Slider

അഖി കണ്ട കാക്കത്തൊള്ളായിരം കാഴ്ചകൾ ഭാഗം 3

0
അഖി കണ്ട കാക്കത്തൊള്ളായിരം കാഴ്ചകൾ

ഭാഗം 3
എണ്ണി എണ്ണി ദിവസങ്ങൾ തള്ളിയത്, ഒരുക്കി വച്ച പെട്ടികളെല്ലാം പിന്നെയും പിന്നെയും നോക്കി ഒക്കെ തൃപ്തിയാണന്ന മട്ടിൽ അച്ഛനെ പോലെ തലയാട്ടി ഉത്തരവാദിത്വം കാണിച്ചത് ഒക്കെ വെറുതെയായി.
നിലവിളികൾ, ആൾക്കൂട്ടം, ആദ്യമൊന്നും ഒന്നും മനസ്സിലായതേയില്ല. എന്തോപന്തികേട് മണത്തപ്പോഴും കണ്ണ്
പടിക്കലായിരുന്നു, സോമയണ്ണന്റ കാറ് എത്തിയോന്നറിയാൻ. സമയത്തിന് ട്രെയിനിൽ കയറാൻ പറ്റുമോന്നുള്ള ആധി പങ്കു വയ്ക്കാൻ ചേച്ചീടെ അടുത്തേക്കു ഓടി. 'മിണ്ടാതെ അവിടെങ്ങാനും പോയിരിക്ക് ‘ എന്നവൾ തന്നോട് കയർത്തപ്പോൾ കണ്ടു, ചേച്ചീടെ ഉടുപ്പിലെ കണ്ണുനീർ പൊട്ടുകൾ. ഞങ്ങൾ പോകുന്നതിന് എന്തിനാ എല്ലാവരും ഇങ്ങനെ കരയുന്നത് എന്ന സംശയമായിരുന്നു തനിക്കപ്പോഴും. അലറി വിളിച്ചു കരയുന്ന അച്ചാമയുടേയും, നിർജീവമായിരിക്കുന്ന അമ്മയുടേയും അടുത്ത് പോകാൻ എന്തോ ഒരു മടി തോന്നി. എപ്പോഴത്തേയും പോലെ അച്ഛാച്ചൻ തന്നെ ആശ്രയം.’ അച്ഛൻ ഇങ്ങോട്ട് വരും, നമ്മളെ കാണാൻ ‘ എന്ന് നെഞ്ചോട് ചേർത്ത് പറഞ്ഞ മറുപടി തനിക്ക് ഒട്ടും തൃപ്തി തന്നില്ല. അച്ചാച്ചന്റെ കണ്ണുനീർ തന്റെ പുത്തനുടുപ്പിലും പൊട്ടുകളുണ്ടാക്കിയത് കൊണ്ട് പിന്നൊന്നും ചോദിക്കാൻ തോന്നിയില്ല.
അച്ചാച്ചൻ കരയുന്നത് ആദ്യമായി കണ്ടതുകൊണ്ടാവും എന്തിനെന്നറിയാതെ താനും കൂടെ കരഞ്ഞു. കാര്യങ്ങൾ വ്യക്തമായത് ബിന്ദു വന്നപ്പോഴായിരുന്നു. വന്നപാടെ ‘നിന്റെ അച്ഛൻ എങ്ങനാ മരിച്ചതെന്ന ‘അവളുടെചോദ്യത്തിനു മുമ്പിൽതാൻ നാവ് ഇറങ്ങി സ്തംഭിച്ചു നിന്നു. ബിന്ദു എപ്പോഴും മറ്റുള്ളവരെ വാക്കു കൊണ്ട് മുറിപെടുത്തുന്നവളായോണ്ട് താൻ വിശ്വസിക്കാൻ കൂട്ടാക്കിയില്ല, എന്തിനെന്നറിയാതെ താനവിടെല്ലാം പരക്കം പാഞ്ഞു. അവസാനം ചേച്ചിടെ നെഞ്ചിലായിരുന്നു അഭയം. എന്തുകൊണ്ടൊ അവളെന്നെ വഴക്കൊന്നുംപറയാതെ ചേർത്തു പിടിച്ചു,ആ കൈകൾ പിന്നെപ്പോഴും അങ്ങനെ തന്നെ ഇരുന്നു.
എല്ലാ ദിവസവും ആനകൊട്ടയെന്നു തങ്ങൾ പേരിട്ട, കൊട്ടയിൽ നിറച്ച പച്ചപഴവുമായി എത്തുന്ന മുത്തു അണ്ണൻ തനിക്കായി മാത്രം നീട്ടുന്ന പഴം ഇനി കിട്ടില്ലന്നും, എപ്പോഴും
കടും നിറത്തിലുള്ള ചേല ചുറ്റി മുടി നീട്ടി പിന്നി, പൂവ് വച്ച് നന്നായി ഒരുങ്ങി നടക്കുന്ന നാഗേശ്വരി അക്ക വെള്ളം എടുക്കാൻ ഗേറ്റിൽവന്ന് തട്ടുമ്പോൾ, ഓർക്കാപ്പുറത്ത് പ്രത്യക്ഷപ്പെട്ട് താൻ നാട്ടിൽ നിന്നു കൊരുത്തു കൊണ്ടു പോകുന്ന ഇലഞ്ഞി പൂമാല കൊടുത്ത് ഞെട്ടിക്കാൻ തനിക്കിനി പറ്റില്ലന്നും ഉൾകൊള്ളാൻ ദിവസങ്ങൾ എടുത്തു. പല രൂപത്തിലുള്ളവെളുത്ത പഞ്ചാര മിഠായികൾ തരുന്ന ഗായത്രിയോട് ടെറസിൽ കയറി നിന്ന് തങ്ങളുടേതായ ഭാഷയിൽ വിശേഷം പറയാനും പറ്റില്ലല്ലോന്ന് ഓർത്ത് വിഷമിച്ചു. പേരമരത്തിൽ കയറി പൊട്ടുപേരക്ക പറിച്ച് നശിപ്പിക്കുന്നതിനും, അരിംകറിം കളിക്കുമ്പോൾ, കൂട്ടാനൊരു
ക്കാൻ, മതിലിന്റെ മൂലയിൽ നിൽക്കുന്ന മരത്തിൽ പിടിക്കുന്ന മഞ്ഞപൂക്കളുടെ മൊട്ടുകൾ അടിച്ചിടുന്നതിനും എന്നും അമ്മയുടെ വഴക്ക് കേട്ടിരുന്നു. അതിനു കാരണക്കാരിയായ ഉടുപ്പിടാതെ ചേല ചുറ്റി വരുന്ന കറുത്ത തൊലിയെല്ലാം ചുക്കിച്ചുളിഞ്ഞ വയസ്സി തള്ളയെ മാത്രമെ താൻ അച്ഛന്റെ ജോലി സ്ഥലത്ത് വെറുത്തോളൂ.
അമ്മ കൊടുത്ത പ്രഥമൻ അവർ കഴുകാത്ത കൈ കൊണ്ട് കഴിക്കുന്നതു കണ്ടപ്പോൾ തനിക്ക് ഓക്കാനം വന്നിരുന്നു. അവരുടെ നഖങ്ങളിലെല്ലാം എപ്പോഴും അഴുക്ക് കട്ടിക്ക്
കറുത്തിരുന്നു. അവർ വരുമ്പോഴൊക്കെ അവരുടെ അഴുക്ക് നിറഞ്ഞ നഖങ്ങളും, കറ പുരണ്ട പല്ലുകളും കണ്ണിലുടക്കി മുഖം തിരിച്ചിരുന്നങ്കിലും താനവരുടെ വരവ് ആഗ്രഹിച്ചിരുന്നു. ചിലപ്പോഴൊക്കെ ഒരേ പോലിരിക്കുന്ന രണ്ട് പെൺകുട്ടികൾ അവരുടെ രണ്ടു കൈയ്യിലും തൂങ്ങി വരുന്ന അത്ഭുതം വീണ്ടും കാണാനുള്ള ആഗ്രഹമായിരുന്നു അത്. ആദ്യമായി ഇരട്ട കുട്ടികളെ കണ്ട അത്ഭുതം ഉണ്ടാക്കിയ കൗതുകം ഒരുപാടായിരുന്നു. എപ്പോഴും ഒരേ പോലത്തെ ഉടുപ്പുകളിട്ട് ചെമ്പിച്ച മുടി രണ്ട് വശത്തും നീട്ടി പിന്നി ഇട്ടു വരുന്ന അവരെ കാത്ത് താനിരുന്നു. പക്ഷെ ഇവറ്റകൾ കുളിക്കാറേയില്ലന്നു പറഞ്ഞു ചേച്ചി മുഖം ചുളിച്ചു. പക്ഷെ ഉടുപ്പിടാത്ത വയസ്സി തള്ളയാണ് തങ്ങൾ താമസിക്കുന്നതുൾപ്പടെ രണ്ടു മൂന്ന് വീടിൻെറ ഉടമസ്ഥ എന്നറിഞ്ഞപ്പോൾ ചേച്ചിയും വായ പൊളിച്ചതു കണ്ടപ്പോൾ
എന്തിനെന്നറിയാത്തൊരു സന്തോഷം തനിക്കുണ്ടായി. കാക്കത്തൊള്ളായിരം കാശ് അവരുടെ കൈയ്യിലുണ്ടായിരിക്കുമെന്ന് നാട്ടിൽ ചെന്ന് അനുഭവങ്ങൾ വിസ്തരിക്കുമ്പോൾ താൻ മേക്കറോട് പറഞ്ഞു.
തങ്ങൾ താമസിച്ചിരുന്ന വീടിന്റെ മുകൾ നില ആർക്കും വാടകക്കു കൊടുക്കാതിട്ടിരിക്കുന്നത്, മകന്റെകല്യാണം നടത്താനാണന്ന് വയസ്സിതള്ള അച്ഛനോട് പറഞ്ഞ ന്യൂസ്,
തങ്ങളുടെ ചെവിയിലെത്തിയ കൂട്ടത്തിൽ അച്ഛൻ പറഞ്ഞ കാര്യം അമ്മയുടേയും ഒപ്പം തങ്ങളുടേയും കണ്ണു തള്ളിച്ചു. വയസ്സിതള്ള ഒക്കെ താമസിച്ചിരുന്ന വീട് പനയോല മേഞ്ഞതാണന്ന വാർത്ത കേട്ട് നാട്ടിലെത്തിയപ്പോൾ പലരുടേയും കണ്ണു തള്ളുന്നത്
കണ്ടപ്പോൾ തനിക്കുസന്തോഷവും അഭിമാനവും തോന്നി. വയസ്സിതള്ളയോട് ഇഷ്ടക്കേടിലും ഒരിഷ്ടമുണ്ടായിരുന്നിരിക്കണം.
അധികംതാമസിയാതെ വർണ്ണ കാഴ്ചകളുടെ പൂരമായി തങ്ങൾ താമസിച്ച വീട്. വയസ്സിതള്ളയുടെ ഇളയ മകൻ അവരുടെ തന്നെ കൊച്ചു മകളെ കല്യാണംകഴിച്ചന്ന വാർത്ത കേട്ട് അച്ചാമ മൂക്കത്ത് വിരൽവച്ചു. അച്ചാച്ചൻ അവരുടെ ആചാരങ്ങളൊക്കെ
വിശദമാക്കിയിട്ടും, ഇത് കുറച്ച് കടുപ്പമായി പോയന്ന് അച്ചാമ അഭിപ്രായം പറഞ്ഞു.
കുട്ടി കാലത്തെ ഏറ്റവും വർണ്ണപകിട്ടാർന്ന കാഴ്ചകൾക്കും അന്ന് സാക്ഷിയായി. മൂന്ന് ദിവസത്തെ കല്യാണ ആഘോഷങ്ങൾ. മൂന്ന് നേരവും അനുഭവിച്ചിട്ടില്ലാത്ത രുചിഭേദങ്ങൾ നാവിൽ, കണ്ണഞ്ചുന്ന ലൈറ്റുകളും, തോരണങ്ങളും, രാത്രിയിലെ ആട്ടവുംപാട്ടും. പെണ്ണിന്റെ ദേഹത്ത് മഞ്ഞള് വെള്ളം ഒഴിച്ച് ഉലക്ക കൊണ്ട് പതുക്കെ ഇടിച്ചു വയസ്സിതള്ള അടക്കം പാട്ട് പാടി ആടുന്നത് കണ്ടപ്പോൾ ചേച്ചി ചെവിയിൽ പറഞ്ഞു 'ഇവറ്റകൾക്കൊക്കെ വട്ടാ'. പക്ഷെ എപ്പോഴും വട്ടുകൾ ഇഷ്ടപ്പെട്ട തനിക്കാ കാഴ്ചകളൊക്കെ കൃഷ്ണന്റെ അമ്പലത്തിലെ ഉത്സവത്തേക്കാൾ ബോധിച്ചു. ഉത്സവപറമ്പിലെ കാഴ്ചകൾ പോലും തന്നെ ഇത്രയും ഭ്രമിപ്പിച്ചിട്ടില്ലായിരുന്നു. ഏഴ് വയസ്സിൽ താനാദ്യമായി സ്വന്തം
കല്യാണം സ്വപ്നം കണ്ടു. സ്വപ്നം അച്ചാച്ചനുമായി പങ്കുവച്ചപ്പോൾ ഇതു പോലെ തന്നെ തന്റെ കല്യാണവുംനടത്തി തരാമെന്ന്
പൊട്ടിച്ചിരിച്ചു കൊണ്ട് സമ്മതിച്ചതോർത്ത് അഖി ഊറിച്ചിരിച്ചു.
പെട്ടന്ന് തന്നെ തന്റെ നരച്ച കല്യാണ കാഴ്ചകൾ അഖിലയുടെ മനസ്സിൽ തികട്ടിവന്നു. പതിനാറടിയന്തിരം നടക്കുമ്പോഴുള്ള പോലെ നിശബ്ദതയായിരുന്നു ചടങ്ങുകളിലുടനീളം. തന്നെ സ്നേഹിച്ചവരുടെ മുഖങ്ങളില്ലാം സന്തോഷത്തിന്റെ മുഖം മൂടികൾ നൊമ്പരപ്പെടുത്തിയെങ്കിലും അറിഞ്ഞ മട്ടു താനും കാണിച്ചില്ല. ആട്ടിൻ തോലണിഞ്ഞ ചെന്നായുടെ നാഗപാശമാണ് തന്റെ കഴുത്തിൽ കുരുങ്ങിയതെന്നറിയാൻ വൈകി പോയിരുന്നു. പ്രേമത്തിന്റെ തിമിരം ബാധിച്ച കണ്ണുകളും, മനസ്സും യാഥാർത്ഥ്യം ഉൾകൊണ്ടപ്പോഴേയ്ക്കും മനസ്സടക്കം പലതും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
ഓർമ്മ പുസ്തകത്തില മരവിപ്പിക്കുന്ന കാഴ്ചകൾ ഒഴുവാക്കി അഖി ഭ്രമിപ്പിച്ച കാഴ്ചകളിലേക്ക് മനസ്സിനെ തള്ളിയിറക്കി. രസിപ്പിച്ച കാഴ്ചകൾ പലതും നിറം മങ്ങി തുടങ്ങി എങ്കിലും പിഞ്ഞി തുടങ്ങിയിരുന്നില്ല, അതു കൊണ്ട് തന്നെ അഖി കുറേ നാളായി ദിവസത്തിൽ അധിക സമയവും ബാല്യത്തിലെ ഓർമ്മകളിൽ മുങ്ങി കിടക്കാൻ ഇഷ്ടപ്പെട്ടു.
നിറുത്തിയ സ്റ്റോപ്പിൽ നിന്നും ഒരമ്മൂമ, കിളിയുടെ സഹായത്തോടെ വലിഞ്ഞു കയറിയത കണ്ടപ്പോൾ അഖിയ്ക്ക് മനസ്സൊന്നു പിടഞ്ഞു.വീട്ടിലെങ്ങാനും ഇരുന്നൂടേന്ന കിളിയുടെ പരിഹാസത്തിന് ‘എനിക്കുള്ള കഷായോം ഗുളികേം നീ വാങ്ങിച്ചോണ്ട് താടാ’ എന്നവരുടെ മറുപടി കേട്ടവർക്കെല്ലാം ഇഷ്ടപ്പെട്ടു.
"ഞാനെന്തിന് വാങ്ങി തരണം. മക്കളും കൊച്ചുമക്കളുമൊന്നുമില്ലെ തള്ളയ്ക്ക്." ജാള്യത മറയ്ക്കാൻ കിളി ചോദിച്ചതിനും കിട്ടിയ മറുപടി അവന്റെ വാ അടപ്പിച്ചു. "നിന്നെ പോലുള്ള തിരുമാലികളെയല്ലെ കലികാലത്തിൽ പെണ്ണുങ്ങൾപെറ്റുകൂട്ടുന്നത്,
സാക്ഷാൽ നാരായണന്റെ വരെ കണ്ണു കെട്ടുന്ന ഇനങ്ങൾ." വലിയൊരു സത്യം
അവർ എത്ര സരസമായി പറഞ്ഞന്ന് അഖി ഓർത്തു.
കൊണ്ടു പോകാനുള്ളപെട്ടികൾ ഒരുക്കുമ്പോൾ വയസ്സിതള്ള മരിച്ചു പോയതോർത്ത്അമ്മ വിഷമിച്ചു. നാശം ശല്യത്തിനു വരില്ലല്ലോന്ന് പറഞ്ഞ് ചേച്ചി സമാധാനപ്പെട്ടപ്പോഴും തനിക്ക് സന്തോഷം തോന്നിയില്ല. വിറ്റാൽ 20 പൂവിന് ഒരു രൂപാ കിട്ടുമായിരുന്നോണ്ടാണ് പൂമൊട്ട് നശിപ്പിക്കുന്നതിന് അവർ എപ്പോഴും വഴക്കു പറഞ്ഞിരുന്നതെന്നറിഞ്ഞപ്പോൾ മുതൽ എനിക്കവരോടുള്ള വെറുപ്പ് കുറഞ്ഞിരുന്നു. ഇരട്ട കുട്ടികളെ കാണാൻ പറ്റണേന്ന് മനസ്സിൽ പ്രാർത്ഥിച്ചപ്പോഴും, എങ്ങനെ ആ ഇരട്ടകുട്ടികളെ കാണുമെന്നോർത്ത് ആശങ്കയായിരുന്നു.
കൊണ്ടുപോകാൻ ഒരുക്കി വച്ച പെട്ടികൾ മേക്കർ ഷാജി തുറക്കുമ്പോൾ താൻ തന്റെ നഷ്ടപ്പെട്ട കാഴ്ചകളുടെ നോവുമായി ഊണ് മേശയ്ക്കപ്പുറം ജനലിനോട് ചേർത്തിട്ടിരിക്കുന്ന വലിയ പെട്ടി പുറത്ത് ജനലഴികളിൽ മുഖം ചേർത്ത് അച്ഛനുറങ്ങുന്നിടത്തേക്ക് നോക്കിയിരിക്കുക
യായിരുന്നു.
തുടരും...

rajasree
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo