നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വേദവതി

വയലാറിന്‍റെ രാവണപുത്രി എന്ന കവിത വായിച്ചപ്പോള്‍ മുതല്‍ മനസ്സില്‍ കയറിയതാണ് വേദവതി എന്ന കഥാപാത്രം..
ആ കഥാപാത്രത്തെ ഒന്ന് ആവിഷ്ക്കരിച്ച് നോക്കിയതാണ്.. എത്രത്തോളം വിജയിച്ചു എന്നറിയില്ല.. പ്രചോദനമായത് പ്രിയ സുഹൃത്തിന്‍റെ പ്രോത്സാഹനം.
വേദവതി
---------------
വേദവതി കൊടും തപസ്സിലായിരുന്നു..
സൂര്യ രശ്മികള്‍ പോലും കടന്നു വരാന്‍ മടിക്കുന്ന ആ കാനനത്തിനുള്ളിലെ ശിലയ്ക്കുമുകളില്‍ മനസ്സ് ഏകാഗ്രമാക്കി സ്വയം മറന്ന് തപസ്സു ചെയ്യുകയാണവള്‍.. ചുറ്റും നടക്കുന്നതൊന്നുമറിയാതെ..
ഇഷ്ടവരം ലഭിക്കുന്നതിനായി അവള്‍ തപസ്സു തുടങ്ങിയിട്ട് സംവത്സരങ്ങള്‍ പിന്നിട്ടിരിക്കുന്നു..
ഋതുക്കള്‍ മാറി മാറി വന്നു കൊണ്ടിരുന്നു..പക്ഷേ അവളുടെ തപസ്സുമാത്രം നിര്‍വിഘ്നം തുടര്‍ന്നു കൊണ്ടേയിരുന്നു.. അവളെപ്പോലൊരു കോമാളാംഗിയായ യുവതിയ്ക്ക് ഒരിക്കലും താങ്ങാനാവുന്നതല്ല നിബിഡവനത്തിനുള്ളിലെ ഈ തപസ്സ്.. എങ്കിലും അവളുടെ ഇച്ഛാശക്തിക്കു മുന്‍പില്‍ അതൊന്നും ഒരു വിഷയമല്ലായിരുന്നു..
ഈ വേദവതി ആരാണെന്ന് അറിയണ്ടേ..
കുശധ്വജ രാജാവിന് ആറ്റു നോറ്റുണ്ടായ പുത്രിയായിരുന്നു വേദവതി.. അവള്‍ യൗവ്വനയുക്തയായപ്പോള്‍ രൂപവതിയായ അവളില്‍ അനുരക്തനായ ഒരു അസുരന്‍ അവളെ തനിക്ക് വിവാഹം ചെയ്തു തരണമെന്ന് കുശധ്വജനോട് അഭ്യര്‍ത്ഥിച്ചു..
ഒരു അസുരന് തന്‍റെ ഓമനപ്പുത്രിയെ നല്‍കാന്‍ തയ്യാറല്ലായിരുന്നു കുശധ്വജന്‍..
കോപം പൂണ്ട അസുരന്‍ കുശധ്വജനെ കൊലപ്പെടുത്തി..
പിതാവിനെ കൊല ചെയ്ത അസുരനെ തന്‍റെ മിഴികളില്‍ ഉടലെടുത്ത അഗ്നിയാല്‍ വേദവതി ഭസ്മമാക്കി കളഞ്ഞു.
പിതാവിന്‍റെ മരണത്തോടെ നിരാലംബയായിത്തീര്‍ന്ന വേദവതി മഹാവിഷ്ണുവിനെ പതിയായി ലഭിക്കാനുള്ള അഭിലാഷവുമായി വനത്തില്‍ തപസ്സാരംഭിക്കുകയായിരുന്നു..
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും മഹാവിഷ്ണു അവളില്‍ പ്രസാദിച്ചില്ല.. പക്ഷേ പിന്‍മാറാന്‍ വേദവതി ഒരുക്കമല്ലായിരുന്നു..
അവള്‍ തപസ്സു തുടര്‍ന്നു കൊണ്ടേയിരുന്നു..
കൊടിയ മഞ്ഞിനും മഹാമാരിക്കുമൊന്നും അവളുടെ തപസ്സിളക്കാനായില്ല..
അങ്ങനെയിരിക്കെ ഒരു ദിവസം ലങ്കാധിപതിയായ രാവണന്‍ തന്‍റെ ദിഗ്വിജയ യാത്രയ്ക്കിടയില്‍ ആ വനത്തിലുമെത്തി..
വനത്തിനു നടുവില്‍ തപസ്സു ചെയ്യുകയായിരുന്ന വേദവതിയെ കണ്ടപ്പോള്‍ രാവണന്‍ അത്ഭുതപ്പെട്ടു..
'എത്ര സുന്ദരിയായ യുവതി.. എന്തിനു വേണ്ടിയാണ് അവള്‍ തപസ്സനുഷ്ഠിക്കുന്നത്..
മനോഹരമായ അവളുടെ പൂവുടലിന് വേനലും മഞ്ഞുമൊക്കെ താങ്ങാനാവുമോ.. വന്യ മൃഗങ്ങള്‍ അവളെ ആക്രമിക്കില്ലേ..'
വര്‍ദ്ധിച്ച ചിന്തകളോടെ രാവണന്‍ അവളെത്തന്നെ നോക്കി നിന്നു.. നോക്കുന്തോറും ആ സൗന്ദര്യത്തില്‍ അയാള്‍ ആസക്തനായിക്കൊണ്ടിരുന്നു..
'എന്തായാലും അവളെ ഒന്നു വിളിച്ചുണര്‍ത്തി നോക്കാം..'
രാവണന്‍ കരുതി..
''അല്ലയോ മനോഹരീ.. നീയെന്തിനാണ് ഈ കാനനത്തിനു നടുവില്‍ തപസ്സു ചെയ്യുന്നത്..
നാം ലങ്കാധിപതിയായ രാവണനാണ്.. നീ ആരായാലും നിന്നെ വിവാഹം ചെയ്യാന്‍ നാമൊരുക്കമാണ്.. തപസ്സു നിര്‍ത്തി കൂടെ പോന്നാലും..''
വേദവതി ഒന്നും ഉരിയാടാതെ തപസ്സു തുടര്‍ന്നു..
അവളുടെ മൗനം അഹങ്കാരമായി കണ്ട് കോപം പൂണ്ട രാവണന്‍ അവളെ കടന്നു പിടിച്ചു..
''അയ്യോ.. എന്നെ ഉപദ്രവിക്കരുതേ..
ഭയചകിതയായ വേദവതി രാവണനോട് കേണപേക്ഷിച്ചു..
''നിന്നെ നാം വിവാഹം കഴിക്കാം.. മഹാറാണിയാക്കാം..'''
''വേണ്ട.. അങ്ങയുടെ പത്നിയാവാന്‍ എനിക്ക് ഒട്ടും താല്പര്യമില്ല... മഹാവിഷ്ണുവിനെയാണ് ഞാന്‍ പതിയായി ആഗ്രഹിക്കുന്നത്..''
വേദവതിയുടെ മറുപടി കേട്ടപ്പോള്‍ രാവണന്‍റെ കോപം ഇരട്ടിയായി.. അപ്പോഴേക്കും അവളുടെ സൗന്ദര്യം അയാളെ വല്ലാതെ മത്തു പിടിപ്പിച്ചിരുന്നു..
കാമം കൊണ്ട് അന്ധനായിത്തീര്‍ന്ന രാവണന്‍ ബലാല്‍ക്കാരമായി അവളെ കീഴടക്കി..
നിരാലംബയായ ഒരു പെണ്ണിന്‍റെ കരച്ചില്‍ ആ കൊടും വനത്തില്‍ ആരു കേള്‍ക്കാന്‍.. അവള്‍ മൃഗീയമായി പിച്ചിചീന്തി എറിയപ്പെട്ടു..
എല്ലാം കഴിഞ്ഞതിനു ശേഷം വിജയശ്രീലാളിതനായി തിരിച്ചു പോകാനൊരുങ്ങിയ രാവണന്‍റെ മുന്നില്‍ വേദവതി ഒരു തീജ്വാല പോലെ ജ്വലിച്ചു..
''എന്‍റെ കന്യകാത്വം നശിപ്പിച്ച ദുഷ്ടാ.. ഒരു നാള്‍ ഇതിനു നീ കണക്കു പറയേണ്ടി വരും..
എന്നിലൂടെ നിനക്ക് പിറക്കാനിരിക്കുന്ന പുത്രിയിലൂടെയായിരിക്കും നിന്‍റെ അന്ത്യം..''
വേദവതിയുടെ വാക്കുകള്‍ കൂരമ്പുകളായി തന്നില്‍ പതിക്കുന്നതായി ലങ്കേശനു തോന്നി..
പിന്നെയവിടെ ഒരു നിമിഷം നില്‍ക്കാതെ അയാള്‍ ലങ്കയിലേക്ക് തിരിച്ചു..
തപോബലവും ചാരിത്ര്യവും നഷ്ടപ്പെട്ട വേദവതി അതീവ ദുഃഖിതയായിരുന്നു.. അവളില്‍ പ്രതികാരം ആളിക്കത്താന്‍ തുടങ്ങി.. രാവണന്‍റെ കുലം തന്നെ ചുട്ടു ചാമ്പലാക്കുവാന്‍ അത് വെമ്പല്‍ കൊണ്ടു..
പിന്നീട് വേദവതി ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി.. ചോരക്കുഞ്ഞിന്‍റെ മുഖത്തേക്ക് ഒരു മാത്ര നിന്നിര്‍മേഷയായി നോക്കി നിന്ന ശേഷം എന്തോ തീരുമാനിച്ചിട്ടെന്ന പോലെ അവള്‍ ആ കുഞ്ഞിനെ ഒരു പെട്ടിയില്‍ അടച്ച് നദിയിലേക്ക് ഒഴുക്കി വിട്ടു..
അല്‍പ്പനേരത്തിനു ശേഷം വേദവതി ചുള്ളിക്കമ്പുകള്‍ കൂട്ടിയിട്ട് തീ കൂട്ടാന്‍ തുടങ്ങി.. ആളിപ്പടര്‍ന്നുകൊണ്ടിരുന്ന ആ തീയിലേക്ക് അവള്‍ എടുത്ത് ചാടി.. നിമിഷങ്ങള്‍കം അവളുടെ കോമള ദേഹം വെന്തു വെണ്ണീരായി..
നദിയിലൂടെ ഒഴുകി വരുന്ന പെട്ടി മിഥിലാപുരിയിലെത്തിയപ്പോള്‍ തീരത്തിലൂടെ നടന്നു വരികയായിരുന്ന രണ്ട് തസ്ക്കരന്‍മാരുടെ കണ്ണില്‍പ്പെട്ടു..
അവര്‍ നദിയിലേക്ക് എടുത്ത് ചാടി ആ പെട്ടി കെെക്കലാക്കി..
കരയിലേക്ക് എത്തിച്ച് തുറക്കാനൊരുങ്ങവേ കുതിരക്കുളമ്പടി ശബ്ദം കേട്ടു..
രാജ ഭടന്‍മാരുടെ വരവ് മനസ്സിലാക്കിയ തസ്ക്കരന്‍മാര്‍ അടുത്തുള്ള ഭൂമിയില്‍ പെട്ടി കുഴിച്ചിട്ട് ഓടി മറഞ്ഞു..
ആചാര്യന്‍മാരുടെ നിര്‍ദ്ദേശ പ്രകാരം യാഗഭൂമി ഉഴുതുമറിക്കുകയായിരുന്നു ജനക മഹാരാജാവ്.. പെട്ടെന്ന് കലപ്പ എന്തിലോ ഉടക്കി നിന്നു.. രാജന്‍ കുനിഞ്ഞ് അതെന്താണെന്ന് പരിശോധിച്ചു..
അതൊരു പെട്ടിയായിരുന്നു.. പരിവാരങ്ങളെയൊക്കെ സാക്ഷി നിര്‍ത്തി അദ്ദേഹം ആ പെട്ടി തുറന്നു..
കണ്ണുകളെ വിശ്വസിക്കാനായില്ല.. ഉദയ സൂര്യന്‍റെ തേജസ്സോടു കൂടിയ ഒരു ഓമനക്കുഞ്ഞ്..
യാഗഭൂമിയില്‍ നിന്ന് കിട്ടിയ ആ പെണ്‍കുഞ്ഞിനെ ഈശ്വരന്‍റെ വരദാനമെന്ന് കരുതി ജനകരാജന്‍ മാറോടണച്ചു.. അവള്‍ക്ക് മെെഥിലിയെന്ന് നാമകരണം ചെയ്തു..
വര്‍ഷങ്ങള്‍ക്കു ശേഷം നാരദ മഹര്‍ഷിയില്‍ നിന്നും രാവണന്‍ തന്‍റെ മകളെക്കുറിച്ചറിഞ്ഞു..
ജനകരാജാവിന്‍റെ മാനസപുത്രിയായ അവളെ ശ്രീരാമചന്ദ്രന്‍ പാണിഗ്രഹം ചെയ്തതറിഞ്ഞ് സന്തോഷിച്ചു.. അപ്പോളും വേദവതി ഒരു നൊമ്പരമായി അയാളുടെ മനസ്സില്‍ അവശേഷിച്ചു..
ഒരു നാള്‍ രാവണന്‍ ഒരു വാര്‍ത്ത കേട്ടു.. രാമചന്ദ്രന്‍റെ കൂടെ മെെഥിലി വനവാസത്തിനായി പുറപ്പെട്ടു എന്നുള്ള വാര്‍ത്ത.. അത് അയാളെ ദുഃഖത്തിലാഴ്ത്തി..
'കൊട്ടാരത്തിലെ സുഖലോലുപതയില്‍ കഴിയേണ്ട തന്‍റെ പുത്രി വനത്തില്‍ ..'
മകളെ ലങ്കയിലേക്ക് കൂട്ടിക്കൊണ്ടു വരുവാന്‍ അയാളിലെ പിതൃഹൃദയം ആഗ്രഹിച്ചു..
മെെഥിലിയെ കാണാന്‍ പോയ രാവണന്‍ ഒന്നും പറയാതെ അവളെ പുഷ്പകവിമാനത്തില്‍ കയറ്റി ലങ്കയിലേക്ക് കൊണ്ടുപോന്നു..
സ്വന്തം ഭര്‍ത്താവില്‍ നിന്നു വേര്‍പെടേണ്ടിവന്ന മെെഥിലി അശോകവനത്തില്‍ ദുഃഖിതയായി കഴിഞ്ഞപ്പോള്‍ അവളോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ രാവണന്‍റെ മനസ്സ് വെമ്പുകയായിരുന്നു.. പക്ഷേ അപ്പോഴേക്കും പത്നിയെ വീണ്ടെടുക്കാന്‍ ശ്രീരാമചന്ദ്രന്‍ രാവണനുമായി യുദ്ധം തുടങ്ങിക്കഴിഞ്ഞിരുന്നു..
ദിവസങ്ങള്‍ കൊഴിഞ്ഞപ്പോള്‍ യുദ്ധത്തില്‍ രാവണനുണ്ടായിരുന്നത് നഷ്ടങ്ങള്‍ മാത്രമായിരുന്നു.. മക്കളും സഹോദരങ്ങളും നഷ്ടപ്പെട്ടപ്പോള്‍ തന്‍റെ അന്ത്യ ദിനം അയാള്‍ കണ്‍മുന്നില്‍ കണ്ടു..
യുദ്ധത്തിന്‍റെ അവസാന നാളില്‍ രാവണന്‍ അശോകവനിയില്‍ ചെന്നു മെെഥിലിയെ കണ്ടു.. നടന്ന കാര്യങ്ങളെല്ലാം അവളെ ധരിപ്പിച്ചപ്പോള്‍ മെെഥിലി പിതാവിനെ വെറുത്തില്ല.. പകരം മാറില്‍ ചേര്‍ന്നു നിന്നു..
രാമബാണമേറ്റ് വീണു പിടയുമ്പോള്‍ രാവണന് വേദനിച്ചില്ല.. ഉള്ളു നിറയെ മകളെ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു.. വേദവതിയോട് ആയിരം ആവര്‍ത്തി മാപ്പു പറഞ്ഞുകൊണ്ടായിരുന്നു ആ ജീവന്‍ പൊലിഞ്ഞത്..
അജിന സന്തോഷ്

1 comment:

  1. "ഓമലേ ഭീരുവാണച്ഛൻ, അല്ലെങ്കിൽ നിൻ പൂമെയ് സമുദ്രത്തിലിട്ടേച്ചുപോരുമോ " വയലാറിന്റെ ഭാഷ്യത്തിൽ ജലത്തിലൊഴുക്കിയത് രാവണനാണ്,വേദവതി അല്ല.. വയലാറിന്റെ കവിതയെ അധികരിച്ചുള്ള 'ആവിഷ്കാരം'ആയതുകൊണ്ട് ഓർമിപ്പിച്ചതാണ്.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot