Slider

വെള്ളച്ചാട്ടം

0
വെള്ളച്ചാട്ടം
***********
കല്യാണം കഴിഞ്ഞ് മധുവിധു നാളുകൾക്കിടയിലാണ്, ഒരു കൊച്ചു രഹസ്യം പോലെ , നീതുവിന്റെ കാതുകളിൽ റോബിൻ പറയുന്നത്.
" നമ്മുടെ വീടിനടുത്തായി ഒരു വെള്ളച്ചാട്ടം ഉണ്ടെന്ന്."
അതു കേട്ട് നീതു ഉത്സാഹഭരിതയായി.
അവൾ റോബിനോട് പറഞ്ഞു, 'എന്നാൽ നമുക്ക് കാണാൻ പോകാം'.
ആ... നമുക്ക് എപ്പോഴെങ്കിലും പോകാം, ഇവിടെ അടുത്തല്ലേ... റോബിൻ പറഞ്ഞു.
ആ ... ശരി..
നീതുവിന് വെള്ളച്ചാട്ടം കാണുന്നത് ഇഷ്ടമാണ്. ആ ഒറ്റക്കാരണം കൊണ്ടു തന്നെ , വർഷത്തിലൊരിക്കൽ അതിരപ്പിള്ളി, വാഴച്ചാൽ എന്നിവിടങ്ങളിൽ കുടുംബാംഗങ്ങളോ
ടൊപ്പം പോകാറുണ്ട്. പoന കാലത്തെ സ്റ്റടി ടൂർ ആ ഭാഗത്തേക്കാണ് എങ്കിൽ അവൾ അതു മിസ് ചെയ്യാറില്ല.
അതിരപ്പിള്ളിയിലെ വെള്ളച്ചാട്ടത്തിന്റെ മനോഹരിത അവളെ എപ്പോഴും മത്തുപിടിപ്പിച്ചിട്ടുണ്ട്. എത്ര നേരം വേണമെങ്കിലും അവിടെ നിന്നു അത് ആസ്വദിക്കും. പിന്നെ വേറൊരു കാര്യം ഉണ്ട്, വെള്ളച്ചാട്ടം ഇഷ്ടമാണെങ്കിലും, വെള്ളത്തിലിറങ്ങാൻ നീതുവിന് പേടിയാണ്.
വിവാഹം കഴിഞ്ഞപ്പോൾ അതെല്ലാം മിസ്സായിപ്പോയല്ലോ എന്നൊക്കെ വിഷമിച്ചിരിക്കുമ്പോഴാണ്, അവളുടെ ഈ ഇഷ്ടം അറിയാവുന്ന, റോബിൻ അവളോട് ഇവിടേയും വെള്ളച്ചാട്ടമുണ്ടെന്ന് പറയുന്നത്. അവളുടെ ആഹ്ളാദത്തിനതിരില്ലാ യിരുന്നു.
ദിവസങ്ങൾ കടന്നു പോയി. തൊട്ടടുത്ത സ്ഥലത്തെ വെള്ളച്ചാട്ടം കാണാൻ , റോബിൻ കൊണ്ടുപോകാത്തത് നീതുവിനെ അലോസരപ്പെടുത്തി. അവൾ റോബിനോട് ' നമ്മൾ എപ്പോഴാ വെള്ളച്ചാട്ടം കാണാൻ പോകുന്നേ....' എന്നു ഇടയ്ക്കിടയ്ക്ക് ചോദിക്കാൻ തുടങ്ങി.
പോകാം... പോകാം... എന്നു റോബിൻ പറയുന്നതല്ലാതെ, പോക്കൊന്നും കാണുന്നില്ല.
അവസാനം സഹിക്കെട്ടു നീതു റോബിനോട് പറഞ്ഞു, ഈ വരുന്ന ഞായറാഴ്ച എന്നെ വെള്ളച്ചാട്ടം കാണിക്കാൻ കൊണ്ടു പോയില്ലെങ്കിൽ , ഞാൻ എന്റെ വീട്ടിൽ പോയിട്ട്, ഒറ്റയ്ക്ക് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ പോകും. ഇത് സത്യം, സത്യം, സത്യം . ഇതു പറയുമ്പോൾ നീതു വിറയ്ക്കുകയായിരുന്നു. അതു കേട്ട്, റോബിനും വിറച്ചു.
റോബിൻ വിചാരിച്ചു, 'ഇതൊരു വല്ലാത്ത പൊല്ലാപ്പായല്ലോ...' നീതു കാര്യം പാവമാണെങ്കിലും, ഈ ഉഗ്രപ്രതിജ്ഞ ചെയ്യുമോ എന്നാണ് പേടി. കല്യാണം കഴിഞ്ഞിട്ട് നാലോ അഞ്ചോ മാസങ്ങളാവുന്നേയുള്ളൂ . അവളെങ്ങാനും, അവളുടെ വീട്ടിൽ പോയാൽ, വീട്ടുകാർ പോട്ടെ , പുതു ദമ്പതികളുടെ കാര്യത്തിൽ ഒരു കൊച്ചൊക്കെ ഉണ്ടായി കുടുംബം സെറ്റിലാകുന്നതുവരെ , അവരുടെ മേൽ കണ്ണും, കാതും തുറന്നു വച്ചിരിക്കുന്ന നാട്ടുകാർ എന്തു വിചാരിക്കും?
വെളളച്ചാട്ടം കാണിക്കാൻ കൊണ്ടു പോകാംന്നു വിചരിച്ചാൽ, ഈ കടുത്ത വേനലിൽ വെള്ളത്തിന്റെ ഒഴുക്കു കുറവാണ്. ഇപ്പോൾ കാണാൻ പോയാൽ ശരിയാവില്ല. നീതു പരിഹസിച്ചാലോ, അങ്ങനെ എന്റെ നാടിനെ പരിഹസിക്കണ്ട. അതു കൊണ്ട് മന: പൂർവ്വo കൊണ്ടുപോകാത്തതാണ്. ഇനി ഞായർ, എന്തു ചെയ്യും? റോബിൻ കൂലങ്കഷമായി ചിന്തിച്ചു. ഒടുവിൽ അതിനൊരു പരിഹാരവും കണ്ടെത്തി.
ഞായറാഴ്ച ആയി. രാവിലെ എഴുന്നേറ്റപ്പോൾത്തന്നെ, നീതു റോബിനെ , വെളളച്ചാട്ടം കാണാൻ പോകുന്ന കാര്യം ഓർമ്മിപ്പിച്ചു.
ഏറ്റെടീ... നീ വേഗം പോയി ചായ ഉണ്ടാക്ക്, എനിക്ക് ദോശയും, ചട്നിയും മതീട്ടോ .. അതു കഴിഞ്ഞ് നമുക്ക് പള്ളിയിൽ കുർബ്ബാനയ്ക്ക് പോകണ്ടേ... കുർബ്ബാനയൊക്കെ കണ്ട്, തിരിച്ച് വീട്ടിൽ വന്നിട്ട് നമുക്ക് വെള്ളച്ചാട്ടം കാണാമെടീ....
ഇതു കേട്ട്, കൊച്ചു പിള്ളേര് സന്തോഷം കൊണ്ട് ചാടിത്തുള്ളി പോകുന്നതു പോലെ, ചാടിച്ചാടി നീതു അടുക്കളയിലേക്ക് പോയി.
റോബിൻ പല്ലുതേച്ചു, ഷേവൊക്കെ ചെയ്തു, ഊണുമുറിയിൽ വന്നപ്പോഴേക്കും, നീതു ചായയും മറ്റും തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു.
രണ്ടുപേരും, പ്രാതൽ കഴിച്ചതിനു ശേഷം വേഷം മാറി പള്ളിയിലേക്ക് പോയി. കുർബ്ബാന നടക്കുന്നതിനിടയിലും , നീതുവിന്റെ മനസ്സിൽ വെള്ളച്ചാട്ടം കാണാൻ പോകുന്നതിന്റെ ത്രില്ലിലായിരുന്നു.
വെള്ളച്ചാട്ടത്തിന്റെ ഫോട്ടോ എടുക്കണം, പറ്റുമെങ്കിൽ, വെള്ളച്ചാട്ടത്തിനു അരികിൽ വെള്ളത്തിൽ മുട്ടു കാലു വരെ മുക്കണം എന്നൊക്കെയായിരുന്നു കുർബ്ബാനയ്ക്കി ടയിലും അവൾ മനോരാജ്യത്തിൽ മുഴുകിക്കൊണ്ടിരുന്നത്. വേഗം കുർബ്ബാന കഴിയാൻ അവൾ കാത്തു നിന്നു.
കുർബ്ബാന കഴിഞ്ഞ് , റോബിനും , നീതുവും വീട്ടിൽ തിരിച്ചു വന്നു. എന്നിട്ട് നീതു റോബിനോട് പറഞ്ഞു , ദേ ... ഞാനിപ്പം വരാട്ടാ.. ഈ വേഷമൊന്നു മാറ്റി വേറൊന്ന് ഇട്ടിട്ടു വരാം.. വെള്ളം ആകുന്നതല്ലേ...?
വേണ്ട ടീ... പെണ്ണേ... ഇതു മതി. വെള്ളമാകാതെ സൂക്ഷിച്ചാൽ മതി.
അതു പറ്റില്ല, എനിക്ക് മുട്ടോളം വരെ വെള്ളത്തിലിറങ്ങണം.
അതിന്, നിനക്ക് പേടിയല്ലേ, വെള്ളത്തിലിറങ്ങാൻ...
ഇച്ചായനൊള്ളപ്പം എനിക്കെന്തു പേടി.? ഇനി വേഷം മാറ്റണ്ടെങ്കിൽ മാറ്റണ്ട. നമുക്ക് വെള്ളച്ചാട്ടം കാണാം. നീതുവിന് ധൃതിയായി.
നിനക്ക് വെള്ളച്ചാട്ടമല്ലേ കാണേണ്ടത്, വാ.... കാണിച്ചു തരാം, അതും പറഞ്ഞ് റോബിൻ നീതുവിന്റെ കൈയ്യേൽ പിടിച്ച് വീടിന്റെ ചുമരിനോട് ചേർന്നുള്ള ടാപ്പിന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ടാപ്പ് തുറന്നു. ടാപ്പിൽ നിന്ന്, വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങി.
വെള്ളം കുതിച്ചു പോകുന്നത് ചൂണ്ടിക്കാട്ടിക്കൊണ്ട് , റോബിൻ നീതുവി നോട് പറഞ്ഞു ,
ഇതാണ് ഞാൻ പറഞ്ഞ ആ " വെള്ളച്ചാട്ടം".
സുമി ആൽഫസ്
****************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo