ബസിലേക്ക് ഓടിക്കയറിയപ്പോൾ ആദ്യമായി അയാൾ നോക്കിയത് ജനാലച്ചില്ലുകൾക്ക് താഴെ ഏതെങ്കിലും ഇരിപ്പിടം ഒഴിവുണ്ടോ എന്നാണ്..
ഇല്ല..
പിറകിൽ നിന്നും മൂന്നാമത്തെ വരിയിലെ അറ്റത്തുള്ള ആ ഇരിപ്പിടത്തിൽ ഇരിക്കുമ്പോൾ പിഞ്ഞിപ്പോയ അതിന്റെ ചുവപ്പ് നിറം വെറുതെ അയാളോട് കലഹിച്ചു..വാക്കുകൾ കണ്ണിൽ കുരുങ്ങി ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അയാൾ.
പിറകിലെ സീറ്റിൽ കോരേട്ടൻ നിർത്താതെ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നു. കഴുത്തു ചെരിച്ചു ചിരിച്ചു കാണിക്കാൻ നോക്കുമ്പോഴേക്കും അത് മറ്റാരുടെയോ മുഖമായി മാറിയിരുന്നു..കോരേട്ടൻ മരിച്ചു പോയിക്കാണും. മുന്നിലോട്ട് നോക്കി.. അതാ... ആ തൂണും ചാരി നിൽക്കുന്നത് ഉസ്മാനിക്കയല്ലേ ?!
"ഉസ്മാനിക്കാ...." അയാളുടെ ശബ്‍ദം ഒരു കുതിപ്പിന് ആ നിന്നയാളുടെ കുപ്പായക്കോളറിൽ ഒരു പിടുത്തം പിടിച്ചു. ആരോ ചിലർ ഒന്നയാളെ നോക്കി. മറ്റുള്ളവർ ആ വിളി കേട്ടതുപോലുമില്ല.
തിരിഞ്ഞുനോക്കിയത് ഉസ്മാനിക്ക അല്ലായിരുന്നു ..ഓ.. അല്ലെങ്കിലും അയാൾ ഇവിടെ എങ്ങിനെ ഉണ്ടാവാനാണ്..അഞ്ചാറു കൊല്ലം മുൻപ്....
മുന്നിലെ സീറ്റുകളിൽ ആരൊക്കെയാണ് ഇരിക്കുന്നത് ?! - അബി, വിനോദ്, അമീർ..?! അവർ തന്നെയല്ലേ ?!
പെട്ടെന്നാണ് ബസ് നിന്നതും മുന്നിലെ വാതിലിലൂടെ ഇരുവശത്തും മുടി മെടഞ്ഞിട്ട, ഇളം നീല ചുരിദാറിട്ട ഒരു പെൺകുട്ടി തിരക്കിട്ട് ഇറങ്ങുന്നതും അയാൾ കണ്ടത്–
നീലിമ അല്ലേ അത്?!
ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ അയാൾ അതേ വേഗത്തിൽ വീണ്ടും ഇരുന്നു. ഒഴിയുന്ന സീറ്റിനായി കാല് കഴച്ചു കാത്തു നിൽക്കുന്ന നീണ്ട മുടിയും ദൃഢ പേശികളുമുള്ള കൗമാരക്കാർ നിരാശയോടെ അയാളെ തറപ്പിച്ചൊരു നോട്ടം നോക്കി.
പതിനെട്ടു വർഷം മുൻപുള്ള ചിത്രങ്ങൾ കൊണ്ട് നിറഞ്ഞ ഈ ബസിനെക്കുറിച്ചോർത്തയാൾ വിചിത്രമായ ഒരു ചിരി ചിരിച്ചു.
"കാവ് ...കാക്കന്നോത്ത് കാവ്..ഇറങ്ങാനുണ്ടോ ?" കിളി വിളിച്ചു പറഞ്ഞപ്പോൾ അയാൾ ചാടിയെഴുന്നേറ്റു..ഇറങ്ങിയപ്പോൾ ആദ്യം ചെയ്തത് കുപ്പായത്തിന്റെ അഴിഞ്ഞുപോയ കുടുക്കുകൾ ഇടുകയായിരുന്നു.
അയാൾ ചുറ്റും നോക്കി. കവലയുടെ കോണിൽ ഇലകൾ വാർന്നുപോയൊരു വാകമരം. വാകമരത്തിന്റെ ഒരു കൊമ്പിന്റെ വക്കിൽ എന്നോ തങ്ങിപ്പോയ ഒരു പട്ടത്തിന്റെ പതിഞ്ഞ വിലാപം.. കാക്കന്നോത്ത് കാവിന്റെ മഞ്ഞ ബോർഡിന് ഇപ്പോഴും കറുവൻ ചേട്ടന്റെ സൈക്കിൾ കടയുടെ മണം തന്നെ. കാവിനെ പിറകിലാക്കി നടന്നയാൾ പച്ച പെയിന്റടിച്ച കാക്കന്നോത്ത് ജുമാ മസ്ജിദിന്റെ ഗെയ്റ്റിൽ എത്തുമ്പോൾ സൂര്യൻ പള്ളിക്കുളത്തിൽ ഉടുതുണിയില്ലാതെ വീണുകിടക്കുകയായിരുന്നു.
…ഇടത്തു നിന്നുള്ള മൂന്നാം തട്ട്..പിന്നെ രണ്ടു നെല്ലിമരം ..ഒരു പ്രാർത്ഥന പോലെ ചുണ്ടനക്കി കൊണ്ടയാൾ പള്ളിപ്പറമ്പ് കയറി. ഖബറുകൾക്ക് ചുറ്റും ചിരിച്ചു വളരുന്ന ചൊറിയൻ പുല്ലുകൾ അയാൾക്ക് സ്വാഗതമോതി. അയാൾ പതുക്കെ പറഞ്ഞു:
"അല്ലയോ കുഴിമാടങ്ങളിൽ ഉറങ്ങുന്നവരേ, നിങ്ങളുടെ മേൽ ദൈവത്തിന്റെ സമാധാനം നിറയട്ടെ ! ഞാനും നിങ്ങളിലേക്ക് വരേണ്ടവനല്ലോ..!".
രണ്ടു നെല്ലിമരം...അതിനിടയിലൂടെ പോകുമ്പോൾ കിട്ടുന്ന മൈലാഞ്ചിച്ചെടിയുള്ള ആദ്യ ഖബർ..ഇനിയും മരിച്ചിട്ടില്ലാത്ത മീസാൻ കല്ല്.. ചെരിപ്പഴിച്ചു ഖബറിന്റെ തലഭാഗത്ത് തൊട്ടാവാടി മുള്ളുകളുടെ മടിയിലിരുന്നപ്പോൾ അയാളുടെ കാലിൽ നിന്നും കരളിൽ നിന്നും ചുവന്ന ഓർമ്മത്തുണ്ടുകൾ മെല്ലെ പുറത്തേക്കൊഴുകാൻ തുടങ്ങി………
അയാൾ ഇറങ്ങി നടന്നു. ഇരുട്ടും വെളിച്ചവും ഇണ ചേരുന്ന ഇടവഴിക്ക് അന്നൊരു ദിവസം അവളുടെ മുടിയിൽ നിന്നും ചാറ്റൽ മഴ ചോർത്തിയെടുത്ത മുല്ലപ്പൂക്കളുടെ തണുപ്പായിരുന്നു..
ചീരുവമ്മയുടെ വീട് എവിടെ? അത് കഴിഞ്ഞാണല്ലോ ആയിശുമ്മയുടെ വീട്...ഒന്നും കാണുന്നില്ല. എങ്ങും തവിട്ടു കലർന്ന അപരിചിതത്വം മാത്രം...അയാൾ വേറൊരു വഴിയിലേക്ക് നടന്നു…..
വീണ്ടും അയാൾ വേറൊരു വഴിയിലേക്ക് നടന്നു..കാൽപ്പന്ത് കളിച്ച ഒഴിഞ്ഞ പാടം എവിടെ ? അതിന്റെ അറ്റത്തുള്ള അതിരാണിക്കാട് എവിടെ?
ബസിൽ നിന്നും ഇറങ്ങിയ മനുഷ്യരൊക്കെ എവിടെ?
പ്രളയമോ അഗ്നിപർവ്വതമോ വന്നതിന്റെ ലക്ഷണമൊന്നും ഇവിടെ കാണുന്നില്ല. തന്റെ ഓർമകളുടെ കൊടും പ്രകമ്പനങ്ങളിൽ ഇവിടെയുള്ള മനുഷ്യർ മുങ്ങിച്ചത്തുപോയതാവാം..
മനുഷ്യമണം തേടിയ കാലുകൾ അയാളെ പിന്നെയും പള്ളിപ്പറമ്പിൽ തിരിച്ചെത്തിക്കുമ്പോഴേക്കും മീസാൻ കല്ലുകൾക്ക് മീതെ നക്ഷത്രങ്ങൾ ഉറങ്ങാൻ തുടങ്ങിയിരുന്നു..
മൈലാഞ്ചിയിലകൾക്ക് ഇടയിൽ ഖബറുകൾ ശാന്തമായി ഒഴുകി നടക്കുന്നു .. പാതിരാക്കിളികൾ മരിച്ചുപോയവരുടെ നിശ്വാസങ്ങളാക്കായി കരഞ്ഞു കാതോർത്തിരിക്കുന്നു. കറുത്ത കാറ്റിൽ കയറിവരുന്ന മനുഷ്യരുടെ അസ്ഥിക്കൂടുകളുടെ മണം അയാളെ ത്രസിപ്പിച്ചു. ..പുതിയ കുഴിമാടങ്ങളിലെ എണ്ണപ്പശയുള്ള മണ്ണ് അയാളെ പ്രലോഭിപ്പിച്ചു..
നിറഞ്ഞു പൊന്തുന്ന നിഴലുകളോട് അയാൾ മൃദുവായി പറഞ്ഞു :
"ഒന്ന് മാറൂ.... എന്റെ വഴിയിൽ നിന്നും… ...ഞാനൊന്നുറങ്ങട്ടെ...”
****
"എംബാം ചെയ്യരുതെന്നും നാട്ടിലേക്ക് കൊണ്ടുപോകേണ്ടെന്നും ഒസ്യത്തുണ്ട് "
"അടുത്ത കുടുംബക്കാർ ? "
"ആരുമില്ല ..ഒരു ഡയറിയുണ്ട്.. അതിൽ അയാളുടെ കഥകളും കവിതകളുമുണ്ട് ..വിയർപ്പുണ്ട്..ചോരയുണ്ട്.. സ്വപ്നമുണ്ട്.. അവസാന പേജിൽ ഈ ഒസ്യത്തും”
2001 എന്ന് സ്വർണവർണ്ണത്തിൽ എൻബോസ് ചെയ്ത ഒരു വലിയ A4 സൈസ് ഡയറി അവർ പുറത്തെടുത്തു.....
****
മഞ്ഞ നിറമുള്ള മരുഭൂമിയിൽ, മരങ്ങൾ മുച്ചൂടും മരിച്ചുപോയ ഖബർസ്ഥാനിൽ പട്ടാണികൾ പ്രാർത്ഥനാപൂർവ്വം അയാളെ മണ്ണിട്ട് മൂടുമ്പോൾ കാക്കന്നോത്ത് ജുമാ മസ്ജിദിൽ, മരിച്ചവരുടെ പറമ്പിൽ, ഇടത്തു നിന്നുള്ള മൂന്നാം തട്ടിലെ മൈലാഞ്ചി മരങ്ങൾക്ക് മേലെ മഴ തിമർത്തു പെയ്യുകയായിരുന്നു...
(ഹാരിസ്)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക