ഒറ്റക്ക് താമസിക്കുന്നവരും ഗർഭിണികളും പ്രായമായവരും പേടിയുള്ളവരും ഇത് വായിക്കരുത്. !!!!.
ഇത് വായിച്ചിട്ട് നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രമായിരിക്കും എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.
ഞാൻ പറയാൻ പോവുന്നത് ശരിക്കും നടന്ന ഒരു സംഭവമാണ്. നടന്ന ഒരു പാട് സംഭവങ്ങളിൽ നിന്നും ഒരു ചെറിയ ഒരേട്.
സംഭവം നടക്കുന്നത് കുറച്ചു മുൻപാണ്. കൃത്യമായി പറഞ്ഞാൽ നമ്മുടെ ഒക്കെ അച്ഛനപ്പൂപ്പന്മാരുടെ കാലത്ത്.
ഞങ്ങളുടെ നാടിന്റെ എല്ലാ സ്പന്ദനങ്ങളും അറിയാവുന്ന വയറ്റാട്ടി ആയിരുന്നു കാളിയമ്മ. അവരുടെ അനിയത്തി കൊറ്റിയും അവരും ഏകദേശം നാലഞ്ചു മാസം ഗർഭിണി ആയിരിക്കുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്.
കൊറ്റിയും കാളിയും ഇതിനു മുൻപ് കുറെ പ്രസവിച്ചതാണ്. എല്ലാം ചാപ്പിള്ളകൾ ആയിരുന്നു.
അവരുടെ കെട്ടിയോന്മാർ പണിക്ക് പോയി കൂലി വാങ്ങി മീനും അരി സാധനങ്ങളും ഒക്കെ വാങ്ങി വന്നിട്ടാണ് അവർ രാത്രി കഴിക്കാൻ കഞ്ഞി ഉണ്ടാക്കുന്നത്.
കറന്റ് ഒന്നും അധികം വീടുകളിൽ എത്താത്ത കാലം.
അങ്ങനെ അന്ന് രാത്രി ഏകദേശം ഏഴര മണിയോടടുത്ത് ചെറിയ വിളക്ക് കത്തിച്ചു വെച്ച് മരപ്പലകയിൽ ഇരുന്നു മീൻ നന്നാക്കുകയായിരുന്നു കൊറ്റി.
മീൻ നന്നാക്കി മുറ്റത്തെ ഇരുട്ടിലേക്ക് മീൻ വെള്ളം ഒഴിക്കാൻ പോവുമ്പോഴാണ് ഒരു വലിയ കറുത്ത പൂച്ച തന്നെ തന്നെ നോക്കി നിൽക്കുന്നത് അവർ കണ്ടത്.
സാധാരണയിലും വലുപ്പമുള്ള ഒരു വലിയ പൂച്ച. കൊറ്റിക്ക് അത് കണ്ടു അസാധാരണമായി ഒന്നും തോന്നിയില്ല. പൂച്ചയുടെ മുൻപിലേക്ക് മീൻ ചെകിളകളും മറ്റും ഇട്ടു കൊടുത്തു തിരിച്ചു നടക്കുമ്പോൾ പൂച്ച ഒരു പ്രത്യേക രീതിയിൽ നോക്കുന്നത് കൊറ്റി കണ്ടില്ല.
അകത്തു കാളിയമ്മ കഞ്ഞി വേവിക്കുകയാണ്. മീൻ കറി വെക്കാൻ അവരെ ഏൽപ്പിച്ചു ഇരുന്ന പലക എടുക്കാനായി പുറത്തേക്കിറങ്ങിയ കൊറ്റി ആ പൂച്ചയെ അപ്പോഴും കണ്ടു.
മീൻ ചെകിളകൾ ഒന്ന് മണത്തു പോലും നോക്കാതെ ആ പൂച്ച കൊറ്റിയെ തന്നെ നോക്കി ഇരിക്കുകയാണ്. ചുവന്ന വലിയ നാക്ക് നീട്ടി ആ പൂച്ച മെല്ലെ അവളുടെ അടുത്തേക്ക് വന്നു. കൊറ്റിക്ക് മേലാകെ രോമം എഴുന്നേറ്റ് നിന്നു.
അവൾക്ക് ചെറുതായി ഭയം വന്നു തുടങ്ങി. അകത്തുള്ള കാളിയെ വിളിക്കാൻ അവൾക്കു നാവ് പൊങ്ങിയില്ല.
അതിനു മുൻപേ പൂച്ച വലുതായി വലുതായി പെട്ടെന്ന് ഒരു കറുത്ത കാളയായി മാറി. പിന്നെ കൊമ്പ് കുലുക്കി കൊറ്റിയുടെ നേരെ കുതിച്ചു ചാടി.
ഒരു വലിയ നിലവിളി കേട്ടാണ് കാളിയമ്മ പുറത്തേക്ക് വന്നത്. ചോരയിൽ കുളിച്ചു കിടക്കുന്ന കൊറ്റിയെ ആണ് അവർ കണ്ടത്.
അവളുടെ അടുത്ത് അഞ്ചു മാസം മാത്രം പ്രായമായ പൂർണ്ണ വളർച്ചയെത്താത്ത കൊച്ചു കുഞ്ഞു കഴുത്തു മുറിഞ്ഞു രക്തത്തിൽ കുളിച്ചു കിടന്നിരുന്നു.
അത് കണ്ട കാളി ഒരലർച്ചയോടെ നിലം പതിച്ചു.
കൊറ്റിയുടെ മരണം കാളിയെ അക്ഷരാർത്ഥത്തിൽ തളർത്തി കളഞ്ഞു.
കൊറ്റി മരിച്ചു കൃത്യം ഏഴാം ദിവസം അവളുടെ കെട്ടിയോൻ ചാത്തനെ വീട്ടിലേക്ക് വരുന്ന ഇടവഴിയിൽ കഴുത്തു മുറിഞ്ഞു മരിച്ചു കിടക്കുന്നത് കണ്ടു. അത് കഴിഞ്ഞു കൃത്യം ഏഴാം ദിവസം കാളിയുടെ കെട്ടിയോൻ ചിണ്ടനും. ചിണ്ടൻ മുറ്റത്തെ കല്ലിൽ തലയടിച്ചു വീണ പോലെ ആയിരുന്നു മരിച്ചു കിടന്നിരുന്നത്. പക്ഷെ മറ്റു രണ്ടു പേരുടെയും പോലെ അയാളുടെ കണ്ണുകളും എന്തോ കണ്ടു പേടിച്ച പോലെ പുറത്തേക്ക് തള്ളി നിന്നിരുന്നു.
മൂന്ന് പേരുടെ ദാരുണ മരണങ്ങൾ കാളിയെ ശരിക്കും തകർത്തു കളഞ്ഞു. സ്വന്തം കുടിലിൽ നിൽക്കാൻ അവൾക്ക് പേടി തോന്നി.
ദിവസേനെ വീർത്തു വയറുന്ന വയറും വെച്ച് അവൾ തൊട്ടപ്പുറത്തെ മൊല്ലയുടെ വീട്ടിലെ ചായ്പ്പിലേക്ക് കിടത്തം മാറ്റി.
രാത്രി പക്ഷെ ഒരു പോള കണ്ണടക്കാൻ കാളിക്ക് പറ്റിയില്ല. പുറത്ത് നിന്നും ആരോ തന്നെ പേര് ചൊല്ലി വിളിക്കുന്നത് പോലെ തോന്നി അവൾ പേടിച്ചു വിറച്ചു.
വലിയ കാള മുറ്റത്തു കൂടെ മുക്രയിട്ട് നടക്കുന്ന ശബ്ദം അവൾ കേട്ടു. പിന്നെ പശു അമറുന്ന ശബ്ദം. അത് കഴിഞ്ഞു വലിയ കണ്ടൻ പൂച്ചയുടെ ശബ്ദം.
ചായ്പ്പിന്റെ വാതിലിൽ ആരൊക്കെയോ വന്നു മാന്തുകയാണ്.
ഓല ചായ്പ്പിന്റെ മുകളിലൂടെ ആരോ നടക്കുകയാണ്. തൊട്ടടുത്തു നിന്നും പാമ്പ് ഊതുന്ന ശബ്ദം. തെരുവ് നായ്ക്കൾ ഓരിയിടുകയാണ്.
കാളിക്ക് പേടിച്ചു വിറച്ചു മുള്ളാൻ തോന്നി. പക്ഷെ പുറത്തിറങ്ങാൻ പേടിച്ചു അവൾ കടിച്ചു പിടിച്ചു നിന്നു.
പേടിച്ചു വിറച്ചു കണ്ണീരൊഴുക്കി എങ്ങനെയോ ഒരു രാത്രി അവൾ ഉറങ്ങാതെ കഴിച്ചു കൂട്ടി. രാവിലെ പുറത്ത് കണ്ട കുളമ്പുകളുടെ പാടുകൾ കാളിയെ ഭീതിയിലാഴ്ത്തി.
അവൾ പേടിച്ചു വിറച്ചു മൊല്ലയോട് കാര്യം പറഞ്ഞു. ഇനി രാത്രി അങ്ങനെ ശബ്ദം കേട്ടാൽ തന്നെ വിളിക്കാൻ മൊല്ല അവളെ ചട്ടം കെട്ടി.
അന്ന് രാത്രി പഴയതിനേക്കാൾ കൂടുതലായിരുന്നു പരാക്രമം. വാതിൽ ചവിട്ടി പൊളിക്കുന്ന പോലെ ഒക്കെ കാളിക്ക് തോന്നി. നൂറു കണക്കിന് കുളമ്പടികളാണ് പുറത്ത് നിന്നും. അതോടെ കാളി പേടിച്ചു മൊല്ലയെ വിളിച്ചു.
മൊല്ല മെല്ലെ വിളക്കുമെടുത്ത് വീടിനു പുറത്ത് വന്നു. എന്തൊക്കെയോ ചൊല്ലി പറഞ്ഞു വീടിനു ചുറ്റും നടന്നു കാഞ്ഞിരത്തിന്റെ മരക്കൊമ്പ് പൊട്ടിച്ചു മുറ്റത്തു ഒരു വട്ടം വരച്ചു അതിന്റെ നടുവിൽ തേങ്ങാ പൊളിക്കുന്ന കമ്പിപ്പാര കുത്തി തറച്ചു വെച്ചു.
ഇനി കുഴപ്പമൊന്നും ഉണ്ടാവില്ലെന്നും പറഞ്ഞു അയാൾ അകത്തേക്ക് പോയി. കാളി പക്ഷെ ഉറങ്ങാതെ എങ്ങനെയൊക്കെയോ രാത്രി കഴിച്ചു കൂട്ടി. അന്ന് പിന്നെ പുറത്ത് നിന്നു ഒരു ചെറിയ ശബ്ദം പോലും ഉണ്ടായില്ല.
നേരം വെളുത്ത ഉടനെ വീട്ടുകാർ കണ്ടത് മുറ്റത്തു പൂർണ്ണ നഗ്നനായ ഒരു മനുഷ്യൻ കൈ കൊണ്ട് നാണം മറച്ചു ചോരയിൽ കുളിച്ചു ഇരിക്കുന്നതാണ്.
ഇനി ഒരു തെറ്റും ചെയ്യില്ലെന്ന് പറഞ്ഞു കുറെ കരഞ്ഞതിനു ശേഷമാണ് മൊല്ല അയാളെ സ്വതന്ത്രനാക്കി വിട്ടത്.
കാര്യം എന്താണെന്ന് മനസ്സിലായോ.
ആ മനുഷ്യൻ ഒരു ഒടിയൻ ആയിരുന്നു.
ഒടിയൻ എന്ന സിനിമയിൽ നമ്മള് കണ്ട ലാലേട്ടൻ അഭിനയിച്ച സൗമ്യനായ ഒടിയൻ അല്ല.
കേരളക്കരയിലെ ഒട്ടു മിക്ക ഗ്രാമങ്ങളിലും ജീവിച്ചിരുന്ന രാത്രീഞ്ചരന്മാരായ ക്രൂരന്മാരായ ഒടിയൻമാരിൽ ഒരാൾ.
പക തോന്നുന്നവരുടെ കുടുംബം മുടിപ്പിക്കുന്ന ഒടിയൻ. സന്ധ്യ നേരത്ത് പുറത്തിറങ്ങുന്ന ഗർഭിണികളുടെ വയറ്റിലെ ഭ്രൂണം പുറത്തെടുത്തു പകരം മൺകുടം വെച്ചു അവരെ സാവധാനം മരണത്തിലേക്ക് തള്ളി വിടുന്ന ഒടിയൻ.
പാമ്പായും പോത്ത് ആയും പന്നിയായും നായയായും രൂപാന്തരം പ്രാപിക്കുന്ന മന്ത്ര വിദ്യകൾ അറിയുന്ന ഒടിയൻ.
ചില ഗ്രാമങ്ങളിൽ ഇവരെ പേടിച്ചു രാത്രി മനുഷ്യർ പുറത്തേക്ക് പോലും ഇറങ്ങാറില്ലായിരുന്നുവത്രേ.
ആർത്തവമുള്ള സ്ത്രീകളെയും ഗർഭിണികളായ സ്ത്രീകളുടെയും ഒക്കെ ശരീര ഗന്ധത്തിൽ ആകൃഷ്ടനായി ഒടിയൻ ത്രിസന്ധ്യാ സമയത്ത് അടുക്കള ഭാഗത്തു നഗ്നനായി വന്നു നിൽക്കും.
പക്ഷെ കാണുന്നവർക്ക് അവരെ കാണുമ്പോൾ മൃഗങ്ങളെ പോലെയാണ് തോന്നുക. അറിവുള്ള ചില അമ്മമാർ അവരോട് പോകാൻ പറയും. അല്ലെങ്കിൽ ഇവിടെ ആരും ഇല്ല. വേറെ എവിടേലും പൊയ്ക്കോ എന്ന് പറയും.
പക്ഷെ അവരെ കണ്ടു പേടിച്ചു പോയാൽ പിന്നെ നൂറു ശതമാനം ഭ്രാന്ത് പിടിച്ചു പോവും. ആ രീതിയിൽ ആയിരിക്കും അവരുടെ പ്രകടനം. ഗർഭിണികൾ ഒക്കെ ആണെങ്കിൽ പേടിച്ചു ഗർഭം അലസി പോവും.
സന്ധ്യാ സമയത്തു നാമം ജപിച്ചു വിളക്ക് വെക്കുന്ന വീടുകളുടെ അടുത്തേക്ക് അവർ അധികം അടുക്കാറില്ല. നിലവിളക്കിൽ കുടിയിരിക്കുന്ന ദേവി ചൈതന്യം ഇത്തരം ദുഷ്ട ശക്തികൾക്ക് ഭയമാണ്.
കാലം പിന്നെയും കുറെ കഴിഞ്ഞു. നാടൊട്ടുക്കും കറന്റ് വന്നു രാത്രി പകലായി. കാടും മേടും വെട്ടി നിരത്തി മനുഷ്യൻ വീട് വെച്ചു.
സാവധാനം ഒടിയന്മാരും കുറഞ്ഞു വന്നു. പ്രകാശ പൂരിതമായ സ്ഥലങ്ങളിൽ അവരുടെ ഒടിവിദ്യ ഫലിക്കാതെയായി.
പക്ഷെ ഒട്ടു മിക്ക ഗ്രാമങ്ങളിലും നമ്മളിൽ ഒരാളായി ഇന്നും ഒടിയന്മാർ ജീവിച്ചിരിക്കുന്നുണ്ട്.
അവരൊക്കെ ഇന്നും നമ്മളെ തേടി വരാറുമുണ്ട്.
നിങ്ങൾ രാത്രി മാത്രം അടുക്കളയുടെ പുറത്ത് വലിയ പൂച്ചകളെ കണ്ടിട്ടുണ്ടോ?.
രാത്രികളിൽ കാളകളുടെ കുളമ്പടിയൊച്ച കേൾക്കാറുണ്ടോ?.
വീടിന്റെ മുറ്റത്ത് കൂടെ പട്ടികൾ നടക്കുന്നത് പോലെ തോന്നാറുണ്ടോ?.
ഇരുട്ടിൽ തൊടിയിൽ എവിടെയെങ്കിലും പശു അമറുന്നത് കേൾക്കാറുണ്ടോ?.
നടന്നു പോവുമ്പോൾ ആരോ പിറകിൽ നമ്മുടെ കൂടെ വരുന്നത് പോലെ തോന്നാറുണ്ടോ?.
രാത്രി ഒറ്റക്ക് വീടിനു പുറത്തിറങ്ങുമ്പോൾ ആരൊക്കെയോ പുറത്ത് ഉള്ളത് പോലെ അനുഭവപ്പെടാറുണ്ടോ?.
ഒറ്റക്ക് ഉറക്കം വരാതെ കിടക്കുമ്പോൾ റൂമിൽ ആരുടെയെങ്കിലും നിശ്വാസം കേട്ടത് പോലെ തോന്നി ലൈറ്റ് ഇട്ടു നോക്കാറുണ്ടോ?.
കട്ടിലിനു താഴെ ആരോ ഉള്ളത് പോലെ തോന്നി ടോർച്ചു അടിക്കാറുണ്ടോ?.
വാതിലിൽ ആരോ മുട്ടിയത് പോലെ തോന്നാറുണ്ടോ?.
ടെറസിനു മുകളിലൂടെ ആരോ നടക്കുന്നത് പോലെ തോന്നാറുണ്ടോ?.
പുറത്തെ പൈപ്പിൽ നിന്നും വെള്ളം ചാടുന്നത് പോലെ തോന്നാറുണ്ടോ?.
കിണറിൽ നിന്നും വെള്ളം കോരുന്നത് പോലെ തോന്നാറുണ്ടോ?.
വീടിനു പുറത്ത് നിന്നും ആരെങ്കിലും വിളിച്ച പോലെ ഒക്കെ തോന്നാറുണ്ടോ?.
തോന്നുന്നുവെങ്കിൽ ശ്രദ്ധിക്കണം. കാരണം നിങ്ങളെ ഒരു ഒടിയൻ നോട്ടമിട്ടു കഴിഞ്ഞു.
ഉണ്ടെങ്കിലും പേടിക്കരുത്. കാരണം ഭയമുള്ളവരെ മാത്രമേ ഒടിയന്മാർക്ക് ഉപദ്രവിക്കാൻ കഴിയൂ.
ധൈര്യ ശാലികളെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
ഒറ്റക്ക് വീട്ടിലേക്ക് നടക്കുമ്പോൾ പിറകിലേക്കും വശങ്ങളിലേക്കും നോക്കാതെ മുന്നോട്ട് നോക്കി നടക്കുക. കാരണം പിറകിലൂടെയും വശങ്ങളിലൂടെയുമാണ് അവർ വരുക. നിങ്ങൾ അങ്ങോട്ട് നോക്കാതെ പേടിക്കാതെ നടന്നു പോയാൽ അവർ ഒന്നും ചെയ്യില്ല.
ഏത് മൃഗത്തെ കണ്ടാലും പേടിക്കാതെ നടന്നു പോവുക. ഓടിയാലോ അലറി വിളിച്ചാലോ അവർ നമ്മളെ പേടിപ്പിച്ചു രസിക്കും.
രാത്രി പുറത്തിറങ്ങുമ്പോൾ പട്ടിയേയോ പൂച്ചയെയുമൊക്കെ കണ്ടാൽ അവരെ തന്നെ തുറിച്ചു നോക്കുക.
അവർ നമ്മളെയും നോക്കുന്നുണ്ടെങ്കിൽ ഇവിടെ നിങ്ങൾ കരുതുന്ന പോലെ ആരുമില്ലെന്ന് പറയുക. എന്നിട്ട് പൊയ്ക്കോ എന്ന് പറയുക.
അല്ലാതെ അവറ്റകളെ പേടിപ്പിക്കാൻ നോക്കരുത്.
കാരണം അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല.
ഇത് ആരും അങ്ങനെ ഒന്നും ശ്രദ്ധിക്കാത്ത വിഷയമാണ്. ഇനി ശ്രദ്ധിക്കുമല്ലോ.
സ്നേഹത്തോടെ,
നിങ്ങളുടെ.
ഹക്കീം മൊറയൂർ.
===============.
നിങ്ങളുടെ.
ഹക്കീം മൊറയൂർ.
===============.
ഇത് വായിച്ചു രാത്രി ഒറ്റക്ക് പുറത്തിറങ്ങി പേടിച്ചാൽ എന്നെ കുറ്റം പറയരുത്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക