ഒന്നാമിടം, രണ്ടാമിടം....
ഇത് ഒരു കഥയല്ല, ഒരു യാത്ര വിവരണവും അല്ല പിന്നെയോ മുഖ്യധാരയിൽ നിന്നും മാറി സമൂഹത്തിന്റെ ശ്രദ്ധ എത്താത്ത രണ്ടിടങ്ങൾ....
യാത്രകൾ അത് എന്നും എനിക്ക് ഹരമാണ് പ്രത്യേകിച്ച് പ്രീയപെട്ടവരുടെ കൂടെയാവുമ്പോൾ.... ഈ യാത്രകളിൽ ഞാൻ കണ്ടത് ഒറ്റക്കായി പോയവരെയാണ്... അതെ ജീവിതയാത്രയിൽ ഒറ്റപ്പെട്ടു പോയവർ....
ഒന്നാമിടം
മൂന്നാറിലെ തേയില തോട്ടങ്ങളും കടന്നു ചന്ദന മരങ്ങളാൽ സുന്ദരമായ മറയൂർ എന്ന കൊച്ചു ഗ്രാമം....ഞാൻ അവിടേയ്ക്കു പോകുമ്പോൾ ബന്ധു കൂടിയായ ജോജി ചേട്ടനെ നേരത്തെ വിളിച്ചറിയിച്ചത് തേയില തോട്ടങ്ങൾക്കും അപ്പുറത്തുള്ള മൂന്നാറിനെ അടുത്തറിയുന്ന ഒരാൾ എന്ന നിലയിലാണ്. എന്റെ ഉദ്ദേശ്യം മറയൂരിലെ മുനിയറകളും ശർക്കര ഫാക്ടറികളും ചന്ദനക്കാടുകളും പിന്നെ കാന്തളൂരും കാടും ഒക്കെ അനുഭവിച്ചറിയുക എന്നതായിരുന്നു....
ജോജി ചേട്ടനാകട്ടെ അവിടെ പ്രവർത്തിക്കുന്ന അഭയ എന്നപേരിലുള്ള ഒരു പുനരധിവാസ കേന്ദ്രത്തിന്റെ എല്ലാമെല്ലാമായ മനുഷ്യസ്നേഹിയും...
അവിടെ ഞാൻ കണ്ടത് അദ്ദേഹം തെരുവിൽ നിന്നും കൊണ്ടുവന്ന കുറച്ചു മനുഷ്യരെ, അതേ മൃഗങ്ങളെപ്പോലെ.... അഴുക്കും ജഡയും പിടിച്ചു മനസ്സിന്റെ കെട്ടു പൊട്ടി തെരുവിൽ അലഞ്ഞു നടന്നവർ.... പേരറിയാത്തവർ നാടറിയാത്തവർ....
അവിടെ അവർ സുരക്ഷിതരാണ്, ഭക്ഷണവും വസ്ത്രവും മരുന്നും എല്ലാം അദ്ദേഹവും കുടുംബവും അവർക്കു നൽകുന്നു. ജീവിതം തന്നെ ഇതിനായി ഉഴിഞ്ഞു വച്ച മനുഷ്യൻ. ഇതെല്ലം എങ്ങിനെ സാധിക്കുന്നു എന്ന ചോദ്യത്തിന് അരെങ്കിലും ഒക്കെ വേണ്ടേ ഇങ്ങിനെയുള്ളവർക്കും എന്നതായിരുന്നു. നിശബ്ദമായ സേവനം.... ഒരു നന്ദി വാക്ക് പോലും പ്രതീക്ഷിക്കാതെ.... ഇങ്ങനെയുമുണ്ടോ മനുഷ്യർ എന്ന് ചിന്തിച്ചു പോയി...സ്വന്തവും ബന്ധവും മനസ്സിന്റെ തെളിമയിൽ നിന്നും മാഞ്ഞുപോയവർ.....
മൂന്നാറിന്റെ മദിപ്പിക്കുന്ന മാദക സൗന്ദര്യത്തേക്കാൾ എന്നെ ആകർഷിച്ചത് തീർച്ചയായും ആ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃക തന്നെയായിരുന്നു....
രണ്ടാമിടം
തലസ്ഥാനത്തെ വെഞ്ഞാറമൂട്ടിനടുത്തുള്ള st.ജോൺ ഹോസ്പിറ്റൽ.... സമൂഹത്തിൽ നിന്നും ദൂരെയാക്കപ്പെട്ട ഏകദേശം മുപ്പതോളം കുട്ടികൾ അഞ്ചു വയസുകാരൻ മുതൽ കൗമാരക്കാർ വരെ... എന്താണെന്നല്ലേ ?? അവരുടേതല്ലാത്ത കാരണങ്ങളാൽ HIV എന്ന മാരക വിപത്തിനടിമയായവർ... മാതാപിതാക്കളുടെ തെറ്റുകൾക് ശിക്ഷ അനുഭവിക്കുന്ന ജന്മങ്ങൾ ... ഏതു നിമിഷവും ഞെട്ടറ്റു വീഴാവുന്ന ജീവിതങ്ങൾ...
ആ കണ്ണുകളിൽ നിരാശ നിഴലിക്കുന്നുണ്ടോ.... അവരുടെ എല്ലാമെല്ലാമായ ജോസച്ചനിൽ നിന്നും കുറച്ചൊക്കെ കേട്ടു നെഞ്ചു പൊട്ടുന്ന കഥകൾ.... ഓരോ കുട്ടിയും ഓരോ കഥയാണ്, എവിടെയും രേഖപ്പെടുത്താത്ത എഴുതപ്പെടാത്ത കഥകൾ.... കൂട്ടിലടക്കപെട്ട കിളികളെ പോലെ യാന്ത്രീകമായി ജീവിക്കുന്ന പൈതെങ്ങൾ..... അവരുടെ കൂടെയുള്ള രണ്ടു ദിനങ്ങൾ... ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനെ പോലും മാറ്റിമറിച്ച നിസ്വാർത്ഥ പുഞ്ചിരികൾ.....
വ്യത്യസ്തമായ മൂന്നാമിടം സമയ പരിമിതി മൂലം അടുത്തതവണത്തേയ്ക് മാറ്റിവെക്കുമ്പോൾ എന്റെ മനസ് മുഴുവൻ മനുഷ്യ ജീവന്റെ നിസാരതയെ കുറിച്ചായിരുന്നു. എന്തൊക്കെ ഉണ്ടായാലും, സുഖലോലുപതയുടെ നടുവിൽ അർമാദിക്കുമ്പോഴും പരാതി തീരാത്ത നമ്മൾ.... നമുക്കാലോസരമായതെന്തിനെയും കുറ്റപ്പെടുത്തുന്ന നമ്മൾ.... നമുക്ക് കൈവരിക്കാനാവാത്തവയോട് അസൂയപെടുന്ന നമ്മൾ.... നമ്മെ ക്രമപ്പെടുത്തുന്നവരെ കുറ്റപ്പെടുത്തുന്ന നമ്മൾ...നമുക്കു നേരെ തിരിയുന്നവരെ ക്രൂശിക്കുന്ന നമ്മൾ ...... നമ്മെക്കാൾ വളരുന്നവരെ വെട്ടിമാറ്റുന്ന നമ്മൾ.... ആ നമ്മൾ എത്ര നിസ്സാരരാണെന്നു തിരിച്ചറിയപെട്ടയാത്രകൾ.... അല്പമായെങ്കിലും എന്നിൽ ഉണ്ടായിരുന്ന അഹങ്കാരത്തെ തച്ചുടച്ച യാത്രകൾ.... ഏതോ മുന്ജന്മ സുകൃതം, അത് മാത്രമല്ലെ നമ്മെ ഇങ്ങിനെയൊക്കെ നിലനിർത്തുന്നത് എന്ന തിരിച്ചറിയലുകൾ സമ്മാനിച്ച, മനസ്സിനോട് ചേർന്നു നിൽക്കുന്ന യാത്രകൾ......
തിരികെ വരുമ്പോൾ എനിക്ക് എന്നോട് തന്നെ വല്ലാത്ത സ്നേഹം തോന്നുന്നുവോ.....സ്നേഹിക്കാം പങ്കുവെക്കാം പങ്കാളികളാവാം നമുക്കും ഈ യാത്രകളിൽ....
ലിനി ജോസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക