നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വെളുത്ത പുസ്തകത്തിലെ അവ്യക്തമായ കറുത്ത രൂപം


================================
രചന :Deepa Palayadan.
ഇരുട്ടിൽ തുറന്നു പിടിച്ച കണ്ണുകളിൽ അലോസരത്തിന്റെ വെളിച്ചം വന്നു വീണപ്പോൾ ഞാൻ അസ്വസ്ഥയായി. പതുങ്ങിയിരുന്ന മുറിയിലെ കോണിൽ നിന്ന് എഴുന്നേറ്റ് നേരേ വാഷ്ബെയ്‌സിനടുത്തേക്ക് പോയി. മുഖം നന്നായി കഴുകി. പിന്നെ കണ്ണാടിയിലേക്ക് തന്നെ നോക്കി.
സീമന്തരേഖയിൽ നേരിയ ചുവപ്പ്. ദിവസങ്ങൾക്ക് മുൻപ് മഹി ചാർത്തി തന്ന സിന്ദുരത്തിന്റെ മങ്ങിയ ചുവപ്പ് !.തന്നിൽ നിന്നുള്ള അവന്റെ ഒളിച്ചോട്ടത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തൽ !.
പുറത്ത് കാളിങ്ബെൽ ഉച്ചത്തിൽ ശബ്‌ദിച്ചു.
"ആരാണ് ഇത്ര രാവിലെ..." ? ഞാൻ പുറത്തേക്ക് നോക്കി.
പാൽക്കാരനാണ്. "അയാൾ എന്താ ഇത്ര രാവിലെ വന്നത് "!
അടുക്കളയിൽ സിങ്കിൽ കഴുകാതേ കൂട്ടിയിട്ടിരിക്കുന്ന കുറെ പാത്രങ്ങൾ !
അവ എത്ര ദിവസമായി ഇങ്ങനെ ! അസഹ്യമായ ദുർഗന്ധം !.
അലമാരയുടെ താഴെ വച്ചിരിക്കുന്ന ഒരു സ്റ്റീൽ പാത്രവുമായി ഞാൻ ഉമ്മറത്തേക്ക് നടന്നു.
വാതിൽ തുറന്നപ്പോഴെ അയാളുടെ മുഖത്ത് ഒരു പരിഹാസ ചിരി നിറഞ്ഞിരുന്നു. അത് എന്നെ അപമാനിതയാക്കി !.
അയ്യോ "ലിനി ചേച്ചി..... പാൽ തരാനല്ല. പാലിന്റെ പൈസ..... അത് പറഞ്ഞ് അയാൾ എന്നെ തന്നെ നോക്കി.
"ഇന്നൂടെ മാത്രം........നാളെ പൈസ തരാം. എന്റെ പരുങ്ങൽ അവസാനിക്കും മുന്നേ നീട്ടി പിടിച്ച സ്റ്റീൽ പാത്രത്തിലേക്ക് പാൽ പകർന്ന്. പാൽ പാത്രം ശക്തമായി വലിച്ചടച്ച് അയാൾ ചോദിച്ചു.
"ഇപ്പോൾ തനിച്ചാ.... ല്ലേ "?
ഞാൻ ഒന്നും പറഞ്ഞില്ല. പെട്ടെന്ന് അകത്തേക്ക് നടന്നു. നിറഞ്ഞു വന്ന സങ്കടം കണ്ണുകളിലൂടെ പുറത്തേക്ക് ഒഴുകി !.
മഹി എന്നെ ഉപേക്ഷിച്ചു കടന്നു കളയുമെന്ന് വിചാരിച്ചതേയല്ല. പ്രണയം, ഒളിച്ചോട്ടം...! ജീവിതം, എന്തൊക്കെയോ എന്നെ പഠിപ്പിക്കുന്നു. സ്വന്തം വീട്ടിലേക്ക് ഒരു മടക്കം അസാധ്യമാണെന്ന ചിന്ത എന്നെ മുറിവേൽപ്പിക്കുന്നു.
മഹി... എങ്ങോട്ടാ പോയത് !
"ആരിൽ നിന്നും" "എന്നിൽ നിന്ന് "....എന്നിൽ നിന്നും മാത്രം !
എഴുതിയത് മുഴുവൻ അവളെക്കുറിച്ചായിരുന്നില്ലേ... മഹിയുടെ കാമുകി... അവൾ അത്രയ്ക്ക് സുന്ദരിയാണോ?
നാല് വർഷത്തിനിടയിൽ പലപ്പോഴും മഹിയിൽ നിന്ന് ഞാൻ അവളെ അറിഞ്ഞിട്ടുണ്ട്. ഓരോ നിമിഷവും അവളിലേക്കേത്താനുള്ള അവന്റെ ആഗ്രഹം എന്നെ അതിശയപ്പെടുത്തി. എന്നാലും എന്നെ തനിച്ചാക്കി പോകുമെന്ന് വിചാരിച്ചില്ല.
പലപ്പോഴും ഈ വീട് ഇല്ലായ്മകളുടെതായിരുന്നു. സാദാ സമയവും എഴുത്തും, വായനയും മാത്രമായ മഹി, ഉള്ള ജോലിയും നശിപ്പിച്ചു. അതോടെ എനിക്ക് അയാളോട് എതിർത്ത് സംസാരിക്കേണ്ടി വന്നു.
വിഷാദം നിറഞ്ഞ ഒരു ചിരിയല്ലാതേ അയാളിൽ നിന്നും മറുപടിയൊന്നും കിട്ടാറേയില്ല. അതാണ് വാസ്തവം.
വായിച്ചു തീർത്ത പുസ്തകങ്ങളും, എഴുതി വറ്റിച്ച പേനയും.....കണ്ടു മടുത്താവണം, അയാൾ പ്രാണനേ പോലെ കൊണ്ടുനടന്ന പേന എനിക്ക് സമ്മാനിച്ച്... കടന്നു കളഞ്ഞത് "എന്നിൽ നിന്നും കടന്നു കളഞ്ഞത് "!
"ഭീരൂ..വെറും ഭീരൂവാണ് നിങ്ങൾ "! ആ പേന നോക്കി ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.
"അവൾ സുന്ദരിയായിരുന്നു ല്ലേ..? നിങ്ങളുടെ പ്രണയിനി "! മതിഭ്രമം ബാധിച്ച ഒരുവളെ പോലെ ഞാൻ എന്തൊക്കെയോ പറഞ്ഞു.
വീണ്ടും ഉമ്മറത്ത് ന്ന് ആരോ വിളിക്കുന്നു. ചെന്ന് നോക്കുമ്പോൾ ആരെയും കാണുന്നില്ല.
ഇന്നലെ രാത്രി കൂടി മഹിയെ അന്വേഷിച്ചുള്ള യാത്രയിലായിരുന്നു ഞാൻ. "അവനെ ആ ഇരുട്ടിൽ തനിച്ചാക്കാൻ എനിക്ക് വയ്യ "!
ചോദ്യങ്ങളുണ്ട്... ഒരുപാട്.. !
മഹി ക്ക് ഉത്തരങ്ങളില്ല. ഉണ്ടാവുന്നത് ആ ചിരി മാത്രം... അതെനിക്ക് എപ്പോഴെ കാണാം !.
നാഴികകൾ കടന്നു പോയി രാവിലെ തിളപ്പിച്ച്‌ വച്ച പാൽ പാടക്കെട്ടി മേശപ്പുറത്ത് തന്നെ ഉണ്ട്.
"നീ ഇതുവരെ ഒന്നും കഴിച്ചില്ലേ ലിനി "?
ആരോ ചോദിക്കും പോലെ... !
ഞാൻ പെട്ടെന്ന് എഴുന്നേറ്റു ജനലിന്റെ അരികിലേക്ക് പോയി.
"മഹി യാണോ"? പിന്നെയും ചോദിച്ചു..
"മഹിയാണോ "?
ഇല്ല.... മറുപടിയില്ല. അതേ അവിടെയാരുമില്ല.
തോന്നലുകൾ ! എന്റെ തോന്നലുകൾ എന്നോട് സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു.
നേരിയ നിരക്കത്തോടെ സമയം കടന്നു പോയി. അടുത്ത മുറിയിലെ വലിയ കസേര നിരക്കി ഞാൻ ഹാളിലേക്ക് കൊണ്ടു വന്നു. ഒപ്പം വീട് വിട്ട് വരുമ്പോൾ കൊണ്ടു വന്ന അമ്മയുടെ കുഞ്ഞു പൂക്കളുള്ള സാരിയും. ഒരിക്കൽ പോലും ഞാൻ അത് ഉടുത്തിട്ടില്ല. അമ്മയുടെ മണം ഇപ്പോഴും അതിൽ നിറഞ്ഞു നിൽക്കുന്നു. ഞാനത് ചേർത്ത് പിടിച്ചു. മാപ്പ് ചോദിക്കുന്നു.. എല്ലാത്തിനും.
"അത്രയ്ക്ക് ഞാൻ അവനെ സ്‌നേഹിച്ചു പോയി "! തനിയെ വിടാൻ വയ്യ ഒരിക്കലും. "എന്നോട് ക്ഷമിക്കൂ ".
മേശപ്പുറത്ത് വെച്ച മഹിയുടെ പേന ഞാൻ കയ്യിലെടുത്തു. പിന്നെയത് എന്റെ ഉടുപ്പിനോട് ചേർത്ത് കുത്തി. പതിയെ തലോടി. അവന്റെ കയ്യ് വിരൽ പോലെ... എനിക്ക് പ്രിയപ്പെട്ടത് !.
മഹിയുടെ പുസ്തകം. ഏറെ നാളത്തെ കഷ്ടപ്പാട്. മഹിയുടെ ചിന്തകൾ, വിരഹം, സ്‌നേഹം, എല്ലാം അതിലുണ്ട്. പുറം ചട്ടയിൽ കറുത്ത് മെലിഞ്ഞ അവ്യക്തമായ ഒരു രുപം!
പലവട്ടം വായിച്ച പുസ്തകമാണ്.
മഹിയുടെ പുസ്തകം "മരണം എന്റെ പ്രണയിനി "!
അവൻ അവളുടെയടുത്ത് എത്തിയിരിക്കുന്നു. കടുത്ത ഇരുട്ടിലേക്ക്.
അമ്മയുടെ സാരി കഴുത്തിലേക്ക് മുറുകുമ്പോൾ. . ഏതോ താരാട്ടിന്റെയും പ്രസവവേദനയുടെ നെരക്കങ്ങളും അങ്ങകലെ എനിക്ക് കേൾക്കാം.
കൺപീലികൾ നിയന്ത്രണമില്ലാതെ മറഞ്ഞു പോകുന്നു. എന്റെ കാഴ്ചകൾ മങ്ങുന്നു. എല്ലാ ജീവകോശങ്ങളും എന്നെ ശപിക്കുന്നു. കറുത്ത നീളൻ പുക പോലെ ഞാൻ ഉയരെ പറക്കുന്നു. പിന്നെ... പിന്നെ... ഏതോ ലോകത്ത്.
ലിനി......
മഹിയുടെ രൂപം പോലെ... അകലെ നിന്ന് എന്നെ വിളിക്കുന്നു. വഴികൾ ഇടുങ്ങിയതും ഇരുട്ട് നിറഞ്ഞതും. പക്ഷേ എനിക്ക് പോയേ മതിയാവു. നടന്നു... ഒത്തിരി ദൂരം.
മഹിയുടെ മുഖം ഞാൻ എന്റെ കയ്യ്കൾ കൊണ്ട് തൊട്ടു. അവൻ ചിരിക്കുന്നു. എല്ലാം അറിഞ്....ഒന്നുമറിയാത്ത പോലെ.
ഇവിടെ വിജനമാണ്. പൂക്കളില്ല, ജലമില്ല, മഴയോ, കാറ്റൊയില്ല. വലിയ പാറക്കെട്ടുകൾ . ഈ ലോകം എനിക്ക് വേണ്ട. നമ്മുക്ക് തിരിച്ചു പോകാം. ഞാൻ അവന്റെ കയ്യ് പിടിച്ചു വലിച്ചു.
ഭയം ! "മരണമായിരുന്നു എന്റെ ഭയം "..അത് ഞാൻ എന്നേ താണ്ടിയിരിക്കുന്നു. മഹി കൂസലില്ലാതെ പറഞ്ഞു.
"മഹി പ്രണയിച്ചത് ഈ ഏകാന്തതയേ ആയിരുന്നു".
ഞാൻ..... "ഞാൻ പ്രണയിച്ചത് നിങ്ങളെയും "!
അയാൾ മിണ്ടുന്നില്ല. ദൂരെ പാറി പറക്കുന്ന അവ്യക്തരൂപങ്ങളെ നോക്കി....കണ്ണുകൾ ചിരിക്കുന്നു.
കുറച്ചു നേരത്തെ മൗനത്തിന് ശേഷം അയാൾ പറഞ്ഞു.
"ലിനി... "
"നിനക്കറിയോ. നമ്മുക്കും ചിറക് മുളയ്ക്കും"!
സ്വയം മറന്നു പറക്കാൻ. അവിടെ തിരിച്ചറിവുകളില്ല. നീ എന്നെയോ.. ഞാൻ നിന്നെയോ തിരിച്ചറിയില്ല . എല്ലാം മറന്ന്.
അയാൾ കരയുന്നു. നിസ്സഹായമായി ഞാനും.
ഒരു വലിയ ഇടിനാദമോ... മിന്നൽ പിണരുകളോ നമ്മേ വേർപ്പെടുത്താo.അയാളുടെ വിറക്കുന്ന കൈയിൽ ഞാൻ മുറുകെ പിടിച്ചു. നടന്നകന്ന വഴികൾ മുഴുവൻ താഴിട്ട് പൂട്ടിയിരിക്കുന്നു.
എന്റെ ഉടുപ്പിൽ കുത്തിവെച്ച പേന.. ഞാൻ എന്റെ ഹൃദയത്തോട് ഒന്നൂടെ ചേർത്ത് പിടിച്ചു. മിന്നൽ പിണരുകൾക്കും, ഇടിനാദങ്ങൾക്കുമായി ഞങ്ങൾ കാത്തിരുന്നു.
പൊടുങ്ങനേ എനിക്കാണ് ആദ്യം ചിറകുകൾ മുളച്ചത്. എന്റെ ഓർമ്മകൾക്ക് മുകളിൽ അവന്റെ രൂപം അപ്രത്യക്ഷമാവുന്നു!. അവ്യക്തമായ എന്തോ ഒന്നായി ഞാൻ ഉയരെ.. ഉയരെ പറക്കുന്നു!.പിന്നീട് പലപ്പോഴും കയ്യിലുള്ള പേനയേ ചേർത്ത് പിടിച്ച്, അത് എന്താണെന്നറിയാതെ "ഞാൻ ആശങ്കപ്പെടുന്നു.
-------------------------------------------------------
ഡോക്ടർ ഹരി ശങ്കർ, ലിനി കുറിച്ച് വെച്ച പുസ്തകതാളുകൾ പതിയെ അടച്ചു. അയാൾ മഹിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
മഹി.., ഇതൊക്കെ വായിച്ചോ?
ഉവ്വ് ഡോക്ടർ. ഞാൻ വായിച്ചതാണ്.
അവൾ വല്ലാത്ത ഒരവസ്ഥയിലാണ്. ഇവിടെ ഇങ്ങനെ എത്ര കാലം...
ഒരു ഭ്രാന്താശുപത്രിയിൽ അവളെ......
ഇങ്ങനെ കാണാൻ വയ്യ ഡോക്ടർ. അവളെ ഞാൻ വീട്ടിലേക്ക് കൊണ്ടു പോയിക്കോട്ടെ.
ലിനിയേ, മഹിക്ക് വീട്ടിലേക്ക് കൊണ്ടു പോകാം. ഇവിടെ കിടത്തേണ്ട ആവശ്യമില്ല.
ഞാൻ അവൾ എഴുതിയ കുറിപ്പുകൾ വായിച്ചതിൽ നിന്നും മനസ്സിലാക്കുന്നത്. നിങ്ങൾ മരിച്ചു പോയി എന്ന ബോധ്യമാണ് ആ കുട്ടിയേ അലട്ടുന്നത്.
മഹിയുടെ തല താഴ്ന്നു.
അങ്ങനെ ഒരു സാഹസം ഞാൻ കാണിച്ചിരുന്നു ഡോക്ടർ. ജോലി നഷ്ടമായപ്പോൾ, കൂടെ ഉണ്ടായിരുന്ന എഴുത്തും എന്നെ കയ്യ് വിട്ടെന്ന തോന്നലുകൾ. ഒരു ആത്മഹത്യാ ശ്രമം. രണ്ടാഴ്ച ബോധമില്ലാതെ ആശുപത്രിയിൽ.
പിന്നെ എല്ലാം മാറി, തിരിച്ചു വരുമ്പോഴെക്കും അവളുടെ മനോനിലയിൽ കാര്യമായ വ്യത്യാസങ്ങൾ കണ്ടു തുടങ്ങി. ഒട്ടും സംസാരിക്കില്ല. ഏത് നേരവും എന്റെ പേന കയ്യിൽ എടുത്ത് എന്തെങ്കിലും എഴുതും.
ഞാൻ മുറിയിൽ തന്നെ ഉണ്ടെങ്കിലും, പെട്ടെന്ന് എഴുന്നേറ്റു പോയി ജനലിന്റെ അടുത്ത് ചെന്ന് മഹി ന്ന് ഉറക്കെ വിളിക്കും. പിന്നെ കരയും.
മഹിയുടെ പുസ്തകം.. "മരണം എന്റെ പ്രണയിനി "! ആ പുസ്തകത്തിൽ നിങ്ങളുടെ മരണത്തൊടുള്ള അടങ്ങാത്ത വർണ്ണനകൾ, പിന്നെ നിങ്ങളുടെ മരിക്കാനുള്ള ശ്രമവും.ഇതു രണ്ടും ആ കുട്ടിയേ ആഴത്തിൽ വേദനിപ്പിച്ചിരിക്കുന്നു.
അബദ്ധമാണ് ഡോക്ടർ.. ഞാൻ ചെയ്തത് ഈ ലോകത്തു ജീവിക്കുക എന്നത് മഹാഭാഗ്യം ഞാൻ അത് മനസ്സിലാക്കുന്നു.
ഇത് ഒരു തിരിച്ചറിവാണ് മഹി.....
നിങ്ങൾക്ക് ലിനിയേ വീട്ടിലേക്ക് കൊണ്ടു പോകാം. ആ കുട്ടിയേ മാറ്റിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും.
പെട്ടെന്ന് വേണമെന്ന് വാശിപിടിക്കരുത്.
അവൾ വരും. കാരണം അവൾ നിങ്ങളെ അത്രയ്ക്ക് സ്‌നേഹിക്കുന്നു. തനിക്കു മുളച്ച ചിറകുകൾ പിഴുതെറിഞ് തിരിച്ചറിവിന്റെ ലോകത്തേക്ക് പതിയെ പതിയെ... അവൾ തിരിച്ചു വരും. കാത്തിരിക്കൂ. ഓൾ ദി ബെസ്റ്റ്.
ആശുപത്രിയുടെ നീളൻ പടവുകൾ മഹിയുടെ കയ്യും പിടിച്ചിറങ്ങുമ്പോൾ ഭാവനയിൽ മുളച്ച തന്റെ ചിറകിനടിയിൽ അവളാ പേന ഒളിപ്പിച്ചു വെച്ചു. പിന്നെ, ഒന്നുമൊന്നും അറിയാതെ വിദൂരതയിലേക്ക് തുറിച്ചു നോക്കി.
രചന :Deepa palayadan.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot