നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പഴഞ്ചൊല്ല് പവിത്രന്‍

Image may contain: 1 person, beard

ആകാശത്തിനു താഴെയുള്ള എല്ലാ വിഷയങ്ങളിലും, ഏതെങ്കിലും ഒരു പഴഞ്ചൊല്ലിന്‍റെ ചുവടു പിടിച്ച് തന്‍റേതായ ഒരഭിപ്രായം പറയുക എന്നത് പവിത്രന് ഒരു സാധനയാണ്‌. അതുകൊണ്ട് തന്നെയാണ് ഒളിഞ്ഞും തെളിഞ്ഞും "പഴഞ്ചൊല്ല് പവിത്രന്‍" എന്നാളുകള്‍ സൂചിപ്പിക്കുന്നതും.
രാവിലെ കുളിച്ചുതൊഴല്‍ ഒരു ശീലമായുള്ള പവിത്രന്‍
ഇറങ്ങാന്‍ നേരം കാലിയായിക്കിടന്നിരുന്ന കുളക്കടവ്, ഒന്ന് മുങ്ങിനിവര്‍ന്നപ്പോള്‍ പിള്ളേരെക്കൊണ്ട് നിറഞ്ഞിരുന്നു. പിള്ളേര് ചാടിമറിയുമ്പോള്‍ തെറിക്കുന്ന വെള്ളം, കുളിച്ചുകയറിയ തന്‍റെ മേല്‍ വീഴുന്നത് തന്‍റെ "കുളിച്ച-ശുദ്ധം മാറ്റും" എന്ന യാഥാസ്ഥിതികത വച്ചുപുലര്‍ത്തുന്ന ഒരു സാമാന്യനാട്ടിന്‍പുറ അമ്പലവിശ്വാസി. "അശ്രീകരങ്ങള്, മഴ പെയ്ത് വെള്ളം പൊന്ത്യാ, അപ്പൊ വന്നോളും കന്നോള്... കന്നിനെ കയം കാണിക്കാന്‍ പാടില്ല്യാ-ന്നൊരു ചൊല്ലൂണ്ടല്ലോ..." പവിത്രന്‍ പിറുപിറുത്തു. തെല്ല് ഉറക്കെയായിപ്പോയ ആ പിറുപിറുക്കല്‍ കേട്ടുകൊണ്ടാണ് വടുക്കൂട്ടെ രാമന്‍റെ വരവ്. "പിള്ളെരല്ലേ പവിത്രാ, വിട്ടുകള..."
-- "പിന്നേ, പിള്ളേര്... ഒറ്റയെണ്ണത്തിന് വകതിരിവില്ല്യാ, അതെങ്ങിന്യാ; സൂചി പോയ വഴ്യല്ലേ നൂലും പോവുള്ളൂ..." പ്രാകലിനിടയിലും ശിവ ശിവാ-ന്ന് ജപിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട രാമന്‍, "ദുഷിപ്പിന്‍റെ കൂട്ടത്തില്‍ കൊറച്ച് നാമം ചെല്ലീട്ട് എന്തു പുണ്യം കിട്ടും-ന്നാ ???"
വഴിപാട് കൌണ്ടറില്‍ ഇരുന്നിരുന്ന ഗോവിന്ദനോട് തനിക്കു
വേണ്ട വഴിപാടിന്‍റെ വിവരം പറയുമ്പോള്‍, പവിത്രന്‍ ചോദിച്ചു, "ഡോ ഗോയിന്നേട്ടാ, എന്തായി തന്‍റെ മോന്‍റെ ചികിത്സ ?? വച്ചുനീട്ടീട്ട് ഒടുക്കം സൂചി കൊണ്ടെടുക്കാവുന്നതിനെ തൂമ്പ കൊണ്ടെടുക്കുന്ന വിധാക്കരുത് ട്രോ..." രണ്ടാമതായി പോയിക്കണ്ട ഡോക്ടര്‍, മോന് അപ്പെന്‍ഡിസ്-ന് ഓപ്പറേഷന്‍ നിശ്ചയിച്ച വിവരം പറഞ്ഞപ്പോള്‍, "ന്നാ ദൈവാധീനം" ന്നും പറഞ്ഞ് പവിത്രന്‍ രസീതുമായി നടക്കലേയ്ക്ക് നടന്നു. തന്നെ മറികടന്ന് വേഗത്തില്‍ നടന്ന വാര്യരോട്, "അയ്‌, ഇതെവിടെയ്ക്കാടോ വാര്രേ, ഈ വെടി കൊണ്ട പന്നി പായണപോലെ ??" എന്ന് പറയാനും പവിത്രന്‍ മറന്നില്ല. അപ്പോഴാണ് വാര്യരുടെ മകന്‍ പായസപാത്രം എടുത്തോണ്ട് വാര്യത്തേയ്ക്ക് പോണത് ശ്രദ്ധയില്‍പ്പെട്ടത്..."വേലി തന്നെ വെളവ് തിന്ന്വാച്ചാല്‍ കൊറച്ച് കഷ്ടാണേ"-ന്ന് ആത്മഗതവും ചെയ്ത് പിന്നേം മുന്നോട്ട്....
നടയില്‍ നിന്നും തൊഴുതു നീങ്ങുമ്പോള്‍ തിരുമേനി ചോദിച്ചു, "ഇയാള്‍ടെ കടേന്ന് പണ്ട് പൊറത്താക്ക്യോന്‍ തൊട്ടപ്പുറെ കടയിട്ട് തോല്‍പ്പിക്ക്യാ-ന്ന് കേട്ടല്ലോ..."
-- "അതെ തിരുമേനീ, എന്ത് പറയാനാ, ദുഷ്ടനെ ദൈവം പന പോലെ വളര്‍ത്തും-ന്നാണല്ലോ. പിന്നേ ശകലം ബിസിനസ് കൊറഞ്ഞൂന്നൊള്ളതു നേരാ; പക്ഷെ തീരെയങ്ങ് പൊളിഞ്ഞിട്ടൊന്നുമില്ലല്ലോ. ഇനി അങ്ങനാ വിധി-ച്ചാല്‍ അങ്ങനാവട്ടെ, മാനം വീഴണേന് മുട്ട് കൊടുക്കാന്‍ പറ്റില്ലല്ലോ....." എന്ന് മറുപടി കൊടുത്തും; "ചെയ്യണത് ശാന്തി, പറഞ്ഞു പരത്തണതോ അശാന്തി" എന്ന് ആത്മഗതം ചെയ്തും നടന്നുനീങ്ങിയ പവിത്രന്‍ തിരിച്ചുചെന്ന്, തിരുമേനിയോട് അടക്കം ചൊല്ലി,
"അല്ലാ, തിരുമേനീടെ അനിയന്‍റെ മോള്‍ടെ എന്തോ ഒരു ചുറ്റിക്കളി പലരും പറഞ്ഞു കേക്കുണ്ടല്ലോ, ഉള്ളതാണോ ??..."
-- "എന്താ പറയാ പവിത്രാ, സുകൃതക്ഷയം-ന്നല്ലാണ്ട്".... തിരുമേനി വിഷണ്ണനായി കാണപ്പെട്ടതില്‍, തെല്ലുള്‍പ്പുളകം അനുഭവപ്പെട്ടെങ്കിലും അതു പുറമേ കാട്ടാതെ, "വരാനുള്ളത് വഴീത്തങ്ങില്ല ല്ലോ"-ന്ന് മാത്രം പറഞ്ഞു പവിത്രന്‍ പുറത്തേയ്ക്ക് നടന്നു.
പതിവുപോലെ ഗോപുരത്തറയില്‍ കമ്മറ്റിയുടെ വസന്തം വിരിഞ്ഞുനില്‍പ്പുണ്ട്. ചെന്നപാടെ പ്രസിഡന്റ്, ഇക്കൊല്ലം ശിവരാത്രിക്ക് പതിവില്‍ക്കവിഞ്ഞ് 5 ആനയ്ക്ക് എഴുന്നള്ളിപ്പ് നടത്താമെന്നും അതുവഴി നടവരവ് കൂട്ടാമെന്നുമുള്ള ആശയം പറഞ്ഞ് എല്ലാരടേം അഭിപ്രായം ആരാഞ്ഞു. "ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം-ന്നാണല്ലോ, അപ്പൊ ആ ആശയത്തില്‍ തെറ്റില്ല്യാ.... പക്ഷെ ഈ നടവരവ്-ന്ന് പറയുമ്പോ കഴിഞ്ഞ തവണത്തെപ്പോലെ 5 മൈക്ക്-സെറ്റ്, 1000 കതിനാക്കുറ്റി, 50 നിലവിളക്ക്, 10 ചാക്ക് ഉണക്കലരി ഇത്യാദി സാധനങ്ങള്‍ തന്ന്യാവോ, ഒരുമാതിരി; പട്ടിക്ക് പൊതിയ്ക്കാത്ത തേങ്ങ കിട്ടിയ പോലെ.... അതോ അമ്പലത്തിനും കമ്മറ്റിക്കും ഉപകാരം ഉള്ളത് വല്ലോം അക്കൂട്ടത്തില്‍ ഒണ്ടാവോ ??"
ഭൂരിപക്ഷാഭിപ്രായത്തെയേ മാനിക്കൂ എന്ന പ്രസിഡന്റ് വചനം കേട്ട, പവിത്രന്‍ "ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കാട്ടീട്ട് കാര്യമില്ല, ഹേ"-ന്ന് മറുപടിയും കൊടുത്തു.
തുടര്‍ന്ന് വീട്ടിലേയ്ക്കുള്ള വഴിയേ, പവിത്രന് മാലോത്തെ വിജയനെ കൂട്ട് കിട്ടി. വിജയന്‍ പറഞ്ഞാണ് തിരുമേനീടെ അനിയന്‍ വാസൂന്‍റെ മോള്‍-ടെ ചുറ്റിക്കളിയുടെ പൂര്‍ണ്ണവിവരം അയാള്‍ക്ക് ബോദ്ധ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി അന്യമതസ്ഥനായ ഒരു പയ്യനുമായി അടുപ്പമുണ്ടായിരുന്നുവെന്നും, ഇപ്പോളത് ഒഴിവാക്കാന്‍ പോലും പറ്റാത്തവിധമുള്ള ഒരു ബന്ധമായെന്നും, നിവൃത്തിയില്ലാതെ കല്ല്യാണം കഴിച്ചു കൊടുക്കാന്‍ പോവാണെന്നും മറ്റും... "ഇനിയെന്നാണാവോ നമ്മടെയൊക്കെ പെണ്‍കുട്ടികള്‍ ഇതൊക്കെ ഒന്ന് മനസ്സിലാക്കുന്നേ, ഇല വന്നു മുള്ളില്‍ വീണാലും, മുള്ള് വന്നു ഇലയില്‍ വീണാലും കേട് പറ്റണത് ഇലയ്ക്ക് മാത്രമാണെന്ന്..." എന്നും ആകുലപ്പെട്ട്‌ വിജയനോട് യാത്രയും പറഞ്ഞ് വീടിന്‍റെ പടി കേറുമ്പോളാണ്, കോളേജുകാരിയായ മോള് എതിരെ വന്നത്....
"ങാ, അച്ഛന്‍ വന്നോ, അങ്കട് ചെല്ല് ട്ടാ... തെക്കേലെ നാണിയമ്മ ഇപ്പൊ വന്ന് ഭദ്രകാളി തുള്ളിയങ്ങ് പോയേ ഉള്ളൂ; അവരടെ മുമ്പിലൊന്നും പോയി പെടണ്ടാ-ട്ടാ...." ഇതും പറഞ്ഞ് ചിരിച്ചോണ്ട് അവള്‍ തിടുക്കത്തില്‍ ഓടിയകലുകയും ചെയ്തു....
ഒന്നും മനസ്സിലാകാഞ്ഞ പവിത്രന്‍, ഭാര്യയെ വിളിച്ചോണ്ടാണ് ഉമ്മറത്തേയ്ക്ക് കേറിയതും നേരെ അടുക്കള ലക്ഷ്യമാക്കിയതും.... "ഇന്ദിരേ, എന്താ മോള് പറഞ്ഞിട്ടു പോയത്, നാണിയമ്മ കാളിയായെന്നോ മറ്റോ...." അടുക്കളയില്‍ പുട്ട് കുത്തുകയായിരുന്ന ഇന്ദിര ഭര്‍ത്താവിനെ ഒന്ന് ചെറഞ്ഞുനോക്കീട്ട്, സകല ശക്തിയുമെടുത്താ പുട്ട് കുത്തിയിട്ടു... ആ കുത്ത് തനിക്കിട്ടാണ് തന്‍റെ നല്ലപാതി കുത്തിയത്-ന്ന് മനസ്സിലായ പവിത്രന്‍, തിരുവായ്ക്ക് എതിര്‍വായില്ലല്ലോ എന്ന തിരിച്ചറിവില്‍ സൗമ്യത പാലിച്ചുകൊണ്ട് ചോദിച്ചു, എന്താണ് ഉണ്ടായതെന്ന്.... "നിങ്ങള്‍ടെ നാട്യത്തില്‍ ഇല വീണ് മുള്ള് കേടാകില്ലല്ലോ, കൊറച്ച് നേരത്തെ നാണിയമ്മേടെ അതിരിലെ നമ്മടെ തെങ്ങീന്ന് അതിന്‍റെ ചെറിയ ഒരില വീണ് അവരടെ മുള്ളുവേലി പിന്നേം തകര്‍ന്ന് തരിപ്പണമായി. ഇതിപ്പോ മാസത്തില്‍ ഒരിക്കല്‍ എന്ന മട്ടില്‍, വര്‍ഷം കൊറേ ആയില്ലേ ഈ വേലി റിപ്പയര്‍. ഇനിയെങ്കിലും ആ കായ്ക്കാത്ത തെങ്ങ് വെട്ടിക്കളയരുതോ നിങ്ങക്ക്, അതെങ്ങനാ ആ തള്ളേടെ വായിലിരിയ്ക്കണത് മൊത്തം ഞാനല്ലേ കേക്കണത് ????"
തിരിഞ്ഞുകൊത്തിയ പഴഞ്ചൊല്ലിലെ പതിരുമായി ഉമ്മറത്തേയ്ക്ക് വന്ന പവിത്രന്‍ കണ്ടത്, വീട്ടിലേയ്ക്ക് പോയിട്ട് തിരിച്ചു വന്ന മാലോത്തെ വിജയനെയാണ്, സതി ജോലിക്കിറങ്ങുമ്പോള്‍ അവിടത്തെ താക്കോല്‍ ഇവിടെയാണല്ലോ കൊടുക്കാറ്... വിജയന് താക്കോല്‍ കൈമാറുമ്പോള്‍ ഏതോ അദൃശ്യപ്രേരണയാല്‍ പവിത്രന്‍ പുലമ്പുന്നുണ്ടായിരുന്നു....
"അത് വിജയാ, പഴഞ്ചൊല്ലില് പതിരുണ്ട്-ട്ടാ, എപ്പോഴും ഇല വീഴുമ്പോ ഇല മാത്രം കേടാകണം-ന്നില്ലാ, ചെലപ്പോ കേട് മുള്ളിനും വരാം....
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot