നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സൈക്കിൾ ബാലൻസ്

Image may contain: 1 person, standing and outdoor

നാട്ടിൽ ഞാൻ സൈക്കിളോടിക്കാറുണ്ട്.. സൈക്കിൾ ബാലൻസ് ഉണ്ടേൽ ഡ്രൈവിംഗ് എളുപ്പമാകുമോ ഉണ്ണിയേട്ടാ.."
ഈ ഡയലോഗ് കേട്ടപ്പോഴേ എനിക്ക് കാര്യം മനസിലായി... ശ്രീമതിക്ക് ഇപ്പോൾ സ്കൂട്ടി ഓടിക്കാൻ പഠിക്കണം...
കെട്ടിക്കഴിഞ്ഞാൽ ഭാര്യയുടെ ഒരോ ഡയലോഗിലും ഒളിഞ്ഞിരിക്കുന്ന പൊരുളെന്താണെന്ന് മനസ്സിലാക്കാൻ ഭർത്താക്കന്മാർക്ക് പ്രത്യേകിച്ച് ക്ലാസ്സൊന്നും വേണ്ടല്ലോ..
ഇന്നലെ അടുത്ത വീട്ടിലെ സുമച്ചേച്ചി ലൈസൻസ് എടുത്തതും വീട്ടിൽ സ്കൂട്ടി ഓടിച്ചു വന്ന കഥയും ഒക്കെ പറഞ്ഞപ്പോഴേ എനിക്ക് സംശയം തോന്നിയതാണ്.. ഇത്‌ ഇങ്ങനെയൊക്കെയെ വരൂ എന്ന്...
സൈക്കിൾ ഓടിക്കുന്നത് പോലെ തന്നെയാണ് സ്കൂട്ടി ഓടിക്കലും എന്ന് പറഞ്ഞാൽ അവള് ഉടനെ ചാടിക്കയറി പഠിപ്പിക്കാൻ പറയും ..അതുകൊണ്ടു തന്നെ ഞാൻ സൈക്കിൾ ഓടിക്കുന്നത് പോലെ എളുപ്പമല്ല സ്കൂട്ടി എന്നും.... സ്കൂട്ടി ഓടിക്കുന്നത് പഠിക്കാൻ ഇറങ്ങിയിട്ട് ആക്സിഡന്റ്റ് പറ്റി കിടക്കുന്ന ഒരു ചേച്ചി എന്റെ ഓഫീസിലുണ്ട് എന്നും പറഞ്ഞു..
"എന്തേ രമ്യേ നിനക്ക് സ്കൂട്ടി ഓടിക്കാൻ പഠിക്കണോ...??"
"അയ്യോ.. വേണ്ട ഉണ്ണിയേട്ടാ... ഞാൻ ചോദിച്ചു എന്നേ ഉള്ളു.."
ഇറക്കിയ നമ്പർ ക്ലിക്ക് ആയതിൽ ഞാനും സന്തോഷിച്ചു.. പക്ഷെ ആ സന്തോഷത്തിന് അധികനാൾ ആയുസ്സുണ്ടായില്ല...
രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവൾ തുറന്നു പറഞ്ഞു എനിക്ക് സ്കൂട്ടി ഓടിക്കാൻ പഠിക്കണമെന്ന്... ഇന്നും സുമ ചേച്ചി വീട്ടിൽ വന്നിരുന്നിക്കും എന്റെ മനസ്സ് മന്ത്രിച്ചു..
"രമ്യേ നമുക്ക് പിന്നീട് ഒരിക്കൽ പഠിക്കാം.. ഇപ്പോൾ ബിസിനസ്സിന്റെ തിരക്കുകൾ ധാരാളമുണ്ട്..."
പക്ഷെ അവൾ സമ്മതിച്ചില്ല...
"എനിക്കിപ്പോൾ പറ്റില്ല... ഒത്തിരി തിരക്കുകളുണ്ട്.." ഞാൻ തീർത്തു പറഞ്ഞു...
പൂച്ചക്കുട്ടിയെ പോലെ ഇരുന്ന അവൾ പെട്ടെന്ന് പുലിക്കുട്ടിയായി... എന്റെ പ്രതീക്ഷയുടെ വേൾഡ് ട്രേഡ് സെന്റെറിലേക്ക് അവളുടെ ദേഷ്യത്തിന്റെ വിമാനം ഇടിച്ചു കയറ്റിയാണ് അവൾ അത് തെളിയിച്ചത്..
"ഉണ്ണിയേട്ടാ... നിങ്ങൾ പണയം വയ്ക്കാൻ ചോദിച്ച മാല തരണമെങ്കിൽ എന്നേ ഡ്രൈവിങ് പഠിപ്പിക്കണം....."
സംഗതി പന്തിയല്ലെന്ന് കണ്ടപ്പോൾ ഞാൻ പ്ലേറ്റ് മാറ്റി..
"രമ്യേ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ... അത് ഇത്ര കാര്യമാക്കണോ..."
"ഉണ്ണിയേട്ടാ ഞാൻ തമാശ പറഞ്ഞതല്ല...എനിക്ക് പഠിച്ചേ പറ്റൂ .."
അത് എനിക്ക് മനസ്സിലായി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.. എങ്കിലും പുറത്ത് പറഞ്ഞില്ല.. നാളെ ഞായറാഴ്ച അല്ലേ ..നാളെ തന്നെ ഞാൻ നിന്നെ പഠിപ്പിച്ചിരിക്കും... ഞാനും ദൃഢനിശ്ചയമെടുത്തു.. മാലയുടെ കാര്യമാണ്... പെണ്ണ് പറഞ്ഞത് പോലെ ചെയ്താലോ നഷ്ടം എനിക്കല്ലേ...
പഠിപ്പിക്കാം എന്ന്‌ വാക്കും കൊടുത്തു നേരേ എന്റെ സ്കൂട്ടിയിലേക്ക് നോക്കിയപ്പോൾ... അത് എന്നെ ദയനീയമായൊന്നു നോക്കിയിട്ട്.. "കാലമാട എന്നേ കൊലക്ക് കൊടുത്തല്ലേ .." എന്ന് ചോദിക്കുന്നത് പോലെ തോന്നി...
പിറ്റേ ദിവസം ഞാൻ മാഷും അവൾ വിദ്യാർത്ഥിനിയും ആയി... ആദ്യത്തെ സ്കൂട്ടി ഓടിക്കൽ പരിശീലനത്തിൽ തന്നെ മുറ്റത്തെ മണ്ണ്‌ നന്നായൊന്ന് ടെസ്റ്റ് ചെയ്‌തെങ്കിലും.. രമ്യ പുറത്തു കാണിക്കാതെ വേദന കടിച്ചമർത്തി....
ആ മണ്ണ് ടെസ്റ്റിങ്ങ്‌ കണ്ടപ്പോഴേ ഞാൻ മനസ്സിലോർത്തു ഇന്നത്തോടെ അവളുടെ സ്കൂട്ടി ഓടിക്കൽ പൂതി മതിയാക്കിക്കൊടുക്കണം എന്ന്...
പഠിപ്പ് പുരോഗമിച്ചു ..കൂടെ വീഴ്ചകളും.. പറമ്പിലെ അതിരെല്ലാം പഞ്ചായത്ത് റോഡ് പോലെയായി... കുറച്ച്‌ ശരിയായി വന്നപ്പോൾ അവൾക്ക് റോഡിലേക്ക് ഇറങ്ങണം... സത്യത്തിൽ സുമച്ചേച്ചിയെ ഒന്ന് കാണിക്കണം അതാണ് കാര്യം...
സുമച്ചേച്ചിയെ കാണിക്കാൻ വേണ്ടിയുള്ള തത്രപ്പാച്ചിലിൽ അവൾ വണ്ടിയെടുത്തു... തന്റെ ശക്തി എല്ലാം ആക്സിലേറ്ററിന്മേൽ പുറത്തെടുത്തതും ചേച്ചിയുടെ വീട്ടിലേക്കുള്ള വഴി വേണ്ടി വന്നില്ല... അവരുടെ വീടിന്റെ വേലി തകർത്ത് രണ്ടു വാഴയും തകർത്തു നേരെ കിടക്കുന്നു മുറ്റത്ത്....
എല്ലാം ഒരു സ്വപ്നം പോലെ... കണ്ണു തുറന്നു നോക്കിയപ്പോൾ രമ്യയേ കാണാൻ ഇല്ല... രമ്യേ രമ്യേ എന്ന് വിളിച്ചപ്പോൾ.. ഒരു കപ്പ് വെള്ളവും കൊണ്ട് അവൾ ഓടി വന്നു..
"നിനക്ക് ഒന്നും പറ്റിയില്ലല്ലോ..!!"
"എനിക്കൊന്നും പറ്റിയില്ല.... "
"പിന്നേ നീ എവിടെ
പോയതാണ്.. "
"വണ്ടിയിൽ നിന്നും വീണപ്പോൾ ഞാൻ എഴുന്നേറ്റ് ഉണ്ണിയേട്ടനെ ഒത്തിരി വിളിച്ചു.. എഴുന്നേൽക്കാഞ്ഞപ്പോൾ വെള്ളമെടുക്കാൻ പോയതാണ്..."
വീണ വീഴ്ചയിൽ എന്റെ ബോധം പോയോ ദൈവമേ ..!! ഞാൻ എഴുന്നേക്കാൻ ശ്രമിച്ചു.. കാലുകൾക്ക് കുഴപ്പമില്ല.. കയ്യിൽ നല്ല വേദനയുണ്ട്.. രണ്ടു മുട്ടിലും ഒരു ലേശം തോലില്ല... ചക്കിന് വച്ചത് കൊക്കിനാണല്ലോ കൊണ്ടത് ദൈവമേ...
"ഉണ്ണിയേട്ടൻ പറഞ്ഞത് ശരിയാണ്... സൈക്കിൾ ഓടിക്കുന്ന പോലെ ഇത്‌ അത്ര എളുപ്പമല്ല... നമുക്ക് വീട്ടിൽ പോകാം... "എന്റെ അവസ്ഥ കണ്ടിട്ട് സങ്കടം ഉണ്ട് പാവത്തിന്..
"വേണ്ട രമ്യേ....ഇനി ഇപ്പൊ നമുക്ക് പഠിച്ചിട്ടു പോയാൽ മതി... "
"ഉണ്ണിയേട്ടൻ പേടിക്കേണ്ട... മാല ഞാൻ തന്നോളാം പണയം വെക്കാൻ... ഈ വണ്ടി ഓടിക്കൽ ഒന്നും എനിക്ക് പറ്റുന്ന പണിയല്ല.. ഞാൻ ഉണ്ണിയേട്ടന്റെ പിന്നിലിരുന്നോളാം.. അതാണ് നല്ലത്... "
സംഭവം ശരിയാണെങ്കിലും ഇത്ര ഒക്കെ സംഭവിച്ചതല്ലേ... ഇനി പഠിപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം ഞാനും മനസ്സിൽ കരുതി...
അങ്ങനെ രമ്യ സ്കൂട്ടി ഓടിക്കാൻ പഠിച്ചു ..അവളുടെ പുറകിൽ ഇരുന്ന് ഞാനും ഇടയ്ക്കു യാത്ര ചെയ്യാറുണ്ട്...കാലാന്തരത്തിൽ സ്കൂട്ടി അവൾ എന്നന്നേക്കുമായി തീറെഴുതി വാങ്ങി ...അതുകൊണ്ട് ഞാൻ ഒരു ബുള്ളറ്റ് എടുത്തു ...കഴിഞ്ഞ ദിവസം ഓം ശാന്തി ഓശാന കണ്ടുകൊണ്ടിരുന്നപ്പോൾ അവൾ പറയുകയാണ് ...
"ഉണ്ണിയേട്ടാ നസ്രിയ ബൈക്ക് ഓടിക്കുന്നത് കാണാൻ നല്ല രസമുണ്ടല്ലേ ..അത് ബുള്ളറ്റ് ആയിരുന്നേൽ കുറെ കൂടി നന്നായേനെ അല്ലെ .." എന്ന്...
" സ്കൂട്ടി ഓടിക്കാൻ അറിഞ്ഞാൽ ബുള്ളെറ്റ്‌ ഓടിക്കാൻ എളുപ്പമാകുമോ ഉണ്ണിയേട്ടാ.."
ദൈവമേ ....ഇനി ഇതും കൂടിയേ ബാക്കി ഉള്ളൂ...എന്റെ അവസ്ഥ ഇനി കണ്ടറിയേണ്ടിവരും...!!!
Sajith_Vasudevan(ഉണ്ണി..)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot