നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആവർത്തനങ്ങൾ ( ചെറുകഥ)

ആവർത്തനങ്ങൾ ( ചെറുകഥ)
----------------------------------------------®
പറയണമെന്നാഗ്രഹമുണ്ട്. പക്ഷെ എങ്ങനെ പറയും..? ഇന്നലെയും അമ്മ അപ്പുറത്തു നിന്ന് ഇരുനാഴിയരി കടം വാങ്ങിയാണ് പൊതി കെട്ടിത്തന്നത്. ഇടതോരാത്ത മഴയാണ്. പണിക്കു പോകാൻ കഴിയാത്തതിനാൽ അമ്മക്ക് നല്ല ദേഷ്യവും, സങ്കടവുമുണ്ട്.
വേണ്ട... പറയണ്ട, വെറുതേ അമ്മയെ സങ്കടപ്പെടുത്തേണ്ട...!
നാളെ പണമടയ്ക്കേണ്ട അവസാന ദിവസമാണന്നാണ് മോഹനൻ സാറ് പറഞ്ഞത്. എത്രയോ വർഷങ്ങൾ കൊണ്ട് കൊതിക്കുന്നു.? രാത്രിയിൽ പഠിക്കുമ്പോൾ പലവക ബുക്കിന്റെ പൊതിച്ചിൽ അഴിച്ച് അകത്ത് എഴുതി.
"എന്റെ അമ്മയെ വിഷമിപ്പിക്കാനെനിക്ക് വയ്യ. ആഗ്രഹങ്ങളെല്ലാം ഇവിടെത്തീരട്ടെ...!"
ബുക്ക് പൊതിഞ്ഞു ഭദ്രമായി ട്രങ്കിലെടുത്തു വച്ചു.
ഒരാഴ്ച്ചക്ക് ശേഷം സ്കൂളിൽ നിന്നും " മൈസൂരിലേക്ക് " ടൂർ പോകുന്ന " അമല ട്രാവൽസ് " റോഡിൽക്കൂടിപ്പോകുന്നത് കണ്ട് ഞാൻ ഓടി...! കുന്നിന്റെ മുകളിലേക്ക്. ആർത്തലക്കുന്ന കൂട്ടുകാരുടെ ശബ്ദം ഒരിരമ്പൽ പോലെ അകന്നുപോയി. കുട്ടിച്ചായന്റെ പറമ്പിലെ പറങ്കിമാവിന്റെ മൂന്നാം കവട്ടയിൽ കയറിയിരുന്ന് വിളിച്ചുകൂവിക്കരഞ്ഞു. പതം പറഞ്ഞു കരഞ്ഞു.
ഒരിക്കൽപ്പോലും ടൂർ പോകാനാകാത്ത ദാരിദ്ര്യക്കോലത്തിന്റെ നിസ്സഹായ കണ്ണീർ.!
"അമ്മേ, നാളെച്ചെല്ലുമ്പോ സ്വിമ്മിംങ് പൂളിൽ നീന്താൻ ആഗ്രഹമുള്ളവർ സ്വിമ്മിംങ് സ്യൂട്ടു കൂടി കൊണ്ടുവരണം എന്ന് മിസ്സ് പറഞ്ഞു. " അമ്മയൊന്നു പറയ്യോ... അച്ഛനോട് ഒരു ജോഡി വാങ്ങിത്തരാൻ....?
മകൻ അടുക്കളയിൽ നിന്ന് ഭാര്യയോട് പതിയെ പറയുന്നു. എന്തൊക്കെയോ ഓർത്ത് ഞാൻ വീണ്ടും ചിരിച്ചു..!
© രാജേഷ്.ഡി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot