Slider

തനിച്ചായോരമ്മ

0


കാലപാശച്ചുഴറ്റലിന്‍ പ്രകമ്പനം പതിവായി
കാതിലൊരുഭീതിയുടെ ചിലമ്പൊലിതീര്‍ക്കുന്നു
കരിവീണജീവിത കഷ്ടകാലക്കറുപ്പുകളില്‍ നിന്ന് 
കാലവിടുതലിന്‍ പുണ്യനേരമോര്‍ക്കുന്നു ഞാന്‍
ശുഷ്കജീവിത സുകൃതശാപഭാരവും പേറി
പഴകിപ്പുളിച്ച കുഴമ്പുനാറ്റപ്പാടയില്‍ ചുരുണ്ട്
മെല്ലിച്ചുകൂനിവിറച്ചുകിടക്കുമ്പോള്‍ പിന്നെയും
സ്മൃതിയുടെ ചുരങ്ങളില്‍പൂക്കുന്നു നഷ്ടമോഹങ്ങള്‍
മൃതിവഴുക്കുന്ന പൊളിഞ്ഞകിണറ്റിന്‍ കരയിലൂടെ
ഭാഗംതിരിച്ച വടക്കേ തൊടിയിലേക്കാദ്യം നടക്കണം
ഉയിര്‍പാതിമൊത്തിക്കുടിച്ചു വളര്‍ന്ന മരങ്ങളെ
ദുരിതതിമിരംചൂഴ്ന്നകണ്ണാലൊരു നോക്കുകാണണം
പടിഞ്ഞാറേ തൊടിയിലെ സര്‍പ്പക്കാവിന്‍റെ കല്ലില്‍
പകവിഷംചീറ്റാത്ത മഹാതല രാജരെ കാത്തിരിക്കണം
സ്വര്‍ഗ്ഗവാതില്‍പ്പാളിതുറന്നുച്ചത്തില്‍ മുഴങ്ങുന്ന
നാണീ വിളികേട്ടു കണ്ണുനിറഞ്ഞൊന്നു പൊട്ടിച്ചിരിക്കണം
തെക്കെയിറമ്പിലെ ചെന്തെങ്ങിന്‍ തണലിലെന്‍റെ
ജീവല്‍ സ്പന്ദനങ്ങളുറങ്ങുമസ്ഥിത്തറയില്‍
നീറുമേകാന്തവ്യഥകളുടെ കരിമ്പുകമൂടിപ്പടര്‍ന്ന
കരളിലെകനലുകൊണ്ടൊരന്തിത്തിരി കൂടിക്കൊളുത്തണം
നഗരത്തിരക്കിന്‍റെ നരകഗര്‍ഭച്ചുഴികളില്‍
വ്യര്‍ത്ഥസമ്പത്തിന്‍റെ മുത്തുതേടി മുങ്ങുന്ന
ചോരചുരത്തിയ ക്ഷീരനീരിന്‍റെ നേരുമറന്നൊരു
ജന്മകര്‍മ്മങ്ങള്‍കടംകൊണ്ട മക്കളെപ്പറ്റിപ്പറയണം
ഒരേപദംപാടി ഒന്നിച്ചു നാംകണ്ട സ്വപ്‌നങ്ങള്‍ മാഞ്ഞുപോയ്‌
സ്നേഹജ്വാലകള്‍തിരിയിട്ട പകലിരവുകളരോര്‍മ്മയായ്
തിരസ്കൃതനോവുതിന്നു മരവിച്ചനാവാലിന്നു ഞാന്‍ കേഴുന്നു
ഒട്ടുനേരംകളയാതെ ഒറ്റയ്ക്കായോരെന്നെയും ഒപ്പംകൂട്ടുവാന്‍
---------------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo