Slider

പുതുപ്പെണ്ണും.. ഗുഡ് ഡേ ബിസ്ക്കറ്റും

0

നാല് വർഷത്തെ പ്രണയവും.. തല്ല് കൂടലും. നിരാശയും എല്ലാം കഴിഞ്ഞു ഞങ്ങൾ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. അടുത്ത ദിവസം രാവിലെ 4 മണിക്ക് ഉറക്കം ഞെട്ടി ഉണർന്ന എനിക്ക് ആകെ പാടെ കൺഫ്യൂഷൻ ആയിരുന്നു. എത്ര മണിക്ക് എണീക്കണം, എങ്ങനെ പെരുമാറണം, അമ്മയ്ക്ക് ഇപ്പോഴും എന്നോട് പരിഭവം കാണുമോ അങ്ങനെയെല്ലാം... അമ്മ അതിരാവിലെ എണീറ്റു എല്ലാ ജോലികളും ചെയ്യുന്ന കൂട്ടത്തിൽ ആണെന്ന് ബിജു ഏട്ടൻ പറഞ്ഞു നേരത്തേ അറിയാം.
എന്ത് ചെയ്യണം ന്ന് ആലോചിച്ചു കുറച്ചു നേരം കിടന്നു.. കൂർക്കം വലിച്ചു ഉറങ്ങുന്ന കെട്ടിയോനെ വിളിച്ചു എണീപ്പിച്ചു ചോദിച്ചാലോ..
ഹേയ്, വേണ്ട.. വേണ്ട.. അത് ചിലപ്പോൾ എനിക്ക് എട്ടിന്റെ പണി തരും. പെട്ടെന്ന് തന്നെ ഞാൻ എന്റെ ആ ചിന്ത മാറ്റി. പതിയെ എണീറ്റു ഡോർ ൻറെ അടുത്ത് പോയി ചെവി കൂർപ്പിച്ചു നോക്കി. ശബ്ദം വല്ലതും കേൾക്കുന്നുണ്ടോ? ഇല്ല.. ഒന്നും ഇല്ല.. അല്ലെങ്കിലും അടുക്കളയിൽ നിന്ന് ശബ്ദം ഇത്രടം വരെ കേൾക്കില്ല.
പതിയെ താഴെ ഇരുന്നു ഡോറിന്റെ അടിയിലൂടെ ഹാളിൽ പ്രകാശം വല്ലതും ഉണ്ടോ ന്ന് നോക്കി.. രക്ഷയില്ല മൂക്ക് നിലത്തു മുട്ടിയത് മിച്ചം.
വീണ്ടും ഞാൻ ബിജു ഏട്ടനെ നോക്കി... ഹും.. ഈ കഷ്ടപ്പാട് വല്ലതും ആ മനുഷ്യൻ അറിയുന്നുണ്ടോ? .. കല്യാണം കഴിച്ചു പെണ്ണുങ്ങൾ ആണുങ്ങളുടെ വീട്ടിൽ വരണം എന്ന രീതിയേ മാറ്റി തിരിച്ചു ആണുങ്ങളെ പെണ്ണുങ്ങളുടെ വീട്ടിൽ കൊണ്ട് വരണം. എങ്കിൽ എന്ത് മാത്രം പ്രശ്നങ്ങൾ സോൾവ് ആയേനെ.
ഇപ്പോൾ തന്നെ കണ്ടില്ലേ... തന്നിഷ്ടക്കാരിയും ധിക്കാരിയുമായ ഞാൻ (മറ്റുള്ളവർ പറയുന്നത് )ഈ കൊച്ചു വെളുപ്പാൻ കാലത്തു കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ.. ശിവനെ... ഇനിയുള്ള കാലം ന്നെ കാത്തോളണേ...
പെട്ടെന്ന് തൊട്ടപ്പുറത്തെ ഡോർ തുറക്കുന്ന ശബ്ദം കേട്ടു. ഒരാൾ മെല്ലെ നടക്കുന്നു. അത് അമ്മ തന്നെ ആകും. ഇപ്പോൾ ചെന്നാൽ അമ്മയുടെ കൂടെ ഞാനും എണീറ്റു എന്നുള്ള നല്ല പേര് കിട്ടും. "പുത്തനച്ചി പുരപ്പുറം തൂക്കും" ന്നൊക്കെ ചില അസൂയാലുക്കൾ പറയുമായിരിക്കും. നുമ്മക്ക് അതൊന്നും വിഷയം അല്ലല്ലോ.
അങ്ങനെ പതിയെ വാതിൽ തുറന്നു ഞാനും അമ്മയ്ക്ക് പുറകെ പൂജ മുറിയുടെ നേരെ വച്ചു പിടിച്ചു. അവിടെ വച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നിൽ കൈ കൂപ്പി പ്രാർത്ഥിച്ചു നിന്ന അമ്മയ്ക്ക് പിറകിലായി കണ്ണടച്ച് കൈ കൂപ്പി സ്ഥാനം പിടിച്ചു.
"ന്റെ അമ്മോ..." ഒരലർച്ച കേട്ടാണ് ഞാൻ കണ്ണു തുറന്നത്. നോക്കുമ്പോൾ പുറകിൽ എന്നെ കണ്ടു, പേടിച്ചു നിൽക്കുകയാണ് അമ്മ. ഇങ്ങനെ ഒരു സാധനം യാതൊരു ശബ്ദ കോലാഹലും ഉണ്ടാക്കാതെ ഇത്ര രാവിലെ എണീറ്റ് വരും ന്ന് അവർ കരുതി ഇല്ലല്ലോ...
"കുട്ടി ഇത്ര രാവിലെ എണീക്കും ന്ന് ഞാൻ കരുതിയില്ല. ".
"എനിക്ക് അതൊക്കെ ശീലം ആണ് അമ്മേ"..ഞാൻ വളരെ ഭവ്യതയോടെ പറഞ്ഞു. പോയി കിടന്നോളു.. ഇത്തിരി കഴിഞ്ഞു എണീറ്റാൽ മതി എന്ന അടുത്ത വാചകത്തിനു കാതോർത്തു കാത്തിരുന്ന എന്നോട്.. അമ്മ ചോദിച്ചു."അടുക്കളയിൽ കയറി ശീലം ഉണ്ടോ? "
പിന്നില്ലേ... എന്റെ വീട്ടിൽ മാത്രം അല്ല എല്ലാ വീട്ടിലും എനിക്ക് ഇഷ്ടം അടുക്കള ആണ് ന്നൊക്കെ പറഞ്ഞു തകർക്കണം ന്ന് ഉണ്ടായിരുന്നു എങ്കിലും ഉവ്വ് എന്ന ഒരൊറ്റ മറുപടിയിൽ അത് നിർത്തി.
എങ്കിൽ പോയി കുളിച്ചിട്ട് വരൂ.... ദേ കിടക്കുന്നു കഞ്ഞിയും കലവും.. ഈ വെളുപ്പാൻ കാലത്തു കുളിക്കാനോ.. ദൈവമേ.. ശ്രീ പദ്‌മനാഭാ ന്നെ പരീക്ഷിക്കല്ലേ... ഞാൻ അങ്ങ് സ്റ്റേറ്റ് ഗവണ്മെന്റ് ഇൽ തന്നെ പിടിച്ചു.
പക്ഷേ ഏറ്റില്ല.. അങ്ങനെ ഞാൻ കുളിച്ചു സുന്ദരി ആയി അടുക്കളയിൽ ചെന്ന് അമ്മയോട് ചോദിച്ചു ഞാൻ എന്താ അമ്മേ ചെയ്യണ്ടേ. " ചായ ഇട്ടു വച്ചിട്ടുണ്ട്.. അത് കുടിച്ചിട്ട് ആവാം ബാക്കി ജോലി". ഹോ ! ആശ്വാസം.. അമ്മ നല്ല സ്നേഹത്തിൽ തന്നെ ആണ്.
ഗ്ലാസിൽ പകർന്നു കിട്ടിയ ചായ ചുണ്ടോട് അടുപ്പിച്ചപ്പോൾ ആണ് എനിക്ക് ആ സത്യം മനസ്സിലായത്. ചായ കുറച്ചു തണുത്തിട്ടുണ്ടോ? ഹരികൃഷ്ണൻസിലെ ഗുപ്തനെ പോലെ ചൂട് ചായ ഊതി ഊതി കുടിച്ച് അല്ലേ എനിക്കും ശീലം..
ആകെ ധർമ്മസങ്കടത്തിൽ ആയല്ലോ ഈശ്വരാ. അമ്മ ആദ്യം ആയി ഉണ്ടാക്കി തന്ന ചായ ആണ്. അതിനു ചൂടില്ല, ചൂടാക്കി ക്കോട്ടേ ന്നൊക്കെ ചോദിച്ചാൽ അഹങ്കാരം ആവോ?. അമ്മ ആണെങ്കിൽ കൂളായി കുടിക്കുന്നു. എന്നോട് എന്തൊക്കെയോ കാര്യങ്ങൾ പറയുന്നതിനിടയിൽ ചായ കുടിക്കു..അത് തണുക്കും ..ന്നൊക്കെ പറയുന്നുണ്ട്.
ഞാൻ ആണെങ്കിൽ ആകെ വിമ്മിഷ്ടപെട്ട് ഇരിക്കുവാ ചായ പതുക്കെ കുടിക്കുന്നത് ആയി ഭാവിച്ചു ഞാൻ അവിടെ ഇരുന്നു.
ഓരോ അവസ്ഥ. ഒരു ദിവസം എത്ര ചായ വേണമെങ്കിലും കുടിക്കുന്ന, മറ്റൊന്നും കഴിക്കാതെ ചായ കുടിച്ച് മാത്രം ജീവിക്കേണ്ടി വന്നാലും സന്തോഷിക്കുന്ന ഞാൻ, ബാറിൽ കുടിയൻ മാർ ബ്രാണ്ടി ഗ്ലാസും നോക്കി ഇരിക്കുന്നത് പോലെ ഇരിക്കുന്നു. ഒരു വ്യത്യാസം മാത്രം അവർ അത് കുടിച്ചാൽ തീർന്നു പോകോല്ലോ ന്ന് ആലോചിച്ചു വിഷമിക്കുമ്പോൾ ഞാൻ എങ്ങനെ കുടിക്കാതെ തീർക്കാം ന്ന് ആലോചിക്കുന്നു. ഈശ്വരാ.. ശത്രുവിന് പോലും ഇങ്ങനെ ഒരു അവസ്ഥ വരുത്തല്ലേ.
ഒരു ബിസ്കറ്റോ.. ഇച്ചിരി മിസ്ച്ചറോ.. വേണ്ട ഒരു പപ്പടമോ. അങ്ങനെ തൊട്ട് കൂട്ടാൻ എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ അത് എങ്ങനെ എങ്കിലും അകത്താക്കാമായിരുന്നു. രാവിലെ എണീറ്റ് വെറും വയറ്റിൽ ഇങ്ങനെ ചായ കുടിച്ചു ശീലം ഇല്ല. അത് തണുത്തത് ആണെങ്കിൽ പറയുകയും വേണ്ട. വീട്ടിൽ ആകുമ്പോൾ കൊറിക്കാൻ എന്തെങ്കിലും കാണും.
ഇതിപ്പോ എങ്ങനാ ചോദിക്കുന്നത്? അപ്പോഴേക്കും അമ്മ ചായ കുടി കഴിഞ്ഞു എണീറ്റു. ആ തക്കത്തിന് ഞാൻ ആ ബ്രാണ്ടി.. അല്ല ചായ മുഴുവൻ ഒറ്റ വലിക്ക് കുടിച്ചു തീർത്തു. എന്നിട്ട് " ഹെന്റമ്മോ "(അറിയാതെ പുറത്തു വന്നതാ)ന്നൊരു ആശ്വാസ ശബ്ദവും.
പിന്നെ നോക്കുമ്പോൾ അകത്തേക് പോയ ചായ മുഴുവൻ അതേ സ്പീഡിൽ പുറത്തേക്കു വരാൻ വെമ്പൽ കൊള്ളുന്നു. മൂക്കും വായും പൊത്തി പിടിച്ചു വാഷ് ബേസിൻ ലക്ഷ്യമാക്കി നടന്ന ഞാൻ പെട്ടെന്ന് ബ്രേക്ക്‌ ഇട്ടു.
കല്യാണം കഴിഞ്ഞു ആദ്യ രാത്രി കഴിയുമ്പോഴേക്കും പെണ്ണ് വാൾ വച്ചാൽ? പ്രണയ വിവാഹം ആയത് കൊണ്ട് എന്തായാലും പറയുകയും വേണ്ട. പാടില്ല... "അടങ്ങു ഒപിആറേ ". ഞാൻ എന്റെ വായ പൊത്തി പിടിച്ചു പറഞ്ഞു.
എന്തായാലും തുടക്കം കൊള്ളാം... തണുത്ത ചായ.. ജീവിതവും ഇത് പോലെ തണുപ്പൻ ആകുമോ എന്തോ.. ശേഷം ഞാൻ എന്റെ മറ്റു ജോലികളിൽ വ്യാപൃതയായി. രാവിലെ ബ്രേക്ഫാസ്റ് കഴിക്കുന്നത് വരെ ആ ചായ വയറ്റിൽ നിന്നും പുറത്തു ചാടാൻ വെമ്പൽ കൊള്ളുകയും ഞാൻ അതിനെ തടഞ്ഞു നിർത്തുകയും ചെയ്തു കൊണ്ടിരുന്നു.
സന്ദർഭവും സൗകര്യവും ഒത്തു വന്നപ്പോൾ ഞാൻ എന്റെ പ്രിയ ഭർത്താവിനോട് കാര്യം പറഞ്ഞു.. എല്ലാം കൊള്ളാം പക്ഷേ രാവിലെ എണീറ്റു വെറും വയറ്റിൽ ചായ കുടിക്കാൻ പറ്റില്ല. "ചായ കുടിക്കണ്ട പ്രശ്നം തീർന്നില്ലേ ".മറുപടി പെട്ടെന്ന് ആയിരുന്നു.
തോറ്റു പിന്മാറാൻ ഞാൻ ഒരുക്കം അല്ലായിരുന്നു. "പറ്റില്ല, എനിക്ക് ചായ കുടിക്കണം. ഇല്ലെങ്കിൽ തല വേദനിക്കും. അതിന്റെ കൂടെ രണ്ട് ബിസ്ക്കറ്റ് വേണം..അല്ലാതെ കുടിച്ചാൽ ശര്ദിക്കാന് വരും. "
"ന്ദ്? "..അതുവരെ കാണാത്ത ഒരു ജീവിയെ നോക്കുന്ന രീതിയിൽ ഏട്ടൻ എന്നെ തുറിച്ചു നോക്കി. "ഇവിടെ ആർക്കും രാവിലെ എണീറ്റു ബിസ്ക്കറ്റ് തിന്നുന്ന ശീലം ഒന്നും ഇല്ല. ഒരു സ്ഥലത്തു ചെന്നാൽ അവിടുത്തെ രീതികൾ അനുസരിച്ചു പെരുമാറാൻ പഠിക്കണം.അതാണ് വേണ്ടത്.അങ്ങനെ ആയിരിക്കണം ഒരു ഉത്തമയായ പെണ്ണ്. " ഇത് പറയുമ്പോൾ എന്റെ ഭർത്താവിന്റെ മുഖത്ത് ഒരു ദിവ്യ ചൈതന്യം കളിയാടുന്നത് ആയി എനിക്ക് തോന്നി. ഹിമാലയത്തിൽ തപസ്സു അനുഷ്ടിച്ച ഏതോ യോഗി വര്യൻ എനിക്ക് ഉപദേശം നൽകാൻ എന്റെ മുന്നിൽ വന്നിരിക്കുന്നു. കൈ കൂപ്പാതെ ഇരിക്കാൻ ആകുമായിരുന്നില്ല ഈ പാവം പ്രിയക്ക്.
"അല്ലയോ മുനിശ്രേഷ്ഠാ അങ്ങ് പറയുന്നത് നമുക്ക് മനസ്സിലാകാതെ അല്ല.. പക്ഷേ ഒരു സംശയം ബാക്കി ഉണ്ട്. താലി കെട്ടി ഇരുപത്തിനാലു മണിക്കൂർ ആയിട്ടില്ല. രാവിലെ ചായയുടെ ഒപ്പം രണ്ടു ബിസ്ക്കറ്റ് വേണം എന്ന എന്റെ നിസ്സാര ആവശ്യം പോലും നടത്തി തരാൻ പറ്റാത്ത അങ്ങ് ഇനിയുള്ള കാലം ബാക്കി ആഗ്രഹങ്ങൾ എങ്ങനെ ആണ് സാധിച്ചു തരാൻ പോകുന്നത്? "

മറുപടി ആയി ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് എന്റെ ഹൃദയത്തിന്റ ഉടമ പറയുവാ..ഇവിടെ ബിസ്ക്കറ്റ് ഉണ്ടോ ന്ന് എനിക്ക് അറിയില്ല ന്ന്. എനിക്ക് ഇതൊന്നും കഴിച്ചു ശീലം ഇല്ലാന്ന്. ഇത് ഇപ്പോൾ നിന്റെ വീട് അല്ലേ ഇവിടെ ഉള്ള സാധങ്ങൾ എവിടെ ഉണ്ടെന്ന് നീ തന്നെ കണ്ടു പിടിക്കണം. അല്ലെങ്കിൽ അമ്മയോട് ചോദിച്ചു മനസിലാക്കി ക്കൂടെ?.പിന്നെ ഒരു കാര്യം ഞാൻ പറഞ്ഞില്ലന്ന് വേണ്ട. നീ ഇങ്ങനെ ബിസ്ക്കറ്റ് ഒക്കെ രാവിലെ കഴിക്കുന്നത് കണ്ടാൽ അമ്മയ്ക്ക് ഒരു ബാഡ് ഇമ്പ്രെഷൻ ഉണ്ടാവാൻ സാധ്യത ഉണ്ട്.
ഡിറ്റക്റ്റീവ് മനസ്സ് എന്റെ കൂടപ്പിറപ്പ് ആയത് കൊണ്ട് കണ്ടു പിടിക്കുക എന്ന കാര്യം ഞാൻ ഏറ്റെടുത്തു. വീട്ടിൽ മണവാട്ടിയെ കാണാൻ വന്ന അയല്പക്കത്തെ ഒന്ന് രണ്ടുപേർക്ക് ചായ കൊടുക്കുന്നതിനിടയിൽ ഞാൻ എന്റെ കൂട്ടുകാരനെ കണ്ടെത്തി...
കല്യാണ വീട് ആയത് കൊണ്ട് പല പല വെറൈറ്റി സാധനങ്ങളുംഉണ്ടായിരുന്നു. പക്ഷേ എന്നെ ആകർഷിച്ചത് ആ ഓറഞ്ച് കളർ പാക്കറ്റിൽ ചെറു പുഞ്ചിരിയോടെ ഇരുന്ന മ്മടെ സ്വന്തം "നല്ല ദിവസം "ആയിരുന്നു....
എന്നെ കണ്ടപ്പോൾ ഉള്ള അവന്റെ സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റില്ല. അതുവരെ ആരുടേയും കരസ്പർശം ഏറ്റിട്ടില്ല ന്ന് അവനെ കണ്ടപ്പോഴേ മനസ്സിലായി. നാളെ രാവിലെ വരെ നീ ഒന്ന് ക്ഷമിക്കു കുട്ടാ.. നിന്നെ ഞാൻ എടുത്തോളാം. ഇപ്പോൾ കൈ വയ്ക്കാൻ എനിക്ക് അനുവാദമില്ല.. ഞാൻ അവനോടു രഹസ്യമായി പറഞ്ഞു.
ആദ്യത്തെ ദിവസത്തെ ആവേശം ഒന്നും രണ്ടാം നാൾ ഉണ്ടായിരുന്നില്ല. എണീക്കാൻ വൈകി. കുളിച്ചു ചെല്ലുമ്പോൾ അമ്മ, അമ്മയ്ക്ക് കുളിക്കാൻ ഉള്ള ചൂട് വെള്ളം പാത്രത്തിൽ പകർത്തി കൊണ്ടിരിക്കുന്നു. ഇന്നലത്തെ പോലെ ചായ കുടിക്കാനും.. അടുപ്പിൽ ഇരുന്ന ഇഡ്ഡലി വെന്താൽ എടുത്തു വയ്ക്കാനും പറഞ്ഞിട്ട് അമ്മ കുളിക്കാൻ പോയി.
ഇത് തന്നെ പറ്റിയ തക്കം.ഞാൻ ചായ എടുത്തു ചൂടാക്കാൻ വച്ചു. എന്നിട്ട് നേരെ ഡൈനിങ്ങ് റൂമിൽ ചെന്ന് പ്ലാസ്റ്റിക് കണ്ടെയ്നറിൽ നിന്ന് അവനെ പുറത്തു എടുത്തു. അമ്മ വരുന്നതിനു മുൻപ് ആ പരിപാടി അങ്ങ് തീരത്തേക്കണം. കവർ തുറന്നു എന്റെ വലതു കൈയിലെ ചൂണ്ട് വിരലിനും പെറുവിരലിനും ഇടയിൽ എത്ര എണ്ണം കൊള്ളുമോ.. അതിന്റെ പകുതി കൈക്കലാക്കി.. പിന്നെ പാക്കറ്റ് യഥാസ്ഥാനത്തു തിരിച്ചു വച്ചു.
.ഇഡ്ഡലി ആവാൻ ഇനിയും സമയം ഉണ്ട്. ഞാൻ പതിയെ ഡൈനിങ്ങ് ടേബിളിൽ സ്ഥാനം പിടിച്ചു. പെട്ടെന്ന് എന്റെ അതിബുദ്ധി ഉണർന്നു. എനിക്ക് ഒരു തോന്നൽ ഇനി അമ്മ എങ്ങാൻ വേഗം കുളി കഴിഞ്ഞു വന്നു ഇത് കണ്ടാലോ. എന്തായിരിക്കും എന്നെപ്പറ്റി കരുതുക? രാവിലെ തന്നെ.....
ഒരു കാര്യം ചെയ്യാം പതിയെ ബെഡ്‌റൂമിലേക് വച്ചു പിടിച്ചു. അവിടെ ഇരുന്നു ഫിനിഷ് ചെയ്തിട്ട് പുറത്തു വന്നാൽ മതി. ചായ ഗ്ലാസ്‌ കൈയിൽ കണ്ടാലും കുഴപ്പമില്ല. ബിസ്ക്കറ്റ് കാണാതെ ഇരുന്നാൽ മതി.
ഭാഗ്യം ചേട്ടായി നല്ല ഉറക്കത്തിൽ ആണ് അതും കമിഴ്ന്നു കിടന്ന്. ഞാൻ കട്ടിലിൽ ഒരു മൂലയിൽ സ്ഥാനം പിടിച്ചു. ഒരു സേഫ്റ്റിക്ക്‌ വേണ്ടി റൂമിൽ ലൈറ്റ് ഓൺ ചെയ്തില്ല. എന്നിട്ട് പതിയെ ബിസ്ക്കറ്റ് ഒരെണ്ണം എടുത്തു ചായയിൽ മുക്കി കഴിക്കാൻ തുടങ്ങി.ഒരു രണ്ടെണ്ണം അകത്താക്കി കഴിഞ്ഞിട്ടുണ്ടാകും. പെട്ടെന്ന് പുറകിൽ നിന്ന് ഒരു വിളി... "ഡീ... എന്തുവാടീ ഇരുട്ടത്ത് ഇരുന്നു പരിപാടി
ഓർക്കാപ്പുറത് ഉള്ള ആ അലർച്ചയിൽ ചായ ഗ്ലാസ്‌ എന്റെ കൈയിൽ നിന്നും താഴെ വീണു. ചില്ലു ഗ്ലാസ്‌ ആയിരുന്നു എങ്കിൽ ഒരു ശബ്ദത്തിൽ എല്ലാം അവസാനിച്ചേനെ. സ്റ്റീൽ ഗ്ലാസ്‌ ആയത് കാരണം അത് എത്രമാത്രം തലകുത്തി മറിയാമോ അത്രയും മറിഞ്ഞിട്ട് ആണ് നിന്നത്. എന്റെ നിഗമനം തെറ്റിയിരുന്നില്ല. അമ്മയുടെ കുളി കഴിഞ്ഞിരുന്നു. ഹോ.. ശബ്ദം കേട്ട് അമ്മയും റൂമിലേക്കു ഓടിയെത്തി..
ഞാൻ ലൈറ്റ് ഓൺ ചെയ്തു.വേഗം ഗ്ലാസ്‌ എടുത്തു. ബാക്കിയുള്ള ബിസ്ക്കറ്റ് അപ്പോഴും ആ മേശയിൽ എന്നെ നോക്കി നെടുവീർപ്പ് ഇട്ട് ഇരിക്കുന്നുണ്ടായിരുന്നു.കാര്യങ്ങളുടെ കിടപ്പ് മനസ്സിലായ ഏട്ടൻ തല വഴി പുതപ്പ് ഇട്ട് മൂടി ഒരൊറ്റ കിടത്തം. അതിനുള്ളിൽ കിടന്നു ആർത്തലച്ചു ചിരിക്കുവാണെന്നു മനസ്സിലാക്കാൻ എന്നിലെ സിബിഐ ക്ക്‌ വലിയ താമസം വന്നില്ല.
അടുത്ത ഊഴം അമ്മയ്ക്ക് ക്ലാരിഫിക്കേഷൻ കൊടുക്കുന്നത് ആയിരുന്നു. "അമ്മേ ഞാൻ ബിജു ഏട്ടനോട് സംസാരിച്ചു കൊണ്ട് ചായ കുടിക്കാം ന്ന് കരുതി.പക്ഷേ ബിജു ഏട്ടൻ എന്നെ പേടിപ്പിച്ചു. അപ്പൊ ഗ്ലാസ്‌ താഴെ വീണു. റൂം ഇപ്പോൾ വൃത്തിയാക്കാം. അമ്മ ഒന്നും പറയാതെ മെല്ലെ ബിസ്‌ക്കറ്റിലേക്ക് നോക്കി. ഞാൻ ഒരു വിഡ്ഢി ചിരി ചിരിച്ചിട്ട് പറഞ്ഞു രാവിലെ ചായ കുടിക്കുമ്പോൾ എന്തെങ്കിലും കഴിച്ചില്ലെങ്കിൽ ശര്ദിക്കാന് വരും.
ശരി. ശരി... അത് പറഞ്ഞാൽ പോരേ. ഡൈനിങ്ങ് റൂമിൽ വേറെയും ഒരുപാട് സാധനങ്ങൾ ഉണ്ടല്ലോ.ഇവിടെ വേറെ ആരും ഇതൊന്നും കഴിക്കില്ല. എന്തായാലും അതിനൊരാളായല്ലോ.. സമാധാനം ആയി. അത് പറയുമ്പോൾ അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞോ.. ഹേയ്.. എനിക്ക് തോന്നിയത് ആവും.. അമ്മ മെല്ലെ അടുക്കളയിലേക് പോയി.
ഈ സമയം അത്രയും പുതപ്പിനുള്ളിൽ പതുങ്ങി കിടന്ന കെട്ടിയോനുള്ള ശിക്ഷ 4 ഇഡ്ഡലി കൂടുതൽ കഴിപ്പിച്ചു ഞാൻ നടപ്പാക്കി.
വാൽകഷ്ണം... കാലം കടന്നു പോയി. പുത്തനച്ചി പഴയത് ആയി. ചില ദിവസങ്ങളിൽ രാവിലെ എണീക്കൽ ഒക്കെ മാറി വൈകി എണീക്കാൻ തുടങ്ങി.ഇടയ്ക്ക് നേരം വൈകി എണീക്കുമ്പോ മുഖം വീർപ്പിക്കുന്ന അമ്മയോട് രാവിലെ ദേഷ്യം വരുന്നത് വിശപ്പിന്റെ അടയാളം ആണെന്നും രണ്ടു ബിസ്ക്കറ്റ് കഴിച്ചാൽ മാറാവുന്നതേ ഉള്ളൂ എന്നും കവിളത്തു പിടിച്ചു ഫിലോസഫി പറഞ്ഞു. അതും കഴിഞ്ഞു കുറേ നാളുകൾക്ക് ശേഷം ബ്രിട്ടാനിയ റെസ്ക്കിന്റെ പരസ്യം കണ്ട ഞാൻ ഞെട്ടിപോയി. എന്റെ അതേ വാചകം അവിടെ ഉപയോഗിച്ചിരുന്നു.ബിസ്ക്കറ്റ് നു പകരം റസ്‌ക് ആണെന്ന വ്യത്യാസമേ ഉള്ളു. എന്നെ സമ്മതിക്കണം ല്ലേ...
ശ്രീപ്രിയ ബിജു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo