'ഹൗസ് ഡ്രൈവർ ' എന്ന എന്റെ അനുഭവക്കുറിപ്പ്
Part 10
മെയ് മാസം എനിക്ക് ശമ്പളം തന്നത് atm കാർഡ് വഴിയാണ് അപ്പോഴേക്കും എനിക്ക് ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിരുന്നു ഞാൻ ആവശ്യപ്പെടാതെ ആയിരുന്നു അത് അതിനുപിന്നിൽ ഒന്നുരണ്ട് ഉദ്ദേശങ്ങൾ ഉണ്ട് ഒന്ന് എനിക്ക് ശമ്പളം കൃത്യമായി തന്നു എന്ന് ബാങ്കിൽ തെളിവുണ്ടാവും എന്നെങ്കിലും കഫീലും ജോലിക്കാരനും തമ്മിൽ പ്രശ്നം ഉണ്ടായാൽ ശമ്പളം കൊടുത്തതിന്റെ തെളിവില്ലെങ്കിൽ അവരു കുടുങ്ങും രണ്ട് എന്നെ എവിടെയെങ്കിലും പറഞ്ഞയച്ചാൽ അവിടെ പണത്തിന്റെ ആവശ്യം വന്നാൽ കഫീലിന് അവന്റെ മൊബൈൽ വഴി എന്റെ കാർഡിലേക്ക് പണമയക്കാം ബാങ്കിനോടും പലിശയോടും ഒക്കെ പണ്ടേ ഞാൻ എതിരായിരുന്നു അതിനാൽ എടിഎം കാർഡ് കിട്ടിയത് എനിക്ക് പ്രത്യേകിച്ച് സന്തോഷമോ സങ്കടമോ തോന്നിയില്ല കാർഡിൽ നിന്നും ഈ മാസത്തെ ശമ്പളം മുഴുവനും വലിച്ച് ഞാൻ നാട്ടിലേക്ക് പണം അയക്കാൻ പോയി കഴിഞ്ഞമാസം പണം അയക്കാത്തതു കൊണ്ട് വീട്ടിലെ കാര്യങ്ങൾ അല്പം പ്രശ്നത്തിലാണ് മാത്രമല്ല ഭാര്യയും മോളും മൂന്ന് മാസത്തെ പ്രസവ അവധി കഴിഞ്ഞ് വീട്ടിൽ എത്തിയിട്ടുണ്ട്
മോൾക്ക് ഇതുവരെ സ്വർണം ഒന്നും വാങ്ങിയില്ല ആദ്യത്തെ കുട്ടിക്ക് നാല്പതാം ദിവസം സ്വർണ്ണം കെട്ടുന്ന ഒരു ആചാരം നമ്മുടെ നാട്ടിൽ ഉണ്ടല്ലോ അത് നടന്നില്ലെങ്കിലും 60 അല്ലെങ്കിൽ അവർ അവിടെ നിന്നും പോരുന്ന 90ന് മുൻപെങ്കിലും പണ്ടം കെട്ടണം എന്ന് പറഞ്ഞു എന്റെ 4 പെങ്ങന്മാരും കയറുപൊട്ടിക്കാൻ തുടങ്ങി യിരിക്കുന്നു എനിക്കൊരു മകളുണ്ട് എന്നതിന്റെ പേരിൽ ആരും ബുദ്ധിമുട്ടായി ഒന്നും ഉണ്ടാക്കേണ്ട എന്നും പറഞ്ഞു ഞാൻ മാമൂലുകൾ ഒക്കെ തിരസ്കരിച്ചു. ഉമ്മയും ഉപ്പയും ചെന്ന് കുട്ടിയുടെ മുടികളയൽ കർമ്മം നടത്തി അത് ഒരു ചെറിയ പരിപാടിയിൽ ഒതുക്കി ആങ്ങളയോട് തർക്കിച്ചിട്ട് കാര്യമില്ല എന്ന് അറിയാവുന്ന എൻറെ 4 പെങ്ങന്മാരും അല്പം അടങ്ങിയിരിക്കാൻ തുടങ്ങി ഏതായാലും ഇത്തവണ എന്തെങ്കിലും ചെറിയ ഒരു സ്വർണം എങ്കിലും വാങ്ങണം എന്നൊക്കെ ചിന്തിച്ച് അയൽവാസിയെ കണ്ട് 21,000 രൂപ വീട്ടിൽ കൊടുക്കാൻ പറഞ്ഞു 1218 റിയാൽ വേണ്ടി വന്നു അത്രയും തുക നാട്ടിൽ എത്താൻ ഇനി 500 റിയാലിന്റെ കുറി റൂമിന്റെയും മെസ്സിന്റെയും കാശ് എല്ലാം എങ്ങനെ മുന്നോട്ട് പോവും എനിക്കൊരു പിടിയുമില്ല
പിശുക്ക് ഒന്നുകൂടി കൂട്ടേണ്ടി വരും അടുത്ത മാസത്തേക്ക് മെസ്സിന് അഡ്വാൻസ് കൊടുക്കാൻ ഉണ്ടാകും എന്ന് തോന്നുന്നില്ല അടുത്തതായി അന്നു തന്നെ ഞാൻ ഓട്ടം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ വഴിയിൽവെച്ച് ഒരു സിം കാർഡ് വാങ്ങി ഇത് മാഡത്തിന്റെ സിം കാർഡിന്റെ അതെ കമ്പനിയാണ് ഒരു ഫോണും സിം കാർഡും കയ്യിൽ ഉണ്ടായിരിക്കേ അറുപിശുക്കനായ ഞാൻ 30 റിയാൽ (500രൂപ ) കൊടുത്ത് വേറൊരു സിം വാങ്ങണമെങ്കിൽ ഈ വിഷയത്തിൽ മാഡം എന്നെ എത്രത്തോളം കഷ്ടപ്പെടുത്തി എന്ന് ഊഹിക്കാവുന്നതേയുള്ളൂ ശമ്പളം വന്ന അന്നു തന്നെ പുതിയ സിം കാർഡ് വാങ്ങി മാഡത്തിന് നമ്പര് കൊടുത്തപ്പോൾ അവൾക്കു സന്തോഷമായി എങ്ങനെയെങ്കിലും എന്നോട് ഒരു മനുഷ്യനോട് എന്ന പോലെ പെരുമാറിയാൽ മതിയായിരുന്നു എന്ന ചിന്തയായിരുന്നു എനിക്ക്
സിംകാർഡ് കൂടി വാങ്ങിയതോടെ ഞാൻ പൂർണമായും ഒരു അടിമയായി എന്ന് മാഡത്തിന് ബോധ്യപ്പെട്ടു അതുകൊണ്ടുതന്നെ എൻറെ ജോലിയും കൂടിക്കൊണ്ടിരുന്നു ആവശ്യത്തിനും അനാവശ്യത്തിനും വെയ്റ്റിങ്ങ് ഭക്ഷണത്തിന്റെ സമയം ആണെങ്കിലും അല്ലെങ്കിലും ഒരു റിയാലും തരികയോ റൂമിലേക്ക് മടങ്ങാൻ അനുവദിക്കുകയോ ചെയ്യാതിരിക്കൽ അർദ്ധരാത്രി അവളെ എവിടെയെങ്കിലും കൊണ്ട് ആക്കിയാൽ എന്നെ തിരിച്ച് വീട്ടിലേക്ക് വിടുകയാണെങ്കിൽ പിന്നീട് അവിടേക്ക് എനിക്കു ചെല്ലേണ്ട ആവശ്യമില്ലെങ്കിൽ പോലും അത് എന്നോട് പറയില്ല കുറച്ചുകഴിഞ്ഞ് ഞാൻ വിളിക്കാം എന്നേ പറയൂ അങ്ങിനെ രാത്രി ഓട്ടം കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോഴും എന്റെ മേൽ ഒരു കെട്ടു കെട്ടി വയ്ക്കും കുറച്ചുകാലം അനുഭവിച്ചത് കൊണ്ടോ മനസ്സ് പാടെ മരവിച്ചതു കൊണ്ടോ എനിക്കിതെല്ലാം വളരെ നിസ്സാരമായിട്ടേ തോന്നിയതുള്ളു രണ്ടു വർഷം അവർ എന്നെ എങ്ങനെ വേണമെങ്കിലും കഷ്ടപെടുത്തട്ടെ അതുകഴിഞ്ഞാൽ എനിക്ക് എന്റെ വഴി എന്നായിരുന്നു എന്റെ ചിന്ത
ഈ മാസത്തെ മെസ്സ് കോരന്റെ കൈയിലാണ് പക്ഷേ എന്നോട് ഇതുവരെ അഡ്വാൻസ് ചോദിച്ചിട്ടില്ല എങ്കിലും ഞാൻ കേൾക്കാൻ വേണ്ടി ഒരിക്കൽ റൂമിലെ മറ്റൊരാളോട് കോരൻ പറയുന്നത് ഞാൻ കേട്ടു 'ആരെങ്കിലും അഡ്വാൻസ് തരികയാണെങ്കിൽ വാങ്ങി വെച്ചോളൂ വാടക കൊടുക്കേണ്ടതല്ലേ' അത് ഞാൻ കേൾക്കാൻ വേണ്ടിയാണെന്ന് എനിക്ക് മനസിലായി ഈ റൂമിൽ വന്നിട്ട് ഇത്രയും മാസം ആയതു കൊണ്ട് അഡ്വാൻസ് കൊടുക്കാതിരിക്കൽ മോശമാണെന്ന് എനിക്കറിയാം പക്ഷെ ഇവിടത്തെ ചിലവും നാട്ടിലേക്കുള്ള പണമയയ്ക്കൽ ഉം കഴിഞ്ഞാൽ പിന്നെ ഇവിടത്തെ അവസ്ഥ വളരെ മോശമാണ് അഡ്വാൻസ് കൊടുക്കാത്തതുകൊണ്ട് എൻറെ ഒഴിവു സമയങ്ങളിൽ മാനേജർ ചെയ്യേണ്ട ജോലികൾ ഞാൻ ചെയ്യാൻ തുടങ്ങി അങ്ങിനെയെങ്കിലും എന്നെ കൊണ്ട് അയാൾക്ക് സഹായം ആവട്ടെ മാനേജരുടെ ഏറ്റവും വലിയ ഉത്തരവാദിത്തമായിരുന്നു മാസത്തിൽ രണ്ടോ മൂന്നോ തവണ വരുന്ന വെള്ളം നിറക്കൽ അത് ഇത്തവണ ഞാൻ ഏറ്റെടുത്തു ചെയ്തു മൂന്നുനാല് ടാങ്കുകളും എട്ടു പത്തോളം വലിയ ഡ്രമുകളും ഒരുപാട് കന്നാസുകളും മറ്റും വെള്ളം നിറയ്ക്കാൻ മൂന്നുനാലു മണിക്കൂറിന്റെ അധ്വാനം വേണമായിരുന്നു കോരന് ദിവസം രണ്ട് സ്ഥലത്തേക്ക് ജോലിക്ക് പോവാൻ ഉണ്ടായതു കൊണ്ട് ഞാനത് ചെയ്തു കൊടുത്തപ്പോൾ അയാൾക്ക് ഉപകാരവും സന്തോഷവുമായി
അങ്ങിനെ ഞാൻ എല്ലാ മേഖലയിലും ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു എല്ലാം സഹിച്ച് പ്രതികരിക്കാതെ ജോലി ചെയ്യുന്നതു കൊണ്ടയിരിക്കാം മാഡത്തിന്റെ സ്വഭാവത്തിൽ ചിലപ്പോഴൊക്കെ മനുഷ്യത്വം വരാൻ തുടങ്ങിയിരിക്കുന്നു എങ്കിലും ഇടയ്ക്ക് വെറുതെ കുത്തിക്കൊണ്ടിരിക്കും അത് നിൽക്കാൻ പോകുന്നില്ല എന്നെനിക്കു തോന്നി മറ്റുള്ളവരോട് പെരുമാറാൻ ഒരാൾ ശീലിച്ചത് എങ്ങനെയാണോ അങ്ങിനെ മാത്രമേ അയാൾക്ക് മരണംവരെ പെരുമാറാൻ കഴിയൂ ഇവർ ശീലിച്ചത് എങ്ങനെയാണെന്ന് ഞാൻ ശരിക്കും മനസ്സിലാക്കിയത് അവളുടെ ഉപ്പയിൽ നിന്നാണ് അയാളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ മാഡം നല്ല സ്വഭാവക്കാരിയാണ് എന്ന് തോന്നി റൂമിലെ എന്റെ നാട്ടുകാരനെ കോരൻ എന്ത് സങ്കൽപ്പിച്ചില്ലങ്കിൽ ആ പേര് ഏറ്റവും നന്നായി ചേർന്നത് മാഡത്തിന്റെ ഉപ്പക്കാണ് അല്ലെങ്കിൽ ഇയാളെ 'കരിങ്കോരൻ' എന്നു വിളിക്കേണ്ടിവരും അത്രക്കുണ്ട് പരാക്രമങ്ങൾ
ഉച്ചയ്ക്ക് ഒന്ന് മുതൽ നാല് മണി വരെ അയാളുടെ ബിൽഡിങ്ങിന്റെ താഴെ പുറത്തോ അല്ലെങ്കിൽ അവിടെയുള്ള ഹാരിസിന്റെ റൂമിലോ എനിക്ക് സമയം ചെലവഴിക്കേണ്ടി വന്നു ഈ സമയമൊക്കെ അയാളവിടെ ഉണ്ടെങ്കിൽ ഞാൻ അയാളെ കാണാതിരിക്കാൻ ശ്രമിച്ചു കണ്ടാൽ ആവശ്യമില്ലാതെ എന്തെങ്കിലുമൊക്കെ പറഞ്ഞു കൊണ്ടിരിക്കും നമ്മൾ ചെയ്യുന്നത് ഒന്നും പിടിക്കില്ല എല്ലാത്തിനും ഉപദേശങ്ങൾ കൂടെവരും 5 മണിക്ക് മാഡത്തിന് ഡ്യൂട്ടി കഴിയുന്നതുകൊണ്ട് നാലുമണിക്ക് ബാങ്ക് വിളിച്ചാൽ ഉടനെ ഞാൻ അവിടെ നിന്നുതന്നെ റൂമിൽ നിന്നും നിസ്കരിച്ചു മുകളിൽ പോയി മോനെയും വിളിച്ചു വന്നു നേരെ മാഡത്തിന്റെ ഓഫീസിലേക്ക് പോകും അയാൾ കരുതുന്നത് ഞാൻ നിസ്കരിക്കുന്നില്ല എന്നാണ് എന്റെ പിറകിൽ നടന്ന് ദേഷ്യപ്പെട്ടു ചോദിക്കും 'നീ നിസ്കരിക്കുന്നില്ലേ' 'ഞാൻ നിസ്കരിച്ചു' ' എപ്പോൾ എവിടെ നിന്ന്' 'കുറച്ചു മുൻപ് റൂമിൽ വച്ച്' 'എന്താ പള്ളിയിൽ പോകാത്തത്' 'പള്ളിയിൽ പോയാൽ ചിലപ്പോൾ നേരം വൈകും 5 മണിക്ക് ഓഫീസിൽ എത്തിയില്ലെങ്കിൽ മാഡം വഴക്ക് പറയും' അയാൾ ഭയങ്കരമായ ഒരു നോട്ടവും ഒക്കെ ആയി പോകും
" ഞങ്ങൾ മലയാളികളെ നിങ്ങളാരും നിസ്ക്കാരം പഠിപ്പിക്കണ്ട ഞങ്ങൾ മതം പഠിച്ചവരും പഠിക്കുന്നവരും ആണ് നിങ്ങൾ സൗദികളെ പോലെ തോന്നിയ പോലെ മതത്തെ വളച്ചൊടിക്കുന്നവർ അല്ല "
എന്നു കൂടി ഞാൻ പറയും വളരെ ഉച്ചത്തിലാണ് പറയുന്നതെങ്കിലും മനസ്സിൽ മാത്രം പറയുന്നത് കൊണ്ട് ഞാൻ മാത്രമേ കേൾക്കൂ പിശുക്കിന്റെ കാര്യത്തിലും ആളു ഒട്ടും പിറകിലല്ല അയാളുടെ ജോലിക്കാരനായ യമനിക്ക് ശമ്പളം ഇല്ല എന്നു പറഞ്ഞാൽ അത്ഭുതപ്പെടാനില്ല ഇവിടെ ഒരാളുടെ കീഴിലുള്ള ഒരു ജോലിക്കാരന് സ്വന്തം ഇഷ്ടപ്രകാരം പുറത്തു ജോലി ചെയ്യാൻ അനുവാദം ഉണ്ടെങ്കിൽ അവൻ തിരിച്ച് മാസത്തിലോ വർഷത്തിലോ ഒരു നിശ്ചിത തുക തന്റെ കഫീലിന് കൊടുക്കണം അതിന്റെ പേരാണ് ഫ്രീ വിസ പിന്നെ ഇക്കാമ പുതുക്കുമ്പോഴും നാട്ടിൽ പോവാൻ റീ-എൻട്രി അടിക്കുമ്പോഴും കഫിലൻ മാർക്കുള്ള വീതം കൊടുക്കണം നോക്കണേ സൗദികളുടെ ഒരു സുഖം ഇങ്ങനെ വിദേശികളായ ജോലിക്കാരെ കൊണ്ടു ജീവിക്കുന്ന എത്രയെത്ര സൗദികൾ ഉണ്ട് ഇവിടെ ജോലിക്കാർ ജോലിചെയ്തും കടകൾ നടത്തിയും ബിസിനസ് ചെയ്തും കിട്ടുന്ന ലാഭത്തിന്റെ നല്ലൊരു പങ്കും വാങ്ങി വയ്ക്കുന്ന കഫിലന്മാരാണ് അധികം എങ്കിലും ഒന്നും വാങ്ങാതെയും അല്ലെങ്കിൽ ന്യായമായ ചെറിയ തുക വാങ്ങിയും പലപ്പോഴും ജോലിക്കാരായ വിദേശികൾക്ക് അങ്ങോട്ട് സഹായം നൽകിയും അവരോട് കരുണ കാണിക്കുന്ന കഫീലന്മാരും അവർക്കിടയിലുണ്ട്
നമ്മുടെ കക്ഷിക്ക് പണി തീരാത്ത ഒരു ബിൽഡിങ് ഉണ്ട് അത് നോക്കാൻ ഒരു ഹാരിസ് വിസ്സ എടുത്താണ് ഈ യമനിയെ കൊണ്ടുവന്നത് ബിൽഡിങ്ങിന്റെ കറണ്ടിന്റെ പണിയും മറ്റു പല ചെറുകിട പണികളും പടവ് തേപ്പ് പെയിന്റിംഗ് ഇവയൊക്കെ യെമനി സൗജന്യമായി ചെയ്തു കൊടുക്കണം പകരം ഇവിടെ പണിയില്ലാത്ത സമയത്ത് അയാൾക്ക് പുറത്തെവിടെയെങ്കിലും പോയി കൂലിക്ക്, കരാറിന് ഒക്കെയായി തന്റെ കറന്റിന്റെ ജോലി ചെയ്ത് പണം ഉണ്ടാക്കാം അയാളൊരു പാവത്താൻ ആയിരുന്നു അതുകൊണ്ടുതന്നെ പലപ്പോഴും അയാളുടെ കഫീലിന്റെ ഭക്ഷണത്തിന്റെ ചിലവ് കൂടി അയാൾ വഹിക്കേണ്ടിവന്നു രാത്രിയിലും മറ്റും എനിക്കവിടെ കാത്തുനിൽക്കാനുള്ള സമയത്ത് മാഡത്തിന്റെ ഉപ്പ യമനിയുടെ റൂമിൽ ആയിരിക്കും ആസമയത്ത് യമനി ഭക്ഷണം കൊണ്ടുവരുമ്പോൾ തന്റെ കഫീലിനും തനിക്കും ഒക്കെ കൂടി അയാളുടെ പണത്തിനു കൊണ്ടുവരും കൂട്ടത്തിൽ എന്നെയും നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കും
മാഡത്തിന്റെ ഉപ്പാക്ക് എന്നോട് കുറച്ചെങ്കിലും സ്നേഹം തോന്നട്ടെ എന്ന് കരുതി ഞാൻ അയാൾക്ക് എന്നെ കൊണ്ട് ആവുന്ന സഹായം ഒക്കെ ചെയ്തു കൊടുക്കും അയാളുടെ വണ്ടിയിൽ കൊണ്ടു വരുന്ന സാധനങ്ങൾ ഇറക്കുക അയാൾക്ക് ചായ ഉണ്ടാക്കി കൊടുക്കുക ഇങ്ങനെ പലതും ഒരു ദിവസം എന്റെ വണ്ടി കഴുകി കഴിഞ്ഞപ്പോൾ ഞാൻ അയാളുടെ വണ്ടിയും കഴുകി കൊടുത്തു വണ്ടിയുടെ പുറംഭാഗം പലപ്പോഴും യെമനി കഴുകാറുണ്ടെങ്കിലും ഉൾഭാഗം കഴുകിയിട്ട് വർഷങ്ങൾ ആയിട്ടുണ്ടാകും എന്ന് തോന്നുന്നു ചായയും പെപ്സിയും ഒക്കെ മറിഞ്ഞ് വണ്ടിയുടെ ഉൾ ഭാഗം മുഴുവൻ കറുത്തു കറപിടിച്ച് കിടക്കുകയായിരുന്നു അതെല്ലാം ഞാൻ സോപ്പും തുണിയും ഉപയോഗിച്ച് അല്പം പ്രയാസപ്പെട്ടാണെങ്കിലും വൃത്തിയാക്കിയെടുത്തു ഇപ്പോൾ വണ്ടിയുടെ ഉൾഭാഗം പുതിയ വണ്ടികളെ പോലെ തോന്നിക്കുന്നു ഇനിയെങ്കിലും എന്നോടയാൾ കുരക്കാതെ ഇരുന്നാൽ മതിയായിരുന്നു രണ്ടുദിവസം ദിവസം കഴിഞ്ഞ് ഞങ്ങൾ തമ്മിൽ കണ്ടപ്പോൾ എന്നോട് സലാം പറഞ്ഞ് വിശേഷങ്ങൾ ചോദിച്ചു വണ്ടി കഴുകിയത് ഏറ്റിരിക്കുന്നു ഇനി ഇടയ്ക്കിടയ്ക്ക് വണ്ടി കഴുകി കൊടുക്കാം എന്ന് ഞാൻ കരുതിയെങ്കിലും രണ്ടുദിവസത്തിനു ശേഷം ആ തീരുമാനം മാറ്റാൻ തോന്നിയ ഒരു സംഭവമുണ്ടായി
വണ്ടിയിൽ സ്ഥിരമായി കുപ്പിയിൽ വെള്ളം സൂക്ഷിക്കുന്ന ഞാൻ വെള്ളം നിറയ്ക്കാൻ വേണ്ടി കുപ്പിയുമായി യമനിയുടെ റൂമിലെത്തി ഞാൻ വെള്ളം നിറക്കുമ്പോൾ മാഡത്തിന്റെ ഉപ്പ എന്നോട് പുറത്തെ ടാപ്പിൽ നിന്നും നിറക്കാൻ പറഞ്ഞു ഇത് കുടിക്കാനുള്ള വെള്ളം ആണെന്ന് ഞാൻ പറഞ്ഞപ്പോൾ കുടിക്കാനാണോ ഇവിടുന്ന് നിറക്കുന്നത് എന്നായിരുന്നു അയാളുടെ ചോദ്യം എന്റെ റൂമിൽ നിന്നാണ് സാധാരണ ഞാൻ നിറക്കാർ ഉള്ളത് ഇന്ന് ഓട്ടം കൂടുതലായതുകൊണ്ട് റൂമിൽ പോയില്ലല്ലോ എന്ന് ഞാൻ പറഞ്ഞു റൂമിൽ പോയില്ലെങ്കിൽ ഒന്നോ രണ്ടോ റിയാലിന് കടയിൽ നിന്നും വാങ്ങി കൂടെ എടാ പിശുക്കാ എന്ന് അയാൾ പറഞ്ഞു ഞാൻ ഒന്നും മിണ്ടിയില്ല താനൊരു റിയാലും ചെലവാക്കില്ല അല്ലേ പിശുക്കാ എന്ന് വീണ്ടും അയാൾ പറഞ്ഞു കൊണ്ടിരുന്നു പിശുക്കാ എന്ന വാക്ക് അയാൾ മൂന്നോ നാലോ പ്രാവശ്യം എന്നെ വിളിച്ചു ഞാൻ വളരെ പെട്ടെന്ന് റൂമിൽ നിന്നും പുറത്തിറങ്ങി അവിടെ നിന്നാൽ എന്റെ നിയന്ത്രണം വിട്ടു പോകും എന്ന് എനിക്കു തോന്നി
"എടാ കരിങ്കൊരാ ഞാൻ വെള്ളം നിറച്ചു വണ്ടിയിൽ വെച്ചാൽ അതുകൊണ്ട് ഉള്ള ഉപകാരം എനിക്കു മാത്രമല്ല നിന്റെ മക്കളും മക്കളുടെ മക്കളും എന്തിന് നിന്റെ ഭാര്യ പോലും എന്റെ കൂടെ ഓട്ടത്തിൽ ആയിരിക്കുമ്പോൾ ഞാൻ എന്റെ റൂമിൽ നിന്നും നിറച്ച് കൊണ്ടു വന്ന വെള്ളം കുടിക്കാറുണ്ട് പള്ളിയിൽ നിന്നും സൗജന്യമായി കിട്ടുന്ന ചെറിയ വെള്ളത്തിന്റെ ബോട്ടിലുകൾ ഞാൻ വണ്ടിയിൽ വെച്ചത് എത്ര തവണ തന്റെ മകളും മരുമകനും പേരമക്കളും എടുത്തു കുടിച്ചിട്ടുണ്ട് ആ കാരണത്താൽ അവരെ ആരെയും ഞാൻ പിശുക്കാ എന്നു വിളിച്ചിട്ടില്ല പിന്നെ ഞാൻ നിറക്കുന്ന വെള്ളം ആ പാവം യെമെനി വാങ്ങിക്കൊണ്ടുവന്നു വെച്ചതാണ് അതിൽ നിന്നും ഞാൻ അല്പം എടുക്കുന്നത് അയാൾക്ക് സമ്മതമാണ് പിന്നെ നിനക്കെന്താ ഇത്ര ചൊറിച്ചിൽ ഞങ്ങൾ മലയാളികളെ തനിക്ക് ശരിക്കറിയില്ല ഞങ്ങളെ കൂടുതൽ ഉപദ്രവിച്ചാൽ ഞങ്ങൾ എല്ലാം സഹിച്ച് ഇവിടത്തെ ജോലിയിൽ തന്നെ തുടരും പറഞ്ഞേക്കാം "
അത്രയും മനസ്സിൽ പറഞ്ഞപ്പോൾ വല്ലാത്ത ആശ്വാസം എന്നോട് പ്രത്യേകിച്ച് ദേഷ്യം ഉണ്ടായതു കൊണ്ടോ മറ്റോ അല്ല ഇയാൾ ഇങ്ങനെയൊക്കെ പറയുന്നത് അത് അയാളുടെ രീതിയും സ്വഭാവവും ആണ് എന്ന് എനിക്കു മനസ്സിലായത് അയാളെയും കുടുംബത്തെയും മൊത്തത്തിൽ ഒരിക്കൽ മക്കത്തുള്ള ഒരു കല്യാണ ഓഡിറ്റോറിയത്തിലേക്ക് കൊണ്ടു പോയപ്പോഴാണ് അന്ന് വണ്ടിയിലെ സംസാരം കേട്ട് ഞാൻ ഒരുപാട് ചിരിച്ചു
"നമുക്ക് നേരം വൈകിയല്ലോ ഉപ്പാ "
"മിണ്ടാതിരുന്നോണം നേരം വൈകിയാൽ വൈകട്ടെ "
"നമുക്ക് ആരെയെങ്കിലും വിളിച്ചു സ്ഥലം അന്വേഷിക്കേണ്ടേ "
" മിണ്ടാതിരുന്നില്ലെങ്കിൽ എല്ലാത്തിനെയും ഞാൻ ഇപ്പോൾ വീട്ടിൽ കൊണ്ടാകും"
" നിങ്ങൾ ആരെയെങ്കിലും ഒന്നു വിളിച്ചു സ്ഥലം കണ്ടുപിടിക്കാൻ നോക്കു മനുഷ്യാ "
"താനും തന്റെ മക്കളും എനിക്ക് അല്പം ആശ്വാസം തരുമോ എല്ലാത്തിനെയും ഞാൻ ശരിയാക്കും"
ഇങ്ങനെ വണ്ടി യിൽ ആരെയും മിണ്ടാൻ അയാൾ അനുവദിച്ചില്ല എന്നെ പരമാവധി വെറുപ്പിക്കാറുള്ള മാഡത്തിനും കിട്ടി എന്ന് പിതാവിൽനിന്നുള്ള സമ്മാനം " നാസർ നേരെ പോട്ടെ " "നീ മിണ്ടാതിരി അവൻ നേരെ പോയാൽ വളവുകൾ ഒക്കെ നീ വന്നു ഒടിക്കുമോ " "സൂക്ഷിച്ച് സൂക്ഷിച്ച് " "മിണ്ടാതിരിക്കാൻ ഇല്ലെങ്കിൽ നീ വന്നു വണ്ടിയോടിക്കൂ" " പാലത്തിനു മുകളിലൂടെ " "നിന്നോട് മിണ്ടാതിരിക്കാനാണ് ഞാൻ പറഞ്ഞത് "
എന്നെയും സ്വന്തം ഭർത്താവിനേയും വരച്ചവരയിൽ നിർത്തുന്ന മാഡം ഒരാളുടെ മുന്നിൽ താഴ്ന്നു കൊടുക്കുന്നത് ഞാനന്ന് ആദ്യമായാണ് കാണുന്നത് എനിക്ക് മാടത്തിന്റെ ഉപ്പയോട് അല്പം സ്നേഹം തോന്നി
"നമുക്ക് നേരം വൈകിയല്ലോ ഉപ്പാ "
"മിണ്ടാതിരുന്നോണം നേരം വൈകിയാൽ വൈകട്ടെ "
"നമുക്ക് ആരെയെങ്കിലും വിളിച്ചു സ്ഥലം അന്വേഷിക്കേണ്ടേ "
" മിണ്ടാതിരുന്നില്ലെങ്കിൽ എല്ലാത്തിനെയും ഞാൻ ഇപ്പോൾ വീട്ടിൽ കൊണ്ടാകും"
" നിങ്ങൾ ആരെയെങ്കിലും ഒന്നു വിളിച്ചു സ്ഥലം കണ്ടുപിടിക്കാൻ നോക്കു മനുഷ്യാ "
"താനും തന്റെ മക്കളും എനിക്ക് അല്പം ആശ്വാസം തരുമോ എല്ലാത്തിനെയും ഞാൻ ശരിയാക്കും"
ഇങ്ങനെ വണ്ടി യിൽ ആരെയും മിണ്ടാൻ അയാൾ അനുവദിച്ചില്ല എന്നെ പരമാവധി വെറുപ്പിക്കാറുള്ള മാഡത്തിനും കിട്ടി എന്ന് പിതാവിൽനിന്നുള്ള സമ്മാനം " നാസർ നേരെ പോട്ടെ " "നീ മിണ്ടാതിരി അവൻ നേരെ പോയാൽ വളവുകൾ ഒക്കെ നീ വന്നു ഒടിക്കുമോ " "സൂക്ഷിച്ച് സൂക്ഷിച്ച് " "മിണ്ടാതിരിക്കാൻ ഇല്ലെങ്കിൽ നീ വന്നു വണ്ടിയോടിക്കൂ" " പാലത്തിനു മുകളിലൂടെ " "നിന്നോട് മിണ്ടാതിരിക്കാനാണ് ഞാൻ പറഞ്ഞത് "
എന്നെയും സ്വന്തം ഭർത്താവിനേയും വരച്ചവരയിൽ നിർത്തുന്ന മാഡം ഒരാളുടെ മുന്നിൽ താഴ്ന്നു കൊടുക്കുന്നത് ഞാനന്ന് ആദ്യമായാണ് കാണുന്നത് എനിക്ക് മാടത്തിന്റെ ഉപ്പയോട് അല്പം സ്നേഹം തോന്നി
മഹാനായ ഈ പിതാവിന്റെ ഭാര്യയും മക്കളും പേരമക്കളുമായി ഒരു വലിയ സമൂഹത്തിനെ തന്നെ ഞാൻ എന്റെ വണ്ടിയിൽ കൊണ്ടുപോയിരുന്നു ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് ഇരിക്കാവുന്ന മുൻഭാഗവും പിൻഭാഗവും അടർന്നു വീഴാറായ ബ്രേക്ക് ചവിട്ടിയാൽ ഓഫാകുന്ന എന്റെ ആ ചെറിയ വണ്ടിയിൽ മാടവും അവളുടെ രണ്ടു മക്കളും മാടത്തിന്റെ ഉമ്മയും അവരുടെ മൂന്നു പെൺമക്കളും ഒരാൺകുട്ടിയും ഒരു പേരക്കുട്ടിയും ഒരു ജോലിക്കാരിയും ഡ്രൈവറായ ഞാനും പോകുന്ന പോക്ക് ഒന്നും കാണേണ്ട കാഴ്ച തന്നെയാണ് ആ കാറിൽ അല്പം ആശ്വാസത്തിൽ ഇരുന്നത് ഞാൻ മാത്രമായിരുന്നു എന്റെ സീറ്റിൽ മാത്രം ഒരാൾ തനിച്ച് മുൻഭാഗത്തെ രണ്ടാമത്തെ സീറ്റിൽ മാഡത്തിന്റെ ഒരു പെൺകുട്ടി ഒരാൺകുട്ടി മാഡത്തിന്റെ ഉമ്മ ഉമ്മ യുടെ മറ്റൊരു പേരകുട്ടി ഇങ്ങനെയായിരുന്നു ഇരുന്നിരുന്നത് പിറകിലെ കാര്യം പറയാനില്ല ഭാരം കാരണം ചെറിയ ഉലഞ്ഞലിൽ തന്നെ കാറിന്റെ ബോഡി റോഡിൽ ഉരസുമായിരുന്നു
ഞാനല്ലാതെ മറ്റൊരു ഡ്രൈവർ ആയിരുന്നെങ്കിൽ ഇതൊരു വലിയ അത്ഭുതമായി തോന്നിയേനെ എനിക്കതൊന്നും ഒരു സംഭവമല്ലായിരുന്നു കാരണം നാട്ടിൽ എനിക്ക് സ്വന്തമായി ജീപ്പ് ഉണ്ടായിരുന്ന സമയത്ത് ഞാനും ഉമ്മയും എന്റെ 4 പെങ്ങൻമാരും അവരുടെ മക്കളും ജ്യേഷ്ഠനും ഭാര്യയും അവന്റെ മക്കളും ചേർന്ന് ഇരുപതിലധികം പേർ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട് ഇതൊന്നും പോരാഞ്ഞിട്ട് പെങ്ങമ്മാരുടെ വീട്ടിലേക്കാണ് പോകുന്നതെങ്കിൽ ഞാൻ അവർക്ക് വീടുകളിലേക്ക് നിർബന്ധിച്ച് കൊടുത്തയക്കുന്ന (?)തേങ്ങ വെളിച്ചെണ്ണ വിറക് ചകിരി നിറച്ച ചാക്ക് ഇവയൊക്കെ വണ്ടിയുടെ മുകളിലും മുൻവശത്ത് ബംബറിന്റെ മുകളിൽ കെട്ടിയും എല്ലാം വെച്ചിട്ടാകും ഞങ്ങളുടെ യാത്ര. അന്ന് ഞങ്ങളുടെ പോക്ക് കണ്ടാൽ ആരും ഏതോ അത്ഭുതം കാണുന്ന പോലെ നോക്കി നിന്നിരുന്നു അതിനുമുൻപ് ഓട്ടോ ഉണ്ടായിരുന്നപ്പോഴും ഇതുപോലെ തന്നെ ആയിരുന്നു എൻറെ ഓട്ടോയിൽ പെങ്ങന്മാർക്ക് ഞാനെത്ര സേവനങ്ങൾ ചെയ്തു അതൊക്കെ മനസ്സിലാക്കിയിട്ടായിരിക്കും 'വാടക അധികം കൊടുത്താലും കുഴപ്പമില്ല നാട്ടുകാരുടെ വണ്ടി വിളിച്ചു പോവാം അതിൽ ആകുമ്പോൾ വഴക്കു കൊള്ളാതെ സമാധാനത്തിൽ യാത്ര ചെയ്യാമെന്ന്' എന്റെ പെങ്ങന്മാർ എപ്പോഴും പറയുമായിരുന്നു
മാഡത്തിന്റെ അനിയത്തിമാർ പലരും എന്റെ അടുത്ത് മുതലാളി ചമയാൻ വരും ഞാനാരെയും വകവയ്ക്കില്ല ആനയെ പേടിക്കാം പിണ്ഡത്തെയും പേടിക്കാം പിണ്ഡത്തിൽ കിടക്കുന്ന പുഴുവിനേയും പേടിക്കണം എന്ന് പറഞ്ഞാൽ അതെങ്ങനെ നടക്കാനാണ് ചെറിയ രണ്ട് അനിയത്തിമാരുടെയും അനിയന്റെയും സ്ഥിരം ജോലി എന്നെ നിരീക്ഷിക്കൽ ആയിരുന്നു മാഡത്തിന്റെ വീടിനു താഴെ എന്നെ പിടിച്ചു നിർത്തുന്ന സമയത്ത് ഞാൻ വണ്ടിയുമെടുത്ത് എവിടെയെങ്കിലും പോകുന്നുണ്ടോ അല്ലെങ്കിൽ വണ്ടിയിൽ ഏസി ഓൺ ആക്കി ഇരിക്കുന്നുണ്ടോ എന്നൊക്കെ നോക്കാനായി മുകളിലെ ഫ്ളാറ്റിൽ നിന്നും അവരെ ഇടയ്ക്കിടയ്ക്ക് താഴേക്ക് പറഞ്ഞയ്ക്കും ചിലപ്പോൾ താഴെ ഒരു വണ്ടിയുടെ ഹോണടിക്കുന്ന ശബ്ദം കേട്ടാൽ മാഡം ഉടനെ എന്റെ മൊബൈലിലേക്ക് വിളിക്കും "താനെവിടെയാ" "ഞാൻ താഴെ" "എവിടെ പോയിരുന്നു" "എവിടേയും പോയില്ല" "പിന്നെ എങ്ങനെ വണ്ടി ലോക്ക് ചെയ്യുന്ന ശബ്ദം കേട്ടല്ലോ" "അതു മാഡത്തിന്റെ ഉപ്പയുടെ സുഹൃത്തിന്റെ വണ്ടി ഇവിടെ താഴെയുണ്ട് അത് അയാൾ ലോക്ക് ചെയ്തതായിരിക്കും അല്ലാതെ താനോ കഫീലോ അറിയാതെ ഈ വണ്ടി ഞാൻ സ്റ്റാർട്ട് ചെയ്യില്ല" 'മിടുക്കൻ'
ഇങ്ങനെ എന്നെ വലിയ വിശ്വാസമായിരുന്നു സാധാരണ ഓട്ടം പോവാൻ ആവുമ്പോൾ എന്നെ വിളിച്ചു പറയും അപ്പോൾ ഞാൻ വണ്ടിയുടെ അടുത്തുണ്ടാകും ചിലപ്പോൾ വിളിക്കാതെ വരും ഞാൻ എന്താണ് ചെയ്യുന്നത് എന്ന് നോക്കാൻ വേണ്ടിയാണ് അത് അവിടെയൊക്കെ ഞാൻ വളരെയധികം ബുദ്ധിപൂർവ്വം പ്രവർത്തിച്ചു എന്നാൽ എനിക്ക് ദേഷ്യം വരുമ്പോൾ പലതും ചെയ്യാൻ കഴിയുമായിരുന്നു വല്ലാതെ പ്രയാസപ്പെടുത്തുന്ന ദിവസം ഞാൻ എ സി ഓൺ ചെയ്ത് മണിക്കൂറുകൾ ഇരിക്കാറുണ്ടായിരുന്നു അധികം വെറുപ്പിച്ചാൽ ഞാൻ എന്റെ ദേഷ്യം എല്ലാം തീർത്തിരുന്നത് വണ്ടിയോട് ആയിരുന്നു പാവം വണ്ടി എല്ലാം സഹിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ
മാഡത്തിന്റെ കുടുംബവുമായി പോകുമ്പോൾ എനിക്ക് നേരിടേണ്ടി വന്ന മറ്റൊരു ബുദ്ധിമുട്ട് വണ്ടിയിൽ വെച്ച് പൊട്ടുന്ന ബോംബുകൾ ആയിരുന്നു അടച്ചിട്ട വണ്ടിയിൽ എ സിയും ഓണാക്കി തിക്കിതിരക്കി പോകുമ്പോൾ ആയിരിക്കും സംഗതി പൊട്ടുന്നത് എന്റമ്മോ അതിന്റെ ഒരു സുഗന്ധം അത് സഹിക്കാൻ പറ്റില്ല ഗന്ധം പരന്നു കഴിയുമ്പോഴേക്കും പിറകിൽ നിന്നും ഓരോരുത്തരായി ചിരി തുടങ്ങിയിട്ടുണ്ടാകും ചിരിക്കരുതെന്ന് അവരുടെ ഉമ്മ പറയുന്നുണ്ടെങ്കിലും ചിരി കൂട്ടച്ചിരിയായി മാറും എന്റെ സംശയം ശരിയാണെങ്കിൽ അതിന്റെ പ്രധാന ഉത്തരവാദി മുതിർന്നവരിൽ ആരോ തന്നെയാവാനാണ് സാധ്യത ഭക്ഷണം കഴിക്കുക, ഉറങ്ങുക, പുറത്തു കറങ്ങാൻ പോവുക,ഈ ഒഴിച്ചുകൂടാൻ കഴിയാത്ത മൂന്ന് കാര്യങ്ങൾക്ക് പുറമേ കക്കൂസിൽ പോകാൻ ഒന്നും ഇവർക്ക് സമയം കിട്ടാത്തതു കൊണ്ടായിരിക്കാം കഴിക്കുന്ന മുട്ടയും കിഴങ്ങും ഒക്കെ ഉള്ളിൽ കിടന്ന് പ്രതികരിക്കുന്നത് ഇങ്ങനെയൊക്കെ അല്പം ചിരിക്കാനും ചിന്തിക്കുവാനും സങ്കടപ്പെടാനും സന്തോഷിക്കുവാനും ഒക്കെ അവസരം നൽകിക്കൊണ്ട് എന്റെ പ്രവാസ ജീവിതം മുന്നോട്ടു പോയി കൊണ്ടിരുന്നു
മക്കളെ നോക്കലും വീട്ടിലെ ജോലിയും ഡ്യൂട്ടിക്ക് പോവലും ഗർഭത്തിന്റെ അലസതയും എല്ലാം പരിഗണിച്ചായിരിക്കണം മാഡത്തിന്റെ വീട്ടിൽ ഒരു ജോലിക്കാരിയെ കൊണ്ടുവന്നു ആഫ്രിക്കൻ വംശജയായ ഒരു ഇത്യോപ്പ്യക്കാരി ആയിരുന്നു അവൾ അത് ഒരു പാവമാണെന്ന് തോന്നുന്നു മെലിഞ്ഞു മെലിഞ്ഞ് ഈർക്കിൽ പോലെ എപ്പോഴും മുഖമൊക്കെ മറച്ചു നടക്കുന്നതു കാണാം അവളുടെ ക്ഷമയും വൃത്തിയും ഒക്കെ കണ്ടുകൊണ്ടാവണം മാഡത്തിന് അവളോട് അല്പം പൊരുത്തം ആയിരുന്നു എങ്കിലും അവൾക്ക് പോലും വാങ്ങി കൊടുക്കാതെ വണ്ടിയിൽ വെച്ച് മാഡവും മക്കളും ഭക്ഷണം കഴിക്കുമായിരുന്നു അതിവിടെ സാധാരണയാണെങ്കിലും ഡ്രൈവറായ എനിക്കും കിട്ടാറില്ലെങ്കിലും അവൾക്ക് എങ്കിലും വാങ്ങി കൊടുക്കാത്തതിൽ എനിക്കു പലപ്പോഴും സങ്കടം തോന്നി
ഡ്രൈവർമാർ മുന്നിൽ തനിച്ച് ഇരിക്കുന്നവരാണല്ലോ മാത്രമല്ല എവിടെ പോയാലും എന്തുവേണമെങ്കിലും വാങ്ങി കഴിക്കാം പക്ഷേ ഗദ്ദാമ കൾ അവരുടെ ഇടയിൽ ഇരിക്കുന്നവരും എവിടെയും പോവാൻ അനുവാദം ഇല്ലാത്തവരും ആണല്ലോ പാവം അവൾ മാഡത്തിന്റെ വീട്ടിൽ ചെന്നാലും അവൾ പലപ്പോഴും പട്ടിണി യാണെന്ന് സംസാരത്തിൽ നിന്നും എനിക്കു മനസ്സിലായി എന്തേ ഭക്ഷണം കഴിക്കാത്തത് എന്നു മാഡം ചോദിച്ചാൽ അവൾ പറയും 'അവിടെയുണ്ടായിരുന്ന ഭക്ഷണം നാളെ കഴിക്കാനുള്ളതാണ് എന്ന് നിന്റെ അനിയത്തി പറഞ്ഞു കുഴപ്പമില്ല ഞാൻ പിന്നീട് എപ്പോഴെങ്കിലും കഴിച്ചോളാം' എന്ന് .
(തുടരും)
Abdul Nasser
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക