
"ഹല്ലോ, രജീഷാണോ?"
കുളിർമ്മയുള്ള കിളി നാദം.
കുളിർമ്മയുള്ള കിളി നാദം.
"അതെ. ആരാണ്."
" ഞാൻ ചൈതന്യപുരം സ്റ്റോപ്പിൽ നിന്ന് നാളെ മുതൽ ബസ്സിലുണ്ടാവും. വേറെ ആളുകൾ അവിടെ നിന്നില്ലാത്ത കാരണം ഡ്രൈവറെ വിളിച്ചു പറയാൻ മാനേജർ പറഞ്ഞു. "
" ബസ്സ് അവിടെ 8 ന് എത്തും."
" ശരി, താങ്ക്യൂ.. "
നന്ദി പറച്ചിൽ കഴിഞ്ഞ് അവൾ ഫോൺ വയ്ച്ചെങ്കിലും, ആ മഞ്ജു നാദത്തിന്റെ മാസ്മരികതയിൽ നിന്ന് മനസ്സ് പെട്ടെന്ന് തിരിച്ചു കൊണ്ടുവരാൻ പറ്റുന്നില്ല. ശ്ശെ, പേരു ചോദിക്കാൻ മറന്നു. അല്ലിപ്പൊ പേര് ചോദിച്ചിട്ടെന്തിനാ. അവൾ ഒരു ഓഫീസർ, താനൊരു ഡ്രൈവർ. എന്നാലും മഞ്ജു എന്ന് പേര് സേവ് ചെയ്തിട്ടു.
" എടാ, നാളെ രാവിലെ ഓട്ടമുള്ളതല്ലേ? പോയി കിടക്കാൻ നോക്ക്." അമ്മയുടെ ശാസന എത്തി.
മനസ്സു നിറയെ ആ പുതിയ കുട്ടിയാണ്. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. പതിവിലും നേരത്തെ എണീറ്റു കുളിച്ചു തയാറായി. അവളെ കാണാൻ കൊതിയായി. അത്ര മനോഹരമായ ശബ്ദമായിരുന്നു അവളുടേത്.
പ്രതീക്ഷിച്ച പോലെ, പാറി പറന്ന മുടിയും, ജീൻസും ടോപ്പുമണിഞ്ഞ് തന്റെ കൃശഗാത്രി അവിടെ തന്നെ കാത്തു നിൽപ്പുണ്ട്. അവളുടെ കണ്ണുകളുടെ ഭംഗിയും തീവ്രതയും ഒന്നും പറയണ്ട, അത്ര മേൽ മധുരം.അവളുടെ ശബ്ദം പോലെ തന്നെ. വണ്ടി നിറുത്തിയതും ചാടിക്കയറി അവൾ അവന്റെ അരികിലെത്തി.
"ചേട്ടാ, ഐ ഷുഡ് സെ, യൂ ഹാവ് എ ലൗലി വോയ്സ്. "
അവന് ഒടുക്കമില്ലാത്ത സന്തോഷം. അവൻ പറഞ്ഞു: "സേം ടു യൂ."
അത് കേട്ടതും അവൾ ചിരിച്ചു. കൂടെ ഞാനും.
"ടാ, ചെക്കാ, പോകാറായി, നീ ഇവിടെ സ്വപ്നം കണ്ട് ചിരിച്ചു കൊണ്ട് കിടന്നോ. " അമ്മയാണ്.
ഓ, സ്വപ്നമായിരുന്നോ. മധുരസ്വപനത്തിന്റെ നിർവൃതിയിൽ എഴുന്നേറ്റു തയാറായി. രാവിലെ കാണുന്ന സ്വപ്നങ്ങൾ ഫലിക്കുമെന്നാണല്ലോ. ഇടിക്കുന്ന ഹൃദയവുമായി സ്റ്റോപ്പിലെത്തി. അവിടെ അവളെ കണ്ടു. വിചാരിച്ച പോലല്ലെങ്കിലും ഒരു നാടൻ കുട്ടി. ചുരിദാറാണ് വേഷം. ദേഹം പൊതിഞ്ഞ് ഷാൾ, നെറ്റിയിൽ ചന്ദനക്കുറി, ജിമിക്കി കമ്മൽ, എണ്ണ തേച്ച മുടി മെടഞ്ഞിട്ടിരിക്കുന്നു. ഇക്കാലത്ത് കാണാൻ കിട്ടില്ലിങ്ങനെ ഒരു പെണ്ണിനെ.
ബസ്സ് നിറുത്തി. അവളുടെ പാദസരമണിഞ്ഞ പാദങ്ങൾ പതിയാൻ വെമ്പി നിന്നത് ആ ബസ്സിന്റെ പടികൾ മാത്രമായിരുന്നില്ല. അവൻ നിർന്നിമേഷനായി പുറകിലേക്ക് നോക്കിയിരുന്നു. പക്ഷെ പാദങ്ങൾക്ക് പകരം ആദ്യം അവന്റെ കണ്ണിൽ പെട്ടത് ഷാൾ വകഞ്ഞു മാറി മുന്നിലേക്ക് വന്ന അവളുടെ ഉയർന്ന വയറായിരുന്നു. ഇടിമിന്നൽ ഏറ്റ പോലെയിരുന്ന അവന്റെ അടുത്ത് വന്നവൾ പറഞ്ഞു.
" ചേട്ടാ, ഹസ്ബന്റ് ഇവിടെയില്ല. ഒരു രണ്ടാഴ്ച്ച ഞാൻ ബസ്സിലുണ്ടാകും."
"മം ."
നേരിട്ട് കേൾക്കുമ്പോൾ അവളുടെ ശബ്ദം അത്ര മധുരമൊന്നും അല്ല. ഫോൺ എടുത്ത് മഞ്ജു എന്നത് "മഞ്ജു സിസ് " ആക്കിയിട്ടേ പിന്നീട് അവൻ യാത്ര തുടർന്നുള്ളു.
ഇന്ദു പ്രവീൺ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക