Slider

ഒബിറ്റ്യുറി ഭാഗം - 5 (അവസാന ഭാഗം)

0
ഒബിറ്റ്യുറി ഭാഗം - 5 (അവസാന ഭാഗം)
--------------------------------------------------------
പ്രിൻസി മെറീനയുടെ വീടിന്റെ കോളിംഗ് ബെല്ലടിച്ച് കാത്തു നിന്നു. അൽപ സമയത്തിന് ശേഷം വാതിൽ തുറന്നു. ഗൗരവം നിറഞ്ഞ ഒരു പുഞ്ചിരിയോടെ അവർ അവളെ അകത്തേക്ക് ക്ഷണിച്ചു. വിശാലമായ ഒരു ഹാളിന്റെ ഒരു ചുവരിൽ ഇസബെല്ലയുടെ ഫോട്ടോ തൂക്കിയിരിക്കുന്നു. അതിനടുത്തായി മറ്റൊരാളുടെയും. അത് അവരുടെ ഭർത്താവിന്റെ ആയിരിക്കും എന്ന് പ്രിൻസി ഊഹിച്ചു.
"ഇരിക്കൂ.."
പ്രിൻസി മെല്ലെ ഇരുന്നു. ഒട്ടും ഹൃദ്യമല്ലാതെയുള്ള അവരുടെ സംസാരം പ്രിൻസിക്ക് എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നി. എങ്കിലും അവൾ അത് പുറമെ കാണിച്ചില്ല.
"എന്തിനാണ് എന്നെ കാണാൻ വന്നത്...?"
"ഞാൻ... ഇസബെല്ലക്ക് എന്താണ് സംഭവിച്ചത്...?"
"ഞാൻ അന്ന് തന്നെ നിങ്ങളോടിത് ചോദിച്ചതാണ്... എന്തിനാണിതൊക്കെ അന്വേഷിക്കുന്നത്..?"
"അത്... ഞാൻ... എനിക്ക് ആ കുട്ടിയെ അറിയില്ല. പക്ഷെ ആ മുഖം അതെന്നെ വേട്ടയാടുന്ന പോലെ തോന്നുന്നു. ഇടയ്ക്കിടെ സ്വപ്നത്തിൽ കാണുന്നു. നിങ്ങളെ പോലും ഞാൻ ഇസബെല്ലയുടെ ആരോ ആണെന്ന് തിരിച്ചറിഞ്ഞത് ആ മുഖം അത്രക്കും ആഴത്തിൽ എന്റെ മനസ്സിൽ പതിഞ്ഞതുകൊണ്ടാണ്. പറയൂ.. ആ കുട്ടിക്കെന്താണ് സംഭവിച്ചത്.."
അൽപനേരം മെറീന മൗനമായിരുന്നു. പിന്നെ മെല്ലെ ചുണ്ടുകൾ അനക്കി.
"എന്റെ മകൾ ഒരു ആസിഡന്റിൽ ആണ് മരിച്ചത്. ഇപ്പോൾ ഒരു വർഷം കഴിഞ്ഞിരിക്കുന്നു. അവൾ പോയതിൽ പിന്നെ അധികം വൈകാതെ അവളുടെ പപ്പയും പോയി. ഇപ്പോൾ ഞാൻ തനിച്ചായി."
അത്രയും പറയുമ്പോഴേക്കും അവർ പൊട്ടിക്കരഞ്ഞു പോയിരുന്നു. കരച്ചിൽ അടക്കാൻ അവർ ഏറെ പാടുപെട്ടു. ഭർത്താവിന്റെയും ഏക മകളുടെയും വിയോഗം എത്ര മാത്രം അവരെ വേദനിപ്പിക്കുന്നുവെന്ന് ആ കരച്ചിലിൽ നിന്നും വ്യക്തമായിരുന്നു. പക്ഷെ തന്റെ അവസ്ഥയും മറിച്ചല്ല എന്ന് തോന്നി അവൾക്ക്. രണ്ടുപേരും ഒരേപോലെ ദുഃഖം അനുഭവിക്കുന്നവരാണെന്ന് പ്രിൻസി ഓർത്തു.
കരച്ചിൽ തെല്ലൊന്ന് ശാന്തമായപ്പോൾ അവർ ചോദിച്ചു.
"ഇനിയെന്താണ് അറിയേണ്ടത്..?"
പ്രിൻസി ഒരു സംശയത്തോടെ ആണ് അടുത്ത ചോദ്യം ചോദിച്ചത്.
"ഇനി... എന്റെ റോയിച്ചായനെ നിങ്ങൾ അറിയില്ലേ...?"
"ഇല്ല.."
അവർ പറയുന്നത് കള്ളമാണെന്ന് അവൾക്ക് മനസ്സിലായി. പക്ഷെ അതെന്തിനെന്ന് മാത്രം അവൾക്ക് മനസ്സിലായില്ല.
"ഇല്ലേ..? നിങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. ഇച്ചായന്റെ കോളേജ് ഗ്രൂപ്പ് ഫോട്ടോയിൽ. എന്തിനാണ് നുണ പറയുന്നത്..?"
"ഞാൻ ആരെയും ഓർക്കുന്നില്ല..."
അതൊരു ഒഴുക്കൻ മറുപടി ആണെന്നവൾക്ക് മനസ്സിലായി. കൂടുതലൊന്നും അവർ പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് അവൾക്ക് ബോധ്യമായി.
"ഇച്ചായൻ പോയതിന്റെ നാല്പത്തൊന്നാം നാളിലെ പത്രത്തിൽ നിന്നാണ് ഞാൻ ഇസബെല്ലയുടെ മുഖം ആദ്യമായി കണ്ടത്. അപ്പോൾ മുതൽ എവിടെയോ കണ്ടത് പോലെ എനിക്ക് തോന്നി. പിന്നീട് ഞാൻ ആ കുട്ടിയെ സ്വപ്നത്തിൽ കണ്ടു. കരഞ്ഞു കലങ്ങിയ മുഖത്തോടെ അവൾ നിൽക്കുന്നുണ്ടായിരുന്നു. പിന്നെ തൂങ്ങിയാടുന്ന രണ്ടു കാലുകൾ ആണ് കണ്ടത്."
ഒരു നടുക്കം മെറീനയുടെ മുഖത്ത് ഉണ്ടായി. ഞെട്ടലോടെ അവർ പ്രിൻസിയെ നോക്കി.
"അന്ന് മുതൽ ആ കുട്ടിയെ കുറിച്ച് എന്തെങ്കിലും അറിയാൻ ഞാൻ അന്വേഷിക്കുകയായിരുന്നു. നിങ്ങളെ കണ്ടപ്പോൾ ആ സ്വപ്നം എന്നെ പിന്തുടർന്നതിന് എന്തെങ്കിലും ഒരു കാരണം പറഞ്ഞു തരാൻ സാധിക്കും എന്ന് കരുതി. അതുകൊണ്ടാണ് ഞാൻ തേടി വന്നത്."
മെറീന പിന്നെയും മൗനിയായിരുന്നു. അവളുടെ ഭാവവ്യത്യാസം കണ്ടില്ലെന്ന് നടിച്ച് പ്രിൻസി പിന്നെയും തുടർന്നു.
"ഇച്ചായന്റെ കൂടെ ആ ഗ്രൂപ്പ് ഫോട്ടോയിൽ നിങ്ങളെ കണ്ടപ്പോൾ ഇസബെല്ലയെ കുറിച്ച് എന്തെങ്കിലും അറിയാനാവും എന്ന പ്രതീക്ഷ ആയിരുന്നു എനിക്ക്. അതിനാണ് വന്നതും പക്ഷെ..."
ഒരു പൊട്ടിത്തെറിയായിരുന്നു പിന്നീട് മെറീനയുടെ ഭാഗത്തുനിന്നും ഉണ്ടായത്. പകയും കോപവും ജ്വലിക്കുന്ന കണ്ണുകളോടെ അവർ ആക്രോശിച്ചു.
"ഇച്ചായൻ... അവനാണ് എന്റെ മകളെ കൊന്നത്. നിന്റെ ഇച്ചായൻ ദുഷ്ടനാണ്. എന്റെ മകളെ ഞാൻ അവനെ പരിചയപ്പെടുത്തുമ്പോൾ ഒരിക്കലും കരുതിയില്ല അവൻ ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന്. അവൻ കാരണമാ എന്റെ ഇസമോള് ആത്മഹത്യ ചെയ്തത്..."
ഒരു ഞെട്ടലോടെയാണ് പ്രിൻസി ആ വാക്കുകൾ കേട്ടത്. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അവൾക്ക് അല്പനേരത്തേക്കു മനസ്സിലായില്ല. തന്റെ ഇച്ചായനെ കുറിച്ചാണോ ഈ പറയുന്നത് അത്ഭുതഭാവത്തിൽ അവൾ മെറീനയെ നോക്കി. കോപം അടക്കാനാവാതെ ജ്വലിച്ച് നിൽക്കുകയാണവർ.
"എന്റെ ഇച്ചായൻ എന്ത് തെറ്റ് ചെയ്തു..? ഇസബെല്ലാ എന്തിന് ആത്മഹത്യ ചെയ്തു..?"
"അവൻ ഇത്ര ക്രൂരനാണെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ മകളെ അവൻ ചീത്തയാക്കി. ആരോടും ഒന്നും മിണ്ടാതെ അവൾ കുറെ ദിവസം തള്ളിനീക്കി. ഒടുവിൽ അവൾ എല്ലാം തുറന്നു പറഞ്ഞു. നാണക്കേട് ഭയന്ന് അവൾ ആത്മഹത്യ ചെയ്തു. അന്ന് വീണുപോയതാ അവളുടെ പപ്പാ. അധികം വൈകാതെ ഞാൻ തനിച്ചായി. എല്ലാം അവൻ കാരണമാ... എന്റെ കുടുംബം മുഴുവൻ അവൻ തകർത്തു."
അത്രയും പറയുമ്പോഴേക്കും കോപം കൊണ്ട് മെറീന കിതക്കാൻ തുടങ്ങിയിരുന്നു. പ്രിൻസിക്ക് ഒന്നും വ്യക്തമാവുന്നുണ്ടായിരുന്നില്ല. കേട്ടതൊന്നും വിശ്വസിക്കാൻ അവൾക്കായില്ല. ഇച്ചായനെ പറ്റി ഇന്ന് വരെ ആരും ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. ഒരു ചീത്തവാക്കുപോലും കേൾപ്പിക്കാത്ത ആളെക്കുറിച്ചാണ് ഇവർ ഇങ്ങനെയൊക്കെ പറയുന്നത്. പ്രിൻസിക്ക് സങ്കടം അടക്കാനായില്ല.
"നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്. എന്റെ ഇച്ചായൻ ഒരു തെറ്റും ചെയ്യില്ല. ജീവിച്ചിരിപ്പില്ലാത്ത ഒരാളെക്കുറിച്ച് ഇങ്ങനൊക്കെ പറയാൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നു..?"
"നിനക്ക് റോയിയെ അറിയില്ല. ഞാൻ അവനെ വർഷങ്ങൾക്ക് മുൻപേ അറിഞ്ഞതാണ്. പല പെൺകുട്ടികളെയും പ്രണയിച്ച് വഞ്ചിച്ച ആളാണ് നിന്റെ റോയ്. പക്ഷെ അതൊക്കെ പ്രായത്തിന്റെ പ്രശ്നങ്ങൾ ആയിട്ടേ വർഷങ്ങൾക്കിപ്പുറം എനിക്ക് തോന്നിയുള്ളൂ. അതെന്റെ തെറ്റ്. അവൻ എന്റെ മകളെ ചതിക്കുമെന്ന് ഞാൻ കരുതിയതല്ല. നിനക്ക് തോന്നുന്നുണ്ടോ ഞാൻ നുണ പറയുകയാണെന്ന്. ജീവിച്ചിരിപ്പില്ലാത്ത എന്റെ മകളെയും നിന്റെ ഭർത്താവിനെയും കുറിച്ച് ഇല്ലാത്തത് പറഞ്ഞിട്ട് എനിക്കെന്ത് നേട്ടം.?"
പ്രിൻസി ഒരു നിമിഷം ചിന്തിച്ച് നോക്കി. കണ്ണുനീർ അനുസരണയില്ലാത്ത പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. കേട്ടതൊന്നും സത്യമാവരുത് എന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു. അപ്പോഴേക്കും മെറീന അല്പം ശാന്തയായിരുന്നു. അവൾ മെല്ലെ പ്രിൻസിക്കരികിലേക്ക് വന്നു.
"നിന്റെ മനസ്സ് വേദനിക്കുന്നുണ്ടെന്നെനിക്കറിയാം. അതിനേക്കാൾ ആയിരം മടങ്ങ് വേദന ഞാൻ അനുഭവിക്കുന്നുണ്ട്. റോയി പോയത് ഞാൻ അറിഞ്ഞിരുന്നു. എന്റെ മോളോട് ചെയ്തതിന്റെ ശിക്ഷ ആയിട്ടാ എനിക്ക് തോന്നിയത്. ഒന്നും നിന്നെ അറിയിക്കേണ്ട എന്ന് കരുതിയാ ഞാൻ ഒഴിഞ്ഞു മാറിയത്. അപ്പോൾ നീ എന്നെ തേടി വന്നു."
പ്രിൻസിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. മെറീന കള്ളം പറയുകയല്ലെന്ന് അവൾക്ക് തോന്നി. പക്ഷെ ഇച്ചായനെക്കുറിച്ച് കേട്ടതൊന്നും വിശ്വസിക്കാനും അവളുടെ മനസ്സ് സമ്മതിച്ചില്ല. അധികനേരം അവിടെ നിൽക്കാൻ കഴിയാതെ അവൾ വേഗം വീട്ടിലേക്ക് പുറപ്പെട്ടു.
എങ്ങനെയാണ് വീട്ടിലേക്കെത്തിയതെന്ന് അവൾക്കൊരു രൂപവും ഉണ്ടായിരുന്നില്ല. അത്രക്കും മാനസികസംഘർഷം അവൾ അനുഭവിക്കുന്നുണ്ടായിരുന്നു. അതിവേഗത്തിൽ കാർ ബ്രെക്ക് ചെയ്യുന്ന ശബ്ദം കേട്ട് ആനി ചേച്ചി പുറത്തേക്ക് വന്നു. അവർക്ക് മുഖം കൊടുക്കാതെ അവൾ മുറിയിലേക്ക് പോയി ആവോളം പൊട്ടിക്കരഞ്ഞു.
******
മെറീന ആ ഫോട്ടോകൾക്ക് മുൻപിൽ നിൽക്കുകയായിരുന്നു. ഒന്നും മിണ്ടാതെ ഏറെ നേരമായി അവൾ ആ നിൽപ്പ് തുടങ്ങിയിട്ട്. കണ്ണുകൾ മാത്രം നിറഞ്ഞൊഴുകി കൊണ്ടിരുന്നു. പെട്ടെന്നെന്തോ ഓർത്തതുപോലെ അവൾ മുറിയിലേക്ക് നടന്നു.
സംഭവിച്ചതോരോന്നും അവൾ ഓർമ്മിച്ചെടുക്കുകയായിരുന്നു. തന്റെ വിവാഹം മുതൽ സുന്ദരമായ തന്റെ ജീവിതം. ഇസമോൾ ജനിച്ചപ്പോൾ മുതൽ തന്റെ ജീവിതത്തിൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു. മോളും അവളുടെ പപ്പയും കഴിഞ്ഞേ തനിക്കെന്തും ഉണ്ടായിരുന്നുള്ളു. അച്ചായന് മോളെന്നാൽ ജീവനായിരുന്നു. അത്രക്കും മനോഹരമായ ജീവിതത്തിൽ കരിനിഴൽ പോലെ റോയി വന്നത്.
അവിടെ മുതൽ കഷ്ടകാലം തുടങ്ങി. ഇസമോൾ റോയി അങ്കിളിനെപ്പറ്റി പറഞ്ഞപ്പോഴൊന്നും ഒരു അപാകതയും തോന്നിയില്ല. പക്ഷെ അവൻ തക്കം പാർത്തിരിക്കുന്ന കഴുകനാണെന്ന് പിന്നീടാണറിഞ്ഞത്. അതും തന്റെ മകൾക്കെല്ലാം നഷ്ടപ്പെട്ട് കഴിഞ്ഞപ്പോൾ. നാണക്കേട് ഭയന്ന് ഒക്കെ വിട്ട് എങ്ങോട്ടെങ്കിലും പോകാമെന്നുള്ള തീരുമാനമായിരുന്നു അച്ചായന്റേത്. പക്ഷെ അപ്പോഴേക്കും മോളെ നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു.
മകളെ ജീവനേക്കാൾ സ്നേഹിച്ച ഇച്ചായൻ അന്ന് വീണ് പോയി. പിന്നെ എഴുന്നേൽക്കാനായില്ല. തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ താൻ ആവുന്നതും പരിശ്രമിച്ചതാണ്. പക്ഷെ തോറ്റുപോയി. ഇച്ചായനും കൂടി പോയപ്പോൾ പിന്നെ ജീവിക്കണം എന്നില്ലാതെയായി.
ഒന്നും സംഭവിക്കാത്ത മട്ടിൽ റോയി മുൻപിൽ വന്നു നിന്നപ്പോൾ അടങ്ങാത്ത പകയാണ് അവനോട് തോന്നിയത്. എത്ര ശ്രമിച്ചിട്ടും അതിനെ നിയന്ത്രിക്കാനായില്ല. ജീവനോടെയില്ലാത്ത തന്റെ മകളുടെ മുഖം മനസ്സിൽ നിൽക്കുംതോറും അവനോടുള്ള പക ഏറി വന്നു. പിന്നെ വൈകിച്ചില്ല. പണം
നൽകി അവനെ ഇല്ലാതാക്കാൻ ആളെ ഏർപ്പാടാക്കി.
അവന്റെ മരണവാർത്ത കേൾക്കുംവരെ തനിക്ക് സ്വസ്ഥത ഉണ്ടായിരുന്നില്ല. ഒരു മരണവാർത്ത കേട്ട് സന്തോഷിച്ച ജീവിതത്തിലെ ആദ്യത്തെ ദിവസമായിരുന്നു അന്ന്. ഇച്ചായനും ഇസമോളും പോയതിൽ പിന്നെ താൻ ചിരിച്ച ദിവസം.
ഇന്ന് വരെ കുറ്റബോധത്തിന്റെ ഒരു തരിമ്പും തന്നെ തീണ്ടിയിരുന്നില്ല. പക്ഷെ ഇപ്പോൾ... പ്രിൻസി.. അവൾ എന്ത് തെറ്റ് ചെയ്തു. തന്നെ പോലെ അവളും ഇപ്പോൾ തനിച്ചായിരിക്കുന്നു. ഇസമോളെ അവൾ സ്വപ്നത്തിൽ കണ്ടു എങ്കിൽ തന്റെ മകളുടെ ആത്മാവ് അവളെ തേടി ചെന്നതാകുമോ? ചെയ്തത് തെറ്റാണെന്ന് തന്റെ മകളും കരുതുന്നുണ്ടാകുമോ..? കുറ്റബോധം മെറീനയെ വിഴുങ്ങാൻ തുടങ്ങിയിരുന്നു.
******
പ്രിൻസിക്ക് എത്ര ശ്രമിച്ചിട്ടും മനസ്സ് ശാന്തമാക്കാൻ കഴിഞ്ഞില്ല. ജീവനോളം സ്നേഹിച്ച അയാളെക്കുറിച്ച് കേട്ടതൊന്നും വിശ്വസിക്കാൻ അവൾക്ക് തോന്നിയില്ല. പക്ഷെ മരിച്ചു പോയ സ്വന്തം മകളെക്കുറിച്ച് ഒരമ്മ ഒരിക്കലും കള്ളം പറയില്ലെന്നവൾക്ക് തോന്നി. ആ തോന്നൽ തന്റെ ഇച്ചായൻ തെറ്റുകാരൻ ആണെന്ന് വിശ്വസിക്കാൻ അവളെ പ്രേരിപ്പിച്ചു.
ദിവസങ്ങളോളം അവൾ കണ്ണീർ വാർത്തു. ആനി ചേച്ചിക്ക് കാര്യമറിയാതെ വല്ലാതെ മനസ്സ് നോവുന്നുണ്ടായിരുന്നു. പ്രിൻസി അവരോട് ഒന്നും പറയാൻ തയ്യാറായില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾ ആ അവസ്ഥ ഉൾകൊള്ളാൻ പഠിച്ച് കഴിഞ്ഞിരിക്കുന്നു. നാളുകൾക്ക് ശേഷം അവൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.
അലസമായി അവൾ ഏറെ നേരം നടന്നു. പക്ഷെ മനസ്സിനെ ആശ്വസിപ്പിക്കാൻ മാത്രം ആവുന്നില്ല. ഹാളിലെ ഇച്ചായന്റെ ചിത്രത്തിലേക്ക് നോക്കുമ്പോൾ മനസ്സ് പിടയുന്നപോലെ തോന്നി അവൾക്ക്. അവൾ തളർച്ചയോടെ ഇരുന്നു. എപ്പോഴത്തെയും പോലെ മനസ്സ് മാറ്റാൻ അവൾ ടേബിളിൽ കിടന്ന പത്രങ്ങളിൽ പരതി.
ഓരോ പേജുകൾ മറിച്ചുകൊണ്ടിരിക്കെ ഒരു മരണ വാർത്ത അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
മെറീന തോമസ് (40)
(അവസാനിച്ചു)
-ശാമിനി ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo