Slider

സ്റ്റാറ്റസുകൾ ഉണ്ടാവുന്നത്...

0
സ്റ്റാറ്റസുകൾ ഉണ്ടാവുന്നത്...
........... ...... ..... .... .... .... ....
രാവിലെയുണർന്നപ്പോ തന്നെ കേട്ടത് പൂവൻ കോഴിയുടെ കൂവലും പാത്രങ്ങളുടെ കലപില ശബ്ദങ്ങളുമാണ്..
അപ്പൊത്തന്നെ സ്റ്റാറ്റസിട്ടു..
"ബഹളങ്ങൾ സൃഷ്ടിക്കുന്ന പുകമറക്കപ്പുറം നിറയെ പ്രതീക്ഷകളും വെളിച്ചവുമാണ് ജീവിതം.."
"കിടു ബ്രോ.."
ആദ്യത്തെ കമന്റ്..
പല്ലുതേച്ചുകഴിഞ്ഞു മൊബൈൽ തേക്കുന്നതിനിടെൽ ഉമ്മ ചായ കൊണ്ടത്തന്നു..
മധുരം സ്വല്പം കൂടുതലാണ്...
പാല് കുറവും..
സ്റ്റാറ്റസിടാൻ അതുപോരെ..
"മധുരമേറിയും കുറഞ്ഞും കടുപ്പമുള്ളതും ഇല്ലാത്തതും ചൂടൊടെയാണേൽ ആസ്വദിച്ചും തണുത്തുപോയാൽ ഒഴിവാക്കാനാവാതെ ആസ്വദിച്ചുവെന്നു വരുത്തിതീർത്തും അനുഭവിച്ചറിയേണ്ട ചായയാണ് പ്രണയം.."
"സത്യം.."
അനുമോളുടെതാരുന്നു ആദ്യകമന്റു..
പ്രണയം മൂത്തു അന്യമതക്കാരന്റെ കൂടെ പോയതാരുന്നു..
ഇപോ അവനു പഴയത്പോലെ സ്നേഹമൊന്നുമില്ല..
ചായകുടിച്ചു പുറത്തേക്കിറങ്ങാൻ നേരം ഭാര്യ എതിരേവന്നു...
"എങ്ങോട്ടേക്കാ.."?
"എവിടെക്കായലും നിനക്കെന്താ.."
മറുപടിയും പെട്ടെന്നാരുന്നു..
ഇടക്കിടെ അങ്ങിനെയാണ്..
പ്രണയിക്കുന്ന കാലത്തു തേനും പാലുമാരുന്നു..
ഒന്നവളെ കാണാനായി മണിക്കൂറുകളോളം
കാത്തു നിന്നിട്ടുണ്ട്..
ഓർത്തപ്പോ സ്റ്റാറ്റസിടാൻ തോന്നി..
"അകലെനിന്ന് കാണുമ്പോഴുള്ള സുഖമൊന്നും അടുത്തു കിട്ടുമ്പോഴുണ്ടാവില്ല.."
റോഡിലേക്കിറങ്ങിയപ്പോ തങ്കമണിയുണ്ട് എതിരെവരുന്നു..
കയ്യിലൊരു സഞ്ചിയുമുണ്ട്..
"സഹായിക്കണോ ചേച്ചീ"? എന്നുചോദിച്ചതും മുഖമടച്ചൊരു ആട്ടായിരുന്നു..
തുപ്പല് ശരിക്കും മുഖത്തേക്കു തെറിച്ചു..
സ്റ്റാറ്റസിടാൻ വേറെന്തെലും വേണോ..
"ഒരു ചാറ്റൽ മഴക്കുളിരിൽ ഈ വഴിയോരത്തു.."
പ്രണയവരികളാണെന്നു കരുതി ആരൊക്കെയൊ ലവ് സിംബലിടുന്നുണ്ടാരുന്നു..
കവലയിലെ കലാപരിപാടികൾ കഴിഞു മടങ്ങുമ്പോൾ കൂട്ടുകാരന്റെ ബൈക്കിലാരുന്നു..
വളവിനപ്പുറത്തുണ്ടാരുന്ന പോലീസുകാരൻ ഹെൽമെറ്റില്ലാത്തതിന് പെറ്റിയടിച്ചപ്പോൾ സ്റ്റാറ്റസിട്ടു..
"വളവുകളിൽ കാത്തുനിൽക്കുന്ന പോലീസുകാരെപ്പോലെയാണ് മരണം..
തൊട്ടടുത്തെത്തിയാൽ മാത്രമെ നമ്മളതോർക്കുകയുള്ളൂ.."
കുറേപ്പേർ സങ്കടസ്‌മൈലിയൊക്കെ ഇട്ടു സെന്റിയടിച്ചു..
വരുന്ന വഴിക്കു വണ്ടിയൊന്നു ചെരിഞ്ഞു..
വണ്ടിചെരിഞ്ഞപോ ഞങ്ങളും ചെരിഞ്ഞു.
ചെറുതായൊന്നു പോറി..
അപ്പോഴും വീണു സ്റ്റാറ്റസ്...
"എത്രതന്നെ ശ്രദ്ധിച്ചോടിച്ചാലും ചെറിയൊരു
അശ്രദ്ധകൊണ്ട് വീണുപോയേക്കാവുന്ന വണ്ടിപോലെയാണ് വിവാഹജീവിതം..
ഒന്നുപോറിയാലും കാര്യമാക്കാതെ നേരെയാക്കി ഓടിക്കാൻ ശ്രമിച്ചാൽ മനോഹരമാവുന്നതും.."
അപ്പൊതന്നെ ഏതോ ഒരു തെണ്ടി കമ്മന്റിട്ടു..
"നിറയെ കുണ്ടുംകുഴിയുമുള്ള പഞ്ചായത്തു റോഡ്‌ പോലെയാണ് വിവാഹജീവിതം..
ഹെൽമെറ്റില്ലാണ്ട് ഓടിച്ചാൽ പണികിട്ടുമെന്നുറപ്പ്.."
ഉള്ളിൽ തെറിവിളിച്ചെങ്കിലും പുറമേ ലവ്യൂ ചക്കരെന്നു കമന്റിട്ടു..
ആത്മരതി ഹിഹി...
എങ്ങിനൊക്കെയോ ഓടിപ്പിടിച്ചു വീടെത്തി..
കൈമുട്ടിലെ മുറിവുകണ്ടതും അവൾ പരിഭ്രമത്തോടെ തലയിലെ തട്ടം നെടുകെ കീറി മുറിവിൽ ചുറ്റിക്കെട്ടി..
അന്നേരം ആ കണ്ണുകളിലേക്കു നോക്കിയപ്പോ ശരിക്കും ഒരു സ്റ്റാറ്റസിടാൻ തോന്നി മച്ചൂ...
"ഒന്നു വീഴുമ്പോഴാണ് ഒപ്പമുള്ളവർ ആരൊക്കെയാണെന്ന് തിരിച്ചറിയുക..
കൊച്ചു കൊച്ചു മുറിപ്പാടുകൾ സൃഷ്ടിക്കുന്ന വേദനകൾ മറക്കാൻ സ്നേഹപൂർവമുള്ള ഒരു തലോടൽ മതിയാവും.."
പോസ്റ്റിയതും കമന്റ് വീണു..
"സത്യമാണു സഹോ..
കൂടെയുണ്ടെന്ന് കരുതിയവർ വീഴ്ചയിൽ ഒപ്പമില്ലെന്നുള്ള തിരിച്ചറിവ് നൽകുന്ന മുറിവുകളാവും ഒരിക്കലും മായാത്ത വേദന സമ്മാനിക്കുക.."
ഞാനവളെ നോക്കി പുഞ്ചിരിച്ചു..
പിന്നെയെന്നോട് ചേർത്തുപിടിച്ചു..
രാവുറങ്ങും നേരത്തു എന്റെ നെഞ്ചിൽ മുഖംപൂഴ്ത്തിക്കിടക്കുന്ന അവളുടെ തലമുടിയിഴകളിലൂടെ വിരലോടിക്കുമ്പോൾ ജനാലവാതിലിനപ്പുറം മഴത്തുള്ളികൾ വാഴയിലകളിൽ തട്ടി ശബ്ദമുണ്ടാക്കുന്നത് വ്യക്തമായി കേൾക്കാമാരുന്നു..
നേർത്തൊരു കുളിർക്കാറ്റു കർട്ടൻവിരികൾ
നീക്കിയകത്തേക്കു വന്നതും ഞാനവളെയൊന്നുടെ ചേർത്തുപുണർന്നു..
ശരിക്കുമൊരു സ്റ്റാറ്റസ് ഇടാൻ തോന്നിപ്പോയി..
ഒന്നുമാലോചിച്ചില്ല..
"പ്രണയമൊരു മഴപ്പെയ്ത്തു പോലെയാണ് ശരിക്കും..
എത്ര നനഞ്ഞാലും പിന്നെയും ചേർത്തണക്കാൻ തോന്നുന്ന മഴപ്പെയ്ത്ത്."

Rayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo