Slider

പ്രതിഭാസം

0
പ്രതിഭാസം
~~~~~~~
അതുവരെ കണ്ട സ്വപ്നങ്ങളൊന്നും അവന്റെ ഓർമ്മയിലുണ്ടായിരുന്നില്ല. പക്ഷെ അമ്പലത്തിൽ താലപ്പൊലിയെടുത്തുനിന്ന മഞ്ഞ പട്ടുപാവാടക്കാരിയുടെ കണ്ണുകളിലെ ചിരിയും നീണ്ട കൈവിരലുകളും സ്വപ്നങ്ങളിൽ എന്നും കടന്നുവരാൻതുടങ്ങിയപ്പോൾ അവൻ തിരയാൻ തുടങ്ങി.... അവൾക്കായി.
ആഴ്ചകളോളം തിരഞ്ഞിട്ടും നിരാശ മാത്രമായിരുന്നു ഫലം. മീനം കഴിഞ്ഞു... വിഷുവിന് മുറ്റത്ത് പൂത്തുലഞ്ഞുകിടന്ന കണിക്കൊന്നയിൽ നിന്നും ഒരു കുല പറിച്ചെടുക്കുമ്പോൾ കാറ്റത്തിളകിയാടുന്ന ആ മഞ്ഞ പാട്ടുപാവാട അവൻ്റെ മനസ്സിലേക്കോടിവന്നു.
ഒന്നിനും ഉത്സാഹമില്ലാതായിരിക്കുന്നു.
അവധി കഴിയാറായി.
ഇടവം വന്നു. ഇടവപ്പാതിക്കു മഴ തിമിർത്തു പെയ്തു. കട്ടൻ ചായയും കുടിച്ചു നിലക്കടലയും കൊറിച്ചു വരാന്തയിലിരുന്ന് പാടത്തു വെള്ളം നിറയുന്നത് കണ്ടുരസിച്ചു. കാലം തെറ്റിവിരിഞ്ഞ കുടമുല്ലപ്പൂവുകൾ മഴവെള്ളത്തിലൂടൊലിച്ചു പോകുന്നു.
കുടയുമെടുത്ത് വെറുതെ നടന്നു... ഇടവഴിയിലൂടെ.
സ്കൂളിൽ നിന്നും മടങ്ങിവരുന്ന കുട്ടികൾ.. മഴവെള്ളം തെറിപ്പിച്ചു നടക്കുന്ന ആണ്കുട്ടികളും നീളൻ പാവാട ഒതുക്കിപ്പിടിച്ചു ഒതുക്കത്തോടെ വരുന്ന പെൺകുട്ടികളും. പലവർണങ്ങളിലെ കുടകൾ..
അവർ പോകുന്നതുനോക്കി അവൻ കൗതുകത്തോടെ നിന്നു. പെട്ടന്നാണ് ഒരു വൈബ്രേഷൻ അവനിലൂടെ കടന്നുപോയത്. അത്.. അവൻ വേഗത്തിൽ തിരികെ നടന്നു.അവൾക്കു മുന്നിലായി നിന്നു . മുഖം കുനിച്ചു നിന്നിരുന്ന അവൾ അമ്പരപ്പോടെ തലയുയർത്തിനോക്കി. അതെ അവൾ.. പക്ഷെ കണ്ണുകളിൽ ചിരിയില്ല. അമ്പരപ്പ് മാത്രം.
എന്നും വഴിയരികിൽ വൈകുന്നേരങ്ങളിൽ അവൻ കാത്തു നിന്നിരുന്നെങ്കിലും അവൾ ഒന്ന് നോക്കുകകൂടി ചെയ്തിരുന്നില്ല.
മിഥുനത്തിൽ ചെമ്പകം പൂത്തു.. കർക്കടകത്തിൽ വിരിഞ്ഞ പുഴയോരത്തെ താഴമ്പൂ അവിടമാകെ സുഗന്ധപൂരിതമാക്കി.. ചിങ്ങത്തിൽ തുമ്പയും മുക്കുറ്റിയും കോളാമ്പിയും പൂത്തു..
കന്നിമാസത്തിൽ കൊയ്ത്തും കഴിഞ്ഞു.
പക്ഷെ അവന്റെ മനസ്സിലെ മോഹം പൂക്കാതെ തളിർക്കാതെ അങ്ങനെയങ്ങനെ പൊയ്ക്കൊണ്ടിരുന്നു.
തുലാം പിറന്നു. ഇടിയും മഴയും വീണ്ടും വന്നു. പെരുമഴക്കാലം...കരക്കപ്പുറവും ഇപ്പുറവും ഉള്ള പുഴ നിറഞ്ഞൊഴുകി.
കര ഒട്ടുമുക്കാലും വെള്ളത്തിനടിയിലായി. സ്കൂളിൽ പോയ കുട്ടികൾ ബസിറങ്ങി എങ്ങോട്ടുപോകണമെന്നറിയാതെ അന്തിച്ചു നിന്നു. നാട്ടുകാർ നീളൻ വടികൾ കുത്തിപ്പിടിച്ചു ഓരോ കുട്ടിയേയും കൊണ്ട് പോകാൻ തുടങ്ങി. ഒടുവിൽ അവൾ മാത്രം ബാക്കിയായി. സഹായിക്കാൻ ചെന്നവരുടെ കൂടെപ്പോകാൻ കൂട്ടാക്കാതെ അവളാ മഴയത്തുനിന്നു. അവളുടെ കണ്ണുകൾ ഭയം നിറഞ്ഞിരുന്നു. ദൂരെമാറിനിന്നു എല്ലാം കണ്ടുകൊണ്ടുനിന്ന അവനുനേരെ അവൾ നീണ്ട കൈവിരലുകൾ നീട്ടി. കണ്ണുകൾ കൊണ്ട് മന്ദഹസിച്ചു. ഒരുപക്ഷെ അതായിരിക്കണം അവനാഗ്രഹിച്ചിരുന്നത്, പ്രതീക്ഷിച്ചിരുന്നത്, എല്ലാറ്റിലുമുപരിയായി അർഹിച്ചിരുന്നത്..
അവളുടെ കൈകൾ പിടിച്ചു മുട്ടറ്റം വെള്ളത്തിലൂടെ നടക്കുമ്പോൾ അവനത് തിരിച്ചറിഞ്ഞു അടുക്കുംതോറും അകലുകയും അകലുംതോറും അടുക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ് പെണ്ണെന്ന്!.

uma 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo