്തി. ചെത്തിപ്പഴം തോൽക്കുന്ന ചുണ്ടുകൾ വിടർത്തി, അരിമുല്ല പൂക്കൾ പോലുള്ള പല്ല് കാട്ടി അവളെന്നെ നോക്കി ചിരിച്ചു.
"ഹായ് യങ് മാൻ ... നൈസ് റ്റു മീറ്റ് യു..." അവൾ മൊഴിഞ്ഞു.
"നൈസ് റ്റു മീറ്റ് യു ടൂ "... ഞാനും വിട്ടുകൊടുത്തില്ല.
രാവിലെ യാത്ര പുറപ്പെടും മുൻപ് മുടിയും മീശയും ഡൈ ചെയ്ത് കറുപ്പിച്ചത് നന്നായി.
അല്ലെങ്കിൽ പിന്നെ പത്തു നാൽപ്പത് കഴിഞ്ഞ എന്നെ ഈ സുന്ദരികൾ 'യങ് മാനെന്ന്' വിളിക്കുമായിരുന്നോ.
"എങ്ങോട്ടാ മാഷെ ".. ഡ്രൈവർ സീറ്റിൽ ഇരുന്ന സുന്ദരിയുടേതാണ് ഈ ചോദ്യം.
നാട്ടിലൊരു ബന്ധുവിന്റെ അടിയന്തിരത്തിനു പോകുവാണെന്ന സത്യം മറച്ച് ഞാൻ തട്ടിവിട്ടതിങ്ങനെ
" a small pleasure trip to Cochin, what about you guys ?"
എന്റെ ചോദ്യത്തിനവർ ഉത്തരം തരും മുന്നേ സിഗ്നൽ ക്ലിയർ ആയി വാഹനങ്ങൾ നീങ്ങി തുടങ്ങി. കുറച്ചു മുന്നിലായി വീണ്ടും ടോൾ ഗേറ്റ്. ഇപ്പ്രാവശ്യം ഞാൻ വണ്ടി സ്ലോ ചെയ്തു അവരെ അറിഞ്ഞുകൊണ്ട് തന്നെ കടത്തി വിട്ടു. അതിന് പ്രത്യുപകാരമെന്നോണം അവരുടെ കാർ ടോൾ ഗേറ്റ് കഴിഞ്ഞ് കുറച്ചു മുൻപിലായി സ്ലോ ചെയ്തു. ഞാനവരുടെ ഒപ്പമെത്താൻ കാത്തിരിക്കുന്നത് പോലെ.
മനസ്സിനൊരു കുളിർമ്മ . എന്റെ വണ്ടി മുന്നിൽ കടത്തി വിട്ട് അവർ എന്നെ ഫോളോ ചെയ്യാൻ തുടങ്ങി. റിയർ വ്യൂ മീറ്ററിൽ എനിക്ക് ആ രണ്ടു സുന്ദരിമാരെയും കാണാം. എന്റെ നോട്ടം അവരുടെമേലാണെന്ന് അറിയാതിരിക്കാൻ ഞാൻ ഡാഷ് ബോർഡിൽ നിന്ന് ഒരു സൺ ഗ്ലാസ് എടുത്തു ധരിച്ചു.
അടുത്തത് പൊള്ളാച്ചി റോഡ് ജംഗ്ഷൻ. അവിടെ സിഗ്നൽ ഓഫ് ആണെങ്കിൽ ആ സുന്ദരികളെ ഒന്ന് ശരിക്ക് പരിചയപ്പെടണം എന്നുറച്ച് ഞാൻ അവരുടെ കാറിനെ പിന്തുടർന്നു. നിർഭാഗ്യവശാൽ അവരുടെ കാർ കടന്ന് പോയ ഉടനെ ഒരു ആംബുലൻസിന് വേണ്ടി സിഗ്നൽ ഓഫ് ചെയ്തു.
ഒരു ട്രാഫിക് പോലീസുകാരൻ കൃത്യം നടു റോഡിൽ- ഇല്ലായിരുന്നെങ്കിൽ ഒരൽപ്പം റിസ്‌ക്കെടുത്ത് സിഗ്നൽ തെറ്റിച്ചായാലും അവർക്കൊപ്പമെത്താമായിരുന്നു.
സിഗ്നൽ തെളിഞ്ഞപ്പോൾ അവരെനിക്ക് വേണ്ടി വഴിയിൽ കാത്തു നിൽക്കുമെന്ന പ്രതീക്ഷയോടെ ഞാൻ പുറപ്പെട്ടു. പക്ഷെ നോക്കെത്താ ദൂരത്തൊന്നും ആ സുന്ദരികളുടെ കാർ കണ്ടില്ല. ബൈപാസ് കഴിഞ്ഞ് പാലക്കാട് റോഡിൽ കയറി. വണ്ടി നല്ല സ്പീഡിൽ കുറച്ചു നേരം ഓടിച്ചു എങ്കിലും അവരുടെ കാർ മാത്രം കണ്ടില്ല. മോഹഭംഗം മറക്കാൻ തമിഴ് FM റേഡിയോവിലെ കോമഡികൾ കേട്ട് യാത്ര തുടർന്നു.
പാലക്കാട് കഴിഞ്ഞു, രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട് നന്നായി വിശന്നു തുടങ്ങിയിരുന്നു. റോഡരികിൽ ഭേദപ്പെട്ട റെസ്റ്റോറന്റ് കണ്ടു, വണ്ടി പാർക്ക് ചെയ്ത് അതിനുള്ളിലേക്ക് കയറി. രാവിലെ പത്തുമണി കഴിഞ്ഞിട്ടേയുള്ളൂ. കിച്ചണിൽ നിന്ന് നല്ല ഇറച്ചികറിയുടെ ഗന്ധം.
വെയ്റ്റർ ഓർഡർ എടുക്കാൻ വന്നു. കേരളത്തിലെത്തിയാൽ ആദ്യം കഴിക്കാനാഗ്രഹിക്കുന്ന പൊറോട്ടയും ബീഫും ഓർഡർ ചെയ്തു. അപ്പോൾ ഹോട്ടലിന് മുന്നിൽ ആ ചുവന്ന ഹോണ്ട സിറ്റി കാർ വന്നു നിന്നു. അതിൽ നിന്നും ആ രണ്ടു പെൺകുട്ടികൾ പുറത്തിറങ്ങി.
കളഞ്ഞുപോയ ഒരു ലക്ഷം രൂപ തിരിച്ചു കിട്ടിയപോലത്തെ സന്തോഷം തോന്നി. അവരിരുവരും റെസ്റ്ററെന്റിനുള്ളിലേക്ക് വന്നു. ഇറക്കം കുറഞ്ഞ സ്കർട് ആണ് രണ്ടുപേരും ധരിച്ചിരുന്നത്, അവരുടെ വെളുത്തു തുടുത്ത മുക്കാൽ ഭാഗവും നഗ്നമായ കാലുകൾ കണ്ടപ്പോൾ മുന്നിലിരുന്ന ഗ്ലാസിലെ ചെറു ചൂട് വെള്ളം ഞാനറിയാതെ ഒറ്റവലിക്ക് കുടിച്ചുപോയി. എന്നെ കുറ്റം പറയരുത്, അപ്പോൾ ആ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആണുങ്ങളെല്ലാവരുടെയും നോട്ടം ആ സുന്ദരമായ നാല് കാലുകളിൽ ആയിരുന്നു. പലരും വായിൽ വെച്ച ഭക്ഷണം ചവയ്ക്കാൻപോലും മറന്ന് വാ പൊളിച്ചാണ് ഇരിപ്പ്.
ആ സുന്ദരികളുടെ നോട്ടം കറങ്ങി തിരിഞ്ഞ് ഞാനിരിക്കുന്ന ടേബിളിൽ എത്തി. അതിലൊരുത്തി എന്നെ നോക്കി കൈയുയർത്തി " ഹായ്" പറഞ്ഞു . സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നിയെങ്കിലും സംയമനം പാലിച്ച് ഞാനുമൊരൽപം സ്റ്റൈലിൽ ഹായ് പറഞ്ഞു. അവർ മെല്ലെ നടന്നു വന്ന് എനിക്ക് അഭിമുഖമായി ഇരുന്നു.
മറ്റുള്ളവർ എന്നെ അസ്സൂയയോടെ നോക്കുന്നത് തെല്ലൊരു അഭിമാനത്തോടെ ഞാൻ ശ്രദ്ധിച്ചു. കൃത്യം ആ സമയത്തു തന്നെ സപ്ലയർ ഞാനോർഡർ ചെയ്ത പൊറോട്ടയും ബീഫും കൊണ്ടുവന്ന് മുന്നിൽ വെച്ചു.
'കഷ്ടം ഇവർ വരുമെന്നറിഞ്ഞിരുന്നെങ്കിൽ വല്ല ഇഡലിയോ ദോശയോ ഓർഡർ ചെയ്യാമായിരുന്നു,' രാവിലെ പത്തുമണിക്ക് മുൻപ് പൊറോട്ടയും ബീഫും തട്ടുന്നത് കണ്ടാൽ ഇവരെന്നെപ്പറ്റി എന്തുകരുതുമെന്നു ശങ്കിച്ചിരിക്കെ അവരും സപ്ലയറിനോട് പൊറോട്ടയും ബീഫും ഓർഡർ ചെയ്തു.
"സെയിം പിച്ച്" ഞാൻ മനസ്സിൽ പറഞ്ഞു. അവർക്കുള്ള ഭക്ഷണം വരും വരെ ഞാനും കഴിക്കാതെ കാത്തിരുന്നു.
"യുവർ ഗുഡ് നെയിം സർ" അതിലൊരുത്തി എന്നോട് വിനയത്തോടെ ചോദിച്ചു.
"സഞ്ജയ് " ഞാൻ പേര് പറഞ്ഞിട്ട് അവരെ നോക്കി.
"ഞാൻ നീതു .. ഇവൾ ആൻ മരിയ " അവർ സ്വയം പരിചയപ്പെടുത്തി. കൊച്ചിയിലേക്കാണ് അവരുടെ യാത്ര.
ഇരുവരും ചേർന്ന് കൊച്ചിയിൽ ഒരു ബ്യൂട്ടി പാർലർ നടത്തുകയാണത്രെ. ബാംഗ്ലൂരിൽ നിന്ന് അതിന് വേണ്ടി കോസ്മെറ്റിക് ഐറ്റംസ് വാങ്ങിയിട്ട് റിട്ടേൺ വരുന്ന വഴിയാണ്.
ഭക്ഷണം കഴിഞ്ഞ് കൈ കഴുകിയിട്ട് വരുമ്പോളേക്കും അവർ എന്റെയും ചേർത്ത് ബിൽ പേ ചെയ്തിരുന്നു സാധാരണ ആണുങ്ങളാണ് ഇങ്ങനെ ഉള്ള അവസരത്തിൽ മൊത്തം ബില്ലും പേ ചെയ്യാറ്.
പുറത്തുനിർത്തിയിരുന്ന വാഹനങ്ങളുടെ അടുത്തെത്തിയപ്പോൾ അവരും ഞാനും വെവ്വേറെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിൽ എനിക്കൊരൽപ്പം നിരാശ തോന്നി.
പെട്ടെന്ന് ആൻ മരിയ ചോദിച്ചു " സഞ്ജയ് സർ, താങ്കളുടെ കാർ -ഫോർഡ് എക്കോ സ്പോർട്സിന്റെ പെർഫോമൻസ് ഒന്ന് ടെസ്റ്റ് ചെയ്തോട്ടെ , എനിക്ക് വണ്ടി ഒന്ന് മാറ്റി വാങ്ങിയാൽ കൊള്ളാമെന്നുണ്ട്. പല വണ്ടികളും ഓടിച്ചു നോക്കി പക്ഷെ ഒന്നും അത്ര ഇഷ്ടപ്പെട്ടില്ല"
ഞാൻ സന്തോഷത്തോടെ എന്റെ കാറിന്റെ ഉള്ളതും ഇല്ലാത്തതുമായ ഗുണഗണങ്ങൾ നിരത്തി, ഒടുവിൽ വെറുതെ ഒരു ഫോർമാലിറ്റിക്ക് ചോദിച്ചു .
" വേണമെങ്കിൽ ആൻ എന്റെ കാർ ഓടിച്ചു നോക്കൂ.." ഞാൻ പറയാൻ കാത്തു നിന്നത് പോലെ അവൾ എന്റെ കൈയ്യിൽ നിന്ന് കാർ കീ വാങ്ങി ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. ഞാനും കയറാൻ തുടങ്ങിയപ്പോൾ അവൾ തടഞ്ഞു.
"സർ പ്ളീസ്, എന്റെ കാർ ഡ്രൈവ് ചെയ്യാമോ . നീതുവിന് ഡ്രൈവിംഗ് അറിയില്ല" ആൻ മരിയ ഹോണ്ടാസിറ്റിയുടെ കീ എടുത്തെന്റെ കൈയ്യിൽ തന്നു. ഒരു സുന്ദരിയുടെ കൂടെ യാത്രചെയ്യാൻ കിട്ടിയ അവസരം ഞാൻ സന്തോഷത്തോടെ സ്വീകരിച്ചു. ഞാൻ ഹോണ്ട സിറ്റിയുടെ ഡോർ തുറന്ന് അകത്തു കയറി സ്റ്റാർട്ട് ചെയ്തു. മുന്നിലെ സീറ്റിൽ നീതു നല്ല വിശാലമായി ചാഞ്ഞിരിക്കുകയാണ്, അവളുടെ അർദ്ധനഗ്നമായ കാൽ ഗിയർ നോബിനോട് തൊട്ടടുത്ത്.
ക്ലച്ചമർത്തി ഫസ്റ്റ് ഗിയർ ഷിഫ്റ്റ് ചെയ്തപ്പോൾ എന്റെ കൈ അവളുടെ മിനുസമായ കാലിൽ സ്പർശിച്ചു. അവൾ അത് കാര്യമാക്കാത്തതു പോലെ ആ സുന്ദരമായ കാല് ഗിയർ നോബിനോട് കൂടുതൽ അടുപ്പിച്ചു വെച്ചു. വണ്ടി സെക്കൻഡ് ഗിയറിൽ ഇട്ടപ്പോൾ എന്റെ കൈവിരലുകൾ കുറച്ചുകൂടി സ്വാതന്ത്ര്യത്തോടെ ആ മൃദുലമായ ആ ചർമ്മത്തിലൂടെ സഞ്ചരിച്ചു.
എനിക്ക് ഉണ്ടായപോലൊരു രോമാഞ്ചം കാറിനും തോന്നിയിരിക്കാം, അത് ഹൈ വേയിലൂടെ കുതിച്ചു തുടങ്ങി.
ഞങ്ങളുടെ കുറച്ചു മുൻപിലായി ആൻമരിയ എന്റെ കാറിൽ പോകുന്നുണ്ട്. സീറ്റ് പുറകിലേക്ക് ചായ്ച്ചിരുന്ന് നീതു മൊബൈൽ ഹെഡ് ഫോണിൽ ഏതോ പാട്ടു കേൾക്കുകയാണ്. അവളെ ഡിസ്റ്റർബ് ചെയ്യണ്ട എന്ന് കരുതി ഞാൻ ഒന്നും സംസാരിക്കാൻ പോയില്ല. കൊച്ചു വർത്തമാനം പറയുന്നതിലും നല്ലത് ഇങ്ങനെ തൊട്ടും പിടിച്ചും ഈ സുന്ദരിയുടെ അരികിലിരുന്നു കാറോടിക്കുന്നതാണെന്ന് എനിക്ക് തോന്നി.
വടക്കാഞ്ചേരി കഴിയുന്നത് വരെ റോഡ് വളരെ നല്ലതായിരുന്നു, അത് കൊണ്ട് ഇടയ്ക്കിടെ ഗിയർ മാറ്റേണ്ട ആവശ്യമുണ്ടായില്ല. പക്ഷെ കുതിരാൻ കയറ്റം കയറി തുടങ്ങിയപ്പോൾ റോഡിൽ നിറയെ ഗട്ടർ.
ഫസ്റ്റ്, സെക്കൻഡ് ഗിയറിൽ മാറി മാറി മാത്രമേ വണ്ടി ഓടിക്കാൻ സാധിക്കുന്നുള്ളൂ. ഞാൻ സന്തോഷത്തോടെ ഗിയർ അടിക്കടി മാറി, അതിന്റെ അടയാളങ്ങൾ നീതുവിന്റെ വെളുത്ത കാലിൽ ചുവന്ന പാടുകൾ ഉണ്ടാക്കുന്നുണ്ടായിരുന്നു. ജീവിതത്തിൽ ആദ്യമായി ഒരു ഗട്ടറുള്ള റോഡിലൂടെ വണ്ടിയോടിക്കുന്നതിനും ഒരു സുഖമുണ്ടെന്ന് ഞാനറിഞ്ഞു.
ഇടയ്ക്കെങ്ങാൻ ആൻ മരിയ എന്റെ കാർ തിരികെ തന്നിട്ട് ഈ വണ്ടി തിരികെ ചോദിച്ചാലോ എന്ന് ഞാൻ ഭയന്നിരുന്നു, എന്നാൽ ഭാഗ്യത്തിന് അതുണ്ടായില്ല. മണ്ണുത്തി കഴിഞ്ഞപ്പോൾ നീതു സീറ്റ് നേരെയാക്കി നിവർന്നിരുന്നു.
പാട്ട് കേൾക്കുന്നത് നിർത്തി അവൾ ഫോണിൽ ആരെയോ വിളിച്ചു.
" ബി കെയർ ഫുൾ .. ഗോ സ്ലോ . "
ഏകദേശം അരകിലോമീറ്റർ മുന്നിൽ പോയിക്കൊണ്ടിരുന്ന ആൻ മരിയയുടെ കാർ വേഗത കുറച്ചു.
"സഞ്ജയ് സർ .. ഒന്ന് മെല്ലെ പോകാമോ .. എനിക്ക് എന്തോ ഒരു വല്ലായ്ക പോലെ "
ഓടിപിടിച്ചു ചെന്നിട്ടിപ്പോ അവിടെയാരെ കാണാനാ, ഞാൻ സ്ലോ ചെയ്തു.
നീതു മുന്നിലേക്ക് നിവർന്നിരുന്ന് റോഡിൽ സസൂഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു.
അങ്കമാലി അടുക്കാറായപ്പോൾ നീതുവിന്റെ ഫോൺ റിങ്ങായി, ഒരു നിമിഷം പോലും പാഴാക്കാതെ അവൾ കാൾ അറ്റൻഡ് ചെയ്തു. മറുവശത്തു നിന്ന് കിട്ടുന്ന നിർദ്ദേശങ്ങൾ അവൾ മൂളികേൾക്കുക മാത്രമായിരുന്നു. ഒടുവിൽ അവളിത്രമാത്രം പറഞ്ഞു.
"യെസ്, ഐ വിൽ ടേക്ക് കെയർ "
പറഞ്ഞു തീർന്നതും പുറകിലേക്ക് തിരിഞ്ഞ് ബാക് സീറ്റിൽ നിന്നും ഒരു കറുത്ത ഷാൾ എടുത്തു, അതുകൊണ്ട് മുഖമൊഴികെ ശരീരം മുഴുവനായും മൂടി.
പുറത്തു നിന്ന് നോക്കിയാൽ അവളൊരു കറുത്ത സാരി ധരിച്ചിരിക്കുന്നത് പോലെയേ തോന്നു. എനിക്ക് അവളുടെ പ്രവർത്തിയിൽ എന്തോ അസാധാരണത്തം തോന്നി.
ഞാനത് അവളോട് ചോദിക്കാനൊരുങ്ങുകയായിരുന്നു, പെട്ടെന്ന് അവളുടെ വലതു കൈ എന്റെ മടിയിൽ എടുത്ത് വെച്ചു. ഷാൾ കൊണ്ട് മൂടിയിരിക്കുന്നതിനാൽ അവളുടെ കൈയവിടെ ഇരിക്കുന്നത് പുറത്തു നിന്ന് നോക്കിയാൽ കാണില്ല. ഇത് വരെ ഗിയർ മാറ്റിയപ്പോൾ അവളുടെ കാലിൽ ഞാൻ കാണിച്ച കുസൃതിക്ക് പകരം നീതു ഇപ്പോൾ ഷാൾ കൊണ്ട് മൂടിയ കൈയുമായി പ്രതികാരം ചെയ്യാൻ വന്നിരിക്കുന്നു !.
ഞാനത് സന്തോഷത്തോടെ സ്വീകരിച്ചു, അവൾക്ക് തലോടാൻ ഞാനെന്റെ കാൽ പൂർണ്ണമായും വിട്ടുകൊടുത്തു. അവളുടെ കരസ്പർശം എന്നെ ആകപ്പാടെ വിജൃംഭിതനാക്കി. ഞാൻ പതിയെ അവളുടെ കൈപ്പത്തി എന്റെ ഇടം കൈയ്യാൽ കവർന്നു.
റോസാപ്പൂ പോലെ മൃദുലമായ ആ കൈവെള്ളയിൽ തലോടുമ്പോൾ എന്തോ ഒന്ന് എന്റെ വിരലിൽ തടഞ്ഞു. ഞാൻ മെല്ലെ അവളുടെ കൈപ്പത്തിയെ മൂടിയിരുന്ന ഷാൾ മാറ്റി നോക്കി.
"എന്റെ അത്തിപ്പാറ അമ്മച്ചീ.......... " ഞാനറിയാതെ വിളിച്ചു പോയി.
അവളുടെ കൈയ്യിൽ ഒരു ചെറിയ തോക്ക്, അതിന്റെ കുഴൽ ചൂണ്ടിയിരിക്കുന്നത് എന്റെ ഭൂമധ്യരേഖയിലേക്ക്. അതുവരെ വിജൃംഭിതമായിരുന്ന ശരീരത്തിലെ സർവ്വ നാഡികളും ആ ഒരു നിമിഷം കൊണ്ട് കാറ്റ് പോയ ബലൂൺ പോലെ തളർന്നു പോയി.
തുള്ളൽ പനി പിടിച്ചവനെപ്പോലെ ഞാനിരുന്ന് വിറക്കാൻ തുടങ്ങി. അത് കണ്ട് അവളുടെ ചുണ്ടിൽ ഒരു അവിഞ്ഞ ചിരി, അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
"പൂച്ച മാന്തും പോലെ ഇത്രയുംനേരം എന്റെ കാലിൽ ചൊറിഞ്ഞുകൊണ്ടിരുന്ന താനിത്ര പേടിച്ചുതൂറിയായിരുന്നോ ...കഷ്ട്ടം ! ... ഞാനിനിപറയുന്നത് ശ്രദ്ധിച്ചുകേട്ട് അടങ്ങിയവിടെ ഇരുന്നുകൊള്ളണം. ഞങ്ങളീ വണ്ടിയിൽ ബാംഗ്ളൂരിലിരുന്ന് കുറച്ചു ഡ്രഗ്സ് കൊണ്ട് വരികയായിരുന്നു. പാലക്കാട് നിന്ന് കൊച്ചിയിലേക്ക് വരാമെന്ന് ഏറ്റ പൈലറ്റ് വണ്ടി ബ്രേക്ക് ഡൌൺ ആയി. എന്ത് ചെയ്യണമെന്ന് കരുതി വിഷമിച്ചിരുന്നപ്പോളാണ് തന്നെ കിട്ടിയത്. അത് കണ്ടോ, അവിടെയിപ്പോൾ പോലീസ് വണ്ടികൾ ചെക്ക് ചെയ്യുന്നുണ്ട്, അവർ ഈ വണ്ടി ചെക്ക് ചെയ്ത് ഡ്രഗ്സ് പിടിച്ചാൽ അതോടെ തീർന്നു തന്റെയും എന്റെയും ജീവിതം. പറഞ്ഞത് മനസ്സിലായല്ലോ, ഓവർ സ്മാർടാകാൻ ശ്രമിച്ചാൽ ദേ ഇതിലേക്കൂടി ഞാൻ ബുള്ളെറ്റ് കേറ്റും " അവൾ തോക്ക് കൂടുതൽ ശക്തമായി അമർത്തി.
അതെങ്ങാനും അറിയാതെ പൊട്ടിയാലോയെന്ന് ഭയത്തിൽ ഞാനവളുടെ അടുത്ത ആജ്ഞക്കായി കാതോർത്തു.
കാലിലോ, കൈയിലോ, പള്ളയ്ക്കോ വെടിയുണ്ട കേറിയാൽപോലും കുഴപ്പമില്ല. മർമ്മത്തിൽ വെടികൊണ്ട് ആശുപത്രിയിൽ ഒരുമാതിരി സുന്നത് കഴിഞ്ഞ പിള്ളേരെപ്പോലെ കിടക്കേണ്ടി വന്നാൽ.... ഹോ .. എനിക്കാ രംഗം ഓർക്കാൻ കൂടി വയ്യ.
കുറെ മുന്നിലായി പോലീസ് വാഹനങ്ങൾ തടയുന്നു. ഓരോ വണ്ടിയും അവർ തുറന്നു വിശദമായി പരിശോധിക്കുന്നുണ്ട്. പോലീസ് ചെക്കിങ്ങിനെക്കുറിച്ച് ആൻ മരിയ ഫോണിൽ മുന്നറിയിപ്പ് കൊടുത്തു കാണും, അത് കൊണ്ടാണ് നീതു പെട്ടെന്ന് ഷാൾ എടുത്ത് പുതച്ചതും എന്റെ മടിയിൽ കൈത്തോക്ക് വെച്ച് എന്നെ ബന്ദിയാക്കിയതും. ഞാൻ തിരിഞ്ഞുനോക്കി, പിന്നിൽ വാഹനങ്ങളുടെ നീണ്ട നിര. തിരിച്ചു പോകാൻ ഒരു വഴിയുമില്ല,
ആൻമരിയ ഓടിച്ചുകൊണ്ടിരുന്ന എന്റെ കാറും പോലീസ് പരിശോധിച്ച് കടത്തിവിട്ടു. മൂന്നോ നാലോ വണ്ടികൾ മാത്രമാണിനി മുന്നിൽ അതും കഴിഞ്ഞാൽ അവർ ഈ കാറും പരിശോധിക്കും. ഇതിൽ കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്ന് കണ്ടെടുക്കും. പിന്നെ ഇന്നത്തെ TV ഫ്ലാഷ് ന്യൂസ് ഇതായിരിക്കും
" അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട യുവതിയോടൊപ്പം കോയമ്പത്തൂർ സ്വദേശി സഞ്ജയ് എന്നയാൾ അറസ്റ്റിൽ”
ഞാനങ്ങനെ പേടിച്ചു വിറച്ചിരിക്കെ മുന്നിൽ മറ്റൊരു ദുരന്തം. പോലീസ് ചെക്കിങ് കഴിഞ്ഞ് കടത്തിവിട്ട എന്റെ കാർ ആൻ മരിയ നല്ല വേഗതയിലോടിച്ചുകൊണ്ടുപോയി റോഡരികിൽ നിർത്തിയിരുന്ന പോലീസ് വാഹനത്തിൽ ഇടിപ്പിച്ചു, എന്നിട്ടും വേഗത കുറയ്ക്കാതെ ഹൈവേയിലൂടെ ഓടിച്ചുപോയി. ഹിറ്റ് ആൻഡ് റൺ കേസ്, വണ്ടിയുടെ ഉടമയായ ഞാൻ കുടുങ്ങിയതുതന്നെ.
പോലീസ് ജീപ്പിൽ ചാരി നിന്നിരുന്ന സർക്കിൾ ഇൻസ്പെക്ടർ തെറിച്ചു വീണു. വാഹനപരിശോധനയിൽ ഏർപ്പെട്ടിരുന്ന പോലീസുകാരെല്ലാം അവിടേക്കോടി.
ആ തക്കം നോക്കി നീതു എന്നോട് കാർ മുന്നോട്ടെടുക്കാൻ പറഞ്ഞു. അവളുടെ കൈയ്യിലെ തോക്ക് എന്റെ ശരീരത്തിൽ അമരുന്നതിനനുസരിച്ച് എന്റെ കാൽ ആക്സിലറേറ്ററിൽ അമർന്നു.
അങ്ങ് ദൂരെ ആൻ മരിയ നല്ല വേഗതയിൽ പോകുന്നു. പോലീസ് വാഹനം സൈറൺ മുഴക്കി അതിനു പുറകെ പുറപ്പെട്ടു. ഞാനും കാറിന്റെ സ്പീഡ് കൂട്ടി. സ്പീഡോമീറ്റർ നീഡിൽ നൂറ്റമ്പത് കിലോമീറ്ററിന് മുകളിൽ നിന്ന് വിറച്ചു .
പോലീസ് വാഹനം പിന്തുടരുന്നത് ആൻ മരിയയെ ആണ്. അവളെ പിടിച്ചാലും താരതമ്യേന നിസ്സാരമായ ഹിറ്റ് ആൻഡ് റൺ കേസ് മാത്രമേയുള്ളൂ. പക്ഷെ ഞങ്ങളുടെ വണ്ടി അവരുടെ കൈയ്യിൽ പെട്ടാൽ മയക്കു മരുന്ന് കടത്ത് കേസിൽ ഉള്ളിലാവും. ജാമ്യം പോലും കിട്ടാൻ വകുപ്പില്ല.
കുറച്ചു സമയം കൊണ്ട് ഞാൻ ആൻമരിയയെ ഓവർ ടേക് ചെയ്തു. മുൻപിൽ അധികം വാഹനങ്ങളില്ല,
ഞാൻ നീതുവിനെ ശ്രദ്ധിച്ചു. അവൾ പുറകിലേക്ക് ശ്രദ്ധിച്ചിരിക്കുകയാണ്. സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ല.
മുന്നിലെ റോഡ് ക്ലിയർ ആണെന്ന് ഉറപ്പാക്കി.
തൊട്ടു പുറകിൽ വേറെ വാഹനങ്ങളൊന്നും വരുന്നില്ല.
ഞാൻ സർവ്വ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചു....
ഒരു നിമിഷം കൊണ്ട് ഹാൻഡ് ബ്രേക്ക് അതിശക്തമായി വലിച്ചു.
ഹൈവേയിൽ ഹോണ്ടാസിറ്റി കാറിന്റെ ടയർ ഉരഞ്ഞുകത്തി പുകയുയർന്നു..
ഒന്ന് രണ്ടു പ്രാവശ്യം റോഡിൽ പമ്പരം പോലെ കറങ്ങി കാർ വിപരീത ദിശയിൽ തിരിഞ്ഞു നിന്നു.
അപ്രതീക്ഷിതമായ ബ്രേക്കിംഗ് നീതുവിനെ സീറ്റിൽ നിന്നെടുത്തെറിഞ്ഞു.
മുന്നിലെ ഗ്ലാസിൽ തലയിടിച്ചവൾ കാറിനുള്ളിൽ തെറിച്ചുവീണു.
ആ വീഴ്ചയിലവളുടെ ബോധം നഷ്ടപ്പെട്ടു.
അതിനിടയിൽ അവളുടെ കൈയിൽ നിന്ന് തോക്ക് താഴെ വീണിരുന്നു .
ആ തോക്ക് കൈയിലെടുത്ത് ഞാൻ റോഡിലേക്കിറങ്ങി. അങ്ങ് ദൂരെ ആൻ മരിയയും അവളുടെ തൊട്ടു പിന്നിലായി പോലീസ് വണ്ടിയും.
ഞാൻ റോഡിനു നടുവിൽ നിന്ന് പിസ്റ്റൾഉയർത്തി ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ആൻ മരിയയെ ഉന്നം വെച്ചു.
എന്നെ കണ്ടതും ആൻ മരിയ കാർ സ്ലോ ചെയ്തു.
എന്റെ വണ്ടി തിരിച്ചു താടി ആന മറുതെ .. " തോക്ക് കൈയ്യിലുള്ള ധൈര്യത്തിൽ ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. പോലീസ് ജീപ്പ് അവളെ ഓവർ ടേക്ക് ചെയ്തു. വേറെ നിവർത്തിയില്ലാതെ അവൾ വണ്ടി നിർത്തി. പോലീസ് അവളെ അറസ്റ്റു ചെയ്തു.
നടു റോഡിൽ സിനിമാ മോഡൽ ചേസിങ്ങും, പിസ്റ്റൾ ചൂണ്ടിയുള്ള എന്റെ പോസുമൊക്കെ കണ്ടപ്പോൾ പോലീസ്കാര് വിചാരിച്ചത് ഞാൻ മഫ്ടിയിലുള്ള ഏതോ പോലീസ്കാരനാണെന്നാണ്.
ഞാൻ അത് വരെ സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ എന്റെ തോളിൽ തട്ടി നന്ദി പറഞ്ഞു. അത്രയും നേരം അനുഭവിച്ച ടെൻഷൻ മൂലമാകാം, എനിക്ക് ബോധം നഷ്ടപ്പെട്ടു. എത്രനേരം അങ്ങനെ കിടന്നെന്ന് അറിയില്ല. ആരോ എന്നെ കുലുക്കി വിളിക്കുന്നുണ്ട്, മെല്ലെ കണ്ണ് തുറന്നു. മുന്നിൽ ഒരു വനിതാ പോലീസ്. വനിതാ പോലീസിന്റെ മുഖം എങ്ങോ കണ്ടിട്ടുള്ള പോലെ.
സൂക്ഷിച്ചു നോക്കി, അല്ല ഇതെന്റെ ഭാര്യയല്ലേ ഇവളിവിടെങ്ങിനെ വന്നു.
"അതേ, ഇന്ന് വെളുപ്പിന് നിങ്ങള് നാട്ടിൽ പോണന്ന് പറഞ്ഞിട്ടിങ്ങനെ പോത്തു പോലെ കിടന്നുറങ്ങിയാൽ മതിയോ "
ചുറ്റും നോക്കി, ഞാൻ എന്റെ ബെഡ്‌റൂമിൽ ആണെന്നും ഇത് വരെ കണ്ടതൊരു സ്വപ്നമായിരുന്നെന്നും തിരിച്ചറിയാൻ കുറച്ചു സമയമെടുത്തു. വേഗം തന്നെ കുളിച്ചു റെഡിയായി എന്റെ പഴയ ആൾട്ടോ കാറിൽ നാട്ടിലേക്കു പുറപ്പെട്ടു.
കോയമ്പത്തൂർ L & T ബൈപാസ്സിലെ ആദ്യത്തെ ടോൾ ഗേറ്റ് , ഊഴം കാത്ത് വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് പിന്നിലായി ഞാനും എന്റെ കാറും.
എനിക്ക് തൊട്ടു മുൻപിൽ ഒരു ഫോർഡ് എക്കോസ്പോർട്സ് കാർ. അയാൾ വണ്ടി മുന്നിലേക്കെടുക്കാൻ ഒരൽപ്പം താമസിച്ചു.
ആ ഗ്യാപ്പിൽ ഒരു ചുവന്ന ഹോണ്ടാസിറ്റി കാർ പുറകിൽ നിന്ന് ഓടിച്ചു കയറ്റി, ആ കാർ ഓടിച്ചിരുന്നത് ഒരു സുന്ദരിയായ പെൺകുട്ടിയായിരുന്നു . കൂടെ മറ്റൊരു സുന്ദരിയും.
ആ പെൺകുട്ടികൾക്ക് പുറകെ വെച്ച് പിടിക്കുന്ന ഫോർഡ് കാറുകാരന് വേണ്ടി ഒരു നിമിഷം പ്രാർത്ഥിച്ചിട്ട് ഞാൻ മെല്ലെ യാത്ര തുടർന്നു.
By: Saji Mathews
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക