Slider

.......കോരൻ തെയ്യം.....

0
.......കോരൻ തെയ്യം.....
.........................................
(ഈ കഥയിലെ കഥാപാത്രങ്ങൾ ജീവിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല. ചില പേരുകൾ കടമെടുത്തെന്ന് മാത്രം)
അങ്ങനെ നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം ചാമുണ്ടി കോട്ടത്ത് വീണ്ടും തെയ്യം കൂടി....
"നന്താർവിളക്കിനും തിരുവായുധത്തിനും
അരിയിട്ട് വന്ദിക
ഹരി വർദ്ധിക്ക വാണാളും വർദ്ധനയും
വീണാളും വീരോശ്രീയും
ആണ്ടുവായുസ്സും ശ്രീയും സമ്പത്തും പോലെ
നിരൂപിച്ച കാര്യം സാധിച്ചു കൊടുക്ക
വാഴ്കതാനും കളിക്കതാൻ
കളിക്കീശ്വരൻ പ്രസാദിക്ക
വരികവരിക വേണം വിഷ്ണുമൂർത്തിയാം പരദേവത"
"ഉയ്ൻ്റെ പരദേവതെ വിഷ്ണുമൂർത്തീൻ്റെ തോറ്റല്ലേ ആ കേക്ക്ന്ന്...ഇനിയൊരു ചാമുണ്ടീനാ കാണാൻ യോഗുണ്ടോന്ന് ഞാൻ നിരീച്ചില്ല.നീയൊന്ന് ബേഗം കീഞ്ഞേണെ,തോറ്റം തീരുമ്പക്കെങ്കിലും ആടാ എത്തോമാ...
പുറത്തെ കോലായിലിരുന്ന് നാണിയമ്മ അകത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.
"അല്ലമ്മേ ഇക്കൊല്ലം കോരൻ പണിക്കറെ തെയ്യുണ്ടോലും കോരൻ തെയ്യം"
"ഞാനും കേട്ടിന്...ഓറങ്ങനെ ബെറുതേ ബിടുവാ...ഓറ പോലെ തെയ്യം കെട്ടാൻ പറ്റ്ന്നാ ഒരാളാണ്ടായിനാ ഈടാ...സ്വർണ്ണപ്രശ്നം ബെച്ചപ്പോൾ ഓർക്കൊരു സ്ഥാനം കൊടുക്കാണ്ട് ഈട എത്ര ചാമുണ്ടി കെട്ടിയാലും ശരിയാവൂലാന്നാ കണിയാൻ പറഞ്ഞത്.."
"ഏതായാലും കോട്ടത്ത് തെയ്യം കൂടിയല്ല...പുതിയോരു തെയ്യോം വന്നു കോരൻ തെയ്യം"....
"എന്തെ അമ്മമ്മേ ഇത്രേം കാലം ആട തെയ്യല്ലീഞ്ഞാന്"
"അതൊരു ബെല്ല്യ കഥയാണ്... അമ്മമ്മ മോക്ക് പറഞ്ഞേരാം"
*************************************
പത്ത് വർഷങ്ങൾക്ക് മുമ്പ്...സ്ഥലം ചാമുണ്ടി കോട്ടം....
ആഘോഷ കമ്മിറ്റി പ്രസിഡന്റ് രാഘവേട്ടൻ എഴുന്നേറ്റു നിന്നു..
"എല്ലാരോടും എനക്കൊന്നേ പറയാനുള്ളു.കയിഞ്ഞ കൊല്ലത്തെ മാതിരി അലമ്പുമായിട്ടാണ് ഇപ്രാവശ്യവും നിങ്ങള് തെയ്യം കെട്ടുന്നെങ്കില് ഈട ഇനിമുതൽ തെയ്യം ബേണ്ടാന്ന് നമ്മളങ്ങ് ബെക്കും.നിങ്ങള് ഏട്ടായനിന്മാരുടെ മക്കള് തമ്മിൽ തമ്മിൽ തല്ലീട്ടാ കഴിഞ്ഞ കൊല്ലം തീ ചാമുണ്ടി കൊളായത്...അത് കൊണ്ട് നമ്മളൊരു കാര്യം തീരുമാനിച്ചു... നിങ്ങള് മൂന്ന് കുടുംബക്കാരുടെയും പേര് ഇട്ട് നമ്മള് നറുക്കെടുക്കും പേര് വീണവര് ഇക്കൊല്ലം തീചാമുണ്ടി കെട്ടും എന്താ"
****
വടക്കേ മലബാറിലെ തെയ്യം കുലപതി കണ്ണൻ മുതൂടന് മൂന്ന് ആൺ മക്കളായിരുന്നു.. മൂവരും അച്ഛനെ പോലെ ബഹുകേമന്മാർ..മൂത്തവൻ കേളു പണിക്കർ,രണ്ടാമൻ കോരൻ പണിക്കർ, ഇളയവൻ ചാത്തു പണിക്കർ... മൂത്തവനായ കേളുവും ഇളയവനായ ചാത്തുവും നേരത്തെ മരിച്ചു... ഇനി അച്ഛൻ്റെ പാരമ്പര്യം കാക്കാൻ കോരൻ മാത്രമേ ബാക്കിയുള്ളു...കേളു പണിക്കർക്ക് രണ്ട് മക്കൾ മൂത്തവൻ കണ്ണൻ(അച്ഛൻ്റെ പേര് തന്നെയാണ് മകനും ഇട്ടത്)രണ്ടാമത്തേത് പെണ്ണാണ്.
കോരന് രണ്ടാന്മക്കൾ രണ്ടുപേരും വലിയ ഡോക്ടർമാരാണ് അതുകൊണ്ട് തന്നെ അവർക്ക് തെയ്യം കെട്ടുന്നതിനോട് താല്പര്യമില്ല...ഇളയവൻ ചാത്തൂന് ഒരു പെണ്ണ് മാത്രമേ മകളായുള്ളു..അതുകൊണ്ട് തന്നെ കണ്ണനാണ് ഇളയച്ഛനെക്കാൾ അധികാരവും ആൾബലവും...പക്ഷെ എല്ലാ കൊല്ലവും തെയ്യം കൂടുമ്പോൾ ചാത്തുവിൻ്റെ മരുമോനും(മകളുടെ ഭർത്താവ്, അവനും പേരെടുത്ത തെയ്യക്കാരനാണ്)കണ്ണനും തമ്മിൽ അവകാശത്തിന് വേണ്ടി അടിയാണ്...ഇതിലൊന്നും പങ്കെടുക്കാതെ ഒരു മൂലയിലേക്ക് മാറി നിന്ന് തനിക്ക് കിട്ടുന്ന ഓഹരിയും വാങ്ങി പോകാറാണ് കോരൻ പണിക്കർ എന്നും ചെയ്യാറ്..മാത്രമല്ല വയസ്സ് പത്തെഴുപത് ആയി..അതുകൊണ്ട് തന്നെ പിള്ളേര് കളിക്ക് കോരൻ പണിക്കർ നില്ക്കാറില്ല...പാര്യമ്പരം അനുസരിച്ച് കോരൻ പണിക്കരാണ് തെയ്യം ആര് കെട്ടണമെന്ന തീരുമാനം എടുക്കേണ്ടതെങ്കിലും കണ്ണൻ പണിക്കരുടെ ശബ്ദത്തിന് ഏറാൻമൂളാനെ പാവത്തിന് പറ്റാറുള്ളു...
****
"കോരൻ പണിക്കരെ,ഇപ്രാവശ്യത്തെ നറുക്ക് കോരൻ പണിക്കർക്കാ കേട്ടാ"
"ൻ്റെ പരദേവതെ..."കോരൻ പണിക്കർ അകമുരുകി പ്രാർത്ഥിച്ചു.
"ആ പണിക്കരെ മറ്റെന്നാളാണ് അടയാളം ബാങ്ങേണ്ടത്..ആരാ കെട്ടുന്നതും ബെച്ച് ഓറെ കൊണ്ടര്ണം"
അന്ന് വളരെ സന്തോഷത്തോടെയാണ് പണിക്കര് വീട്ടിലേക്ക് പോയത്.
പക്ഷെ ഇതിനിടയിൽ ഒരു ചതി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണെന്ന് പാവം കോരൻ പണിക്കർ മാത്രം അറിഞ്ഞില്ല...(തുടരും)
(ക്ഷമിക്കണം. ഇതൊരു നാടകത്തിന് വേണ്ടി തയ്യാറാക്കിയതാണ്.അതുകൊണ്ട് തന്നെ ഒരു കഥയിലേക്ക് ചുരുക്കുമ്പോൾ അതിൻ്റെതായ പാകപിഴകൾ കണ്ടേക്കാം.കഥ അല്പം വലുതായത് കൊണ്ടാണ് രണ്ട് ഭാഗങ്ങളായി എഴുതുന്നത്...അഭിപ്രായങ്ങൾ അറിയിക്കുമല്ലോ)
ചില പദ പരിചയങ്ങൾ:
തെയ്യം കൂടുക-കളിയാട്ടം ആരംഭിക്കുന്നതിനെ സൂചിപ്പിക്കുന്നു
കോട്ടം-കളിയാട്ട കാവ്
ബേഗം കീഞ്ഞേണെ-വേഗം റെഡിയാവുക
ഓറ്-അവര്
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo