Slider

ഓളങ്ങൾ

0
ഓളങ്ങൾ
=========
ചന്ദ്രനെ കുറച്ചു കൂടി അടുത്ത് നിന്നു കാണുന്നത് പോലെ ഇത്ര ഉയരത്തിൽ തോളിമയോടെ. തെങ്ങോലയുടെയും, മരങ്ങളുടെയും ഇലകളുടെയുമുള്ളതിനേക്കാളും ഭംഗിയുണ്ട്. ഇത്ര ഉയരത്തിലോ ഇതിൽ കൂടുതലോ മാങ്ങ പറിക്കാൻ മൂവാണ്ടൻ മാവിൽ കയറിയിട്ടുണ്ട് ചെറുപ്പത്തിൽ പണ്ട്. എന്നാൽ വീടിന്റെ മുകളിൽ ആദ്യമായിട്ടാണ്.
ഇത്ര വലുതായുള്ള വീട് ഈ നാട്ടിൽ വേറെ ഇല്ല. ഇവിടെ നിന്നാൽ ചന്ദ്രേട്ടന്റെ പലചരക്കു കടയും, സൈനുക്കാടെ ഒസ്സാൻ കടയും, സുന്ദരിയായി കുണുങ്ങി ഒഴുകുന്ന നിള പുഴയും കാണുന്നു. പാലക്കാടൻ കാറ്റിൽ തഴുകുമ്പോൾ ഒരു ആനന്ദമാണ്.
"മോനെ... എന്താ ഒറ്റക്ക് ബാൽക്കണിയിൽ നിൽക്കുന്നെ.. മുറിയിലേക്ക് പോയ്കൊള്ളു.. അവളിപ്പോ വരും"
കുമ്മ പറമ്പിൽ ബീരാൻ ഹാജി. തിളച്ചു നിന്നിരുന്ന വീര്യം കെട്ടടങ്ങിയിരിക്കുന്നു. കറുത്ത് നിന്ന മുടിയും, കൊമ്പൻ മീശയും കുറച്ചു മാസങ്ങൾക്കുള്ളിൽ നരച്ചു. തല ഉയർത്തി പിടിച്ചു നടന്നിരുന്ന ഉടൽ അപമാനഭാരത്താലോ, ദുഖങ്ങളുടെ വേദനയാലോ വളഞ്ഞിരുന്നു. അധികാരത്തിന്റെ യജമാന സ്വരം, ഇപ്പോൾ കീഴാളരുടെ ശീലങ്ങളിലേക്കു പറിച്ചു നട്ടുള്ള സംസാര ശൈലിയിലെ മാറ്റത്തെ, ഒരു പ്രതികാര ആനന്ദം തോന്നിയെങ്കിൽ, അയാളുടെ ദുരവസ്ഥയെ ഓർത്തപ്പോൾ ദയവു തോന്നി. ശിരസ്സ് കുനിച്ചു പോകുന്ന ഗതികേടിനെ അയാൾ സ്വയം പഴിക്കുന്നുണ്ടാകുമോ, അതോ രക്ഷകനായി വന്ന തന്നോട് നന്ദിയോ, സ്നേഹമോ വന്നിട്ടുണ്ടാകുമോ... ?.
കിടപ്പു മുറി. ഒരു ഇടത്തരക്കാരന്റെ വീടാണ്. കുഞ്ഞു പെങ്ങൾ മൈമൂന കണ്ടിരുന്നെങ്കിൽ ഉണ്ട കണ്ണുകൾ ഒന്ന് കൂടെ വിടർത്തി ചോദിച്ചേനെ 'പടച്ചോനെ ഇക്കാ... ഇത് സ്വർഗമാണോ.. 'കിടക്കാൻ മൂന്ന് പേർക്കുള്ള വലിപ്പമുള്ള പതു പതുത്ത പട്ടുമെത്ത, വിശ്രമിക്കാൻ സോഫാസെറ്റുകൾ. ആന്ദകരമാക്കാൻ ഊഞ്ഞാൽ, മടൽ വെട്ടി കയർ കൊണ്ട് മരക്കൊമ്പിൽ കെട്ടി തൂക്കി ആടിയിട്ടുണ്ട്. വേദനിച്ചിട്ടുണ്ട് ഇരിപ്പിടം, അറിയാതെ തൊട്ടു നോക്കി. എന്നാൽ ഇത് തൂവൽ തലോടലോടെയുള്ള പറക്കൽ. കാലാവസ്ഥക്ക് അനുസൃതമായി സ്വന്തം കിടപ്പു മുറിയെയും മാറ്റിയെടുക്കാം. കുളിമുറി ഒരു കിടപ്പു മുറിയുടെ വലുപ്പം. കുളി നിന്നും അതിർത്തികൾ നിശ്ചയിച്ചുള്ള കിടന്നും. അതിവിശാലമായ നീന്തി കുളിയിൽ നിന്നുള്ള ചുരുക്കൽ.
വിത്യസ്തമായുള്ള പ്രകാശമതിൽ നിന്നു സ്വൈര്യമായി ചിമ്മിനി വെളിച്ചത്തിലെക്ക് ഓടിച്ചെല്ലാനുള്ള ആഗ്രഹത്തോടെ അണച്ചു.
നേർത്ത ശബ്ദത്തോടെ വാതിൽ തുറന്നു അടഞ്ഞെങ്കിലും അതെന്നിൽ ഞെട്ടലുളവാക്കി അവൾ വന്നു.
തല മുതൽ കാൽപാദം വരെ വസ്ത്രം കൊണ്ട് മറച്ച ഒരു രൂപം. ഒറ്റ വസ്ത്രം കൊണ്ട് ഉടലു ചുറ്റിയാതാണോയെന്ന് ചിന്തിച്ചു പോയി. തല കുമ്പിട്ടു നിൽക്കുന്ന രൂപത്തെ കാണാൻ ലൈറ്റ് തെളിയിച്ചു.
പെട്ടന്നുള്ള വെളിച്ചത്തിൽ അവൾ തല കാൽപാദത്തിലേക്കു താഴ്ത്തി പിടിച്ചു നിന്നു.
അടുത്ത് ചെന്ന് തലയെ ഉയർത്തി പിടിച്ചപ്പോൾ തുറന്നിരിക്കുന്നത്, മഴ പെയ്തു നിറഞ്ഞു കവിഞ്ഞ തോട് പോലുള്ള കണ്ണുകൾ.
പ്രഭാഷണത്തിനായി മുൻകൂട്ടി തയ്യാറാക്കിയ വാക്കുകളും, വാചകങ്ങളും മറന്നു പോയത് പോലെ, കളഞ്ഞു പോയതിനെ തിരയുന്നത് പോലെ വാക്കുകൾക്കായി തിരഞ്ഞു മടിച്ചു മൃദുവായി വിളിച്ചു.
"മെഹറൂ.... " അണകെട്ട് പൊട്ടിയത് കണ്ണ് നീർ ഒഴുകി. ഉള്ളിൽ എവിടെയോ മഴ പെയ്യുന്നത് പോലെ. വലം കൈ അവളുടെ ചുമലിൽ വെച്ചു.
ഒരു സ്വാന്തനം മുൻകൂട്ടി പ്രതീക്ഷച്ചതു പോലെ മൗനം സമ്മതമായി അവൾ എന്റെ ഉടലിലേക്ക് തിടുക്കത്തിൽ ഒട്ടി നിന്നു. ഇരു കൈകളാലും വരിഞ്ഞു മുറുക്കി, അവൾ തിരിച്ചും.
എത്ര നേരം അങ്ങനെ നിന്നതെന്ന് ഓർക്കാതെ മറന്നു നിന്നു ഇരുവരും. സുബോധം തിരികെ വന്നതാന്നെന്നു തോന്നിയത് കൊണ്ടാവാം അവൾ അകന്നു മാറി. ഞാൻ അവളിലേക്ക്‌ അടുക്കാൻ ശ്രമിക്കുമ്പോൾ തള്ളി മാറ്റി.
"അൻവർക്കാ.... എന്നോട് പൊറുക്കണം... ഞാൻ നിങ്ങൾക്ക് പറ്റില്ല... ഉപ്പ നിർബന്ധിച്ചപ്പോൾ". മുഖം മറച്ച മൂടുപടത്തിനുള്ളിലൂടെ അവൾ പറഞ്ഞു തേങ്ങി.
ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് മുഖത്തെ തുണി മാറ്റാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു.
"നിങ്ങൾക്ക് കാണാൻ പറ്റിയ മുഖം അല്ല ഇപ്പോൾ.. "
"മെഹ്‌റൂ... നീ സുന്ദരിയാണ് പണ്ടും ഇന്നും എനിക്ക്".
"ഞാൻ അൻവർക്കയെ ഒരുപാട് നിരസിച്ചു.. അധിക്ഷേപിച്ചു.. സ്വയം അഹങ്കരിച്ചു... സൗന്ദര്യം, കുമിഞ്ഞു കൂടിയ പണം, സ്വന്തം അല്ലങ്കിലും ഉപ്പയുടെ കയ്യിൽ ഉണ്ടന്ന്... അത് പോലെ പലരോടും.... ഇപ്പോൾ ... ഞാൻ ഒരു ഉദാഹരണമാണ്... എല്ലാവർക്കും... ചിരിക്കാനും... ചൂണ്ടി കാണിച്ചു കൊടുക്കുവാനും.. " കൈകൾ മുഖം പൂഴ്ത്തി അവൾ കരഞ്ഞു.
"മെഹ്‌റൂ... " ആ കൈകളിൽ ബലമായി പിടിച്ചു ഞാൻ. "നിന്നെ അന്നും ഇന്നും എനിക്ക് ഇഷ്ടമാണ്, സ്നേഹമാണ്. പലരും പലതും പറയും അതവരുടെ ഇഷ്ടം. നമ്മൾ ശ്രദ്ധിക്കുമ്പോളാണ് അതൊരു പ്രശ്‌നമായി തോന്നുന്നത്. മെഹ്‌റൂ... ഞാൻ ഓർക്കുന്നത് പാവാടയും, മക്കനയും ഇട്ട ആ പെൺകുട്ടിയെ.. കൂട്ടുകാരികളുടെ കൂടെ ചിരിച്ചു തമാശകൾ പറഞ്ഞു നടക്കുന്നവൾ... പാത്തും പതുങ്ങിയും കണ്ണ് നിറച്ചു കണ്ടിട്ടുണ്ട്....കർക്കിടകത്തിലെ രാത്രി മഴക്ക് ശേഷം കുത്തിയൊഴുകിയുന്ന തോടിനു കുറുകെയിട്ട ഒറ്റത്തടി തെങ്ങിൻ പാലത്തിൽ നിന്ന് പതിവ് സ്കൂൾ യാത്രയിൽ നീ വഴുതി വീണപ്പോൾ രക്ഷപെടുത്തിയത് ഞാനല്ലേ... അന്ന് മുതൽ നീ എന്റെ രക്തത്തിൽ അലിഞ്ഞു... പ്രായത്തിന്റെ ഓരോ ഉയർച്ചയിലും എന്റെ സ്നേഹത്തിന്റെ അളവ് കൂടുകയല്ലാതെ കുറഞ്ഞിരുന്നില്ല... ഉപ്പ അന്ന് പറഞ്ഞു മോനോ ഇത് നമുക്ക് പറ്റിയതല്ലന്ന്.. കിട്ടില്ലെങ്കിലും ആശിക്കാതിരിക്കാനാവുമോ.. ഇന്ന് ഉപ്പ പറഞ്ഞു.. മോനെ ഒരു ജീവിതം കൊടുത്താൽ പടച്ചോൻ നിനക്ക് നന്മ വരുത്തും... ".
"അൻവർക്കായുടെ സ്നേഹത്തെ നിരസിച്ചതിന്റെ പ്രതിഫലം, ആകാശത്തിന് മുകളിൽ നിന്ന് ഭൂമിയുടെ അടിത്തട്ടിലേക്കാണ് വന്നു വീണത്.... ഈ മുഖം നിങ്ങൾ കാണരുത്... ഇതെനിക്കുള്ള ശിക്ഷയാണ്.... ആതാഹത്യ പാപമായിരുന്നെത് കൊണ്ട് ഞാൻ ചെയ്തില്ല... "
"മെഹ്‌റൂ..... നിന്റെ പുറത്തെ സൗന്ദര്യത്തെ അല്ല എനിക്കിഷ്ടം... ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന സൗന്ദര്യത്തെയാണ് എനിക്കിഷ്ടം... എന്തോ ചിലത് അതിനെ മറച്ചിരുന്നു... ഇന്ന് ആ തടസ്സങ്ങൾ മാറി... ജീവിത കാലം മുഴുവൻ ഞാൻ നിന്നെ സ്നേഹിക്കും.. പടച്ചോനാണ് സത്യം... "
പതിയെ, അവളുടെ നിഷേധങ്ങളെ മറികടന്നു, കുറച്ചു ബലമായും കാണാനുള്ള ആർത്തിയോടെ ആ മൂട് പടം തുറന്നു. ആദ്യ കാഴ്ചയിൽ ഞെട്ടിയെങ്കിലും, പിന്നെ ദയവു തോന്നി. ഇരുകവിളുകളും, മൂക്കും പൊള്ളിയടർന്നിരുന്നു. മിഴികൾ താഴ്ന്നിരുന്നു.
നിശ്ശബ്ദമായ നിമിഷമങ്ങളിൽ ഞാൻ സാകൂതം അവളുടെ മുഖദാവിനെ വീക്ഷിക്കുന്നേരം ആ മിഴികളിലൂടെ കണ്ണുനീർ ഒഴുകി. പെട്ടന്ന് ഞാൻ പൊള്ളിയടർന്ന കവിളുകളിലും, അധരങ്ങളിലും മാറി മാറി അമർത്തി ചുംബിച്ചു. ഏങ്ങി കരഞ്ഞു അവൾ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.
=============
നിഷാദ് മുഹമ്മദ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo