നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നല്ല എഴുത്തും നല്ല വായനയും നല്ല പ്രതികരണങ്ങളും

എഴുതാനും വായിക്കാനും മാത്രം ഫേസ് ബുക്ക് ഉപയോഗിക്കുന്ന കുറെ ആളുകളുണ്ട് ഇവിടെ . അത്തരം സുഹൃത്തുക്കള്‍ ശ്രദ്ധിച്ചാല്‍ നന്നാവും എന്ന് തോന്നിയ ചില തോന്നലുകള്‍ ആണ് ഈ പോസ്റ്റ്‌ . ആദ്യമായി എന്നോട് . പിന്നെ മാത്രം നിങ്ങളോട് !!
എന്തും എഴുതാം എന്ന വലിയ ഒരു സൗകര്യം ആണ് ഫേസ് ബുക്ക് നമുക്ക് തുറന്നു തന്നത് . എന്ന് കരുതി 'എന്തും എഴുതാം' എന്ന് കരുതാതിരിക്കുക . നമ്മുടെ മുറിയിലെ ഒരു കോണിലിരുന്നു ആരും കാണാതെയാണ് നമ്മള്‍ എഴുതുന്നത്‌ എങ്കിലും അത് പോസ്റ്റ്‌ ചെയ്യുന്നതോടെ വലിയ ഒരു ജനാവലിയോട് ആണ് ആ എഴുത്ത്സം സാരിക്കുന്നത് എന്ന് എപ്പോഴും ഓ ര്‍ക്കുന്നത് നന്നായിരിക്കും
എന്തെങ്കിലും 'ഒന്ന്' എഴുത്തിലുണ്ടാവണം എന്ന നിര്‍ബന്ധ ബുദ്ധി ഉണ്ടായിരിക്കുന്നത് നല്ലതാണ് .
ഒരു സന്ദേശം , ഒരു തുള്ളി വെളിച്ചം , എന്തെങ്കിലും അറിവ് , അനുഭൂതി , തിരിച്ചറിവ് , ശ്രദ്ധ ക്ഷണിക്കല്‍ , സാമൂഹ്യ പ്രതിബദ്ധത , സാഹിത്യം , രാഷ്ട്രീയം , ഹാസ്യം , അനുഭവം , ഓര്‍മ്മ , ഇങ്ങനെ എന്തെങ്കിലും ഒരു 'ധര്‍മ്മം ' നിര്‍വഹിക്കുന്നവ ആകണം എഴുത്തുകള്‍ . തികച്ചും ബാലിശമായ എഴുത്ത് വെറും വേസ്റ്റ് മാത്രമാണ് എന്നും തിരിച്ചറിയണം .
എഴുതാനുള്ള കഴിവ് എല്ലാവര്‍ ക്കും ഒരു പോലെയല്ല . അത് കൊണ്ട് ഒരാളെ പോലെ നമ്മളും ആവണം എന്ന് ചിന്തിക്കാതിരിക്കുക . നമ്മുടെ വേറിട്ട സ്വരം നാം കേള്പ്പിക്കുക . അത് പരമാവധി നമ്മെ കൊണ്ട് കഴിയും വിധം മനോഹരവും മാന്യവും വശ്യവും ഗുണപരവും ആക്കാന്‍ ശ്രമിക്കുക
ഒരു പാട് തുരുതുരെ എഴുതുന്ന തിനേക്കാള്‍ ഒരു എഴുത്തില്‍ നിന്ന് അടുത്തതിലേക്ക് കുറച്ചു ദൂരം / സാവകാശം / സമയം ഉണ്ടായിരിക്കുന്നത് നല്ലതാണ് . എഴുതുന്നവനും വായിക്കുന്നവനും .
വ്യത്യസ്ത വിഷയങ്ങള്‍ ആവട്ടെ നമ്മുടെ എഴുത്തുകള്‍. ഒരേ വിഷയം തന്നെ തിരിച്ചും മറിച്ചും എഴുതാതെ മുമ്പ് കൈകാര്യം ചെയ്യാത്ത വിഷയങ്ങള്‍ ആവാന്‍ ശ്രമിക്കാം .
നമുക്ക് നമ്മെ തന്നെ നവീകരിക്കാം . എന്നും എന്തെങ്കിലും എഴുതണം എന്ന് തോന്നും . പക്ഷേ എന്നും 'എന്തെങ്കിലും ഉള്ളത്' എഴുതണം എന്ന തോന്നലാണ് നല്ലത് .
തുടക്കത്തെക്കാള്‍ ശ്രദ്ധിക്കേണ്ടത് ഒടുക്കം ആണ് . അവസാനമായി പറയുന്ന വാചകം / വരി / അതില്‍ നാം പറയാന്‍ ഉദ്ദേശിക്കുന്ന വിഷയത്തിന്റെ 'സത്ത' ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്നതാണ് മിടുക്ക്
ഒരിക്കലും ഒരു നല്ല ആശയം പറഞ്ഞു ഒടുക്കം ശുഭ രാത്രി ശുഭ ദിനം എന്ന് ചേര്‍ക്കരുത് . അത് നമ്മുടെ പോസ്റ്റിലെ വിഷയത്തിന്റെ കഥ കഴിക്കും . ശുഭ രാത്രിക്കും ശുഭ ദിനത്തിനും പ്രത്യേകം പോസ്റ്റ്‌ ഇടുന്നതാണ് നല്ലത് .
നമ്മുടെ വാളില്‍ നമ്മെ വായിക്കാന്‍ വരുന്നവര്‍ നമ്മുടെ അതിഥികള്‍ ആണ് . അതുകൊണ്ട് അതിഥി കളോടെ ന്നപോലെ അവരോടു പെരുമാറുക . വിരുന്നു ചെന്ന നമ്മളും അവരോടു മാന്യമായി പെരുമാറുക . മറ്റൊരാളുടെ വീട്ടില് ചെന്ന് അവരെ അവഹേളിക്കാനോ പരിഹസിക്കാനോ ശ്രമിക്കാതിരിക്കുക . നല്ല അതിഥികളും നല്ല ആതിഥേയരും ആവുക .
ഇനി എഴുത്തുകളോടുള്ള പ്രതികരണങ്ങളെക്കുറിച്ച്
കമന്റുകളാണ് പോസ്റ്റുകളുടെ ജീവന്‍ . പോസ്റ്റുകളെ നില നി ര്‍ത്തുന്നത് കമന്റുകളാണ് . ശ്രദ്ധേയമാക്കുന്നതും . അത് കൊണ്ട് നല്ല എഴുത്തുകളെ ഇഷ്ടപ്പെടുന്നവര്‍ നല്ല കമന്റുകളുമായി പോസ്റ്റുകളോട് സഹകരിക്കാം . അതാവും എഴുത്തിനുള്ള പ്രേരണയും പ്രചോദനവും .
ഒരു പോസ്റ്റിന്റെ വിജയം കുറിക്കുന്നത് ഒരു പരിധി വരെ അതിലെ ആദ്യത്തെ കമന്റ് ആണ് . അത് കൊണ്ട് അത് പരമാവധി പോസി റ്റീവ് പ്രതികരണം ആവാന്‍ ശ്രമിക്കുക .
വലിയ പോസ്റ്റുകളില്‍ ഒരിക്കലും സ്മൈലി പോലുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക . സമയവും സൌകര്യവും ഇല്ലെങ്കില്‍ വെറും ലൈക്‌ ചെയ്താലും ചിഹ്നം ഇടാതിരിക്കുക . കാരണം ഒരാള്‍ ഒരു ചിഹ്നം ഇട്ടാല്‍ അത് അനുകരിക്കാനാവും ശേഷം വരുന്നവര്‍
ശ്രമിക്കുക . അക്ഷരങ്ങളോട് കഴിയുമെങ്കില്‍ അക്ഷരങ്ങളിലൂടെ തന്നെ പ്രതികരിക്കുക . ഫോട്ടോ കമന്റുകള്‍ കഴിയുന്നതും
ഉപയോഗിക്കാതിരിക്കുക .
വായിക്കാതെ ലൈക്‌ ചെയ്താലും വായിക്കാതെ ഒരിക്കലും കമന്റ് എഴുതാതിരിക്കുക . വിഷയത്തോടാവണം നമ്മുടെ പ്രതികരണം . അല്ലാതെ പോസ്റ്റിട്ട ആളോട് ആവരുത് .
ഉദാഹരണമായി കുടുംബ ബന്ധത്തെ ക്കുറിച്ച് പറയുന്ന പോസ്റ്റിനോട് ആ വിഷവുമായി ബന്ധപ്പെട്ട് സംസാരിക്കുക . അല്ലാതെ പോസ്റ്റിട്ട ആളുടെ 'അടുക്കള'യിലേക്കു പോസ്റ്റിനെ വലിച്ചിഴക്കാതിരിക്കുക . ഇതൊക്കെ താത്ത കാണൂലേ , ചേച്ചി വായിക്കില്ലേ , തുടങ്ങിയ പ്രതികരണങ്ങള്‍ അത്തരം വലിച്ചിഴക്കലുകള്‍ ആണ് . തമാശയ്ക്ക് ആണെങ്കില്‍ പോലും അവ കഴിവതും ഒഴിവാക്കുക .
ഒരു പോസ്റ്റ്‌ വായിച്ചു അതുമായി ബന്ധപ്പെട്ട നമ്മുടെ ചില വീക്ഷണ ങ്ങള്‍ കൂട്ടിച്ചേര്‍ക്കാം . സമാനമായ അനുഭവം പറയാം . ആശയവുമായ വിയോജിപ്പ് ഉണ്ടെങ്കില്‍ അതും മാന്യമായി പറയാം . അഭിനന്ദനവും വിമ ര്‍ശനവും ഗുണകാംക്ഷ യോടെ ആവാന്‍ ശ്രദ്ധിക്കാം . കൂട്ടത്തില്‍ നമ്മളെഴുതിയ നല്ല കമന്റുകള്‍ നമ്മുടെ വാളില്‍ ഒരു പോസ്റ്റായി ഇടാം . എഴുതി ശീലിക്കാന്‍ ഏറ്റവും നല്ല വഴി നല്ല കമന്റിലൂടെ സജീവമാകുക എന്നതാണ് .
പോസ്റ്റിലെ വിഷയങ്ങള്‍ ക്ക് അനുസരിച്ച് ആവട്ടെ കമന്റ് . സീരിയസ് വിഷയങ്ങളോട് സീരിയസ് ആയും ഹാസ്യ വിഷയങ്ങളോട് ന ര്‍ മ്മ പരമായും പ്രതികരിക്കുക . ഒന്നും 'അസ്ഥാനത്ത്' ആവാതെ സൂക്ഷിക്കാം
ഉത്സവ കാലങ്ങള്‍ , ആഘോഷ വേളകള്‍ , പ്രത്യേക ദിനങ്ങള്‍ ഇത്തരം ഘട്ടങ്ങളില്‍ കാണുന്ന എല്ലാ പോസ്റ്റിലും പോയി ആശംസകള്‍ നേരുന്നത് അരോചകമാണ് . അനുചിതവും . അത് കൊണ്ട് അതിനു മാത്രമുള്ള പോസ്റ്റു കളിലേ ആശംസിക്കാവൂ . ആഘോഷ വേളകളില്‍ നല്ല പോസ്റ്റുമായി ആരും മുന്നോട്ടു വരാത്തത് നമ്മുടെ ഈ 'സ്വഭാവ രീതി' കൊണ്ടാണ് എന്ന് എനിക്ക് തോന്നുന്നു .
സീരിയസ് വായന ഇക്കാലത്ത് തുലോം കുറവാണ് .
ചെറിയ എഴുത്തും ചെറിയ വായനയും ആണ് ഇന്നത്തെ രീതി .
അന്നത്തെ വായന നേരെ പോകാനായിരുന്നു
ഇന്നത്തെ വായന നേരം പോകാനായി മാറിയിരിക്കുന്നു
എന്നാലും എഴുത്തിനും വായനക്കും വേണ്ടി മാത്രമായി നേരത്തെ പറഞ്ഞ പോലെ ഇവിടെ വരുന്ന കുറെ ആളുകളുണ്ട് .
അത് കൊണ്ട് നല്ല എഴുത്തും നല്ല വായനയും നല്ല പ്രതികരണങ്ങളും ആയി ഈ സംവിധാനം നമുക്ക് നന്നായി ഉപയോഗിക്കാം .
അക്ഷരങ്ങളെ സ്നേഹിച്ചു കൊണ്ട് അക്ഷരങ്ങളിലൂടെ പരസ്പരം അറിഞ്ഞും അറിയിച്ചും നമുക്ക് അക്ഷരക്കൂട്ടുകാരായി മുന്നോട്ടു പോകാം . അക്ഷരങ്ങളാണല്ലോ നമ്മെ അടുപ്പിച്ചത് .
നല്ല എഴുത്തും
നല്ല വായനയും
നല്ല സൌഹൃദവും
വളര്‍ത്തി യെ ടുത്തു ഈ സൗകര്യം നമുക്ക്
ഫല പ്രദമായും ഗുണപരമായും ഉപയോഗിക്കാം .
- ഉസ്മാന്‍ ഇരിങ്ങാട്ടിരി
OO
എന്റെ അഭിപ്രായം ഇങ്ങനെ . നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് കാതോര്‍ക്കുന്നു 
* എന്റെ വാളിൽ മുമ്പ് എഴുതിയതാണ് *


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot