സ്വീറ്റ് കോൺ.
......................
ഒരു പെർഫ്യും വാങ്ങിക്കാനായിരുന്നു ബർ ദുബായിലെ ആ സൂപ്പർ മാർക്കറ്റിൽ പോയത്. ഓരോ മണങ്ങളും ഓർമ്മകളും ഇഷ്ടങ്ങളുമാണ്.. സാപ്പിൾ സോളിഡ് തിരഞ്ഞെടുത്ത് പുറത്തോട്ടിറങ്ങുമ്പോഴാണ് ആ പോപ്പ് കോൺ കൗണ്ടർ കണ്ടത്.
......................
ഒരു പെർഫ്യും വാങ്ങിക്കാനായിരുന്നു ബർ ദുബായിലെ ആ സൂപ്പർ മാർക്കറ്റിൽ പോയത്. ഓരോ മണങ്ങളും ഓർമ്മകളും ഇഷ്ടങ്ങളുമാണ്.. സാപ്പിൾ സോളിഡ് തിരഞ്ഞെടുത്ത് പുറത്തോട്ടിറങ്ങുമ്പോഴാണ് ആ പോപ്പ് കോൺ കൗണ്ടർ കണ്ടത്.
കാലാവസ്ഥ മാറിത്തുടങ്ങിയിരിക്കുന്നു.. ഇളം ചൂടിന്റെ വൈകുന്നേരങ്ങൾക്ക് ഇപ്പോൾ തണുപ്പിന്റെ തലോടലുകൾ.. തണുപ്പിനെ ഞാൻ പ്രണയിക്കുന്നു.. ഓളപ്പരപ്പിൽ ഒഴുകി നീങ്ങുന്ന കൊച്ച് ബോട്ടുകളെ നോക്കി.. അൽപം ഉപ്പ് രസമുള്ള കാറ്റ് ആസ്വദിച്ച് ഒരു ഒഴിഞ്ഞ ചാരു ബെഞ്ചിലിരിക്കണം.. ഈ സമയത്ത് ചൂടു പോപ്പ് കോൺ കൊറിക്കുന്നത് നല്ലൊരു സുന്ദരൻ ആശയം തന്നെ..
എനിക്ക് പത്ത് ദിർഹത്തിന്റെ ഒരെണ്ണം വേണം.. സാൾട്ട് & സ്വീറ്റ് മിക്സ് ആയിട്ട്.. എന്റെ ആവശ്യം കേട്ട് കൗണ്ടറിലെ പെൺകുട്ടി വിടർന്ന കണ്ണുകളോടെ പുഞ്ചിരിച്ചു.. ചില കണ്ണുകൾ എനിക്കിഷ്ടമാണ്.. ചിലരുടെ കണ്ണുകളിലൊരു ശാന്തമായ സമുദ്രമുണ്ട്.. അതിന്റെ ആഴങ്ങളിലേക്ക് നോക്കി ഇരിക്കാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.. മനോഹരമായ നീണ്ട വിരലുകളുള്ള കൈകളാൽ പോപ്പ്കോൺ പാക്കറ്റ് അവൾ എനിക്ക് നേരെ നീട്ടി.. ' സാർ.. ങ്ങൾടെ ഓർഡർ ങ്ങളുടെ മനസ്സിനെ കാണിക്ക്ന്ന്ണ്ട്.. ഉപ്പും മധുരവും.. ജീവിതത്തിൽ ഏതേലും ഒരെണ്ണം തെരഞ്ഞെടുക്കണതായിരിക്കും നല്ലത്.. കണ്ണടച്ച് കുസൃതിച്ചിരി.. ' പൈസ വാങ്ങി വെക്കുമ്പോഴാണ് അവളത് പറഞ്ഞത്.. ഞാൻ അപ്പോൾ അട്ടഹസിക്കുന്നത് പോലെ ചിരിച്ചു.. കാര്യമുള്ള തമാശകൾ എനിക്ക് ആസ്വദിക്കാൻ പറ്റാറുണ്ട്!
ഇല്ല.. തളരില്ല.. അൽപം കൂടുതൽ കിതച്ചാലും ഇന്നീ ദൂരം പിന്നിട്ടേ പറ്റുകയുള്ളൂ... അതി രാവിലെയുള്ള ജോഗിംഗിലാണ്.. അൽപം പ്രയാസമുള്ള ലക്ഷ്യങ്ങൾ ഓരോ ദിവസവും പിന്നിടുന്നതിനേക്കാൾ ആനന്ദം മറ്റെന്തിനാണ്.. മാഷെ.. പിറകിൽ നിന്നുള്ള വിളി കേട്ട് നോക്കിയപ്പോൾ അവളാണ്.. പോപ്പ് കോൺ കൗണ്ടറിലെ പെൺകുട്ടി.
നിങ്ങൾ സ്ഥിരമായി ജോഗിംഗിന് വരാറുണ്ടോ... ഞാനവളോട് ചോദിച്ചു.. തുടങ്ങിയിട്ട് കൊർച്ച് ദെവസായ് ചങ്കേ.. ദുബായ് ഫിറ്റ്നസ് ചലഞ്ച്...ന്താ പറയ.. നി എന്നും ശിലാക്കണന്നാ... വലിയ പരിചയമില്ലാഞ്ഞിട്ടും അവളങ്ങനെ വിളിച്ചതിൽ എനിക്കൊട്ടും അത്ഭുതം തോന്നിയില്ല.. ചിലരോട് അടുക്കാൻ നിമിഷങ്ങൾ മതി.. മറ്റ് ചിലരോട്.....
പിന്നീട് പലയിടത്തായി അവളെ കണ്ട് മുട്ടി... ഗ്ലോബൽ വില്ലേജിൽ.. അബ്രയിൽ... മെട്രോയിൽ.. അങ്ങനെയങ്ങനെ.. എല്ലായ്പ്പോഴും അവൾ ഒറ്റക്കായിരുന്നു!.. നിങ്ങൾ ഫുൾ മലയാളി അല്ലേ? .. അവളുടെ അൽപം കൊഞ്ഞിപ്പുള്ള സംസാരമാവാം എന്നോട് അങ്ങനെ ചോദിപ്പിച്ചത്.. യാ.. മലപ്പുറം.ന്താ യു അങ്ങനെ ചോയിക്കാൻ? അവൾ ഒരു ചില്ല് പാത്രം വീണുടഞ്ഞ പോലെ ചിരിച്ചു... ഇനി എനിക്ക് ചോദ്യങ്ങളാണ്. ഹബ്ബി എന്ത് ചെയ്യുന്നു.. മറുപടിയായി അവൾ ഫോൺ കാണിച്ച് തന്നു.. ഫേസ്ബുക്കാണ്.. ഒരു ബുള്ളറ്റ് ബൈക്കുള്ള ഭർത്താവ് വേണമെന്ന് സ്റ്റാറ്റസ് ഇട്ടിരിക്കുന്നു.. ഇപ്പോൾ ചിരി വന്നത് എനിക്കായിരുന്നു..
നമ്മുടെ നാട്ടിൽ നിന്ന് ഈ പ്രായമുള്ള സിംഗിൾ വുമൺ ഇവിടെ അങ്ങനെ ജോലി ചെയ്യുന്നത് സാധാരണമല്ലല്ലോ... ഒരിക്കൽ എനിക്ക് ചോദിക്കേണ്ടി വന്നു... പതിവില്ലാത്ത ഒരു ഗൗരവം അവളിൽ പടരുന്നുണ്ടായിരുന്നു... ചങ്കേ... ബാപ്പ പണ്ടേ മരിച്ച് പോയീക്ക്ണ്..ഉമ്മേം അനിയത്തീം ണ്ട്.. ഡിഗ്രി കഴിഞ്ഞ് നാട്ടിൽ കിട്ടണ ജോലി ടെ ശമ്പളം അറിയാലോ.. വല്ല പൊട്ടനേം കെട്ടി മൂലക്കിരിക്കാൻ ഞാനില്ല ചങ്കേ..ന്താ പറയ.... നിക്കൊരു ലക്ഷ്യണ്ട്... അത് നല്ല ഓർമ്മ ഉള്ളോണ്ട് എവിടേം ജീവിക്കും.. നല്ല നിലയിൽ തന്നെ ! കരുത്തുള്ള ആ വാക്കുകളിൽ ലയിച്ച് നിൽക്കാനാണ് തോന്നിയത്... ചിലരിൽ അലിഞ്ഞ് ചേരാൻ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്!
എനിക്ക് പത്ത് ദിർഹത്തിന്റെ ഒരെണ്ണം വേണം.. പോപ്പ് കോൺ കൗണ്ടറിന് മുന്നിൽ എന്നെ കണ്ട് അവൾ മനോഹരമായി പുഞ്ചിരി തൂകി... പിന്നേ... സ്വീറ്റ് കോൺ മാത്രം മതി ട്ടൊ... മധുരം മാത്രം.. അത്ഭുതത്തോടെ എന്നെ നോക്കിയ കണ്ണുകളിലെ നീല സമുദ്രത്തിൽ അന്നാദ്യമായി ഒരു തിരയിളകുന്നത് ഞാൻ കണ്ടു.. എന്റെ മനസ്സ് പോലെ.....!
- യൂനുസ് മുഹമ്മദ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക