നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശവംനാറി പൂക്കൾ (ചെറുകഥ)

ശവംനാറി പൂക്കൾ (ചെറുകഥ)
------------------
ഒരിക്കലും ഓർമ്മയിലേക്ക് തിരികെ വരരുതേ എന്നാഗ്രഹിക്കുന്ന ചിലതൊക്കെയാവും ഒന്നൊഴിയാതെ ഒരു പ്രളയം കണക്കെ ഒഴുകിയെത്തുക.
തെക്കേപറമ്പിലെ ആ മൺകൂനയിൽ വാടാതെ തലയാട്ടി നില്ക്കുന്നുണ്ട് ശവംനാറി പൂക്കൾ.
ഉണ്ണി അതിന്റെ ഗന്ധം വലിച്ചെടുത്തു.പക്ഷെ പൂവുകളുടെ വാസനയല്ല.
പഴങ്കഞ്ഞിയുടേയും,പഴന്തുണിയുടേയും മണം തന്നെ അച്ഛനും,അമ്മയ്ക്കും.
"മോനേ..നീ വന്നോ..അവളെ കണ്ടോ..ഭാമയെ.?
സേതുവിനെ കണ്ടോ നീ..?
നമ്മുടെ സേതുവിനെ !!
ഒന്ന് പോയ് നോക്ക് മോനേ..."
കൂരിരുട്ട് പരന്ന് കിടക്കുന്ന ആ പറമ്പിൽ ശവംനാറി പൂക്കൾ തലയാട്ടി സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു...
ഉണ്ണിക്ക് ഭയം തോന്നിയില്ല.എങ്ങിനെ ഭയം തോന്നും,
അവന്റെ എല്ലാമായ അച്ഛനേയും,അമ്മയേയും വളരെ നാളുകൾക്കിപ്പുറം കൺകുളിർക്കെ കാണുകയാണ് അവരെ . മണത്തെടുക്കുകയാണ് ആർത്തിയോടെ...
ഇളം വയലറ്റ് നിറത്തിലും വെള്ള നിറത്തിലും കുറേ ശവംനാറി പൂക്കൾ മാത്രമാണവരിന്ന്.
ഉണ്ണിയുടെ മനസ്സ് പിടയുന്നുണ്ടായിരുന്നു.
കണ്ണുനീർ വീണ് ആ മൺകൂന കുതിരുന്നുണ്ടായിരുന്നു...
'ഇല്ല ഞാൻ കണ്ടില്ല.ഞാൻ അന്വേഷിച്ചില്ല എന്നതാവും ശരി...'
'പക്ഷെ,എനിക്ക് കാണണം സേതുവേട്ടനെ കാണണമെനിക്ക്...'
തലയാട്ടിയ ശവംനാറി ചെടികൾ പെട്ടെന്ന് നിശ്ചലമായത് അവൻ കണ്ടു.എന്തോ ഒരു പരിമളം അവിടെ വീശിയ കാറ്റിൽ നിറഞ്ഞു.
ചിലത് അപ്പഴും തലയാട്ടിക്കളിക്കുന്നുണ്ട്,,,തൃപ്തി വരാത്തത് പോലെ.
കൂരിരുട്ടിലൂടെ ഉണ്ണി ആ കാട് പിടിച്ച വീടിന്റെ തിണ്ണയിൽ വന്നിരുന്നു.
ചെറിയ വെട്ടം പുറത്തുണ്ട്.
ഒഴുകിയെത്തിയ ഓർമ്മകളുടെ പ്രളയം ആ രാത്രിയുടെ നിശബ്ദ്തയെ അലങ്കോലപ്പെടുത്തി തുടങ്ങി.
ഉണ്ണിയുടെ മിഴികളിൽ നീർ തുള്ളികൾ തിങ്ങി നിറയാൻ തുടങ്ങി...
''ഇത്തിരി വിഷം വാങ്ങിത്തന്നിട്ട് പോകാൻ മേലായിരുന്നോ അവൾക്ക്..."
ശരീരമാസകലം വിറയ്ക്കുന്നല്ലോ ഈശ്വരാ..നെഞ്ച് പൊട്ടി പിളർക്കുന്നു.
തലയ്ക്കകത്ത് എന്തെല്ലാമോ ഇടിമുഴക്കങ്ങൾ.
എന്റെ മോൾക്ക് ഒരു നുള്ള് സ്നേഹം പോലും ഇല്ലായിരുന്നോ തിരികെ തരാൻ.വായുവിൽ ലയിച്ച് ചേരുകയായിരുന്നു ആ അച്ഛന്റെ നിലവിളികളൊക്കെയും.
ഓർമ്മ വെച്ചനാൾ മുതൽ ദൈവം വാരിക്കോരി തന്ന ദാരിദ്യത്തിന്റെ നടുവിലായിരുന്നു ആ കുടുംബം.
ഒരു പിടി വറ്റ് ഇവറ്റകൾക്ക് എത്തിക്കാൻ രാത്രിയെ പകലാക്കിയ എന്നോടും ആ പാവത്തിനോടും ഈ ചതി ചെയ്തിട്ട് നീ എങ്ങോട്ടാണ് ഇറങ്ങിത്തിരിച്ചത്.
ഏഴാകാശവും പ്രകമ്പനം കൊള്ളുന്നുണ്ടോ..,ആ മനുഷ്യന്റെ ഹൃദയം തകർന്ന് തരിപ്പണമായത് കണ്ടിട്ട്...
ഉണ്ടാവാം...
ഏറെ ദയനീയമായ ചുറ്റുപാടിൽ വേദനയൊക്കെയും അറിഞ്ഞു വളർന്ന മകൾ ! പഴഞ്ചോറും പഴന്തുണികളും മാത്രം മണക്കുന്ന ആ കൂരയ്ക്കുള്ളിൽ അച്ഛന്റേയും അമ്മയുടേയും പൊന്നനുജന്റെയും കണ്ണീരുണങ്ങിയ കവിൾത്തടം കണ്ട് വളർന്നവൾ.
എവിടെയൊക്കെയോ ഓടിനടന്ന് കൂട്ടിവച്ച സമ്പാദ്യം കൊണ്ട് മകളെ സേതുമാധവന് ഏല്പിച്ചപ്പോൾ ആ എല്ലുന്തിയ മനുഷ്യൻ,
ഒന്നെങ്കിലും രക്ഷപ്പെട്ടല്ലോ എന്ന സംതൃപ്തിയോടെ തന്റെ ഭാര്യയേയും മകനേയും ചേർത്ത് കിടത്തിയ സമാധാനത്തിന്റെ കാറ്റു വീശിയ രാത്രികൾ...
ജീവിതത്തിന് നല്ല മണമുണ്ടെന്നും,നിറമുള്ള കാഴ്ചകളുണ്ടെന്നും വിഴുപ്പുഭാണ്ഡം പോലെ ദാരിദ്യം ചുമന്ന ആ മനുഷ്യക്കോലങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിരുന്നു-സേതുമാധവനും,മകളായ ഭാമയും വീട്ടിൽ വന്ന് തുടങ്ങിയ നാളുകളിൽ.
ഭാമേച്ചി കൊണ്ടുവരുന്ന ഇറച്ചിയും,ഹലുവയും പുത്തനുടുപ്പം ഉണ്ണിക്ക് കൗതുകമായിരുന്നു.പുതിയ ബാഗിൽ പുസ്തകങ്ങൾ അടുക്കി വയ്ക്കുമ്പോൾ നിറമില്ലാത്ത,ഓട്ട വന്ന പുസ്തക സഞ്ചിയെ നോക്കി അവൻ ഉറക്കെ ഉറക്കെ ചിരിച്ചു.
സേതുമാധവൻ അവർക്ക് മകനോളം സ്നേഹനിധിയായത് നിമിഷ വേഗത്തിലായിരുന്നു..
ചിമ്മിനിവെട്ടം തലയ്ക്ക് മുകളിൽ ബൾബുകളായി മിന്നിത്തുടങ്ങി.
മുറ്റത്ത് സ്ഫടികം കണക്കെ തുള്ളിക്കളിക്കുന്ന വെള്ളത്തിന്റെ ഉറവ പൊട്ടിയൊഴുകി.
നാഴിക ദൂരത്ത് നിന്ന് കുടിവെള്ളം പേറി വന്ന ആ സാധു ജന്മങ്ങൾക്ക് വീട് സ്വർഗ്ഗമാകാൻ വീട്ടുമുറ്റത്തെ ആ കിണർ മാത്രം മതിയായിരുന്നു.സേതുമാധവൻ ഇരുകരങ്ങളിലും ഇറുകെ പുണർന്നിരുന്നു ആ പാവങ്ങളെ.
നിത്യവൃത്തിക്ക് കിട്ടുന്നത് മാത്രമാണ് ആ പുരുഷന്റെ സ്വത്തെങ്കിലും ഭാമയും കുടുംബവും അയാളിൽ അലിഞ്ഞ് ചേർന്നിരുന്നു.
"ഉണ്ണീ..പത്താം തരത്തിലാണ് മറക്കരുത്.
വേറൊന്നും ചിന്തിക്കേണ്ട,പഠിച്ചാൽ മാത്രം മതി ട്ടോ..."
ഇടയ്ക്കിടെ ഉണ്ണിയിൽ സേതു ആത്മവിശ്വാസം തള്ളിക്കയറ്റി വിട്ടിരുന്നു.സ്വന്തം ഏട്ടനെ പോലെ എന്നും ചേർത്ത് നിർത്തിയിരുന്നു...
ദാരിദ്ര്യം കുറേശ്ശെ ഒഴിഞ്ഞു പോകുന്നത് കണ്ടത് കൊണ്ടാവാം.,
ഉണ്ണിയുടെ അച്ഛൻ വൃത്തിയുള്ള തുണി ഉടുക്കാൻ തുടങ്ങിയത്.
"എടീ..ഇനി ഇതൊക്കെ ആവാമല്ലേ..നമ്മളിൽ ഇപ്പോ പഴങ്കഞ്ഞിയുടെ വാസനയില്ലല്ലോ.."
ദാരിദ്ര്യം അവശയാക്കിയിരുന്ന അയാളുടെ ഭാര്യ ആശ്വാസത്തിന്റെ ഒരു നിശ്വാസം മാത്രം പ്രകടമാക്കും.ആ നിശ്വാസത്തിലായിരുന്നു അയാളുടെ സന്തോഷം.ഇന്നോളം തനിക്ക് കൊടുക്കാൻ കഴിയാത്ത ആശ്വാസത്തിന്റെ നിശ്വാസം..!
ജീവിതം മെച്ചപ്പെടുമ്പോൾ ധൃതി കൂടി വന്നത് ഭാമയ്ക്കായിരിക്കാം.ബന്ധുക്കളായി അധികമാരും തന്നെ ഇല്ലാത്ത സേതുവിന്റെ നിഷ്കളങ്കമായ മനസ്സിനെ വഞ്ചിക്കാൻ പാകത്തിൽ ഭാമ എങ്ങിനെ എത്തിയെന്നത് മാത്രമായിരുന്നു പൊട്ടിപൊട്ടിക്കരയുമ്പോഴും ആ അച്ഛനേയും അമ്മയേയും അമ്പരിപ്പിച്ചത്...
ദൈവം തങ്ങളുടെ ജീവിതത്തെ എടുത്ത് ഇങ്ങനേയും അമ്മാനമാടുമെന്ന് ഒരിക്കലും നിനച്ചു കാണില്ല പാവങ്ങൾ..!
ഒരു ഭ്രാന്തനെപ്പോലെ കരഞ്ഞ് കൊണ്ട് ഓടി വന്ന സേതുവിനെ താങ്ങിപ്പിടിച്ച് ഉമ്മറക്കോലായിൽ ഇരുത്തുമ്പോൾ നടന്നതെന്തെന്ന് അറിയാതെ അവർ പരിഭ്രമിക്കുകയായിരുന്നു.
"ഭാമ പോയച്ഛാ..അവള് ഏതോ ഒരുവന്റെ കൂടെ ഇറങ്ങി പോയി.എന്റെ കൺമുൻപിലൂടെ അവളിറങ്ങി പോയി.ഞാനെത്ര പിടിച്ചു വെച്ചെന്നോ അവളെ.കാല് പിടിച്ചു കേണു.കേട്ടില്ല അവൾ,,
എനിക്കറിയില്ല എന്ത് തെറ്റാണ് ഞാൻ ചെയ്തതെന്ന്..."
ശരീരം തളർന്ന് സേതു അവിടെ ആ അമ്മയുടെ മടിയിലേക്ക് ഊർന്ന് വീണു.
ആ മനുഷ്യന്റെ വലിയ നിലവിളിയോടെ നിഷ്ക്കളങ്കമായ അവരുടെ ബന്ധത്തിന് തിരശ്ശീല വീഴുകയായിരുന്നു.
സ്വപ്നങ്ങളുടെ തുഴ കൈയിൽ കിട്ടിത്തുടങ്ങിയ ഉണ്ണി ദിശയറിയാതെ നിശ്ചലനായി !
വീണ്ടും തന്നെ നോക്കി പല്ലിളിക്കുന്ന ദാരിദ്ര്യത്തെ അവൻ കണ്ടുതുടങ്ങി.പത്താം ക്ലാസുകാരന്റെ പക്വതയിൽ കവിഞ്ഞ്,ദുരന്തങ്ങളുടെ ചുഴിയിൽ തീരാനുള്ളതാണ് തങ്ങളുടെ ജന്മമെന്ന് അവൻ വിധിയെഴുതി.
ഒരു പേമാരി തോർന്ന പോലെ.
മൗനം തളംകെട്ടിയ വീടിന്റെ അകത്തളത്തിൽ മൂന്ന് ജന്മങ്ങൾ എന്തിനോ വേണ്ടി ജീവിച്ച് തുടങ്ങി പിന്നീട്.
''സേതുവിന്റെ വിവാഹം കഴിഞ്ഞു.ഏതോ സ്വന്തക്കാർ നിർബന്ധിച്ച് കഴിപ്പിച്ചതാത്രേ..
ഈ നാട്ടീന്ന് പോവുകയും ചെയ്തു നമ്മുടെ മോൻ.
നീയറിഞ്ഞോ...?"
വെറും ജഡമായി ജീവിക്കുന്ന അയാളുടെ ഭാര്യയുടെ ഉത്തരം ദയനീയമായ നോട്ടം മാത്രമായിരുന്നു.
"അവൻ പോയി നന്നാവട്ടെ !
ശാപം കിട്ടിയ നമ്മുടെ ഇടയിൽ ആ കുട്ടി എന്തിനാ..
നിങ്ങള് വിഷമിക്കേണ്ട..."
"ദൈവമിങ്ങനെയാ ചിലരെ വച്ച് കളിച്ച് രസിക്കും.അവനത് ഒരു രസം.
എന്നാ അതനുഭവിക്കുന്നവർക്കോ..,തീയിലിട്ട് കറക്കുകയല്ലേ എന്തിനാവും നമ്മളോട്....
ഇങ്ങനെ ആരൊക്കെയോ ചോദിക്കുന്നുണ്ടാവാം അല്ലേ..
എന്നെ പോലെ ആരൊക്കെയോ വേവുന്നുണ്ടാവും..."
അയാൾ തനിയെ എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു,
ഉണ്ണിയെ നോക്കി വെറുതേ ചിരിക്കാൻ തുടങ്ങിയിരുന്നു.
പ്രതീക്ഷകൾ അസ്തമിച്ച ഒരു നിരാലംബന്റെ ചിരി.
പിറ്റേ ദിവസം അച്ഛന്റെ ചേതനയറ്റ ശരീരത്തെ കെട്ടി പിടിച്ച് കരയുമ്പോൾ ഉണ്ണി അവന്റെ ഭാമേച്ചിയെ ഓർക്കാതിരുന്നില്ല.വല്ലപ്പോഴും അച്ഛൻ കൊണ്ടുവരുന്ന മിഠായി പൊതിക്ക് അടിപിടി കൂടിയ അവന്റെ ഭാമേച്ചിയുടെ രൂപം..!
എവിടെയാകും...?
വർഷങ്ങൾ ഞരങ്ങിക്കൊണ്ടാണ് കടന്ന് പോയത്.
ദു:സ്സഹമായ ജീവിതവും പേറി ഏതോ വേളയിൽ നന്നായി വരണമെന്ന അനുഗ്രഹവും കൊടുത്ത് അമ്മയും പോയതോടെ തനിച്ചായിപ്പോയ ഉണ്ണി അവിടെ നിന്ന് ഇറങ്ങി നടന്നു..ലക്ഷ്യമില്ലാതെ.ദിക്കറിയാതെ...
********
ഓർമ്മകൾക്ക് വിരാമമിടാനാണോ..
തെക്കെ പറമ്പീന്ന് ശവംനാറി പൂക്കളുടെ ഗന്ധമുള്ള കാറ്റ് ഉടലാകെ പൊതിഞ്ഞ പോലെ.
അച്ഛന്റെ ശബ്ദമാണത്.
"നീ കണ്ടോ മോനേ..."
"ഇല്ലച്ഛാ...
"ഉണ്ണി പോവുകയാ..
സേതുവേട്ടനെ കാണണമെനിക്ക്..."
മകനെപ്പോലെ എന്നെ ചേർത്ത് നിർത്തിയ എന്റെ സ്വപ്നങ്ങൾക്ക് ചായം തേച്ച് തന്ന സേതുവേട്ടനെ.
കുറച്ച് നാളെങ്കിലും വയറ് നിറച്ച് ഉണ്ണാൻ തന്ന എന്റെ ഏട്ടനെ.
"അപ്പോ ഭാമയോ മോനേ "...
തന്നെ തലോടി വന്ന ആ കാറ്റിന്റെ ഗന്ധം അമ്മയുടേതാണെന്ന് ഉണ്ണി തിരിച്ചറിഞ്ഞു.
വാരി പുണരാൻ തോന്നിയിരുന്നു ആ മകന് അമ്മയെ.
"ഇല്ലമ്മേ..ഭാമേച്ചിയെ ഈ ഉണ്ണിക്ക് കാണണ്ട.ഇനിയൊരിക്കലും കാണണ്ട.
ഉണ്ണി ദൂരേക്ക് വലിച്ചെറിഞ്ഞു ആ മുഖം."
ആ ആത്മാക്കൾ മൗനമായി തിരികെ പോയതാവാം..അവിടെ നിന്നും കാറ്റ് പയ്യെ പയ്യെ ഇറങ്ങി പോയി..
ഇപ്പോ ശവംനാറി പൂക്കളെല്ലാം നിശ്ചലമായി നില്പാണ്.എന്തിനോ വേണ്ടി കാത്ത് കിടക്കുന്നത് പോലെ.
ഉണ്ണി ആ ഇരുട്ടിലൂടെ തന്നെ ഇറങ്ങി നടന്നു.
സേതുമാധവനെ എവിടെയെങ്കിലും വച്ച് കണ്ടു മുട്ടുമെന്ന പ്രതീക്ഷയോടെ...
ഷംസീറഷമീർ
--------------------

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot