നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുറപ്പെണ്ണ്

Image may contain: 1 person

ഞാനൊന്നു വളർന്നു വരുന്നതിന് മുമ്പ് തന്നെ എന്റമ്മ എന്റെ കെട്ടു പറഞ്ഞുറപ്പിച്ചിച്ച കാര്യം ഏറെ വൈകിയാണ് ഞാനറിഞ്ഞത്.
വളർന്നു കെട്ടുപ്രായമായപ്പോൾ കുടുംബത്തിൽ നിന്നൊരു കല്യാണം വേണ്ടെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞത്
എന്റെ പ്രണയം പടർന്നു പന്തലിച്ചങ്ങനെ പൂത്തുലഞ്ഞ് നിന്ന നാളുകളിലായിരിന്നു..
അമ്മാവനാണേൽ അതറിഞ്ഞ നാളു മുതൽ എന്നെ കാണുന്നത് തന്നെ കലിയായി മാറി..
മുറപ്പെണ്ണിനാണേൽ എന്നെ കാണുന്നത് തന്നെ ചതുർത്ഥിയായി മാറി..
ഒടുക്കമെന്റെ പ്രണയവും തെങ്ങ് വെട്ടി റബർ വെച്ച പോലെയവസാനിച്ചു. ആദ്യമൊക്കെ നല്ല വിലയായിരിന്നു പിന്നീടത് കുറഞ്ഞു കുറഞ്ഞ് വന്നു രണ്ടു പേരും രണ്ടു വഴിക്ക് കൈ കൊടുത്ത് പിരിഞ്ഞു..
പിന്നെ ഒരിക്കൽ അവളെന്റെ കയ്യിലേക്ക് വെച്ച് തന്നത് അവളുടെ കല്യാണക്കുറിയായിരിന്നു..
എന്നെ പെരുവഴിയിലാക്കി പോയ പിന്നെ എന്നിലേക്ക് നടക്കാൻ ഞാൻ ഷാപ്പുകളേറെ താണ്ടേണ്ടി വന്നു..
രണ്ടു കുപ്പി അകത്താക്കി മലർന്നു കിടക്കുമ്പോൾ തോന്നി അവളുടെ കല്യാണത്തിന് പോയി കണ്ടു കൂട്ടിയ കനവുകളെല്ലാം ഒഴുക്കി കളയണമെന്ന്..
കൊട്ടും മേളവും അവളുടെ കെട്ടും കണ്ട് തിരിച്ച് വരുമ്പോൾ ഞാൻ വീണ്ടും ഷാപ്പിലേക്ക് അവസാനമായി ഒരു നിക്ഷേപം നടത്തി ഒരു കുപ്പി വാങ്ങി അവളോടുള്ള കിക്ക് അടിച്ചു തീർത്തു..
പിറ്റേദിവസം ഞാൻ മുടി വെട്ടി താടി വടിച്ചു.
വീട്ടിൽ രണ്ട് ദിവസം ഒരു സേവയുമില്ലാത്ത ഇരുത്തം.
ഈ ഇരിപ്പ് കണ്ടമ്മ എന്നോട് ചോദിച്ചു '
" എന്താ മോനേ വീട്ടിൽ തന്നെ അടഞ്ഞു കൂടി ഇരിക്കുന്നേ ഇന്ന് പാടത്തും പറമ്പിലുമൊന്നും പോണില്ലേ'?" എന്ന് ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞൊഴിയുമ്പോൾ അമ്മ പറഞ്ഞു 'നാളെ ആങ്ങളയുടെ വീട് വരെ ഒന്ന് പോണം നീ ആ വണ്ടിയിലെന്നെ ഒന്നാക്കി തരണം അങ്ങോട്ട് ..
പിറ്റേദിവസം അമ്മയെ കൂട്ടി ഞാൻ അമ്മാവന്റെ വീട്ടിലേക്ക് തിരിച്ചു അവിടെ ചെന്ന് കയറുമ്പോൾ ഉമ്മറത്തിരിക്കുന്ന മുറപ്പെണ്ണിനെ ഞാൻ ആദ്യമായി ഒന്നു ശ്രദ്ധിച്ചു..
ഞാൻ അവളെ മൈന്റ് ചെയ്തു നോക്കി അവളോ എന്നെ ഒട്ടും മൈന്റ് ചെയ്യാതെയകത്തേക്ക് കയറി പോയി..
അമ്മ വിശേഷം തിരക്കി ഇരിക്കും നേരം അമ്മായി ചായയുമായി വന്നു ഞാൻ ചായയുമെടുത്തു പുറത്തേക്ക് നടന്നു..
വരാന്തയിൽ ചെന്നിരുന്നു
ഇടയ്ക്കവൾ അതു വഴി വന്നു ഞാൻ എണീറ്റ് നിന്ന് ആദ്യമായി ഒരു ബഹുമാനം അവൾക്ക് കൊടുത്തു
അതു കണ്ടാവണം അവളെന്നെ അത്ഭുതത്തോടെ ദേഷ്യമില്ലാതെ നോക്കിയത്..
ഞാൻ പണ്ടെങ്ങോ പൂരത്തിന് വാങ്ങി കൊടുത്ത കരിവളകൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നവൾ ഒരിക്കൽ പറഞ്ഞപ്പോൾ ഞാൻ അവളെയേറെ കളിയാക്കി ചിരിച്ചതൊക്കൊ എന്റെ ഓർമ്മയിലേക്ക് വന്നു..
എന്നാൽ എന്റെ മനസ്സ് ഇന്നാണ് എന്തു കൊണ്ടാണവൾ അതൊക്കെ സൂക്ഷിച്ചു വെച്ചതെന്ന് അറിയാൻ തുടങ്ങിയത്..
അവൾക്കെന്നോടുള്ള ഇഷ്ടം മനസ്സിലാവാൻ ഒരുവളെന്നെ പെരുവഴിയിലാക്കി നിർത്തേണ്ടി വന്നു . ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നു അവൾ അപ്പോഴേക്കും അകത്തേക്ക് കയറി പോയിരുന്നു..
വീട്ടിലേക്ക് അമ്മയേയും കൂട്ടി തിരിക്കുമ്പോൾ ഞാൻ ഒന്നു തിരിഞ്ഞു നോക്കി .അവളെ അവിടെ എവിടെയും ഞാൻ കണ്ടില്ല.
എന്റെ മനസ്സും മൂകമായി ഞാൻ തിരിച്ചറിയാതെ പോയൊരു ഇഷ്ടം എന്നെ ഏറെ നൊമ്പരപ്പെടുത്തി.
പിറ്റേദിവസം പറമ്പിലെ തേങ്ങ വാരി കൂട്ടുമ്പോഴും തൂമ്പയെടുത്തു തെങ്ങിന്റെ തടം വെട്ടുമ്പോഴും അവളുടെ മുഖം എന്റെ മനസ്സിലേക്കോടിയെത്താൻ തുടങ്ങി..
ഒരു ദിവസം അമ്മാവൻ വീട്ടിലെത്തി അവളുടെ കല്യാണക്കാര്യം ഏറെ കുറേ ശരിയായെന്ന് അമ്മയോട് പറയുന്നത് കേട്ടപ്പോൾ 'എന്റെ നെഞ്ചിൽ അതു വരെ ഇല്ലാത്ത ഒരു ഉലച്ചിൽ വന്നു.
' 'ലക്ഷ്മി കുറച്ചു സ്ഥലം വിൽക്കണം കല്യാണം നന്നായി നടത്തണം എന്റെ ഒരു മോഹമാണത് " എന്ന് അമ്മാവൻ അമ്മയോട് പറയുമ്പോൾ
ഞാൻ ഉമ്മറത്തിണ്ണയിലിരുന്നു ഒന്നു കണ്ണു നിറച്ചു..
തിരിച്ചിറങ്ങുമ്പോൾ അമ്മാവൻ എന്നെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു 'നീ വേണം അവളുടെ കല്യാണത്തിന് മുന്നിൽ നിൽക്കാൻ..
വീട്ടിൽ
എനിക്കാണായി ഒരു മകനില്ല നീ വേണം ആ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്യാൻ.. '
അമ്മാവൻ പറഞ്ഞു നിർത്തുമ്പോൾ എന്റെ കണ്ണുകൾ വീണ്ടുംനിറഞ്ഞു.
അമ്മാവൻ പിന്നെ പറഞ്ഞു' നീ എന്നെ വീട്ടിലൊന്നാക്കി തന്നേ എന്ന്..
എന്റെ ബൈക്കിനു പിറകിലിരുന്ന് അമ്മാവൻ പറഞ്ഞു
"ചെറുക്കന്റ വീട്ടുകാർ നാളെ വിവരം തരും "
ഞാൻ ഏതോ ഒരു രൂപത്തിൽ മൂളി..
പിന്നെ അവളുടെ കല്യാണത്തിന് ഒരുക്കേണ്ട കാര്യങ്ങളെ കുറിച്ചൊക്കൊ പറഞ്ഞു തുടങ്ങുമ്പോൾ അമ്മാവൻ വളരെ സന്തോഷത്തിലായിരിന്നു..
പിന്നെ അമ്മാവൻ പറഞ്ഞു "നിന്നെ കൊണ്ട് കെട്ടിക്കണം എന്ന് കരുതിയതാ ഞാനെന്റെ കുട്ടിയെ എപ്പോഴും കാണാലോ എന്റെ മോളെ.
ആണായും പെണ്ണായും ഒന്നു തന്നെ ഉള്ളത് കൊണ്ടാവാം അമ്മാവനങ്ങനെ തോന്നിയത് സാരമില്ല " എന്നും പറഞ്ഞ് അമ്മാവൻ ബൈക്കിൽ നിന്ന് ഇറങ്ങി വീടിന്റെ ഗെയ്റ്റു തുറന്നു.
'' വാ ചായ കുടിച്ചിട്ടു പോവാം " അമ്മാവനെന്നെ അകത്തേക്ക് വിളിച്ചു
അകത്തേക്ക് നടക്കുമ്പോൾ എന്റെ കണ്ണുകൾ പരതിയത് അവളെയാണ് .എന്നെ കാണുമ്പോൾ അകത്തേക്ക് കയറി പോവുന്ന അവളിന്ന് ഉമ്മറത്തു തന്നെ നിന്നു
ഞാൻ അവളെ നോക്കി ചിരിച്ചു അവൾ തിരിച്ചും ചിരിച്ചു..
ഞാൻ അവളോട് പറഞ്ഞു ഒരു കാര്യം പറയാനുണ്ട്... അവൾ എന്താ പറഞ്ഞോ.. ഞാൻ ഒരൊറ്റ വാക്കിലവളോട് ചോദിച്ചു '' നിന്നെ ഞാൻ കെട്ടിക്കോട്ടെ എന്ന് ''
അവൾ പെട്ടെന്ന് അകത്തേക്ക് കയറി പോയപ്പോൾ എന്റെ മനസ്സ് പിടഞ്ഞു..
ഞാൻ അമ്മാവനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ അവൾ എന്റെ പിറകെ ഓടി വന്നത് കണ്ണുകൾ രണ്ടും നിറച്ചായിരിന്നു..
എന്റെ മുമ്പിലെത്തി അവൾ മിഴികൾ തുടക്കുമ്പോൾ ഞാൻ അവളുടെ കൈകളിൽ ചേർത്തു പിടിച്ചു കഴിഞ്ഞിരുന്നു.. ജന്മങ്ങൾ ഒരുമിച്ചു നടക്കാൻ..
മുറ്റത്തെ മുല്ലയ്ക്കും മണമുണ്ട് എന്നു ഞാൻ ഹൃദയത്തിൽ എഴുതി തുടങ്ങുമ്പോഴാണ് അവളെന്റെ നെഞ്ചിലെ കറുത്ത രോമങ്ങൾക്കിടയിൽ നിന്നും ഒരു വെളുത്ത രോമം പറിച്ചെടുത്ത് ചിരിച്ചത്..
സ്റ്റോറി.. മുറപ്പെണ്ണ്
എ കെ സി അലി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot