Slider

***ഒരു മുട്ട ഉണ്ടാക്കിയ കഥ***

0
***ഒരു മുട്ട ഉണ്ടാക്കിയ കഥ***
അളിയാ... കുരുവിയല്ലടാ, കീരിക്കാടനാ വരുന്നേ... ഓരോ പിരീട് കഴിയുമ്പോളും കൃത്യമായി മുള്ളാൻ പോവുന്ന മുള്ളാനിപപ്പനാണ്(അഭിഷേക്) ആ ഞെട്ടിക്കുന്ന സത്യം പറഞ്ഞത്.
മലയാളം 2nd സുന്ദരമായ കഥകൾ പ്രതീക്ഷിച്ച ഞങ്ങൾക്ക് ഇംഗ്ലീഷ് ഗ്രാമർ കേൾക്കാനാ വിധി. കൽക്കണ്ടമാണെന്ന് കരുതി കല്ലുപ്പ് കടിച്ച അവസ്ഥ...
അതല്ല മെയിൻ പ്രശ്നം, കുരുവിയാണെന്ന് കരുതി ഞാൻ ഫസ്റ്റ് ബെഞ്ചിൽ കേറി ഇരിപ്പാ സെക്കന്റ്‌ ബെഞ്ചിലെ ശരണ്യയെ റൂട്ടാക്കാനാട്ടാ, അത് വേറൊരു കഥയാ.. ശിക്കാരിശംഭുക്കഥ.
കഴിഞ്ഞ ആഴ്ച്ച ഞാൻ അവളുടെ അടുത്തേക്ക് ചെന്നു...
ഇച്ചിരി നാണം,ഇച്ചിരി ടെൻഷൻ,ഇച്ചിരി പേടി മൂന്നും സമം ചേർത്ത് അവളോട്‌ ചോദിച്ചു
"ടീ ഞാൻ ഒരു കാര്യം പറയാനുണ്ട്"
"മ്മ്മ് എന്താ ടാ"
"ഇത് ചോദിക്കുന്നത് കൊണ്ട് നമ്മുടെ ഫ്രെണ്ട്ഷിപ്പിനെ ബാധിക്കരുത് ok?"
അവളുടെ മുഖത്ത് ഇച്ചിരി നാണം വന്നു..
"മ്മ്മ് നീ കാര്യം പറ ചെക്കാ "
"അത്... അതേ... ഈ മെലഡി എന്താ ഇത്ര ചോക്കലേറ്റി ആയത് ?"
നാണം മാറി കട്ടകലിപ്പായി
"പോടാ പട്ടീ..തെണ്ടീ.... ഡാഷേ "
തറ ചവിട്ടിപ്പൊട്ടിച്ച് അവൾ നടന്നു പോയി.
But പിറ്റേന്ന് അവള് ഒരു മെലഡി വാങ്ങി കൊണ്ടതന്നിട്ട് പറയാ തിന്നുനോക്കിക്കോ മോനെ അപ്പൊ അറിയാന്ന്...
മോന്നേ... മനസ്സിൽ ലഡ്ഡു പൊട്ടി...
പിന്നെ ഡെയിലി മെലഡിയാ.
ഇന്നിപ്പോ ഈ ടൈമിൽ കീരിക്കാടൻ കേറി വരുമെന്ന് ഞാൻ അറിഞ്ഞില്ലാലോ.
കീരിക്കാടൻ ഗ്രാമർ തുടങ്ങി.
അല്ലെങ്കിലും ഈ ഗ്രാമർ ഒരു വൃത്തികെട്ട പരിപാടിയാ,
pay-payed- payed
Tell-told-told
feed-fed-fed
പിന്നെന്തിനാ ഈ go-went-gone.. കുന്തം....
Go-goed-goed പോരെ.. ബ്ലഡി കൺട്രി ഇംഗ്ലീഷ്.
ഫസ്റ്റ് ബെഞ്ചിൽ ചുമരിൽ ചേർന്നാ ഇരിപ്പ്, അതാവുമ്പോ ചരിഞ്ഞു ചാരി ഇരിക്കാം മാത്രല്ല കഴുത്തുതിരിക്കാതെ ശരണ്യയെ നോക്കാലോ കണ്ണൊന്നു വെട്ടിച്ചാമതി, സാർ,ശരണ്യ.. ശരണ്യ, സാർ... ആഹഹാ... നല്ല രസം.
കീരിക്കാടന്റെ അടിയുടെ ചൂട് അറിയുന്നതോണ്ട് ക്‌ളാസ്സ്‌റൂം നിശബ്‍ദമാണ്. അപ്പോളാ ഞാൻ അത് ശ്രദ്ധിച്ചത് ഓംലെറ്റിന്റെ മണം...
മ്മ്... ഇതവന്മാരാ,
SBSSR(ഷിഹാബ്, ബിബിൻ, സംഗീത്,ബിബിൻ,സോനു,റോഷൻ)
എല്ലാരും ബാഗ് ലാസ്റ്റ് ഒഴിഞ്ഞുകിടക്കുന്ന ബെഞ്ചിലാ വെക്കാ, ക്ലാസ്സ്‌ ബോറടിച്ചാ ഞങ്ങൾ ഓരോ ചോറുംപത്രം തുറക്കും, മുട്ടവറുത്തതാ മെയിൻ ലക്ഷ്യം, അല്ലെങ്കി കടല, പയർ തുടങ്ങിയവ വച്ച് അഡ്ജസ്റ്റ് ചെയ്യും.
ശ്ശോ ഫസ്റ്റ് ബെഞ്ചിൽ പെട്ടല്ലോ കൃഷ്ണാ...
കീരിക്കാടൻ ബോർഡിൽ എഴുതി തുടങ്ങിയപ്പോ ഞാൻ പിന്നിലേക്ക് തിരിഞ്ഞു, അവന്മാർ കളിയാക്കി ചിരിക്കുന്നു നാറികൾ..
"ഇങ്ങോട്ട് പാസ്സ് ചെയ്യടാ തെണ്ടികളെ "
ഞാൻ സ്പെഷ്യൽ ലാംഗ്വേജ് ഉപയോഗിച്ച് പറഞ്ഞു.
"ഇപ്പൊ ശരിയാക്കിത്തരാം"
ഷിഹാബ് ചെറുവിരൽ ഉയർത്തി ഒറ്റക്കണ്ണടച്ചു കാട്ടി.
കീരിക്കാടൻ പിന്നേം തിരിഞ്ഞു കഥ തുടങ്ങി.
രണ്ടു മിനിറ്റ് കഴിഞ്ഞു പിന്നിൽ നിന്ന് ഉണ്ടപ്പൻ തോണ്ടി(അരുൺ ) ഞാൻ പതുക്കെ വലത്തേ കൈ പുറകിലേക്ക് നീട്ടി, കിട്ടി.. മുട്ട കിട്ടി.. സ്നേഹൊള്ളോമ്മാരാ,
ഞാൻ രണ്ടു ചുമ വച്ച് കാച്ചി, മുഖം പൊത്തുന്നപോലെ സംഭവം വായിലാക്കി...
രണ്ടു പ്രാവശ്യം ചവച്ചു,
ചതിച്ചാശാനേ... ചങ്ക്കൾ ചതിച്ചാശാനേ...
മുട്ടക്കുള്ളിൽ കാന്താരിമുളക് വച്ചിട്ടാ അവന്മാര് തന്നത്.
ഇറക്കാനും തുപ്പാനും വയ്യ.. കണ്ണീന്ന് വെള്ളപ്പൊക്കം വന്നു
വാ മുതൽ മൂട് വരെ എരീഞ്ഞിട്ട് വയ്യ.
ടോം ആൻഡ്‌ ജെറിയിലെ ടോമിന്റെ പോലെ ചെവീന്നും കണ്ണീന്നും മൂക്കീന്നും ഒക്കെ പുക വരുന്ന പോലെ തോന്നി ബാഗ്രൗണ്ടിൽ ട്രെയിനിന്റെ ഹോണടി ശബ്ദം ട്രൂ.......
പിന്നീന്ന് അടക്കി പിടിച്ച ചിരി കേൾക്കുന്നുണ്ട്
ഉള്ളിൽ മ പ ക തുടങ്ങിയ വവ്വല്സ് ചേർത്ത ഭരണിപ്പാട്ടിന്റെ ഈരടികൾ എവിടെനിന്നോ മുഴങ്ങി..
വയ്യാ.. അയ്യോ..
ഞാൻ പതുക്കെ ബെഞ്ചിൽ നിന്ന് എണീറ്റു.
കീരിക്കാടൻ മീശവിറപ്പിച്ചു ഉണ്ടക്കണ്ണുരുട്ടി രൂക്ഷമായി ഒന്ന് നോക്കി,
"മ്മ്.. എന്താ സംഗീതെ.. "
ഞാൻ നിഷേധ ഭാവത്തിൽ തലയാട്ടി
"മ്മ് മ്മ്... "
പിന്നേം ഇരുന്നു.
ഇല്ല സഹിക്കാൻ പറ്റില്ല, പിന്നേം എണീറ്റു..
കീരിക്കാടന്റെ മുഖത്തുപോലും സഹതാപം ഞാൻ കണ്ടു...
"എന്തെങ്കിലും കുഴപ്പം ഉണ്ടോ"
പണ്ടാരം മിണ്ടാനും പറ്റില്ലല്ലോ.. പിന്നേം ഞാൻ മൂളി
"മ്മ് "
"പുറത്തു പോണോ "
ആ ചോദ്യം കേട്ടു കേട്ടില്ല...
ഡസ്കിന്റെ മുകളിലൂടെ ചാടി ഒരൊറ്റ ഓട്ടായിരുന്നു എന്റെ സാറേ...
അന്ന് ഉച്ചക്ക് പനങ്ങാട് സ്കൂളിൽ ഭൂകമ്പംറിക്ടർ സ്കെയിലിൽ 150 രേഖപ്പെടുത്തി.
ശുഭം

Sangeeth
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo