Slider

നോട്ടിഫിക്കേഷനുകൾ

0
നോട്ടിഫിക്കേഷനുകൾ
••••••••••••••••••••••••••••••••••••••
കാലത്ത്‌ അലാറമടിക്കുന്നതിനു മുന്നെ അയാളെഴുന്നേറ്റ്‌ മേശപ്പുറത്തെ ഫോൺ എടുത്ത്‌ നെറ്റ്‌ ഓൺ ചെയ്തു.
ഇന്നലെ പോസ്റ്റ്‌ ചെയ്ത
"പുരുഷനു എങ്ങനെ നല്ലൊരു കുടുംബനാഥനാവാം"
എന്ന ലേഖനത്തിൽ വന്ന ലൈക്കുകൾ കണ്ട്‌ അയാളുടെ കണ്ണു തള്ളി പോയി.
സ്ത്രീ ആരാധകരുടെ ‌ റിക്വസ്റ്റുകൾ വന്ന് ക്യൂവായി കിടക്കുന്നു,
കമന്റുകളുടെ നീണ്ട നിര അങ്ങ്‌ തിരോന്തോരം വരെ എത്തി നിൽക്കുന്നു. അയാൾ അന്തം വിട്ടിരിക്കുമ്പോളാണു
ഷെയറുകളുടെ എണ്ണം ഇരുന്നൂറും കടന്നത്‌ കണ്ടത്‌.
ആനന്ദലബ്ധിക്ക്‌ ഇനിയെന്ത്‌ വേണം?
എന്നാലോചിച്ച്‌ ‌
കമന്റുകളിലൂടെ കണ്ണോടിച്ചിരിക്കുമ്പോളാ വയറ്റിലൊരു "ഗുളു ഗുളു".
അല്ലേലും ആകാംഷയോടെ വല്ലതും നോക്കുമ്പോളാകും അതിനൊരു ഇളക്കം കൂടുതൽ.
മനസ്സില്ലാ മനസ്സോടെ എന്നാൽ പിടിച്ചാൽ നിൽക്കില്ല എന്ന് തോന്നിയപ്പോൾ മാത്രം എഴുന്നേറ്റോടി.
മുന്നെ ഒരു ഫോൺ ക്ലോസറ്റിൽ കളഞ്ഞ അനുഭവം കൊണ്ട്‌ മാത്രം ഫോണെടുത്തില്ല ഇല്ലെങ്കിൽ എടുത്തോണ്ട്‌ പോയേനെ.
ബാത്ത്‌ റൂമിൽ ഇരിക്കുമ്പോഴും മേശപ്പുറത്തെ ഫോണിൽ വന്നു കൊണ്ടിരിക്കുന്ന നോട്ടിഫിക്കേഷൻ ശബ്ദം കാരണം മുഴുവനായും ഇരുന്ന് കൊടുക്കാനുള്ള ക്ഷമയും ഉണ്ടായില്ല. ഓടി വന്നു വീണ്ടും നോക്കി.
അതിനിടയിൽ കുഞ്ഞുമോൾ പഠിക്കുന്ന പുസ്തകത്തിൽ എന്തോ വരച്ച്‌ കൊണ്ട്‌ വന്ന് കാണിച്ച്‌ എന്തോ പറഞ്ഞിട്ട്‌ പോയി.
അപ്പോളയാൾ മാലതി കമന്റ്‌ ബോക്സിൽ ഇട്ട ഒരു സംശയത്തിനു ഇൻബോക്സിൽ മറുപടി നൽകുകയായിരുന്നു.
ഉമ്മറത്തെ കസേരയിൽ പേപ്പറും മടിയിൽ വെച്ച്‌ ഇരുന്ന് നോട്ടിഫിക്കേഷനുകൾക്ക്‌ മറുപടി കൊടുത്ത്‌ കൊണ്ടിരിക്കേ അവൾ തോർത്ത്‌ മുണ്ട്‌ കൊണ്ട്‌ ആഞ്ഞ്‌ അടിച്ചതിന്റെ വേദന അറിഞ്ഞപ്പൊളാ ഓഫീസിൽ പോകേണ്ടത്‌ ഓർത്തത്‌.
ചായ കുടിക്കാനിരുന്നപ്പോളാ പല്ല് തേക്കാത്തത്‌ ഓർമ്മ വന്നത്‌.
പലഹാരം കഴിച്ച്‌ കൊണ്ടിരിക്കേ വന്ന നോട്ടിഫിക്കേഷൻ നോക്കുന്നതിനിടയിൽ ചായക്ക്‌ പകരം ഫോണെടുത്ത്‌ വായിൽ വെക്കുന്നത്‌ കണ്ട്‌ അവൾ പറയുന്നുണ്ടായിരുന്നു,
"ഒടുക്കത്തെ ഫോൺ"എന്ന്...
ഓഫീസിലേക്ക്‌ പോകാൻ ഇറങ്ങുമ്പോ അമ്മ തന്ന മരുന്നിന്റെ ചീട്ട്‌ അപ്പൊ വന്ന നോട്ടിഫിക്കേഷൻ കാരണം മേശപ്പുറത്ത്‌ തന്നെ കിടന്നു.
"വൈകുന്നേരം വേഗം വരില്ലേ, ഒന്ന് അമ്പലത്തിൽ പോകായിരുന്നു."
എന്ന അവളുടെ ചോദ്യം കേൾക്കാതെ
"ഇണയെ പരിപൂർണ്ണമായി മനസ്സിലാക്കുക എന്നതാണു ദാമ്പത്യജീവിതത്തിന്റെ കാതൽ" എന്ന് ഒരു നോട്ടിഫിക്കേഷനു റിപ്ലേ നൽകുകയായിരുന്നു അയാൾ.
ബസ്സിൽ കയറി കമ്പി പോലും പിടിക്കാനില്ലാത്ത തിരക്കിനിടയിൽ വന്ന നോട്ടിഫിക്കേഷനു
"പ്രായമായവരോട്‌ നാം കാണിക്കുന്ന കരുതലും സംരക്ഷണവും കണ്ട്‌ വളരുന്ന നമ്മുടെ മക്കൾ കുടുംബത്തിന്റെ വിളക്കുകളായി മാറും" എന്ന് റിപ്ലേ കൊടുക്കവേയാണു പെട്ടെന്നിട്ട ബ്രേക്കിൽ മുന്നിൽ നിന്ന ഒരു പാവം വൃദ്ധന്റെ ദേഹത്ത്‌ പോയി ഇടിച്ചതും അയാളുടെ തല കമ്പിയിലിടിച്ച്‌ രക്തം വന്നതും.
ഓഫീസിലെത്തി ഫയലുകൾക്ക്‌ പിന്നിൽ ഗൗരവക്കാരനായി ഇരിക്കുമ്പോളും അയാളുടെ ശ്രദ്ധ മുഴുവൻ ഫോണിൽ ഇടക്ക്‌ വന്നു കൊണ്ടിരുന്ന നോട്ടിഫിക്കേഷനിലായിരുന്നു.
ഇടക്ക്‌ ആരോ വിളിച്ച്‌ ഉച്ചഭക്ഷണത്തിനു പോകാൻ തുടങ്ങുമ്പോ വന്ന നോട്ടിഫിക്കേഷനു മറുപടി കൊടുത്ത്‌ കൈ കഴുകി ബഞ്ചിൽ ഇരുന്നപ്പോഴാണു ലഞ്ച്‌ ബോക്സ്‌ ഇരിപ്പിടത്തിനു ചുവട്ടിലെ ബാഗിലാണല്ലോ എന്നോർത്തത്‌.
ലഞ്ച്‌ ബോക്സെടുത്ത്‌ വരുമ്പോളേക്കും കൂടെ ഇരുന്നവരൊക്കെ ഊണും കഴിഞ്ഞ്‌ മടങ്ങിയിരുന്നു.
ഭക്ഷണം കഴിച്ച്‌ കൊണ്ടിരിക്കെ വന്ന മൂന്ന് നാലു നോട്ടിഫിക്കേഷനു മറുപടി കൊടുക്കുന്നതിനിടയിൽ ഭക്ഷണവും മടുത്ത്‌ കൈ കഴുകി വീണ്ടും ഇരിപ്പിടത്തിലേക്ക്‌..
വൈകുന്നേരം എല്ലാരും ഇറങ്ങിയെങ്കിലും മറ്റു ശല്ല്യങ്ങളില്ലാത്ത ആശ്വാസത്തിൽ ഫയലുകൾക്കിടയിലൂടെ അയാൾ നോട്ടിഫിക്കേഷനു മറുപടി കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു.
അയാളുടെ സീറ്റിലേക്ക്‌ നോക്കിയ മാനേജർ അയാളെ സീറ്റിൽ കണ്ട്
‌ "കണ്ട്‌ പഠിക്കണം മറ്റുള്ളവർ" എന്ന് മനസ്സിൽ പറഞ്ഞ്‌ പോകുമ്പോൾ അയാളുടെ പോസ്റ്റ്‌ ആയിരം ലൈക്കുകളും അഞ്ഞൂറു കമന്റുകളും തികയുകയും അയാളുടെ മേശപ്പുറത്ത്‌ രണ്ട്‌ ദിവസത്തെ ജോലി ബാക്കിയായി കിടക്കുകയുമായിരുന്നു.
തുടർച്ചയായി അവളുടെ ഫോൺ വിളി കമന്റുകൾക്ക്‌ മറുപടി കൊടുക്കുന്നതിനു തടസ്സമായപ്പോ
"ഇറങ്ങി"
എന്നും പറഞ്ഞ്‌ ബേഗും തൂക്കി വീട്ടിലേക്കിറങ്ങി.
വീട്‌ എത്തുമ്പോ അമ്പലത്തിൽ പോകാൻ സെറ്റ്‌ സാരിയിട്ട്‌ അവളും നല്ല ഉടുപ്പുമിട്ട്‌ മോളും "മരുന്നെവിടെ"
എന്ന ചോദ്യവുമായി അമ്മയും കാത്തിരിക്കുമ്പോളും അപ്പോൾ വന്ന ഒരു നോട്ടിഫിക്കേഷനു
"പുരുഷൻ കൂടുതൽ ഉത്തരവാദിത്ത ബോധം കാണിച്ചാൽ മാത്രമേ ഒരു നല്ല അന്തിരീക്ഷം വീടുകളിൽ സംജാതമാവുകയുള്ളൂ"
എന്ന് മറുപടി നൽകി മനസ്സിൽ ഒരടി കൂടി പൊങ്ങി അയാൾ ബെഡ്‌റൂമിലേക്ക്‌ പോയി .
ഏകദേശം പന്ത്രണ്ട്‌ മണി കഴിഞ്ഞ്‌ സംശയക്കാരും ലൈക്കുകാരും ഉറങ്ങിയ നേരത്താണു അയാൾ ഫോണിൽ അവളുടെ ഒരു മെസ്സേജിന്റെ നോട്ടിഫിക്കേഷൻ കണ്ടത്‌.
അതിങ്ങനെ ആയിരുന്നു.
"ഇന്ന് എന്റെ പിറന്നാളായിരുന്നു"
ഉറങ്ങി പോയിരുന്ന അവളുടെ മുഖത്ത്‌ നോക്കി അയാൾ അവളുടെ ഫേസ്‌ ബുക്ക്‌ അക്കൗണ്ട്‌ സർച്ച്‌ ചെയ്തു.
അപ്പോളതിൽ ആയിരത്തോളം ബെർത്ത്‌ ഡേ വിഷ്‌ പോസ്റ്റുകൾ അവളുടെ ലൈക്കിനും കമന്റിനും വേണ്ടി നിരന്ന് കിടക്കുന്നുണ്ടായിരുന്നു.
അവൾക്കൊരു പിറന്നാളാശംസ പോസ്റ്റവെ ബീപ്‌ എന്ന ശബ്ദത്തോടെ അയാളുടെ ഫോണിലെ വെളിച്ചവും കെട്ടു......
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo