നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു കൊച്ചു സ്വപ്നം (കഥ )



“ നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ ..
കാതോര്ത്തു ഞാനിരുന്നു...
താവക വീഥിയിൽ.. എൻ മിഴിപക്ഷികൾ..”
വിവാഹം കഴിഞ്ഞ ആദ്യ നാളുകൾ .. രാവിലെ എഴുനേറ്റു കുളി കഴിഞ്ഞു അടുക്കളയിലേക്കു നടക്കുമ്പോൾ പിന്നിൽ നിന്നൊരാൾ വന്നു കണ്ണ് പൊത്തുമെന്നും ചുംബനം കൊണ്ട് പൂവിന്റെ കവിൾ തുടുക്കുമെന്നും സ്വപ്നം കണ്ട് ...അറിയാതെ ഗാനം മൂളി..
“ അയ്യേ ..പെൺകുട്ടികൾ മൂളിപ്പാട്ട് പാടുകയോ.. പെൺകുട്ടികളുടെ ഒച്ച പുറത്തു കേൾക്കരുതെന്നു കേട്ടിട്ടില്ലേ രേണു? അല്ലെങ്കിൽ തന്നെ ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊക്കെ ആര് പറഞ്ഞു കൊടുക്കാൻ.. ഇവിടെ ആർക്കും പാട്ടും ആട്ടവുമൊന്നും ഇഷ്ട്ടമല്ല.. അവനും...” ഗ്ലാസിൽ ചായ പകർന്നെടുത്തു നടക്കുമ്പോൾ അദ്ദേഹത്തിന്റെ അമ്മ..
ശരിക്കും വിഷമം തോന്നി.....മിഴിപക്ഷികൾ പിടഞ്ഞു... ചുണ്ടുകൾ വിതുമ്പി
അല്പം കഴിഞ്ഞു മുറിയിൽ മുഖത്തെ വലായ്മ ശ്രദ്ധിച്ചു ആൾ ചോദിച്ചു-“ എന്തെ മുഖം വാടിയിരിക്കുന്നതു ?”
കുറച്ചു ദിവസങ്ങൾക്കുളിൽ തന്നെ മുഖത്തെ ചെറിയ മാറ്റം പോലും ആൾ അറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഭാഗ്യവതി !..
കാര്യം പറഞ്ഞപ്പോൾ ചെറു ചിരി മറുപടി..
“അമ്മ പറഞ്ഞത് ശരിയാണ്. പാട്ടൊന്നും എനിക്ക് ദഹിക്കില്ല...”
നെഞ്ചിൽ വെൺപിറാവുകൾ കുറുകി..
ചിറകിട്ടടിച്ചു.. പിന്നെ പറന്നുയർന്നു!
**********
ഈയിടെയായി എന്താണെന്നറിയില്ല പാടാനുള്ള മോഹം അധികരിക്കുന്നു... കണ്ണടച്ചാൽ മുന്നിലേക്ക് വരും - ചുവന്ന പട്ടു പാവാടയിട്ട , മുടി നീട്ടി പിന്നിയിട്ട വെളുത്തു മെലിഞ്ഞ പെൺകുട്ടി... അവൾ സ്വയം മറന്നു പാടുകയാണ്.. ആയിരങ്ങൾ കാതു കൂർപ്പിച്ചിരിക്കുന്നു അവളുടെ ശബ്ദ മധുരിയിൽ പുളകിതരായി അച്ഛനുമമ്മയും മുൻനിരയിൽ...
കണ്ണാടിക്കു മുന്നിൽ ചെന്ന് നോക്കി.. പെൺകുട്ടി മാറിയിരിക്കുന്നു. കാലം അവളെ ഉടച്ചു വാർത്തു.. പ്രായം അമ്പതിനോടടുക്കുമ്പോൾ ഇടക്ക് ആരും കേൾക്കാതെ മൂളുന്ന രാഗങ്ങൾ മാത്രം പറയും -നിന്റെ സ്വര മധുരിക്കും മാത്രം ഒരുടവും സംഭവിച്ചിട്ടില്ല...
ഒരു ഗാനം മൂളാൻ , അത് കേൾക്കാൻ ചുറ്റിലും ആളുകൾ, കാതടപ്പിക്കുന്ന കരഘോഷങ്ങൾ , നാലു ദിക്കിൽ നിന്നുമുയരുന്ന അഭിനന്ദങ്ങൾ.. അതൊന്നും സ്വപ്നങ്ങളില്ല..
സ്വപ്നങ്ങളിൽ ഒന്ന് മാത്രം...
**
കണ്ണന്റെ വിവാഹ വസ്ത്രങ്ങൾ വാങ്ങാൻ അവനെയും കൊണ്ട് കടകൾ തോറും നടക്കുന്ന സമയം..
“ രേണു ...” തിരിഞ്ഞു നോക്കുമ്പോൾ നീല ചുരിദാറിട്ട അല്പം തടിച്ച സ്ത്രീ.. പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചില്ല.
“ രേണു മനസിലായില്ല അല്ലെ ? ഞാൻ സീത .. നിന്റെ കൂടെ ഡിഗ്രിക്കു പഠിച്ചത്.. “
ഓർത്തെടുക്കാൻ അധികം സമയം വേണ്ടിവന്നില്ല. അവളിപ്പോൾ ഗൾഫിലാണ്... പിരിയാൻ നേരം അവൾ പറഞ്ഞു “ ഞാൻ കരുതി നീ വലിയ ഗായിക ആയി തീർന്നിട്ടുണ്ടാവുമെന്നു.. ഇടക്ക് പത്രത്തിലും എന്തിനു യു ട്യൂബിൽ വരെ നിന്റെ പേരടിച്ചു കൊടുത്തു നോക്കാറുണ്ട്..”
വെറുതെ ചിരിച്ചപ്പോൾ കൈത്തണ്ടയിൽ ഒരു സ്പർശം.. കണ്ണൻ!
അന്ന് രാത്രി ടി വി കാണുമ്പോൾ കണ്ണൻ പതിവില്ലാതെ മടിയിൽ കിടന്നു- “ അമ്മെ 'അമ്മ പാടിയിരുന്ന താരാട്ടു ഞാൻ ഓർക്കുന്നു ..ഒന്ന് പാട് “
ഞാനെഴുനേറ്റു ഓഫീസിൽ റൂമിൽ ചെന്ന് നോക്കി .അദ്ദേഹം തിരക്കിലാണ്.. തിരികെ സോഫയിൽ ചെന്നിരുന്ന് അവന്റെ മുടിയിൽ തലോടി മെല്ലെ പാടി..
“ അമ്മക്ക് നീ തേനല്ലേ ?
ആയിരവല്ലി പൂവല്ലേ ?”
ആരും കേൾക്കാതെ മുറിയുടെ ഏതെങ്കിലുമൊരു മൂലയിൽ അവനെ മടിയിലിരുത്തി പാടിയ പാട്ടുകൾ ഇപ്പോഴും അവനോർക്കുന്നു... ഒരു അമ്മക്ക് എന്തിൽ പരം എന്താണ് വേണ്ടത്...
പക്ഷെ പാടി നിർത്തിയപ്പോൾ അവന്നൊരക്ഷരം മിണ്ടാതെ എഴുനേറ്റു പോയപ്പോൾ വല്ലാത്ത വിഷമം തോന്നി... എന്തെ എനിക്ക് മാത്രം ഇങ്ങിനെ ?
**
“ ഇനി നിങ്ങള്ക്ക് വേണ്ടി എന്റെ അമ്മ Mrs.രേണുക മേനോൻ ഒരു പാട്ടു പാടും ..”
റിസപ്ഷൻ വേളയിൽ കണ്ണൻ അന്നൗൻസ് ചെയ്തപ്പോൾ തരിച്ചിരുന്നു പോയി.. അവൻ കൈ പിടിച്ചു വേദിയിലേക്ക് നടത്തിയപ്പോൾ ഒരു സ്വപ്‌നാടകയെ പോലെ കൂടെ നടന്നു
എന്താണ് സംഭവിക്കുന്നതെന്നറിയുന്നതിനു മുന്നേ അണിയറയിൽ എനിക്കായി വാദ്യമേളങ്ങൾ ഉയർന്നു തുടങ്ങി..
അറിയാതെ കണ്ണുകളടഞ്ഞു.. ചുണ്ടുകൾ വിടർന്നു..
“ നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ
കാതോര്ത്തു ഞാനിരുന്നു...
താവക വീഥിയിൽ.. എൻ മിഴിപക്ഷികൾ..”
കണ്ണ് തുറന്ന് നോക്കിയതും വേദിയിൽ മുൻ നിരയിൽ പുഞ്ചിരിയോടെ അദ്ദേഹം..
മനസ് മിടിക്കാൻ തുടങ്ങി...
ചുറ്റും മുഴങ്ങിയ കരഘോഷങ്ങൾ ,അഭിനന്ദനങ്ങൾ ഒന്നും കേട്ടതേയില്ല.. .. ഒരാൾ, ഒരാൾ മാത്രം എന്തെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ...
തിരക്കുകളൊഴിഞ്ഞു രാത്രിയിൽ കിടക്കാൻ നേരം അദ്ദേഹം ചേർത്ത് നിർത്തി
“രേണു എത്ര മനോഹരമായി നീ പാടുന്നു... ഞാൻ ഇത്രയും വര്ഷം കേൾക്കാൻ ശ്രമിച്ചേയില്ലല്ലോ?”
കവിൾ പൂക്കൾ ചുവന്നപ്പോൾ എന്നും കണ്ടിരുന്ന സ്വപ്നം.. എന്നും കേൾക്കാൻ കൊതിച്ച വാക്കുകൾ ..ഒരു മന്ത്രണം പോലെ കാതിൽ പതിച്ചു.
“ഇനി എനിക്കായ് നീ എന്നും പാടണം “
ഇതു മാത്രമായിരുന്നില്ലേ കഴിഞ്ഞ 25 വര്ഷം എന്റെ സ്വപ്നം !
ആ നെഞ്ചിലേക്ക് ചേർന്ന് നിന്ന് മെല്ലെ മൂളി...
“ ഈ ഇളം കാറ്റിന്റ ഈറനണിയുമ്പോൾ
എന്തെ മനം തുടിക്കാൻ ? “
ഒരു കുളിക്കാർകാറ്റു തഴുകി കടന്നു പോയത് ഞങ്ങളിരുവരും അറിഞ്ഞതേയില്ല.. * Sanee John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot