Slider

House Driver - പാർട്ട് 12

0
'ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 12
ഒരിക്കൽ ഓട്ടം പോകുന്നതിനിടയിൽ മാഡത്തിന്റെ ഉമ്മഎനിക്ക് പത്ത് റിയാൽ തന്നു.' ഇത് എന്തിനാണ് ഉമ്മാ എണ്ണ അടിക്കാൻ ആണോ' എന്ന് ഞാൻ ചോദിച്ചു അത് നിനക്ക് ഇഷ്ടമുള്ള പോലെ ചെയ്യാം എണ്ണ അടിക്കണമെങ്കിൽ അടിച്ചോളൂ അല്ലെങ്കിൽ നീ എടുത്തോളൂ എന്ന് പറഞ്ഞു .അവർ ഇടയ്ക്കൊക്കെ എനിക്കു വല്ലതും തരാരുള്ളതുകൊണ്ട് ആ പണം ഞാനെടുത്തു മാത്രമല്ല ആ സമയത്ത് വണ്ടിയിൽ എണ്ണ ഉണ്ടായിരുന്നു പിറ്റേന്ന് വൈകുന്നേരം മാഡത്തിന്റെ ഓട്ടങ്ങൾ ഒക്കെ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ എന്നോട് ചോദിച്ചു
"ഇന്നലെ നിനക്ക് ഉമ്മ പത്തു റിയാൽ തന്നില്ലേ"
"അതെ"
"എന്നിട്ട് താൻ ആതിന് എണ്ണ അടിച്ചോ"
"ഇല്ല അത് എന്നോട് എടുക്കാൻ പറഞ്ഞു "
"അല്ല അത് എണ്ണ അടിക്കാൻ തന്നതാണ് "
"ഞാൻ നിന്റെ ഉമ്മയെ വിളിച്ചു ചോദിക്കണോ"
"വേണ്ട ഞാൻ തന്നെ ചോദിക്കാം "
അവൾ മൊബൈൽ എടുത്തു അവളുടെ ഉമ്മയെ വിളിച്ചു അവരോട് അവൾ പറയുന്നതൊക്കെ ഞാൻ കേട്ടു 'അവന് ആരും ഒരു റിയാലും കൊടുക്കേണ്ട അവന് ശമ്പളം ഉണ്ടല്ലോ' ഫോൺ കട്ട് ചെയ്ത് എന്നോട് പറഞ്ഞു 'എണ്ണ ഇല്ലെങ്കിൽ എണ്ണ അടിക്കാനും അല്ലെങ്കിൽ നിന്നോട് എടുക്കാനും അല്ലേ പറഞ്ഞത് '
"അതെ ആ സമയത്ത് വണ്ടിയിൽ എണ്ണ ഉണ്ടായിരുന്നല്ലോ "
"എങ്കിൽ ഇപ്പോൾ എണ്ണയടിചേക്ക്"
"ആ പണത്തിന് ഞാനിന്നലെ ഭക്ഷണം കഴിച്ചു താൻ ഒരു കാര്യം ചെയ്യൂ, തന്റെ ആളുകളോട് എല്ലാം പറഞ്ഞേക്ക് എന്റെ കൈയിൽ ആരും ഒരു റിയാലും തരണ്ട, എണ്ണ അടിക്കാൻ പന്മ്പിൽ കയറുമ്പോൾ അവിടെ പണം കൊടുത്താൽ മതി അല്ലാതെ ആർക്കും ഇഷ്ടമില്ലാത്ത ഒരു പോയാലും എനിക്ക് വേണ്ട"
"താൻ അധികം സംസാരിക്കണ്ട ആ പത്ത് റിയാലിന് എണ്ണ അടിക്കാൻ ആണ് ഞാൻ പറഞ്ഞത് "
"എന്റെ കയ്യിലില്ല എണ്ണ അടിക്കാൻ തന്ന പണം കൊണ്ട് ഞാൻ ഒന്നും ചെയ്തിട്ടുമില്ല താനെന്താണ് വിചാരിച്ചത് ഒരു പത്ത് റിയാൽ കാണുമ്പോഴേക്ക് ഞാൻ അവിടെ കിടന്നു മരിക്കുമെന്നോ "
ഞാനും വിട്ടുകൊടുത്തില്ല അവളെ കൊണ്ട് ഞാൻ അത്രയ്ക്ക് കഷ്ടപ്പെട്ടിരുന്നു എത്രത്തോളം അവളുടെ കാലിനടിയിൽ കിടന്നു ജോലി ചെയ്താലും ചീത്തവിളിയും വഴക്കും ബാക്കി അവളോ ഒരു റിയാൽ തരില്ല തരാറുള്ളവരുടെയൊക്കെ മുടക്കുകയും ചെയ്തു ആദ്യം അമ്മായിഅമ്മയോടു പറഞ്ഞു താൻ എന്റെ ഡ്രൈവർക്ക് ഒരു റിയാലും കൊടുക്കേണ്ട അവന് ശമ്പളം ഉണ്ട് വേറെ വല്ല ആവശ്യവും ഉണ്ടെങ്കിൽ ഞാൻ കൊടുത്തോളാം(?) എന്ന് ഇപ്പൊ അവളുടെ ഉമ്മയോടും പറഞ്ഞു അങ്ങിനെ എപ്പോഴെങ്കിലുമൊക്കെ വല്ല ചില്ലറയും കിട്ടിയിരുന്ന എല്ലാ വാതിലുകളും അവൾ അടച്ചു പത്ത് റിയാൽ എടുത്തു അവളുടെ മുഖത്തേക്ക് വലിച്ചെറിയാൻ എന്റെ കയ്യിൽ ഇല്ലാഞ്ഞിട്ടല്ല ഞാൻ അങ്ങനെ ചെയ്താൽ അവൾക്ക് അതും മൂട്ടിൽ മുളച്ച തണലുള്ള ഒരു ആൽമരം ആയി മാറും.
ഇത്രയുമായപ്പോൾ എനിക്കെന്റെ സകല ക്ഷമകളും നശിച്ചു ദേഷ്യം കൊണ്ട് എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് ഒരു പിടിയും ഇല്ല 'ക്ഷമിക്കുക വീണ്ടും ക്ഷമിക്കുക' എന്ന് എന്റെ ഉള്ളിൽ നിന്ന് ആരോ പറയുന്നുണ്ടായിരുന്നു പക്ഷേ ഞാൻ അറിയാതെ തന്നെ എന്റെ കൈകൾ ഫോൺ എടുത്ത് കഫീലിനെ വിളിച്ചു
തന്റെ ഈ വണ്ടിക്ക് ഇൻഷുറൻസ് എടുത്തിട്ടുണ്ടോ
ഇല്ല
എങ്കിൽ ഇനി മുതൽ എനിക്ക് വണ്ടി ഓടിക്കാൻ വയ്യ
ശരി ശരി
മാഡത്തെയും മറ്റും വീട്ടിൽ കൊണ്ടാക്കി ഞാനെന്റെ റൂമിലേക്ക് മടങ്ങി കഫീൽ അങ്ങനെ പറഞ്ഞെങ്കിലും ഇന്നു രാത്രി എന്തൊക്കെയോ സംഭവിക്കാൻ പോകുന്നുണ്ട് എന്നെന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു വരുന്നതു വരട്ടെ എന്നു കരുതി ഞാൻ ഭക്ഷണം കഴിച്ചു കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു രാത്രി പതിനൊന്ന് മണി കഴിഞ്ഞുകാണും കഫിലിന്റെ വിളിവന്നു
ഞാൻ വണ്ടിയുടെ അടുത്തുണ്ട് താൻ ആ ചാവിയും ആയിട്ടു വാ
ഞാൻ വണ്ടിയുടെ ചാവി എടുക്കാതെ പാലത്തിന്റെ അടിയിൽ വണ്ടി പാർക്ക് ചെയ്ത അവിടേക്കു ചെന്നു ഞാൻ അവിടെയെത്തുമ്പോൾ എന്നെയും കാത്ത് അയാൾ നിൽപ്പുണ്ടായിരുന്നു ഞാൻ ചെന്ന ഉടനെ എന്റെ മുഖത്തേക്ക് പോലും നോക്കാതെ ആ ചാവി ഇങ്ങു തരൂ എന്ന് അയാൾ പറഞ്ഞു
എന്തുപറ്റി വണ്ടി കൊണ്ടുപോവുകയാണോ
അതെ തനിക്ക് എന്റെ കൂടെ ജോലി വേണ്ടല്ലോ
ജോലി വേണ്ട എന്നു ഞാൻ പറഞ്ഞില്ല ഇൻഷൂറൻസ് എടുക്കണം എന്നല്ലേ പറഞ്ഞത്
ഒന്നും പറയണ്ട ആ ചാവി ഇങ്ങു തരൂ
ചാവി ഞാൻ കൊണ്ടുവന്നില്ല
എങ്കിൽ പെട്ടെന്ന് പോയി കൊണ്ടുവരൂ
ശരി എങ്കിൽ എന്റെ ഈ മാസത്തെ ശമ്പളം ഇന്നു തന്നേക്ക് എന്നിട്ടു നീ വണ്ടിയുമായി പോയിക്കോ
തന്നോട് ചാവി കൊണ്ടുവരാൻ അല്ലേടാ പറഞ്ഞത്
അയാൾ അലറുകയായിരുന്നു പാലത്തിന്റെ ചുവട്ടിൽ ആയതുകൊണ്ടും രാത്രി ആയതു കൊണ്ടും അടുത്തൊന്നും ആരുമില്ല റോഡിലൂടെ വണ്ടികൾ ഓടിക്കൊണ്ടിരിക്കുന്നു കടകളൊക്കെ അടഞ്ഞു തുടങ്ങിയിരിക്കുന്നു അവിടെ ഞാനും കഫീലും മാത്രം ഒച്ചയെടുത്തു അയാൾ രണ്ടടി മുന്നോട്ടു വന്നു ആ വരവു കണ്ടാൽ എന്നെ അടിക്കാൻ ആണെന്നു തോന്നും ഞാനും വിട്ടുകൊടുത്തില്ല എന്റെ ശബ്ദവും ഉയർന്നുവന്നു ഞാനും അയാളുടെ അടുത്തേക്ക് നടന്നു രാത്രി രണ്ടുമണി വരെ ഞങ്ങൾ പാലത്തിന്റെ ചുവട്ടിൽ വച്ച് വഴക്കിട്ടു കൊണ്ടിരുന്നു വണ്ടിയുമായി പോവാനാണ് അയാൾ വന്നത് ശമ്പളം തരാതെ ചാവി തരില്ലെന്ന് ഞാനും സംസാരത്തിനിടയിൽ പല വിഷയങ്ങളും കടന്നുവന്നു എന്റെ മനസ്സിലെ ദേഷ്യവും സങ്കടങ്ങളും പ്രയാസങ്ങളും എല്ലാം ഞാൻ പുറത്തെടുത്തു ഞങ്ങൾ പരസ്പരം ആരോപണങ്ങളും കുറ്റങ്ങളും നിരത്തി അതിനിടയിൽ അയാൾക്ക് ദാഹിച്ചപ്പോൾ കുടിക്കാൻ ഒരു കുപ്പി വെള്ളവും പുകവലിക്കാൻ വേണ്ടി ലൈറ്ററും ഞാൻ റൂമിൽ പോയി കൊണ്ടുവന്നു കൊടുത്തു
അയാളുടെ നിലപാട് അയാൾ തുറന്നു പറഞ്ഞു എനിക്ക് അയാളോടൊപ്പം ജോലിയിൽ തുടരണമെങ്കിൽ തുടരാം അവനോ ഭാര്യയോ എന്തു പറഞ്ഞാലും തിരിച്ചു മറുപടി പറയരുത് 'എങ്ങനെ' 'എന്തുകൊണ്ട്' എന്നൊന്നും ചോദിക്കാൻ പാടില്ല അവർ നുണ പറഞ്ഞാലും മറ്റും ഞാൻ തലകുലുക്കി സമ്മതിക്കണം അവന്റെ കൂടെ ജോലി ചെയ്യുന്നില്ലങ്കിൽ എനിക്ക് ഇഷ്ടമുള്ളപോലെ ചെയ്യാം എനിക്ക് വേണമെങ്കിൽ 'കഫാല' (കഫീലിനെ മാറൽ) തരാം എന്ന് വരെ പറഞ്ഞു അങ്ങനെയാണെങ്കിൽ എനിക്കു കഫാല തന്നാൽ മതി എന്നായി ഞാൻ ഉടനെ അയാൾ വിഷയം മാറ്റി കഫാല തന്നാൽ എനിക്ക് വേറെ ഡ്രൈവറെ കിട്ടില്ല വേണമെങ്കിൽ എക്സിറ്റ് തരാമെന്നായി അതു വേണം എന്നു പറഞ്ഞാൽ അപ്പോഴും വല്ല ഉടായിപ്പ് പറയും അല്ലെങ്കിലും നാട്ടിലേക്ക് ചെല്ലാൻ പറ്റിയ സാഹചര്യം ആയിരുന്നെങ്കിൽ ഇതിനു മുൻപ് ഞാൻ അവിടെ എത്തിയിരുന്നില്ലേ
എന്റെ ഭാഗം ഞാനും കുറെയൊക്കെ പറഞ്ഞുകൊണ്ടിരുന്നു എനിക്ക് ഇവിടെ എത്തിയാൽ നാട്ടിൽനിന്ന് ചെലവായ പണം തരാം എന്നു പറഞ്ഞത് ഇതുവരെ കിട്ടിയില്ല അതെനിക്ക് വേണം പിന്നെ ഒരു മാസത്തിൽ ഒരു ദിവസമെങ്കിലും എനിക്ക് ലീവ് അനുവദിക്കണം 24 മണിക്കൂറും ഓട്ടവും പ്രതീക്ഷിച്ച്‌ ഇരിക്കലാണ് ഞാൻ. കക്കൂസിൽ പോകുമ്പോഴും കുളിക്കുമ്പോഴും ഒക്കെ എന്റെ അടുത്തു മൊബൈൽ ഉണ്ടാകും അവർ വിളിക്കുന്ന സമയത്ത് ഫോണെടുത്തില്ല എങ്കിൽ പിന്നെ ചോദ്യമായി സംശയമായി വഴക്കായി അതിനൊന്നും അവസരം കൊടുക്കാതിരിക്കാൻ ആണത് മൂന്നാമത്തെ ആവശ്യം വണ്ടിക്ക് ഇൻഷുറൻസ് എടുക്കണമെന്നാണ് മറ്റുള്ളവർ വണ്ടിയുടെ മുന്നിൽ ചാടിയാൽ എനിക്ക് ജയിലിൽ പോയി കിടക്കാൻ വയ്യ
എന്റെ കഫീലും മാഡവും ഒക്കെ മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യുന്നവരാണല്ലോ അവർക്ക് ആഴ്ചയിൽ രണ്ടു ദിവസം അവധിയാണ് പിന്നെ വിശേഷങ്ങൾ വരുമ്പോൾ ഒരാഴ്ച രണ്ടാഴ്ച ഇങ്ങനെ വേറെ നോമ്പിനും പെരുന്നാളിനും വെക്കേഷനും മാസങ്ങൾ അവധി ഇതിനെല്ലാം പുറമെ സ്വന്തം ആവശ്യങ്ങൾക്കായി ഇടയ്ക്കിടയ്ക്കുള്ള ലീവും മറ്റുമൊക്കെ വേറെയും ഇതെല്ലാം അനുഭവിക്കുന്നവർ എന്റെ ചെറിയ ആവശ്യമായ ഒരു മാസത്തിൽ ഒരു ലീവ് എന്നത് അംഗീകരിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചു. വഴക്കിനൊടുവിൽ എന്റെ ആവശ്യങ്ങൾക്കുള്ള അയാളുടെ മറുപടിയും വന്നു ലീവ് അനുവദിക്കാൻ സാദ്ധ്യമല്ല ഇൻഷൂറൻസ് അവന് ഇഷ്ടമുള്ളപ്പോൾ എടുക്കും നാട്ടിൽ നിന്ന് വരാൻ എനിക്ക് ചെലവായ പണം ഇപ്പോൾ തരില്ല അതിനെ കുറിച്ച് പിന്നീട് ചിന്തിക്കാം അങ്ങനെ എന്റെ ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ല എന്നുമാത്രമല്ല അവരെന്തു പറഞ്ഞാലും അതിനു മറുപടിയോ മറുചോദ്യമോ പാടില്ല എന്ന നിയമവും വന്നു
രണ്ടുമൂന്നു മണിക്കൂർ നേരത്തെ വഴക്ക്നൊടുവിൽ അവനെ അവന്റെ വീട്ടിൽ കൊണ്ടാക്കാൻ പറഞ്ഞു വണ്ടി എടുക്കുന്നതിന്റെ തൊട്ടുമുമ്പ് അവൻ വീണ്ടും പറഞ്ഞു "അല്ലെങ്കിൽ ചാവി തന്നേക്ക് ഇൻഷുറൻസ് ഇല്ലാതെ താൻ വണ്ടി ഓടിക്കില്ലല്ലോ" എന്ന് ഇത്തവണ ചാവി ഞാൻ അവന്റെ നേരെ നീട്ടി "ഇല്ലെങ്കിൽ വേണ്ട താൻതന്നെ ഓടിക്കു" എന്നവൻ ചിരിച്ചുകൊണ്ടു പറഞ്ഞു അവനെ വീട്ടിൽ കൊണ്ടുപോയി വിട്ട് ഞാൻ തിരിച്ചു റൂമിൽ വന്നു കുറച്ചു നേരം ഞാൻ ടെറസിന്റെ മുകളിൽ ഏകാന്തപഥികനായി പോയി ഇരുന്നു എന്താണ് ചെയ്യേണ്ടതെന്ന് എനിക്കൊരു ഊഹവുമില്ല തനിച്ചിരുന്നു ഞാൻ ഒരുപാട് ആലോചിച്ചു ഇൻഷുറൻസ് എടുത്താലെ വണ്ടിയോടിക്കൂ എന്നു വേണമെങ്കിൽ എനിക്ക് വാശി പിടിക്കാം ഒരു പക്ഷേ കുറച്ചു ദിവസം എന്നെ വീട്ടിൽ ഇരുത്തി അവൻ അത് ശരിയാക്കി തരും പക്ഷേ ആ ദിവസങ്ങളിൽ എനിക്ക് ശമ്പളം ഉണ്ടാവില്ല റൂമിനും ചെലവിനുള്ള തുക ഞാൻ കണ്ടെത്തുകയും വേണം വാശി കയറി നാട്ടിലേക്കാണ് വിടുന്നതെങ്കിൽ കാര്യങ്ങൾ അതിലേറെ കുഴയും ഈ മാസത്തെ ശമ്പളത്തിൽ നിന്നും ഇതുവരെയായി അവനു കൊടുക്കാൻ ഉള്ള 800 റിയാൽ കൊടുത്തു റൂമിന്റെയും ചെലവിന്റെയും പണം കൊടുത്താൽ കുറിപൈസ കൊടുക്കാനുള്ള കാര്യം തന്നെ കഷ്ടമാണ് മാത്രമല്ല നാട്ടിലേക്കാണ് വിടുന്നതെങ്കിൽ എനിക്ക് ശമ്പളം തരാതെ ആ പണത്തിൽ നിന്ന് ടിക്കറ്റെടുത്ത് തരാനും മതി
പഴയ പോലെ ഒരു വർഷം പോലും തികയാതെ വീട്ടിലേക്കു കയറി ചെല്ലുന്ന രംഗം എനിക്ക് ഓർക്കാൻ പോലും വയ്യ മാത്രമല്ല എന്റെ നിർബന്ധത്തിനു വഴങ്ങി അവൻ ഇൻഷൂറൻസ് എടുത്തു തന്നാൽ പിന്നീട് അവരോടൊത്തു ജോലി ചെയ്യൽ എത്രത്തോളം കഷ്ടം ആയിരിക്കുമെന്ന് എനിക്ക് ഇതുവരെയുള്ള അനുഭവം വച്ച് ഊഹിക്കാവുന്നതേയുള്ളൂ എല്ലാം സഹിച്ചു ഇപ്പോൾ പറഞ്ഞതൊക്കെ അംഗീകരിച്ചു ജോലിയിൽ തുടരാനാണ് എന്റെ തീരുമാനമെങ്കിൽ എന്റെ മേൽ ഇനിയും നിയമങ്ങൾ വന്നുകൊണ്ടിരിക്കും വണ്ടി തട്ടുകയോ മറ്റോ ചെയ്തു നഷ്ടപരിഹാരം കൊടുക്കാൻ കഴിയാതെ വന്നാൽ ജയിലിൽ പോയി കിടക്കേണ്ടി യും വരും തനിച്ചിരുന്ന് തിരിച്ചും മറിച്ചും കൂട്ടിയും കുറച്ചും ഞാൻ ഒരുപാട് ആലോചിച്ചു ആലോചനയുടെ അവസാനം ഇവരോടൊപ്പം ഇവിടെ തന്നെ തുടരാൻ തീരുമാനിച്ചു ലീവ് വേണ്ട എനിക്ക് ചിലവായ പണം കിട്ടിയാൽ കിട്ടട്ടെ അല്ലെങ്കിൽ അതും വേണ്ട ഇൻഷൂറൻസ് അവൻ എടുക്കുന്നുണ്ടെങ്കിൽ എടുക്കട്ടെ ഇല്ലെങ്കിൽ അതും വേണ്ട ഇവിടത്തെ ജയിലിൽ കിടക്കാൻ ആണ് അല്ലാഹുവിന്റെ വിധിയെങ്കിൽ അത് മാറ്റാൻ കഴിയില്ലല്ലോ
ഇങ്ങനെയൊരു തീരുമാനം എടുത്തതിനു പിന്നിൽ ഒന്ന് രണ്ടു ഉദ്ദേശങ്ങളുണ്ട് 1 വീട്ടിലെ കാര്യങ്ങൾ ഭംഗിയായി മുന്നോട്ടു പോകണമെങ്കിൽ രണ്ടുദിവസം കഴിഞ്ഞ് ശമ്പളം വാങ്ങി വീട്ടിലേക്ക് അയക്കണം എന്റെ കടങ്ങളും മറ്റും വീടിയിട്ടില്ല രണ്ടാമത്തെ കാരണം ഉടനെ നാട്ടിലേക്ക് പോകേണ്ടി വരില്ല എന്ന് തന്നെ ഇനി അഥവാ എനിക്ക് സഹിക്കാൻ കഴിയാത്ത അത്ര പ്രയാസങ്ങൾ ഭാവിയിൽ ഇവർ ചെയ്താൽ അന്ന് തീരുമാനം മാറ്റി ഇന്ത്യയിലേക്ക് എവിടേക്കെങ്കിലും തിരിക്കാമെന്നു എന്നാൽ വീട്ടിലേക്ക് ഒരു വർഷമെങ്കിലും കഴിയാതെ ഇല്ല എന്നും ഞാനെന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി ആവശ്യങ്ങളൊന്നും അംഗീകരിക്കാതെ ഞാനും എന്നാൽ എല്ലാം തങ്ങളുടെ കൈക്കുള്ളിൽ ആയി എന്ന ഭാവത്തിൽ അവനും അവളും മുന്നോട്ടുപോയപ്പോൾ എന്റെ ഉള്ളിൽ നിന്ന് ആരോ എന്നോട് പറയുന്നുണ്ടായിരുന്നു ഇന്നത്തെ തൽക്കാലത്തേക്കുള്ള തോൽവി ഒരു തോൽവിയല്ല ഇവിടെ ജയിക്കണം ഇവരോടൊപ്പം തന്നെ ജോലി ചെയ്യണം വീട്ടിലെ കാര്യങ്ങൾ സുഗമമായി നടന്നു കടങ്ങളെല്ലാം വീട്ടി സമാധാനത്തോടെ യുള്ള ഒരു നാട്ടിൽ പോകൽ അതാണ് യഥാർത്ഥ വിജയം രണ്ടുവർഷം കഴിയുന്ന ദിവസം അന്നാണ് ശരിക്കും എന്റെ വിജയം പിന്നെ ഞാനിവിടെ തുടർന്നു നിൽക്കില്ല രണ്ടുവർഷത്തെ എഗ്രിമെന്റ് കഴിയുന്നതോടെ എന്നെ ടിക്കറ്റെടുത്ത് നാട്ടിലേക്ക് അയയ്ക്കേണ്ട ഉത്തരവാദിത്വത്തിൽനിന്നും കഫീലിനെ ഒഴിഞ്ഞുമാറാൻ കഴിയില്ല
രണ്ടു ദിവസം വളരെ മൂകമായി ഞാൻ ജോലിയിൽ തുടർന്നു മനസ്സിനെ നിയന്ത്രിക്കാൻ വലിയ പ്രയാസം ഒരാളുടെ മുമ്പിൽ ഇത്രത്തോളം ഞാൻ തോൽക്കുന്നത് ആദ്യമാണെന്നു തോന്നുന്നു പഴയ സ്വഭാവം വെച്ച് ഞാൻ ഇപ്പോൾ ഇവിടത്തെ ജോലി വിട്ട് നാട്ടിൽ എത്തേണ്ട സമയം കഴിഞ്ഞു ഇത്രത്തോളം എനിക്കൊരു പ്രയാസം വരാനുണ്ടായ കാരണം എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല എന്റെ സ്വഭാവം കൊണ്ട് പ്രയാസം അനുഭവിക്കേണ്ടി വന്നവരുടെ മുഖങ്ങൾ എന്റെ മനസ്സിലൂടെ കടന്നു വന്നു അതിലൊരാൾ എന്റെ പ്രിയപ്പെട്ട ഭാര്യ തന്നെയായിരുന്നു കല്യാണം കഴിഞ്ഞ നാളുകളിൽ അവൾ എത്രയോ പ്രയാസങ്ങൾ എന്നിൽനിന്നും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്
പാവപ്പെട്ട കുടുംബത്തിൽ നിന്നും സ്ത്രീധനം വാങ്ങാതെയാണ് ഞാൻ കല്യാണം കഴിച്ചത് എന്ന അഹങ്കാരം ആയിരുന്നില്ലേ എനിക്ക് ഞാൻ പറയുന്നത് മുഴുവനും അവൾ അപ്പടി അനുസരിക്കണം എന്ന വാശിയായിരുന്നു എനിക്ക് അവളുടെ മേലിൽ ഞാൻ നടപ്പാക്കിയ നിയമങ്ങൾ പലതും ന്യായമാണെങ്കിലും ഒരു പതിനാറുകാരി യോട് പാലിക്കേണ്ട സാവകാശവും ക്ഷമയും ഞാൻ പാലിച്ചില്ല പാവം അവൾ സഹോദരിയുടെ കല്യാണം കൂടാൻ വസ്ത്രമെടുക്കാൻ ഒരുങ്ങി നിൽക്കുന്ന സമയത്ത് ഞാൻ ചെന്ന് പെണ്ണുകണ്ടു വെറും 14 ദിവസംകൊണ്ട് അവളുടെ ചേട്ടത്തിയുടെ കല്യാണത്തിന്റെ അന്ന് തന്നെ ഞാൻ അവളെ കെട്ടി കൊണ്ടു വരികയായിരുന്നു പ്രായത്തിന്റെ പക്വത കുറവും ഒരു കല്യാണത്തിന് വേണ്ടി തയ്യാറെടുക്കാൻ സമയം കിട്ടാത്തതും അവളുടെ സ്വഭാവത്തിൽ പ്രകടമായിരുന്നു എല്ലാം സഹിച്ച് ക്ഷമയോടെ അവളെ ഒരു ഉത്തമ ഭാര്യ യാക്കി മാറ്റാനുള്ള ഇരുപത്തിയാറുകാരനായ അവളുടെ ഭർത്താവായ ഞാൻ അവളെക്കാൾ ചെറിയ കുട്ടിയായി മാറുകയായിരുന്നു
എല്ലാക്കാര്യത്തിലും എനിക്ക് വ്യക്തമായ അറിവും കാഴ്ചപ്പാടും ഉണ്ടെന്ന എന്റെ അഹങ്കാരം അവളെ എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ട് നിരന്തരമായ ഉപദേശത്തിലൂടെ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിനു പകരം ഞാൻ വഴക്കടിക്കുകയും പ്രശ്നങ്ങളുണ്ടാക്കുകയും അവളുടെ മേൽ പുതിയ നിയമങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുമായിരുന്നു ഞങ്ങൾ തമ്മിലുള്ള വഴക്കുകൾ എന്റെ ക്ഷമ ഇല്ലായ്മ കൊണ്ട് കൂടുതൽ കൂടുതൽ പ്രശ്നത്തിലേക്ക് ഞങ്ങളെ എത്തിച്ചു ഭാര്യയുടെ കുറ്റങ്ങളും കുറവുകളും മൂടിവയ്ക്കുന്നവൻ ആണ് യഥാർത്ഥ ഭർത്താവു എന്നു ഞാൻ സൗകര്യ പൂർവ്വം മറന്നു ഞങ്ങളുടെ പല പ്രശ്നങ്ങളും ഞങ്ങളുടെ വീട്ടുകാരെയും പലപ്പോഴും അവളുടെ വീട്ടുകാരെയും അറിയിച്ചു എന്നിട്ടും എല്ലാം സഹിച്ചും ക്ഷമിച്ചും അനുസരിച്ചും എന്റെ കൂടെ നിൽക്കാൻ അവളെ പ്രേരിപ്പിച്ചത് എന്നോടുള്ള സ്നേഹം ആയിരിക്കില്ല മറിച്ചു ദാരിദ്ര്യം നിറഞ്ഞ വീട്ടിലേക്ക്, പ്രയാസപ്പെട്ട് കല്യാണം കഴിച്ചയച്ച വീട്ടുകാരുടെ മുന്നിലേക്ക്, തിരിച്ചു കയറിച്ചെല്ലാനുള്ള മടി കൊണ്ടായിരിക്കണം
അവളുടെ തോൽവികൾ എന്നെ കൂടുതൽ കൂടുതൽ ക്രൂരനും അഹങ്കാരിയും ആക്കി ഭർത്താവ് എന്നാൽ കൽപ്പിക്കാൻ ഉള്ളവനും ഭാര്യ അനുസരിക്കാൻ മാത്രം വിധിക്കപ്പെട്ടവളും ആണെന്നുള്ള ക്രൂരമായ തത്ത്വത്തെ ഞാൻ പിന്തുടർന്നു ആ കാലങ്ങളിൽ എന്നെ കൊണ്ട് അവൾ എത്രത്തോളം വേദനിച്ചിട്ടുണ്ടവും എത്ര രാത്രികൾ ഞാനറിയാതെ അവൾ കരഞ്ഞിട്ടുണ്ടാവും ഇന്നു ഞാൻ അനുഭവിക്കുന്ന വേദന ഒരിക്കലും അത്രത്തോളം വരില്ല അതിനു പകരം ആവില്ല എന്നിട്ടും പ്രയാസങ്ങളുടെ മേൽ പ്രയാസം സഹിച്ച് അവൾ എന്റെ കുഞ്ഞിനെ പ്രസവിച്ചു ഇന്നും എന്റെ പ്രായമായ ഉമ്മയോടൊപ്പം വീടു പരിചരിച്ചും അവൾ സന്തോഷത്തോടെ കഴിയുന്നു അവളോട് ഞാൻ ഈ ജന്മം മുഴുവൻ കടപ്പെട്ടിരിക്കുന്നു അവളോട് ചെയ്ത തെറ്റുകൾക്ക് പകരമാണ് ഞാനിന്ന് ഈ അനുഭവിക്കുന്നത് എന്ന് ഞാൻ സ്വയം ചിന്തിച്ചു പോകുന്നു അങ്ങനെയാണെങ്കിൽ എനിക്ക് ഇന്നത്തെ അവസ്ഥയിൽ ഒരു പ്രയാസവുമില്ല ഞാനിതു സന്തോഷത്തോടെ സ്വീകരിക്കാൻ ഒരുക്കമാണ് അങ്ങനെയെങ്കിലും മുൻകഴിഞ്ഞ പാപങ്ങൾ അള്ളാഹു എനിക്ക് പൊറുത്തു തരട്ടെ
കാഴ്ചപ്പാടുകളും ചിന്തകളും ഈ വഴിക്ക് തിരിച്ചു വിട്ടപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ആശ്വാസം ഭാര്യയോട് ചെയ്ത തെറ്റുകൾക്കൊക്കെ പ്രാശ്ചിത്തമായി ഇനിയുള്ള ജീവിതത്തിൽ എങ്കിലും അവളോടൊത്ത് സന്തോഷത്തോടെ കഴിയുന്ന ഒരു നല്ല ഭർത്താവ് ആകാൻ, ഒരു നല്ല സ്വഭാവത്തിന് ഉടമയാകാൻ എനിക്ക് വിധി നൽകണേ എന്ന് ഞാൻ അള്ളാഹുവിനോട് ആത്മാർഥമായി പ്രാർത്തിച്ചു അങ്ങിനെ വരാനിരിക്കുന്ന സാഹചര്യങ്ങളെ ധൈര്യപൂർവം നേരിടാൻ ഉറച്ചു മുന്നോട്ടു തന്നെ എന്നു ഞാൻ തീരുമാനിച്ചു
(തുടരും )

Abdul Nasar

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo