Slider

നിങ്ങൾക്കായി

0
നിങ്ങൾക്കായി
മനസിന്റെ ഭ്രാന്താലയത്തിൽ വെളിച്ചം കാണാതെ മുരടിച്ചുനിന്ന എന്റെ അക്ഷരങ്ങളെ നിലാവിന്റെ നുറുവെട്ടം നൽകി കൈപിടിച്ചു മെല്ലെ നടത്തി ഒരു ഉദിച്ചുയരുന്ന സൂര്യനുനേരെ നിർത്തി ഇനി ഈ പ്രകാശം നിനക്കുള്ളതാണെന്ന് പറഞ്ഞ് ശിരസ്സുയർത്തി ആ വെളിച്ചത്തെ എന്റെ ഉള്ളിലേക്ക് ആവാഹിപ്പിച്ച് അതിന്റെ ചൂടിൽ ആദ്യമായ് പൊള്ളലേറ്റ് ഞെട്ടിപിടഞ്ഞെഴുനേറ്റ എന്റെ അക്ഷരങ്ങൾക്ക് മുലപ്പാല് നൽകി മടിയിൽ കിടത്തി, തലോടി വാത്സല്യത്തോടെ ദൂരേക്ക് ചൂണ്ടി അനന്തമായ ഭൂമിയുടെ മറ്റൊരറ്റം കാണിച്ചുകൊടുത്തിട്ട് ഇനി ഉണരുക നമുക്ക് വളരെദൂരം സഞ്ചരിക്കാനുണ്ട്.. വിഷമിക്കേണ്ട എന്നും കൂടെ ഞങ്ങളും..... എന്ന് പറഞ്ഞത് എന്റെ അച്ഛനോ അമ്മയോ കൂടെപ്പിറപ്പുകളോ അല്ലായിരുന്നു...... ഈ എഴുത്തിന്റെ ലോകം സമ്മാനിച്ച എന്റെ പ്രിയപ്പെട്ട സൗഹൃദങ്ങൾ ആയിരുന്നു. അതുകൊണ്ട് എന്റെ കടപ്പാടും , ആദരവും , നന്ദിയും സ്നേഹവുമെല്ലാം നിങ്ങൾക്കായി മാത്രം.
ഒരുവർഷം മുൻപാണ് എഴുതാൻ തുടങ്ങിയത്. എന്തൊക്കെയോ ഉള്ളിൽ പൊട്ടിമുളയ്ക്കാറുണ്ടായിരുന്നെങ്കിലും ഒരിക്കലും അവയെ ശ്രദ്ധിച്ചിരുന്നില്ല. പുതുനാമ്പുകൾ പ്രകാശത്തിനായി പിടഞ്ഞിരിക്കാം, വെള്ളത്തിനായി ദാഹിച്ചിരുന്നിരിക്കാം... പക്ഷെ ഞാൻ അറിഞ്ഞില്ല. വയലുകളിൽ നെൽകതിരുകൾക്കിടയിൽ പാകാതെ കിളിയ്ക്കുന്ന പോച്ചപോലെ ചിലത് മുരടിച്ചും, ചിലതു കരിഞ്ഞും , ചിലത് പൂത്തും നിന്നിരുന്നു.... ഞാനറിഞ്ഞില്ല....
എഴുത്തിന്റെ സൗഹൃദപുസ്തകത്തിലെ കുറച്ചു താളുകൾ അറിയാതെ എന്നിൽ വായനയുടെ ഒരു ചുരം തുറന്നുതന്നു... എത്രെയോ ആളുകൾ , എത്രെയോ ആശയങ്ങൾ, നിരൂപണങ്ങൾ, വിമർശനങ്ങൾ , എല്ലാത്തിനുമുപരി പ്രോത്സാഹനങ്ങൾ....... എന്റെ ഉള്ളിലും എന്തോ ഉടക്കിയതുപോലെ.
എത്തിനോക്കാൻപോലും ഞാൻ മടിച്ചിരുന്ന മനസ്സെന്ന മായാ ലോകത്തേയ്ക്ക് കണ്ണടവെച്ച് ഊന്നുവടിയുമായി ഞാൻ നടന്നിറങ്ങി. അക്ഷരങ്ങൾ എന്നെ കണ്ടു ഭയന്ന് ഓടിയൊളിക്കാൻ തുടങ്ങി. മങ്ങിയവെളിച്ചത്തിൽ ഒന്നിനും രൂപമില്ലാത്തതുപോലെ. എവിടെയോ അട്ടഹാസവും തേങ്ങലുകളും ഒരുമിച്ചുയരുന്നപോലെ...ഭ്രാന്തമായ അന്തരീക്ഷം. എന്റെയുള്ളിൽ ഇങ്ങനെയും ഒരുലോകമോ ?
പകച്ചു വിയർത്തുനിന്ന എന്റെ ചുമലിൽ ഒരു നേർത്ത സ്പർശനം.... അത് മറ്റാരുമല്ല നിങ്ങളായിരുന്നു.....
വിറപൂണ്ട കൈകളോടെ ഞാൻ എന്റെ തൂലിക കീശയിൽനിന്നെടുത്തു. ഉണങ്ങിവരണ്ട മഷി ഒന്നുരണ്ടുപ്രാവശ്യം ആഞ്ഞു കുടഞ്ഞപ്പോൾ ദൂരത്തിൽ തെറിച്ചുവീണ തുള്ളികൾ എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. എന്തൊക്കെയോ എഴുതി, എന്തൊക്കെയോ വിട്ടുപോയി , ചിലതൊക്കെ എഴുതാൻ തുനിഞ്ഞപ്പോൾ അക്ഷരങ്ങൾ പിണങ്ങി. ഭാഷയും പ്രയോഗങ്ങളും വർണ്ണനകളും മങ്ങിയ കവിതകളായി കഥകളായ്, സാദൃശ്യം ഇല്ലാത്ത വരികളും, ഒഴുക്കില്ലാത്ത ഭാഷയും, ആഴമില്ലാത്ത വികാരങ്ങളും, കെട്ടുറപ്പില്ലാത്ത കെട്ടിടം പോലെ ഞാൻ പണിതുയർത്തി. തെറ്റുകുറ്റങ്ങൾ കണ്ടുപിടിച്ച് അറ്റുകുറ്റപണികൾക്കായി ആദേശം വന്നപ്പോൾ മെല്ലെ കണ്ണുകൾ ഈറനണിയാൻ തുടങ്ങവേ അശരീരി പോലെ അനേകായിരം ശബ്ദങ്ങൾ.... തളരരുത്..... തുടരുക.......
ഒന്നുമല്ലാത്ത എന്നെ അന്നും താ ങ്ങിനിർത്തിയ തൂണുകൾ നിങ്ങളായിരുന്നു........
അദ്‌ഭുതം തോന്നാറുണ്ട് , ഒരേ ആശയത്തെ ഒരോരുത്തരുടേയും മനസുകൾ എത്രതരത്തിലാണ് കാണുന്നത്... എത്ര വ്യത്യസ്തമായാണ് അവതരിപ്പിക്കുന്നത്. എനിക്ക് എഴുതാനുള്ള പ്രചോദനം കിട്ടിയതും ഈ ആൾകൂട്ടത്തിൽനിന്നുമാണ്. എന്തും തുറന്നു പറയു യുവാനുള്ള സ്വാതന്ത്ര്യം, അക്ഷരങ്ങളിൽ കോർത്തിണക്കി അതിനെ ഏതു രൂപത്തിൽ
ജനിപ്പിക്കാൻ ആഗ്രഹിക്കുന്നുവോ അതേ രൂപത്തിൽ വളർത്തുവാനുള്ള ധൈര്യം... എല്ലാം നിങ്ങൾ തന്നതാണ്.
കുറച്ചുനാൾ മുൻപുവരെ കടൽത്തിരകൾ തട്ടി പുറകോട്ട് നീക്കുമ്പോൾ വെറുതെ നെടുവീർപ്പിട്ട് പൂഴിയിൽ മുഖമൊളിപ്പിക്കുന്ന അകം പൊള്ളയായ പേരില്ലാത്ത ഒരു വസ്തുവായിരുന്നു ഞാൻ. ഇപ്പോൾ അഗാധമായ നീലിമയെ ആകാശത്തോട് കടംവാങ്ങിയ കടലിന്റെ ആഴങ്ങളിൽ ഓളങ്ങളെ ചീർത്തു തൂലികയെ തുഴയാക്കി മുന്നേറുന്ന ചെറുവഞ്ചി പുഞ്ചിരിച്ചുകൊണ്ട് തുഴയുന്നത് ഞാനല്ലേ ??അതേ അത്
ഞാനാണ്. സ്നേഹവും , കണ്ണീരും, പുഞ്ചിരിയും, വാത്സല്യവുമായി ആ കരയിൽ നിൽക്കുന്നത് നിങ്ങൾമാത്രമാണ്....
എന്നെ ഞാനാക്കിയതും, എന്നിൽ ഞാനുണ്ടെന്ന് കാണിച്ചുതന്നതും നിങ്ങളാണ്. എഴുത്തിൽ ഞാൻ മഷിനിറച്ചു. നിങ്ങൾ അതിൽ നിറം കലർത്തി, ഇന്ന് ജീവിതത്തിൽ വർണ്ണോത്സവമാണ്. സ്നേഹത്തിനും , വിരഹത്തിനും, പ്രണയത്തിനും, കണ്ണീരിനും നിറമുണ്ടെന്ന് നിങ്ങൾ
പറഞ്ഞുതന്നു. ഇരുട്ടിന്റെ നിറംകണ്ട് വെളിച്ചത്തിരുന്ന എന്റെ കവിത ചിരിച്ചു. പ്രണയവും,ബാല്യവും , ന്റെ ഗ്രാമവും കടലാസിൽ നിറം വരച്ചപ്പോൾ അമ്മയെന്ന കാണാത്ത പുണ്യം നിറങ്ങളെ തേടി അലഞ്ഞപ്പോൾ കണ്ണീരൊപ്പി എന്നെ മാറോടണച്ചത്‌ നിങ്ങളായിരുന്നു.
ഗർഭാശയത്തിന്റെ ചൂടിൽ മാസംതികഞ്ഞിട്ടും പ്രസവിക്കാതെ ചുരുണ്ടുകൂടികിടന്ന എന്നെ നീണ്ട ശസ്ത്രക്രിയക്ക് ശേഷം പുറത്തെടുത്തു ചില്ലുകൂട്ടിൽ വെച്ച് ചൂടു നൽകി വളർത്തി, പിച്ചവെക്കാൻ തുനിഞ്ഞ
പാദങ്ങളെ കൈവെള്ളയിൽ നടത്തി ഒടുവിൽ നിവർന്നു നിൽക്കാനും നടക്കാനും മാത്രമല്ല ഉയരത്തിൽ പറക്കാനും , ചിറകുകളെ മാത്രം വിശ്വസിക്കാനും പഠിപ്പിച്ചത് മറ്റാരുമല്ല....... അതും നിങ്ങളായിരുന്നു.
ഒരു വീട്ടമ്മയായി മാത്രം
കഴിഞ്ഞിരുന്ന എനിക്ക് നിങ്ങളുടെ മുൻപിൽ ഒരു സ്ത്രീ ശബ്ദമായി നിൽക്കാൻ കഴിയുന്നു എങ്കിൽ അതിനു കാരണം നിങ്ങൾ മാത്രമാണ്.
മനസ്സിൽ നിറഞ്ഞുതുളുമ്പുന്ന സ്നേഹമാണ് എന്നും വാക്കുകളായി പുറത്തുവരുന്നത്. അപ്പോൾ എന്നും പറയാറുള്ളതുപോലെ എല്ലാത്തിനും കടപ്പാട്, നന്ദി , ഒത്തിരി ഒത്തിരി സ്നേഹം...........
സ്നേഹത്തോടെ നിങ്ങളുടെ ജയ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo