നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലഹരിയിൽ പുകഞ്ഞ ജീവിതങ്ങൾ...

ലഹരിയിൽ പുകഞ്ഞ ജീവിതങ്ങൾ...
ഡി അഡിക്ഷൻ സെന്ററിനോടു ചേർന്ന കൗൺസിലിംങ്ങ് റൂമിൽ അപർണ്ണ തിരക്കിലാണ്.
റൂമിലുണ്ടായിരുന്നവരുടെ കൗൺസിലിംങ്ങിനു ശേഷം അവൾ ചോദിച്ചു
'കുറുപ്പമ്മാവാ ഇനി ആരെങ്കിലുമുണ്ടോ...?'
'ഇനിയാരുമില്ല..'
'വല്ലാത്ത തലവേദന.. വീട്ടിൽ പോയി ഒന്നു ഫ്രഷാകണം കുറച്ചു നേരം കിടക്കണം..'
'മോളു പൊയ്ക്കോളൂ. ഇതൊക്കെ ഞാനെടുത്ത് വച്ചോളാം.'
കുറുപ്പമ്മാവൻ അപർണ്ണയുടെ സഹായിയാണ് പ്രായം എഴുപതു കഴിഞ്ഞെങ്കിലും അതിന്റേതായ വിഷമങ്ങളൊന്നും ആ ശരീരത്തെ തീണ്ടിയിട്ടില്ല. മരിക്കും വരെ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കണമെന്നാഗ്രഹം മാത്രം. അപർണ്ണക്കും കറുപ്പമ്മാവനുള്ളത് ഒരാശ്വാസമാണ്.
മുഖത്തെ കണ്ണടയെടുത്ത് തുടച്ച ശേഷം വീണ്ടും വെയ്ക്കുമ്പോഴാണ് ഒരച്ഛനും അമ്മയും മകനും അവിടേക്കു കടന്നു വന്നത്.
അവരോടായി കുറുപ്പമ്മാവൻ ചോദിച്ചു
കൗൺസിലിംങ്ങിനു വന്നതായിരിക്കും അല്ലേ..?
അതേയെന്ന അർത്ഥത്തിൽ അവർ തലയാട്ടി.
ഇന്നത്തെ സമയം തീർന്നല്ലോ ബുദ്ധിമുട്ടില്ലെങ്കിൽ നാളെ രാവിലെ വരൂ..
അവരുടെ കൂടെയുള്ള ആ ചെറുപ്പക്കാരൻ പെട്ടന്നു കുപിതനായികൊണ്ട് അവരോടു പറഞ്ഞു
'ഞാൻ പറഞ്ഞതല്ലേ വരണ്ടാന്ന്. മനുഷ്യനെ മെനെക്കെടുത്താൻ..
നിങ്ങൾക്കായിരുന്നല്ലോ നിർബന്ധം... ഇതിന്റെ ഒരു ആവിശ്യവും എനിക്കില്ല.'
അവനെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ട് അവർ നടന്നകലുന്നതും നോക്കി അപർണ്ണയവിടെ ഇരുന്നു പോയി !
"ആ കണ്ണുകൾ, ആ മുഖം..!
അവന്റെ അതേ കണ്ണുകൾ.. വിടർന്ന നിറയെ പീലികളുള്ള ചെമ്പൻ കണ്ണുകൾ..
ഇനിയും മറക്കാൻ കഴിയാത്ത, എന്നുമെന്റെ ഓർമ്മകളിൽ നിറഞ്ഞു നിന്നിരുന്ന അവന്റെ അതേ മുഖം ...
നിറഞ്ഞ കണ്ണുകളെ അടക്കി നിർത്താനും കുറുപ്പമ്മാവനിൽ നിന്നും ഓടിയൊളിക്കാനും തിടുക്കപ്പെട്ട കൊണ്ട് അവൾ അവിടെ നിന്നു എഴുന്നേറ്റു അതിവേഗത്തിൽ കാറിനടുത്തേക്ക് നടന്നു.
ഡ്രൈവ് ചെയ്യുമ്പോഴും അവൾക്കതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കഴിയുന്നില്ല.. എങ്ങെനെയോ വീട്ടിലെത്തി കുളിക്കാനും വസ്ത്രം മാറ്റുവാനും മെനക്കെടാതെ കിടക്കയിൽ കണ്ണുകളച്ചു കിടന്നു.
മൂന്നു വർഷങ്ങൾക്കു മുൻപ് ഒഴിയാഞ്ഞവേദന നൽകി അകന്നുപോയ അവന്റെ മുഖമോർത്തുകൊണ്ട്.. "
പിറ്റേന്ന് രാവിലെ തന്നെ അവർ വന്നു. ആ ചെറുപ്പക്കാരന്റെ പേര് പ്രസാദ്. അവനെ പറ്റി കൂടുതൽ അറിയേണ്ടതുള്ളതുകൊണ്ട് ഞാനവനോട് അൽപ നേരം പുറത്തിരിക്കാമോ എന്നു ചോദിച്ചു..
എന്തോ അവനിപ്പോൾ ശാന്തനാണ് .അനുസരണയുള്ള നല്ലകുട്ടിയെ പോലെ അവൻ പുറത്തേക്കിരുന്നു.
എൻജിനീയറിംങ്ങിനു പഠിക്കുകയായിരുന്നു, അച്ഛൻ ഗൾഫിലൊരു ഉയർന്ന പോസ്റ്റിൽ ജോലി ചെയ്യുന്നു.സാമ്പത്തികമായി വളരെ ഉയർന്ന നിലയിൽ കഴിയുന്നവർ. സമ്പത്തിന്റെ അളവു കൂടിയതിനാലാവാം അവനൊരുപാട് ചീത്ത കൂട്ടുകളിൽ പെട്ട് ലഹരിക്കടിമയായി അവസാനം ഇവിടം വരെ എത്തിയത്. ചികിത്സയിലൂടെ ആ അവസ്ഥക്കു മാറ്റം വന്നെങ്കിലും കുറച്ചു കൗൺസിലിംങ്ങുകൂടിയായാലേ അതു പൂർണ്ണമാക്കാൻ കഴിയുള്ളൂ..
ആദ്യമാദ്യം അവൻ സഹകരിച്ചില്ല പക്ഷേ പതിയെ പതിയേ അവൻ മാറി. അവന്റെ സ്വഭാവത്തിൽ വലിയൊരു സ്വാധീനം ചലിപ്പിക്കാൻ എനിക്കായതിന് ഞാൻ ദൈവത്തോടു നന്ദി പറഞ്ഞു. അവനെ കാണുമ്പോൾ എന്റെ മനസ്സിനൊരു സുഖമാണ് അതുകൊണ്ടുതന്നെ ഞാനവനായി കുറച്ചു കൂടുതൽ സമയം മാറ്റിവെച്ചു. ഒരിക്കൽ കടൽ തീരത്ത് മനോഹരമായ അസ്തമയ സൂര്യന്റെ ഭാവങ്ങൾ ആസ്വദിച്ചു കൊണ്ടിരുന്നപ്പോൾ അവനെന്നോടു പറഞ്ഞു
''ചേച്ചീ.... കടലിന്റെ ആഴങ്ങളിലേക്കു പോകാൻ നല്ല രസമായിരിക്കുമല്ലേ.. ഞാനൊന്നു പൊയ്ക്കോട്ടേ..?"
ചോദ്യം തീർന്നതും അവൻ പെട്ടന്നെഴുന്നേറ്റ് കടലിലേക്കു നടക്കാൻ തുടങ്ങി ഞാനാകെ പരിഭ്രമിച്ചു.ആലോചിച്ചു നിൽക്കാതെ പെട്ടന്നവന്റെ പിന്നാലെ ചെന്നവനെ പിടിച്ചു വലിച്ചു
'നീയെന്തായീ കാണിക്കുന്നത് ..?'
ശക്തമായ കിതപ്പോടെ അവൾ ചോദിച്ചു..
'എന്നെ വിടൂ ഞാൻ പോകട്ടെ ...എനിക്കു പോയേ പറ്റൂ...'
വല്ലാത്തൊരു ആത്മഹത്യാ പ്രവണത അവനിലപ്പോൾ അവൾ കണ്ടു. അവനെ സമാധാനിപ്പിച്ചുകൊണ്ട് അവൾ വീണ്ടും ചോദിച്ചു.
'എന്തിനു വേണ്ടി ..? ആർക്കു വേണ്ടി..? '
എനിക്ക് വേണ്ടി ..എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി..
ലഹരിയ്ക്കടിമയായിരുന്ന എന്നെ ഇനി ആ കണ്ണിലൂടെ മാത്രമേ എല്ലാവരും കാണുള്ളൂ.. നല്ലൊരു ജീവിതം എനിക്കുണ്ടാവില്ല എല്ലാവരുടേയും മുൻപിൽ അച്ഛനും അമ്മയും ഇനിയും തല താഴ്ത്തി നിൽക്കുന്നതിലും ഭേദം ഞാൻ മരിക്കുന്നതാണ്..
ഒരു കരച്ചിലോടെ അവനതു പറഞ്ഞപ്പോൾ വീണ്ടും 'ഞാനവനെയോർത്തു... '
"പ്രസാദ്.. ആത്മഹത്യ ഒന്നിനും പരിഹാരമാവില്ല അതു നിന്നെ സ്നേഹിക്കുന്നവരെ വീണ്ടും വിഷമിപ്പിക്കാനേ ഉപകരിക്കൂ മരണശേഷവും നിന്നെ പറ്റി പറയാൻ നല്ലതൊന്നും ഉണ്ടാവില്ലാന്നു മാത്രമല്ല നിന്റെ ആത്മാവിനെ വരെ പ്രതിക്കുട്ടിലിട്ടു തേജോവധം ചെയ്തു രസിക്കുന്നവരേയും നീ കാണേണ്ടി വരും ..
വേണ്ട മോനേ... നീയെനിക്ക് അത്ര പ്രിയപ്പെട്ടവനായി മാറിയിരിക്കുന്നു നിന്റെ വിയോഗം ഈ ചേച്ചിക്കു ഓർക്കാൻ പോലും കഴിയുന്നില്ല.. പ്ലീസ്... ഞാൻ പറയുന്നത് നിയനുസരിക്കില്ലേ.....?"
കരഞ്ഞുകൊണ്ടവൻ മണൽതിട്ടയിൽ ആഞ്ഞു കുത്തി ഒരു പിടി മണൽ വാരിയെടുത്തു കൊണ്ടു അവൻ ഉറക്കെ ചോദിച്ചു.
'എന്തിനാ എന്നെയിങ്ങനെ സ്നേഹിക്കുന്നേ...?
ഞാനാരാ നിങ്ങളുടെ .....? ഞാൻ മരിച്ചാലും ജീവിച്ചാലും നിങ്ങൾക്കെന്താ....?'
'നീയെനിക്കു ആരാണെന്ന് പറയുന്നതിനു മുമ്പ് ഞാനൊരു കഥ പറയാം എന്റെ കഥ.. അതിനവസാനം നിന്റെ ചോദ്യത്തിനുത്തരം നിനക്കു കിട്ടും... '
അൽപ നേരത്തിന്റെ മൗനത്തിനു ശേഷം അവൾ തുടർന്നു
''അമ്മയുടെ സ്നേഹവും വാത്സല്യവും തട്ടിയെടുത്തു കൊണ്ട് എനിക്കും അമ്മയ്ക്കുമിടയിൽ 'വില്ലനായവൻ' കടന്നു വന്നപ്പോൾ കുറച്ചൊന്നുമായിരുന്നില്ല എനിക്കവനോടുള്ള ദേഷ്യവും കശുമ്പും..
മണ്ണപ്പം ചുട്ടും, കളിയോടമുണ്ടാക്കിയും, ആർത്തു പെയ്തിരുന്ന മഴയിൽ ഓടിക്കളിച്ചും ,വടക്കേപ്പുറത്തെ മൂവാണ്ടൻ മാവിൽ കല്ലെറിഞ്ഞും ഉമ്മ നൽകാനുമൊക്കെ ഒരു കുഞ്ഞനിയനെ കൂട്ടുകിട്ടിയല്ലോ എന്നോർത്തപ്പോൾ
ആ ദേഷ്യവും കശുമ്പുമെല്ലാം ഒരിക്കലും വറ്റാത്ത സഹോദര സ്നേഹത്തിന്റെ നീരുറവയായി പരിവർത്തനപ്പെടുകയായിരുന്നു. അല്ല, ആ ദേഷ്യവും അസൂയയുമെല്ലാം എന്റെ മുഖം മൂടി മാത്രമായിരുന്നു എന്നതാണ് സത്യം.
മുതിർന്നപ്പോൾ അവനെന്റെ മനസ്സിൽ നല്ല സഹോദരനും, കൂട്ടുകാരനുമൊക്കെയായി മാറി. എന്റെ വിവാഹ ദിവസം എന്നെ യാത്രയാക്കുമ്പോൾ ആരും കാണാതെ മാറി നിന്നു കരഞ്ഞ അവനെ, അകന്നു പോകുന്ന കാറിന്റെ വിന്റൊ ഗ്ലാസിലൂടെ ഞാൻ കണ്ടു.. പിന്നെ ഞാനമ്മയായപ്പോൾ എന്റെ കുഞ്ഞുങ്ങളെ വാരിപ്പുണർന്നു കൊണ്ടവൻ ഏറ്റവും നല്ല അമ്മാവനായി .. വിവാഹത്തെ തുടർന്ന് എടുത്ത ലോണിന്റെയും മറ്റും കടങ്ങൾ വീട്ടാൻ വീടും പറമ്പും വിറ്റപ്പോഴും അതൊക്കെ അവന്റെ തന്നെ അധ്വാനത്തിലൂടെ തിരികെ പിടിച്ച് അവനുയർന്ന നിലയിലെത്തിയപ്പോൾ അവൻ നല്ലൊരു മകനായി...
എന്നിട്ടും ഇടയ്ക്കെപ്പോഴോ അവനിൽ വന്ന മാറ്റം...എന്തു കാര്യമുണ്ടെങ്കിലും ഓടി വന്നു പറഞ്ഞിരുന്ന അവനിലെ ആ മാറ്റങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ ഞാനവനോട് ചോദിച്ചെങ്കിലും എന്തൊക്കെയോ അവനെന്നിൽ നിന്നും മറയ്ക്കാൻ ശ്രമിക്കുന്നതായി എനിക്കു തോന്നി. അവനറിയാതെ അതിന്റെ പൊരുളന്വേഷിച്ചു അവനു പിറകേ രഹസ്യമായി ഞാനവനെ പിൻതുടർന്നു കൊണ്ടേയിരുന്നു. അമ്മയേക്കാൾ കൂടുതൽ അവനെന്നെയും ഞാനവനേയും സ്നേഹിച്ചിരുന്നുവെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു പക്ഷേ അതുകൊണ്ടായിരിക്കാം അവന്റെ ചെറിയ ഒരു മാറ്റമായാലും എനിക്കു പെട്ടന്നു മനസ്സിലാകുന്നത്..
അവൻ ഒളിപ്പിച്ചു വച്ചിരുന്നത് ഞങ്ങളുടെ കുടുംബത്തെ തന്നെ ശിഥിലമാക്കാൻ കഴിവുള്ള ഒരു 'ബോംബായിരുന്നു'
അവന്റെ ബിസിനസ്സ് തകർന്നു. ദാരിദ്ര്യത്തിൽ നിന്നും അവൻ കരകയറിയപ്പോൾ അവന്റെ ഉയർച്ചയിലും കയ്യിലെ പണത്തിലും കൈവച്ച കുറച്ചു പേർ അവനറിയാതെ പകർന്നു കൊടുത്ത ലഹരി അവന്റെ ജീവിതം തന്നെ തകർത്തു കളഞ്ഞു. എല്ലാമറിഞ്ഞു പിൻമാറാൻ ശ്രമിച്ച അവനെ ആ ലഹരി മാഫിയ ഭീഷണിപ്പെടുത്തി.. പുറത്തറിഞ്ഞാൽ നിന്റെ കുടുംബത്തെ മുഴുവൻ ചുട്ടിരിക്കുമെന്നു കൂടി പറഞ്ഞപ്പോൾ ഞങ്ങളെ രക്ഷിക്കാൻ അവൻ കണ്ടെത്തിയ മാർഗ്ഗം ആത്മഹത്യയായിരുന്നു.
ഒരിക്കലവൻ പൊട്ടിക്കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു
'എനിക്കിനിയിയും ജീവിച്ചു കൊതി തീർന്നില്ല ചേച്ചി.. പക്ഷേ അവരെന്നെ ജീവിക്കാനനുവദിക്കില്ല.... '
അവന്റെ സങ്കടം എന്തൊക്കെ പറഞ്ഞിട്ടും മാറിയില്ല ഒരു വിധത്തിലവനെ സമാധാനിപ്പിച്ചു ഞാനവനെ സംരക്ഷിച്ചു കൊള്ളാമെന്നു ഉറപ്പുകൊടുത്ത ശേഷമാണ് അവനൽപം ശാന്തമായതു തന്നെ. പക്ഷേ....
അവനെന്തോ അപകടം പറ്റിയെന്നറിഞ്ഞു ഞാനോടി ചെന്നപ്പോൾ കണ്ടത് തളർന്നു കിടന്നു കരയുന്ന അമ്മയേയും അയൽക്കാരെയുമായിരുന്നു.
മരണത്തിന്റെ അടുക്കലേക്ക് പോകാനവൻ തീരുമാനമെടുത്തപ്പോൾ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്തു കുളിച്ചു കൊണ്ട് അവന്റെ ശരീരത്തിലേക്കു തീ പകർന്നു. അവന്റെ അലർച്ചകേട്ട് ഓടി വന്ന അച്ഛനും അമ്മയും കണ്ടത് വലിയൊരു അഗ്നിഗോളം അവനെ വിഴുങ്ങി കൊണ്ട് ഓടുന്നതാണ്.
അയൽക്കാരും അച്ഛനും ചേർന്ന് തീയണച്ചപ്പോൾ ചുരുണ്ടു കിടന്നിരുന്ന അവനെ അപകടമണി മുഴക്കി വന്ന ആംബുലൻസിൽ കയറ്റി കൊണ്ടുപോയി. ശരീരമാകെ വെന്തു നീറി കരയുന്ന അവനെ ഒന്നു കാണാൻ പോലും എനിക്കു കഴിഞ്ഞില്ല..
രണ്ടു ദിവസം അവൻ മരണത്തിനോടു പൊരുതി പക്ഷേ പ്രതീക്ഷ വേണ്ടെന്നള്ള ഡോക്ടറുടെ മൊഴി കേട്ടതോടെ ഞങ്ങളാകെ തകർന്നു.
അമ്മയെ അതുവരെ ഒന്നും അറിയിച്ചില്ല. അവനു ഭേദമുണ്ടെന്നു പറഞ്ഞു സമാധാനിപ്പിച്ചു. എല്ലാമറിഞ്ഞ എനിക്കൊന്നു പൊട്ടിക്കരയണമെന്നുണ്ടായിരുന്നു പക്ഷേ അമ്മയെ ഓർത്തപ്പോൾ ഞാനാവേദന കടിച്ചമർത്തി.
മൂന്നാം ദിവസം അവൻ പോയി... എന്റെ കുഞ്ഞനിയൻ..
ഒരിക്കലും മടങ്ങി വരാത്ത അകലങ്ങളിലേക്ക്..
അവന്റെ വിയോഗംഅറിഞ്ഞു കൊണ്ട് ആ ശരീരം വീട്ടിലെത്തും വരെ അമ്മയ്ക്ക് മുമ്പിൽ പുഞ്ചിരിച്ചു കൊണ്ട് അമ്മയെ സമാധാനിപ്പിക്കാൻ ഞാനൊരു പാട് പാടുപെട്ടു പതിറിപോയാൽ എന്റെ അമ്മയും നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു അതിനുള്ള പ്രേരണ.
അവന്റെ ശരീരം വീട്ടിലെത്തിയപ്പോൾ അമ്മയുടെ നിലവിളി ഇപ്പഴും എന്റെ കാതിൽ നിന്നും പോയിട്ടില്ല. അതിലേറെ എന്നെ വിഷമിപ്പിച്ചത് ദുർമരണത്തിന്റെ പേരുപറഞ്ഞ് സ്വന്തമായി ഉണ്ടാക്കിയ മണ്ണിൽ അവനാറടി മണ്ണു പോലും വിലക്കപ്പെട്ടു കൊണ്ട് അകലെയുള്ള ക്രിമിറ്റോറിയത്തിൽ അവന്റെ ശരീരം എരിഞ്ഞു തീർക്കേണ്ടി വന്നപ്പോഴാണ്."
'അവസാനമായി ഒരു നോക്കു അവന്റെ മുഖം കാണാൻ എനിക്കു പറ്റിയില്ല.... പ്രസാദ്..'
പൊട്ടിക്കരഞ്ഞു പോയ അവൾ കുറച്ചു നേരത്തിന്റെ മൗനത്തിനു ശേഷം തുടർന്നു..
അവന്റെ മരണശേഷമാണ് ഞാനീ മേഖല തെരഞ്ഞെടുത്തത്. അവനായി എനിക്കു ചെയ്യാൻ കഴിയാതെ പോയതെല്ലാം ഇനി ചെയ്യണം..
നിനക്കറിയോ പ്രസാദ് നിനക്ക് എന്റെ അനിയന്റെ അതേ മുഖഛായയാണ്.. നിന്നെ കാണുമ്പോൾ അവനെന്റെ അടുത്തുള്ളതുപോലെ തോന്നാ എനിക്ക്....
ദൈവത്തിന്റെ ഓരോ വികൃതികൾ......
'ചേച്ചീ..... എന്നോട് ക്ഷമിക്ക്..... ഞാനിനി ഇങ്ങനെയൊന്നും ചിന്തിക്കപോലുമില്ല.'
കുറച്ചു നാളുകൾക്കു ശേഷം അവൻ പൂർണ്ണമായും സുഖപ്പെട്ടു. ഇന്നവൻ തിരിച്ചു പോകുകയാണ് അവന്റെ നാട്ടിലേക്ക്...
പോകാൻ നേരം അവനെന്റെ കാലിൽ തൊട്ട് അനുഗ്രഹം ചോദിച്ചു. നന്മയുണ്ടാവാൻ പ്രാർത്ഥിച്ചു ഞാനവനെ കൈ വെച്ച് അനുഗ്രഹിച്ചു.
യാത്ര ചോദിച്ച് നടന്നകലുമ്പോൾ ഇടയ്ക്കവൻ പിന്തിരിഞ്ഞു നോക്കി ഒന്നുകൂടി പുഞ്ചിരിച്ചു. ഒരു നിമിഷം എന്റെ അനിയൻകുട്ടന്റെ ആത്മാവ് അവനോടൊപ്പം പുഞ്ചിരിച്ചു നിൽക്കുന്നതായി എനിക്കു തോന്നി. അവർ കണ്ണിൽ നിന്നും മറയുന്നവരെ ഞാനവരെ യാത്രയാക്കി കൊണ്ട് അവിടെ തന്നെ നിന്നു.
വീണ്ടുമൊരു ജീവൻ ഭദ്രമാക്കിയ സന്തോഷത്തോടെ.....

Anupriya

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot