നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സെല്‍വിമനോഹരി..

Image may contain: 1 person, standing and outdoor

മുല്ലൈ പെരിയാര്‍ അണൈ പൊട്ടി ഒരു പച്ച ഗുഹക്കുള്ളിലാണ്ട് പോകുന്നതുപോലെ സെല്‍വി ഫെര്‍ണാണ്ടസ്
തണ്ണിക്കുള്ളിലേയ്ക്ക് മൂഴ്കിപ്പോയി, കടലിന്നടിയിലൂടെ ട്രിയിനില്‍ പോകുന്നതുപോലൊരു ഫീലിങ്ങ്സായിരുന്നു
അവള്‍ക്ക്.
ഇളം പച്ചനിറത്തിലുള്ള തണ്ണീര്‍ പെരിയാര്‍ ടൗണിനുമീതേ പാഞ്ഞു. കാറും ബസ്സും, ഓട്ടോറിക്ഷകളും ചന്ത
ദിവസത്തെ കായ്കറിമല്ലിക സാമാനങ്ങളും നൂറ് കണക്കിനാളുകളുമെല്ലാം നനവ് തട്ടാതെ അതേ നില തുടരുകയും
ചെയ്തു.
അന്ന് കിടക്കാന്‍ നേരം സെല്‍വിയും അവളുടെ കണവന്‍ ശേഖര്‍ എന്നറിയപ്പെടുന്ന ഫെര്‍ണാണ്ടസുമായി ഉഗ്രനൊരു "ശണ്ട" നടന്നിരുന്നു. ശണ്ടയ്ക്കൊടുവിലവന്‍ അവളുടെ മുടിക്ക് കുത്തിപ്പിടിച്ച് കൊണ്ടുപോയി ആ ഒറ്റമുറിവീടിന്‍റെ വെളിയിലേയ്ക്ക് തള്ളി. ''എങ്കയാവത് പോയി സെത്ത് തൊലൈഡി''എന്ന് പറഞ്ഞ്. കുറച്ച് നേരമവള്‍ ആ
വീടിന്‍റെ കൊച്ച് മുറ്റത്തിരുന്ന് പുലമ്പിക്കരഞ്ഞു.
അക്കരെ തേയിലക്കുന്നുകളിലെ ലയങ്ങളില്‍ നിന്നുമുള്ള വെളിച്ചങ്ങള്‍ കാണാമായിരുന്നു. ' സെന്തൂരപൂവേ... സെന്തൂര പൂവേ... " എന്ന ഇസൈജ്ഞാനിയുടെ പാടല്‍ ഇളം കാറ്റില്‍ മെല്ലെ ഒഴുകിവന്നു.. കെ.കെ. റോഡിലൂടെ കുമളിയിലേയ്ക്ക് പാഞ്ഞുപോയ കെ.എസ്.ആർ.ടി.സി. ബസ്സിന്‍റെ കാറ്റ് തട്ടിയപ്പോള്‍ അവളുടെ ഉള്ളൊന്ന് തണുത്തു.
ശേഖര്‍ ഒരു കട്ട വിജയ് ഫാന്‍ ആയിരുന്നു. രണ്ട് നാളായിട്ട് വേലക്ക് പോകാതവന്‍ കമ്പത്ത് പോയി പുതിയ വിജയ് ഫിലിം പാത്തിട്ട്, കുറച്ച് മുന്നെ നാലുകാലില്‍ വന്ന് കയറിയതേയുള്ളൂ. സെല്‍വി അതിനെക്കുറിച്ച് ചോതിച്ചതിനാണ് 'ശണ്ട' ഉണ്ടായത്. റമ്മിന്‍റെയും തളപതിയുടെയും ഹാങോവറില്‍ പോക്കിരി സ്റ്റൈലിലവന്‍ സെല്‍വിയെഎടുത്തിട്ട് പെരുമാറി.
ഒരു തിരുവിഴാക്കൂട്ടത്തില്‍ വെച്ച് സെല്‍വിയെ ആദ്യമായി കണ്ടതും പണ്ട് തുള്ളാതമനവും തുള്ളും പാത്ത്
പൈത്തിയമാ അലഞ്ഞ ഓര്‍മ്മകളുടെ തികട്ടലിലവന്‍ 'കറുപ്പു സിംറന്‍' എന്ന് ഉച്ചത്തില്‍ വിളിച്ചു. ആവര്‍ത്തിച്ചാവര്‍ത്തിച്ചു വന്ന ആ വിളി തന്നെക്കുറിച്ചാണെന്നറിഞ്ഞപ്പോള്‍ സെല്‍വി എന്ന പതിനാലുകാരി സെണ്ട്മല്ലിപോലെ പൂത്ത് മലര്‍ന്തു.
അന്ന് തുടങ്ങിയ ബന്ധം അവരെ രണ്ട് വര്‍ഷം തികയും മുമ്പേ ബോഡി നായ്ക്കന്നൂരില്‍ നിന്നും വണ്ടിപ്പെരിയാര്‍ വരെ എത്തിച്ചു. അവര്‍ക്ക് രണ്ട് മക്കളുണ്ടായി. വിജയ് ഫെണര്‍ണാണ്ടസും തമന്ന ഫെര്‍ണാണ്ടസും.
തളപതി തൂക്കമായപ്പോഴേക്കുമവള്‍ ചാരിയിട്ട കതകിനു വിടവിലൂടെ അകത്തേയ്ക്ക് നൂണ് കയറി, പതുക്കെ
വാതില്‍ ചേര്‍ത്തടച്ചു.
തമന്നായും, വിജയും കെ.ടി വിയിൽ സൂര്യാ ഫിലിം സിങ്കം കണ്ടിട്ട് കിടന്നുറക്കം പിടിച്ചിരുന്നു. സെല്‍വിയും അതേ പായയുടെ ഒരറ്റത്തേയ്ക്ക് ശബ്ദമുണ്ടാക്കാതെ ചുരുണ്ടുകൂടി. ശേഖറിന്‍റെ ഉപദ്രവമല്ല അവന്‍റെ സ്നേഹം ഭയന്നവള്‍ കണ്ണുകള്‍ ഇറുകെ അടച്ചു.
ഉറങ്ങും മുന്‍പവള്‍ കുരിശ് വരച്ച് "അമലമനോഹരി മാതാവിനെ"
പ്രാര്‍ത്ഥിച്ചു കഴുത്തിലെ 'സിലുവ' എടുത്തൊന്ന് മുത്തി. കുമളിക്ക് പക്കത്തിലുള്ള അമലമനോഹരി ക്കപ്പേളയില്‍ "മാതാവോടെ കണ്ണിലിറുന്ത് സൊട്ട്സൊട്ടായി തണ്ണി വരുത്'' എന്ന് കഴിഞ്ഞ ഒരു വാരമായിട്ടവള്‍ കേള്‍ക്കുന്നതായിരുന്നു.
അമ്മാ ഇല്ലാത്ത അവള്‍ക്ക് ആകെ ആശ്രയം അമലമനോഹരി മാതാവായിരുന്നു. കൊടുമയാന കഷ്ടത്തിലും ദുരിതത്തിലും കവലയിലുമെല്ലാമവള്‍ 'മാതാവെ' മനമുരുകി പ്രാര്‍ത്ഥിച്ചു. വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും ഞായറാഴ്ചകളിലുമവള്‍ മാതാവിന്‍റെ കപ്പേളയില്‍ മെഴുകുതിരികള്‍ കത്തിച്ചു. അതേ കപ്പേളയിലാണിപ്പോള്‍ 'ദിവ്യാര്‍പ്പുതം'
നടന്നിരിക്കുന്നത്. നൂട്ര് കണക്കിനാളുകളാണവിടേക്കാ 'അര്‍പ്പുതം' കണ്ണുകൊണ്ട് കാണാനും തൊട്ട് രുചിക്കാനുമായി പോകുന്നത്.
ഇന്നലെ വെള്ളിയാഴ്ചയായിരുന്നു സെല്‍വി, മാതാവിനെ കാണാന്‍ പ്രതീക്ഷയോടും ആകാംഷയോടും
കാത്തിരുന്ന നാള്‍. പക്ഷെ ശേഖര്‍ ഇല്ലാത്തതുകൊണ്ട് അവള്‍ക്ക് പോകാനായില്ല. ലച്ച്മി അക്കാവും, കോകിലാവും, ബിയാട്രിസും, ആലിസ് ചേച്ചിയുമെല്ലാം പോയി. പോകാന്‍ പറ്റാതെവന്നതിന്‍റെ കോവത്തില്‍ കൂടിയായിരുന്നു
സെല്‍വി ശേഖറുമായി ശണ്ട കൂടിയത്. അവനോടുള്ള പകയോടെ തന്നെയവള്‍ ഉറക്കത്തിലാണ്ട് പോയി. അതുകൊണ്ടാണ് മുല്ലൈപെരിയാര്‍ അണൈപൊട്ടി പെരും തണ്ണി ഇരമ്പിവന്നിട്ടുമവള്‍ ' ആടാമെ അസയാമെ' തണ്ണിക്ക് നിന്ന് കൊടുത്തത്. ' 'എങ്കയാവത് പോയി സത്ത് തൊലൈഡി'' എന്ന കുത്തുവാക്കായിരുന്നു അവളുടെ കാത് നിറയെ.
പെരുംതണ്ണിയുടെ സത്തം 'ലേസാ' മാത്രമേ അവള്‍ കേട്ടുള്ളൂ. ഒരു തെണ്ട്രല്‍ പോലെ.... തമന്നായും വിജയും കൈകള്‍ നീട്ടി ''മമ്മീ... മമ്മീ...'' എന്ന് കരഞ്ഞുകൊണ്ട് പിന്നാലെ ഓടിയെങ്കിലും വാശിയുടെയും വെള്ളത്തിന്‍റെയും വേഗത്തില്‍ നിന്നവള്‍ പിന്‍ തിരിഞ്ഞതേയില്ല. മമ്മി അവരെ വിട്ടു വളരെ ദൂരം പോയ്ക്കഴിഞ്ഞപ്പോള്‍ അവളുടെ പിഞ്ചോമനകള്‍ അവളെ കണ്ണീരോടെ കൈവീശി യാത്രയാക്കി. രണ്ട് കുഞ്ഞിപ്പൊട്ടുകളായവര്‍ മറഞ്ഞു. ഇളം പച്ച ജലത്തിലേയ്ക്കവളുടെ കണ്ണീര്‍ തുള്ളികള്‍ വെള്ളി ഉരുകി വീഴുന്ന തിളക്കത്തോടെ അടര്‍ന്നുവീണു.
തേയിലച്ചെടികള്‍ക്കും കാറ്റാടിമരങ്ങള്‍ക്കുമിടയിലൂടെ തണ്ണീര്‍ ചിറകേറി പറന്ന സെല്‍വി ഒടുവില്‍ പെരിയാര്‍ ടൗണിലെ ചര്‍ച്ചിന്‍റെ 'സിലുവയില്‍'
ഇടിച്ച് പൂത്തിരിപോലെ ചിതറി.
അവള്‍ ഉറക്കം ഞെട്ടിയുണര്‍ന്നപ്പോള്‍ നേരം പുലര്‍ന്നിരുന്നു. 'കണ്ണൈ മൂടി പടുത്ത് പത്ത് നിമിഷം
ആകലെ'' എന്നൊരു തോന്നലായിരുന്നു അവള്‍ക്ക്. എല്ലാം അമലമനോഹരി മാതാവിന്‍റെ അര്‍പ്പുത ചെയലാണെന്ന വിചാരത്തിലവള്‍ കുരിശ് വരച്ച് കഴുത്തിലെ സിലുവ എടുത്ത് മുത്തി. ഉണര്‍ച്ചയില്‍ അവള്‍ക്ക് മറ്റൊരു നടുക്കം കൂടി ഉണ്ടായി. ഒരു ദിവസവും ഉണരുമ്പോഴവള്‍ പകല്‍ വെളിച്ചം കണ്ടിരുന്നില്ല. ദിനമും നാല് മണിക്കവള്‍ ഉറക്കമുണരും. ശേഖറും മക്കളുമെല്ലാം അപ്പോഴും തൂക്കമായിരിക്കും. ഉണര്‍ന്നെണീക്കുന്നതേ അവള്‍ രണ്ട് പ്ലാസ്റ്റിക് കുടങ്ങളുമെടുത്ത് ഇരുട്ടിലൂടെ തപ്പിത്തടഞ്ഞ് തൊട്ടടുത്ത് റോഡ് വക്കിലുള്ള കിണറ്റ് കരയിലേക്കോടും. അവിടെ അപ്പോള്‍ തന്നെ ചെറിയ ആള്‍ക്കൂട്ടമുണ്ടാവും. മൂന്ന് മണിക്കും മൂന്നരയ്ക്കുമൊക്കെ ഉറക്കമുണര്‍ന്ന് വെള്ളത്തിനായി കാത്ത് നില്‍ക്കുന്നവരാണവര്‍. വലിയ മലയുടെ അടിവാരത്തെ ഉറവ വളച്ച്കെട്ടി, വാര്‍ത്തെടുത്ത്, കിണറാക്കിയതാണത്.
ഇപ്പോള്‍ ഈ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ തേയിലക്കാടുകളിലെ സകലമാന ചതുപ്പുകളുമുറവകളും വറ്റി വരണ്ടു. ''ഇന്ത ഒത്തകെണത്തിലെ മട്ടുംതാ തണ്ണി'' അതുകൊണ്ട് രണ്ടുമൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 'വസിക്കറവുങ്കളുക്കെല്ലാം' ഇത് താന്‍ കുടിനീര്‍.
രാത്രി പുല്‍നാമ്പുകളിലും ചുറ്റീന്തിലകളിലും ചെറുചെറു പായല്‍ ചെടികളിലും പറ്റിപ്പിട്ച്ച് മണ്ണിലേക്കൂര്‍ന്നിറങ്ങുന്ന മഞ്ഞു കണങ്ങളായിരുന്നു ആ കിണറിന്‍റെയും ഉറവയുടെയും രഹസ്യവും മാഹാത്മ്യവും. വിശ്വഹിന്ദുക്കള്‍ ദേവിയുടെ പേരില്‍ കിണറിന് തൊട്ടുടുത്തായി ഒരു ശൂലം കൊണ്ടെ നാട്ടിയിരുന്നു. പുല്‍മേടിന് തീപിടിച്ച് നശിക്കുന്ന വര്‍ഷങ്ങളില്‍ ദേവിയുടെ ശക്തി നശിച്ച് കിണറു വറ്റുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.
കിണറ്റിലിറങ്ങി ഒരുകുടം വെള്ളം നിറയ്ക്കാന്‍ അഞ്ച് നിമിഷമാകും. കാലയിലെ മൂന്ന് മണി മുതല്‍ തുടങ്ങുന്ന കൂട്ടം നാല്, അഞ്ച്, ആറ് എന്നിങ്ങനെ ഓരോ മണിക്കൂറിലും അധികരിച്ച് ഏഴുമണി ആകുമ്പോഴേക്കും കിണറിന് ചുറ്റും ഒരു തിരുവിഴാ കൂട്ടത്തിനുള്ള ആളുണ്ടാകും.
ദിനമും നാല് മണിക്ക് കിണറ്റ് കരയിലെത്തുന്ന ശെല്‍വി അഞ്ച് മണിക്ക് മുന്നെ ഒരു നാളെക്കാവശ്യമാണ തണ്ണി പുടിച്ച് വെക്കും. എന്നിട്ടവള്‍ തുണിമണി പാത്രങ്ങളെല്ലാം കഴുകും.
തനിക്കും കണവനും പുള്ളൈങ്കളുക്കും സാപ്പിട്ട് വേലക്കും സ്കൂളുക്കും ഒക്കെ പോകാനുള്ള ഇഡ്ലിയോ,
തോസയോ, ഉപ്മാവോ, ഉണ്ടാക്കും. ഒറ്റമുറി വീടാണെങ്കിലും വീടിനകവും മുറ്റവുമെല്ലാമവള്‍ അടിച്ചുവാരി ശുത്തം
പണ്ണും. ' ഒരു ദൂസ് വിഴ്ന്താ' പോലും കാണാവുന്നതുപോലെ.
ആറരമണി ആകുമ്പോഴേക്കുമവള്‍ തലമുടി ചീകി
കെട്ടി കണ്ണില്‍ മയ്യെഴുതി പൊട്ട് വച്ച് സേലമാറ്റിയുടുത്ത് വേലക്ക് പോകാനൊരുങ്ങും. എ.വി.റ്റി കമ്പനിയുടെ തേയില
എസ്റ്റേറ്റിലായിരുന്നു അവള്‍ക്കും ശേഖറിനും പണി. ഒരുക്കം പൂര്‍ത്തിയാക്കി കണ്ണാടി നോക്കുമ്പോള്‍ അവള്‍ക്ക് തോന്നും താന്‍ പഴയ 'കറുപ്പ് സിംറന്‍' തന്നെയാണെന്ന്.
ഞായത്ത് കളമെ പതിനോര് മണിക്ക് കോകിലാവും ബിയാട്രീസും, ആലിസ് ചേച്ചിയും, 'അമലമനോഹരി
കപ്പേള' ക്ക് പോകുന്നുണ്ട്. സെല്‍വിയും പോകാന്‍ ഉറച്ചിരുന്നതാണ്. പകല്‍ വെളിച്ചം കണ്ടവള്‍ ഞെട്ടിയതിന്‍റെ
കാരണവുമതായിരുന്നു.
അവള്‍ കിടക്ക പായയില്‍ നിന്നും കുരിശ് വരയോടെ ചാടിപ്പിടഞ്ഞെണീറ്റ് മുടിവാരിക്കെട്ടി, മുറ്റത്തേക്കവള്‍ എട്ടിപ്പാത്തതും മുറ്റത്തിന് കോണില്‍ പോയി നിന്ന് മൂത്രമൊഴിച്ചശേഷം ഉറക്കച്ചടവോടെ കണ്ണ് തിരുമ്മുന്ന വിജയെ കണ്ടു. ശേഖറിന് തളപതിയിറങ്ങി, അവന്‍ കെ.കെ റോഡിനും തേയിലത്തോട്ടത്തിനും ഓരം ചേര്‍ന്നുള്ള ചെറിയ ടീ-ഷോപ്പിലേയ്ക്ക് 'ചായാ' കുടിക്കാന്‍ പോയിരുന്നു. പക്കത്ത് വീടകളിലെല്ലാം കാലയിലെ 5 മണിക്ക് തന്നെ
"ഞായത്ത്കളമെ" ഉണര്‍ന്നു കഴിഞ്ഞിരുന്നു.
തൊട്ടടുത്ത വീട്ടില്‍ നിന്നും 'കാതല്‍ വൈഭോഗമേ... എന്ന പാടല്‍ അങ്ങ് പെരിയാര്‍ ടൗണ്‍ വരെ കേള്‍ക്കാവുന്ന ശത്തത്തില്‍' മുഴങ്ങിക്കേട്ടു.
സെല്‍വി ടി.വി ഓണ്‍ ചെയ്ത് നോക്കിയപ്പോള്‍ ടൈം 6.20 എന്ന് കണ്ടു. അവളുടെ അതുവരെയുണ്ടായിരുന്ന 'ഉര്‍ച്ചാകം കൂടി നഷ്ടപ്പെട്ടു. 'അമലമനോഹരിമാതാ' തന്നോടെന്തോ കോവിച്ചിരിക്കുകയാണെന്ന് അവള്‍ക്ക് തോന്നി.
മണി പത്ത് കഴിഞ്ഞിരുന്നു. സെല്‍വി വീട്ടിലെ അലങ്കോലവും അശിങ്കവുമെല്ലാം അടിച്ച് വാരിക്കളഞ്ഞ്,
അടുക്കിപ്പെറുക്കി വൃത്തിയാക്കി. പക്കത്ത് വീട്കളില്‍ നിന്നും 'ആട്ട്ക്കരിയുടെയും, കോഴി കൊളമ്പിന്‍റെയുമെല്ലാം'
വാസം അടിച്ച് വന്നു. ശേഖര്‍ കാലയിലെ പോയിട്ട് 'ഇതുവരൈക്കും വരലെ' . അവന്‍ ടീ-ഷോപ്പിന്‍റെ തടിബെഞ്ചിലിരുന്ന് വരുന്നവരോടും പോകുന്നവരോടുമെല്ലാം തളപതിയെ വര്‍ണ്ണിക്കുകയായിരിക്കും. വിജയും തമന്നാവും
സൺ ടി വി യിൽ വടിവേലു ഫിലിം 'ഹിംസൈ അരസര്‍ 23ാം പുലികേശി കാണുകയാണ്'.
വീടും മുറ്റവുമെല്ലാം അടിച്ച് വാരിയശേഷം സെല്‍വി രണ്ട് കുടങ്ങളുമെടുത്ത് കിണറ്റ് കരയിലേക്ക് പോയി. അവിടെ കണ്ട കാഴ്ച അവളെ ഞെട്ടിച്ചു. ശരിക്കും ഒരു "തിരുവിഴാക്കൂട്ടം" തന്നെ ഉണ്ടായിരുന്നു അവിടെ. 'സണ്‍ഡേ ഹോളിഡേ' ആയതുകൊണ്ട് പകലെല്ലാം 'കൂട്ടം അങ്ങനെ തന്നെ ഉണ്ടാകും. അരമണിക്കൂറവിടെ കാത്ത് നിന്നെങ്കിലും ഒരു പ്രയോജനവുമില്ലാതവള്‍ വീട്ട് മുറ്റത്തേക്ക് തന്നെ തിരുമ്പിപോന്നു. കുടങ്ങളുമായവള്‍ തന്‍റെ വീടിന്‍റെ വാസപ്പടിയില്‍ കുത്തിയിരുന്നു. 'അമലമനോഹരി മാതാ ഏങ്കനവ് നെജമാകണേ....' എന്നവള്‍ കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു. എങ്കിലാ 'പെരും തണ്ണിയില്‍' നിന്നും തനിക്കാവശ്യമുള്ളത് കുടം കൊണ്ട് മുക്കിയെടുക്കാമെന്നവള്‍ പകല്‍ കിനാവ് കണ്ടു. 'അണൈ' പൊട്ടിയാല്‍ താനും തന്‍റെ കുഞ്ഞുങ്ങളും കൊച്ചുകുടിലുമെല്ലാം 'പെരുംതണ്ണിയില്‍' പെട്ട് കുത്തിയൊലിച്ച് പോകുമെന്നവള്‍ക്ക് അറിയാമായിരുന്നെങ്കിലും ഈ വെയിലിനും വരള്‍ച്ചക്കും ഒരു ശമനമുണ്ടാകുമല്ലോ,
കുന്നുകളെല്ലാം നീരേറ്റ് കുളിരുമല്ലോ എന്നവള്‍ വെറുതേ വിചാരിച്ചു.
'എന്നടീ ഇത് വരെക്കും റെഡിയാകലെയാ ? '
'ലച്ച്മി അക്കാവോടെ' കേള്‍വി കേട്ടവള്‍ മുഖമുയര്‍ത്തി നോക്കി .
കോകിലാവും, ബിയാട്രീസും, ആലിസുമെല്ലാമുണ്ടായിരുന്നു. പോകാന്‍ റെഡിയായി വന്നിരുക്കുകയാണ് അവരെല്ലാം. സെല്‍വി വെപ്രാളത്തോടെ ചാടിയെഴുന്നേറ്റ് കിണറിനടുത്തേക്ക് ഒന്നുകൂടി എത്തിനോക്കി. കൂട്ടത്തിനൊരു കുറവുമില്ല. നിരാശയോടും സങ്കടത്തോടും കൂടി തിരിഞ്ഞ് നിന്നവള്‍ പറഞ്ഞു : ''നാ വരലെക്കാ നീങ്കെ പോയിട്ട് വാങ്കെ....''
''എന്നടീ ഏതാവത് പ്രച്ചനയാ...?''
ലച്ച്മി അക്കാ അവളെ തൊട്ട് തലോടിക്കൊണ്ട് സ്നേഹത്തോടെ ചോതിച്ചു.
''ഇല്ലക്കാ.. കാലയിലിരുന്ത് ഒരേ തലവലി വീട്ടിലെ ഒരു വേലയും സെയ്യലെ..''
സെല്‍വി ഉള്ളിലെ സങ്കടമടക്കിക്കൊണ്ട് പറഞ്ഞു.
'സെരിടീ നാങ്കെ പോയിട്ട് വറോം..' എന്ന് പറഞ്ഞവര്‍ ആ കൊച്ച് വീടിന്‍റെ വാസലെതാണ്ടിപോയി.
സെല്‍വി മുറ്റത്തേക്ക് കുത്തിയിരുന്ന് തേങ്ങിക്കരഞ്ഞു. അവള്‍ അടക്കിയ ശബ്ദത്തില്‍ ശേഖറിനെ പ്രാകി :''നീ വെളങ്കാമെ
പോ വേണ്ടാ പുണ്ടയാണ്ടി മകനെ... നീ നാസമാ പോവെ...''
'അമലമനോഹരി മാതാവിന്‍റെ' കണ്ണുകളിലേതുമാതിരി സെല്‍വിയുടെ കണ്ണുകളില്‍ നിന്നും തണ്ണീര്‍ ആ
വരണ്ടമണ്ണിലേക്ക് കൊഴുഞ്ഞുവീണപ്രത്യക്ഷമായി.
സായന്തരം ആറര കഴിഞ്ഞിരുന്നു. സെല്‍വിയപ്പോഴും കുടങ്ങളുമായി കിണറ്റ് കരയിലെ കൂട്ടത്തിലേക്ക്
നോക്കി നിന്നു. ഇടക്ക് കൂട്ടമൊന്ന് കുറഞ്ഞപ്പോഴവള്‍ പോയി രണ്ട് കുടം തണ്ണി പുടിച്ചുകൊണ്ട് വന്നിരുന്നു. അതുകൊണ്ട് തുണി തൊവയ്ക്കാനോ പാത്രം കഴുകാനോ ഒന്നും തികഞ്ഞില്ല. അഞ്ച് നിമിഷം പോലും തികയും മുന്നെ വീണ്ടും കൂട്ടമായി. അന്നത്തെ ദിവസമവള്‍ വീട്ടിലെ അടുപ്പ് പത്തവെക്കുകയോ, 'പച്ചത്തണ്ണികൂട കുടിക്കുകയോ ചെയ്തില്ല. പസങ്കളുക്കും ഒന്നും സമച്ച് കൊടുത്തില്ല. അവരെ ശേഖര്‍ ടൗണില്‍ കൂട്ടിക്കൊണ്ട്പോയി പൊറോട്ടാവും കോഴികുറുമാവും വാങ്കിക്കൊടുത്തു. സെല്‍വിക്കവന്‍ ഒന്നും വാങ്ങിക്കൊണ്ട് വന്നില്ല. പശികൊണ്ടും കോവം കൊണ്ടും
വയറെരിഞ്ഞ് കത്തുന്നതായവള്‍ക്ക് തോന്നി വീട്ടിനുള്ളില്‍ നിന്നും ' ''പോക്കിരിപ്പൊങ്കല്‍ ... പോക്കിരിപ്പൊങ്കല്‍...''
എന്ന വിജയ് സോങ്ങ് കാതടപ്പിക്കുന്ന 'ശത്തത്തില്‍' മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു.
കോകിലയപ്പോള്‍ അവളുടെ അടുത്ത് വന്ന് അതിശയത്തോടെ തിരക്കി : ''ഏന്‍ഡീ സെല്‍വീ നീ ഇന്നും തണ്ണി
പുടിച് മുടിക്കലയാ ?''
'ഇല്ല' എന്നവള്‍ തലയാട്ടുകമാത്രം ചെയ്തു. ''ഉനക്ക് പസിക്ക്താടീ... നീ ഏതാവത് സാപ്പിട്ടിയാ'' എന്നൊന്നും ചോതിക്കാതെ കോകിലാ അമലമനോഹരി മാതാവിന്‍റെ' ദിവ്യാര്‍പ്പുതത്തെ പറ്റി വര്‍ണ്ണിക്കാന്‍ തുടങ്ങി.
''മാതാവോടെ
കണ്ണിലെയിരുന്ത് വരും തണ്ണിക്ക് റോജാ പൂ വാസമാണെന്നവള്‍ പറഞ്ഞു. ഒരു സൊട്ട് നെറ്റിയിലെ പെട്ടതും കവലയും തലവലിയുമെല്ലാം പറന്തേ പോച്'' എന്നവള്‍ സണ്ടു ബാം വെളമ്പരത്തിലേ വര പൊണ്ണുങ്കമാതിരി" ആവേശത്തോടെ പറഞ്ഞു.
കോവം കൊണ്ട് നിയന്ത്രണം വിട്ട സെല്‍വി ''നിര്ത്തടീ...'' എന്നലറി.
''ദാഹത്ത്ക്ക് ഒരു ടംബ്ലര്‍ തണ്ണി കെടക്ക്മാടീ അങ്കെയിറ്ന്ത് ? പൊല്ലാത തണ്ണീര്‍' ഇന്ത കൊടത്ത്ക്ക് ഒരു
കൊടം കെടക്കുമാ.. ?''
കോകില ഞെട്ടിപ്പോയി സെല്‍വിക്കെന്തോ ' ആവി' കൂടിയതായി അവള്‍ക്ക് തോന്നി. കിണറ്റിന് ചുറ്റും നിന്നിരുന്നവരെല്ലാം സെല്‍വിയെ നോക്കി. അവള്‍ കോവം വിടാതെ തുടര്‍ന്നു :
' 'അമലമനോഹരി തണ്ണിയെവിടെ ബെറ്ററ് അന്ത മുല്ലപ്പെരിയാര്‍ അണൈ പൊട്ടറത്, സെത്താലും തണ്ണികുടിച്ച് സാകലാമെ...''
അവളുടെ നാവില്‍ നിന്നും ഉതിര്‍ന്ന് വീണ വാക്കുകള്‍ കേട്ട് കോകിലയും, കിണറ്റിന് ചുറ്റും നിന്നിരുന്നവരും
വീടിന് വെളിയിലേയ്ക്ക് വന്നെത്തിനോക്കിയ ശേഖറുമെല്ലാം ഞെട്ടിത്തരിച്ച് നിന്നു.
' അമലമനോഹരി ആവേശിച്ചതുപോലവള്‍ കുടങ്ങളുമായി കിണറ്റ് കരയിലേക്ക് ചെന്നു. ചുറ്റും നിന്നവരെല്ലാം
അവള്‍ക്ക് വഴിമാറിക്കൊടുത്തു. വീടിനുള്ളില്‍ നിന്നും രണ്ട് കുടങ്ങളുമെടുത്തുകൊണ്ട് ശേഖറും അവള്‍ക്ക് പിന്നാലെ ഓടിച്ചെന്നു.അന്ന് ജീവിതത്തിലാദ്യമായി...

By: Sunu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot