Slider

മഴ തീരുന്നിടത്ത് , മഴവില്‍ തുടങ്ങുന്നിടത്ത്

0
Image may contain: one or more people, eyeglasses and closeup

ആരോ വരുന്നു.
അരവിന്ദിന്റെ ഉള്ളില്‍ അങ്ങിനെയൊരു തോന്നല്‍ പെട്ടെന്നാണ് ഉണ്ടായത്.ഒന്‍പതു ബി യിലെ മധ്യനിരയിലെ ജനാലയോട് ചേര്‍ന്ന് കിടന്ന ബഞ്ചില്‍ ഇരുന്നു അവന്‍ വാതില്‍ക്കലേക്ക് നോക്കി.ആദ്യത്തെ പീരിയഡ് കഴിഞ്ഞു മലയാളം ടീച്ചര്‍ പുറത്തേക്ക് പോയി. മിഡ്ടേം പരീക്ഷ കഴിഞ്ഞു സ്കൂള്‍ തുറന്ന ആദ്യത്തെ ദിവസമാണിന്ന്.ഉത്തരപേപ്പര്‍ കിട്ടുന്ന ദിവസം.ആദ്യത്തെ പീരിയഡില്‍ കിട്ടിയ മലയാളത്തിന്റെ ആന്‍സര്‍ഷീറ്റുകള്‍ നോക്കുകയാണ് മറ്റുകുട്ടികള്‍.അടുത്തത് കണക്കാണ്.
തുറന്നു കിടക്കുന്ന ക്ലാസിന്റെ വാതിലിലൂടെ സ്കൂള്‍ വരാന്തയും
പുറത്തു പെയ്യുന്ന മഴയും കാണാം..ശൂന്യമായ നീണ്ട വരാന്തയിലൂടെ കണക്ക് പഠിപ്പിക്കുന്ന തോമസ്‌മാഷ്‌ ഇപ്പോള്‍ വരും.
അവന്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി.അവനു ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ് ജനാലയോട് ചേര്‍ന്ന ഈ സീറ്റ്. ഇവിടെയിരുന്നാല്‍ പുറത്തെ കാഴ്ചകള്‍ കാണാം.വലിയ സ്കൂള്‍ മൈതാനം.അതിനരികില്‍ ഒറ്റക്ക് നില്‍ക്കുന്ന ഒരു മാവ്.മൈതാനത്തോട് ചേര്‍ന്നൊഴുകുന്ന ഒരു കൈത്തോട്.അതിനുമപ്പുറം റബ്ബര്‍ തോട്ടങ്ങള്‍.തോട്ടങ്ങള്‍ക്കിടയിലേക്ക് മറയുന്ന ഒരു മണ്‍റോഡ്‌.
എല്ലാം മഴയില്‍ മുങ്ങി നില്‍ക്കുന്നു.ജനാലയിലൂടെ തണുത്ത എരിച്ചില്‍ അകത്തുകയറുന്നുണ്ട്. മഴയുടെ ഒരു തണുത്തതുള്ളി പറന്നു നെറ്റിയില്‍ വീണു.ഉള്ളില്‍ വീണ്ടും ഒരു കാരണമില്ലാത്ത പ്രതീക്ഷ.ആരോ വരുന്നത് പോലെ. ഓരോ തോന്നലുകള്‍.അവന്‍ ഉത്തരക്കടലാസ് നനയാതിരിക്കാന്‍ മടക്കി പുസ്തകത്തില്‍ വച്ചു.പെട്ടെന്ന് ക്ലാസിലെ മര്‍മ്മരം നിലക്കുന്നത് അരവിന്ദ് അറിഞ്ഞു.തോമസ്‌ മാഷ് വരുന്നുണ്ട്.എല്ലാവരും എഴുന്നേറ്റു.
തോമസ്‌ മാഷ്‌ ക്ലാസിലേക്ക് കയറി.ഉത്തരക്കടലാസിന്റെ വെളുത്തകെട്ടു മേശപ്പുറത്ത് വച്ചതിനു ശേഷം വാതില്‍ക്കലേക്ക് നോക്കിപ്പറഞ്ഞു.
“ഇങ്ങു കയറിപ്പോരെ..”
അരവിന്ദ് വാതില്‍ക്കലേക്ക് നോക്കി.
മഴപെയ്തു കിടന്ന വരാന്തയില്‍ നിന്ന് ഒരു പെണ്‍കുട്ടി ക്ലാസിലേക്ക് കയറിവന്നു.തോളില്‍കിടന്ന ബാഗില്‍ കൈയമര്‍ത്തി അവള്‍ പരിഭ്രമവും ലജജയും കലര്‍ന്ന മുഖത്തോടെ ക്ലാസ്സിനെ നോക്കി.
“ഇത് മായാ ഗോപിനാഥ്.ഇന്ന് മുതല്‍ മായയും നിങ്ങളോടൊപ്പമുണ്ട്.കുറച്ചു വൈകി നമ്മുടെ സ്കൂളില്‍ ചേര്‍ന്നത്‌ കൊണ്ട് നിങ്ങള്‍ മായയെ ഒന്ന് ഹെല്‍പ്പ് ചെയ്യണം.”
തോമസ്‌ മാഷ്‌ ആ കുട്ടിയെ ക്ലാസിനു പരിചയപ്പെടുത്തി.
അവള്‍ ഒന്നാമത്തെ ബെഞ്ചിന്റെ മൂലയില്‍ പോയിരുന്നു.മഴയത്തു വന്നത് കൊണ്ടാകാം അവളുടെ മുഖം നനഞ്ഞിരിക്കുന്നു.ബാഗില്‍ നിന്ന് തൂവാലയെടുത്ത് അവള്‍ മുഖം തുടച്ചു.പിന്നെ ബാഗ് തുറന്നു ഒരു നോട്ടുബുക്കും ബോക്സും മേശയില്‍ വച്ചു.അപ്പോഴേക്കും തോമസ്‌ മാഷ്‌ ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയിരുന്നു.
അവള്‍ തൊട്ടു അടുത്തിരിക്കുന്ന സുനിതയുടെ നോട്ടുബുക്ക് വാങ്ങി നോക്കുന്നത് അരവിന്ദു കണ്ടു.സ്വര്‍ണ്ണനിറമുള്ള കാപ്പ് ഉള്ള കറുത്ത മഷിപ്പേന കൊണ്ടാണ് അവള്‍ എഴുതുന്നത്‌.
അവളുടെ ചലനങ്ങളില്‍ മനോഹരമായ ഒരു താളം ഉണ്ടെന്നു അവനു തോന്നി.
“അരവിന്ദ് നായര്‍ ....” തോമസ്‌ മാഷിന്റെ ശബ്ദം കേട്ട് അവന്‍ ഞെട്ടി എഴുന്നേറ്റു.
അവന്‍ ചാടി എഴുന്നേറ്റു പേപ്പര്‍ വാങ്ങി.അവന്‍ എഴുന്നേറ്റപ്പോള്‍ ഒരുനിമിഷം അവള്‍ തിരിഞ്ഞു നോക്കുന്നതു കണ്ടു.ഒരേ ഒരു നിമിഷം അവരുടെ നോട്ടങ്ങള്‍ ഇടഞ്ഞു.
അന്ന് മുതലാണ് അരവിന്ദ് മായ എന്ന ആ പെണ്‍കുട്ടിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.വിശദീകരിക്കാന്‍ കഴിയാത്ത ഒരു അടുപ്പം അവനു അവളോട് തോന്നി.പക്ഷെ അവളോട്‌ സംസാരിക്കാനോ അവളുടെ മുഖത്ത് നോക്കാനോ അവനു ഭയമായിരുന്നു.അല്ലെങ്കില്‍ത്തന്നെ അരവിന്ദ് അവന്റെ ക്ലാസിലെ ഏറ്റവും നിശബ്ദനായ കുട്ടികളില്‍ ഒരാളായിരുന്നു.
ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ അരവിന്ദ് ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി.വര്‍ഷാവസാന പരീക്ഷക്ക് കുറച്ചു നാളുകളെ ബാക്കിയുണ്ടായിരുന്നത് കൊണ്ട് അവള്‍ ക്ലാസില്‍ വന്നാല്‍ പഴയ നോട്ടുബുക്ക് നോക്കി പകര്‍ത്തലും മറ്റുമായി കൂടുതല്‍ സമയം പഠനത്തിനു ചെലവഴിച്ചു.എങ്കിലും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ എല്ലാവരുമായി കൂട്ടായി.പക്ഷെ അരവിന്ദും അവളും തമ്മില്‍ ഒരിക്കലും സംസാരിച്ചില്ല.ഒന്ന് രണ്ടു പ്രാവശ്യം ഇന്റര്‍വെല്‍ സമയത്ത് വെള്ളം കുടിക്കാന്‍ പബ്ലിക്ക് ടാപ്പിന്റെ അരികില്‍ വച്ചു അവര്‍ തമ്മില്‍ ഒറ്റക്ക് കണ്ടുമുട്ടി.പിന്നീട് ഫിസിക്ക്സ് ലാബില്‍ ,അവര്‍ പരസ്പരം നേര്‍ക്ക് നേരെ നിന്ന് എക്സ്പെരിമെന്റ് ചെയ്തു.അവര്‍ പരസ്പരം നോക്കിയെങ്കിലും സംസാരിക്കുകയോ ചിരിക്കുകയോ ചെയ്തില്ല.ആ സമയങ്ങളില്‍ അരവിന്ദിന്റെ നെഞ്ചു വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.
പക്ഷെ അവള്‍ മറ്റു ആണ്‍കുട്ടികളോട് സംസാരിക്കുന്നത് അവന്‍ കണ്ടിരുന്നു.അരവിന്ദിനെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ തക്ക പ്രത്യേകതകള്‍ ഒന്നുമില്ലായിരുന്നു.ആവറേജ് മാര്‍ക്ക് വാങ്ങുന്ന ഒരു മിഡില്‍ബെഞ്ച്‌ വിദ്യാര്‍ഥി.അവനു അധികം കൂട്ടുകാരും ഉണ്ടായിരുന്നില്ല.കഴിഞ്ഞവര്‍ഷമാണ്‌ അവന്‍ ഗ്രാമപ്പ്രദേശത്തെ ആ സ്കൂളിലേക്ക് വന്നത്.അതിനു മുന്പ് അവന്‍ അച്ഛന്റെ കൂടെ പട്ടണത്തിലെ ഒരു സ്കൂളിലായിരുന്നു പഠിച്ചത്.അവന്റെ അമ്മ അവന്‍ ജനിച്ചു നാല് വയസ്സായപ്പോഴേക്കും മരിച്ചുപോയിരുന്നു.ഈ ഗ്രാമത്തിലാണ് അവന്റെ അമ്മയുടെ വീട്.ഇപ്പോള്‍ അമ്മൂമ്മ മാത്രമേ ആ വീട്ടില്‍ ഉള്ളു.അരവിന്ദിന്റെ അച്ഛന്‍ ഗള്‍ഫിലേക്ക് പോയത് കൊണ്ടാണ് അവന്‍ അമ്മയുടെ ഗ്രാമത്തിലെ സ്കൂളില്‍ ചേര്‍ന്നത്‌.
അവളോട്‌ തോന്നുന്ന ആ എന്തോ ഒന്ന് പ്രേമമാണോ അല്ലയോ എന്ന് അവനു നിശ്ചയമില്ലായിരുന്നു.അത് എന്താണ് എന്ന് അവന്‍ ചുഴിഞാലോചിക്കുമ്പോഴോക്കെ ഒരു വനത്തിലേക്ക് ഒറ്റക്ക് നടന്നു കയറുന്നതു പോലെ നിശബ്ദത അവന്റെ ഉള്ളില്‍ ഉറഞ്ഞുകൂടി.അജ്ഞാതമായ ആ ആകര്‍ഷണം അവന്റെ ആത്മാവിന്റെ ഉള്ളില്‍ നിന്നെവിടെയോ ആണെന്ന് അവനു തോന്നിയത് ആ ഇംഗ്ലീഷ് ക്ലാസിനു ശേഷമായിരുന്നു.
മഴയെക്കുറിച്ച് ഖലില്‍ ജിബ്രാന്‍ എഴുതിയ song of the rain എന്ന കവിത അവര്‍ക്ക് പഠിക്കാന്‍ ഉണ്ടായിരുന്നു.ആ ക്ലാസില്‍ ടീച്ചര്‍ ആ പാഠത്തില്‍ നിന്ന് ക്ലാസ് ടെസ്റ്റ്‌ നടത്തി.അതിനു ശേഷം ഉത്തരകടലാസുകള്‍ പരസ്പരം വച്ച് മാറി മാര്‍ക്ക് ഇടാന്‍ കുട്ടികളെത്തന്നെ ഏല്‍പ്പിച്ചു.അവനു ലഭിച്ചത് മായാ ഗോപിനാഥിന്റെ ഉത്തരക്കടലാസായിരുന്നു.
നീലമഷിയില്‍ ഭംഗിയുള്ള ആ കൈപ്പട കണ്ടു അവന്റെ ശരിക്കും ഞെട്ടി.അവന്‍ ലോകത്തില്‍ ഏറെ സ്നേഹിക്കുന്ന ഒരു കൈപ്പടയായിരുന്നു അത്.
I am the sigh of the sea;
The laughter of the field;
The tears of heaven.
So with love—
Sighs from the deep sea of affection
Laughter from the colorful field of the spirit
Tears from the endless heaven of memories.
ഓര്‍മ്മകളുടെ അനന്തമായ സ്വര്‍ഗത്തില്‍ നിന്നും പൊഴിഞ്ഞുവീഴുന്ന കണ്ണുനീരാണ് മഴ .ജിബ്രാന്റെ വരികള്‍..
അരവിന്ദ് പുറത്തേക്ക് നോക്കി.എല്ലാം രഹസ്യങ്ങളും അറിയാവുന്നത് പോലെയൊരു മഴ പുറത്തു പെയ്യുന്നു.ശൂന്യമായ വലിയ മൈതാനത്തിനരികില്‍ ഒറ്റക്ക് മഴ നനയുന്ന മാവ്.അതിനുമപ്പുറം മഴയുടെ വെളുപ്പില്‍ മുങ്ങിനില്‍ക്കുന്ന തോട്ടങ്ങള്‍.
അങ്ങിനെ വരുമോ ?രണ്ടു പേര്‍ക്ക് ഒരേ കൈപ്പട ഉണ്ടാകുമോ ? അവന്‍ ചിന്തിച്ചു.ഇല്ല .ഇതൊക്കെ ഒരു പക്ഷെ തന്റെ തോന്നലാകാം.
ഉത്തരക്കടലാസ് തിരികെ നല്‍കിയപ്പോഴും മായ ,അരവിന്ദിനെ നോക്കി.പക്ഷെ അവളുടെ നോട്ടം നേരിടുന്നതിനു മുന്‍പേ അവന്‍ മുഖം കുനിച്ചു.അകാരണമായ ,എന്നാല്‍ മധുരിതമായ ഒരു ആകാംക്ഷ അവന്റെ ഉള്ളില്‍ നിറഞ്ഞു.
അന്ന് വീട്ടില്‍ എത്തിയപ്പോള്‍ അവന്‍ അമ്മയുടെ മുറിയില്‍ കയറി..അമ്മയുടെ മുഖം അവന്റെ ഓര്‍മ്മയിലില്ല.ആ മുറിയില്‍ അവന്‍ വല്ലപ്പോഴുമേ കയറുകയുള്ളൂ.മനസ്സിനു എന്തെകിലും ബുദ്ധിമുട്ട് തോന്നുമ്പോള്‍ അവന്‍ ആ മുറിയില്‍ കയറും.അവിടെ അമ്മയുടെ ഗന്ധമുണ്ട്.ഒരു സാന്ത്വനിപ്പിക്കുന്ന ഗന്ധം. അവനു അമ്മയെക്കുറിച്ച് തീരെ ഓര്‍മ്മയില്ല.ഓര്‍മ്മകള്‍ ഉറയ്ക്കുന്ന തന്റെ കുഞ്ഞുനാളിലെ ഏതോ വൈകുന്നേരം മുറിയിലെ ജനാലയഴികളില്‍ മുഖമര്‍ത്തി ദൂരേക്ക് നോക്കിനില്‍ക്കുന്ന അമ്മയുടെ രൂപം അവന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്.അവന്റെ അമ്മക്ക് എന്തോ അസുഖമായിരുന്നു.അവന്റെ പ്രസവിച്ച ശേഷവും അവര്‍ ഏറിയനാളും ആ മുറിയില്‍ തനിച്ചാണ് കഴിഞ്ഞിരുന്നതെന്നാണ് അമ്മൂമ്മ പറഞ്ഞിട്ടുള്ളത്.അമ്മക്ക്...അമ്മക്ക് ഇപ്പോഴും ആര്‍ക്കും എന്താണ് എന്ന് വ്യക്തമായി അറിയില്ലാത്ത ഏതോ അസുഖമായിരുന്നുവത്രേ.
പുറത്തു ഒരു മഴ പെയ്തുതുടങ്ങുന്ന ശബ്ദം.മുറിയില്‍ മഴയുടെ തണുപ്പ്.
അവന്‍ പഴയ അലമാര തുറന്നു.അതില്‍ ഇപ്പോഴും അമ്മയുടെ വസ്ത്രങ്ങള്‍ അമ്മൂമ്മ സൂക്ഷിച്ചിട്ടുണ്ട്.അമ്മയുടെ സാരികള്‍ക്കിടയിലൂടെ അവന്‍ വിരലോടിച്ചു.കൈതപ്പൂക്കളുടെ ഓര്‍മ്മകളില്‍ പൊതിഞ്ഞ സ്നേഹഗന്ധം അവനെത്തൊട്ടു.ഏറ്റവും മുകളിലത്തെ അറയില്‍ അമ്മ പഠിച്ച പുസ്തകങ്ങളും നോട്ടുബുക്കുകളും ഇരിപ്പുണ്ടായിരുന്നു.അമ്മ കവിതയെഴുതുമായിരുന്നു എന്നു അമ്മൂമ്മ പറഞ്ഞു അവന്‍ കേട്ടിട്ടുണ്ട്.അവന്‍ അമ്മയുടെ പഴയ നോട്ടുബുക്കുകളില്‍ ഒന്നെടുത്തു. മിക്ക നോട്ട്‌ബുക്കുകളും അവന്‍ തുറന്നു നോക്കിയിട്ടുണ്ട്.തന്നെക്കുറിച്ച് അമ്മ എവിടെയെങ്കിലും എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്നറിയാന്‍.ഒന്നും ഇത്രനാളും അവന്‍ കണ്ടിട്ടില്ല.അവനു കവിതകള്‍ അത്ര താല്പര്യമില്ലായിരുന്നു.അമ്മയുടെ കവിതകളില്‍ അവനു ഏറ്റവും ഇഷ്ടമുള്ളത് പക്ഷെ മഴവില്ലിനെ ക്കുറിച്ച് എഴുതിയ ആ കവിതയാണ്.
Time for me to go now
I won't say goodbye
Look for me in rainbows
Way up in the sky
മരിക്കുന്നതിനു മുന്‍പ് അമ്മെയെഴുതിയ ആ മഴക്കവിതയിലെ കൈപ്പട അവന്‍ പരിശോധിച്ചു .ഒരു വ്യത്യാസവുമില്ല.തന്റെ അമ്മയുടെയും മായയുടെയും കൈപ്പട ഒന്നുതന്നെ.വള്ളിയും അക്ഷരങ്ങളുടെ വലിപ്പവും എല്ലാം ഒരുപോലെ.
കണ്ണാടി ജനാലയില്‍ മഴയുടെ കയ്യക്ഷരങ്ങള്‍ തെളിയുന്നത് അരവിന്ദ് കണ്ടു..നിശബ്ദമായി ആരോ ഒരു താരാട്ട് മൂളുന്നത് പോലെ പുറത്തു മഴപെയ്തു കൊണ്ടിരുന്നു .
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു അവന്‍ ഗൂഗിളില്‍ പരതി.രണ്ടുപേര്‍ക്ക് ഒരേ കൈയക്ഷരം വരാന്‍ സാധ്യത ഇല്ലയെന്നു അവന്‍ വായിച്ചു.വിരലടായാളം പോലെ വ്യക്തികളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗം കൂടിയാണ് കൈപ്പട.പ്രത്യക്ഷത്തില്‍ ഒരുപോലെ തോന്നുമെങ്കിലും ,നല്ല ഒരു കാലിഗ്രാഫര്‍ക്ക് അവ തമ്മില്‍ ഉള്ള വ്യതാസം തിരിച്ചറിയാമത്രേ.
ഒരു മഴയില്‍ നിന്ന് പൊടുന്നനെ തന്റെ ദിവസങ്ങളിലേക്ക് കയറിവന്ന മായ എന്ന പെണ്‍കുട്ടിക്കും ഏകദേശം പതിമൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയ തന്റെ അമ്മക്കും ഒരേ കൈപ്പട.ഒരുപക്ഷെ തന്റെ തോന്നലാകാം.കൂടുതല്‍ പരിശോധിക്കണമെങ്കില്‍ മായയുടെ കൈപ്പടയുള്ള ഏതെങ്കിലും നോട്ടോ കടലാസോ കയ്യില്‍വേണം.
അരവിന്ദ് അമ്മുമ്മയുടെ മുറിയിലേക്ക് ചെന്നു.തടിയലമാരകളില്‍ നിറച്ച പുസ്തകങ്ങള്‍ക്കിടയില്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകം തിരികെ വച്ചതിനു ശേഷം അവര്‍ സ്വര്‍ണ്ണനിറമുള്ള ഫ്രെയിമുള്ള കണ്ണാടി സെറ്റ് സാരിയുടെ കോന്തല കൊണ്ട് തുടച്ച ശേഷം അവനെ സ്നേഹപൂര്‍വ്വം നോക്കി.അമ്മൂമ്മ സര്‍ക്കാര്‍സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനു ശേഷം പെന്‍ഷന്‍തുക കൂടുതലും ചെലവഴിക്കുന്നത് പുസ്തകങ്ങള്‍ വാങ്ങാനാണ്.അമ്മ മരിച്ചു കുറെനാള്‍ കൂടി കഴിഞ്ഞു അപ്പൂപ്പനും മരിച്ചതോടെ പാടത്തിനു നടുവിലിരിക്കുന്ന ഈ വലിയവീട്ടില്‍ അമ്മൂമ്മക്ക് കൂട്ട് പുസ്തകങ്ങളാണ്.
“എന്ത് പറ്റി കുട്ടന്‍ അമ്മയുടെ മുറിയില്‍ പോയിരിക്കുന്നത് കണ്ടല്ലോ...?”അമ്മൂമ്മ അവന്റെ തലയില്‍ തടവി .
.
“നാളെ മുതല്‍ ഞാന്‍ ഉച്ചക്ക് ഇവിടെനിന്ന് കഴിച്ചാലോ
എന്നാലോചിക്കുവാ അമ്മുമ്മേ.സ്കൂളിലെ കാന്റീനിലെ ഊണൊരു സുഖമില്ല.”
രാവിലെ അമ്മൂമ്മയെ കൊണ്ട് ചോറ് കെട്ടിക്കാന്‍ ബുദ്ധിമുട്ടായത് കൊണ്ട് അവന്‍ സ്കൂളിലെ കാന്റീനില്‍നിന്നാണ് കഴിക്കുന്നത്‌.
“ഞാന്‍ നിന്നോട് എത്രപ്രാവശ്യം പറഞ്ഞു ഇവിടെ വന്നു ചോറുണ്ടിട്ടു പോയാല്‍ മതിയെന്ന്.ആ സൈക്കിളില്‍ ഇവിടെ വരെ വന്നാല്‍ മതിയല്ലോ.” അമ്മൂമ്മ പറഞ്ഞു.
പിറ്റേന്ന് കോമ്പോസിഷന്‍ ബുക്ക് എടുക്കാന്‍ ക്ലാസ് ലീഡറിനൊപ്പം സ്റ്റാഫ് റൂമില്‍ച്ചെന്നുപ്പോള്‍ രഹസ്യമായി അവന്‍ അവളുടെ ബുക്ക് പരിശോധിച്ചു.അവളുടെ കൈപ്പടയിലൂടെ അവന്‍ വിരലോടിച്ചു.അത് അവന്റെ അമ്മയുടെ ,അതേ കൈപ്പടതന്നെ ആയിരുന്നു.ആത്മാവിന്റെ ആകാശത്തിലേക്ക് ഒരു വെളുത്തപ്രാവ് വരുന്നത് പോലെ..അതിന്റെ തൂവെള്ളചിറകുകള്‍ തൂവല്‍ കൊഴിക്കുന്നത് പോലെ.
ക്ലാസില്‍ ഇരിക്കെ അവള്‍ എഴുതുന്നത് അവന്‍ ശ്രദ്ധിക്കാന്‍ തുടങി.അവള്‍ ഉപയോഗിക്കുന്ന സ്വര്‍ണ്ണനിറമുള്ള ആ കറുത്ത മഷിപ്പേനക്ക് എന്തോ പ്രത്യേകത ഉള്ളത് പോലെ അവനു തോന്നി.
സ്കൂളില്‍ നിന്ന് അരവിന്ദിന്റെ വീട്ടിലേക്ക് വരുന്ന വഴിയില്‍ത്തന്നെയാണ് മായ താമസിച്ചിരുന്നത്. ഇരുവശത്തും റബ്ബര്‍ത്തോട്ടങ്ങള്‍ നിറഞ്ഞ ഒരു മണ്‍റോഡില്‍ നിന്ന് ഒരല്‍പം മാറി നീലനിറമുള്ള ഒരു വാടക വീടായിരുന്നു അത്.അവളുടെ അമ്മ തൊട്ടു അടുത്ത ഗ്രാമത്തില്‍ ത്തന്നെയുള്ള പബ്ലിക്ക് ഹോമിയോ ഹോസ്പ്പിറ്റലില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്.അമ്മയല്ലാതെ മായയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.രാവിലെ സ്കൂട്ടറില്‍ ഒരുമിച്ചിറങ്ങുന്ന അമ്മയും മകളും.ഹോസ്പിറ്റല്‍ വിട്ട് വൈകുന്നേരം അമ്മ മായയെ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ട് വരും.
അന്ന് സ്കൂളില്‍ ആര്‍ട്ട്ഫെസ്റ്റിവല്‍ ആയിരുന്നു. ഉച്ചക്ക് വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചുവെന്നു വരുത്തിയതിനു ശേഷം അവന്‍ സൈക്കിളില്‍ സ്കൂളിലേക്ക് തിരികെ വരുന്ന വഴി മായയുടെ വീടിനു സമീപം സൈക്കിള്‍ ഒതുക്കി.വിജനമായ റോഡില്‍ നിന്നും ഒരല്‍പം ഉള്ളില്‍ മാറിയിരിക്കുന്ന വീടിന്റെ നീലനിറം അവന്‍ മരങ്ങള്‍ക്കിടയില്‍ കണ്ടു.സൈക്കിള്‍ ആരും ശ്രദ്ധിക്കാത്ത വിധത്തില്‍ റോഡരികില്‍ നിന്നും ഒരല്പം മാറ്റി ഒതുക്കിയ ശേഷം അവന്‍ പരിസരം നിരീക്ഷിച്ചു.ഉച്ചനേരത്ത് ആ ഗ്രാമപാതയിലൂടെ യാത്രക്കാര്‍ വളരെകുറവാണെന്ന് അവനു അറിയാമായിരുന്നു.ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പാക്കിയതിനു ശേഷം അവന്‍ വീടിനരികിലേക്ക് നടന്നു.മുറ്റത്തു എത്തിയതിനു ശേഷം വീടിനു മുന്‍പിലെ ചെടിച്ചട്ടി ഉയര്‍ത്തി നോക്കി.അതിനടിയില്‍ വീടിന്റെ താക്കോലുണ്ടായിരുന്നു.
ചെരിപ്പ് ഒളിച്ചുവച്ചതിനു ശേഷം അവന്‍ മെല്ലെ വാതില്‍തുറന്നു അകത്തു കയറി.ഭീതി കൊണ്ട് അവന്റെ നെഞ്ചു മിടിക്കുന്നുണ്ടായിരുന്നു..കയറിയതിനു ശേഷം അവന്‍ വാതിലടച്ചു കുറ്റിയിട്ടു.
വൃത്തിയും ചിട്ടയുമുള്ള രീതിയില്‍ ഉപകരണങ്ങള്‍ ക്രമീകരിച്ച ഹാളും മൂന്ന് മുറികളും ഉള്ള വീടായിരുന്നു അത്..സ്വീകരണമുറിയില്‍ രണ്ടു സോഫയും ഒരു ദിവാന്കോട്ടും.ഭിത്തികള്‍ക്കും ഇളം നീല നിറമായിരുന്നു.ബെഡ് റൂമുകളിലൊന്നിലെ മേശയില്‍ അവളുടെ ബാഗും പുസ്തകങ്ങളും ഇരിക്കുന്നതു കണ്ടപ്പോള്‍ അത് മായയുടെ ബെഡ് റൂം ആണെന്ന് അവനു മനസ്സിലായി.ഇന്ന് പഠിപ്പില്ലാത്തത് കൊണ്ട് ബാഗ് അവള്‍ കൊണ്ട് പോയിട്ടില്ല.അവന്‍ ആ മുറിയില്‍ കയറി.
റോസ് നിറമുള്ള കര്‍ട്ടനുകള്‍ കൊണ്ട് ജനാല മറഞ്ഞു കിടന്നു.കട്ടിലില്‍ നീലപ്പൂക്കള്‍ പ്രിന്റ്‌ ചെയ്ത ബെഡ് ഷീറ്റ് വിരിച്ചിരിക്കുന്നു അവന്‍ അതില്‍ ഇരുന്നു.ആ മുറിയില്‍ അതിപരിചിതമായ ഒരു ഗന്ധം അവന്‍ തിരിച്ചറിഞ്ഞു.അത് അവളുടെ ഗന്ധമാണ്.മേശയിലെ സി.ഡി പ്ലെയറിനരികില്‍ ചുവന്ന പൂക്കളും വലിയ ഇലകളും നിറച്ച ഒരു പൂപ്പാത്രം.ഭിത്തിയില്‍ ഐശര്യാറായിയുടെ ഒരു വലിയചിത്രം.പുസ്തകങ്ങളും കടലാസുകളും അവള്‍ ഭംഗിയായി അടുക്കിവച്ചിരിക്കുന്നു.അവന്‍ മെല്ലെ അവളുടെ വസ്തുക്കളിലൂടെ വിരലോടിച്ചു.
അവളെ അറിയുന്നത് പോലെ .അവളെ തൊടുന്നത് പോലെ.
അത് വരെ ആരെങ്കിലും പെട്ടെന്ന് വരുമോ എന്നുള്ള ഭയം അവനെ വിട്ടകന്നു.ആ മുറിയുടെ ഏകാന്തതയിലേക്ക് സ്വയമലിഞ്ഞു അവന്‍ കണ്ണടച്ചു.റോസ് നിറമുള്ള കര്‍ട്ടന്‍ കാറ്റില്‍ മെല്ലെ ചലിച്ചു.ഇളംവെയില്‍ വീണുകിടന്ന വിജനമായ തോട്ടങ്ങളില്‍ നിന്നൊരു തണുത്തകാറ്റ് മാത്രം ആ മുറിക്കുള്ളിലേക്ക് ഒളിച്ചുകടന്നു.
സമയം കടന്നു പോകുന്നു.ആരെങ്കിലും ഇപ്പോള്‍ വന്നാല്‍...
അവന്‍ ചാടിയെഴുന്നേറ്റു.അവളുടെ ബാഗ് തുറന്നു.ബോക്സില്‍ ആ പേന മാത്രം ഉണ്ടായിരുന്നില്ല.അവന്‍ അവിടെയെല്ലാം തിരഞ്ഞു.ഇല്ല.ആ പേന മാത്രം കാണുന്നില്ല.
മേശയുടെ അരികില്‍ ഒരു ഫയലില്‍ അന്നത്തെ ഇംഗ്ലിഷു ക്ലാസില്‍ നടത്തിയ പരീക്ഷയുടെ താന്‍ മാര്‍ക്കിട്ട പേപ്പര്‍ അവന്‍ കണ്ടു.താനിട്ടു കൊടുത്ത മാര്‍ക്കിന്റെ ചുറ്റും അവള്‍ നീല മഷി കൊണ്ട് ഒരു വൃത്തം വരച്ചിരിക്കുന്നത് അവന്‍ കണ്ടു.അവന്‍ അത് മടക്കി പോക്കറ്റില്‍ വച്ചു.പിന്നെ അതിവേഗം വീട്ടില്‍ നിന്നിറങ്ങി എല്ലാം പഴയപോലെയാക്കി സ്കൂളിലേക്ക് പോയി.
പച്ചപ്പട്ടു പാവാടയും മഞ്ഞ ബ്ബ്ലൗസും അണിഞ്ഞു മായ ക്ലാസില്‍ നില്‍ക്കുന്നതു അവന്‍ കണ്ടു.ഒരു മഞ്ഞത്തുമ്പി പോലെ അവള്‍ സുന്ദരിയായിരുന്നു. അവളുടെ അരികില്‍ നിന്ന് അവന്‍ മാറിനിന്നു.എങ്കിലും അവളുടെ നോട്ടം തന്നില്‍ പതിയുന്നുത് അവന്‍ അറിയുന്നുണ്ടായിരുന്നു.
നോക്കാതെയാണ്‌ അവള്‍ നോക്കുന്നത്.കാണാതെ അവള്‍ക്ക് കാണാന്‍ കഴിയും.
അന്ന് വൈകുന്നേരമാവാന്‍ അവന്‍ കാത്തിരിക്കുകയായിരുന്നു.വീട്ടില്‍ എത്തിയയുടന്‍ അമ്മയുടെ മുറിയില്‍ കയറി അമ്മയുടെ കവിതകള്‍ എഴുതിയ ആ ബുക്ക് തുറന്നു.പിന്നെ മായയുടെ പരീക്ഷാക്കടലാസുമായി ഒത്തുനോക്കി.അമ്മയുടെ കൈപ്പടയും മായയുടെ കൈപ്പടയും ഒന്ന് തന്നെയാണ്!
Time for me to leave you
I won't say goodbye
Look for me in rainbows
High up in the sky..
അമ്മയുടെ വരികള്‍ അവന്‍ വീണ്ടും വീണ്ടും വായിച്ചു.അതേ കയ്യക്ഷരത്തില്‍ മായയുടെ വരികളും .മഴയെക്കുറിച്ചു ഖലില്‍ ജിബ്രാന്‍ എഴുതിയ വരികള്‍..
I touch gently at the windows with my
Soft fingers, and my announcement is a
Welcome song. All can hear, but only
The sensitive can understand.
രണ്ടും നീലമഷികൊണ്ടാണ് എഴുതിയിരിക്കുന്നത്.മുറിയിലേക്ക് അമ്മുമ്മ വന്നത് ചിന്തയില്‍ മുങ്ങിനിന്നത് കൊണ്ട് അവന്‍ അറിഞ്ഞില്ല.
“നീയെന്താ അമ്മയുടെ കവിതയൊക്കെ വായിക്കാന്‍ തുടങ്ങിയോ??” അമ്മുമ്മ ചോദിച്ചു.അവര്‍ ആ ബുക്ക് വാങ്ങി നോക്കി.
“എന്ത് ഭംഗിയാ അമ്മയുടെ കൈപ്പട അല്ലെ അമ്മുമ്മേ..?നിറവും ആകൃതിയും പോലെ ഈ കൈപ്പടയും എന്ത് കൊണ്ടാണോ പാരമ്പര്യമായി കിട്ടാത്തെ ?”
അവന്റെ ചോദ്യം കേട്ട് അമ്മുമ്മ ചിരിച്ചു.
“അമ്മയുടെ പേന വല്ലതും അമ്മുമ്മ സൂക്ഷിച്ചിട്ടുണ്ടോ ?” അവന്‍ ചോദിച്ചു.
അവര്‍ അവന്റെ തലമുടിയിലൂടെ തഴുകി.
“ഇതൊക്കെ അവള്‍ക്ക് അസുഖം വരുന്നതിനു മുന്പ് എഴുതിയതായിരുന്നു.എന്തോ പെട്ടെന്ന് ഒരുദിവസം അവള്‍ എഴുത്ത് നിര്‍ത്തി.അന്നവള്‍ക്ക് ഒരു മഷിപ്പേന ഉണ്ടായിരുന്നു.അത് കൊണ്ടായിരുന്നു എഴുത്ത് മൊത്തം.എഴുത്ത് നിര്‍ത്തിയതിനു ശേഷം അവള്‍ അത് കോളേജിലെ കൂട്ടുകാരിലാര്‍ക്കോ സമ്മാനിച്ചു.”അമ്മുമ്മ പറഞ്ഞു.
“ചെറുപ്പത്തില്‍ മഴവില്ല് കാണാന്‍ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു.മഴവില്‍ എവിടുന്നാണ് വരുന്നതെന്ന് ചോദിച്ചു കുഞ്ഞിലെ അവള്‍ പുറകെനടക്കുമായിരുന്നു.”
രണ്ടുപേരും കുറെ നേരം ഒന്നും മിണ്ടിയില്ല.അവനും അത് തന്നെയാണ് ആലോചിച്ചത്.
മഴ എവിടെയാണ് തീരുന്നത് ?
മഴവില്‍ എവിടെയാണ് തുടങ്ങുന്നത് ?
ഒരിക്കല്‍കൂടി അവന്‍ മായയുടെ വീട്ടില്‍ കയറി.ആ കടലാസ് തിരികെ വയ്ക്കാന്‍ എന്നാണു അവന്‍ ഉള്ളില്‍ സ്വയം വിശ്വസിപ്പിച്ചത്‌.എങ്കിലും അവളുടെ മുറിയില്‍ ,ഇളംവെയില്‍ തിളങ്ങുന്ന റോസ് നിറമുള്ള ജനാലവിരിയുടെ സമീപത്തിരുന്നപ്പോള്‍ ,മറ്റെന്തോ ആകര്‍ഷണം കൊണ്ടാണ് താന്‍ അവിടെ വന്നതെന്ന് അവനു തോന്നി.അതിപരിചിതമായ ആത്മാവില്‍ തൊടുന്ന ആ മുറിയിലെ ഗന്ധം ശ്വസിച്ചു കൊണ്ട് അവന്‍ ആ ഏകാന്തത ആസ്വദിച്ചു.അവിടെയിരുന്നു .നേര്‍ത്ത മയക്കത്തില്‍ അവന്‍ ഒരു സ്വപ്നം കണ്ടു.
ചില്ല് ജനാലയില്‍ മുഖമര്‍ത്തി നില്‍ക്കുന്ന അമ്മ.അമ്മയുടെ മുഖം അവ്യക്തമാണ്.പുറത്തു പെയ്യുന്ന മഴ.
I touch gently at the windows with my Soft fingers..ആരോ ചെവിയില്‍ മന്ത്രിക്കുന്നു.
പച്ചനിറമുള്ള വിജനമായ കുന്നുകള്‍ക്ക് മുകളില്‍ ഒരു മഴ പെയ്യുന്നു..അത്ദൂരെ എവിടെയോ അവസാനിക്കുന്നു. വിദൂരതകള്‍ക്കപ്പുറത്ത് നിന്ന്, ഒരു മഴവില്‍ വിരിയുന്നു.ചില്ല് ജനാലകള്‍ തുറന്നു അമ്മ മഴവില്ലിലേക്ക് നടന്നു മറയുന്നു.
തിരിഞ്ഞുനോക്കാതെ ..ഒരിക്കല്‍പോലും തിരിഞ്ഞു നോക്കാതെ..അമ്മ ഒന്ന് തിരിഞ്ഞു നോക്കിയെങ്കില്‍ ..ഒന്ന് തന്നെ കണ്ടിരുന്നെങ്കില്‍..
Time for me to leave you
I won't say goodbye
Look for me in rainbows
High up in the sky..ആരോ വീണ്ടും ചെവിയില്‍ പറയുന്നു.
അന്നും അവന്‍ ആ കടലാസ് തിരികെ വച്ചില്ല.ഒരുപക്ഷേ അത് നഷ്ടപ്പെട്ടു പോയെന്നു അവള്‍ കരുതിക്കാണും.അവന്‍ ആശ്വസിച്ചു.
വേനലവധി വന്നു.ഗള്‍ഫില്‍ നിന്ന് അവന്റെ അച്ഛന്‍ വന്നു അരവിന്ദിനെയും അമ്മൂമ്മയെയും കൂട്ടിക്കൊണ്ട് പോയി.സ്കൂള്‍ തുറക്കാറായപ്പോഴാണ് അവര്‍ തിരികെ വന്നത്.
നീലനിറമുള്ള ആ വീട് പൂട്ടിക്കിടന്നു.മായയുടെ അമ്മക്ക് മറ്റെങ്ങോട്ടോ മാറ്റമായി.അവര്‍ ആ സ്ഥലം വിട്ടു പോയിരിക്കുന്നു.
അവന്റെ ഉള്ളില്‍ വല്ലാത്ത ശൂന്യത തോന്നി.ഒരിക്കല്‍ പോലും അവളോട്‌ മിണ്ടാന്‍ താന്‍ ശ്രമിച്ചില്ല.
അന്ന് വീട്ടില്‍ വന്നപ്പോള്‍ പുറത്തു മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു.അത് തന്റെ മനസ്സിലാണ് പെയ്യുന്നതെന്ന് അരവിന്ദിനു തോന്നി.അവന്‍ അമ്മയുടെ മുറിയില്‍ കയറി.അലമാരയില്‍ അമ്മയുടെ ബുക്കില്‍ ഒളിച്ചുവച്ചിരുന്ന മായയുടെ ഉത്തക്കടലാസ് ഒന്ന് കൂടി വായിക്കാന്‍ അവനു തോന്നി.അത് തിരയുന്നിതിനിടയിലാണ് അവന്‍ അത് കണ്ടത്.ആ ബുക്കിനരികില്‍ പഴയ സാധനങ്ങള്‍ക്കിടയില്‍ ഒരു പേന ഇരിക്കുന്നു.
സ്വര്‍ണ്ണക്കാപ്പ് ഉള്ള ഒരു കറുത്ത മഷിപ്പേന ആയിരുന്നു അത്.മായയുടെ കയ്യില്‍ അവന്‍ കണ്ടിരുന്ന അതേ പേന.
അത് നേരത്തെ അവിടെ ഉണ്ടായിരുന്നതാണോ ?അറിയില്ല.
അത് മായയുടെ പേനയാണോ?അതോ തന്റെ അമ്മയുടെ പേനയോ?”
അവന്‍ അത് കയ്യില്‍ എടുത്തു മെല്ലെ തലോടി.ആത്മാവിനുള്ളില്‍ ആയിരം അരിപ്രാവുകള്‍ ചിറകുകുടയുന്നു.അവന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി തെളിഞ്ഞു.അവന്‍ പുറത്തേക്ക് നോക്കി.
പുറത്തു മഴ അവസാനിക്കുന്നു.
അവന്‍ ആ ചില്ല് ജനാല തുറന്നു പുറത്തേക്ക് നോക്കി.
ദൂരെ കുന്നുകള്‍ക്ക് അപ്പുറത്തു നിന്ന് ഒരു മഴവില്ല് തെളിയുകയാണ്.
(അവസാനിച്ചു )
Notes
1.look for me in rainbows is written and sang by vicki brown.Its afamous pope song of 1960s available in Youtube.

By ANish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo