നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നാണ്വാര്

Image may contain: 1 person, indoor

-=======
ധനുമാസത്തിലെ സുഖകരമായ തണുപ്പിൽ പുതപ്പിനുള്ളിൽ സുഖസുഷുപ്തിയിൽ ആയിരുന്ന ഞാൻ പെട്ടെന്ന് ഞെട്ടിയുണർന്നു. നടുമുറ്റത്തിന്റെ തുറന്ന മേൽഭാഗത്ത് കൂടി പൗർണമിചന്ദ്രൻറെ പാൽപുഞ്ചിരിശോഭ നാലുകെട്ടിലേക്കും എത്തുന്നുണ്ട്. അടുത്തു കിടക്കുന്ന അനിയൻ നല്ല ഉറക്കത്തിലാണ്. 'ക്രിക്കറ്റ് മാച്ച് കമന്ററി കേട്ട് എപ്പോഴാണാവോ വിദ്വാൻ കിടന്നത്?
എന്താണ് ഇപ്പോൾ ഞാൻ ഉണരാനുള്ള കാരണം? ഇത്തരമൊരു പതിവില്ലല്ലോ? '
ആകെയൊരസ്വസ്ഥത ചുമരിലെ ക്ലോക്കിലേക്ക് നോക്കി സമയം രണ്ടര കഴിഞ്ഞിരിക്കുന്നു എവിടെ നിന്നോ ഒരു കരച്ചിൽ കേൾക്കുന്നുണ്ടോ? ചെവിവട്ടം പിടിച്ചു നോക്കി ശരിയാണ് ഒരു കരച്ചിൽ കേൾക്കുന്നുണ്ട്'
" മണി എഴുനേൽക്ക് ആരോ കരയുന്ന ശബ്ദം കേൾക്ക്ണുണ്ട് "
അടുത്തു കിടക്കുന്ന അനിയനെ കുലുക്കി വിളിച്ചു
"ങും..... മിണ്ടാതെ കെടന്നുറങ്ങണുണ്ടോ? പാതിരാക്ക് ഒറക്കം വരാതിരിക്കുമ്പോ പലതും കേൾക്കും " മണി പിറുപിറുത്തു തിരിഞ്ഞു കിടന്നു.
അല്ല എനിക്ക് തോന്നുന്നതല്ല, രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ആരോ അച്ഛനെ വിളിച്ചു കരയുന്നുണ്ട്.
'ആരായിരിക്കും അത്? ഇനിയിപ്പോ കിഴക്കേതിലെ നാണുമാഷ് മരിച്ചതാവോ? സുഖമില്ലാതിരിക്കുകയാണ് എന്ന് കേട്ടിരുന്നു. അല്ലാ മരിച്ചാൽ തന്നെ അദ്ദേഹത്തിനെ വിളിച്ചുകരയാൻ ആരാണുള്ളത്? മകൾ അടുത്തെത്തിയോ? '
എൻെറ ചിന്തകൾ മുഴുവൻ നാണുമാഷെന്ന നാണ്വാരെ ചുറ്റിപ്പറ്റിയായി.
ആഢ്യത്വം ഉള്ള നായർ തറവാട്ടിലെ ഒരാൾ
വീട്ടുവേലക്കാരിയെ പ്രേമിച്ചതും, വഞ്ചിച്ചതുമായ ഒരുപാടു കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അത്തരമൊരു കഥയിലെ നായകനായിരുന്നില്ല നാണ്വാര്.
പതിറ്റാണ്ടുകൾക്ക് മുമ്പ്, പ്രേമവിവാഹം എന്ന സങ്കല്പം പോലും എത്തിനോക്കാത്ത ഞങ്ങളുടെ നാട്ടിൽപുറത്ത് ഒരു സാഹസിക പ്രേമത്തിലൂടെ നാണ്വാര് കോളിളക്കമുണ്ടാക്കി. വീട്ടുകാരുടെ എതിർപ്പിനെ വകവെക്കാതെ ഒരു നാൾ കൊച്ചുട്ടി അമ്മയുടെ കയ്യും പിടിച്ചു വീടിന്റെ പടിയിറങ്ങി.അങ്ങനെ വീട്ടിലെ വേലക്കാരിയെ ജീവിതസഖിയാക്കിയ ചരിത്ര നായകനായി നാണ്വാരെ നാട്ടുകാർ ആരാധിച്ചു. ജീവിതപ്രാരബ്ധങ്ങൾ ഏറ്റുമുട്ടിയപ്പോൾ കുറച്ചുകാലം സിലോണിൽ പോയി. തിരിച്ചെത്തിയപ്പോഴും കാര്യമായ സമ്പാദ്യം ഒന്നും ഉണ്ടായില്ല അതിനാൽ ഭാര്യവീട്ടിലും അദ്ദേഹം അപഹാസ്യനായി.
പിന്നീട് ഒരു കുടിപ്പള്ളിക്കൂടത്തിൽ ആശാൻ ആയതോടെ നാണ്വാര് നാണു മാഷായി.
ഏത് കാറ്റിലും കോളിലും മറിയാതെ അവർ തങ്ങളുടെ വള്ളത്തെ നിയന്ത്രിച്ചു കൊണ്ടിരുന്നു. അവർക്ക് സുന്ദരിയായ ഒരു മകളും ഉണ്ടായി. സൗന്ദര്യം കണ്ടു ഭാസ്കരൻനായർ എന്നയാൾ തങ്കത്തിനെ വിവാഹം ചെയ്തു അങ്ങനെ തങ്കം ഭർത്താവിനോട് ഒന്നിച്ച് മദ്രാസിലേക്ക് യാത്രയായി.
തങ്കത്തിന് എന്തായാലും അച്ഛനോടും അമ്മയുടെ സ്നേഹം ആയിരുന്നു നാട്ടിൽ ഒരു ചെറിയ വീട് പണിത് അച്ഛനും അമ്മയ്ക്കും നൽകി.
ഇതെല്ലാം ഞാൻ കേട്ട കഥകൾ.
അങ്ങനെ സുഖമായി അവർ വാണു എന്നു പറഞ്ഞു എനിക്ക് കഥ അവസാനിപ്പിക്കാം പക്ഷേ യഥാർത്ഥ ചരിത്രം അതല്ലല്ലോ പിന്നെ ഞാൻ എങ്ങനെ അവസാനിപ്പിക്കുo?
എന്റെ കുട്ടിക്കാലത്ത് അവരുടെ പേരക്കുട്ടികൾ മദ്രാസിൽ നിന്നു വന്നു നിൽക്കുന്നത് കണ്ടിട്ടുണ്ട്. ഇടയ്ക്ക് തങ്കവും അവിടെ എത്തിയിരുന്നു പക്ഷേ മക്കളുടെ വിവാഹം കഴിഞ്ഞതോടെ തങ്കം നാട്ടിൽ തീരെ വരാതായി. അച്ഛനെയും അമ്മയെയും മറന്നതാണോ അതോ ജീവിതത്തിരക്കിൽ പെട്ട് മനപ്പൂർവ്വം മറവി നടിച്ചതാണോ? നാണു മാഷിന്റെയും കൊച്ചുട്ടി അമ്മയുടെയും ജീവിതം വീണ്ടും ദുരിതത്തിലായി
ഇടയ്ക്കിടെ അമ്മമ്മ യുടെ കയ്യിൽ നിന്നും മുറുക്കാനായി വെറ്റിലയും അടക്കയും ചോദിച്ചുകൊണ്ടോ, ഒരു ഗ്ലാസ്അരിയോ പഞ്ചസാരയോ, കാശോ ചോദിച്ചുകൊണ്ട് അമ്മയുടെ അടുത്തോ എത്തും, ഒരല്പം കൂനിക്കൂനി. ആ വരവ് ഇന്നും എനിക്ക് നല്ല ഓർമ്മയുണ്ട്. എന്നാൽ ഏതു വിഷമത്തിലും അവർ തമ്മിൽ നല്ല സ്നേഹത്തിനും ഒരുമയിലും ആയിരുന്നു.
ഒരു ദിവസം നാണ്വാര് ഓടിയെത്തി അച്ഛനോട് ചോദിക്കുന്നത് കേട്ടു
" എന്റെ കൊച്ചുട്ടിക്കു തീരെ വയ്യ ന്റെ അടികളേ ഒരു 5 രൂപ തര്വോ "
വളരെ പരവശൻ ആയിരുന്നു അദ്ദേഹം. അച്ഛൻ കൊടുത്ത കാശും കൊണ്ട് പ്രാഞ്ചി പ്രാഞ്ചി നാണ്വാര് പോയി. പിന്നീട് അധികകാലം കൊച്ചുട്ടിയമ്മ ജീവിച്ചിരുന്നില്ല നാണ്വാര് തീർത്തും ഏകനായി ആ വീട്ടിൽ കഴിഞ്ഞു. അതിനിടയിൽ നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ ഒരു പുതിയ സംഭവം കൂടി ഉണ്ടായി.
കൊച്ചുട്ടിയമ്മയുടെ മരണാനന്തരകാര്യങ്ങൾ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു.മകൾ കൂടെ വിളിച്ചെങ്കിലും എന്റെ കൊച്ചൂട്ടിയെ ഒറ്റയ്ക്കാക്കി ഞാൻ വരില്ല എന്ന വാശിയിൽ നിന്നു നാണ്വാര്. ഒരുദിവസം ഏകനായി വാതിൽപ്പടിയിൽ ചാരി ഓരോന്നു ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഒരു കാക്ക തിണ്ണയിൽ പറന്നുവന്നിരുന്നു. ചിന്തയിൽ നിന്നും ഞെട്ടി ഉണർന്ന നാണ്വാര് കാക്കയെ സൂക്ഷിച്ചുനോക്കി.
"ദ് ന്റെ കൊച്ചുട്ടി അല്ലേ "
നാണ്വാർക്ക് തോന്നി.
"പാവം, കൊച്ചുട്ടി അവൾക്ക് വിശക്കുന്നുണ്ടാവും "
നാണ്വാര് വേഗം പോയി കുറച്ചു ചോറു എടുത്തു കൊണ്ട് വന്നു കൊടുത്തു. പിന്നീടത് നിത്യസംഭവമായി, വീട്ടിൽ വല്ലപ്പോഴും വരുമ്പോൾ പറയും, " ന്റെ കൊച്ചുട്ടി വന്നിരുന്നു ട്ടോ ഞങ്ങൾ കൊറേനേരം സംസാരിച്ചു, പാവം, കൊച്ചുട്ടി. അവൾക്കൊരു കൂട്ടില്ല എന്ന് പറഞ്ഞു പറഞ്ഞു കുറെ കരഞ്ഞു"
നാണ്വാരുടെ ജല്പനങ്ങൾ കേട്ട് കൗമാരക്കാരായ ഞങ്ങൾ ഊറിച്ചിരിച്ചു. അതിനാൽ അമ്മയുടെയും അമ്മമ്മയുടെയും വായിലിക്കുന്നതും കിട്ടി. എന്നാൽ നാണ്വാര്ക്ക് ഇതിലൊന്നും ഒരു വിഷമവും തോന്നിയിരുന്നില്ല . പിന്നെയും നാണ്വാര് ഇത്തരം വാർത്തകളുമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു . നാട്ടുകാർ അദ്ദേഹത്തെ ഭ്രാന്തൻ എന്നു മുദ്രകുത്താൻ തുടങ്ങി.
അഞ്ചുമണിയുടെ അലാറം എന്റെ ചിന്തകൾക്ക് വിരാമമിട്ടു. ഇപ്പോൾ പുറത്തുനിന്ന് കരച്ചിൽ കേൾക്കുന്നുണ്ടോ? ഞാൻ ചെവിയോർത്തു. പ്രപഞ്ചത്തെ ഉണർത്താനുള്ള പക്ഷികളുടെ പാട്ടല്ലാതെ ഒന്നും കേൾക്കാനില്ല.മണി പറഞ്ഞതുപോലെ എനിക്ക് തോന്നിയതാകും. എഴുന്നേറ്റ് മുഖംകഴുകി പഠിക്കാനിരുന്നു പഠിത്തത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. മനസ്സുനിറയെ കൊച്ചുട്ടി അമ്മയും നാണുമാഷും മാത്രം. ഞാൻ എഴുന്നേറ്റ് പടിക്കലേക്ക് നടന്നു.നല്ല കുളിരുള്ള തണുത്ത കാറ്റ്, പടിക്കു തെക്കും, കിഴക്കും വടക്കും ഉള്ള പാടങ്ങളിലെ നെൽച്ചെടികളെ തഴുകി പോകുന്നു, ആ ലാളനയേറ്റ് കുണുങ്ങി ചിരിക്കുന്ന നെൽച്ചെടികൾക്കു ഉദയസൂര്യന്റെതങ്കരശ്മികൾ മാസ്മരിക പ്രഭ നൽകുന്നു. അതെല്ലാം നോക്കി പതുക്കെ നടന്നു പടിയ്ക്കൽ നിൽക്കുന്ന മൽഗോവ മാവിന്റെ ചുവട്ടിലെത്തി.
വടക്കു നിന്നും കിഴക്കുനിന്നുംതെക്കു നിന്നും നിന്നും വരുന്ന വീതിയുള്ള വരമ്പുകളുടെ സംഗമസ്ഥാനമാണ് ആ മാവ്. ക്ഷീണിച്ചു നടന്നുവരുന്നവർ ക്ഷീണം അകറ്റാൻ ഇരിക്കുന്നതും, വഴി അറിയാത്തവർക്ക് അടയാളമായി പറഞ്ഞു കൊടുക്കുന്നതുംആ മാവാണ്. പടിക്കൽ നിന്നു മൂന്ന് ഭാഗത്തേക്കു നോക്കുന്നത് മനോഹരമായ കാഴ്ചയാണ്..ഇത് കണ്ടു നിൽക്കുന്നത് എന്റെ പതിവ് പരിപാടി ആണെങ്കിലും ഇന്നെന്തോ അതിലൊന്നും താല്പര്യം തോന്നിയില്ല
അതാ കിഴക്കേ വീട്ടിലേക്ക് ചെറു വരമ്പിലൂടെ ആരെല്ലാമോ പോകുന്നു,
"എന്താ സംഭവിച്ചത്? എന്താണ് എല്ലാവരും അവിടേക്ക് പോകുന്നത്? "
വയ്യാത്ത കാലുകൾ വലിച്ച് വെച്ചു പോകുന്ന കുട്ടിശ്ശങ്കരനോട് ഞാൻ ഉറക്കെ ചോദിച്ചു. "അപ്പോ മോളോന്നുംഅറിഞ്ഞില്ലേ. നാണ്വാര് ഇന്നലെ രാത്രിയിൽ മരിച്ചുത്രേ, "അതും പറഞ്ഞ് കാലുകൾ ഏന്തി വലിച്ച് കുട്ടിശ്ശങ്കരൻ നടന്നു.
ഞാനാകെ സ്തബ്ധയായി നിന്നു. '
കാ, കാ ' ഞാൻ നോക്കുമ്പോൾ എന്റെ മുൻപിൽ ഒരു കാക്ക കരയുന്നു.
'ഈ കാക്കയ്ക്ക് നാണ്വാരുടെ മുഖം ഉണ്ടോ' ഞാൻ സൂക്ഷിച്ചുനോക്കി .
==================
വളരെ വർഷങ്ങൾക്ക് മുൻപ് എഴുതിയ ഒരു കഥയാണിത്. എന്റെ നോട്ടുപുസ്തകത്തിൽ ആരും കാണാതെ കിടന്ന കഥ


By: Padmini Saseedharan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot