നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കടല് കാണാത്ത പെൺകുട്ടി

കടല് കാണാത്ത പെൺകുട്ടി
---------------------------
ഞാനൊരാളെ പരിചയപ്പെടുത്താം.ഒരു പെൺകുട്ടിയെ .കടല് കാണാത്ത പെൺകുട്ടി. പെൺകുട്ടി എന്ന് പറയുന്നെങ്കിലും അവളൊരു യുവതിയാണ്. മുപ്പത് വയസ്സിനു മേൽ പ്രായം വരും. എന്റെ പ്രായവുമായി താരതമ്യം ചെയ്യുമ്പോൾ അവളെ പെൺകുട്ടി എന്ന് വിളിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു. അവളെ ആദ്യമായിട്ടും അവസാനമായിട്ടും കണ്ടത് ആ റിസോർട്ടിൽ വച്ച് തന്നെയായിരുന്നു. ആദ്യമായി കണ്ടപ്പോൾ അവൾ വലിയ പച്ച ചെക്ക് ഷർട്ടായിരുന്നു ധരിച്ചിരുന്നത്. അരക്ക് താഴേക്ക് ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ച് എനിക്ക് ധാരണയില്ല,കാരണം ഒരു മേശയുടെ മറവിലായിരുന്നു അവൾ ഇരുന്നിരുന്നത്..
മനസ്സിൽ പരുവപ്പെട്ടതിനെ കടലാസിലേക്ക് പകർത്താനുള്ള നേരമായെന്ന് ഉൾവിളി തുടങ്ങിയിട്ട് കുറച്ച് ദിവസമായി. നീണ്ട യാത്രക്കിടയിൽ അത് സാധിച്ചിരുന്നില്ല. ആ റിസോർട്ടിലെ ആദ്യ പകലിന്റെ പകുതി ഞാൻ ഉറങ്ങി തീർത്തു. പിന്നെയും എന്തൊക്കെയോ തിരക്കായിരുന്നു. വെയിൽ ചായുന്ന ആ സന്ധ്യയിൽ കോട്ടേജിന്റെ മുന്നിലെ പുൽത്തകിടിയിൽ ഞാനെഴുതാനിരുന്നു. കഥയും കഥപാത്രങ്ങളും മനസ്സിലോടി കളിക്കുന്നുണ്ടെങ്കിലും എവിടെ തുടങ്ങണം എന്നതിലൊരാശങ്കയുണ്ടായിരുന്നു. കണ്ണുകൾ പൂട്ടി മനസ്സിനെ ധ്യാനാത്മകമാക്കുന്നതിനിടയിൽ അവളുടെ ചോദ്യം വന്നു.
"മാഷ് സന്യാസിയാണോ "?
കണ്ണുകൾ തുറന്ന് പിന്നിലേക്ക് നോക്കി. കോട്ടേജിലെ വാരാന്തയിൽ വട്ട മേശക്കപ്പുറത്ത് ഒരു കസേരയിൽ അവളിരിക്കുന്നു.
"ആരാ നീ?" ഞാൻ പരുഷമായി ചോദിച്ചു. അവൾ എന്റെ കോട്ടേജിന്റെ സിറ്റൗട്ടിലാണ് ഇരിക്കുന്നത്.. അത് കൊണ്ട് തന്നെയാണ് ചോദ്യം പരുഷമാക്കിയത്.
"ഞാനിവിടെ തന്നെ ഉള്ളതാ മാഷേ".
മറുപടിയിലൊരു നിഷ്കളങ്കത തോന്നി.
"മാഷ് കുറെ നേരമായി കണ്ണടച്ച് ഇരിക്കുന്നത് കണ്ട് ഇങ്ങോട്ട് വന്നതാണ്"
കഥയും കഥപാത്രങ്ങളും മനസ്സിൽ നിന്നും മറഞ്ഞു . നിലത്തിരുന്ന പേപ്പറും പേനയുമെടുത്ത് തിരിഞ്ഞ് വന്നപ്പോഴേക്കും അവൾ പോയിക്കഴിഞ്ഞിരുന്നു. അതെന്നെ അത്ഭുതപ്പെടുത്തി. റിസോർട്ട് ജീവനക്കാരിലാരെങ്കിലും ആകുമെന്ന് കരുതി.
അവളെക്കുറിച്ചുള്ള ചിന്തകൾ പിന്നെ വന്നില്ല. സാധാരണ എന്റെ ഏകാഗ്രതയെ നശിപ്പിച്ച അവളോടെനിക്ക് ഈർഷ്യ തോന്നേണ്ടതാണ്. അത്താഴം കഴിച്ച് റിസോർട്ടിലെ ബാറിൽ നിന്നിറങ്ങുന്നത് വരെ അവളെക്കുറിച്ച് ഞാൻ ഓർത്തതും ഇല്ല. കല്ല് പാകിയ വഴിയിലൂടെ കോട്ടേജിലേക്ക് തിരികെ നടക്കുമ്പോഴാണ് അവൾ പിന്നെയും ഒരു ചോദ്യവുമായി പിന്നിൽ നിന്നും വിളിച്ചത്.
"സന്യാസിമാർ കള്ളു കുടിക്കോ ?"
ആ ചോദ്യം കേട്ട് എനിക്ക് ചിരിക്കാനാണ് തോന്നിയത്. എങ്കിലും സൗമ്യമായി അവളോട് തിരക്കി
"ആരാ കുട്ടി നീ? യക്ഷിയോ പ്രേതമോ ആണോ? പെട്ടെന്ന് വരികയും മറയുകയും ചെയ്യുന്നു."
എന്തോ വലിയ താമശ കേട്ട പോലെ അവൾ പൊട്ടി ചിരിച്ചു. ചിരിക്കിടയിൽ അവൾ പറയുന്നുമുണ്ട്.
"എന്റെ മാഷേ പേടിക്കേണ്ട, ഞാനതൊന്നുമല്ല. ഒരു മനുഷ്യ സ്ത്രീ തന്നെയാണ്".
അവളൊപ്പമെത്താൻ വേണ്ടി ഞാനെന്റെ നടപ്പിന്റെ വേഗത കുറച്ചു. പക്ഷെ അവളും വേഗത കുറച്ച് എന്റെ പിന്നിലായി ഒരു നിശ്ചിത അകലം പാലിച്ചു.
ഏകാന്തതകൾ മനം മടുപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. മനസ്സിൽ നെയ്തു വച്ചിരിക്കുന്നതൊക്കെയും പുറത്ത് വരാൻ ബുദ്ധിമുട്ടുന്നു . ആരോടെങ്കിലുമൊക്കെ മതി മറന്ന് സംസാരിക്കണം. മനസ്സിലെ ചിന്തകളെയും ആകുലതകളെയും പറഞ്ഞു തീർക്കണം. നവീകരിച്ച മനസ്സുമായി പിന്നെയും യാത്ര തുടരണം. ഇതൊക്കെ ആലോചിച്ച് അവൾക്ക് മറുപടി നൽകി.
"ഞാൻ ഒരെഴുത്തുകാരനാണ് കുട്ടി "
മറുപടി പറഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ അവളുണ്ടായിരുന്നില്ല. അവളുടെ മറിമായമോർത്ത് ഊറി ചിരിച്ചു.
രാത്രിയിലെ വായന വേണ്ടെന്ന് വച്ച് പതിവിലും നേരത്തെ ഉറങ്ങി. പിറ്റേന്ന് ഉണർന്നതും അല്പം വൈകിയായിരുന്നു. പതിവ് ചായക്ക് വേണ്ടി വഴിയന്വേഷിച്ചു. കോട്ടേജിൽ ഒരു ചെറിയ അടുക്കള സജ്ജീകരിച്ചിട്ടുണ്ട്. അവിടേക്ക് നീങ്ങിയപ്പോഴാണ് പുറത്ത് നിന്നും അവളുടെ ശബ്ദം കേട്ടത്.
"മാഷേ , ചായ വച്ചിട്ടുണ്ട്"
അത്ഭുതം തോന്നി. ഇതെങ്ങനെ ഇത്ര കൃത്യമായിട്ട് അവളെത്തി. കതക് തുറന്ന് പുറത്ത് വന്നപ്പോൾ അവൾ പോയിക്കഴിഞ്ഞിരുന്നു. പുറത്തെ വട്ട മേശയിൽ ഭംഗിയുള്ള വെള്ള ജഗ്ഗിൽ ചായയും ഒരു കപ്പും. ചെറിയ മൂന്ന് പഞ്ചസാര പായ്ക്കറ്റുകളും ഒരു സ്പൂണും അതിനോടപ്പമുള്ള ട്രേയിൽ സൂക്ഷിച്ചിരുന്നു.
അവൾ റിസോർട്ട് ജീവനക്കാരിയാണെന്ന നിഗമനത്തിൽ ഞാനെത്തി. അത് കൊണ്ട് തന്നെ അധികം അവളെ കുറിച്ച് ആലോചിക്കേണ്ടയോ അറിയേണ്ടയോ ആവശ്യമില്ലെന്നും തോന്നി.
വൈകുന്നേരത്തെ പോക്ക് വെയിൽ കൊള്ളാനും ആസ്വദിക്കാനും പടിഞ്ഞാറു വശത്ത് വെറുതെ നന്നപ്പോൾ അവൾ വീണ്ടും പിന്നിൽ ചോദ്യവുമായി എത്തി.
"മാഷേ, ഇവിടെയിരുന്നു കഥയെഴുതാൻ പോവുകയാണോ "?
ഞാൻ തിരിഞ്ഞു നോക്കുകയോ മറുപടി പറയുകയോ ചെയ്തില്ല. അങ്ങനെ ചെയ്‌താൽ പിന്നെയും അവൾ അപ്രത്യക്ഷമാകുമെന്നറിയാം. അവളുടെ ചോദ്യം ശ്രദ്ധിക്കാതെ ദൂരേക്ക് വെറുതെ നോക്കിയിരുന്നു.
അവൾ കുറച്ച് കൂടി ഉച്ചത്തിൽ പിന്നെയും വിളിച്ച്‌ ചോദിച്ചു.
"മാഷിന്റെ കഥ വായിക്കാൻ തരുമോ"?
അതിനു കൗശല പരമായി മറുപടി കൊടുക്കാൻ തീരുമാനിച്ചു. തിരിഞ്ഞു നോക്കാതെ തന്നെ മറുപടിയും നൽകി.
"കഥ തരാം. അതിനു മുന്നേ, നീയാരാ?എന്തിനാ ഇങ്ങനെ മറവിൽ നിന്നും സംസാരിക്കുന്നത്. ഇതൊക്കെ പറയൂ "
പിന്നിൽ നിശ്ശബ്ദത മാത്രം. പോയിക്കാണുമെന്ന ചിന്തയിൽ തിരിഞ്ഞ് നോക്കി. പോയിട്ടില്ല.
ഭംഗിയായി വെട്ടി ഒതുക്കിയ ഒരു കുറ്റിച്ചെടിയുടെ മറവിൽ അവൾ തല കുനിച്ച് നിൽക്കുന്നു. ഒരു ടീ ഷർട്ടും ജീൻസുമാണ് വേഷം. തഴച്ച് വളർന്ന അരക്ക് താഴെ എത്തുന്ന മുടി മുഖം മറച്ചിരുന്നു. ഞാനരികിലേക്ക് ചെല്ലുമ്പോൾ അവൾ കണ്ണുകൾ ഇറുകെ പൂട്ടി ചിരിച്ച് കൊണ്ട് നിന്നു . എന്റെ സാന്നിധ്യം അറിയിക്കുവാൻ ഞാൻ മുരടനക്കി കൊണ്ട് ചോദിച്ചു,
"നീയാരാ കുട്ടി? എന്താ പേര് ? എന്തിനാ കണ്ണടച്ചിരിക്കുന്നത് "?
അവൾ പിന്നെയും ചിരിച്ചു. പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു,
"എന്നോടൊന്നും ചോദിക്കല്ലേ മാഷേ. ഞാനൊന്നും പറയില്ല".
"വേണ്ട ഞാനൊന്നും നിർബന്ധിക്കുന്നില്ല. എന്തിനാ കണ്ണടച്ചിരിക്കുന്നത് "?
"എനിക്ക് നാണം തോന്നുന്നു. അത് കൊണ്ടാണ്"
ഇതെന്തു ജീവി എന്ന മട്ടിൽ ഞാൻ നോക്കി നിന്നു. അപ്പോഴും അവൾ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ചിരിക്കിടയിൽ അവൾ ചോദിച്ചു,
"മാഷെനിക്ക് കഥകൾ വായിക്കാൻ തരുമോ "
"എന്നെ നോക്കാനും എന്നോട് മിണ്ടാനും ബുദ്ധിമുട്ടുള്ള ആൾക്ക് ഞാനെന്തിന് കഥ തരണം"
എന്റെ ചോദ്യം അവളെ വിഷമിപ്പിച്ച പോലെ. അവൾ ദൂരേക്ക്‌ ഓടി മറഞ്ഞു. കണ്മുന്നിലെ െ കാഴ്ചകളിൽ ഏകാഗ്രത പതിച്ചപ്പോൾ അവളെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ നിന്നകന്നു. കാർമേഘങ്ങൾ ഉരുണ്ട് കൂടി ഒരു മഴക്കുള്ള വട്ടം കൂട്ടലുകൾ പടിഞ്ഞാറേ മാനത്ത് തുടങ്ങിയപ്പോഴാണ് തിരികെ കോട്ടേജിലേക്ക് പോയത് .
എഴുതാനുള്ള മാനസികാവസ്ഥ അപ്പോഴും കൈവന്നിട്ടില്ല. അത്താഴം കഴിഞ്ഞ് വായിക്കാനെടുത്ത പുസ്തകം ഒരു സങ്കീർത്തനം പോലെ ആയിരുന്നു. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പുസ്തകം. ഫിയോദർ ദസ്തയേവ്‌സ്കിയുടെ കഥ. പുസ്തകവും കയ്യിൽ പിടിച്ച് ഞാൻ ഓർത്തത് ആ പെൺകുട്ടിയെയാണ്. പകർന്നെഴുത്തുകാരി അന്നയുടെ രൂപമായിരുന്നു അവൾക്കപ്പോൾ. കയ്യിലൊരു വിറയലാനുഭവപ്പെട്ട നിമിഷങ്ങൾ. പുറത്ത് മഴ പെയ്യാനാരംഭിച്ചു.
മഴ തോർന്നാലും മരം പെയ്യുമെന്ന പറയുന്ന പോലെയായിരുന്നു അടുത്ത ദിവസത്തെ പ്രഭാതം. കോട്ടേജ് മേഞ്ഞിരിക്കുന്ന ഓടിൽ നിന്നും തുള്ളി കണക്കെ വെള്ളം ഇറ്റ് വീഴുന്നു. കോട്ടേജിന്റെ സിറ്റൗട്ടിലേക്ക് ഇറങ്ങുമ്പോൾ അവൾ പുറത്തെ കസേരയിലൊന്നിൽ ചായയുമായി കാത്തിരിക്കുന്നുണ്ടായിരുന്നു. എന്റെ മുഖത്ത് നോക്കിയില്ലെങ്കിലും കണ്ണുകൾ അടച്ചിരുന്നില്ല. പതിവ് ചിരിയുമില്ല.
"അന്ന " ഞാൻ അറിയാതെ വിളിച്ച് പോയി
അവൾ മുഖമുയർത്തി സംശയത്തോടെ നോക്കി.
"നിന്റെ പേര് അന്നയെന്നാണോ " ഞാൻ സംശയത്തോടെ ചോദിച്ചു.
"മാഷെന്നെ അങ്ങനെ വിളിച്ചോളൂ." ഒരു നിസംഗതയോടെ പറഞ്ഞു.
ഞാനവൾക്ക് അഭിമുഖമായി കസേരയിലിരുന്നു. അവൾ എനിക്ക് വേണ്ടി ഗ്ളാസ്സിലേക്ക് ചായ പകർന്നു. ചായ കുടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
"നീ ഇവിടത്തെ സ്റ്റാഫണോ "?
"മാഷ് കടല് കണ്ടിട്ടുണ്ടോ "
മറുപടിയായി അവളെന്നോട് ചോദിച്ചത് മറ്റൊരു ചോദ്യമായിരുന്നു. മറുപടി പറയാതെ അവളെ നോക്കി ഇരുന്നപ്പോൾ വിദൂരതയിലേക്ക്‌ നോക്കി കൊണ്ട് അവൾ പറഞ്ഞു,
"ഞാൻ കടൽ കണ്ടിട്ടില്ല" അല്പം നിർത്തി അവൾ പറഞ്ഞു,
"മാഷെന്നെ കടല് കാണിക്കുമോ"
എനിക്കുമറുപടി പറയാൻ തോന്നിയില്ല. കൗതുകമാണൊ അത്ഭുതമാണൊയെന്ന് വേർതിരിക്കാൻ കഴിയാത്ത വിധത്തിൽ ഞാനവളെ സാകൂതം നോക്കിയിരുന്നു. ഒരു പക്ഷെ അപ്പോഴായിരിക്കാം അവളുടെ സൗന്ദര്യം പോലും ഞാൻ ശ്രദ്ധിക്കുന്നത്‌. ആകർഷണീയമായ മുഖം. ഇരു നിറം. അൽപം തടിച്ച കീഴ്ചുണ്ടിനെ നാവ്‌ കൊണ്ട്‌ ഇടക്കിടെ നനവ്‌ പകരുന്നുണ്ട്‌. ഇടതൂർന്ന് നീളമുള്ള മുടി ഇടം കൈ കൊണ്ട് കോതിയൊതുക്കിക്കൊണ്ടിരുന്നു.
വിദൂരതയിൽ നിന്നും അവൾ കണ്ണുകൾ പിൻവലിച്ച്‌ എന്റെ മുഖത്തേക്ക്‌ നോക്കി. ഏതു തരത്തിലുള്ള ചോദ്യവും ഞാൻ പ്രതീക്ഷിച്ചിരുന്നു.
എന്റെ പ്രതീക്ഷകളെ തെറ്റിച്ച്‌ കൊണ്ട്‌, വിഷാദസ്വരത്തിൽ അവൾ പഞ്ഞു,
"കടൽ കാണുക എന്നത്‌ വലിയൊരാഗ്രഹമാണു മാഷെ"
എനിക്കവളോട് സഹതാപം തോന്നി. ഒരല്പം വാത്സല്യവും തോന്നി തുടങ്ങി.
"അന്നയ്ക്ക്‌ ഞാനൊരു പുസ്തകം തരാം. കടലിന്റെ കഥ പറയുന്ന 'കടൽത്തീരങ്ങളിൽ'. "
അവൾ നന്ദിയോടെയും സന്തോഷത്തോടെയും എന്നെ നോക്കി. ഞാൻ അകത്ത്‌ നിന്നും പുസ്തകമെടുത്തവൾക്ക് കൊടുത്തു. അവളതിന്റെ പേരും താഴെയായി കൊടുത്തിട്ടുള്ള എഴുത്തുകാരന്റെ പേരും പതിഞ്ഞ ശബ്ദത്തിൽ വായിച്ചു.
പുസ്തകവുമായി അവൾ പോയിക്കഴിഞ്ഞിട്ടും എന്റെ ചിന്ത അവളെക്കുറിച്ചായിരുന്നു. മനസ്സിൽ താലോലിച്ച് വളർത്തിയ കഥാപാത്രങ്ങളൊക്കെയും മയക്കത്തിലായി. അന്ന എന്ന കടല് കാണാൻ മോഹിക്കുന്നവൾ എന്റെ മനസ്സിലെവിടെയോ കൂടിയിരിക്കുന്നു. അവളെക്കുറിച്ചറിയാനൊരു വെമ്പൽ. നിർബന്ധിക്കാൻ പാടില്ലാന്നു തീരുമാനിച്ചു. നിർബന്ധിച്ച് പറയിക്കുന്നതിൽ കളവുകൾ ചേരാം. അതും എല്ലാം മൂടിവയ്ക്കാൻ ഇഷ്ടപ്പെടുന്നൊരാളാകുമ്പോൾ. അവൾ ഒക്കെ പറയും. ക്ഷമ മാത്രം കാണിക്കണം. എന്തൊക്കെയോ പ്രത്യേകതകളുണ്ടവൾക്ക്. ഒപ്പം ദുരൂഹതകളും.
ഏഴ് മണിയോടെ അത്താഴം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ അവൾ സിറ്റ് ഔട്ടിലിരിപ്പുണ്ട്. രാവിലെ കൊണ്ട് പോയ പുസ്തകവും കയ്യിലുണ്ട്. പുറത്തെ വട്ട മേശയിലെ പാത്രങ്ങളിൽ എന്തൊക്കെയോ അടച്ചു വച്ചിട്ടുണ്ട്.
"മാഷിന് അത്താഴത്തിന് മുന്നേ കള്ള് കുടി നിർബന്ധമാണോ ?"
ഇപ്പോഴവളുടെ ചോദ്യമെന്നെ അമ്പരപ്പിച്ചില്ല. അവളിൽ നിന്നും പ്രതീക്ഷിക്കാത്തത് പ്രതീക്ഷിക്കണം. അത് കൊണ്ട് തന്നെ മറുപടിയും ഇങ്ങനെ നൽകിയത്,
"ആരും നിർബന്ധിച്ചാൽ കഴിക്കാറില്ല. കഴിക്കാനാരും നിർബന്ധിക്കാറുമില്ല "
മൂടിവച്ചിരുന്ന പാത്രമെടുത്ത് മേശപ്പുറത്ത് മലർത്തി വച്ചപ്പോഴാണ് അതിനടിയിൽ കാസറോൾ ആണെന്ന് മനസ്സിലായത്. കാസറോളിൽ നിന്നും ചപ്പാത്തിയും മറ്റൊരു ചെറിയ പാത്രം തുറന്ന് കറിയും അവൾ മേശപ്പുറത്ത് നിരത്തി.
"മാഷിനുള്ള അത്താഴമാണ്‌. കഥ വായിക്കാൻ തന്നതിനുള്ള കൂലി. എന്റെ കയ്യിൽ തരാൻ പണമില്ല".
അവളുടെ വാക്കുകളും പ്രവർത്തിയും ക്ഷമയുടെ കേൾക്കാനും കാണാനുമൊരു കൗതകമുണ്ട്. അത് കൊണ്ട് തന്നെ അവൾ കൊണ്ട് വന്ന ആഹാരം കഴിക്കാൻ ഞാൻ തയ്യാറായി. ആദ്യത്തെ ചപ്പാത്തിയെടുത്ത് നാലായി കീറി അതിൽ നിന്നും ഒരു കഷ്ണം കറിയിൽ മൂക്കികൊണ്ട് അവളോട് പറഞ്ഞു,
"അതിനു ഞാൻ കൂലി ചോദിച്ചിട്ടില്ലല്ലോ"
"ആരുടേയും ഔദാര്യം വാങ്ങാൻ പാടില്ലന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്, അതൊരു കടപ്പാടോ വിധേയത്വമോ ആകാം". ഇരുട്ടിലേക്ക് നോക്കിയാണ് അവൾ സംസാരിക്കുന്നത്.
ഞാൻ മറുപടി പറയാതെ ചപ്പാത്തി കഴിക്കുന്നതിൽ ശ്രദ്ധിച്ചു. പിന്നെ ഞങ്ങൾക്കിടയിൽ ഞാൻ കഴിച്ച് തീരാറാകുന്നത് വരെ നിശ്ശബ്ദതയായിരുന്നു.
"രഘു റാമിനെ കൊണ്ടത് ചെയ്യിപ്പിച്ചത് സാറായിരുന്നല്ലേ? "
അവളുടെ ചോദ്യം എന്നെ ആദ്യം സ്തംഭിപ്പിച്ചു , പിന്നെ ഞാനൊന്ന് പുഞ്ചിരിച്ചു കൊണ്ട് ആഹാരത്തിൽ ശ്രദ്ധിച്ചു.
"കടലോളങ്ങളിൽ ഓളം വെട്ടുന്ന നിലാവിനെ കാണിക്കാൻ ലക്ഷ്മിയെ കൊണ്ട് പോയത് കൊല്ലാനായിരുന്നെന്ന് അവളറിഞ്ഞിരുന്നില്ല.പാവം "
ഞാൻ അവളെ ശ്രദ്ധിക്കാതെ കൈ കഴുകാൻ അകത്തേക്ക് പോയി. തിരികെ വന്നപ്പോൾ അവൾ മേശ പ്പുറം വൃത്തിയാക്കി കഴിഞ്ഞിരുന്നു. അവൾ എന്നിൽ നിന്നും ഉത്തരം പ്രതീക്ഷിക്കുന്നു എന്ന രീതിയിൽ മുഖത്ത് തന്നെ നോക്കി നിൽക്കുന്നു. ഞാൻ കസേരയിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.
"രഘുറാം മനഃപൂർവ്വം ചെയ്തതല്ല. ഒരു തെറ്റിദ്ധാരണ " ഞാനവൾക്കൊരു മറുപടി കൊടുത്തു.
" ഉപാധികളില്ലാതെ ഒരു സ്ത്രീ പ്രണയമനുഭവിക്കുന്നതും ആസ്വദിക്കുന്നതും സമർപ്പിക്കുന്നതും കാമുകന്റെ മുന്നിലാണെന്നും താലി ചരടിന്റെ അടിമത്വത്തിലല്ലെന്നുമുള്ള മാഷിന്റെ കണ്ടെത്തൽ തെറ്റാണ്. താലി ഒരഭിമാനവും അവകാശവുമാണ് മാഷെ ".
ഒറ്റ പകൽ കൊണ്ട് എന്റെ "കടൽതത്തീരങ്ങൾ " അവൾ വായിച്ച് തീർത്തിരിക്കുന്നു. മായാനും മറയാനും മറു ചോദ്യത്തിലും മാത്രമല്ല, തർക്കിക്കാനും ആള് മിടുക്കിയായാണ്.
എന്റെ മൗനം അവളെ ദേഷ്യം പിടിപ്പിച്ച പോലെയുണ്ട്. പുസ്തകം ഉപേക്ഷിച്ച് അവൾ ഇരുട്ടിലേക്ക് നടന്നകന്നു. ഞാനവളെ ഓർത്ത് വെറുതെ ചിരിച്ചു.
ആദ്യ ദിവസം കണ്ടപ്പോൾ അവളിലുണ്ടായിരുന്ന ചിരിയോ കളിയോ പിന്നീടുണ്ടായില്ലാന്നു ഞാനോർത്തു. മനുഷ്യരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാകുന്നതും ഇത്തരം ചിന്തകളും അവസ്ഥകളുമല്ലേ. എല്ലാ മാന്വഷ്യർക്കും മുഖംമൂടിയുണ്ട്. ഒരിക്കലും ഒരാളും അത് പൂർണ്ണമായും മാറ്റാറില്ല. ചിലർക്ക് ഒന്നിലധികം മുഖം മൂടികൾ. സാഹചര്യങ്ങൾക്കനുസരിച്ച് പാകമായവ. ഞാൻ മുറിക്കുള്ളിൽ കയറി നിലക്കണ്ണാടിയിൽ എന്നെ നോക്കി.
രണ്ടാഴ്ചത്തേക്കുള്ള എന്റെ പദ്ധതികളിൽ ആദ്യത്തെ അഞ്ചു ദിവസവും ഉൽപാദനപരമായ ഒന്നും തന്നെ സംഭവിച്ചിരുന്നില്ല, അജ്ഞാതയായ അന്നയെ ചുറ്റിപ്പറ്റിയുള്ള കൗതുകങ്ങളല്ലാതെ. മൂന്നു നേരവും ആഹാരം അവളിപ്പോൾ കോട്ടേജിൽ കൊണ്ട് വന്നു തരും. വൈകുന്നേരങ്ങളിൽ ചിലപ്പോഴേക്ക് അവൾ എന്നോടൊപ്പം നടക്കാൻ വരും. അപരിചിതത്വം പൂർണ്ണമായും മാറി. എങ്കിലും അവളുടെ കഥകൾ എനിക്കപ്പോഴും അന്യമാണ്. എഴുത്തിലേക്ക് പോകാനുള്ള മനസ്സ് പിന്നെയും പാകപ്പെട്ടെ ദിവസങ്ങളിലൊന്നിൽ അവൾ മറ്റൊരു ഞെട്ടിക്കുന്ന ചോദ്യം ചോദിച്ചു.
"മാഷെ നമുക്ക് പ്രണയിച്ചാലോ "?
അവളോട് മറുപടി പറയുക ദുഷ്കരമാണ്. മനസ്സിൽ മറ്റെന്തെങ്കിലും കരുതികൊണ്ടായിരിക്കും ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്. അതിൽ എന്നെ അളക്കാനുള്ള ഒരു അളവ് കോലും കരുതിയിട്ടുണ്ടാകും.
"ഈ പ്രായത്തിൽ പ്രണയമോ കുട്ടി.? നിനക്ക് മറ്റാരെയെങ്കിലും നോക്കിക്കൂടെ " എന്റെ ഉത്തരം അങ്ങനെ ആയിരുന്നെകിലും അവളുടെ പ്രതികരണം ഞാൻ ശ്രദ്ധിച്ചു.
"പ്രണയത്തിനു പ്രായമില്ല മാഷേ. അന്നയും ഫിയോദർ ദസ്തയേവ്‌സ്കിയും പ്രണയിച്ചത് പ്രായം നോക്കിയിട്ടാണോ? ശാരീരിക ബന്ധിയല്ലാത്തൊരു പ്രണയം, മനസ്സ് കൊണ്ട് മാത്രം" അവളുടെ സ്വരങ്ങളിലെ ഇടർച്ച ഞാൻ ശ്രദ്ധിച്ചു.
"ദസ്തയേവ്‌സ്കിയുടെയും അന്നയുടെയും പ്രണയം ലൗകികമായിരുന്നു" അവളോട് തർക്കിക്കാൻ ഒരു രസം തോന്നി.
"അവരെ സൂചിപ്പിച്ചത് പ്രായത്തിന്റെ കാര്യത്തിലാണ്. എനിക്ക് വേണ്ടത് മനസ്സ് നിറക്കുന്നൊരു പ്രണയമാണ്." അത്രയും പറഞ്ഞവൾ കണ്ണുകൾ മെല്ലെ കൂമ്പിയടച്ചു.
"തീവ്രമായ പ്രണയത്തിന്റെ അത്യന്തമായ അവസ്ഥയിൽ പലതും മറക്കും. പിന്നെ മനസ്സിനേക്കാൾ ശരീരം ആവശ്യപ്പെടുന്നൊരു അവസ്ഥയിലെത്തും. അതപകടമാണ്" ഞാനും ഒരല്പം ഗൗരവത്തിലായപോലെ.
"മാഷിനപ്പോൾ മാഷിനെത്തന്നെ വിശ്വാസമില്ലല്ലേ." അവൾ പരിഹസിച്ച് കൊണ്ട് പറഞ്ഞു.
"ഇത് വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ അല്ല. മാന്വഷ്യ മനസ്സിന്റെ കാര്യമാണ്. അത് കൊണ്ട് തന്നെ അതിലാർക്കും പൂർണ്ണമായ വിശ്വാസം വയ്ക്കാൻ പറ്റില്ല.അവിശ്വാസത്തോടെ വിശ്വസിക്കേണ്ടി വരുന്നതും മനുഷ്യ മനസ്സിനെയാണ്"
എന്റെ വാക്കുകൾ അവൾക്ക് മനസ്സിലായോ എന്നറിയില്ല. വിശ്വസിച്ച മനസ്സിനെ അവിശ്വസനീയതയോടെ മനസ്സിലായപ്പോൾ നഷ്ടപ്പെട്ട വിശ്വസം അതവൾ മനസ്സിലാക്കണമെന്നുമില്ല. എന്തായാലും അവളിൽ നിന്നും ഉത്തരമുണ്ടായില്ല. ഉടൻ തന്നെ കോട്ടേജ് വിട്ട് പോയി. ഞാൻ അകത്തേക്കും.
അന്നും ഒരു വരിയും കുറിക്കാൻ കഴിഞ്ഞില്ല. അകാരണമായ ചിന്തകൾ മനസ്സിനെ കീഴ്‌പ്പെടുത്തി. ''അന്ന "എന്ന് ഞാൻ വിളിക്കുന്ന അജ്ഞാത, ജീവിതത്തിൽ പരിണാമങ്ങൾ വരുത്താൻ കഴിവുള്ളവളായി മാറുന്നു. എന്റെ ചിന്താ രീതികളെയും ജീവിത ശൈലിയും ഒക്കെ അവളുടെ നിയന്ത്രണത്തിലാകുന്നത് പോലെ. അവൾക്ക് മുന്നിൽ ഒരല്പം അയവ്. അത് ഒരു തരം വാത്സല്യവുമാണ്.
പിറ്റേന്ന് വൈകിട്ടത്തെ നടപ്പിന് അവളും ഒപ്പം കൂടി. നടന്ന തളർന്നപ്പോൾ റിസോർട്ടിന്റെ പടിഞ്ഞാറു ഭാഗത്ത് കല്ല് പാകിയ പാത ആവാസാനിക്കുന്നിടത്തെ പുൽത്തകിടിയിലെ വെള്ള നിറം പൂശിയ ഒരു സിമന്റ് ബെഞ്ചിൽ എനിക്കൊപ്പം അവളും ഇരുന്നു.
"മാഷിനി പത്ത് നാൾ കൂടിയല്ലേ "
" അല്ല,ഒൻപത് " എന്റെ മറുപടി അവൾ മൂളി കേട്ടു.
"എല്ലാവരും എന്നെ സ്നേഹിക്കുന്നുണ്ട്, ഏവർക്കും പ്രിയപ്പെട്ടവളാണ് ഞാൻ." അങ്ങനെ പറഞ്ഞെങ്കിലും ആ വാക്കുകൾക്കൊടുവിലൊരു നിരാശ അനുഭവപ്പെട്ടത് കൊണ്ട് ഞാൻ പറഞ്ഞു,
"നല്ലതല്ലേ ? അതിനും വേണം ഭാഗ്യം".
അവൾ ഒന്ന് ചിരിച്ചു. ഒരു വിഷാദ ചിരി. പിന്നെ പറഞ്ഞു
" പ്രകടിപ്പിക്കാത്ത പ്രണയം വിരിയാത്ത മൊട്ടു പോലെയാണ്, പൂജയ്ക്കെടുക്കാനും കഴിയില്ല നുള്ളിക്കളായാനുമാകില്ല".
അത് വരെ മറഞ്ഞിരുന്ന സ്വർണ്ണ നൂലിൽ കോർത്ത ആലില താലി വസ്ത്രത്തിനുള്ളിൽ നിന്നും പുറത്തെടുത്ത് കൈ വെള്ളയിൽ വച്ച് അതിനെ മാത്രം നോക്കിയിരുന്നു.
അവളെന്തൊക്കെയോ എന്നെ അറിയിക്കാൻ ഇഷ്ടപ്പെടുന്നുണ്ടെന്നൊരു തോന്നലെനിക്കുണ്ടായി. അവളുടെ പ്രതികരണവും മറുചോദ്യവും പ്രവചനാതീതമായത് കൊണ്ട് ക്ഷമയോടെ കാത്തിരിക്കാൻ തീരുമാനിച്ചു.
തിരികെ നടക്കുമ്പോൾ അവൾ സാധാരണ എന്നിൽ നിന്നും മനഃപൂർവ്വം സൂക്ഷിക്കാറുള്ള അകലം പാലിച്ചിരുന്നില്ല. പലപ്പോഴും കൈക്കുഴകൾ തമ്മിൽ ഉരസുന്നുണ്ടായിരുന്നു.
" ഉപാധികളില്ലാത്ത പ്രണയം അതൊരു അനുഭൂതിയാണ് മാഷേ " നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു. ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി. ഇരുട്ട് വീണ് തുടങ്ങിയ സന്ധ്യയിൽ അവളുടെ കണ്ണുകൾ തിളങ്ങിയിരുന്നു.
കോട്ടേജിലെത്തി കണ്ണുകളടച്ച് ചാര് കസേരയിലിരുന്നു. അവസാനത്തെ അഞ്ചു മിനിറ്റിലെ നടത്തത്തിനിടയിൽ ഞാൻ കേട്ടത് വാചാലമായ അവളുടെ പ്രണയ സങ്കല്പങ്ങളായിരുന്നു. പിന്നെ കേട്ട് കേൾവിയില്ലാത്ത ഒരു നിർദ്ദേശവും. മറുപടി പറയാൻ വാക്കുകളില്ലാത്തിരുന്നപ്പോൾ അതാവശ്യമില്ലാത്തവളെ പോലെ അവൾ നടന്നകന്നു.
പ്രണയമെന്ന ആത്മീയതയെക്കുറിച്ച് ആദ്യമായി കേൾക്കുവായിരുന്നു. ഉപാധികളില്ലാത്ത പ്രണയം. ആഴത്തിൽ ചിന്തിച്ചപ്പോൾ അതിലെ നൈർമ്മല്യതയും പരിശുദ്ധിയും ഒരു പരിധിവരെ തെളിയുന്നുണ്ട്. ദൈനംദിനത്തിൽ ഇടപെടാത്ത, വിരഹമോ കാത്തിരിപ്പോ ഇല്ലാത്ത, ക്ലിപ്തമായ പരിധികൾ സൂക്ഷിക്കുന്ന മാംസ ബന്ധിയല്ലാത്ത ,. സമയനിഷ്ഠയോ ചോദ്യോത്തരങ്ങളോ ഇല്ലാത്ത, വിശ്വാസത്തിൽ മാത്രം അധിഷ്ഠിതമായ, അവസാനിക്കുന്ന നിമിഷത്തിലെ തീവ്രത പുനസംഗമത്തിലും നിലനിർത്താൻ കഴിയുന്ന, മനസ്സുകൊണ്ടാഗ്രഹിക്കുമ്പോൾ കാഴ്‌ചയായോ ശബ്ദമായോ മുന്നിലെത്തുന്ന, വർഷങ്ങൾ കഴിഞ്ഞാലും. താലോലിച്ചിരുന്ന നിമിഷങ്ങൾ മനസ്സിനെ ലഘൂകരിക്കുകായും , ഘനം പിടിപ്പിക്കാത്തതുമായ ഒരു പ്രണയം. സ്വതന്തമാക്കാനാഗ്രഹിക്കാത്ത പ്രണയം. അതായിരുന്നു അവളുടെ പ്രണയ സങ്കൽപം.
പക്ഷെ, നടന്നകലുന്നതിനു മുന്നെ അവളിൽ നിന്നുയർന്ന ചോദ്യമാണോ നിർദ്ദേശമാണോ എന്നറിയാത്ത ആ വാചകം എന്നെ ഞെട്ടിച്ചു.
ഇനിയുള്ള ഒൻപത് ദിവസം നമുക്ക് പ്രണയിച്ചാലോ ? ഒരു കരാർ പോലെ'?
മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ പോയിക്കഴിഞ്ഞു. അതിനൊരു മറുപടി പറയാനെനിക്ക് കഴിഞ്ഞിരുന്നില്ല.
ആ രാത്രിയിൽ പിന്നെ ഉറങ്ങാൻ കഴിയില്ലാന്നെനിക്കുറപ്പായിരുന്നു. റിസോട്ടിലെ ഏകാന്ത ജീവിതം തീരുമാനിക്കുമ്പോഴുണ്ടായിരുന്ന പദ്ധതികളൊക്കെയും പൂർണ്ണമായും മനസ്സിൽ നിന്നും മാഞ്ഞ് പോയി. പതിനാലു ദിവസം കൊണ്ട് പതിനാലാധ്യായം. നിമിത്തങ്ങളുടെ വിശ്വസ്ഥനായ എനിക്ക് അതിൽ കുറ്റബോധം തോന്നിയില്ല. വന്ന ദിവസം എഴുതാൻ വേണ്ടി തയ്യാറാക്കിയ പാഡും പേപ്പറും കയ്യിലെടുത്ത്, കടലാസ് താളിന്റെ മധ്യ ഭാഗത്തായി ഞാൻ ഇങ്ങനെ എഴുതി അടിവരയിട്ടു. 'കടല് കാണാത്ത പെൺകുട്ടി'.
അന്നവൾ സാധാരണയിലും വൈകിയാണ് പ്രാതലുമായെത്തിയത്. ഞാനപ്പോൾ ഒന്നാമധ്യായം എഴുതിക്കഴിഞ്ഞിരുന്നു. പൊതിനയിലയിലരച്ച ചമ്മന്തിയിൽ മുക്കി ദോശ കഴിക്കുമ്പോഴും എന്റെ ശ്രദ്ധ അന്നയുടെ കഥ വായിക്കുന്ന അവളിൽ തന്നെയായിരുന്നു. ഞാൻ ആഹാരം കഴിച്ച് കഴിഞ്ഞപ്പോൾ, ഒന്നാമധ്യായം അവളും വായിച്ച് കഴിഞ്ഞിരുന്നു. അവളിൽ എന്തെങ്കിലും ഭാവ വ്യത്യാസം ദൃശ്യമായില്ല. നിർവികാരതയോടെ കുറെ നേരം വിദൂരതയിൽ നോക്കിയിരുന്നിട്ട് അവൾ പുറത്തേക്കിറങ്ങി പോയി.
രണ്ടാമധ്യായത്തിലെ തുടക്കത്തിൽ തടസ്സമില്ലായിരുന്നു. ഇടയ്ക്ക് നിർത്തേണ്ടി വന്നു.. മുന്നോട്ടുള്ള ഒഴുക്കിനു അവളിലൂടെ തിരികെ നടക്കണം. ഭാവനയിലൂടെ സൃഷ്ടിക്കാം. പക്ഷെ തനിപ്പകർപ്പിന്റെ തനിമ നഷ്ടപ്പെടും.
അവൾ വാതിൽ തുറന്നകത്ത് വന്നു എനിക്കെതിരെയുള്ള കസേരയിൽ ഇരുപ്പുറപ്പിച്ചു. മനസ്സുകൊണ്ടാഗ്രഹിക്കുമ്പോൾ കാഴ്‌ചയായോ ശബ്ദമായോ മുന്നിലെത്തുന്ന പ്രണയത്തെക്കുറിച്ച് ഞാനോർത്തു. മനസ്സ് കൊണ്ട് ഞാനാ കരാറിലൊപ്പ് വച്ചിരുന്നുവോ? അപ്പോഴാണ് അവളുടെ വേഷം ഞാൻ ശ്രദ്ധിച്ചത്. പാട്ട് പാവാടയും ബ്ലൗസും. കാലത്തിലേക്ക് തിരിച്ച് പോകാൻ അവളും തയ്യാറായി വന്നതാണ്.
മൂന്നാം നാൾ അവൾ ദാവണിയിലായിരുന്നു. നീളമുള്ള മുടി ഇരു ഭാഗത്തായി പിന്നിയിട്ടിരുന്നു. നാലാം നാൾ ചുരിദാറിലും, മുടി ഷാമ്പു തേയ്ച്ച് മിനുസപ്പെടുത്തിയിരുന്നു. അന്നവൾ കോളേജിലെ കൂട്ടുകാർക്കൊപ്പം വളരെ സന്തോഷത്തിലായിരുന്നു. അഞ്ചാം നാൾ വളരെ നിരാശയിൽ കാണപ്പെട്ടു. തലേദിവസം ധരിച്ച അതെ ചുരിദാർ. നന്നായി മുഷിഞ്ഞിരുന്നു. പാറിപ്പറന്ന മുടിയും കരഞ്ഞ് കലങ്ങിയ കണ്ണുകളും. മൂന്ന് വർഷം ഹൃദയത്തിന്റെ ശ്രീ കോവിലിൽ ആരും കാണാതെ സൂക്ഷിച്ച് അകക്കണ്ണാൽ ആരതിയുഴിഞ്ഞ രൂപത്തെ മറ്റൊരിടത്തേക്ക് ബാലാരിഷ്ട പ്രതിഷ്ഠ നടത്തിയപ്പോൾ കേഴുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു.
ആറാം നാൾ കഥയിലെ ഏറ്റവും പ്രധാനമായ സംഭവം നടന്നത് അവിടെയാണ്. ഒൻപത് അധ്യാങ്ങൾ കൊണ്ട് തീർക്കേണ്ട കഥ ആറാമധ്യായത്തിൽ എനിക്ക് അവസാനിപ്പിക്കേണ്ടി വന്നത് .
അന്നവൾ കഥ പറയാൻ വന്നത് ഇരുട്ട് കനം വച്ചതിനു ശേഷമായിരുന്നു. ചുവന്ന പട്ടു സാരിയും തിളങ്ങുന്ന കല്ലുകൾ പിടിപ്പിച്ച ബ്ളൗസുമായിരുന്നു വേഷം. കട്ടിക്ക് കണ്ണെഴുതി, ആ കണ്ണുകൾ മീനുകളെ പോലെ പിടച്ചിരുന്നു.. അഴിച്ചിട്ട മുടിയിൽ നിന്നുള്ള താളിയുടെ ഗന്ധം വിട്ട് മാറിയിരുന്നില്ല. അന്നവൾക്ക് വല്ലാത്തോരു ആകർഷണമായിരുന്നു. എന്തുകൊണ്ടോ ഞങ്ങൾക്കിടയിൽ അന്ന് നിശ്ശബ്ദതയുടെ ഒരു നേർത്ത പാളി വലയം ചെയ്തിരുന്നു. കഥ ചോദിക്കാൻ മറന്ന് ഞാനും പറയാൻ മറന്ന പോലെ അവളും.
പുറത്ത് മഴ പെയ്ത തുടങ്ങിയപ്പോൾ ജനാലയുടെ അര പാളി തുറന്നവൾ അഴികളിൽ പിടിച്ച് ഇരുട്ടിലെ മഴയെ നോക്കി നിന്നു. നനുത്ത ഒരു കാറ്റ് അകത്തേക്ക് കടന്ന് പോയി. എന്റെ കരങ്ങൾക്ക് വല്ലാത്തൊരു വിറയലനുഭവപ്പെട്ടു.
അവളുടെ സമൃദ്ധമായ മുടി വകഞ്ഞ് മാറ്റുമ്പോൾ നഗ്നമായ കഴുത്തിലേറ്റ ചുടുനിശ്വാസത്തിലവൾ ചുട്ട് പൊള്ളി. അരക്കെട്ടിലേക്കൂർന്നിറങ്ങിയ കരങ്ങളെ അവൾക്ക് പ്രതിരോധിക്കാനായെങ്കിലും ചെവിയ്ക്ക് പിന്നിലമർന്ന അധരങ്ങളവളെ പുളകം കൊള്ളിച്ചു. നിശ്ശബ്ദതയെ കീറി മുറിച്ച് കൊണ്ട് അവളുടെ തേങ്ങലുയർന്നു. കരങ്ങളും അധരങ്ങളും പിൻവലിഞ്ഞ നിമിഷത്തിൽ അവൾ മഴയിലേക്കിറങ്ങിയോടി. അതി ശക്തമായി മിന്നിയ കൊള്ളിയാനിൽ അവളുടെ പട്ട് സാരിയുടെ തിളക്കം ഞാൻ കണ്ടു. പിന്നാലെ വന്ന കാതടപ്പിക്കുന്ന ഇടി മുഴക്കത്തിൽ ഞാൻ കണ്ണുകൾ പൂട്ടി കാതുകൾ പൊത്തി.
വാതിലിലൂടെ കടന്നു വന്ന തണുത്ത കാറ്റിലും ഞാൻ നന്നായി വിയർത്തു. അപൂർവ്വമായ പ്രണയ സങ്കല്പങ്ങളുടെ ലംഘനമായിരുന്നു. ഭക്തിയായും ആത്മീയമായും കണ്ടിരുന്ന പ്രണയത്തെ അശുദ്ധമാക്കി.
എന്തായിരുന്നു അവളന്ന് പറയാൻ വന്ന കഥ?. അവളന്ന് വന്നത് കഥ പറയാനായിരിക്കില്ല. ഞാനാരെന്ന് ഉറപ്പിക്കാനായിരിക്കും.
ചെക്ക് ഔട്ട് ചെയ്ത റിസപ്‌ഷനിൽ അവളെ കുറിച്ച് തിരക്കി. അങ്ങനൊരാൾ അവിടെ ജോലി ചെയ്തിരുന്നില്ല. അങ്ങനൊരാൾ അതിഥിയായും താമസിച്ചിരുന്നില്ല. പിന്നെ ഞാൻ കണ്ടതും മിണ്ടിയതും ഒക്കെ? ആരായിരുന്നു അവൾ? ഒരു കഥയുടെ പകുതിയിൽ അതവസാനിപ്പിക്കേണ്ടി വന്നു. എനിക്കവളെ സ്ത്രീത്വം എന്ന് വിളിക്കേണ്ടി വരും.
എനിക്കിനിയും ഉത്തരമില്ല. എന്റെ കഥ ഞാനവിടെ എഴുതി നിർത്തി.
(അശോക് വാമദേവൻ)

1 comment:

  1. അതിസൂക്ഷ്മം വായനയ്ക്ക്ടുക്കേണ്ടതാണീ രചന.
    സ്വതവേ, പലവട്ടം വായിച്ചെങ്കിലേ എന്തെങ്കിലും കുറിയ്ക്കാനാ‍ാവു.
    പിന്നെയും പിന്നെയും വായിച്ചുനോക്കിയപ്പോൾ, ആദ്യഭാഗങ്ങളിൽ തോന്നിയ വൈരുദ്ധ്യം പകുതിയ്ക്കുശേഷം മറക്കാൻ സാധിച്ചു.

    ഈ വാക്കുകൾ നോക്കുക- ‘നൈർമ്മല്യതയും പരിശുദ്ധിയും’
    രണ്ടും വിശേഷണങ്ങളാണ്. രണ്ട് വീശേഷണങ്ങൾ ഒരുമിച്ച് വരാമോ എന്ന് പരിശോധിയ്ക്കുമല്ലോ?
    നിർമ്മലത- നൈർമ്മല്യം- നൈർമ്മല്യത
    ഈ പദങ്ങളുടെ പൂരണം ശരിയാണോയെന്ന്, ഭാഷാനിഘണ്ടു തന്നെ നോക്കണം. അല്ലെങ്കിൽ മറ്റാരോടെങ്കിലും അന്വേഷിയ്ക്കണം.
    ഇതുപോലുള്ള പല പ്രയോഗങ്ങളും മനഃപൂർവ്വമായിരിയ്ക്കില്ലെങ്കിലും, കാണാനിട വന്നു.

    പ്രണയ സങ്കല്പം ഇത്രയും ദീർഘമായ ഒരു വരിയിലെഴുതിത് അനുവാചകനെ അലോസരപ്പെടുത്താതിരിയ്ക്കില്ല. നാലോ അഞ്ചോ തവണയെങ്കിലും വായിച്ചുനോക്കാതെ, തുടരുക സാധ്യമല്ല.
    കാല്പനികത ആസ്വാദ്യമാം വിധം ഇഴുകിച്ചേർന്നിട്ടുള്ള ഇത്തരം രചനകൾ ഗ്രൂപ്പുകളിൽ ഇന്നുവരെ കാണാൻ കഴിഞ്ഞിട്ടില്ല.
    ഇനിയും പകർത്തിയെഴുതിയാൽ, അസാധാരണമായൊരു കഥയായി തീരുമെന്നതിലും സംശയമില്ല. ആശംസകളോടെ,
    -സജി വട്ടംപറമ്പിൽ.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot