നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അയനം

Image may contain: 2 people, people standing, sky and outdoor

കണ്ണുകൾ മൂടിക്കെട്ടിടാൻ കൊതിക്കുന്നു
ഞാനെൻ കണ്ണുകൾ മൂടിക്കെട്ടിടാൻ കൊതിക്കുന്നുയീ ജീവിതായനത്തിൽ
അഭിനവ ഗാന്ധാരിയാകുവാനല്ലത്........
നയനമനോഹരക്കാഴ്ചകൾ
ഏറെയുണ്ടാകിലും
ഹൃത്താളം തകിടം മറിച്ചീടും മറ്റു ചില കാഴ്ചകൾ...
പ്രതികരണശേഷി നഷ്ടമായൊരീ- സമൂഹത്തിൽ,
അകക്കണ്ണിലെരിയുന്ന അഗ്നി നീറ്റിടുന്നൊരീ-
ഹൃദയത്തിനൊപ്പം, പ്രതികരിക്കാനെൻ-
തൂലികയേക്കാൾ മൂർച്ചയേറുമായുധ-
മേതുമില്ലെൻെറ പക്കൽ...........
പിഞ്ചുടലിൽ കാമം ശമിപ്പിയ്ക്കും ചില കാട്ടാള ജന്മങ്ങൾ
ഇറ്റു ശ്വാസം കേണു പിടഞ്ഞു വീഴുന്ന കുഞ്ഞിളം പൈതലുകൾ...
ഏറെനാൾ ജീവിതയാത്രകൾ പിന്നിടേണ്ടിയിരുന്നോർ-
രക്തം പൊടിയുന്ന നോവുകളാമീ കാഴ്ചകൾ,
നീറ്റുന്നീയമ്മതൻ മനോമുകുരത്തിങ്കൽ....
ഈയമ്മ എൻെറയെൻെറയെന്നാർത്തു ചൊല്ലി
ബാല്ല്യത്തിലെന്നാകിലും
പിന്നെ നിൻെറ നിൻെറയെന്നു തിരുത്തിച്ചൊല്ലിയാ
അമ്മതൻ വാർദ്ധക്യ വേളയിൽ.....
പെറ്റ വയറിനും വിലയിടുന്നൂ ചില നരജന്മസ്വത്വങ്ങൾ.
ക്ഷണനേരത്തിൽ നിന്നുപോം ശ്വാസം പേറുന്നൊരീ-
ജീവിത നശ്വരതയോർത്തിടാതെ
സമ്പത്തിൻ ഏറ്റക്കുറച്ചിലുകൾ- നിർണ്ണയിക്കുന്നു, ചില രക്ത ബന്ധത്തിൽ അതിരുകൾ.....
ഉറ്റവർ തൻ ജീവനും കൈയ്യിലെടുത്തു ചില ഭിഷംഗ്വരൻമാരുടെ
ദയാവായ്പിനായ് നെട്ടോട്ടമോടിടുന്നു പാവം മനുജർ.
ഹാ !!! കഷ്ടം, വിലയേതുമില്ലാത്ത വസ്തുവിന്ന്-
മാനവ ജീവൻ മാത്രമാകുന്നുവോ...
നെഞ്ചു പൊട്ടുന്ന രോദനം കേൾക്കാതെ-
ആടിത്തകർക്കുന്നു ചില കാപട്യ വേഷക്കാർ..
ഉള്ളിലുറപൊട്ടുമാ സഹജീവി സ്നേഹം-
വിഡ്ഢിപ്പെട്ടിയിൽ ഘോര വാഗ്ദ്ധോരണിയിൽ ഒതുക്കുന്നവർ.
പേർത്തും പേർത്തും ജനമാനസങ്ങളിൽ-
വൈരം നിറച്ചീടും വിദ്ധ്വേഷകാരികൾ.....
കരിങ്കല്ലിൻ കാഠിന്യം പേറിടും ജന്മങ്ങളേ !!!!!
ഇപ്പാപശിലകൾ ചവിട്ടി നിങ്ങൾ-
ജീവിതയാത്ര തൻ അന്ത്യത്തിൽ
സ്വ ചെയ്തികൾക്കു കണക്കു പറയേണ്ടി- വരുമായീശ്വര സന്നിധിയിൽ.....
കടിഞ്ഞാണില്ലാത്തൊരശ്വത്തെപ്പോൽ പായുമീ-
തിന്മകൾ തന്നയനത്തെ തച്ചുവാർക്കാൻ
പിറവിയെടുക്കേണ്ടിയിരിക്കുന്നുവോ-
ഇനിയുമൊരവതാര ജന്മം......
*******************************************
സരിത സുനിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot