നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആരാണ് തെറ്റുകാർ

ആരാണ് തെറ്റുകാർ
......................................

ചില ചോദ്യങ്ങളോ, വാർത്തകളോ പലപ്പോഴും കൊണ്ട് ചെന്നെത്തിക്കാറ് പിന്നിട്ട വഴികളിലെവിടെയെങ്കിലുമായിരിക്കും.
" ഈ പ്രസവം ഒരു സംഭവാമാണല്ലേ, -???? ആദ്യമായി അമ്മയാകാൻ പോകുന്ന ഒരു പെണ്ണിന്റെ ചോദ്യം.
"സഹിക്കാൻ പറ്റുന്നില്ല. ആ ഡോക്ടർ നേരത്തെ പറഞ്ഞിരുന്നെങ്കിൽ അവൾ രക്ഷപ്പെട്ടേനെ.... "
- മറ്റൊരു സുഹൃത്തിന്റെ ഉള്ള് പിടയുന്ന വാക്കുകൾ !
രണ്ടും എന്നെ കൂട്ടിപോയത് വർഷങ്ങൾ പിറകിലേക്ക്.
പ്രസവത്തെപ്പറ്റി ഒരു പാട് വായിച്ചിട്ടുണ്ട് ഈ മുഖപുസ്തകത്തിൽ തന്നെ.
അതിന്റെ വേദനയും കഷ്ടപ്പാടും വളരെ കൃത്യമായി പലരും എഴുതി വച്ചിട്ടുണ്ട്.
അസ്വസ്ഥവും, ആശങ്കയും നിറഞ്ഞ ഗർഭകാലങ്ങളിലും താരാട്ട് പാട്ടിന്റെ ഈണം നെഞ്ചോട് ചേർത്ത് നടക്കുന്ന പെണ്ണിന്റെ സ്വപ്നങ്ങൾ പൂർത്തീകരിക്കപ്പെടുന്നത് ഭൂമിയിലെദൈവങ്ങളായ ഡോക്ടർമാരിലൂടെയാണ്.
അങ്ങിനെയൊരു ദൈവതുല്യയുടെ കൈകളിൽ എത്തിപ്പെട്ട ഞാനും അന്ന് ഏറെ സന്തോഷവതിയായിരുന്നു.
നഗരത്തിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ ആദ്യ പ്രസവത്തിനായി കാത്ത്ക്കിടക്കുമ്പോൾ എന്നെ ചികിത്സിച്ച ഡോക്ടർ എന്റരികിൽ ഉണ്ടായിരുന്നു.
നല്ല ചിരിച്ച മുഖവും, സൗമ്യമായ പെരുമാറ്റവും നിറച്ച് .
മരണമായിരുന്നു ഇതിലും ഭേദമെന്ന് തോന്നി തുടങ്ങിയ നിമിഷങ്ങൾ - ഭൂമിയിലേക്കുള്ള ജീവന്റെ കുതിപ്പിന്റെ ശക്തി താങ്ങാൻ കഴിയാതെ ഞാൻ അവശയായി തുടങ്ങിയിരുന്നു.
ഭയാനകമായ ആ അന്തരീക്ഷത്തിൽ എല്ലു നുറുങ്ങുന്ന വേദനയേയും പുണർന്ന് കരയുമ്പോൾ ആ ലേബർ റൂമിൽ ഞാൻ തേടിയിരുന്നു - എന്റെ ഗർഭപാത്രത്തെ അതുവരെ പഠിച്ച് വച്ച ഡോക്ടറെ.
പക്ഷെ പിന്നീട് എനിക്കാ ഡോക്ടറെ അവിടെ കാണാൻ കഴിഞ്ഞില്ല.
സൂര്യൻ മറഞ്ഞ് ഇരുട്ട് പരന്നിട്ടും കൊല്ലുന്ന വേദനയും ഞാനും മാത്രം!
മറുതലക്കൽ എനിക്ക് കാണാൻ കഴിഞ്ഞു. ഒരുകുഞ്ഞിന് ജന്മം നല്കിയ പെൺകുട്ടിയോട് കുശലം പറഞ്ഞ് ചിരിക്കുന്ന മറ്റൊരു ഡോക്ടർ അവരോട് എനിക്ക് വല്ലാത്ത ആദരവും, സ്നേഹവും തോന്നിയ നിമിഷം!
ആ ഡോക്ടറും, പ്രസവം കഴിഞ്ഞ പെണ്ണും വെളിയിലേക്ക് പോകുന്നത് കണ്ട എന്റെ മനസ്സും സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.
എന്റെ പ്രസവവും ഒന്ന് കഴിഞ്ഞ് കിട്ടിയിരുന്നെങ്കിലെന്ന് വല്ലാതെ ആഗ്രഹിക്കുകയായിരുന്നു.
പിന്നീട് ആ മുറിയിൽ എന്റെ വേദനയും, നിശ്ശബ്ദ്ദതയും മാത്രമായിരുന്നു.
" "ഡോക്ടർ വന്നേ പറ്റൂ... ഈ കുട്ടിക്ക് കാലത്ത് വേദന തുടങ്ങിയതാണ് ... ഇപ്പോ രാത്രി എട്ട് മണി സിസേറിയൻ നിർബന്ധമാണ് ... വളരെ റിസ്ക്കാണ്. പ്ലീസ് ഡോക്ടർ." "
എന്നെ ഏൽപ്പിച്ച് കൊടുത്ത രണ്ട് മാലാഖമാരുടെ ഇംഗ്ലീഷിലുള്ള അപേക്ഷ ഞാനും കേൾക്കുന്നുണ്ടായിരുന്നു.
" "എനിക്ക് വരാൻ പറ്റില്ല. നിങ്ങൾ ശ്രമിക്കൂ " "എന്നുള്ള നിരാശ കലർന്ന മറുപടിയിൽ നഴ്സുമാർഫോൺ കട്ട് ചെയ്തു.
ആ നഴ്സുമാരുടെ പേടി നിറഞ്ഞ മുഖഭാവം എന്നെ കൂടുതൽ തളർത്തിക്കൊണ്ടിരുന്നു.
ഒടുവിൽ എന്റെ വേദനയെ ഏതോ ഡ്യൂട്ടി ഡോക്ടറേയും കൂട്ട്പിടിച്ച് അവർ ഇല്ലാതാക്കി.
എന്റെ കുഞ്ഞിന്റെ കരച്ചിൽ ആ ലേബർ റൂമിൽ നിറഞ്ഞു.
പുറത്ത് സിസേറിയൻ വേണമെന്ന് പറഞ്ഞ മകൾ സുഖപ്രസവം പ്രാപിച്ചുവെന്ന സന്തോഷത്താൽ ഉറ്റവരുമുടയവരും!
പ്രസവം കഴിഞ്ഞാ പിന്നെന്ത് വേദന. നേരത്തെ മുറി വിട്ട് പോയ പെൺകുട്ടിയെ പോലെ ഞാനും ചിരിക്കാൻ ശ്രമിച്ചു.
കൈകാലുകൾ അനക്കാൻ വയ്യാതെ എന്റെ ദേഹമാസകലം വീണ്ടും ആ കൊത്തി മുറിക്കുന്ന വേദന പടരുന്നു.
അവിടെക്കിടന്ന് പുളയുന്ന എന്നെ അമ്പരപ്പോടെ നോക്കി നില്ക്കുന്ന നഴ്സുമാരുടെ മുഖത്ത് അകാരണമായ എന്തോ ഭയം നിഴലിക്കുന്നു.
സഹിക്കാൻ പറ്റാത്ത വേദനകൾ മരണത്തെ തേടുമെന്ന് പറയുന്നത് വാസ്തവമായിരുന്നു. അസ്ഥികൾ നുറുങ്ങുന്ന വേദന വിട്ട് പോകാതെ എന്നെ മുറുക്കി ക്കൊണ്ടിരുന്നു.
വയറ്റീന്ന് കീഴെ എന്തോ ഭാരം വന്ന് തിങ്ങിനിറഞ്ഞ് നില്ക്കുന്നു.
സുഖപ്രസവം കഴിഞ്ഞ യുവതിയെ പുറത്തേക്ക് കൊണ്ടു പോകേണ്ട സമയം കഴിഞ്ഞത് കൊണ്ടാവാം വെളിയിൽ നിന്ന് കതകിന് തട്ട് തുടങ്ങിയിരുന്നു.
എന്റെ നേരെ ചീറി പാഞ്ഞ് വന്ന നഴ്സുമാർ വല്ലാത്ത വെപ്രാളത്തിൽ ആയിരുന്നു ആ സമയം.
"ചുമ്മാ കിടന്ന് കരഞ്ഞ് ആളെ കൂട്ടുന്നോ... പുറത്ത് നില്ക്കുന്നവർക്ക് ഞങ്ങളെ കൊലയ്ക്ക് കൊടുക്കാണോ.. കൂട്ടീ... കേട്ടില്ലേ.. മുട്ട് തുടങ്ങി.നിങ്ങട കുട്ടി ഇവിടെക്കിടന്ന് കരയാന്ന് പറയാം... എന്നിട്ട് ഞങ്ങളെ മേൽ അവര് ഓടിക്കയറട്ടെ. "
ഒന്നും ശബ്ദ്ദിക്കാൻ പോലും ആവാതെ ഞാൻ അവരെ ദയനീയമായി നോക്കുകയായിരുന്നു.
കാര്യകാരണമില്ലാതെ തട്ടിക്കയറുന്ന ഒരു വിഭാഗത്തെയാണ് അവർ ഭയപ്പെടുന്നത് എന്നത് ശരിയായിരുന്നു.
പക്ഷെ എന്റെ പിടച്ചിൽ കൺമുന്നിൽ കണ്ടിട്ടും നാട്യമാണെന്ന് വിധിയെഴുതാൻ അവർ ഒരുങ്ങുകയായിരുന്നു.
പുറത്ത് പോയി നിങ്ങട കൊച്ഛ് ചുമ്മാ കിടന്ന് കരയുന്നു അല്പം കഴിഞ്ഞ് റൂമിലേക്ക് മാറ്റാമെന്ന് പറഞ്ഞ് ഉറ്റവരെ സമാധാനിപ്പിച്ച് അവർ എന്നെ മരണത്തിന് വിട്ട് കൊടുത്ത പോലെ കർട്ടന് പിറകിൽ മറഞ്ഞിരുന്നു.
ഒഴുകുന്ന രക്തവും, നുറുങ്ങുന്ന നാഡീഞരമ്പുകളും അനക്കാൻ പറ്റാത്ത കാലുകളും ,കൊണ്ട് ഓരോ സെക്കന്റും എന്നെ കൊല്ലുകയായിരുന്നു.
നിമിഷങ്ങൾ വേഗേന എന്റെ ശരീരത്തിൽ വിറയലാരംഭിച്ചിരുന്നു. ഒരു ചുഴിയിലകപ്പെട്ടത് പോലെ ഞാൻ കറങ്ങാൻ തുടങ്ങുകയായിരുന്നു. തീർച്ചയായും മരണം തൊട്ടു മുൻപിൽ വന്ന് നില്ക്കുന്നത് ഞാൻ കാണാൻ തുടങ്ങുന്നു.
പക്ഷെ വന്നത്-
ചുക്കിചുളിഞ്ഞ ആ കൈ എന്റെ നെറ്റിയിൽ തലോടുന്നു.
ഒരു വലിയ സ്റ്റീൽഗ്ലാസ് നിറയെ വെള്ളം എന്റെ തൊണ്ടയിലോട്ട് ഒഴിക്കുന്നു. "മോളേ ഒന്നുമില്ല, ആദ്യമല്ലേ അതുകൊണ്ടാ... ഈശ്വരനെ വിചാരിക്ക്,മനസ്സിന് ശക്തി നല്കൂ... ... ഇപ്പോ ജനിച്ച് വീണ നിന്റെ കുഞ്ഞിനെ ഓർക്ക്.
ശരീരത്തിന് ബലം കൊടുക്ക് " അവര് വീണ്ടും ഓടി പോയി വെള്ളം എന്റെ വായിലേക്ക് ഒഴിച്ച് കൊണ്ടേയിരുന്നു. സാരിത്തലപ്പ് കൊണ്ട് മുഖവും കഴുത്തും തുടച്ച് തന്നു.
എന്നെക്കണ്ടാൽ അവര് ചീത്ത പറയും മോളേ... ഞാൻ പോട്ടെ ... മോൾക്ക് ഒന്നും വരില്ല " .
അവരവിടുന്ന് അപ്രത്യക്ഷമായി. ഇന്നും ഞാൻ വിശ്വസിക്കുന്നു . ദൈവശക്തിയായിരുന്നു അത്.
എന്നെ പുല്കാൻ വന്ന മരണത്തെ കൂട്ടി പോയ ദൈവശക്തി ഒന്നു മാത്രം!
ആ ദൈവംഎന്റെ കൂടെ ഉണ്ടായിരുന്നു. അവിടെ എന്നെ മറച്ച് കൊണ്ട് തൂങ്ങിയാടിയ കർട്ടൻ വലിച്ച് പൊട്ടിച്ച് താഴെയിട്ടു. പതുങ്ങിയിരിക്കുന്ന നഴ്സുമാർ അട്ടഹസിച്ച് കൊണ്ട് എന്നെ തുറിച്ചു നോക്കി.
എന്റെ വേദന മാറിയെന്നും എന്നെ പുറത്തേക്ക് കൊണ്ട് പോകണമെന്നും ഞാൻ കരഞ്ഞു പറഞ്ഞു.
"പറ്റില്ല. കള്ളം പറയുന്നു ... അവിടെ എത്തിയിട്ട് ഞങ്ങളെ തെറ്റുകാരാക്കാനുള്ള അടവല്ലേ...." എന്ന മറുചോദ്യം !
കുറച്ച് സമയത്തേക്കുള്ള രക്ഷനേടൽ മാത്രമാണ് അവരുടെ ലക്ഷ്യം. പലപ്പോഴും നടക്കുന്നതും അതാ വില്ലേയെന്ന് ചിന്തിക്കാതിരിക്കാൻ കഴിയാത്തതും ഇതുകൊണ്ടു മാത്രം.
പുളയുന്ന എന്റെ ശരീരത്തെ നിയന്ത്രിക്കാൻ ആ ശക്തി എന്നോടൊപ്പം ഉണ്ടായിരുന്നു.
വേദന പോയെന്നും.
പുറത്ത് കൊണ്ടു പോയില്ലെങ്കിൽ ഞാൻ ഒച്ഛ വയ്ക്കുമെന്നും ,,, ഉച്ഛത്തിൽ പ്രതികരിക്കാൻ തുടങ്ങിയ എന്റെ വായ അവര് പൊത്തി പിടിച്ചു.
"നൂറ് വട്ടം സത്യമാണല്ലോ... പറയില്ലല്ലോ "
എന്നാവർത്തിച്ച് ചോദിച്ച് സ്ട്രെക്ച്ചറിൽ പുറത്തേക്ക് തള്ളാൻ തുടങ്ങി.
പാവങ്ങൾ അല്ലേലും അവരെന്ത് പിഴച്ചു.
മാസന്തോറും നോട്ടുകൾ എണ്ണി വാങ്ങി ,സ്വന്തം രോഗി മരണത്തോട് മല്ലിടുമ്പോഴും സുഖനിദ്രയ്ക്ക് ഭംഗം വരുത്താത്ത ഡോക്ടർമാർ പിന്നെന്തിന് ആ വേഷം കെട്ടണം എന്നേ ഞാൻ ചിന്തിച്ചുള്ളൂ.
കടുത്ത വാക്കുകൾ പേടിച്ച് നിന്ന നഴ്സുമാർക്ക് ആശ്വാസമായിരുന്നു എന്റെ ബന്ധുക്കളുടെ പ്രതികരണം.
" അവൾ ഒട്ടും വേദന സഹിക്കൂല. അതു കൊണ്ടാ... പേടിച്ച് പോയിക്കാണും."
ആ നിമിഷമായിരുന്നു ഞാൻ ഹൃദയം പൊട്ടി ശരിക്കും കരഞ്ഞ് പോയത്. ഇതിൽപരം ഇനിയെന്ത് സഹനമാണ് ഒരു പെണ്ണിന്.ഞാൻ തിന്ന് തീർത്ത വേദന, ആ നിമിഷവും പേറിക്കൊണ്ടിരിക്കുന്ന വേദന എന്റെ കണ്ണുനീരിന്റെ ഒഴുക്കിനെ തടയിടാൻ കഴിയാതെ വരികയായിരുന്നു.
''വേദന, വേദന എന്ന് പറയുന്നത് കൊണ്ട് ഇന്നീ മുറിയിൽ നില്ക്ക് .റൂമിലേക്ക് നാളെ ഡോക്ടർ വന്ന് പരിശോധിച്ചിട്ട് മാറ്റാം.. "
ലേബർ റൂമിനോട് ചേർന്ന മുറിയിൽ കിടന്നായി പിന്നീടുള്ള എന്റെ പുളയൽ .രാത്രി പകലാകുന്നതും കാത്ത് ആരാലും തിരിച്ചറിയാത്ത എന്റെ വേദനയും ഞാനും!
നേരം പുലർന്ന് ജീവച്ഛവം പോലെ കിടക്കുന്ന എന്നെ ആരൊക്കെയോ തൊട്ട് നോക്കുന്നു. പരിചയമുള്ള പല നഴ്സുമാരും "എന്താടോ... ഇത് " എന്ന കളി പറയൽ ,കൂടെ എന്റെ ബന്ധുമിത്രാദികളും. കണ്ണീര് വറ്റിയത് കൊണ്ടാവാം കരയാൻ പോലും തോന്നിയില്ല.
ഒടുവിൽ എന്നെ ചികിത്സിച്ച ഡോക്ടർ റൗണ്ട്സിന് വന്നു.
"ഇന്നലേ ഇവിടെ കരയുന്നു എന്ന് പറഞ്ഞ കുട്ടി എവിടെ. ഞാനൊന്ന് നോക്കട്ടെ."
പരിശോധിച്ച ഉടനെ കണ്ണുകൾ പുറത്തേക്ക് തള്ളുന്നത് എനിക്ക് കാണാമായിരുന്നു. കൂടെ ഉണ്ടായിരുന്ന- ഞാൻ ലേബർ റൂമിൽ കണ്ട സ്നേഹത്തിന്റെ ,കരുതലിന്റെ ആ ഡോക്ടറോട് എന്നെ പഠിച്ച ഡോക്ടർ എന്തോസ്വകാര്യം കാതിൽ പറയുന്നു. നഴ്സുമാരെ ക്രുദ്ധയായി നോട്ടം കൊണ്ട് ചുട്ടുചാമ്പലാക്കുന്നുണ്ടായിരുന്നു.
''പെട്ടെന്ന് തന്നെ ഒരു ഓപ്പറേഷൻ ആവശ്യമുണ്ട്. നിങ്ങൾ പെട്ടെന്ന് ഒപ്പ് വെയ്ക്കണം ."
അതുവരെ എന്റെ സഹനശക്തിയെ കുറ്റപ്പെടുത്തിയവർ അന്ധാളിച്ചു., ഞെട്ടിത്തരിക്കുകയായിരുന്നു.
"ഇന്നലെ സുഖമായി പ്രസവിച്ച കുട്ടിക്ക് ഇന്ന് ഓപ്പറേഷനോ.. ഡോക്ടർ എന്ത് വിവരക്കേടാണ് പറയുന്നത്? എന്തിനാണെന്ന് പറയൂ.. "
"കാര്യത്തിന്റെ ഗൗരവം മനസിലാക്കൂ, സംസാരിച്ച് സമയം കളയരുത്, കുട്ടിയുടെ ജീവനാണ് ഇപ്പോ പ്രാധാന്യം ,!"
ആരൊക്കെയോ കരയാൻ തുടങ്ങിയിരുന്നു.
വേദനയുടെ ആഴങ്ങളിൽ മുങ്ങി ,ഒരു തുള്ളി രക്തം ശരീരത്തിൽ അവശേഷിക്കാതെ വിളറി വെളുത്ത ഒരു പേക്കോലമായി ഞാൻ മാറിക്കഴിഞ്ഞിരുന്നു.
" കുട്ടി ഇന്നലേ വേദന സഹിക്കുന്നതല്ലേ... അതു കൊണ്ട് ഈ പച്ച വസ്ത്രം ധരിക്കൂ.. ഒന്ന് മയക്കീട്ട് നമുക്കീ വേദന മാറ്റാട്ടോ..." ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റുമ്പോൾ ആ ഡോക്ടർ സൗമ്യമായി യാതൊരു സങ്കോചവുമില്ലാതെ പറഞ്ഞ വാക്കുകളായിരുന്നത്.
അനസ്തേഷ്യ തരാൻ കൈകൾ വലിച്ച് പിടിക്കുമ്പോൾ ആ മുറിയിലെ പേടിപ്പെടുത്തുന്ന നിശ്ശബ്ദതയിൽ ,ചുറ്റിലും വായ മൂടിക്കെട്ടി നില്ക്കുന്ന ഡോക്ടർമാരേയും ,തൂങ്ങിയാടുന്ന രക്തം നിറച്ച കുപ്പികളും ഞാൻ കണ്ടു.
പിന്നീടെപ്പോഴോ കണ്ണ് തുറന്നപ്പോൾ ശരീരത്തിൽ നിന്നും എന്തോ ഭാരം ഇറക്കി വച്ചത് പോലെ - എന്നെ പുളഞ്ഞ വേദനയിൽ നിന്നും മുക്തയായിക്കഴിഞ്ഞിരുന്നു.
ആശുപത്രിയിൽ ബന്ധുജനങ്ങൾ കാരണം തിരക്കി ബഹളം വയ്ക്കുന്നു. എല്ലാറ്റിനും ഒടുവിൽ അതാണല്ലോ എവിടേയും പതിവ്.
എല്ലാവരും നിസ്സഹായർ ,ഒന്നും അറിയാതെ പ്രിയപ്പെട്ടവരുടെ ജീവനെ ദൈവതുല്യമായി കാണുന്ന ഡോക്ടർമാരുടെ കൈകളിലേക്ക് വച്ച് കൊടുക്കുമ്പോൾ കൂടെഒരു പാട് പ്രതീക്ഷകളും ,സ്വപ്നങ്ങളും, പ്രാർത്ഥനകളും ഉണ്ടാകും .
ഒരു നിമിഷത്തെ അശ്രദ്ധ തല്ലിക്കൊഴിക്കുന്നത് എത്രയോ പാവങ്ങളുടെ ജീവിതങ്ങളാവാം.. അപ്രതീക്ഷിതമായി ആശുപത്രികളിൽ ഉണ്ടാവുന്ന മരണങ്ങൾ ഉറ്റവരെ പ്രകോപിതരാക്കുമ്പോൾ എന്റെ മുന്നിൽ മരണത്തെ ഭയപ്പാടോടെ ഏറ്റു വാങ്ങുന്ന ,വിറങ്ങലിച്ച ഏതൊക്കെയോ ജന്മങ്ങളുടെ മുഖം തെളിയാറുണ്ട്.
ഒരിക്കലും സംഭവിക്കരുതേയെന്ന് മനംനൊന്ത് പ്രാർത്ഥിക്കാറുണ്ട്. രക്ഷകരെന്നും രക്ഷകരായിത്തന്നെ ഇരിക്കട്ടെ. ചെയ്യുന്ന കർമ്മങ്ങളിൽ ആത്മാർത്ഥതയുടെ അംശങ്ങൾ നിറയ്ക്കട്ടെ.
" "ചാടിക്കടിക്കാൻ വരരുത്. തുന്നിക്കൂട്ടുമ്പോൾ ഒരു ഞരമ്പ് കൂട്ടിക്കെട്ടാൻ വിട്ടു പോയി. അതിലൂടെ രക്തം വാർന്ന് കട്ടയായതാണ് " ചോദിക്കാൻ ചെന്നവർക്ക് വളരെ നിസാരമായി ഡോക്ടർ മറുപടി കൊടുത്തു.
അതുവരെ ഞാൻ അനുഭവിച്ച മരണവേദനയ്ക്കുള്ള മറുപടി.
വിശ്വസിക്കാം - വിശ്വസിക്കാതിരിക്കാം..
ഞാനിന്നും വിശ്വസിക്കുന്നു.
മരണം എന്നെ തേടി വന്നിരുന്നുവെന്ന്.
ഭാഗ്യ നിർഭാഗ്യങ്ങളുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ എത്ര പേർക്ക് കഴിയുന്നുണ്ടാകും എന്ന സത്യം നിങ്ങളും ഓർക്കുക!
ഷംസീറ ഷമീർ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot