Slider

മൃതദേഹചിന്തകൾ.

0
Image may contain: 1 person, smiling, sitting, table, drink and indoor

മിലി എന്നത് ജീവിതയാത്രയിൽ എവിടെയോ കേട്ടു മറന്ന വെറുമൊരു പേരു മാത്രമായിരുന്നില്ല എനിയ്ക്ക്.
ഒരു ജന്മത്തിൽ അങ്ങോളമിങ്ങോളം എന്നും എന്റെ ചിന്താ മണ്ഡലങ്ങളെ തളർത്തിയിരുന്നതോ വെറുപ്പു പിടിപ്പിച്ചിരുന്നതോ ആയ ഒരു നാമധേയം. !
ശരീരത്തിൽ മരണത്തണുപ്പ് കയറിയിറങ്ങുന്ന നിമിഷത്തിൽ പോലും പകയുടെ അഗ്നിനാളമായി ജ്വലിച്ചു എന്നെ എരിയിച്ചു കളയുമെന്നു തോന്നി ആ രണ്ടക്ഷരനാമം.
"ഒരു പേരിലെന്തിരിയ്ക്കുന്നു" എന്നു ഷേക്ക്സ്പിയറിനു ചോദിയ്ക്കാം.
പക്ഷേ ഒരു പേരിലാണ് പലതും ഇരിയ്ക്കുന്നതെന്നു ഇന്നീ ശവമഞ്ചത്തിൽ കിടന്നു ശാന്തമായി ഉറങ്ങുമ്പോഴും ഞാൻ തിരിച്ചറിയുന്നു.
ദേഹി ദേഹം വിട്ടു പോയെങ്കിലും, ഉറവ വറ്റാത്തൊരു ആത്മാംശം എന്നിലെവിടെയോ ഇപ്പോഴുമുണ്ടെന്നും ഞാനറിയുന്നു.
ഞാൻ എങ്ങനെയാണ് മരിച്ചത് ?
ശവമഞ്ചത്തിൽ കിടന്നു കൊണ്ട് ഓർക്കാൻ രസമുള്ള ഒരു കാര്യം തന്നെയായിരുന്നു അത്.
മൃതദേഹം ചിന്തിയ്ക്കുക... !!
ചിന്താശേഷിയുള്ള മൃതദേഹം..... !!
ശില്പയ്ക്കു അതൊരു വലിയ തമാശയായിത്തോന്നി.
ഗാഥയുണ്ടായിരുന്നെങ്കിൽ ഈയൊരു വാചകത്തിൽ പിടിച്ചായിരുന്നേനെ അവളുടെ പൊട്ടിച്ചിരികൾ അത്രയും.
മൃതദേഹങ്ങൾക്കെല്ലാം ചിന്താശേഷിയുണ്ടായിരുന്നെങ്കിൽ അവരിൽ പലരും അങ്ങേ ലോകം വിട്ടു ഇങ്ങു തിരിച്ചു പോന്നേനെ ഒരു പക്ഷേ.
എന്നാലും എന്തു കൊണ്ടു മൃതദേഹത്തിനു
ചിന്തിച്ചുകൂടാ ?
ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ പലപ്പോഴും, ചിന്തിയ്ക്കാതെ പ്രവർത്തിച്ചതിന്റെ അനന്തര ഫലമായാണ് ഓരോ മൃതദേഹവും ഈ പെട്ടിയിൽ കിടക്കാറുള്ളത്.
എന്നിട്ടു ചിന്തിയ്ക്കുന്നതോ ?
വല്ലവരുമൊക്കക്കൂടി കുളിപ്പിച്ചു സുന്ദരിയാക്കി, അണിയിച്ചൊരുക്കി ഈ പെട്ടിയിൽ കിടത്തി, പിന്നെ ആ പെട്ടി വേറെ പലരും ചേർന്നു കയറിട്ടു കെട്ടി കുഴിയിലേയ്ക്ക് ഇറക്കി വച്ചു മണ്ണിട്ടു മൂടുന്ന ആ നിശ്ചിത സമയം വരെ. !
അതു മൃതദേഹത്തിന്റെ സ്വന്തം സമയമാണ്.
അതാണ് മൃതദേഹത്തിന് ചിന്തിയ്ക്കാനുള്ള സമയം. ആളുകളെ വിലയിരുത്താനുള്ള സമയം.
ജീവിച്ചിരിയ്ക്കുന്ന കാലയളവിലൊന്നും തന്നെ ആളുകളെ നേരാംവണ്ണം മനസ്സിലാക്കാനോ വിലയിരുത്താനോ എന്തിനു, അല്പം ആർദ്രത പങ്കു വയ്ക്കാൻ പോലുമോ മൃതമല്ലാത്ത ഒരു ദേഹത്തിനും കഴിയാറില്ല.
ചതി, വിശ്വാസവഞ്ചന പരസ്പരം പാര വയ്ക്കൽ.. ഒരു വിഭാഗം ആളുകൾ ജീവിയ്ക്കുന്നത് തന്നെ ഇതിനൊക്കെ വേണ്ടി മാത്രമാണോ എന്നു തോന്നിപ്പോയിട്ടുണ്ട് പലപ്പോഴും.
ഇനിയൊരു വിഭാഗമാണ് വിദ്യാഭ്യാസം, വിവാഹം,കുടുംബ ജീവിതം, സ്വസ്ഥം എന്ന മട്ടിൽ ജീവിച്ചു തീർക്കുന്നവർ.
പ്രണയത്തിനു വേണ്ടി ജീവിതം മാറ്റി വച്ചവർ ഒരു ന്യൂനപക്ഷമേ കാണൂ, തന്നെപ്പോലെ.....
പ്രണയിച്ചു കൊതി തീരാത്തവർ.
പ്രണയിയെ സ്വന്തമാക്കൻ കഴിയാത്തവർ..
പ്രണയമായിരുന്നുവെന്ന് ഒന്നറിയിയ്ക്കാൻ പോലും കഴിയാതെ മടങ്ങേണ്ടി വന്നവർ.
ഈ മടക്കയാത്ര എത്രയോ വേദനാജനകമാണെന്ന് ജീവിച്ചിരിയ്ക്കുന്നവർ അറിയുന്നുണ്ടോ ?
ഒരു ജന്മം മുഴുവൻ ഭൂമിയിൽ അലയാൻ വിട്ടിട്ടു നീയെന്തു ചെയ്തു കുഞ്ഞേ എന്ന് അങ്ങു ചെല്ലുമ്പോൾ ഈശ്വരൻ ചോദിക്കില്ലേ ?
അന്നേരം ഈശ്വരനു കൊടുക്കാൻ എന്തുണ്ട് തന്റെ കയ്യിൽ മറുപടി ?
"ഇക്കാലമത്രയും ഞാനൊരു കിട്ടാപ്രണയത്തിന്റെ പിന്നാലെ അലയുകയായിരുന്നു ദൈവമേ" എന്നോ ?
"അതോടെ ദൈവം നിന്നെ വീണ്ടും കൊല്ലും " എന്ന് ഒരു പൊട്ടിച്ചിരിയോടെ അടുത്തെവിടെയോ നിന്ന് ഗാഥ പറയുന്നത് പോലെ തോന്നി അപ്പോൾ ശില്പയ്ക്ക്.
മൃതദേഹമായിരുന്നിട്ടു പോലും അവളൊന്നു ചിരിച്ചോ ?
ശില്പ അകക്കണ്ണു കൊണ്ട് ഗാഥയെ നോക്കി.
കരഞ്ഞു തളർന്നു ശവമഞ്ചത്തിനു മുകളിൽ വീണു കിടക്കുകയാണവൾ. അവളുടെ കണ്ണുനീർ ആ ചില്ലു പേടകത്തിനു മുകളിൽ ഒരു പുഴയായി ഒഴുകിപ്പരന്നു.
നിരഞ്ജൻ കുഞ്ഞിക്കൈകൾ കൊണ്ട് ഗാഥയെ പിടിച്ചു മാറ്റാൻ ശ്രമിയ്ക്കുന്നുണ്ട്.
"അമ്മാ കരയാതമ്മാ... ശിൽപാന്റി വരും, അമ്മേ കാണാൻ വരും "
കണ്ണീരോടെ അവൻ പറയുന്ന വാക്കുകൾ ശില്പയുടെ മരിയ്ക്കാത്ത മനസ്സിൽ തട്ടി.
അവൾക്ക് എഴുന്നേറ്റു ചെന്ന് ആ കുഞ്ഞിനെയൊന്നു വാരിയെടുക്കണമെന്നു തോന്നി.
പക്ഷേ എങ്ങനെ..... ?
താൻ എഴുന്നേറ്റു കൂടല്ലോ.
മൃതദേഹമായിപ്പോയില്ലേ..... ?
ഈശ്വരാ... ഇതു വല്ലാത്തൊരു കിടപ്പു തന്നെ.
ഈ പുരുഷാരം മുഴുവൻ അന്ത്യാഞ്ജലിയർപ്പിച്ചു കഴിഞ്ഞു എപ്പോഴായിരിയ്ക്കും തന്നെയൊന്നു കുഴിയിലിറക്കി വച്ചു മണ്ണിട്ടു മൂടുക ?
അതു കഴിഞ്ഞാൽ പിന്നെ സ്വസ്ഥതയായി.
ആരുടേയും കണ്ണീരും ബഹളവും കാണേണ്ടല്ലൊ.
അല്ല ഒന്നോർത്തു നോക്കൂ.
മൃതദേഹമായിക്കിടന്നു ശില്പ വീണ്ടും ചിന്തിയ്ക്കാൻ തുടങ്ങി.
അമേരിക്കയിലും മറ്റും മക്കളുള്ള അപ്പച്ചൻമാരും അമ്മച്ചിമാരുമൊക്ക എങ്ങനെയായിരിയ്ക്കും ഈ ചില്ലു പെട്ടിയ്ക്കുള്ളിൽ മൂന്നും നാലും ദിവസം മരവിച്ചു കിടക്കുന്നത്......
അവരെയൊക്കെ സമ്മതിയ്ക്കണം.
താൻ ഇന്നലെ സന്ധ്യയ്ക്കു മരിച്ചതേയുള്ളൂ. ഇനീപ്പോ ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ തനിയ്ക്കു യാത്രയാവാം.
കാത്തിരിയ്ക്കാൻ ആരുമില്ലല്ലോ...
അച്ഛനും അമ്മയുമൊക്ക നേരത്തെ തന്നെ അവിടെപ്പോയി സ്ഥാനം പിടിച്ചിട്ടുണ്ട്. അതുകൊണ്ട് അങ്ങു ചെല്ലുമ്പോൾ തനിച്ചാകുമെന്ന പേടി വേണ്ട.
വേദന മുഴുവൻ ഗാഥയെ പിരിഞ്ഞു പോകേണ്ടി വന്നതിനാലാണ്.
പാവം......
താനില്ലാത്ത ഈ ലോകത്ത് അവളിനി എങ്ങനെയായിരിയ്ക്കും ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത് ?
ഭർത്താവും കുഞ്ഞുമൊക്കെയുള്ള സംതൃപ്തമായ കുടുംബജീവിതമുണ്ടെങ്കിലും...
ഒരു പ്രശ്നം വന്നാൽ അതൊന്നു പങ്കു വയ്ക്കാൻ, സങ്കടം വന്നാൽ ഒന്നു തല ചായ്ച്ചു കരയാൻ, ദേഷ്യം വന്നാൽ ഒന്നു തട്ടിക്കയറാൻ ശില്പയെപ്പോലെ പ്രിയങ്കരിയായി വേറെ ആരുണ്ട് ?
ഈ മരണം ഒരു തീരാ നഷ്ടമാവുക ഗാഥയ്ക്കു മാത്രമായിരിയ്ക്കും.
ജീവിച്ചിരുന്നപ്പോൾ എന്തിനും ഏതിനും വഴക്കുണ്ടാക്കുമെങ്കിലും അവൾ കൂടെയില്ലാത്ത ഒരു ജീവിതം തന്റെ ഓർമ്മയിലില്ല...... സങ്കല്പത്തിലുമില്ലായിരുന്നു.......
"അമ്മാ......... "
നിരഞ്ജന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടു ശില്പ വീണ്ടും അകക്കണ്ണു തുറന്നു.
അവനെയാരോ ബലമായി എടുത്തോണ്ടു പോകുന്നു. ബോധം മറഞ്ഞു, ഗാഥ പേടകത്തിനു മുകളിൽ നിന്നും താഴോട്ടു പതിച്ചിരിയ്ക്കുന്നു.
അവളെയെന്താ ആരും ശ്രദ്ധിയ്ക്കാത്തത് ? കിരൺ ബിസിനസ് ടൂറെല്ലാം കഴിഞ്ഞു ഇനിയെന്നു തിരിച്ചെത്തുമോ ആവോ ?
ശില്പയ്ക്ക് ആ നിമിഷത്തിൽ , സത്യമായും ഈ ലോകം വിട്ടു പോകുന്നതിൽ കടുത്ത വിഷമം തോന്നി.
കണ്ണീരിന്റെ ലോകത്ത് ഗാഥയെ ഏകാകിയാക്കിക്കൊണ്ട് ഒരു മടക്കം....
മരിച്ചിട്ടും മനസ്സു വിങ്ങുന്ന പോലെ തോന്നി.
ചില മനുഷ്യാത്മാക്കൾക്ക് മരിച്ചാലും സ്വസ്ഥത കിട്ടില്ലെന്ന്‌ പണ്ട് മുത്തശ്ശി പറയാറുള്ളതോർത്തു, അന്നേരം ശില്പ.
എല്ലാ കർമ്മ ബന്ധങ്ങളും അവസാനിപ്പിച്ചു യാത്രയാവുമ്പോൾ മനുഷ്യൻ ആഗ്രഹിയ്ക്കുന്നത് പരലോകത്തെങ്കിലും സമാധാനമുള്ള ഒരു ജീവിതമാവാം. മറ്റൊരു പുനർജ്ജന്മമാവാം....
പക്ഷേ ഇതുപോലെ, സ്‌നേഹിച്ചു മതിയാവാത്തവരെ പിരിഞ്ഞു പോകേണ്ടി വരുന്ന ആത്മാവിനു എത്ര ജന്മം കഴിഞ്ഞാലാണ് സ്വസ്ഥതയുണ്ടാവുക.....
മോക്ഷം ലഭിയ്ക്കുക....
ശില്പയെ സംബന്ധിച്ച് ഗാഥ എന്നത് സ്നേഹത്തിന്റെ മറുവാക്കാണ്. ഗാഥയില്ലെങ്കിൽ ശില്പയില്ല, ശില്പയില്ലെങ്കിൽ ഗാഥയും......
"നീ എന്തിനിതു ചെയ്തു ശില്പ... അത്രമേൽമടുത്തു പോയൊ നിനക്കീ ജീവിതം?"
ആശുപത്രി കിടക്കയിൽ തന്റെ അരികു ചേർന്നിരുന്നു എത്ര തവണ ഗാഥ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്.
"എന്നെക്കുറിച്ച് ഓർത്തു കൂടായിരുന്നോ ഒരു നിമിഷം.... ആദിത്യനെ ഓർത്തു കൂടായിരുന്നോ........ ?"
ആദിത്യൻ എന്ന വാക്ക് ഓർത്തെടുത്തതും മൃതദേഹം അറിയാതെ ഒന്നു തേങ്ങി....
"ഞാൻ നിന്നെ പ്രണയിയ്ക്കുകയാണെന്നു തോന്നുന്നു ശില്പ..... "
ആദിത്യൻ ആദ്യമായി തന്നോട് ഇങ്ങനെ പറഞ്ഞപ്പോൾ, അത് അനാഥയായ ഒരു കീഴുദ്യോഗസ്ഥയോടുള്ള, മേലുദ്യോഗസ്ഥന്റെ സഹതാപം എന്നു മാത്രം കരുതാനേ കഴിഞ്ഞിരുന്നുള്ളൂ.
ഗാഥയും പറഞ്ഞു.
"നിന്റെ നിഷ്കളങ്കതയെ ആവാം അല്ലെങ്കിൽ അനാഥത്വത്തെയാവാം അയാൾ പ്രണയിയ്ക്കുന്നത്. രണ്ടായാലും നമുക്കതു വേണ്ട ശില്പ..... "
ഗാഥ വേണ്ടെന്നു പറയുന്നതൊന്നും ശില്പ ചെയ്യുമായിരുന്നില്ല ; ഒരിയ്ക്കലും....
പക്ഷേ....
എന്നിട്ടും........
എവിടെ വച്ചോ, മനസ്സിന്റെ നിയന്ത്രണം വിട്ടു പോയോ..... ?
ഓർമ്മയായ കാലം മുതൽ മനസ്സിൽ അടക്കി വച്ചു പോന്ന ഒറ്റപ്പെടലിന്റെ തീരാ നോവ്... എപ്പോഴാണ് കണ്ണുനീരരുവിയായി ആദിത്യനിലേയ്ക്ക് ഒഴുകാൻ തുടങ്ങിയത്. ?
ഒഴിഞ്ഞു മാറാൻ എത്ര ശ്രമിച്ചിട്ടും, വിരൽത്തുമ്പിൽ പോലും സാന്ത്വനവും പ്രണയവും ഒളിപ്പിച്ചു തന്റെ മനസ്സിനക്കരെ
തന്നെ മാറാതെ നിന്ന ആദിയെ മടക്കി അയയ്ക്കാൻ കാരണങ്ങൾ ഒന്നുമില്ലായിരുന്നു അപ്പോൾ.
തിരമാലകളില്ലാത്ത കടൽ പോലെയായിരുന്നു ആ സ്നേഹം..
തികച്ചും ശാന്തം..... പക്ഷേ അതിന്റെ ആഴമോ......???
എന്റെ ജീവിതത്തോണി ആ കടലിലേയ്ക്ക് ഇറക്കാൻ തീരുമാനിച്ച ആ നിമിഷം.
മിലി എന്ന ആ രണ്ടക്ഷരനാമം ആദ്യം കേട്ടതും അന്നായിരുന്നു......
മിടുക്കിയായ മെഡിക്കൽ വിദ്യാർത്ഥിനി..
"ആദിയുടെ കസിൻ" എന്നു പറഞ്ഞു തന്നെ വന്നു പരിചയംപ്പെട്ടതും സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചതും സ്വാഭാവികം മാത്രമെന്നു കരുതി....
പിന്നെന്താണ് തന്റെ ജീവിതത്തിൽ സംഭവിച്ചതു ?
റെസ്റ്റോറന്റുകളിലെ കാപ്പിക്കപ്പുകൾക്കു മുന്നിൽ കണ്ണിൽക്കണ്ണിൽ നോക്കിയിരിയ്ക്കാതെ, കടൽത്തിരകൾ എണ്ണാതെ ഒന്നിച്ചു നനഞൊരു മഴയാത്ര പോകാതെ നിങ്ങളിതെങ്ങനെ പ്രണയിയ്ക്കുന്നുവെന്ന് അത്ഭുതം കൂറിയവൾ.........
പിന്നീട് എന്താണ് അവൾ തന്നോട് ചെയ്തത് ?
തന്റെ സ്നേഹം നേടിയെടുത്തു, വിശ്വാസം നേടിയെടുത്തു, തോളോടു തോൾ ചേർത്തു നടത്തി, അവസാനം ഒരു ഗ്ലാസ്സ് ഓറഞ്ച് ജ്യൂസിൽ കലർത്തിയ കൊടിയ വിഷത്തിന്റെ രൂപത്തിൽ എന്നിലെ പ്രണയത്തെ കൊല്ലാൻ ശ്രമിച്ചു, ഒടുവിൽ ആശുപത്രി കട്ടിലിലേക്കും ഏതാനും ദിവസങ്ങൾക്കു ശേഷം ഈ ശവമഞ്ചത്തിലേക്കും എടുത്തു കിടത്താൻ അവൾക്കായല്ലോ....
മിടുക്കിയാണല്ലോ അവൾ...
തോറ്റു പോയില്ലേ ഞാൻ.
മൃതദേഹമായിരുന്നിട്ടു കൂടി കടുത്ത അപകർഷത തോന്നി ശില്പയ്ക്ക്.
"ഇനിയാരെങ്കിലും കാണാനുണ്ടോ?"
ഒരു കാരണവർ വിളിച്ചു ചോദിയ്ക്കുന്നു.
എടുക്കട്ടെ.... ?
ഞാനും തിരികെ മടങ്ങുകയാണോ ഈശ്വരാ......
ഗാഥയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേൾക്കുന്നു.
"നീയിതു എന്നോടു തന്നെ ചെയ്തോ ശില്പ....... ?"
"ഇനിയാരും കാണാനില്ലത്രെ, എടുക്കാം "
കാരണവരുടെ ശബ്ദം വീണ്ടും.
ശില്പ അകക്കണ്ണുകൾ വീണ്ടും തുറന്നു. അവസാന യാത്ര പുറപ്പെടും മുമ്പ് പ്രിയ മുഖങ്ങളെല്ലാം ഒന്നു കൂടെ കാണാൻ.....
എല്ലാവരും മൃതദേഹത്തിനു ചുറ്റും വലം വയ്ക്കുകയാണ്.
കോളേജിലെ സഹാദ്ധ്യാപകർ, വിദ്യാർത്ഥികൾ, അയല്പക്കക്കാർ, രാത്രി കൂട്ടു കിടക്കാൻ വരാറുള്ള തങ്കമണി വല്യമ്മ......
കരഞ്ഞു വീർത്തമുഖങ്ങൾ.....
നിറഞ്ഞൊഴുകുന്ന കണ്ണുകൾ...........
കൂപ്പിയ കൈകൾ.....
ഗാഥ എവിടെ......
"എന്നെ തനിച്ചാക്കി എങ്ങോട്ടെങ്കിലും പോയാലുണ്ടല്ലോ, കൊല്ലും ഞാൻ "
എന്ന പതിവു ഭീഷണിയുമായി അവളെന്താ വരാത്തെ....... ?
കാതോരം ഒരു നനവ് പടർന്ന പോലെ തോന്നി ശില്പയ്ക്ക്......
ആരോ എന്തോ പായാരം പറയുന്നോ ?
"കണ്ണൊന്നു നനയ്ക്കുക പോലും ചെയ്യാതെ ഈ ജീവിതകാലം മുഴുവൻ നെഞ്ചോടു ചേർത്തു വച്ചു കാത്തു കൊള്ളാമെന്നു വാക്കു തന്നതല്ലേ ഞാൻ...
എന്നിട്ടും..... "
ആദിയുടെ മനോഹരശബ്‍ദം......
ശവമഞ്ചത്തിൽ നിന്നും ചാടിയെഴുന്നേറ്റ് ആദിയെ കെട്ടിപ്പുണരണമെന്നു തോന്നി ശില്പയ്ക്ക്.....
നീ തന്ന നല്ല നിമിഷങ്ങൾ..... നിന്റെ നിശ്വാസഗന്ധമുള്ള എന്റെ ആത്മാവ്..... .... നിന്റെ ഓർമ്മകളെ വലം വയ്ക്കുന്ന എന്റെ മനസ്സ്..... എല്ലാം ഇവിടെ ഉപേക്ഷിച്ചാണ് ഞാൻ മടങ്ങുന്നതെന്നു നിന്നോട് പറയുന്നില്ല ആദി..........
പ്രണയം ചിലപ്പോൾ ഇങ്ങനെയൊക്കെ ആയിരിയ്ക്കാം......
നേർത്തു നേർത്തു ഇല്ലാതെയാവുന്ന കുളിരോർമ്മകൾ പകർന്നു തന്ന്.........
ഉറക്കത്തിലും കണ്ണീർ വാർക്കുന്ന നൊമ്പരങ്ങൾ പകുത്തു തന്ന്........
മരണാനന്തരവും ബാക്കിയാവുന്ന വിങ്ങലുകൾ ബാക്കി വച്ച്............

By: Sajna Shahjahan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo