നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു രാത്രിയുടെ ഓർമ്മ

Image may contain: 1 person, smiling

ഞാൻ ഉറങ്ങുകയായിരുന്നു. പതിവില്ലാത്തപോലെ ആഴത്തിലുള്ള ഉറക്കം. എവിടെയാണെന്ന് ഓർത്തെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ചെറിയ ഓർമ്മ വരുമ്പോൾ അടിവയറ്റിലും കാലുകൾക്കിടയിലും അസഹ്യമായ വേദന. ഒന്നുറക്കെ കരയണമെന്ന് തോന്നി. ശബ്ദം പുറത്തേക്ക് വരുന്നില്ല. കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. ആരോ എന്റെ കണ്ണുകൾക്കു മുകളിൽ ഭാരം കയറ്റിവച്ചിരിക്കുന്നു. തീരെ തുറക്കാൻ കഴിയാത്തവിധം എന്റെ കൺപോളകൾ തമ്മിൽ ആഴത്തിൽ ചുംബിക്കുന്നു. ചുറ്റും ആരൊക്കെയോ സംസാരിക്കുന്നത് കേൾക്കാം. എവിടെയാണ് ഞാൻ? ആരെവിളിച്ചാണ് ഒന്നുറക്കെ കരയുക? ആരൊയൊക്കെയോ ഓർത്തെടുക്കാൻ ശ്രമിച്ചു. ആരുടേയും മുഖം ഓർമ്മയില്ല. കുറെയധികം മുഖങ്ങൾ മനസ്സിൽ തെളിയുന്നു. ഒന്നും വ്യക്തമല്ല.
ആരോ എന്റെ നെറ്റിയിൽ തലോടുന്നുണ്ട്. ആരാണത്? ഏതാണ് ആ സ്ത്രീ? അമ്മയാകുമോ? അതിന് എനിക്ക്‌ അമ്മയുണ്ടോ? ആരാണ് എന്റെ അമ്മ? അതെ, അമ്മയുടെ നേർത്ത വിതുമ്പലാണത്. പക്ഷേ എത്ര ശ്രമിച്ചിട്ടും ആ മുഖം മനസ്സിലേക്ക് വരുന്നില്ല. എനിക്ക്‌ എന്നോടുതന്നെ വെറുപ്പ് തോന്നി. സ്വന്തം അമ്മയെ ഓർത്തെടുക്കാൻപോലും കഴിയാത്തവിധം എനിക്ക്‌ എന്താണ് സംഭവിച്ചത്? അമ്മ... ശരി ഓർക്കണ്ട! ഞാൻ ആരാണ്? എനിക്ക്‌ പേരുണ്ടോ? എങ്കിലെന്റെ അച്ഛൻ? എനിക്ക്‌ സഹോദരങ്ങളുണ്ടാകുമോ? അറിയില്ല.. പക്ഷേ, ഒരു കരച്ചിൽ മാത്രം വീണ്ടും വീണ്ടും കാതുകളിൽ അലയടിക്കുന്നു. അമ്മ തന്നെയാകണം. ഇത്രമേൽ ഒരു വ്യക്തിക്കുവേണ്ടി വേദനിക്കാൻ അമ്മയ്‌ക്ക് മാത്രമേ കഴിയൂ.
അമ്മയിങ്ങനെ കരയാൻ എനിക്കെന്താണ് സംഭവിച്ചത്? കണ്ണുകൾ തുറക്കാതെ തന്നെ ഞാനെന്റെ ശരീരത്തെയൊന്ന് ശ്രദ്ധിച്ചു. ദേഹമാകെ തളർന്നിരിക്കുന്നു. കൈകൾ ഉയർത്താൻ നോക്കി, സാധിക്കുന്നില്ല. ദേഹമാസകലം വേദനിക്കുന്നുണ്ട്. അടിവയറ്റിലാണ് അസഹ്യമായ വേദന. കണ്ണുകളിൽനിന്ന് ഒഴുകുന്ന കണ്ണുനീരിനെപോലും നിയന്ത്രിക്കാൻ കഴിയുന്നില്ല. മനസ്സ്‌ എന്റെയും ശരീരം മറ്റാരുടെയുമാണെന്ന് തോന്നിപോകുന്നു. അല്ലെങ്കിലെന്താണ് എന്റെ ചിന്തകളെ ശരീരം അനുസരിക്കാത്തത്‌? അമ്മേയെന്ന് വിളിക്കണമെന്നുണ്ട്, കഴിയില്ല. കഴിഞ്ഞാലും അമ്മ കേൾക്കണമെന്നില്ല. പെട്ടെന്നാണ് ഒരു തോന്നൽ വന്നത്! ഞാൻ മരിച്ചുവോ..? മരിച്ചവരെ ജീവിച്ചിരിക്കുന്നവർക്ക് കാണുവാനും കേൾക്കുവാനും കഴിയില്ലെന്നറിയാം. അതുകൊണ്ടാകുമോ അമ്മയിങ്ങനെ കരയുന്നത്‌? എങ്കിൽ ഞാൻ എങ്ങനെയാകും മരിച്ചത്? അതോടൊപ്പം എന്റെ ഓർമ്മകളും നശിച്ചിരിക്കുന്നു. ഒന്നുകൂടി ചിന്തിച്ചപ്പോൾ മരിച്ചിട്ടില്ലെന്ന് മനസ്സിലായി. മരിച്ചവരുടെ ഹൃദയം നിലയ്‌ക്കും. എനിക്കെന്റെ ഹൃദയമിടിപ്പ് കേൾക്കാം, ശ്വാസം അറിയാം. മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നി, ഞാൻ മരിച്ചിട്ടില്ല.
പെട്ടെന്നാണ് ചുറ്റും ആരുടെയൊക്കെയോ സംസാരം കേട്ടത്. ആ ദിവസം.. ഒരു മാസം മുൻപ്‌... കോളേജ്... രാത്രി... വഴി.... ഉയരമുള്ള ഒരാൾ...... പെട്ടെന്ന് എന്തൊക്കെയോ തലയിൽകൂടി മിന്നൽപോലെ പോയി. ഞാൻ എന്തൊക്കെയാണ് ഇപ്പോൾ കേട്ടത്? ഒന്നും ഓർമ്മയിൽ തെളിയുന്നില്ല. ആരൊക്കെയാണ് എനിക്ക് ചുറ്റും? വല്ലാതെ ഭയം തോന്നുന്നു. ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ അവർ പറയുന്നത് എനിക്ക്‌ കേൾക്കാമായിരുന്നു. ഒരു സ്ത്രീയും പുരുഷനും സംസാരിക്കുന്നു.
"കോളേജ് കഴിഞ്ഞ് വരായിരുന്നു കുട്ടി. പെട്ടെന്നുള്ള സമരമായതുകൊണ്ടാകും അത്രയും വൈകിയത്‌. 9 മണി കഴിഞ്ഞിട്ടും കാണാതായപ്പോൾ ഞങ്ങൾ പേടിച്ചു. വടക്കേലെ ഉണ്ണിയെ കവലവരെ വിട്ടിരുന്നു, കുട്ടി വരുമ്പോൾ വീടുവരെ കൂട്ടുവരാൻ. 10 മണി കഴിഞ്ഞപ്പോൾ അവൻ കയറിവന്നിട്ട് പറഞ്ഞു ഇത്രനേരം നിന്നിട്ടും അമ്മുചേച്ചി വന്നില്ലാന്ന്. പിന്നെ എന്താ ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. എല്ലാവരും അന്വേഷണം തുടങ്ങി. കവല കഴിഞ്ഞുള്ള 'ഭാർഗ്ഗവിനിലയം'വരെ അമ്മൂനെ കണ്ടവരുണ്ട്. പിറ്റേന്ന് രാവിലെയാ പത്രക്കാരൻ തോടിന്റെ കരയിൽ ന്റെ കുട്ടിയെ കാണണത്. ന്റെ കുട്ടിയെ ഏതോ ദ്രോഹി...." വാക്കുകൾ മുഴുവനാക്കാതെ അവർ വിതുമ്പി..
അമ്മയും കൂടെ കരയുന്നുണ്ട്. ഇപ്പോൾ കാര്യങ്ങൾ ഒരുവിധം മനസ്സിലായി. ഞാൻ അമ്മു? കണ്ണുകൾ തുറക്കണമെന്നും സംസാരിക്കണമെന്നും അമ്മയെ ആശ്വസിപ്പിക്കണമെന്നുമുണ്ട്. ഒന്നിനും കഴിയുന്നില്ല. "അമ്മൂ..." ആരോ എന്നെ വിളിക്കുന്നു. എങ്ങനെ വിളികേൾക്കും ഞാൻ? അതൊരു ആണിന്റെ ശബ്ദമാണ്. നേരത്തെ ഞാൻ കേട്ട അതേ ശബ്ദം. ഡോക്ടറാണെന്ന് തോന്നുന്നു. "അമ്മൂ..." രണ്ടാമത്തെ വിളിയിൽ ഞാൻ കണ്ണുതുറക്കാൻ ശ്രമിച്ചപ്പോഴേക്കും ആരോ വിളികേൾക്കുന്നു. ആരാണത്? എന്നെയല്ലേ വിളിച്ചത്? "ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങളെല്ലാം ശ്രദ്ധിച്ചു കേൾക്കണം..." ഡോകട്ർ പറയുന്നതെല്ലാം മൂളികേൾക്കുന്ന ആ സ്ത്രീ.... അമ്മയുടെ ശബ്ദമാണല്ലോ... എനിക്കൊന്നും മനസ്സിലാകുന്നില്ല. സത്യം അറിഞ്ഞേ മതിയാകൂ. സർവ്വശക്തിയുമെടുത്ത് കണ്ണുകൾ തുറന്നു. ചുറ്റും ഇരുട്ട്‌. ആരാണ് എന്നെയീ ഇരുട്ടുമുറിയിൽ ഉപേക്ഷിച്ചത്? ഇരുട്ട്‌ എനിക്ക്‌ ഭയമാണ്. ഉച്ചത്തിൽ കരയാൻ തോന്നി. പെട്ടെന്നാണ് ആ വാചകം ശ്രദ്ധിച്ചത്. "അമ്മൂ, നീ ഗർഭിണിയാണ്..." അമ്മ നിർത്താതെ കരയുന്നു. ഒന്നു ചിന്തിച്ചപ്പോൾ മനസ്സിലായി ഞാൻ എവിടെയാണ്. അതെ, അമ്മുവിന്റെ ഗർഭപാത്രത്തിൽ..
എത്ര ദിവസമായി ഞാനിവിടെ വന്നിട്ടെന്ന് അറിയില്ല. ഒന്ന് മാത്രം മനസ്സിലായി. ഒരു ഒറ്റപ്പെട്ട രാത്രിയിൽ പെണ്ണായി ജനിച്ചതുകൊണ്ടുമാത്രം ആരോ അമ്മയ്‌ക്ക് കൊടുത്ത ശിക്ഷയാണ് ഞാനെന്ന്. ഓർത്തപ്പോൾ എന്നോടുതന്നെ വെറുപ്പ് തോന്നി. ജനിക്കാൻ അർഹതയില്ലാത്തവളെന്ന് സ്വയം ശപിച്ചു. അസമയത്ത് എന്നെ അയച്ചതോർത്ത്‌ ദൈവത്തോട് വെറുപ്പ് തോന്നി. അമ്മയുടെ വേദനകളാണ് ഞാൻ ഇത്രയുംനേരം അനുഭവിച്ചതെന്ന് ഓർത്തപ്പോൾ ആ കൈകളിൽ മുത്തം കൊടുത്ത്‌ ആശ്വസിപ്പിക്കാൻ തോന്നി. അച്ഛനില്ലാത്ത കുട്ടിയെ വളർത്തേണ്ടിവരുന്ന അമ്മയുടെ ദുരിതമോർത്തപ്പോൾ, ഞാനും ഒരു പെണ്ണാണെന്നോർത്തപ്പോൾ ജനിക്കാൻ ഭയം തോന്നി. പെട്ടെന്നാണ് ആ വാചകം കേട്ടത്, "അമ്മൂ, ഒട്ടും വൈകിയിട്ടില്ല. അബോർഷൻ എന്നൊരു ഓപ്ഷനുണ്ട്‌. അത്‌ തന്നെയാണ് നല്ലത്. അമ്മു എന്ത്‌ പറയുന്നു?" അധികം വൈകാതെ എന്നെ കൊല്ലുമെന്നറിഞ്ഞപ്പോൾ പേടി തോന്നിയെങ്കിലും ജനിക്കുന്നതിലും നല്ലത്‌ അതാണെന്ന് തോന്നി. എന്നെ കൊന്നുകളഞ്ഞേക്കൂ അമ്മേ എന്ന് ഉച്ചത്തിൽ അലറാൻ തോന്നി. അപ്പോഴാണ് ആ മറുപടി കേട്ടത്. "വേണ്ട, എന്റെ കുട്ടിയെ ഞാൻ പ്രസവിക്കും. ഞാൻ ഒറ്റയ്‌ക്ക് വളർത്തും". അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരുപക്ഷേ മരിക്കാൻ കഴിയാത്തതിൽ വേദനിക്കുന്നവർ എന്നെപോലെ ഇനിയുമുണ്ടാകും എന്ന് ആശ്വസിച്ച് അമ്മയുടെ ചൂടിൽ അങ്ങനെ കിടന്നു....

By Minu Varghese

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot