നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൂടിക്കാഴ്ച്ച


ഹരിസാറിന് ഒരു വിസിറ്റർ ഉണ്ടെന്ന് സെക്യൂരിറ്റി വന്നു പറഞ്ഞപ്പോൾ ഇതാരാ ഇപ്പൊ ഇവിടെ എനിക്കൊരു വിസിറ്റർ എന്നായിരുന്നു ആദ്യം ചിന്തിച്ചത്. കൽക്കത്ത എന്ന ഈ മഹാനഗരത്തിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു. വിസിറ്റർ റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറിയ എനിക്ക് ഒരു നിമിഷം വിശ്വസിക്കാനായില്ല.
" വിവേക്....."
ഏകദേശം പതിമൂന്ന് വർഷത്തോളം ആയിരിക്കുന്നു തമ്മിൽ കണ്ടിട്ട്. കാലം ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും അവനെന്നെയും എനിക്കവനെയും മനസ്സിലാക്കാൻ ഒരു നിമിഷത്തിന്റെ ദൈർഘ്യം പോലും വേണ്ടി വന്നില്ല. കാരണം അത്രമാത്രം ഒരാത്മബന്ധം ഒരുകാലത്ത് ഞങ്ങൾക്കിടയിലുണ്ടായിരുന്നു. തമ്മിൽക്കണ്ടതും ഓടിവന്നവനെന്നെ കെട്ടിപ്പിടിച്ചു. അൽപ നേരം ഒന്നും സംസാരിക്കാൻ എനിക്കായില്ല.
"വിവേക് നിയെവിടെയായിരുന്നു ഇത്ര നാളും..?"
" ഹരീ ഞാനിവിടെ അടുത്ത് ഒരു ഫ്ലാറ്റ് എടുത്തിട്ടുണ്ട് ഒരുപാട് സംസാരിക്കാനുണ്ട് , നീ വരൂ ഞാനെല്ലാം പറയാം."
യാത്രയിലുടനീളം ഞാനവനോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചു. പക്ഷെ ഒന്നിനും മറുപടി തരാതെ എന്തോ ആലോചനയിലെന്നപോലെ അവൻ പുറത്തെ കാഴ്ചകൾ നോക്കിയിരിക്കുകയായിരുന്നു.
എന്റെ മനസ്സും വർഷങ്ങൾക്കു പുറകിലേക്ക് സഞ്ചരിച്ചു തുടങ്ങിയിരുന്നു.....
വിവേക് , അയൽവാസിയും ചെറുപ്പം മുതൽ നിഴൽ പോലെ കൂടെയുണ്ടായിരുന്നതുമായ അപൂർവ്വം സുഹൃത്തുക്കളിൽ ഒരാൾ. മിശ്രവിവാഹമായിരുന്നു വിവേകിന്റെ അച്ഛനമ്മമാരുടേത്. അതുകൊണ്ടു തന്നെ ബന്ധുക്കളിൽ നിന്നുപോലും അകന്ന് ജീവിക്കേണ്ടി വന്നവർ. പതിനഞ്ച് വയസുള്ളപ്പോഴായിരുന്നു വിവേകിന്റെ അച്ഛന്റെ മരണം. പത്താം ക്ലാസ്സിൽ ഭേദപ്പെട്ട മാർക്കോട് കൂടി വിജയിച്ച വിവേകിന് തുടർന്ന് പഠിക്കാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും അവനതിലൊന്നിലും വലിയ താത്പര്യമുണ്ടായിരുന്നില്ല....
മൂന്ന് വർഷത്തോളം ഒരു വർഷോപ്പിലും പിന്നീട് ലൈസൻസ് എടുത്ത ശേഷം എറണാകുളത്തുള്ള ഒരു ട്രാവൽസിലെ ഡ്രൈവറായും ജോലി നോക്കി. മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ വീട്ടിൽ വരാൻ സാധിച്ചിരുന്നുള്ളൂ. അമ്മക്ക് കൂടി സുഖമില്ലാതായതോടെ അവിടുള്ള ജോലിയുപേക്ഷിച്ച് നാട്ടിൽ തന്നെ ഒരു ഓട്ടോ ഡ്രൈവറായി ജീവിതം തുടർന്നു വരികയായിരുന്നു.
ഇതിനിടയിലാണ് സ്ഥിരമായ ഓട്ടോയാത്രക്കിടയിൽ നിന്നുള്ള പരിചയത്തിൽ നിന്നും അച്ചുവെന്ന് വിളിക്കുന്ന അശ്വതിയുമായി വിവേക് സ്നേഹത്തിലാകുന്നത്. പ്രായത്തിൽ കവിഞ്ഞ പക്വതയും ജീവിതത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുമുള്ള കുട്ടിയായിരുന്നു അശ്വതി. മകന്റെ ഇഷ്ടങ്ങൾക്ക് എതിര് നിൽക്കാത്ത വിവേകിന്റെ അമ്മക്കും അശ്വതിയെ വലിയ ഇഷ്മായിരുന്നു. എന്തുകൊണ്ടും അശ്വതി വിവേകിന് ലഭിച്ച ഒരു പുണ്യം തന്നെയാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
ആവശ്യത്തിനും അനാവശ്യത്തിനും എല്ലാവരുമായി സൗഹൃദം സ്ഥാപിക്കുക എന്നത് മാത്രമായിരുന്നു അവന്റെ ജീവിതത്തിൽ സംഭവിച്ച പോരായ്മയായി എനിക്ക് തോന്നിയിട്ടുള്ളത്. ഒരു ഓട്ടോഡ്രൈവർക്ക് കിട്ടുന്ന വരുമാനത്തിൽ കവിഞ്ഞുള്ള പണം പലപ്പോഴും വിവേകിന്റെ കയ്യിൽ കാണാറുണ്ടെന്നു ഒരിക്കലൊരു സംശയം പോലെ അശ്വതി പറഞ്ഞപ്പോൾ എല്ലാവരിൽ നിന്നും
അവനെന്താക്കെയോ ഒളിക്കുന്നതായി എനിക്കും തോന്നിത്തുടങ്ങിയിരുന്നു. പ്രായത്തിന് ഒരുപാട് മൂപ്പുള്ള അവന്റെ പല സുഹൃത്തുക്കളെപറ്റിയും പലപ്പോഴും ഞാനവനോട് ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം വ്യക്തമായ മറുപടി നൽകാതെ എന്തെങ്കിലും പറഞ്ഞു അവനെന്നിൽ നിന്ന് വിദഗ്ധമായി ഒഴിഞ്ഞു മാറുകയായിരുന്നു.
ഒരു ദിവസം രാത്രി നിർത്താതെയുള്ള ഫോൺ ബെല്ല് കേട്ടാണ് ഞാനുണർന്നത്. അശ്വതിയായിരുന്നു വിളിച്ചത്. അവൾ വല്ലാതെ പരിഭ്രമിച്ചിരിന്നതായി എനിക്ക് തോന്നി. എന്താണ് ഉണ്ടായതെന്നുള്ള എന്റെ ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. കരച്ചിലിനിടയിലൂടെ രണ്ട് ദിവസമായി വിവേകിനെ കാണാനില്ലെന്നും വീട്ടിൽ അന്വേഷിച്ചപ്പോൾ അവിടെയും ചെന്നിട്ടില്ലെന്നാണ് അമ്മ പറഞ്ഞതെന്നും ഏങ്ങലോടെ അവൾ പറയുന്നുണ്ടായിരുന്നു. അശ്വതിയോട് വിഷമിക്കാതിരിക്കാനും രാവിലെ തന്നെ വിവേകിനെ കണ്ടെത്തി നിന്റെ മുന്നിലെത്തിക്കുമെന്നുള്ള ഉറപ്പും നൽകി ഒരുവിധം ഞാനവളെ സമാധാനിപ്പിച്ചു.
മൊബൈലിൽ പലവട്ടം ശ്രമിച്ചിട്ടും ഭലമുണ്ടായില്ല. പഴയ പാലത്തിന് തെക്ക് വശത്തായി ഒഴിഞ്ഞു കിടക്കുന്ന ഒരു പഴയ വീടുണ്ട്. ആൾവാസം കുറഞ്ഞ സ്ഥലമായതിനാലും ഒരു പഴയ നാഗര് കാവ് ഉള്ളതിനാലും പകൽ സമയത്ത് പോലും ആരും അധികമങ്ങോട്ടേക്ക് പോകാറില്ല. അപ്പോഴാണ് പലപ്പോഴും വിവേകിന്റെ ഓട്ടോറിക്ഷ പാലത്തിനടുത്തു കണ്ടിട്ടുള്ളതായി ഒന്നു രണ്ട് സുഹൃത്തുക്കൾ പറഞ്ഞത് എനിക്കോർമ്മ വന്നത്. ഈ രാത്രിയിൽ അവിടേക്ക് പോവുകയെന്നത് അല്പം ഭയമുള്ള കാര്യം ആയിരുന്നെങ്കിലും അവനെക്കുറിച്ചോർത്തപ്പോൾ രണ്ടും കല്പിച്ചു പോകാൻ തന്നെ ഞാൻ തീരുമാനിച്ചു.
ഉള്ളിൽ നല്ല ഭയമുണ്ടായിരുന്നെങ്കിലും രണ്ടും കല്പിച്ചു പഴകി ദ്രവിച്ചു തുടങ്ങിയ വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തു കയറിയ ഞാൻ കണ്ടത് പേടിച്ചരണ്ട മുഖവുമായി വിയർത്തു കുളിച്ചു തറയിലിരിക്കുന്ന വിവേകിനെയാണ്. പെട്ടെന്നുള്ള ശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റ വിവേക് എന്നെക്കണ്ടതും ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു. അക്ഷരാർഥത്തിൽ അവൻ കരയുകയായിരുന്നു....
" എന്താടാ... എന്താ ഉണ്ടായത്..? രണ്ട് ദിവസമായി വീട്ടിൽ പോലും പോകാതെ നീയെവിടെ ആയിരുന്നു..?" അശ്വതി അവൾ രണ്ട് ദിവസമായി നിന്നെക്കാണാതെ എത്ര വിഷമിക്കുന്നുണ്ടെന്നു അറിയാമോ..? എല്ലാം പോട്ടെ നിന്റെ അമ്മയെക്കുറിച്ചെങ്കിലും നിനക്ക് ഒന്ന് ഓർത്തൂടായിരുന്നോ..?
" തെറ്റ് പറ്റിപ്പോയടാ , നീയെന്നോട് ക്ഷമിക്കണം."
" എന്താടാ എന്താ ഉണ്ടായതെന്ന് പറയു..."
മൂന്ന് മാസം മുൻപ് ഒരു ഓട്ടത്തിനിടക്കാണ് പഴയ വർഷോപ്പിലെ ഒരു പരിചയക്കാരനെ കാണുന്നതും സംസാരിക്കുന്നതും. സംസാരത്തിനിടയിൽ വീട്ടിലെ പ്രാരാബ്ധങ്ങളും മറ്റും കേട്ടപ്പോൾ അവനാണ് കാശ് കൂടുതൽ കിട്ടുന്ന ഒരു ജോലിയുണ്ടെന്നും പക്ഷെ അല്പം റിസ്‌കാണ് എന്നും പറഞ്ഞത്. അവിടന്നു തരുന്ന വാഹനങ്ങൾ പറയുന്ന സ്ഥലത്തു എത്തിക്കുക, അതായിരുന്നു ജോലി. വർഷോപ്പിലെ മുതലാളി അറിയാതെ ചെയ്യുന്നതാണ് എന്നേ എന്നോട് പറഞ്ഞിരുന്നുള്ളൂ. ഞാൻ ആലോചിച്ചപ്പോൾ അത്ര വലിയ തെറ്റായൊന്നും എനിക്ക് തോന്നിയില്ല. എത്രയും പെട്ടെന്ന് കുറച്ചു പണമുണ്ടാക്കണം അശ്വതിയെ കൂട്ടി എവിടെയെങ്കിലും പോയി സമാധാനമായി ജീവിക്കണം അത്രയേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. അല്ലാതെ ഒരു ഓട്ടോ ഡ്രൈവർക്ക് അവളെ തരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..? അങ്ങനെയാണ് അവൻ പറഞ്ഞ ജോലിക്ക് പോകാൻ ഞാൻ തീരുമാനിച്ചത്.
മുതലാളി അറിയാതെ ചെയ്യുന്ന തൊഴിലാണെന്നും അറിഞ്ഞാൽ വലിയ കുഴപ്പമാകുമെന്നുള്ളത് കൊണ്ട് മറ്റാരോടും ഇതിനെക്കുറിച്ചു ഒരക്ഷരം പോലും പറയരുതെന്നുമുള്ള ഉറപ്പിന്മേലാണ് അവർ ഈ ജോലി എനിക്ക് നൽകിയത്. അതുകൊണ്ടാണ് കൂടുതൽ ശമ്പളം തരുന്നതെന്നും എന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.
പക്ഷെ സത്യത്തിൽ മുതലാളിയുടെ അറിവോടെ തന്നെയുള്ള ഒരു മയക്കുമരുന്ന് മാഫിയയുടെ കാരിയർ ആയാണ് ഞാൻ ജോലി ചെയ്തിരുന്നതെന്ന് ഒരുപാട് വൈകിയാണ് എനിക്ക് മനസ്സിലാക്കുന്നത്. കേടുപാടുകൾ തീർക്കാനെന്ന വ്യാജേന വരുന്ന വാഹനങ്ങൾ തിരികെ പോകുമ്പോൾ സീറ്റിനടിയിലും മറ്റുമായി ഒളിപ്പിച്ചിരുന്ന കഞ്ചാവും മയക്കുമരുന്നും ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു അവർ എന്നിലൂടെ ചെയ്തിരുന്നത്. ചതി മനസ്സിലാക്കിയ ഞാൻ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരുപാട് വൈകിപ്പോയിരുന്നു.
എനിക്ക് രക്ഷപ്പെടാൻ കഴിയാത്ത വിധമുള്ള തെളിവുകൾ അതിനോടകം തന്നെ അവർ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. എന്തെങ്കിലും കാരണവശാൽ വിവരം പുറത്തു പറഞ്ഞാൽ കർമ്മം ചെയ്യാൻ അമ്മയുടെ ശവം പോലും കിട്ടില്ലന്നുള്ള അവരുടെ ഭീഷണി കൂടി ആയപ്പോൾ ഞാൻ മാനസ്സികമായി തളർന്നു.
ഇനിയെനിക്ക് രക്ഷപ്പെടാനാവില്ലെന്നും അശ്വതിയിതറിഞ്ഞാൽ ജീവിച്ചിരിക്കില്ലന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ വിവേകിനെ ഒരുവിധം സമാധാനിപ്പിച്ചു ഞാൻ വീട്ടിലേക്കയച്ചു. പിറ്റേന്ന് രാവിലെ തന്നെ അശ്വതിയെക്കണ്ട് നടന്നതെല്ലാം ഞാൻ തുറന്ന് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ് ഒരു വാക്ക് പോലും പറയാതെ അവൾ തിരിഞ്ഞു നടന്നു. പുറകെ വിളിച്ചെങ്കിലും ഞാൻ പറയുന്നതൊന്നും കേൾക്കാനുള്ള മനസ്സ് അവൾ കാട്ടിയില്ല. സത്യത്തിൽ അവളോട് ഒരുപാട് ദേഷ്യം തോന്നിയ ദിവസങ്ങളായിരുന്നു അത്. അറിയാതെയെങ്കിലും തെറ്റ് പറ്റിപ്പോകാത്തവർ ആരാണുള്ളത്. ഒരപകടം വന്നപ്പോൾ കൂടെ നിക്കേണ്ടവൾ പറയുന്നത് കേൾക്കാനുള്ള മനസ്സ് പോലും കാണിക്കാതെ തിരിഞ്ഞു നടക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ വെറുപ്പാണ് എനിക്കവളോട് തോന്നിയത്. ഇവളെയാണല്ലോ അവന് കിട്ടിയ പുണ്യമായി ഞാൻ കണ്ടതെന്ന് ഓർത്തപ്പോൾ എനിക്കെന്നോട് തന്നെ പുച്ഛം തോന്നി...
വിവേകിനോട് ഇതെങ്ങനെ പറയുമെന്നറിയാതെ ഞാനാകെ തളർന്നു. ഇത്രയേ ഉണ്ടായിരുന്നുള്ളു അവൾക്കുള്ള ആത്മാർഥസ്നേഹമെന്ന് എന്തായാലും അവനറിയണം. എന്തും വരട്ടെയെന്നുള്ള തീരുമാനത്തിൽ എല്ലാം ഞാനവനോട് തുറന്ന് പറഞ്ഞു. നിർവികാരമായ മുഖത്തോടെ അവനെല്ലാം കേട്ടിരുന്നു.
കുറ്റബോധം കൊണ്ടോ അശ്വതി മനസ്സിലാക്കാതെ പോയ വേദന കൊണ്ടോ എന്നറിയില്ല വിവേക് മാനസികമായി തളർന്നു. തികച്ചും ഒരു മനസികരോഗിയെപ്പോലെയായി എന്നു തന്നെ പറയാം. സ്വന്തം മുറി വിട്ട് പോലും പുറത്തിറങ്ങാതെയായി. പലവട്ടം ഞാനവനെ കാണാൻ ശ്രമിച്ചെങ്കിലും ഭലമുണ്ടായില്ല.
ഒരു ദിവസം രാവിലെ അവരുടെ വീട് പൂട്ടിക്കിടക്കുന്നുവെന്നും വിവേകിനെയും അമ്മയെയും കാണാനില്ലന്നുമുള്ള വാർത്ത തൊടിയിലെ ശങ്കരേട്ടൻ പറഞ്ഞാണ് ഞാൻ അറിയുന്നത്. അവനെ അവർ അപായപ്പെടുത്തിയത് ആയിരിക്കുമോയെന്ന് ഞാൻ ഭയന്നു. സംഭവിച്ചതെല്ലാം നിയമത്തിന് മുന്നിൽ തുറന്ന് പറയാൻ ഞാൻ തീരുമാനിച്ചു. പക്ഷെ അപ്പോഴാണ് റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ചു വിവേകിനെയും അമ്മയെയും കണ്ടതായി പലരും പറഞ്ഞു കേട്ടത്. ഇനിയും ഇവിടെ നിന്നാൽ ജീവൻ തന്നെ നഷ്ടമായാലൊന്ന് ഭയന്ന് അമ്മയെയും കൂട്ടി വിവേക് നാട് വിട്ടതായിരിക്കുമെന്നു ഞാൻ ഉറച്ചു വിശ്വസിച്ചു. ഇത്രയും അടുത്ത സുഹൃത്ത് ആയിരുന്നിട്ടും ഒരു വാക്ക് പോലും പറയാതെ പോയതോർത്ത് ആദ്യം വിഷമം തോന്നിയെങ്കിലും അത്തരം ഒരു മാനസികാവസ്ഥയിൽ ആരും ചെയ്യുന്നതേ അവനും ചെയ്തുള്ളൂ എന്നോർത്തു ഞാൻ സമാധാനിച്ചു...
ആദ്യമാദ്യംഅവൻ പോകാൻ സാധ്യതയുള്ള പലയിടത്തും അന്വേഷിച്ചെങ്കിലും കാലം മുന്നോട്ട് കടന്നു പോകും തോറും വിവാഹവും ജീവിത പ്രാരാബ്ധങ്ങൾക്കുമിടയിൽ പതിയെ പതിയെ ഞാനെല്ലാം മറന്നു തുടങ്ങിയിരുന്നു. ജോലി കിട്ടി കുടുംബത്തോടെ കൽക്കത്ത എന്ന ഈ മഹനഗരത്തിലേക്ക് സ്ഥിരതാമസമാക്കിയിട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു.
ഒരു വലിയ ഫ്ലാറ്റിന് മുന്നിലെത്തി കാർ ഉച്ചത്തിൽ ഹോൺ മുഴക്കുമ്പോൾ ആണ് ചിന്തകളിൽ നിന്ന് ഞാൻ ഉണർന്നത്.
" ഇറങ്ങി വരൂ ഹരീ , ഇതാണ് എന്റെ ഫ്ലാറ്റ് "
വിവേക് കോളിങ് ബെൽ അമർത്തി.
ഏഴു വയസ്സോളം പ്രായമുള്ള ഒരു പെണ്കുട്ടി വാതിൽ തുറന്നു. വിവേക് അവളെ ചേർത്തു പിടിച്ചു. " എന്റെ മകളാണ് അക്ഷയ " മോളേ അമ്മയെ വിളിക്ക്. അങ്കിളിന് കാപ്പിയെടുക്കാൻ പറയ്.. അമ്മെയെന്നു വിളിച്ച് അവൾ അകത്തേക്ക് ഓടിപ്പോയി.
എല്ലാമൊരു സ്വപ്നത്തിലെന്ന പോലെ നിന്ന എന്റെ മുന്നിലേക്ക് ട്രേയിൽ കാപ്പിയുമായി വന്ന വിവേകിന്റെ ഭാര്യയെ കണ്ട് അത്ഭുതത്തോടെ ഞാൻ വിവേകിനെ നോക്കി " അശ്വതി ".....
കാണുന്നത് സത്യമാണോ സ്വപ്നമാണോന്ന് മനസ്സിലാവാതെ നിന്ന എന്നോട് ഒരു ക്ഷമാപണത്തോടെ അവൾ തന്നെ സംസാരിച്ചു തുടങ്ങി..
അന്ന് ഹരിയേട്ടൻ കാര്യങ്ങൾ പറഞ്ഞപ്പോൾ തന്നെ എത്ര വലിയ ഒരപകടത്തിലാണ് വിവേക് ചെന്ന് പെട്ടിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. നിയമത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ പിടിപാടുള്ള അവരെപ്പോലുള്ളവരെ തൊടാൻ പോലും നമ്മൾ സാധാരണക്കാർക്കാവില്ല. പിന്നെങ്ങനെ വിവേകിനെ ആ കുരുക്കിൽ നിന്ന് രക്ഷിക്കുമെന്ന് മാത്രമായിരുന്നു എന്റെ ചിന്ത.
ഒടുവിൽ എന്റെ വിശ്വസ്തരായ ഒന്നുരണ്ട് സുഹൃത്തുക്കളുടെ നിർദേശപ്രകാരമാണ് മനസ്സിന്റെ സമനില തെറ്റിയവനെപ്പോലെ അഭിനയിക്കാനും മുറിയിൽ നിന്നും പുറത്തിറങ്ങാതെ കഴിഞ്ഞു കൂടാനും ഞങ്ങൾ തീരുമാനിച്ചത്. കുറച്ചു നാൾ അവരുടെ സംഘത്തിന്റെ നിരീക്ഷണത്തിൽ തന്നെയായിരുന്നു വിവേക്. മാനസിക നില തെറ്റിയ ഒരാളുടെ വാക്കുകൾ ആരും വിശ്വസിക്കില്ലന്നുള്ള വിശ്വാസം അവർക്കുണ്ടായത് കൊണ്ടാകാം പിന്നീട് അവർ വിവേകിനെ അധികം ശ്രദ്ധിക്കാതെ പോയത്.
പിന്നീട് അവിടെ നിന്നും എങ്ങനെ രക്ഷപ്പെടും എന്നു മാത്രമായിരുന്നു ചിന്ത. അതിനു വേണ്ടിയുള്ള കാത്തിരുപ്പായിരുന്നു പിന്നീട്. അവരുടെ ശ്രദ്ധ പൂർണമായും വിവേകിൽ നിന്ന് മാറിയെന്നു മനസ്സിലായ അന്ന് തന്നെ എന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ വിവേകിനെയും അമ്മയെയും മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാൻ അവരെ റെയിൽവേ സ്റ്റേഷനിൽ കണ്ടെന്നു പ്രചരിപ്പിച്ചതും എന്റെ സുഹൃത്തുക്കൾ തന്നെ ആയിരുന്നു.
അവിടം വിടും മുൻപ് എല്ലാം ഹരിയേട്ടനോട് തുറന്നു പറയണമെന്ന് വിവേക് പറഞ്ഞപ്പോഴും ഞാൻ തന്നെ ആയിരുന്നു എതിരു നിന്നത്. കാരണം ഏതെങ്കിലും കാരണത്താൽ ഒരു പോലീസ് അന്വേഷണം ഉണ്ടായാൽ ആദ്യം ചോദ്യം ചെയ്യുന്നത് വിവേകിന്റെ അടുത്ത സുഹൃത്തായ ഹരിയേട്ടനെ തന്നെ ആയിരിക്കും. ആ സമയത്തു അത്രയും വലിയൊരു റിസ്ക് എടുക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല.
ഒരുപാട് കഷ്ടപ്പെട്ടു , ജീവിതമൊന്നു പച്ച പിടിക്കാൻ വർഷങ്ങൾ വേണ്ടി വന്നു. ഒടുവിൽ രഹസ്യമായി ഹരിയേട്ടനെ തേടി ഞങ്ങൾ എത്തിയപ്പോഴേക്കും ഏട്ടൻ കുടുബത്തോടെ അവിടം വിട്ടു പോയിരുന്നു. പിന്നെയും വർഷങ്ങൾ വേണ്ടി വന്നു ഏട്ടനെ കണ്ടു പിടിക്കാൻ. സംഭവിച്ചതെല്ലാം ഏറ്റു പറഞ്ഞു ഏട്ടനോട് മാപ്പ് ചോദിക്കണം എന്നുള്ളത് ആയിരുന്നു വിവേകിന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനുവേണ്ടി തന്നെയാണ് ഞങ്ങൾ ഇത്രയും കഷ്ടപ്പെട്ട് ഏട്ടനെ കണ്ടെത്തിയതും.
ഒരു കഥ കേൾക്കുമ്പോലെ എല്ലാം കേട്ടിരുന്ന എന്നെ വിവേക് ഒരു കൊച്ചു കുട്ടിയെപ്പോലെ കെട്ടിപ്പിടിച്ചു കരഞ്ഞു. നിറഞ്ഞു വന്ന കണ്ണുനീർ തുടച്ച് അവനെ വാരിപ്പുണരുമ്പോഴും ഞാൻ മനസ്സിൽ ഓർക്കുന്നുണ്ടായിരുന്നു...
" രക്തബന്ധത്തിനുമപ്പുറവും ചില ആത്മബന്ധങ്ങൾ ഉണ്ടെന്നു പറയുന്നത് എത്ര ശരിയാണ്. എത്ര അകലത്തിലായിരുന്നാലും ഒരിക്കൽ അവ നമ്മെ തേടി വരിക തന്നെ ചെയ്യും "

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot