Slider

മുജ്ജെ മാലൂം .....

0
Image may contain: 1 person, smiling, beard, eyeglasses and closeup
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
--------------------------------
സ്കൂളിൽ അഞ്ചാം ക്ലാസ് മുതലായിരുന്നു ഹിന്ദി പഠിക്കാൻ തുടങ്ങിയത്. പട്ടത്തി രാധ ടീച്ചർ എന്നറിയപ്പെട്ടിരുന്ന രാധ ടീച്ചറും മാലതി ടീച്ചറും ആയിരുന്നു ഹിന്ദി പഠിപ്പിച്ചത്. ഹിന്ദി യുടെ ആപ്തവാക്യം ടീച്ചർമാർ പഠിപ്പിച്ചത് നെ കോ സെ കാ കെ കി മേം പർ എന്നായിരുന്നു. പക്ഷേ എക്കാലത്തും എനിക്കുണ്ടായിരുന്ന കൺഫ്യൂഷൻ, ഏകവചനവും ബഹുവചനവും വരുമ്പോൾ ദീർഘവും ഹൃസ്വവും വള്ളികൾ എങ്ങനെ ഉപയോഗിക്കണം എന്നതായിരുന്നു... പിൽക്കാലത്ത് വള്ളിയുടെ പൊസിഷൻ തെറ്റിച്ചതിന് ഓമനമ്മ ടീച്ചറിന്റെ വഹ തലയ്ക്ക് നല്ല കിഴക്കും കിട്ടാറുണ്ടായിരുന്നു...

അങ്ങനെ അരികും മൂലയും ഒക്കെയായി ഹിന്ദിയിൽ ഞാൻ കുത്തബ് മീനാർ പണിതു കൊണ്ടിരുന്ന കാലത്താണ് പ്രാഥമിക്‌, മദ്ധ്യമിക്, രാഷ്ട്രഭാഷ എന്നിങ്ങനെ വിവിധ ഹിന്ദി സർട്ടിഫിക്കേഷൻ പരീക്ഷകൾ ഉണ്ടെന്ന് അറിവ് കിട്ടിയത്. ഹിന്ദിയോടുള്ള ഉൽക്കടമായ ആവേശം (എങ്ങനെയെങ്കിലും ജയിക്കാൻ ഉള്ള ആവേശം അല്ല) കാരണം ഞാൻ ഇവകൾക്ക്‌ പോയി ജോയിൻ ചെയ്തു.

ആറാം ക്ലാസിൽ തുടങ്ങിയ പഠനം ഓരോ വർഷത്തിൽ ഓരോ സർട്ടിഫിക്കറ്റ് എന്ന മട്ടിൽ മുന്നേറി എട്ടാം ക്ലാസിൽ എത്തിയപ്പോൾ ഹിന്ദിയിൽ ഞാൻ ഒരു മുകദ്ദർ കാ സിക്കന്ദർ ആണെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങി...

അപ്പോഴേക്കും അനിയൻ അഞ്ചാം ക്ലാസിൽ ഹിന്ദി പഠിക്കാൻ തയ്യാറായി എത്തിയിരുന്നു.

തനിക്ക് സംഭവിച്ചത് അനിയന് സംഭവിക്കരുത് എന്ന ഉറച്ച ആഗ്രഹം ഉണ്ടായിരുന്ന ഒരു ചേട്ടൻ എന്ന നിലയിൽ ഇവനെ ഹിന്ദി പഠിപ്പിക്കണം എന്ന തീരുമാനം ഇതിനിടെ ഞാൻ കൈക്കൊണ്ടു.

അതിന്റെ ആദ്യ പടിയായി അനിയന്റെ ഹിന്ദി നോട്ട് ബുക്കിന്റെ മുകളിൽ ഒട്ടിച്ചിരുന്ന മാരുതി കാറിന്റെ പടമുള്ള നെയിം സ്ലിപ്പിൽ ഹിന്ദിയിൽ അവന്റെ വിളിപ്പേരായ ഉണ്ണി എന്ന് പേരെഴുതിക്കൊടുക്കാം എന്ന് ഞാൻ അവനോട് പറഞ്ഞു. (ജയശങ്കർ എന്ന അവന്റെ ഒറിജിനൽ പേര് അന്നും ഇന്നും വലിയ പേരായതിനാൽ അറ്റംറ്റ് ചെയ്യാതിരുന്നതിൽ ഞാൻ അദ്ഭുതം ഒന്നും കാണുന്നില്ല.)

കാര്യം അഞ്ചാം ക്ലാസുകാരൻ ആയിരുന്നെങ്കിലും പൊതുവെ പല കാര്യങ്ങളിലും എന്റെ കഴിവിൽ അത്ര വിശ്വാസമില്ലാതിരുന്ന അനിയൻ ഇത് കേട്ട് അല്പം ആശങ്ക പ്രകടിപ്പിച്ചു എങ്കിലും സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സിനിമയിലെ കോട്ടപ്പള്ളി സുലൈമാൻ എന്ന ഗുണ്ടയെ അടിച്ചമർത്തിയ എസ് ഐ രാജേന്ദ്രന്റെ പുച്ഛം നിറഞ്ഞ മുഖഭാവത്തോടെ ഞാൻ അവനെ നേരിട്ടു.

അധികം വൈകാതെ വടിവൊത്ത കൈയക്ഷരത്തിൽ ഹിന്ദി പുസ്തകത്തിന്റെ കവറിൽ മാരുതി കാറിന്റെ ചിത്രമുള്ള നെയിം സ്ലിപ്പിൽ ഹിന്ദിയിൽ ഞാൻ അനിയന്റെ പേര് ആലേഖനം ചെയ്തു.

എസ് ഐ രാജേന്ദ്രന്റെ കഥ കേട്ട് പുളകിതനായ ഗോപാലകൃഷ്ണപണിക്കരുടെ മുഖഭാവത്തോടെ എന്റെ ഹിന്ദി കണ്ട് ഭവ്യതയോടെ അനിയൻ പുസ്തകം എടുത്തു ബാഗിൽ വെച്ചു.

രാവിലെ മൂന്ന് ക്ലാസ് മാത്രം അകലെ എട്ടാം ക്ലാസിൽ ഞാൻ ഇരിക്കവെ, പ്യൂൺ തോമസ് ചേട്ടൻ വന്ന് എന്നെ അഞ്ചാം ക്ലാസിൽ നിന്നും മാലതി ടീച്ചർ വിളിക്കുന്നു എന്ന അറിയിപ്പുമായി എത്തി. അനിയന്റെ ക്ലാസിൽ നിന്നും അഭിനന്ദന പ്രവാഹവുമായി ഒരു വിളി ഏതു നേരവും പ്രതീക്ഷിച്ച് ഇരുന്നിരുന്ന ഞാൻ മനസ്സിലെ ആനന്ദ തിരത്തള്ളൽ പുറമെ കാണിക്കാതെ അനിയന്റെ ക്ലാസിൽ എത്തി.

അനിയന്റെയും അവന്റെ ക്ലാസ്മേറ്റ്സിന്റെയും മുന്നിൽ വെച്ച് ഒരു ചെറു ചിരിയോടെ ടീച്ചർ അനിയന്റെ പുസ്തകം കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

"രാജീവ് ആണോ ഈ പേര് എഴുതി കൊടുത്തത്?"

ഇത് മാത്രമല്ല, അന്നെ ദിവസം ദൈനിക് ജാഗരൻ പത്രത്തിൽ അച്ചടിച്ച ഹിന്ദി മുഴുവൻ ഞാനാണ് എഴുതിയത് എന്ന മുഖഭാവവുമായി ഞാൻ തലയാട്ടി.

"എങ്കിൽ കൈ നീട്ട്"

മൂന്ന് വർഷം മുൻപ് ഹിന്ദിയുടെ ആദ്യാക്ഷരങ്ങൾ എനിക്ക് കുറിച്ചു തന്ന മാലതി ടീച്ചറുടെ കൈയിൽ നിന്നും കൈ നിറച്ചും എന്തോ വെല്യ ഒരു സമ്മാനം മേടിക്കാൻ, നിറഞ്ഞ മനസ്സോടെ, നിക്കറിന്റെ രണ്ടു പോക്കറ്റിലായി വലിയ ഗമയിൽ ഉരുട്ടിക്കയറ്റിവച്ചിരുന്ന രണ്ട് കയ്യും ഞാൻ മുന്നിലേക്ക്‌ നീട്ടി. കൈ നീട്ടിക്കിട്ടാൻ നോക്കി നിന്നത് പോലെ, ടീച്ചർ ഡെസ്കിൽ നിന്നും ഒരു ചൂരൽ കടന്നെടുത്ത് ഒട്ടും സമയം കളയാതെ, നിർദാക്ഷിണ്യം രണ്ട് തല്ല് തന്നു.

കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു നിൽക്കുന്ന എന്റെ കാതിൽ തല്ലിന്റെ തുടർച്ചയായി ഇത്രയും കൂടി കേട്ടു.

"ഹിന്ദിയാണത്രെ ഹിന്ദി! വല്യ ഹിന്ദിക്കാരൻ വന്നിരിക്കുന്നു.. ഇവനെയൊക്കെ ഹിന്ദി പഠിപ്പിച്ച എന്നെ വേണം പറയാൻ"

അരശും മൂട്ടിൽ അപ്പുക്കുട്ടന്റെ പോലെ പ്ലിങ്ങി നിൽക്കുന്ന എന്റെ തലയിൽ ഒരു കിഴുക്ക്‌ കൂടി തന്നു കൊണ്ട് ടീച്ചർ അരിശം തീരാതെ വീണ്ടും ആക്രോശിച്ചു..

"വായിക്കടാ അത്.. ക്ലാസിൽ എല്ലാരും കേൾക്കണം."

പൊന്നീച്ചകൾ ഏതാണ്ട് തേനീച്ചക്കൂട്ടം പോലെ ഇരമ്പിയാർത്തുകൊണ്ട് വരുന്നതിനിടയിലെ ഒരു ചെറിയ ഗ്യാപ്പിൽക്കൂടി ഞാൻ വടിവൊത്ത അക്ഷരങ്ങളിൽ എഴുതിയ ആ പേര് ഒന്നുകൂടി വായിച്ചു.

"ഉപ്പി!"
---------------------------------@Rajeev Panicker
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo