Slider

ആർട്ട് ഓഫ് ലവ്

0
Image may contain: 1 person, smiling, selfie and closeup

"ഈ തിരമാലകൾക്കൊക്കെ എന്ത് ശക്തിയാണല്ലേ ശ്രീയേട്ടാ?"
കടപ്പുറത്തെ മണലിൽ, ശ്രീറാമിന്റെ ചുമലിൽ ചാരിയിരുന്നപ്പോൾ ആനി ചോദിച്ചു.
"അതെ... നല്ല വേഗതയും."
അയാൾ പ്രതിവചിച്ചു.
"നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് മൂന്നു വർഷമായി.ഈ മൂന്നു വർഷത്തിനിടയിൽ ഒരിക്കൽ പോലും ശ്രീയേട്ടന് എന്നോട് വെറുപ്പ് തോന്നിയിട്ടില്ലേ?"
"വെറുപ്പോ.....താനെന്താ ഇപ്പൊ ഇങ്ങനൊക്കെ ചോദിക്കുന്നേ....?"
"ഒരു ഭാര്യ എന്ന നിലയിൽ ശ്രീയേട്ടന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളുമൊന്നും സാധിച്ചു തരാൻ കഴിയാത്തവളല്ലേ ഞാൻ...എന്തിനേറെ....ഈ മടിയിലിരുത്തി ലാളിക്കാൻ ഒരു കുഞ്ഞിനെപ്പോലും....?"
പറഞ്ഞു വന്നത് പൂർത്തിയാക്കാൻ സമ്മതിക്കാതെ ശ്രീ അവളുടെ ചുണ്ടിനോട് തന്റെ കൈവിരൽ ചേർത്തു വച്ചു.
"നല്ലൊരു ദിവസമായിട്ടു തനിക്ക് വേറൊന്നും പറയാനില്ലേ?"
അയാൾ ഭാര്യയെ ശകാരിച്ചു.ശ്രീറാമിന്റെ മുഖത്ത് ദുഃഖം പ്രകടമായിരുന്നു.അത് മനസ്സിലായപ്പോൾ ആനി തന്റെ സംസാരം അവസാനിപ്പിച്ചു.അവൾ വീണ്ടും ആർത്തിരമ്പുന്ന തിരമാലകളിലേക്ക് തന്റെ ദൃഷ്ടിയൂന്നി.
"ഒരു പകൽ നീണ്ട പ്രണയലീലകൾക്കൊടുവിൽ താമരപ്പൂവിനോട് യാത്ര പറഞ്ഞു പോകാനൊരുങ്ങുന്ന സൂര്യൻ....ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിൽ ഒന്നാണത്."
അസ്തമയ സൂര്യനെ നോക്കി ശ്രീറാം പറഞ്ഞു.അയാളിലെ പഴയ പെയിന്റർ വീണ്ടും ഉയിർത്തെഴുന്നേറ്റിരിക്കുന്നുവെന്ന് ആനിക്ക് തോന്നി.അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.പിന്നീട് അവർ രണ്ടുപേരും മനസ്സ് കൊണ്ട് ഒരു യാത്ര പോയി.മൂന്നു വർഷം പിറകിലേക്ക് ഒരു യാത്ര......
അറിയപ്പെടുന്ന ചിത്രകാരനാണ് ശ്രീറാം ഗണേഷ്.വേളി കടപ്പുറം അയാളുടെ ഇഷ്ടസങ്കേതങ്ങളിലൊന്നാണ്.മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇതേ കടപ്പുറത്ത് വച്ചാണ് ശ്രീറാം, ആനി ഫെർണാണ്ടസ് എന്ന ഇരുപതിമൂന്നുകാരിയെ കാണുന്നത്.അച്ഛനായ ഫെർണാണ്ടസിനൊപ്പം എന്നും കടൽ കാണാൻ വരാറുണ്ടായിരുന്ന,വെള്ളാരം കണ്ണുകളുള്ള സുന്ദരി.തലയിൽ ഒരു വെളുത്ത തൂവാലയും കെട്ടി,വട്ടക്കണ്ണടയും വച്ച്,വലിയ കാൻവാസിൽ ചിത്രം വരയ്ക്കുന്ന ശ്രീറാമിനെ അവൾ എന്നും ശ്രദ്ധിക്കുമായിരുന്നു.എന്താണ് അയാൾ വരയ്ക്കുന്നതെന്നറിയാൻ ആനി ആഗ്രഹിച്ചിരുന്നു.ഒരു ദിവസം കടപ്പുറത്തു വച്ച് ഫെർണാണ്ടസ് ശ്രീയെ തങ്ങളുടെ അടുത്തേക്ക് വിളിച്ചു.
"ഹലോ,ഞാൻ ഫെർണാണ്ടസ്. പഴയൊരു പട്ടാളക്കാരനാണ്.ഇതെന്റെ മകൾ ആനി.നിങ്ങൾ എന്തു ചിത്രമാണ് വരയ്ക്കുന്നതെന്നറിയാൻ ഇവൾക്ക് ആഗ്രഹമുണ്ട്.അതൊന്ന് ചോദിച്ചറിയാം എന്നു കരുതി വിളിച്ചതാണ്."
"എന്ത് ചിത്രമാണ് വരയ്ക്കുന്നത്?"
ആനി ചോദിച്ചു.
'താമരയെ പ്രണയിച്ച സൂര്യൻ'...
"പക്ഷേ പൂർത്തിയായിട്ടില്ല."
ശ്രീറാം പറഞ്ഞു.
"പൂർത്തിയാകുമ്പോൾ ആ ചിത്രം എനിക്ക് തരുമോ?"
"തീർച്ചയായും."
അല്പനേരത്തെ സംഭാഷണങ്ങൾക്ക് ശേഷം അവർ പിരിഞ്ഞു.പിന്നീടുള്ള ദിവസങ്ങളിലെല്ലാം അവർ തമ്മിൽ സംസാരം പതിവായി.അങ്ങനെ
ആനിയുടെ അമ്മ ഒരു കാറപകടത്തിൽ മരണപ്പെട്ടതാണെന്നും പപ്പ മാത്രമേയുള്ളൂവെന്നും ശ്രീ മനസ്സിലാക്കി.അത്തരം സംഭാഷണങ്ങൾക്കിടയിൽ ഒരു തവണയെങ്കിലും അവൾ ചോദിക്കും....
"ചിത്രം പൂർത്തിയായോ?"
"ഇല്ല"
ഒരു ചെറുചിരിയോടെ ശ്രീറാം മറുപടി പറയും.
ദിവസങ്ങൾ മുന്നോട്ടു നീങ്ങി. എന്നാൽ പതിവിന് വിപരീതമായി എന്നും കടൽ കാണാൻ വരാറുണ്ടായിരുന്ന ആനിയെ ഇടയ്ക്ക് രണ്ടു ദിവസം കണ്ടില്ല.മൂന്നാം ദിവസം അവളെ കണ്ടപ്പോൾ ശ്രീറാം അരികിലേക്ക് ചെന്നു.അന്ന് ആനിയോടൊപ്പം മറ്റൊരു പെൺകുട്ടിയാണ് ഉണ്ടായിരുന്നത്.
"രണ്ടു ദിവസം കണ്ടില്ലല്ലോ.... എവിടെപ്പോയിരുന്നു?"
അവൾ നിസ്സംഗതയോടെ പുഞ്ചിരിച്ചു.
"അല്ലാ ഇതാരാ?"
ഒപ്പം നിന്ന കുട്ടിയെ ചൂണ്ടിക്കാട്ടി ശ്രീ ചോദിച്ചു.
"ഇത് റിയ.എന്റെ കസിനാണ്."
"വെക്കേഷൻ ചെലവഴിക്കാൻ വന്നതാണോ?പപ്പയ്ക്ക് സുഖമില്ലേ?രണ്ടു ദിവസമായി പുള്ളിക്കാരനേയും ഈ വഴി കാണുന്നില്ല."
ആനി റിയയുടെ നേർക്ക് ഒരു നോട്ടമയച്ചു. അതിന്റെ അർത്ഥം മനസ്സിലാക്കിയിട്ടെന്ന പോലെ അവൾ മാറി നിന്നു.
"പപ്പ....രണ്ടു ദിവസം മുമ്പ് പപ്പ മരിച്ചു. ഹാർട്ട് അറ്റാക്കായിരുന്നു.എന്റെ മമ്മ പോയ ശേഷം എനിക്ക് വേണ്ടി മാത്രമാ പപ്പ ജീവിച്ചത്.ഇപ്പൊ എന്നെ ഒറ്റയ്ക്കാക്കി പപ്പയും മമ്മയുടെ അടുക്കലേക്ക് പോയി."
ആനിയുടെ കണ്ണുകൾ നിറഞ്ഞു, തൊണ്ട ഇടറി.അവളുടെ വാക്കുകൾ അയാൾ ഒരു ഞെട്ടലോടെ കേട്ടു നിന്നു.അല്പസമയത്തിനു ശേഷം ശ്രീറാം ഒരു കടലാസ് അവൾക്ക് നേരെ നീട്ടി.
"ഇതാ,താമരയെ പ്രണയിച്ച സൂര്യൻ."
ആനി ആ കടലാസ് വിടർത്തി. അടുത്ത നിമിഷം തികഞ്ഞ അവിശ്വസനീയതയോടെ അവൾ ശ്രീറാമിനെ നോക്കി.ആ കടലാസിൽ ആനി കണ്ടത് അവളുടെ തന്നെ സുന്ദരമായൊരു ഛായാചിത്രമായിരുന്നു.
"സംശയിക്കേണ്ട.ഞാനെന്ന സൂര്യൻ സ്നേഹിക്കുന്ന താമര,താൻ തന്നെയാണ്.ഫെർണാണ്ടസ് സാറിനോട് നേരിൽ ഇക്കാര്യം പറയാനിരിക്കുകയായിരുന്നു.പക്ഷേ...."
അയാൾ സംസാരം ഇടയ്ക്കു വച്ചു നിർത്തി.എന്നിട്ട് തന്റെ കൈ അവൾക്കു നേരെ നീട്ടി.
"തനിക്കെന്നെ വിശ്വാസമുണ്ടെങ്കിൽ ഈ കൈ പിടിക്കാം. ഞാനൊരിക്കലും ആനിയെ ഒറ്റയ്ക്കാക്കില്ല."
അന്ന് അവളെ ചേർത്തു പിടിച്ച കൈകൾ മൂന്നു വർഷങ്ങൾക്ക് ശേഷവും പിരിയാതെ തന്നെ ആനിക്കൊപ്പമുണ്ട്....താങ്ങായും തണലായും.
"ശ്രീയേട്ടനെന്താ ആലോചിക്കുന്നത്?"
ആനിയുടെ ശബ്ദം ശ്രീറാമിനെ ചിന്തകളിൽ നിന്നുണർത്തി.
"ഹേയ് ഒന്നുമില്ല."
"എനിക്കറിയാം....ശ്രീയേട്ടന്റെ സ്നേഹത്തിൽ സംശയമുണ്ടായിട്ടല്ല. എന്റെ സങ്കടം കൊണ്ടു ചോദിച്ചു പോയതാ.''
"അതൊന്നും സാരമില്ല."
അയാൾ ഭാര്യയെ ആശ്വസിപ്പിച്ചു.
"സമയം ഒരുപാടായി.നമുക്ക് പോകണ്ടേ?"
ശ്രീറാം ചോദിച്ചു.
"ഉം.പോയേക്കാം"
ശ്രീറാം എഴുന്നേറ്റു. അയാൾ ആനിയെ തന്റെ കൈകൾ കൊണ്ട് കോരിയെടുത്ത് തൊട്ടടുത്തുണ്ടായിരുന്ന വീൽചെയറിൽ ഇരുത്തി.അവളുടെ അമ്മയുടെ ജീവനെടുത്ത ആ കാറപകടത്തിൽ ആനിയുടെ രണ്ടു കാലുകളും തളർന്നു പോയിരുന്നു.ഫെർണാണ്ടസ് തന്റെ മകൾക്കായി ഒട്ടേറെ ഡോക്ടർമാരെ സമീപിച്ചിട്ടും അവരെല്ലാം കൈയൊഴിയുകയാണുണ്ടായത്.എങ്കിലും തന്റെ ഭാര്യ എന്നെങ്കിലും പഴയതു പോലെ എഴുന്നേറ്റു നടക്കുമെന്ന് ശ്രീ ഉറച്ചു വിശ്വസിക്കുന്നു.അതിനായി വിദഗ്ദ്ധ ചികിത്സകളും നൽകി വരുന്നു.
"ഞാനൊരു കാര്യം പറഞ്ഞാൽ സാധിച്ചു തരുമോ?"
വീൽചെയറിൽ കാറിനടുത്തേക്ക് പോകുമ്പോൾ ആനി ചോദിച്ചു.
"താൻ പറ."
"ശ്രീയേട്ടൻ വീണ്ടും വരയ്ക്കണം....എനിക്ക് വേണ്ടി."
ശ്രീറാം മറുപടി നൽകിയില്ല.ആനി പറയുന്നതിന് മുമ്പ് തന്നെ അയാൾ അതേപ്പറ്റി ആലോചിച്ചിരുന്നു.....വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ടവൾക്കായി വരയ്ക്കാൻ പോകുന്ന ചിത്രത്തിന് ഒരു പേരും കണ്ടു വച്ചു.
"പ്രണയത്തിന്റെ കലാസൃഷ്ടി"
"ദി ആർട്ട് ഓഫ് ലവ്...."
~ജിഷ്ണു മുരളീധരൻ~
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo