നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സെമിത്തേരിയിലേക്കുള്ള വഴി! (കഥ )

സെമിത്തേരിയിലേക്കുള്ള വഴി! (കഥ )
“അപ്പനിപ്പം എന്നാത്തിനാ സെമിത്തേരിയിൽ പോണേ?”
ചൂടുള്ള കഞ്ഞിയിൽ നെയ്യൊഴിച്ചിളക്കി മൂത്ത മകൻ ഗബ്രിയേൽ ചോദിച്ചപ്പോൾ ഉത്തരം കൊടുത്തത് കറിയയുടെ രണ്ടാം ഭാര്യ ഏലിയാണ്.. അതുമേറ്റവും പരിഹാസ്യമായ ശബ്ദത്തിൽ..
“ഓ കൊറച്ചു ദിവസായി .. ഒരേനക്കേട് തുടങ്ങിയിട്ട്.. .ഇപ്പം അങ്ങോട്ട് കെട്ടിയെടുത്തിട്ടു എന്നാത്തിനാണോ ? സമയമാവുമ്പോൾ പിള്ളേരും നാട്ടുകാരും പൊക്കി സിമിത്തേരിലു കൊണ്ട് പോവും”
കൈയിലെ കൊച്ചു പിഞ്ഞാണ പാത്രത്തിലേക്ക് മീൻ അച്ചാർ കുടഞ്ഞിടുകയായിരുന്നു ഏലി . പാത്രം കറിയയുടെ അടുത്തേക്ക് നീക്കി വെച്ചപ്പോൾ ചെറുപയറും തേങ്ങയുമിട്ടു വേവിച്ച കഞ്ഞികുടി മതിയാക്കി അയാളെഴുന്നേറ്റു...
“ഇതിയാൻ മതിയാക്കിയോ ..?” കഞ്ഞിപ്പാത്രം കൈയിലെടുത്തു അടുക്കളയിലേക്കു പോവുമ്പോൾ ഏലിയുടെ വെറും ചോദ്യം ...
കൈയും വായും കഴുകി കറിയ ഉമ്മറത്തെ ചാരു കസേരയിൽ ചെന്നു കിടന്നു.. ഇല്ലേൽ മൂത്തവൻ കഞ്ഞി കുടി വന്നങ്ങു കസേരയിൽ ആധിപത്യം സ്ഥാപിക്കും.. കുറെ നാളുകളായി വീട്ടിലെ അപ്പന്റെ സ്ഥാനം ഓരോരുത്തരായി കൈയേറാൻ തുടങ്ങിയിട്ട്..
വര്ഷങ്ങളായി ഇതിൽ കിടന്നു മയങ്ങിയാൽ മയങ്ങി.. കട്ടിലിൽ കിടന്നാൽ ഉറക്കം കുറവാണു..
“ഓ അപ്പനതിലോട്ടു ചാഞ്ഞോ .?” ഗബ്രിയേൽ തിണ്ണയിൽ വന്നെത്തി നോക്കിയപ്പോൾ കറിയ സ്വപ്നം കാണുകയായിരുന്നു-അയാളുടെ ആദ്യ ഭാര്യ കത്രീനയെ..
“ആ പെണ്ണിനെ ഒരു ശേലുമില്ല അമ്മച്ചി.. എനിക്കത്ര പിടിച്ചില്ല “
“ പെണ്ണിന്റെ സ്വഭാവമാടാ നോക്കേണ്ടത്.. സൗന്ദര്യമല്ല “കറിയയുടെ മനം മാറ്റാൻ അമ്മച്ചിയുടെ വിഫല ശ്രമം..
വെളുത്ത സാരിയുടുത്തു കല്യാണ ദിവസം അവളൊരുങ്ങി വന്നപ്പോൾ കറിയ പള്ളിയിൽ വെച്ച് മുഖത്തോട്ടു പോലും നോക്കിയില്ല.
രണ്ടു കൊല്ലം കഴിഞ്ഞു ഒരു മഴ കാലത്തു പുഴയിൽ കുളിക്കാൻ പോയ കത്രീന തിരിച്ചു വന്നില്ല.. കറി യയ്ക്കറിയാം അതവൾ മനഃപൂർവം ചെയ്തതാണെന്ന്..കാരണം തലേന്ന് രാത്രി അയാൾ അവളെ അത്രക്ക് അടിച്ചവശയാക്കിയിരുന്നു..
മുറിയുടെ മൂലയ്ക്ക് കരഞ്ഞു തളർന്നിരുന്ന അവളുടെ മുതുകത്തു ചവിട്ടിയതും മുടികുത്തിനു പിടിച്ചതും കത്രീനക്കും അയാൾക്കുമേ അറിയൂ – “ കഴുവേറീടെ മോളെ ,എവിടെയെങ്കിലും പോയി ചാവടി ..പിശാശ്ശെ “
ചിന്തകളിൽ നിന്നും കറിയ ഉണർന്നപ്പോൾ മുന്നിൽ വെളുത്ത സാരിയുടുത്തു കത്രീന...കൈയിൽ കത്തുന്ന മെഴുകുതിരിയും... മെഴുകുതിരി വെട്ടത്തിൽ അവളെ കാണാൻ നല്ല ശേല് .അവൾ പ്രകാശം തെളിച്ചു മുന്നിലൂടെ നടക്കുകയാണ്. അവളുടെ പിന്നാലെ കറിയ അനുസരണയുള്ള കുട്ടിയെ പോലെ നടന്നു.
**
നേരം പര പരാന്നു വെളുത്തപ്പോൾ കറിയ കണ്ണ് തുറന്നു..
ചാര് കസേരയിൽ നിന്നും എഴുനേൽക്കുമ്പോൾ മുന്നിൽ ഏലി ..
“നിങ്ങക്കെന്നാ കേടാ മനുഷ്യ പാതിരാത്രി ഇറങ്ങി നടക്കാൻ ? ബാക്കിയുള്ളവർക്ക് ഉറക്കോം തരില്ല. പിള്ളേര് പണികഴിഞ്ഞു തളർന്നു വന്നു കിടക്കുമ്പോൾ അതുങ്ങക്കു സ്വൈര്യം കൊടുക്കരുത്..”
“അപ്പന്റെ നാവിറങ്ങിയിട്ടു നാള് കുറെയായില്ലേ? അമ്മച്ചിക്ക് മിണ്ടാതിരുന്നൂടെ?” ..പത്രം നോക്കി മുറ്റത്തു നിന്ന് ഗബ്രിയേൽ ചവിട്ടു നട കയറി വന്നു..
“എനിക്ക് സിമിത്തേരി വരെ ഒന്ന് പോണം..
“അകത്തേക്ക് കടക്കുമ്പോൾ അയാൾ പിറുപിറുത്തു .
അതാരും ശ്രദ്ധിച്ചതുമില്ല..
പള്ളിക്കു തൊട്ടടുത്ത് കറിയയുടെ രണ്ടേക്കർ സ്ഥലം സിമിത്തേരിക്കായി അന്നത്തെ വികാരി ചോദിച്ചിരുന്നു. സിമിത്തേരി കുറച്ചകലെയാണ് .നാല് കിലോമീറ്ററോളം നടപ്പുണ്ട്. അന്ന് അത് കൊടുത്തിരുന്നെങ്കിൽ ഇന്നാരുടേയും സഹായം കൂടാതെ സിമിത്തേരിയിൽ പോവാമായിരുന്നു..
അല്ലെങ്കിലും പ്രായശ്ചിത്തം എപ്പോഴും വൈകിയാണ് ഉദിക്കുന്നത്.... പലപ്പോഴും അസ്തമനത്തിനു മുന്നേ..
കറിയ കട്ടിലിൽ കിടന്നു കണ്ണടച്ചു..
കത്രീന മരിച്ചു മുപ്പതാം നാളിൽ തന്നെ കല്യാണം വേണമെന്ന് അയാൾ അമ്മച്ചിയോടു പറഞ്ഞു. അതും കൂട്ടുകാരന്റെ കല്യാണത്തിന് പോയപ്പോൾ കണ്ട അവന്റെ പെങ്ങൾ ഏലിയെ. അന്നാട്ടിൽ ഏലിയെ പോലൊരു സുന്ദരിയെ ആരും കണ്ടിട്ടില്ല. പോരാത്തതിന് പട്ടണത്തിൽ പോയി പഠിച്ചിട്ടുമുണ്ട്..
കല്യാണം കഴിഞ്ഞു ഭരണ ചക്രം ഏലി കൈയിലെടുത്തു. ക റിയ എതിർത്തുമില്ല. ഏലിയെ കെട്ടിയതിൽ പിന്നെ അയാൾ മയക്കത്തിലായിരുന്നു.. അവളുടെ ആങ്ങളമാർ ഒഴിച്ച് കൊടുത്ത വാറ്റു ചാരായതിലും ഏലി ഉലർത്തി കൊടുത്ത പോത്തിറച്ചിയിലും അയാൾ കൊതിപൂണ്ടു നടന്നപ്പോൾ അയാളുടെ അപ്പനപ്പൂപ്പന്മാർ സമ്പാദിച്ചു കൂട്ടിയതെല്ലാം ഏലിയുടെ പേരിലായി...
നാലു ആൺമക്കളെ ഏലി പെറ്റു .വളർന്നു വന്നപ്പോൾ നാലും അമ്മയുടെ വരുതിക്ക് നിൽക്കുന്നവർ. അതോടെ ക റിയ മിണ്ടാതെയായി.. അല്ലെങ്കിൽ അയാളുടെ വാക്കു ആരും ശ്രദ്ധിക്കാതെയായി
**
അന്ന് രാത്രിയിലും ചാര് കസേരയിൽ കിടക്കുമ്പോൾ കത്രീന വന്നു.. ഇന്നെങ്കിലും അവളുടെ കൂടെ കുടുംബ കല്ലറയിൽ പോണം.. അമ്മച്ചി മരിച്ചപ്പോഴാണ് അവസാനംസിമിത്തേരിയിൽ പോയത്..
കത്രീന മരിച്ചപ്പോൾ വീട്ടു മുറ്റത്തു അച്ചൻ വന്നു ഒപ്പീസ് പാടിയപ്പോൾ അയാൾ തല കറങ്ങി വീണു.. കത്രീന സിമിത്തേരിയിൽ എത്തിയപ്പോഴാണ് അയാൾ വീട്ടു മുറ്റത്തു കണ്ണ് തുറന്നതു…
“ഞാൻ ചാവുമ്പോഴും ഇങ്ങിനെ വേണമെടാ മഹാപാപി!” മകന്റെ മനസ്സറിഞ്ഞ അമ്മച്ചിയുടെ ശാപവാക്കുകൾ.
കല്ലറയിൽ മെഴുകുതിരി കത്തിക്കണം. അച്ചനെ കൊണ്ട് വന്നു ഒപ്പീസ് പാടിക്കണം
രൂപകൂട്ടിനരികിൽ വെച്ചിരുന്ന മെഴുകുതിരിയും തീപ്പെട്ടിയും മടിക്കുത്തിൽ തിരുകി കറി യ പുറത്തേക്കിറങ്ങി.
**
“അപ്പനെ വല്ലോടത്തും കെട്ടിയിടണം .അല്ലേൽ ശരിയാവൂല.. വല്ലയിടത്തും പോയി മറിഞ്ഞു വീണു ചത്താൽ അപ്പനെ നോക്കാത്ത മക്കളെന്നു പേര് ദോഷം കേൾക്കും”-
രണ്ടാമത്തെ മകൻ എഡ്വിന്റെ ഒച്ച കേട്ടാണ് കറിയ കണ്ണ് തുറന്നതു.
അയാൾ കട്ടിലിൽ നിന്നും സാവധാനമെണീറ്റു. പതിവില്ലാതെ ദേഹ സുഖം തോന്നുന്നു.. പഴയ ചെറുപ്പം കൈവന്ന പോലെ..
തിണ്ണയിൽ ചെന്നപ്പോൾ ആരെയും കാണുന്നില്ല.. പുറത്തു രാത്രി ഇരുട്ടിനെ പുതച്ചു കിടക്കുന്നു
തലേദിവസം എടുത്തു വെച്ച മെഴുകുതിരിയും തീപ്പെട്ടിയും തപ്പി നോക്കിയപ്പോൾ മടി കുത്തിൽ ഭദ്രമായുണ്ട്...
കുറെ നാളുകളായി കറിയ പുറത്തേക്കിറങ്ങിയിട്ടു.. തിണ്ണയിലെ ചെറിയ കൂട്ടിൽ കിടന്നു വളർത്തു കിളികൾ കലപില കൂട്ടുന്നു.. കറിയ അടുത്തേക്ക് ചെന്ന് കൂടു തുറന്നു.. അവ ചിറകിട്ടടിച്ചു പറന്നു പോവുന്നത് നോക്കി നിന്നു
അയാളെ കണ്ടതും വളർത്തു നായ ജിമ്മി കൂട്ടിൽ കിടന്നു കുരക്കാൻ തുടങ്ങി..
“ഇന്ന് എല്ലാവർക്കും സ്വാതന്ത്ര്യം കിട്ടിയ ദിവസമാണ്”
ജിമ്മയെ തുറന്നു വിട്ടപ്പോളവൻ ദേഹത്തേക്ക് ചാടി കയറിയും കാൽപാദങ്ങൾ നക്കിയും സ്നേഹം പ്രകടിപ്പിച്ചു.. പിന്നെ അയാൾക്ക് മുന്നേ തുറന്ന ഗേറ്റിലൂടെ ഓടിപോയി ..
വഴിയിൽ അയാളെ കാത്തു കത്രീന ക്ഷമയോടെ നിൽപ്പുണ്ടായിരുന്നു നേരം വെളുത്തിട്ടും അവളുടെ കൈയിൽ കത്തുന്ന മെഴുകുതിരി !വെളുത്ത സാരിയുടുത്ത അവളുടെ ദേഹത്ത് പ്രഭാത കിരണങ്ങൾ തിളക്കം കൂട്ടുന്നു..മാലാഖയെ പോലെ..
അവൾ തെളിച്ച വഴിയിലൂടെ ആദ്യമായി അനുസരണയോടെ അയാൾ നടന്നു..
ഒടുവിൽ,, കറിയ സെമിത്തേരിക്ക് മുന്നിലെത്തി .
കർത്താവീശോ മിശിഹായുടെ വലിയ ക്രൂശിത രൂപത്തിന് ഇടത് ഭാഗത്തായിരുന്നു കുടുംബ വക കല്ലറ.. അയാൾ കല്ലറക്കടുത്തു ചെന്നതും കത്രീന അപ്രത്യക്ഷയായി.. അവിടമാകെ മുല്ലപ്പൂവിന്റെ നറുമണത്തോടൊപ്പം ഒരിളം കാറ്റും വീശി.
കറിയ കല്ലറക്കു മുന്നിൽ നിന്നും മെഴുകുതിരി കത്തിച്ചു.. പിന്നെ മുട്ടുകുത്തി ഉറക്കെ ചൊല്ലി -
“ മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക്.. തമ്പുരാന്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരാൻ ഇടയാകട്ടെ..”
ഒരു കുളിർ കാറ്റിനോടൊപ്പം കറിയ കല്ലറക്ക് മുന്നിൽ കത്തിച്ച മെഴുകുതിരിക്കു മുകളിലേക്ക് വീണു...
സെമിത്തേരിയുടെ കൂരിരുട്ടിലേക്കു കല്ലറയിൽ നിന്നും വെളിച്ചം അതിക്രമിച്ചു കടക്കെ അവിടെ നിന്നും എഴുനേൽക്കാൻ അയാൾ ശ്രമിച്ചില്ല..
കാരണം തിരിച്ചു പോവാനുള്ള വഴി അയാൾക്ക് തീർച്ചയില്ലായിരുന്നു .. * Sanee John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot