നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആർക്കാണ് ഒരു മനുഷ്യനെ വിധിക്കുവാൻ സാധിക്കുക?

Image may contain: 1 person, smiling, sitting and outdoor

ഒരു കൂട്ടം ആളുകൾ നോക്കുമ്പോൾ തന്നെ പേടിയാവുന്നൊരു മല കയറുവാൻ തീരുമാനിച്ചു. അവരുടെ അറിവിൽ ആരും ഇതുവരെ കയറിയിട്ടില്ലാത്ത എന്നാൽ പിഴവുണ്ടായാൽ താഴേക്ക് പതിക്കുന്ന ചെങ്കുത്തായൊരു മല.
രണ്ട് പേർ രണ്ട് പേർ വീതം ഒരു സംഘമായാണ് കയറൽ. ആയിരങ്ങൾ തടിച്ച് കൂടിയിട്ടുണ്ട്. അവിടെ കൂടി വന്നവരോടായി ഈ മലകയറൽ നടത്തുന്നവരുടെ സംഘത്തലവൻ വിളിച്ച് പറഞ്ഞു.
"നിങ്ങളിൽ ആർക്കെങ്കിലും ഞങ്ങളോടൊപ്പം മല കയറുവാൻ താല്പര്യമെങ്കിൽ മുന്നോട്ട് വരാം. മലയുടെ മുകളിൽ എത്തുന്നതോ എത്താത്തതോ അല്ല വിഷയം , ഒരു പരിശ്രമം നടത്തിക്കൂടെ" എന്ന് പറഞ്ഞതും കുറച്ചാളുകൾ കൂടി മുന്നോട്ട് വന്നു. എന്നാൽ ഭൂരിഭാഗം ആളുകളും അവിടെ തന്നെ നിന്നു.
അങ്ങനെ എല്ലാവരും മല കയറുവാൻ തുടങ്ങി. ചിലർ കുറച്ച് ദൂരം മുന്നോട്ട് പോയതും പേടിച്ചിട്ട് തിരികെ ഇറങ്ങി വന്നു. ചിലർ പാതി വഴി കയറിയെങ്കിലും ഷീണിച്ചവശരായി ഒരടി മുന്നോട്ട് പോകാൻ വയ്യാതെ തിരികെയിറങ്ങി. ചിലർ മുക്കാൽ ഭാഗവും കയറിയിട്ട് ഇനി മുന്നോട്ട് പോകുവാൻ സാധിക്കാതെ തിരികെ ഇറങ്ങി. അങ്ങനെ അവസാനം നാല് പേർ മാത്രം ഏറ്റവും മുകളിൽ ചെന്ന് വിജയക്കൊടി നാട്ടി, വിജയ ശ്രീലാളിതരായി തിരികെ ഇറങ്ങി വന്നു.
ജനങ്ങൾ വിജയിച്ചവരെ മാലയിട്ട് സ്വീകരിച്ച് വലിയൊരു ഘോഷയാത്ര നടത്തി. അതിനിടെ മലകയറി പകുതിയിൽ തിരിച്ചിറങ്ങി വന്നവരെ നോക്കി ജനക്കൂട്ടം പരിഹസിച്ചു. "ധൈര്യമില്ലാത്തവർ, പറ്റാത്ത പണിക്ക് പോയവർ, ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ, നാണം കെട്ട് തോറ്റ് ഇറങ്ങി വന്നിരിക്കുന്നു" എന്ന് വേണ്ട അവരെ പറയാത്തതായി ഒന്നുമില്ല.
ഇതെല്ലാം കേട്ട് ഒരു വ്യദ്ധൻ അവരുടെ മദ്ധ്യത്തിൽ ഉണ്ടായിരുന്നു. അദ്ദേഹം കുറച്ച് ഉറച്ച സ്വരത്തിൽ ജനക്കൂട്ടത്തോട് മിണ്ടാതിരിക്കുവാൻ പറഞ്ഞു. പിന്നീട് ഘോഷയാത്രക്ക് ഉപയോഗിച്ച മൈക്ക് വാങ്ങി സംസാരിക്കുവാൻ തുടങ്ങി. അദ്ദേഹത്തെ കണ്ടതും വിജയിച്ചവർ അല്പം നീരസത്തോടെ ആ വ്യദ്ധന്റെ അടുക്കൽ വന്ന് നിന്നു. എല്ലാവരും നിശബ്ദരായി. അദ്ദേഹം സംസാരിക്കുവാൻ തുടങ്ങി.
"പ്രിയ ജനമേ, ഞാൻ നിങ്ങളുടെ വാക്കുകൾ ശ്രദ്ധിച്ചു. മല കയറിയവരിൽ അവസാനം നാല് പേർ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്തിയുള്ളു. ബാക്കിയുള്ളവർ ഇടയ്ക്ക് വെച്ച് തിരികെ പൊന്നു എന്നത് സത്യമാണ്.
എന്നാൽ, മല കയറൽ തുടങ്ങുന്നതിന് മുന്നേ നിങ്ങളോടെല്ലാവരോടും മല കയറുവാൻ ശ്രമിക്കുന്നുവോ എന്ന് ഇതിന്റെ നടത്തിപ്പ് കാരൻ പറഞ്ഞതോർമ്മയില്ലേ. അപ്പോൾ നിങ്ങളിൽ ഭൂരിഭാഗവും മൗനമായി പേടിച്ച് ഇല്ലായെന്ന് തലയാട്ടി. എന്നാൽ നിങ്ങളുടെ ഇടയിൽ ചങ്കൂറ്റമുള്ള ചിലർ ഇറങ്ങി പുറപ്പെട്ട് ഒരു ശ്രമം നടത്തിയത് നിങ്ങൾ തന്നെ കണ്ടുവല്ലോ. അങ്ങനെയെങ്കിൽ പേടിച്ചരണ്ട് നിങ്ങളുടെ ആശ്വാസ മേഖലയിൽ കയ്യും കെട്ടി നിന്നിട്ട് മല കയറുവാൻ പരിശ്രമിച്ചവരെ വിധിക്കുകയും കളിയാക്കുകയും ചെയ്യുവാൻ നിങ്ങൾക്ക് എന്ത് അധികാരമാണുള്ളത്. പേടിത്തൊണ്ടികളായ നിങ്ങളുടെ മുന്നിൽ ഒരടിയെങ്കിലും എടുത്ത് വെയ്ക്കുവാൻ ധൈര്യം കാണിച്ച ഇവർ എല്ലാവരും നിങ്ങളുടെ മുന്നിൽ വിജയം കൈവരിച്ചവരാണ്.
പുറമേ നിന്ന് വിധിക്കുവാൻ എളുപ്പമാണ് , എന്നാൽ പോരാട്ട നിലത്തിലേക്ക് ഇറങ്ങി വന്നവർക്കേ അതിന്റെ ബുദ്ധിമുട്ടറിയൂ. അതുകൊണ്ട് ഇന്നത്തോടെ തിന്ന് കൊഴുത്ത് വയറും തടവി ഇരിക്കുന്ന പേടിത്തൊണ്ടന്മാരായ നിങ്ങൾ വിധിക്കൽ നിർത്തി ഏതെങ്കിലും കാര്യത്തിൽ ഒരു ശ്രമം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കൂ. അങ്ങനെ നല്ല മനുഷ്യന്മാരാകൂ.
ആ വ്യദ്ധന്റെ സംസാരം കേട്ടതും ആയിരക്കണക്കിന് ജനങ്ങൾ ലജ്ജിതരായി മുഖം കുനിച്ചു.
ഒരു കാര്യവും കൂടി പറയുവാനുണ്ട്. എല്ലാവരും തലയുയർത്തി വീണ്ടും ആ വ്യദ്ധനെ നോക്കി.
"ഇവിടെ വിജയിച്ച നാല് പേർക്കും എന്റെ അനുമോദനങ്ങൾ. നിങ്ങളുടെ ഈ വിജയം ആഘോഷിച്ചപ്പോൾ നിങ്ങൾ എന്ത് കൊണ്ട് നിങ്ങളുടെയൊപ്പം പരിശ്രമിച്ചവരെ മറന്നു പോയി?
നിങ്ങളുടെ വിജയത്തിൽ ഇവരെ കൂടി കൂട്ടാത്തത് മോശമായി പോയി. കാരണം ഇവരും കൂടി കയറി എന്നത് കൊണ്ടാണ് നിങ്ങൾക്ക് ഒന്നാം സ്ഥാനത്ത് എത്തുവാനായാത്. നിങ്ങൾ ചെയ്യേണ്ടത് , തോറ്റവരെ അവഗണിക്കുക അല്ല മറിച്ച് നിങ്ങൾ എങ്ങനെ ഉയരത്തിലെത്തി എന്ന വസ്തുത അവരെ പറഞ്ഞ് മനസ്സിലാക്കുകയും നിങ്ങളുടെ ഓരോ കാലടിയും എങ്ങനെ വെച്ചു എന്നത് അവർക്ക് വിവരിച്ച് കൊടുക്കുകയും ചെയ്യുമ്പോഴാണ് നിങ്ങളുടെ വിജയം പൂർണ്ണമാകുന്നത്.
ക്രിക്കറ്റ് കളിക്കുന്നവരെ ഫൂട്ട് ബോൾ കളിക്കുന്നവരെ, ഹോക്കി കളിക്കുന്നവരെ ടി വിയുടെ മുന്നിലിരുന്നു വിധിച്ച് അസഭ്യം പറഞ്ഞ് ടിവി അടിച്ച് പൊട്ടിച്ച് അതും ഇതുമൊക്കെ പറയുമ്പോൾ ഓർക്കുക, അവർ അത്രമാത്രം വിയർപ്പൊഴുക്കിയിട്ടാ ആ കളിക്കളത്തിൽ എത്തിയതെന്ന്.
പാട്ടുപാടുന്നവരെ, അഭിനയിക്കുന്നവരെ, ന്യത്തം ചവിട്ടുന്നവരെ, സർക്കസ് കളിക്കുന്നവരെ, വാഹനമോടിക്കുന്നവരെ, വിദ്യാഭ്യാസം ചെയ്യുന്നവരെ, ഇവരുടെ ബുദ്ധിമുട്ട് അറിയാതെ ഒന്നും അറിയുവാൻ ശ്രമിക്കാതെ, വെറുതെ വിധിച്ച് സന്തോഷം കണ്ടെത്തുന്നവർക്ക് പറ്റുമോ ഒരു വരി ശ്രുതി തെറ്റാതെ പാടുവാൻ. ഇല്ല എല്ലാവരും പാട്ടുകാരല്ല. എന്നാൽ പാടുന്നവർ തെറ്റിയാലും , അവരെ പ്രോത്സാഹിപ്പിക്കുകയാണ് എല്ലാവരും വേണ്ടത്. അത് പോലെ തന്നെ എല്ലാ മേഖലയിലും അത് തന്നെയാണ് ചെയ്യേണ്ടത്.
ഒരു ചെറു കാര്യത്തിൽ പോലും ഒരിക്കലെങ്കിലും ഒരു ശ്രമം നടത്താത്ത നിങ്ങൾ വിധിക്കുന്നത് കേൾക്കുമ്പോൾ തോന്നും നിങ്ങൾ സർവ്വ കലാ വല്ലഭനും വല്ലഭയുമാണെന്ന്. ആ നാണം കെട്ട പരിപാടി നിർത്തൂ.
എന്നിട്ട് ഒരു മാങ്ങയെങ്കിലും ഒറ്റയേറിന് താഴെ വീഴിക്കുവാനുള്ള അഭ്യാസം നേടി അഭിപ്രായം പറഞ്ഞോളൂ . ഇല്ലെങ്കിൽ വായടച്ച് മിണ്ടാതിരുന്നു ആസ്വദിച്ചോളണം. അല്ലെങ്കിൽ മിണ്ടാതെ പൊയ്‌ക്കോളണം. വന്നിരിക്കുന്നു അലസന്മാരായ വിധികർത്താക്കൾ.
വിധിക്കുവാൻ ആർക്കും അധികാരമില്ല. ജയിച്ചവർക്ക് മറ്റുള്ളവരെ കൈപിടിച്ച് ഉയരങ്ങളിലെത്തിക്കുവാനുള്ള അവസരമേ ഉള്ളു. ഇല്ലെങ്കിൽ ജയിച്ചവരും വിധിക്കാതെ മിണ്ടാതെ പൊയ്‌ക്കോളണം. നന്ദി നമസ്കാരം.
എല്ലാവരും ഒരിക്കൽ കൂടി തല കുമ്പിട്ട് പോയി. പിന്നീട് എല്ലാവരും ആ വ്യദ്ധനെ അത്ഭുതത്തോടെ നോക്കി . പിന്നീട് ആരാഞ്ഞപ്പോൾ മനസ്സിലായി ആ വ്യദ്ധൻ അവർ ആദ്യമായി കയറി ആദ്യ വിജയം കൈവരിച്ചെന്ന് വിചാരിച്ച ആ വലിയ മല പലവട്ടം ഒറ്റക്ക് കയറി നൈപുണ്യം തെളിയിച്ച ആരുമറിയാത്ത ഒരു കർഷകനാണെന്ന്.
അതെ അദ്ദേഹത്തിന് മാത്രമേ ഇത് പറയുവാനുള്ള അധികാരമുള്ളൂ.
അപ്പോൾ ഏതു മേഖലയിലും വിജയിച്ചവരും ഉയരങ്ങൾ കീഴടക്കുന്നവരും അഹങ്കരിക്കുകയോ വിധിക്കുകയോ ചെയ്യരുത് എന്നത് വലിയ കാര്യമാണ്.
വിധിക്കലല്ല പ്രോത്സാഹനവും കൈത്താങ്ങലുമാണ് നമ്മൾ കൊടുക്കേണ്ടത്.
സ്നേഹത്തോടെ
ജിജോ പുത്തൻപുരയിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot