നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിയോഗം (കഥ)

Image may contain: 1 person, beard

"സച്ചിയേട്ടാ ആ കാണുന്ന മലയിന്നല്ലേ ഈ പുഴ വരുന്നേ.. ന്നെ അവിടെ കൊണ്ടോവോ.. സച്ചിയേട്ടൻ ഒരിക്കൽ അവിടെ പോയിന്നല്ലേ പറഞ്ഞേ.ന്താ അവിടെ കാണാനുള്ളേ.. " പുഴയുടെ കരയിലുള്ള പാറയിൽ കിടക്കുന്ന സച്ചിദാനന്ദനോട് കിച്ചു ചോദിച്ചു.
എഴുന്നേറ്റ് ഇരുന്ന് സച്ചി പറഞ്ഞു.
" അങ്ങോട്ട് പെൺകുട്ടിയോൾക്ക് പോവാൻ പാടില്ല കിച്ചുവേ.. അവിടെ ശരിക്കും ഒരു പൂന്തോട്ടം പോലെയാണ്. ഗന്ധർവൻമാർ വിശ്രമിക്കുവാൻ വരുന്ന സ്ഥലത്രെ അത്. അവിടെ വെച്ച് പെൺകുട്ടിയോളെ കണ്ടാ അവര് മോഹിക്കും ത്രെ.. അതോണ്ട് ന്റെ കിച്ചു അങ്ങട് പോണ്ടാ.."
"അതെന്താ സച്ചിയേട്ടാ ഗന്ധർവ്വൻ മോഹിക്കാൻ മാത്രം ചന്തം നിക്കുണ്ടോ.. അതോ ഞാൻ ഗന്ധർവ്വ നെ കാണുമ്പോ കൂടെ പോവുംന്ന് തോന്നണുണ്ടോ.."
സച്ചിദാനന്ദന്റെ താടി പിടിച്ചുയർത്തി ഒരു കള്ളച്ചിരിയോടെ കിച്ചു ചോദിച്ചു.
അവളുടെ മുഖത്ത് രണ്ടു കൈയും ചേർത്ത് വെച്ച് സച്ചി പറഞ്ഞു.
"നിന്നെ കണ്ടാ ആരാ മോഹിക്കാത്തെന്റെ പെണ്ണേ.. നീ എനിക്ക് ഈ ജീവിതത്തിൽ കിട്ടിയ പുണ്യമല്ലേ.. " പതുക്കെ സച്ചിയുടെ ചുണ്ടുകൾ കിച്ചു വിന്റെ നെറ്റിയിൽ പതിഞ്ഞു.നിറഞ്ഞു തൂവിയ കണ്ണുകൾ കൊണ്ട് കിച്ചു സച്ചിയെ ഒന്നു നോക്കി. പിന്നെ മെല്ലെ അവന്റെ മാറിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു.
" ഗന്ധർവ്വ നല്ല സാക്ഷാൽ ശ്രീകൃഷ്ണൻ വന്നു വിളിച്ചാലും ന്റെ സച്ചിയേട്ടനെ വിട്ട് കിച്ചു എങ്ങട്ടും പോവില്ലാ.. "
പെട്ടെന്ന് അയാൾ കണ്ണു തുറന്ന് ചുറ്റും നോക്കി. എവിടെ കിച്ചു.മെല്ലെ അയാൾക്ക് പരിസരബോധം ഉണ്ടായി. താനിപ്പോ സ്നാനഘട്ടത്തിന്റെ പടിയിൽ കിടക്കാണ്. മുന്നിൽ ശാന്തയായ് ഒഴുകുന്ന ഗംഗാനദി. അയാൾ എഴുന്നേറ്റിരുന്നു.
വൈദ്യുതവിളക്കിന്റെ പ്രകാശം ചായം തേച്ച ഗംഗയിലെക്ക് നോക്കി അയാൾ ഇരുന്നു.
കേ ദാറിൽ നിന്ന് മന്ദാകിനിയായി പിന്നെ ഭഗീരഥി ആയി ബദരിനാഥിൽ അളകനന്ദയായി മാറി ദേവപ്രയാഗിൽ എത്തുമ്പോ ഗംഗ എന്ന പേരിൽ ഋഷികേശ് ഹരിദ്വാർ കടന്ന് കാശിയിലെത്തുന്ന പുണ്യ പ്രവാഹം. ഈ പുണ്യനദിയിൽ ഇപ്പോ തന്റെ അമ്മയുടെ ചിതാഭസ്മം അലിഞ്ഞു ചേർന്നിരിക്കണം. അമ്മയുടെ ആത്മാവിന് മോക്ഷം കിട്ടിക്കാണണം. മരിക്കുന്നതിന് ഒരു ദിവസം മുമ്പാണ് തന്റെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കണമെന്ന് അമ്മ ആവശ്യപ്പെട്ടത്.അതിന്റെ കാരണവും ഇപ്പോ ഊഹിക്കാൻ കഴിയുന്നുണ്ട്. തന്നെപ്പോലെ ഒരു ശാപ ജന്മത്തിനെ പത്തു മാസം ചുമന്ന് നൊന്തു പ്രസവിച്ച് ഈ ഭൂമിക്ക് സമ്മാനിച്ച പാപം തീരണമെങ്കിൽ അതിൽ നിന്ന് മോക്ഷം കിട്ടണമെങ്കിൽ ഇതേ വഴിയുള്ളൂ എന്ന് അമ്മ ചിന്തിച്ചു കാണണം. ഓർത്തപ്പോൾ ആത്മനിന്ദയോടെ സച്ചി ഒന്നു പുഞ്ചിരിച്ചു.
എവിടെയാണ് സച്ചിദാനന്ദന് പിഴച്ചത്.കഴിഞ്ഞ 19 വർഷത്തെ ജീവിതം അതൊരു ജീവിതമായിരുന്നോ. ഓർത്തപ്പോൾ അയാൾക്ക് തന്നെ അദ്ഭുതം തോന്നി. കഴിഞ്ഞ കാലം ഒരു സിനിമ പോലെ അയാളുടെ മനസ്സിൽ കടന്നു വന്നു.
ഓർമ്മ വെച്ച കാലം തൊട്ട് എല്ലാം കിച്ചു വായിരുന്നു. കിച്ചു ജനിക്കുന്നതിനു മുന്നേ എല്ലാവരും തീരുമാനിച്ചിരുന്നു. പെണ്ണാണെങ്കിൽ അത് സച്ചിക്കുള്ളതാണെന്ന്. അതു കാരണം അവൾ ജനിച്ചതേ തനിക്കു വേണ്ടി ആണെന്നുള്ള ഒരു തോന്നൽ ഉണ്ടായിരുന്നു. ഇരുപത്തൊന്നു വയസ്സുവരെ തന്റെ എല്ലാ കാര്യങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും മുറപ്പെണ്ണായകിച്ചു വിലായിരുന്നു.പ്രണയമെന്തെന്ന് അറിയാത്ത കാലംതൊട്ട്പ്രണയിക്കാന്‍ തുടങ്ങിയവര്‍.അന്നത്തെ ആ ഒറ്റ ദിവസം അതിലാണ് എല്ലാം അവസാനിച്ചത്.സച്ചിദാനന്ദന്റെ സ്വപ്നങ്ങളും.കിച്ചു അവസാനമായി പറഞ്ഞ വാക്കുകള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നു. “സച്ചിയേട്ടാ ഞാന്‍ അഞ്ജനേടെ കൂടെ പുഴയില്‍ പോവാട്ടോ..കുറച്ച് കഴിഞ്ഞ് അങ്ങോട്ട്‌ വന്നേക്കണേ...” കിച്ചുവിന്റെ അടുത്ത കൂട്ടുകാരി ആയിരുന്നു അഞ്ജു.ഓര്‍മവച്ച കാലം തൊട്ട് കിച്ചുവിന്റെ നിഴലായി അവള്‍ ഉണ്ടായിരുന്നു.കിച്ചുവിന്റെ വീട്ടിലെ കാര്യസ്ഥന്റെ മോള്.തന്റെയും കിച്ചുവിന്റെയും സ്നേഹം എന്താണെന്ന് ശരിക്കറിഞ്ഞവള്‍.ഞായറാഴ്ച്ച ദിവസങ്ങളില്‍ തുണി കുറേ കഴുകാനുണ്ടാകും അഞ്ജുവിന്.കിച്ചുവിന്റെ വീട്ടിലുള്ളവരുടെയും കാണും.കൂട്ടുകാരി അത് ഒറ്റയ്ക്ക് അലക്കുന്നതിലുള്ള വിഷമം കൊണ്ടാണ് കിച്ചു അവളെ സഹായിക്കാന്‍ പോകുന്നത്.കിച്ചു പോയതിനുപിറകെ സോപ്പും തോര്‍ത്തുമായി പുഴയിലേക്ക് നടക്കുമ്പോഴാണ് അമ്പലത്തിനടുത്തെത്തിയതും പൂജാരി വിളിച്ചത്.രാവിലെ പാട്ടുവെക്കുന്ന ടേപ്പ്റിക്കാര്‍ഡര്‍ വര്‍ക്ക്‌ ആവുന്നില്ല ഒന്നു നോക്കാന്‍.അതു ശരിയാക്കി കഴിഞ്ഞ് പുറത്തിറങ്ങിയതും കണ്ടു.മാട് മേക്കുന്ന മണികണ്ടന്‍ ഓടിവരുന്നത്.ദൂരെ നിന്നേ അവന്‍ നിലവിളിക്കുന്നുണ്ടായിരുന്നു.കുട്ട്യോള് രണ്ടാളും പുഴയില്‍ വീണേ...സച്ചിയേ...ഓടിവാടാന്ന്‍.കേട്ടതും ഒരു നിമിഷം ഒന്ന് അമ്പരന്നെങ്കിലും പിന്നെ ഒരു കുതിപ്പായിരുന്നു പുഴയിലേക്ക്.അവിടെ എത്തിയതും നിറഞ്ഞൊഴുകുന്ന പുഴ.കരയില്‍ അലക്കി വച്ചിരിക്കുന്ന തുണി.പെട്ടെന്ന് കണ്ടു പുഴയുടെ നടുക്ക്ഒരു തല പൊങ്ങിയത്.പെട്ടെന്ന് അതുതാഴുകയും ചെയ്തു.നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് ഒറ്റച്ചാട്ടമായിരുന്നു.

പുഴയുടെ നടുക്ക് നീന്തിയെത്തും മുന്നേ കൈയ്യിൽ തടഞ്ഞു ഒരു ദേഹം. കൈ ഒന്ന് ചുഴറ്റിയപ്പോൾ കൈയ്യിൽ കിട്ടിയ തലമുടികെട്ടും പിടിച്ച് കരയിലേക്ക് നീന്തി. അപ്പോഴേക്കും ഒരുപാട് ആളുകൾ പുഴക്കരയിൽ എത്തിയിരുന്നു. കരയിലെത്തി ആളെ വെള്ളത്തിൽ നിന്നും വലിച്ചു കയറ്റിയപ്പോഴായിരുന്നു കണ്ടത്. അത് അഞ്ജു ആയിരുന്നു. ഇത്രയും നേരം കരുതിയത് അത് കിച്ചുവായിരിക്കും എന്നാണ്. അഞ്ജുവിന്റെ കാര്യം പാടെ മറന്നിരുന്നു.
കിച്ചുവേ.. എന്ന് അലറി വിളിച്ചുകൊണ്ട് വീണ്ടും പുഴയിലേക്ക് കുതിച്ച തന്നെ ആരൊക്കെയോ ചേർന്ന് ബലമായി പിടിച്ചു നിർത്തി.
" ഇനി ചാടിയിട്ട് കാര്യമില്ലെടാ സച്ചി. മലവെള്ളം വരണ വരവാണ് ചാടിയാ നീയും കൂടി പോവും.." എന്ന കണ്ണേട്ടന്റെ വാക്ക് ചെവിയിൽ വീണത് മാത്രം ഓർമയുണ്ട്. പിന്നീട് ബോധം വരുമ്പോൾ തന്നെ കിച്ചുവിന്റെ മുറിയിൽ ആരോ പൂട്ടിയിടിക്കുന്നു.
അവിടെനിന്നും കേൾക്കുന്നുണ്ടായിരുന്നു ഹൃദയം തകരുന്ന നിലവിളികൾ ഒരു വീടിന്റെ മൊത്തം പ്രകാശമാണ് അന്ന് അണഞ്ഞുപോയത്. ആ വീട്ടിൽ എവിടെനിന്ന് നോക്കിയാലും ഒരു നിലവിളക്ക് പോലെ പ്രകാശിച്ചു നിന്നിരുന്നു എന്റെ കിച്ചു. അത് എന്നെന്നേക്കുമായി അണഞ്ഞിരിക്കുന്നു.
അതെ അന്നൊരു ദിവസം ഹൃദയം പൊട്ടി കരഞ്ഞതാണ് താൻ. പിന്നെ ഒരിക്കലും തന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വീണിട്ടില്ല ഒന്നിനു വേണ്ടിയും.
സ്വബോധത്തോടെ ഒരിക്കലും തനിക്ക് കിച്ചുവിന്റെ ഓർമകളില്ലാതെ ഇരിക്കാൻ കഴിയില്ല എന്ന് മനസിലായതോടെയാണ് മദ്യത്തിന്റെ ലഹരിയിൽ അഭയം തേടിയത്.
പിന്നീട് കള്ളും കഞ്ചാവും ഇല്ലാത്ത ഒരു ദിവസം പോലും തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. അമ്മയെ ഓർത്തു മാത്രമാണ് ആത്മഹത്യ ചെയ്യാതിരുന്നത്.
പലരും ചോദിച്ചതാണ് സ്നേഹിച്ച പെണ്ണ് മരിച്ചുവെന്ന് പറഞ്ഞിട്ട് ഇങ്ങനെ ജീവിതം നശിപ്പിക്കണോ എന്ന്. പക്ഷെ അന്ന് ആ പ്രായത്തിൽ ആ സ്നേഹം മാത്രമായിരുന്നു തന്റെ ജീവിതം.
കിച്ചുവിന്റെ സ്ഥാനത്ത് വേറൊരു പെണ്ണിനെ സങ്കൽപ്പിച്ചു നോക്കിയിട്ട് കൂടിയില്ല.. എന്തായാലും തന്റെ ജീവിതം ഇവിടെ തീരുകയാണ്. ഇനി സച്ചിക്ക് ഈ ലോകത്തിൽ ആരോടും കടപ്പാടോ ഉത്തരവാദിത്വമോ ഇല്ല. സച്ചി എന്ന ഭാരം ഇന്നത്തോടെ ഈ ഭൂമിക്ക് ഇല്ലാതാവണം എന്ന ചിന്തയോടെ അവൻ ഹരിശ്ചന്ദ്രഘട്ടിലെ കൽപടവിൽ ഇരുന്നു.
ഗംഗയുടെ ഓളങ്ങളെ കീറിമുറിച്ചുകൊണ്ട് ഒരു കൊച്ചുവള്ളം കടന്നുപോയി. ഘട്ടിന്റെ ഓരോ കോണിലും കത്തിയമരുന്ന ചിതകള്‍. പച്ചമാംസം കത്തുന്നതിന്റെ രൂക്ഷമായ ഗന്ധം അവിടമാകെ നിറഞ്ഞു നിന്നു. ദൂരെ വിശ്വനാഥ ക്ഷേത്രത്തില്‍നിന്നുo ഒരു ശംഖുനാദം ഉയര്‍ന്നു പിന്നെയത് നേര്‍ത്ത് ഇല്ലാതായി.
ഒരു കൂട്ടം അഘോരികള്‍ ഉടുക്കും കൊട്ടി ശിവനാമം ജപിച്ചുകൊണ്ട് കത്തുന്ന ചിതയ്ക്ക് അരികിലേക്ക് കടന്നുവന്നു. സംഹാര മൂര്‍ത്തിയായ ശിവഭഗവാന്‍ കലിയുഗത്തിന്റെ അവസാനത്തില്‍ ഈ അണ്ഠകടാഹം തന്നെ സംഹരിക്കാന്‍ കൈക്കൊള്ളുന്ന ഉഗ്രാവതാരം. ഭഗവാന്‍ മഹാവിഷ്ണുവിന് പോലും അജ്ഞമായ ശങ്കരന്‍റെ ആഘോരി രൂപത്തെ ആരാധിക്കുന്ന സന്യാസിമാര്‍.
ഭഗവാന്‍റെ കാവലാളായി, സൈന്യമായി കാശിയില്‍ വിരഹിക്കുന്ന അവരുടെ ആവാസസ്ഥലം ശ്മശാനമാണ്. തനുവിലും മനുവിലും ദേവാധിദേവനായ മഹാദേവനെ മാത്രം സ്മരിച്ചുകൊണ്ട് കഴിയുന്ന ആഘോരി സന്യാസിമാര്‍.
ഗംഗയില്‍ നിന്നും ഒരു തണുത്ത കാറ്റ് ആഞ്ഞുവീശി. ചിതയെ വിഴുങ്ങിക്കൊണ്ടിരുന്ന അഗ്നി ഒന്ന് ഉലഞ്ഞു. പിന്നെ വര്‍ധിച്ച വീര്യത്തോടെ ചിതയെ ഭക്ഷിക്കാന്‍ തുടങ്ങി. അപ്പോഴും ഗംഗ ശാന്തമായ് ഒഴുകിക്കൊണ്ടിരുന്നു.
ഗംഗയുടെ ഉപരിതലത്തിൾ രണ്ട് ഇണ ഡോൾഫിനുകൾ പ്രത്യക്ഷപെട്ടു. അവ പരസ്പരം മുട്ടിയുരുമ്മിയും കുതിച്ചു ചാടിയും തങ്ങളുടേതായ ലോകത്തിൽ പ്രണയലീലകളിൽ ഏർപ്പെടുന്നത് നോക്കി സച്ചിദാനന്ദൻ ഇരുന്നു.
ആദ്യം പ്രാണനായി പ്രണയിച്ച കിച്ചുവും ഇപ്പോള്‍ അമ്മയും തന്നെ വിട്ടു പിരിഞ്ഞു. ഈ ഭൂമിയില്‍ സച്ചി തനിച്ചായിരിക്കുന്നു. ഇന്ന് ഈ ഗംഗയില്‍ സച്ചി അവസാനിക്കണം. അല്ലെങ്കിലും സച്ചി 19 വര്‍ഷം മുന്‍പേ അവസാനിച്ചതാണല്ലോ കണ്‍മുന്നില്‍ കിച്ചു പുഴയുടെ ആഴങ്ങളിലേക്ക് താണ്പോകുന്നത് നിസഹായനായി കണ്ടു നില്‍ക്കുമ്പോള്‍ തന്നെ.
ഇന്ന് സച്ചി ഒരു ശവം മാത്രമാണ് പോവണം അവളുടെ അടുത്തേക്ക്. ജീവിതത്തില്‍ നമുക്ക് ഒന്നിക്കാനായില്ല മരണത്തിലെങ്കിലും നമുക്ക് ഒന്നിക്കണം കിച്ചുവേ...
സച്ചി മെല്ലെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് ഗംഗയ്ക്ക് നേരെ നടന്നു. വീശിയടിച്ച കാറ്റില്‍ അയാളുടെ ഉടയാടകള്‍ ഇളകിയാടി. ചിതയില്‍നിന്നും തീപോരികള്‍ ഉയര്‍ന്നു പൊങ്ങുമ്പോള്‍ സച്ചി ഗംഗയിലേക്കിറങ്ങി.
തണുപ്പ് ഒരായിരം സൂചി മുനകളായി തന്‍റെ കാലിലൂടെ ശരീരത്തിലേക്ക് തറച്ചു കയറുന്നത് അയാള്‍ അറിഞ്ഞു.
"സകല പാപങ്ങളും ഏറ്റുവാങ്ങുന്ന പുണ്ണ്യനദിയെ ഈ പാപജന്മത്തെയും ഏറ്റുകൊള്ളുക.."
കണ്ണുകള്‍ ഇറുക്കിയടച്ച് സച്ചി ഒരു ദീര്‍ഘശ്വാസം വിട്ടു.⁠ ഗംഗയിലേക്ക് കുതിക്കാനാഞ്ഞതും പിറകിൽ നിന്നും ഒരു മുഴക്കമുള്ള ശബ്ദം ഉയർന്നു.
" അരുത് സഹോദരാ... ഗംഗ എത്രത്തോളം ശാന്തരൂപിണിയാണോ അത്രത്തോളം തന്നെ കോപിഷ്ഠയും ആണ്. ജലോപരിതലത്തിൽ ചെറിയ ഓളങ്ങൾ കാണാമെങ്കിലും വൻ ചുഴികളും ഭയാനകമായ ഒഴുക്കും ആണ് അടിത്തട്ടിൽ. അവളെ പുൽകാൻ ശ്രമിക്കുന്നവരെ അവൾ ഗാഢമായി പുണർന്ന് കൂടെ കൂട്ടും. എടുത്തതൊന്നും തിരിച്ചുകൊടുക്കത്തവൾ എന്നൊരു പേരുണ്ടവൾക്ക്‌. താങ്കൾ ഗംഗയെ പുൽകാൻ ശ്രമിക്കരുത്..."
സച്ചി അടുത്ത പടവിലേക്ക് കാലെടുത്തുവെക്കാൻ ശ്രമിച്ചു. ഇല്ല കഴിയുന്നില്ല കൂച്ചുവിലങ്ങിട്ടത്‌ പോലെ കാലുകൾ നിശ്ചലമാണ്.! സച്ചി പതിയെ ശബ്ദം കേട്ട ദിശയിലേക്ക് തിരിഞ്ഞു.
ദൃഢമായ പേശികളോടെ അഴിഞ്ഞുലഞ്ഞ ജഡയോടുകൂടി അർദ്ധനഗ്നനായ ഒരു അഘോരി സന്യാസ്സി. കൈയിലെ മാറാപ്പ് ചുമലിലേക്ക് തൂക്കിയിട്ട് അയാൾ സച്ചിയേ നോക്കി ചിരിച്ചു.
"സമയമായിട്ടില്ല സഹോദരാ.. നിനക്ക് സഞ്ചരിക്കാൻ ഇനിയും ദൂരം ഏറെയുണ്ട്."
അയാൾ മാറാപ്പിൽ നിന്നും ഒരു ചില്ലം പുറത്തെടുത്തു. അരയിലെ ചരടിൽ തൂക്കിയിട്ട മടിസഞ്ചി തുറന്ന് ഒരു പിടി കഞ്ചാവ് എടുത്ത് ചില്ലത്തിൽ നിറച്ചു. കത്തുന്ന ചിതയിൽ നിന്നും തീയാളിക്കത്തുന്ന ഒരു മരക്കഷണം വലിച്ചെടുത്ത് ചില്ലത്തിന് തീ പകർന്നു. മരക്കഷണം തിരികെ ചിതയിലേക്കിട്ടു. ഒരു കവിൾ പുക അന്തരീക്ഷത്തിലേക്ക് ഊതി വിട്ടുകൊണ്ട് അയാൾ പതിയെ സച്ചിയുടെ അരികിലേക്ക് നടന്നടുത്തു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot