സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണണമെങ്കിൽ അയൽക്കാരന്റെ ജനാലയിലൂടെ നോക്കണമെന്ന് ആരോ പറഞ്ഞിട്ടുണ്ട്.സ്വന്തം കണ്ണു ശരിയാവാതെ ഏതു ജനാലയിലൂടെ നോക്കിയിട്ടും ഒരു കാര്യവുമില്ല.
ഒരുപാട്എഴുതപ്പെട്ടിട്ടുണ്ടെങ്കിലും,വാഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും പല ഭർത്താക്കന്മാർക്കും ഭാര്യ എന്നത് വെറുമൊരു ഉപകരണം മാത്രമാണ്.വില കൊടുക്കാതെ വാങ്ങാൻ കഴിയുന്നതിൽ വച്ചേറ്റവും വിലകൂടിയ വസ്തുവാണ് ഭാര്യ.കേവലം "ഭാര്യ" എന്ന രണ്ടക്ഷരത്തിൽ ഒതുക്കി കളഞ്ഞ വർണ്ണിക്കാൻ കഴിയാത്ത വിസ്മയം.
നിക്കാഹ് കഴിഞ്ഞാൽ അവളോട് ദിവസവും മണിക്കൂറുകളോളം സംസാരിക്കുന്നു.സമയം ഉണ്ടാക്കി കാണാൻ ശ്രമിക്കുന്നു.കിട്ടാവുന്നതിൽ വച്ചേറ്റവും മുന്തിയത് തന്നെ അവൾക്കു വാങ്ങി കൊടുക്കുന്നു.വിവാഹത്തിന് മുമ്പ് നട്ടപ്പാതിരക്കു മാത്രം വീട്ടിൽ വന്നിരുന്നവർ വിവാഹം കഴിഞ്ഞാൽ രാത്രി കനക്കുമ്പോഴേക്കും വീടണയുന്നു.ഓരോ കാരണങ്ങൾ പറഞ്ഞു വീട്ടിൽ തന്നെയിരിക്കാൻ ശ്രമിക്കുന്നു.ഒഴിവു ദിവസങ്ങളിൽ ഭാര്യയെ കൂട്ടി പുറത്തു പോവുന്നു.സുഹൃത്തുക്കളോടൊപ്പമുള്ള സെക്കൻഡ് ഷോ രാത്രി വൈകിയുള്ള ഗാനമേള തുടങ്ങിയവയെല്ലാം ഉപേക്ഷിക്കുന്നു. നാലു ദിവസത്തിനു ഭാര്യ അവളുടെ വീട്ടിൽ പോയാലോ പിന്നെ ബെഡ്റൂമിലേക്കു കയറുമ്പോൾ ഒരു നിരാശയാണ്.വീർപ്പുമുട്ടലാണ്.നാലു ദിവസത്തിനു പോയവളെ രണ്ടു ദിവസം കഴിയുമ്പോഴേക്കും കൊണ്ടു വരുന്നു.
ഇനി ഒരഞ്ചാറു വർഷം കഴിഞ്ഞു രണ്ടു മൂന്നു കുട്ടികളൊക്കെ ആവുമ്പോഴേക്കും ആ ഭർത്താവ് ഒരു പാട് മാറിയിരിക്കും.കാലത്തു തുടങ്ങും.. "എന്റെ ഷർട്ട് അയേൻ ചെയ്തിട്ടില്ലേ നീ" "ഇവിടെ ഉണ്ടായിരുന്ന എന്റെ പേഴ്‌സ് എവിടെ.. ഹോ ബ്രേക്ക് ഫാസ്റ്റ് ഇതു വരെ റെഡി ആയില്ലേ.. വിളമ്പി കൊടുത്താലോ.. ഓ ഇന്നും ഉണക്ക സാമ്പാറും ദോശയുമാണല്ലേ.. ഇങ്ങനെയൊക്കെ പറയുമെങ്കിലും വയറു നിറച്ചു കഴിച്ചു ഏമ്പക്കവും വിട്ടു ഒരു യാത്ര പോലും പറയാതെ അവനിറങ്ങും.
മിക്ക ഭർത്താക്കന്മാരും ഭാര്യയോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. "നിനക്കെന്തു പണിയാണ് ഇവിടെ ഉള്ളത് എന്ന്" നാം ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ നമ്മുടെ ഭാര്യമാരുടെ ജോലിയെ കുറിച്ച്. ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന് കൃത്യമായ ജോലി സമയമുണ്ട്.പ്രമോഷനുണ്ട്, വിരമിക്കൽ ഉണ്ട്.ഒരു കൂലിപ്പണിക്കാരനും കൃത്യമായ ജോലി സമയമുണ്ട്.എന്നാൽ ഒരു ഭാര്യയെ സംബന്ധിച്ചിടത്തോളം അവൾക്കു കൃത്യമായ ജോലി സമയമില്ല.ശമ്പളവുമില്ല വിരമിക്കലുമില്ല.എന്തൊക്കെ ചെയ്താലും എത്രയൊക്കെ ചെയ്താലും ,അതവളുടെ കടമയല്ലേ എന്നു പറഞ്ഞു നിസ്സംഗമായി ഒഴിയാൻ നമുക്ക് കഴിയും.പുലർച്ചെ എണീറ്റ് മുറ്റമടിച്ചു, ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി,കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയച്ചു,അലക്കാനുള്ളത് അലക്കി,നിലം തുടച്ചു,ഉച്ചക്കുള്ള ഭക്ഷണമുണ്ടാക്കി,വൈകുന്നേരം കുട്ടികൾ വരുമ്പോഴേക്കും അവർക്കുള്ള ചായയുണ്ടാക്കി..
ജോലിഎല്ലാം കഴിഞ്ഞു ഒന്നു കിടക്കണമെങ്കിലും ഭർത്താവ് വരണം,ഭർത്താവും വന്നു അങ്ങേരുടെ "കടമ" യും തീർത്തു കിടക്കുമ്പോഴേക്കും പാതിരാത്രി ആവും.രാത്രി കുഞ്ഞു കരഞ്ഞാൽ അസഹിഷ്ണുതയോടെ ഭർത്താവ് തിരിഞ്ഞു മറിഞ്ഞു കിടക്കുമ്പോൾ ഉറക്കം നഷ്ട്ടപ്പെട്ടതിൽ പരിഭവിക്കാതെ അവളാ കുഞ്ഞിനെ ഉറക്കുന്നു.വീണ്ടും നേരം പുലരും മുമ്പേ അവൾ അവളുടെ ജോലിയിൽ വ്യാപൃതയാവുന്നു.
അതേ "എല്ലാം ഉണ്ടായിട്ടും സ്വന്തം വീട്ടിൽ പ്രവാസി ആവാൻ വിധിക്കപ്പെട്ടവളാണ് ഭാര്യ."
മുമ്പൊക്കെ ഭാര്യയുടെ ഫോണ് കാണുമ്പോൾ സന്തോഷത്തോടെ എടുത്തിരുന്നവൻ, നാശം പിടിക്കാൻ എന്തു കോപ്പിനാ വിളിക്കുന്നതെന്നാവോ.. എന്നു പിറു പിറുത്തായിരിക്കും ഫോണ് എടുക്കുന്നത്.ഉച്ചത്തിലുള്ള നിഷേധാത്മകമായ സംസാരം കെട്ടാലെ മനസ്സിലാക്കാം അയാൾ വിളിക്കുന്നത് ഭാര്യയോടാണെന്നു.
ഡാ ഇന്ന് ഒന്നു കൂടിയാലോ എന്നു സുഹൃത്തിനോട് ചോദിക്കുമ്പോൾ "ഏ നിന്റെ ഭാര്യ പോയോ എന്നായിരിക്കും മറു ചോദ്യം.മുമ്പൊക്കെ അവളില്ലാത്ത ദിവസങ്ങളിൽ സങ്കടമായിരുന്നെങ്കിൽ ഇന്ന് അവളില്ലാത്ത ദിവസങ്ങളിലായിരിക്കും അവൻ കൂടുതൽ സന്തോഷിക്കുന്നത്.
ഈ ലോകത്തു ഏറ്റവും കൂടുതൽ കള്ളം പറയുന്നത് വക്കീലന്മാരല്ല.. ഭർത്താക്കന്മാർ ആണ്.ഏറ്റവും കൂടുതൽ കള്ളം കേൾക്കാൻ വിധിക്കപ്പെട്ടവർ ജഡ്ജിമാരല്ല.ഭാര്യമാരാണ്.ഒരു ഭർത്താവിന്റെ മുന്നിൽ ക്യാമറ വെക്കുകയാണെങ്കിൽ മികച്ച നടനുള്ള അവാർഡ് അവനു തന്നെയായിരിക്കും.
ഇനി നീതിയുടെ കാര്യത്തിലും ഇരട്ടത്താപ്പാണ്.നമ്മുടെ സോഷ്യൽ മീഡിയയിലെ പെണ് സൗഹൃദങ്ങളെ ഭാര്യയെ കൊണ്ടു അംഗീകരിപ്പിക്കുമ്പോൾ അവളുടെ ആണ്സൗഹൃദങ്ങളെ സംശയത്തോടെ നോക്കി കാണുന്നു.ഭർത്താവ് മറ്റു കിളികളുടെ ചാറ്റ് ചെയ്യുകയും രഹസ്യ ബന്ധം സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കിലും തന്റെ ഭാര്യക്ക് അങ്ങനെ വല്ല ബന്ധവുമുണ്ടെന്നറിഞ്ഞാൽ അവനിലെ പുരുഷൻ ഉണരുന്നു.
ഭർത്താവിനെ ഏതെങ്കിലും പരസ്ത്രീ ബന്ധത്തിന് പൊക്കിയാൽ ഭാര്യ കരയുന്നു.പിണങ്ങി പോവുന്നു.ഒന്നോ രണ്ടോ മാസത്തിനുള്ളിൽ കാലു പിടിച്ചോ ഭീഷണിപ്പെടുത്തിയോ അവളെ തിരികെ വിളിക്കുന്നു. വീട്ടുകാർക്ക് താനൊരു ഭാരമാവുമോ മക്കളുടെ ഭാവി എന്താവും എന്നൊക്കെ ഓർത്തു അവൾ തിരിച്ചു വരുന്നു.എന്നാൽ ഇതേ തെറ്റു അവൾ ചെയ്താലോ ഡൈവോഴ്സ് ആയി.. അവൾ വഴിപിഴച്ചവളായി.
നഷ്ട്ടപ്പെട്ട മാനം ആണുങ്ങൾക്ക് പെട്ടെന്ന് തിരിച്ചു കിട്ടുമ്പോൾ സ്ത്രീകൾക്കത് തിരിച്ചു കിട്ടാൻ സമായമേറെ എടുക്കുന്നു.
ഭർത്താവ് പുറത്തിറങ്ങി സുഹൃത്തുക്കളും വിനോദങ്ങളുമായി ജീവിതം രസിക്കുമ്പോൾ പല ഭാര്യമാരുടെയും ജീവിതം കരി പുരണ്ട അടുക്കളക്കുള്ളിൽ എരിഞ്ഞു തീരുന്നു.
നിങ്ങൾ നിങ്ങളുടെ ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കാറുണ്ടോ ഇല്ലെങ്കിൽ ഒന്നു പ്രകടിപ്പിച്ചു നോക്കൂ..ഓണ് ലൈനിലെ കിളികളോട് പറയുന്ന പഞ്ചാരയുടെ നാലിലൊന്നെങ്കിലും ഭാര്യയോട് പറഞ്ഞു നോക്കൂ..മാറ്റം കാണും.ഒഴിവുള്ള ദിവസങ്ങളിൽ അടുക്കളയിൽ കയറി അവളെ ഒന്നു സഹായിച്ചു നോക്കിയിട്ടുണ്ടോ.. പുറം തിരിഞ്ഞു നിൽക്കുന്ന സമയത്തു അവളുടെ പിറകിലൂടെ ചെന്നു അവളെ കെട്ടിപ്പിടിച്ചു കഴുത്തിൽ ഒരുമ്മ കൊടുത്തു കാതുകളിൽ ഐ ലവ് യൂ എന്നു പറഞ്ഞിട്ടുണ്ടോ..വായിൽ വെക്കാൻ കൊള്ളാത്ത ഭക്ഷണമാണെങ്കിലും ഭക്ഷണം കഴിച്ചു കഴിഞ്ഞു ഉഗ്രനായിട്ടുണ്ട്.നല്ല കൈപ്പുണ്യമാണെന്നു പറഞ്ഞു നോക്കോയിട്ടുണ്ടോ.. വാതിൽ മറവിലിരുന്നു മുഷിഞ്ഞ വസ്ത്രത്തലപ്പു കൊണ്ടവൾ കണ്ണു തുടക്കുന്നത് കാണാം.. നിങ്ങൾ അവൾക്കു വാങ്ങിക്കൊടുക്കുന്ന സ്വർണത്തെക്കാൾ മൂല്യമുണ്ടാവും ആ വാക്കുകൾക്ക്.
അവളേതെങ്കിലും നല്ല വസ്ത്രം ധരിച്ചു വരുമ്പോൾ നീ ഇന്ന് സുന്ദരിയായിട്ടുണ്ടെന്നു പറഞ്ഞു നോക്കൂ..കാലത്തു ജോലിക്കിറങ്ങുമ്പോൾ അവളോട് യാത്ര പറഞ്ഞു നെറുകയിൽ ഒരുമ്മ കൊടുത്തു നോക്കൂ..ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനു മുമ്പ് അവളെ വിളിച്ചു നീ കഴിച്ചോടി എന്നൊന്ന് ചോദിച്ചു നോക്കൂ..ഇടക്കു പുറത്തു പോയി ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു നോക്കൂ..വിശേഷ ദിവസങ്ങളിൽ അവളെയും കൂട്ടി ഏതെങ്കിലും പാർക്കിലോ വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ പോയി നോക്കൂ... ഇങ്ങനെയൊക്കെ ചെയ്യുന്ന ആളാണ് താങ്കൾ എങ്കിൽ താങ്കളുടെ ഭാര്യ പറയും "ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണ് താനാണെന്ന്"
"ഭാര്യ ഒരു ഭാരമല്ല" "സ്നേഹം അതു മനസ്സിൽ കുഴിച്ചു മൂടാനുള്ളതല്ല പ്രകടിപ്പിക്കാനുള്ളതാണ്'
ഇനി ഭാര്യ ഫോണ് ചെയ്യുമ്പോൾ സന്തോഷത്തോടെ സംസാരിച്ചു നോക്കൂ.. സൈനബാ..ആമിനാ തുടങ്ങിയ പേരൊഴിവാക്കി ചക്കരെ എന്നു വിളിച്ചു നോക്കൂ.. ചില വാക്കുകൾക്ക് വല്ലാത്തൊരു ശക്തിയുണ്ട്.ഹൃദയം കീഴടക്കാൻ കഴിയുന്ന ശക്തി.
എന്റെ ഒരു സുഹൃത്തിന്റെ കൂടെ അവന്റെ കാറിൽ എറണാകുളം പോയിക്കൊണ്ടിരിക്കുമ്പോൾ ഭാര്യ ഒരു പാട് പ്രാവശ്യം വിളിച്ചു. എവിടെയെത്തി, ഭക്ഷണം കഴിച്ചോ തുടങ്ങിയ കുശലാന്വേഷണം മാത്രം.വീണ്ടും അവൾ വിളിച്ചപ്പോൾ സുഹൃത്തിന് അതു അരോചകമായി തോന്നി. "നിന്റെ പെണ്ണെന്താടാ ഇങ്ങനെ എപ്പോഴും വിളിചു ശല്യം ചെയ്യുന്നത്.നിനക്കു നിലക്ക് നിർത്താൻ കഴിയാഞ്ഞിട്ടാ..എന്റെ ഭാര്യയൊക്കെ ഉണ്ടല്ലോ എന്തെങ്കിലും അത്യാവശ്യ കാര്യത്തിനല്ലാതെ എന്നെ വിളിക്കില്ല,അല്ലേൽ ഞാൻ അങ്ങോട്ടു വിളിക്കും. അവനതു അഭിമാനത്തോടെ പറഞ്ഞപ്പോൾ ഞാൻ അവന്റെ മുന്നിൽ തല കുനിച്ചെങ്കിലും മനസ്സിൽ ഒന്നു പുഞ്ചിരിച്ചു.."കാരണം എന്റെ ഭാര്യക്ക് വിളിക്കാൻ ഞാൻ മാത്രമേ ഉള്ളൂ "
ഭാര്യയെ കീഴ്പ്പെടുത്തേണ്ടത് സ്നേഹം കൊണ്ടാണ്.അവളെ ഒരു ശല്യമായി കാണാതെ ആത്മ സഖിയായി കരുതൂ.. ഭാര്യയെ പ്രണയിക്കൂ..പ്രകാശം പരക്കട്ടെ.
N B:എല്ലാ ഭാര്യമാരും ഇങ്ങനെയല്ല.എല്ലാ ഭർത്താക്കന്മാരും. Shahul malayil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക