അന്ന് വനത്തിൽ മനുഷ്യ ഗന്ധം ശ്വാസിച്ചാണ് ഹിഡുംബാസുരൻ എഴുന്നേറ്റത്, നല്ല മനുഷ്യഗന്ധം..... നല്ല ഭക്ഷണം കഴിച്ചിട്ട് എത്ര ദിവസമായി, ഹിഡുംബൻ അനുജത്തി ഹിഡുംബിയോട് മനുഷ്യ ഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ചു വരാൻ കല്പ്പിച്ചു. അസുരകുലജാതരാണ് ഹിഡുംബനും ഹിഡുംബിയും , ഹിഡുംബാസുരന്റെ ക്രൂരത കാരണം പകൽ സമയം പോലും ആരും കടന്നു വരാത്ത കൊടുംക്കാട്, അവിടെയാണ് പഞ്ചപാണ്ഡവർ മാതാവ് കുന്തിദേവി സമേതം കടന്നു ചെന്നിരിക്കുന്നത്. നാലു പാണ്ഡവരും അമ്മയും മരച്ചുവട്ടിൽ ഉറങ്ങുകയും മധ്യമ പാണ്ഡവൻ -- ഭീമസേനൻ അവർക്ക് കാവൽ നിൽക്കുന്ന കാഴ്ചയാണ് ഹിഡുംബിക്ക് കാണാൻ സാധിച്ചത്. അതികായനും അതിശക്തനുമായ ഭീമനെ കണ്ടപ്പോൾ ഹിഡുംബിയുടെ മനസ്സിൽ മോഹമുദിച്ചു. ഇവനെന്റെ പ്രാണപ്രിയനായെങ്കിൽ !!! രാക്ഷസ കുലത്തിൽ ജനിച്ച താനെവിടെ..... രാജകല ഒളിമിന്നുന്ന ശക്തനായ കുമാരനെവിടെ ?... മായയാൽ തന്റെ ഭീമാകാരമായ രൂപം മാറ്റി ഒരു മോഹിനിയുടെ രൂപം കൈകൊണ്ടു അവൾ... എന്തു കൊണ്ട് അവൾക്കപ്പോൾ ആസുര ധർമ്മം ഉപേക്ഷിക്കാൻ തോന്നി... പെൺ മനസ്സിന്റെ ആശകൾ ആരറിയാൻ ? ഭക്ഷണമാവേണ്ടവൻ അവളുടെ പ്രേമഭാജനം ആയിതീർന്നിരിക്കുന്നു... സഹോദര വാക്യം ലംഘിച്ചു അവൾ തന്റെ ഇഷ്ട പാത പിന്തുടരുവാൻ തീർച്ചയാക്കി.
അവൾക്കു പരിചിതമല്ലാത്ത ഒരു വികാരം അവളിൽ ഉണരുകയായിരുന്നു. ലജ്ജ പൂണ്ടു നില്കുന്ന അവളുടെ മനോമുകുളത്തിൽ അവനെ സമീപിക്കാൻ ആഗ്രഹമുദിച്ചു , ആസുര സംസ്ക്കാരത്തിന്റെ രീതിയനുസരിച്ച് സ്ത്രീക്കും തന്റെ പ്രണയേച്ഛ അറിയിക്കാം.. അതുകൊണ്ട് ലജ്ജ വെടിഞ്ഞ് അവൾ ഭീമനെ സമിപിച്ചു തന്റെ മനോഗതം അറിയിച്ചു.... ഭീമസമീപ്യത്തിന്നു അവൾ വലിയ വില കൊടുക്കേണ്ടി വന്നു... തന്റെ സഹോദരന്റെ ജീവൻ !!!!.. ഹിഡുംബിക്ക് പിന്നെ കുന്തിദേവിയുടെ ദാനമായിരുന്നു ഭീമനുമായുള്ള പരിണയം.. അതിനും അവർ കാലാവധി നിശ്ചയിച്ചു ഒരു പുത്രൻ ജനിക്കുന്നത് വരെ ഹിഡുംബിക്ക് ഭീമനോടോത്ത് വാഴാം.
അസുരവംശി തന്റെ പ്രിയതമനോടോത്ത് കുറച്ചു കാലം സസന്തോഷം വാണു.. ആ കാലമാത്രയും ഭീമന്റെ സന്തോഷമായിരുന്നു അവളുടെയും സന്തോഷം. വേട്ടയാടി കൊണ്ട് വന്ന മൃഗങ്ങൾ ഭീമന്റെ ഇച്ഛക്കനുസരിച്ചുള്ളതായിരുന്നു. തന്റെ ആസുര സംസ്കൃതിക്ക് വിഭിന്നമായി ആർഷ ഭാരത സംസ്ക്കാരം അവൾ ഭീമന് വേണ്ടി ഉൾകൊണ്ടു.. മായാവിനിയാണവൾ,.... അതിശക്തയും എന്നിട്ടും അവൾ കുന്തിദേവിയുടെ ആജ്‌ഞ ശിരസ്സാവഹിച്ചു.. കുറച്ചു കാലയളവിൽ കിട്ടിയ സ്നേഹത്തിൽ അവൾ തൃപ്തയായി , ഹിഡുംബി ഒരിക്കലും പരിഭവിച്ചില്ല .. അവൾക്ക് ഭീമനും അവളും തമ്മിലുള്ള അന്തരം അറിയാമായിരുന്നു.. ഹസ്തിനാപുരിയിലെ രാജകുമാരനും അസുരവംശിയായ ഹിഡുംബിയും തമ്മിലുള്ള അന്തരം.... അവൾ ആദ്യമെ മനസ്സിലാക്കിയിരുന്നു... ഉദരത്തിൽ ഉണ്ണിയെയും വഹിച്ചവൾ തങ്ങളുടെ വെർപിരിയലിന്റെ ദിനങ്ങൾ അടുക്കുന്നതും കാത്തിരുന്നു. അവസാനം ആ ദിനം വന്നണഞ്ഞു ഉണ്ണി ഭുജാതനായപ്പോൾ അവൾ കുന്തിദേവിക്ക് കൊടുത്ത വാക്ക് പാലിച്ചു... ഭീമനോട് യാത്ര ചോദിച്ചവൾ വനാന്തരങ്ങളിൽ മറഞ്ഞു..
ഇന്ദ്രപ്രസ്ഥയിൽ യുധിഷ്ഠരൻ വാണപ്പോൾ കുറച്ചു ദിനം കൊട്ടാരത്തിൽ പാർക്കാൻ മകനോടോത്ത് ഹിഡുംബി വന്നു. ഇന്ദ്രപ്രസ്ഥ മഹാറാണിയായ ദ്രൗപതിയുടെ അഥിതിയായ കുറച്ചു നാൾ കൊട്ടാരത്തിൽ വാണു അവൾ.. അന്ന് അവൾക്കു ഭീമനും മറ്റു പാണ്ഡവരുടേയും മേലെയുള്ള പാഞ്ചാലിയുടെ സ്വാധീനം മനസ്സിലായി... ആ കാനനസുന്ദരി തന്റെ പരിമിതികൾ മനസ്സിലാക്കി പെരുമാറി.. തന്റെ കാന്തൻ എന്തു കൊണ്ടാണ് തന്നെ തേടി വരാത്തത് എന്നും അവൾ മനസ്സിലാക്കി, ദ്രൗപതിയുടെ പ്രഭാവം അത്രമാത്രമായിരുന്നു... അത് ഹിഡുംബിയുടെ ജീവിതത്തിലും പ്രതിഫലിച്ചു... ദ്രൗപതിക്കും ഹിഡുംബിയുടെ വരവ് ആശയകുഴപ്പം ഉണ്ടാക്കിയിരുന്നു... ഹിഡുംബിയുടെ വിനയം നിറഞ്ഞ പെരുമാറ്റത്തിലൂടെ കുന്തിദേവിയുടെയും പാഞ്ചാലിയുടെയും മനസ്സിൽ ഇടം നേടിയവൾ.
പിന്നീട് ഭീമനെ അവൾ കാണുന്നത് പാണ്ഡവരുടെ വനവാസക്കാലത്താണ് അന്ന് കുറച്ചു കാലം ഭീമൻ ഹിഡുംബിയോടോത്ത് കഴിഞ്ഞു. ബാല്യവിനോദങ്ങളിൽ മുഴുകിയ ഘടോത്‌കചനോടോത്ത് ഭീമൻ പിതൃധർമം നിറവേറ്റി കഴിഞ്ഞു. അന്ന് ഒരു ദിവസം അവൾ ഒരു കണ്ണാടിയും പിടിച്ചു തന്റെ നാഥന്റെ അടുത്തേക്ക് ചെന്നു, കണ്ണാടി നോക്കുന്നയാളിന്റെ ഇഷ്ടപ്രാണേശ്വന്റെ മുഖം അതിൽ കാണാന്നാവും.. ഭീമൻ നോക്കിയപ്പോൾ കണ്ണാടിയിൽ തെളിഞ്ഞ് വന്നത് ദ്രൗപതിയുടെ മുഖമാണ്. അന്ന് ഹിഡുംബി ഒരുപാട് വേദനിച്ചു... പ്രഥമ പത്നിയായ അവൾക്ക് കിട്ടേണ്ട സ്ഥാനം അവൾക്കു ശേഷം വന്ന പാഞ്ചാലിക്ക് സ്വന്തം... പക്ഷെ തന്റെ വിധിക്ക് വിധേയയാ യവൾ... ഭീമസേനനോട് പരിഭവിച്ചില്ല.... ആ കാനനസുന്ദരി... കാന്തനു വേണ്ടി സഹോദരനെ വേണ്ടയെന്ന് വെച്ചവൾ... ആസുര ശക്തികൾ ഉള്ള അവൾ ഭീമന്റെ സ്നേഹത്തിൽ ഒതുങ്ങി ജീവിച്ചു.. ഒരിക്കലും പരിഭവം പറഞ്ഞില്ല,, ഭീമഹൃത്തിൽ കൃഷ്ണയാണ് എന്ന് മനസിലാക്കിയവൾ വനാന്തരത്തിൽ മകനോടോത്ത് ജീവിച്ചു.
പിന്നെ മഹാഭാരതയുദ്ധത്തിൽ ഭീമപുത്രൻ ഘടോത്‌കചൻ യുദ്ധം ചെയ്യാൻ പാണ്ഡവ പക്ഷത്ത് അണി നിരന്നു. അവൻ ഒറ്റയ്ക്ക് തന്നെ ഒരു പടക്ക് സമമായിരുന്നു..യുദ്ധത്തിന് നേരത്തെ ക്ഷണിക്കാത്തതിന്നു അവനു വലിയച്ഛനായ യുധിഷ്ഠരനോട് പരിഭവമുണ്ടായിരുന്നു.അതെ സമയം ഹിഡുംബി തന്റെ മകന് വേണ്ടി കാട്ടിൽ ഇരുന്നു പ്രാർത്ഥിക്കുകയായിരുന്നു . അവന്റെ ധീരത കണ്ട് വീരന്മാർ പോലും ലജ്ജിച്ചു പോകുന്ന ഒരു നിമിഷം തന്റെ മകന്റെ ജീവിതത്തിൽ ഉണ്ടാകണമെ എന്നായിരുന്നു ആ അമ്മ പ്രാർത്ഥിച്ചത്. പകഷെ യുദ്ധമുന്നണിയിൽ അവന്റെ പരാക്രമം കാരണം, വൻ നാശനഷ്ടമുണ്ടായപ്പോൾ ദുര്യോധനന്റെ അഭ്യർത്ഥനപ്രകാരം കർണൻ ശക്തി എന്ന (വേൽ ) അസ്ത്രത്താൽ വധിച്ചു. യുദ്ധമുന്നണിയിൽ നിന്നുള്ള വിവരങ്ങൾ ഈശാനരൻ എന്ന നിശാചരന്റെ സഹായത്താൽ ഹിഡുംബി അറിയുന്നുണ്ടായിരുന്നു ... മകന്റെ വിയോഗമറിഞ്ഞു ആ മാതാവ് വേദനിച്ചു. തന്റെ ധർമം നിറവേറ്റി അവൻ മരണത്തെ പുല്കി എന്ന് ആ അമ്മ അഭിമാനിച്ചു.. പിന്നെ ആ മാതാവ് യുദ്ധാനന്തരം മകന്റെ ചേതനയറ്റ ശരീരം കാണുവാനാണ് വന്നത്. വീരപരാക്രമിയായ മകന്റെ ഓർമ്മകളിൽ അവൾ പിന്നീടുള്ള ജീവിതം നയിച്ചു.
മകന്റെ വിയോഗം അവളെ തളർത്തിയിരിക്കണം... ഭർതൃവിവേചനം അവൾക്കു സഹ്യമായിരുന്നു പക്ഷെ പുത്രവിയോഗം അസഹ്യവും. പാണ്ഡവരുടെ കുടുംബത്തിലെ ആദ്യ വധുവായിരുന്നു അവൾ.. പക്ഷെ വനചരിയായ ഹിഡുംബിക്ക് ഒരിക്കലും ആ സ്ഥാനമഹിമ ലഭിച്ചില്ല..അവൾക്ക് ശേഷം വന്ന പാഞ്ചാലിക്കും സുഭദ്രക്കും കുരുവംശത്തിൽ വധുസ്ഥാനം ലഭിച്ചപ്പോൾ, ആദ്യവധുവായ ഹിഡുംബി എല്ലാത്തിൽ നിന്നും മാറി ഒരു പരാതിയുമില്ലാതെ അകന്നു നിന്നു.പക്ഷെ യുദ്ധം വന്നപ്പോൾ അവർ താങ്ങളുടെ ഉത്തരവാദിത്തം കൃത്യതയോടെ നിറവേറ്റി. ആ ഘോര യുദ്ധത്തിൽ ഏകപുത്രനെയും നഷ്ടപെട്ടു അവൾ പാണ്ഡവ സമക്ഷത്തിൽ നിന്നും അകലെ എന്നന്നേക്കുമായി പോയി.. ഹിഡുംബി വിലാപം ഇന്നും വനാന്തരങ്ങളിൽ മാറ്റോലി കൊള്ളുന്നു.
സ്മിത പ്രകാശ്
--------=====-------.
--------=====-------.
നന്നായിട്ടുണ്ട്
ReplyDeleteനന്നായി
ReplyDelete