....................... അമ്മക്കിളിക്കൂട് ......................
ഒരു കിളിക്കൂടുപോലെയാണ് ഓരോ കുടുംബവും. അമ്മക്കിളി മുട്ടയ്ക്കടയിരിക്കുമ്പോൾ ഭക്ഷണം കൊക്കുകളിൽ കൊണ്ടുവന്നു കൊടുക്കുന്നത് അച്ഛനായ ആൺകിളിയാണ്. അതൊരു സംരക്ഷണവും, സ്നേഹത്തിന്റെ അടയാളവുമാണ്, പ്രകൃതി നിയമവുമാണ്. കുഞ്ഞുങ്ങളുണ്ടായി കഴിഞ്ഞും അവർക്കുള്ളതുംകൂടി തേടിപ്പിടിച്ചു കൊണ്ടുവന്നു കൊടുക്കുന്നതിൽ അച്ഛൻ കിളിക്കൊരു ബുദ്ധിമുട്ടുമില്ലതാനും. ഇങ്ങനെ തന്നെയാണ് നന്മയുള്ള ഓരോ കിളിക്കൂടുകളിലും കണ്ടുവരുന്നത്...
നമ്മുടെ ഈ കിളിക്കൂട് ഇരിക്കുന്നത് വയലോരത്തിനടുത്തുള്ള ഒരു മാവിന്റെ കൊമ്പത്താണ്. കുഞ്ഞുങ്ങൾ വളർന്നു പറക്കമുറ്റുമ്പോൾ ഉപേക്ഷിക്കണ്ടതാണെങ്കിലും വളരെ കരുതലോടും, സുരക്ഷിതത്വത്തോടുമാണ് മരത്തിന്റെ കുറച്ചു മുകളിലായിതന്നെ ആൺകിളി ഈ കിളിക്കൂട് നിർമ്മിച്ചിരിക്കുന്നത്. ഓരോ പിതാക്കൻമാരും ഇതുപോലെ തന്നെയാണ് ഓരോ ഭവനങ്ങളുമുണ്ടാക്കി തനിക്കു പ്രാണനായവരെ സംരക്ഷിക്കുന്നത്...
അമ്മയുടെ ചൂടുപറ്റിയിരിക്കുന്ന പക്ഷി കുഞ്ഞുങ്ങൾക്ക് വെളിച്ചത്തിലേയ്ക്ക് നോക്കുമ്പോളെല്ലാം അത്ഭുതങ്ങളും, തീരാത്ത സംശയങ്ങളുമായിരുന്നു...
ചെറുക്കാറ്റേൽക്കുമ്പോൾ പോലും പക്ഷിക്കുഞ്ഞുങ്ങൾ ഭയപ്പെട്ടിരുന്നു തങ്ങളുടെ ചിറകിലുള്ള കുഞ്ഞു തൂവലുകൾ പറന്നു പോകുമോയെന്നോർത്ത്. പക്ഷേ, അവരുടെ ഭയം മുഖത്തെത്തും മുൻപുതന്നെ അമ്മക്കിളിയവരെ തന്റെ ചിറകിന്റെ സംരക്ഷണ വലയത്തിനുള്ളിലേയ്ക്കാക്കി കഴിഞ്ഞിരിക്കും...
എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാണ് തന്റെ പൊന്നോമനകളെ സുരക്ഷിതമായി ചേർത്തു പിടിക്കുന്നത്...
അങ്ങനെയിരിക്കുമ്പോളാണ് കാക്കമ്മ ഉപേക്ഷിച്ചുപോയ എണ്ണക്കറുപ്പുള്ള ഒരു കാക്കകുഞ്ഞിനെ നമ്മുടെ അമ്മക്കിളി കാണുന്നതും അമ്മയില്ലാത്ത ആ കുഞ്ഞിനെക്കൂടി തന്റെ ചിറകിനടിയിലെ ചൂടിലേയ്ക്ക് കൈപിടിച്ചു കേറ്റിയതും...
കാക്കകുഞ്ഞിനെ കൂട്ടായി കിട്ടിയ മറ്റു കുഞ്ഞുങ്ങൾ അവളുടെ നിറത്തെ ഗൗനിച്ചില്ല കാരണം, കുഞ്ഞുമനസ്സുകളിൽ ജാതിയും, മതവും, നിറവും, മണവുമൊന്നുമില്ലാത്തതു തന്നെ...
കാക്കകുഞ്ഞിനും കൂടിയുള്ള തീറ്റതേടുന്നതിൽ അച്ഛൻക്കിളിക്ക് സന്തോഷമേയുണ്ടായിരുന്നുള്ളു. ഇങ്ങനെ തന്നെയല്ലെ ഓരോ മാതാപിതാക്കളും മറ്റുള്ളവരുടെ മക്കളെകൂടി തന്റെ മക്കളെപോലെ കരുതി സംരക്ഷണം കൊടുക്കുന്നത്...
വാതോരാതെ കിളികുഞ്ഞുങ്ങൾ കലപില കൂട്ടിക്കൊണ്ടിരുന്നു ആ കുഞ്ഞുവീട്ടിൽ. അപ്പോളാണ് ആ വീടൊരു വീടായതും ആളനക്കവുമുണ്ടായതും. അതുകണ്ട് ആ മാതാപിതാക്കളുടെ മനസ്സുനിറഞ്ഞു. ഇതുപോലെയാണ് കുഞ്ഞുമക്കളുടെ കുസൃതിയും, കുറുമ്പുകളുമുള്ള ഓരോ വീടുകളും...
നിങ്ങൾ ടെൻഷനിലാണെങ്കിൽ, അതുമല്ല വളരെയധികം മാനസിക സംഘർഷമനുഭവിക്കുന്ന സമയമാണെങ്കിൽ, അപ്പോൾതന്നെ ഇതുപോലുള്ള കുഞ്ഞുമക്കളുമായി കുസൃതികൾ കാണിച്ചും, കുറുമ്പുകൾകാട്ടിയും അവരിലൊരാളായി മാറാൻ ശ്രമിക്കുക. നെയ്യപ്പം തിന്നാൽ രണ്ടുഗുണമെന്നു പറയുന്നതുപോലെ നിങ്ങളുടെ മനസ്സു ശാന്തമാകുന്നതിലൂടെ ആ കുഞ്ഞുമക്കളുടെ വളർച്ചക്കുമത് ഉപകാരപ്പെടുന്നു...
പുറത്തേയ്ക്കു കണ്ണുനട്ടിരിക്കുന്ന പക്ഷി കുഞ്ഞുങ്ങൾ കുറുകിക്കൊണ്ട് അമ്മക്കിളിയോട് ചോദിച്ചു
"എന്താണമ്മേ അവിടെ തഴച്ചുവളർന്നു നിരനിരയായി നിൽക്കുന്നത്?
അതുപോലെ ആരൊക്കെയാണവിടെ തലങ്ങും വിലങ്ങും നടക്കുന്നത്?"
അമ്മക്കിളി പറഞ്ഞു "അതാണ് മക്കളെ നെൽപ്പാടം, നിരനിരയായി വിളഞ്ഞു നിൽക്കുന്നത് നെൽകതിരുകളാണ് "
തലങ്ങും വിലങ്ങും നടന്നു ജോലി ചെയ്യുന്നവരാണ് മക്കളെ, എന്നെയും നിന്നെയും സൃഷ്ടിച്ച ദൈവത്തിന്റെ ഏറ്റവും മനോഹര സൃഷ്ടികളായ മനുഷ്യർ. അവരുടെ അദ്ധ്വാനത്തിന്റെയും വിയർപ്പുത്തുള്ളിയുടെയും ഫലമാണ് ആ കാണുന്ന ഓരോ നെൽമണികളും. എന്നിരുന്നാലും, ആ നെൽമണികൾ ആരുടെയൊക്കെ വയറ്റിൽ പോകണമെന്നത് ദൈവനിശ്ചയവും...
അമ്മ സ്നേഹത്തിൽ ചാലിച്ചുപറഞ്ഞ പുത്തൻ അറിവുകൾ ആ മക്കൾക്കുള്ള ജീവിതപാഠങ്ങളായിരുന്നു. കുഞ്ഞുങ്ങളെങ്കിലും അവർ മനസ്സിലാക്കിയ ഒരു കാര്യമുണ്ടായിരുന്നു ഓരോ നിർമിതിക്കൾക്കു പിന്നിലും അദ്ധ്വാനത്തിന്റെയും വിയർപ്പിന്റെയും ഗന്ധമുണ്ടെന്ന്. തങ്ങളുടെ അച്ഛന്റെ അദ്ധ്വാനത്തിന്റെ ഫലമാണ് നമ്മുടെ ഈ കൊച്ചുവീടെന്നതും. ഉപബോധമനസ്സിൽ കേറിപറ്റുന്ന കാര്യങ്ങൾ ബോധമനസ്സിന്റെ മെമ്മറി കാർഡിലെന്നും സുരക്ഷിതമായിട്ടിരിക്കും...
സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും രാത്രി കറുക്കുന്നതും ചന്ദ്രൻ മാനത്തുദിക്കുന്നതുമെല്ലാം പ്രകൃതിയുടെ ദിനംപ്രതിയുള്ള പ്രക്രിയകളാണെന്ന് ആ കുഞ്ഞുങ്ങൾ മനസ്സിലാക്കി. ഇടിയും, മഴയും, വെയിലുമൊക്കെ ജീവിതത്തിന്റെ ഭാഗങ്ങളാണെന്നും മാതാപിതാക്കളുടെ സംരക്ഷണയിലതിനെയൊന്നും ഭയക്കേണ്ടതില്ലെന്നുമുള്ള നല്ല പാഠങ്ങൾ അവരോരോ ദിവസങ്ങളിലും പഠിച്ചു കൊണ്ടിരുന്നു...
ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ കാണും ഓരോ സൂര്യാസ്തമയങ്ങളും, ചന്ദ്രോദയങ്ങളും, അപ്പോളൊക്കെ നേർവഴിയിലേയ്ക്കു നയിക്കുന്ന ചൂണ്ടുപലകകളായി മാതാപിതാക്കളും ഗുരുക്കന്മാരും എന്നുമുണ്ടാകുകയുംചെയ്യും. പക്ഷേ, പഠിച്ചതും നേടിയ അറിവുകളും നന്മയുടെ പാതയിലൂടെ ആയിരിക്കണമെന്നു മാത്രം...
ഇന്നിപ്പോൾ പക്ഷികുഞ്ഞുങ്ങൾ വളർന്നു, കൂടെയവരുടെ ബലമുള്ള ചിറകുകളും. ആദ്യമായ് പറക്കാനുള്ള ശ്രമമാണ്. ആദ്യ ശ്രമത്തിൽ തന്നെ പരാജയപ്പെട്ട കിളികുഞ്ഞുങ്ങളേ അമ്മ സ്നേഹത്തോടെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. അമ്മക്കിളിയുടെ പ്രോത്സാഹനം ഉൾക്കൊണ്ട പക്ഷികുഞ്ഞുങ്ങൾ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടു ജീവിതത്തിലെ ആദ്യത്തെ ആകാശയാത്ര ആരംഭിച്ചു...
അപ്പോൾ മാത്രമാണ് ആ കുഞ്ഞുങ്ങൾ മനസ്സിലാക്കിയത് പറക്കണമെങ്കിൽ ചിറകുകൾമാത്രം ഉണ്ടായാൽപോര അതിന് മനസ്സിന്റെയും, ശരീരത്തിന്റേയും, കണ്ണുകളുടെയും, സഹായംകൂടി വേണമെന്നത്. നേർവഴിക്കാട്ടിത്തരാൻ അച്ഛനും, ബാലപാഠങ്ങൾ കുഞ്ഞുന്നാളിലെ പകർന്നുതരാൻ അമ്മയെന്ന അദ്ധ്യാപികയും, നല്ലൊരു മനസ്സിന്റെ ഉടമകളാക്കാൻവേണ്ടി വിദ്യാഭ്യാസം അറിവുകളിലൂടെ പറഞ്ഞു തരാൻ ഗുരുക്കൻമാരും നമ്മുടെ ജീവിതത്തിന്റെ ഭാഗങ്ങളാകുന്നത്...
മറ്റുള്ളവരുടെ പ്രോത്സാഹനങ്ങളും, വീഴാൻ പോകുമ്പോൾ താങ്ങിപ്പിടിക്കുന്ന കൈകളും, ഈശ്വരസാന്നിദ്ധ്യംകൂടി ചേരുമ്പോൾ മാത്രമാണ് ഓരോ ഉയരങ്ങളും സത്യസന്ധമായി കീഴടക്കാൻ സാധിക്കുക. യാതൊരുവിധ പണമുടക്കുമില്ലാതെ നമുക്കു കൊടുക്കാൻ കഴിയുന്ന പ്രോത്സാഹനങ്ങൾ അതർഹതപ്പെട്ടവർക്കു കൊടുത്ത് നമുക്കു പുതുതലമുറയ്ക്ക് മാതൃകയാകാം...
ഇന്ന്, ആകാശത്തിന്റെ ഏതറ്റംവരെയും പറന്നു പോകാൻ കുഞ്ഞുങ്ങളായിരുന്ന പക്ഷികൾക്ക് സാധിക്കുന്നു. എത്ര ഉയരത്തിലും, എത്ര ദൂരംവരെയും പറന്നു പോയാലും മറക്കരുതാത്ത ഒരു കാര്യമുണ്ട് നമ്മൾ വന്നവഴികൾ, കണ്ടുമുട്ടിയ മുഖങ്ങൾ, അല്ലാത്തപക്ഷം വഴിതെറ്റിയ പട്ടം കണക്കിന് ദിശയറിയാതെ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടിവരും...
എന്റെയീ അമ്മക്കിളിക്കൂട് എനിക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും തരുന്ന സഹകിളി കുഞ്ഞുങ്ങൾക്കും ഇഷ്ടമായെന്ന് കരുതുന്നു....
...............................📝 മനു ✒.......................
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക