Slider

കഥ തുടരുന്നു...

0

കഥ തുടരുന്നു...
***************
"ഷപ്പ....മുട്ട.."
തൃശൂരിലെ സഫയർ ഹോട്ടലിലെ... കശുവണ്ടിയും മുന്തിരിയും ഉള്ളിയും വറുത്ത് മൊഞ്ച് പിടിപ്പിച്ച ചിക്കന്‍ ബിരിയാണിയിൽ കൈയിട്ടതും കയ്യിൽ തടഞ്ഞ മുട്ടയെ പൊക്കിയെടുത്ത് ഉള്ളം കയ്യിൽ വെച്ച് ഉയർത്തികാട്ടി ആറ് വയസ്സുകാരൻ അവന്റെ പുഴു തിന്ന പല്ലും കാണിച്ച് ഉച്ചത്തില്‍ വിളിച്ച് കൂവി...
ഉയർത്തിയ മുട്ടയേ കണ്ട് കണ്ണ്തള്ളി ആറ് വയസ്സുകാരൻ പയ്യന്റെ മുന്നിലിരുന്ന ചേച്ചി ഷപ്പ ..തന്റെ മുന്നിലിരിക്കുന്ന ബിരിയാണി പാത്രത്തിലും കൈയിട്ട് പരതി
പരതിയ കൈകളിൽ മുട്ട തടഞ്ഞപ്പോൾ അവളുടെ സ്വതേ വിടർന്ന കണ്ണുകൾ ഒന്നുകൂടി തള്ളി പുറത്തേക്ക് വന്നു..
ചേച്ചിയുടെയും അനിയന്റെയും മുട്ട കണ്ടുപിടുത്തം കണ്ട് രസം പൂണ്ട് ബാക്കിയുള്ള ഹോട്ടലിലെ ആളുകൾ വാ പൊളിച്ച് ചിരിച്ചു പോയി..
അക്കാലത്ത് ബിരിയാണി എന്നത് നസ്രാണികൾക്കു അത്ര പിടിയുള്ള വിഭവമായിരുന്നില്ല..
ചോറും ചിക്കേനും ബീഫും പോർക്കും ഇല്ലാതെ എന്ത് സദ്യ എന്നലോചിരുന്ന കാലത്താണ് ബിരിയാണിയുടെ രുചി നസ്രാണികളുടെ നാവിനും രസം പകർന്നത്..
ഇവിടെ കഥ ബിരിയാണിയുടെതല്ല ..പകരം അതിൽ ഒളിപ്പിച്ച് വെക്കാറുള്ള മുട്ടയുടേതാണ്..
വീട്ടിൽ വളർത്തുന്ന കോഴിയിടുന്ന മുട്ടയാണ് ആകെയുള്ള ശരണം..
അത് വീട്ടിലുള്ള എല്ലാ അന്തേവാസികൾക്കും പങ്ക് വെക്കപ്പെടുമ്പോൾ മുട്ട എന്നത് ഇന്നത്തെ പോലെ തൊടുകറി ആയിരുന്നില്ല..
ചേച്ചിക്കും അനിയനും മുട്ടയെന്നാൽ അത്രേം കൊതിയാണ്..എന്നിരുന്നാലും തൂക്കം നോക്കിയാൽ ചേച്ചി കൊതിയിൽ അനിയനെ കടത്തിവെട്ടും...
ഇൗ കൊതി ചേച്ചിക്കെന്ന് പലരാൽ ആരോപിക്കപ്പെട്ട് അവളിൽ ചാർത്തിയതിനും കാരണമുണ്ട്..
ആന്റിയുടെ വീട്ടിൽ വിരുന്നിന് ചെന്നപ്പോൾ നാട്ടിലുള്ള പിള്ളേരെല്ലാം കൂടി കഞ്ഞീം കൂട്ടാനും വേച്ചൊണ്ടിർക്കുമ്പോഴാണ് ഷപ്പയുടെ മൂക്കിൽ ആ മണം അടിച്ച് കേറിയത്..
മൂക്ക് മണത്തെ തിരിച്ചറിയാൻ തലച്ചോറിന് നിർദ്ദേശം കൊടുത്തതിന്റെ വെളിച്ചത്തിൽ അവിടുന്ന് സന്ദേശം കിട്ടി..
ഓംലറ്റ് ഉണ്ടാക്കുന്ന മണം...
പിന്നെ ഒന്നും നോക്കിയില്ല നമ്മുടെ ഷപ്പ വെള്ളം കുടിക്കാനായി നേരേ ആന്റീടെ അടുക്കളയിൽ എത്തി..
ആന്റിയുടെ പറ്റെ ചെന്നിരുന്നു വറക്കുന്ന മുട്ടയെ നോക്കി കൊതി പൂണ്ട്..ഇപ്രകാരം മൊഴിഞ്ഞു..
"ആ പിള്ളേർക്കൊക്കെ മുട്ട ഭയങ്കര കൊതിയാലേ ...എനിക്കില്ലട്ട..."അത് പറഞ്ഞ് തീർന്നതും അത്ര നേരം വായിൽ അടക്കി പിടിച്ച കപ്പലോടിക്കാനുള്ള വെള്ളം താഴോട്ട് ചാടി എന്ന് ഒരു വിവാഹവിരുന്നിൽ വെച്ച് ആന്റി പരസ്യമായി വാർത്ത വിതരണം ചെയ്തു...
അന്ന് ആരോപിക്കപ്പെട്ട സത്യത്തെ ഷപ്പ പിന്നെ ശിരസാവഹിച്ച് മുട്ടപ്രമം തുടർന്ന് പോന്നു..
കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായേ എന്ന് ചോദിച്ചാൽ മുട്ട എന്ന് ഉത്തരം പറയാൻ തയ്യാറായ അവളെ ഒരു മുട്ടകച്ചോടക്കാരനോ പൂക്കച്ചോടക്കരനോ മാത്രേ കെട്ടിച്ച് കൊടുക്കുള്ളൂ എന്ന് വീട്ടുകാർ പറഞ്ഞപ്പോ നമ്രശിരസ്കയായി നാണത്താൽ പുളകിതയായി കാൽവിരൽ കൊണ്ട് മണ്ണിൽ കളം വരച്ച് പോയി അവള്..
അങ്ങനെയുള്ള നാലാം ക്ലാസ്സുകാരി ഷപ്പയുടെ ജീവിതത്തിലേക്ക് ആദ്യമായി ലേലം വിളി എന്ന മഹാസംഭവം കടന്ന് വന്നത് മിഷൻ ഞായർ എന്ന ദിവസം ആയിരുന്നു..
വീട്ടിൽ നിന്നും എന്തെങ്കിലും കൊണ്ട് വരണം എന്ന ടീച്ചറുടെ നിർദേശത്തിന് അവൾക് വീട്ടിൽ നിന്നും കിട്ടിയത് അന്ന് രാവിലെ താറാവിട്ട ഒരു വീക്കൻ മുട്ടയും ആദ്യമായി തോട്ടത്തിൽ വിരിഞ്ഞ ഡാലിയ പൂവുമായിരുന്നൂ..
പൂ പറിക്കാൻ അവളുടെ മനസ്സ് സമ്മതിച്ചില്ല എങ്കിലും വേറെ വഴിയില്ലത്തോണ്ട് അമ്മ പറിച്ച് നൽകിയ പൂവുമായി സൺഡേ സ്കൂൾ പടിവാതിൽക്കൽ എത്തി..
ലേലം പൊടിപൊടിച്ചു കൊണ്ടിരുന്നു..
അനുസരണ ഉള്ള കുഞ്ഞാടായി ഷപ്പ കൈയ്യും കെട്ടിയിരുന്നു..
എല്ലാരും തലങ്ങും വിലങ്ങും എണ്ണം പറഞ്ഞ് കളിക്കുന്നു..
അവള് ലേലം.കളിയുടെ രീതി മനസ്സിലാക്കി..
മേശപ്പുറത്ത് നിരത്തപെട്ട ലേലവസ്ത്ക്കൾ എല്ലാം തീർന്നു..മുട്ടയും പൂവും ഒഴിച്ച്..
അപ്പോഴാണ് ഷപ്പയിലെ മുട്ട ആൻഡ് പൂ പ്രേതങ്ങൾ സഠ കുടഞ്ഞെഴുനേറ്റത്
പിന്നൊന്നും നോക്കിയില്ല..
വിളിയോട് വിളി...
ക്ലാസ്സിലെ സുന്ദരികോത ലില്ലിക്കു പൂ കിട്ടരുത് എന്ന വാശിയിൽ സ്ഥലത്തെ പ്രധാന പ്രമാണിയുടെ മകളായ ലില്ലിക്ക് എതിരാളിയായി..അവൾ അതൊക്കെ വിട്ട് കൊടുക്കാൻ തയ്യാറായില്ല
ഒടുവിൽ ലേലത്തിൽ അവൾ വിജയിച്ചു
പതിനൊന്ന് രൂപാ അറുപത് പൈസ നിരക്കിൽ ഒരു മുട്ടയും ഒരു പൂവും ഷപ്പക്കു സ്വന്തം..
അടുത്ത ആഴ്‍ച്ച പൈസ കൊണ്ട് വരണം എന്ന് ടീച്ചർ പറഞ്ഞപ്പോഴാണ് ലേലം വിളി ക്കു പൈസ കൊടുക്കണം എന്ന് പാവം ഷപ്പ ക്കു തിരിച്ചറിവിന്റെ സൂര്യന്‍ ഉദിച്ചത്
അങ്ങനെ മുട്ടക്ക് വെറും അറുപത് പൈസ മാത്രം ഉള്ള കാലത്ത് സ്വന്തം വീട്ടിലെ പൂവും മുട്ടയും പതിനൊന്ന് രൂപക്കു ലേലം വിളിച്ച് മഹതിയായി ഷപ്പ ഉയർത്തപ്പെട്ടു
വീട്ടിൽ ലേലവസ്തുക്കൾ കൊണ്ട് ചെന്ന് കാണിച്ച് ലോകം വെട്ടിപിടിച്ച ഭാവത്തില്‍ നിന്ന ഷപ്പായുടെ തുടയിൽ അമ്മ പുളിവടി കൊണ്ട് അടിച്ച് പൊട്ടിച്ചില്ലെങ്കിലേ അതിശയം ഉള്ളൂ..
ഒരു ലേലകഥ മൂലം കൂട്ടത്തിൽ ഇരുന്ന് ഒരു അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം പോലും അവൾക്ക് നിഷേധിക്കപ്പെട്ടു
"പതിനൊന്ന് രൂപക്ക് സ്വന്തം വീട്ടിലെ മുട്ട ലേലം വിളിച്ചോള് ഇനി മിണ്ടരുത്..."
എന്തായാലും ഷപ്പ വളർന്ന് പന്തലിച്ച് വടവൃക്ഷമായപ്പോഴും വീട്ടുകാർ മുട്ടക്കാരനും പൂകച്ചവടക്കാരനും കെട്ടിച്ച് കൊടുത്തില്ല...
അതിനുള്ള പ്രതികാരം മധുരമായി കല്ല്യാണം കഴിഞ്ഞപ്പോ അവളും വീട്ടി
മുറ്റം നിറയെ കുട്ട്യോൾക്കൊപ്പം അവള്‍ വളര്‍ത്തിയ കോഴികൾ പാറിപറന്നു..ഷപ്പയുടെ കുട്ട്യോൾ കൂട്ടിൽ നിന്നെടുത്ത ചൂടുള്ള മുട്ട വായിലേക്ക് തട്ടി..
എന്നിട്ടും കൊതിതീരാത്ത മക്കള്‍ കായിക്കാൻ്റെ ബിരിയാണിയിൽ കൈയിട്ടപ്പോ കിട്ടിയ മുട്ട കണ്ട് വിളിച്ചു കൂവി...
"അമ്മാ ദാ ഇതിലും മുട്ട....."

Shabna

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo