Showing posts with label ഉസ്മാൻ ഇരിങ്ങാട്ടിരി. Show all posts
Showing posts with label ഉസ്മാൻ ഇരിങ്ങാട്ടിരി. Show all posts

ഭര്‍ത്താവ് ഗള്‍ഫിലുള്ള ഭാര്യ


ഭര്‍ത്താവ് ഗള്‍ഫിലുള്ള , അയാളുടെ ഭാര്യയും മൂന്നു കുട്ടികളും മാത്രം താമസിക്കുന്ന ആ വീടിന്റെ മുറ്റത്ത് രാത്രികാലങ്ങളില്‍ ഒരു ബൈക്ക് നിര്‍ത്തിയിട്ടിരിക്കുക പതിവായിരുന്നു .
രാത്രി വളരെ വൈകി അവിടെ കാണാം .
അതി രാവിലെ കാണില്ല
നാട്ടിലെ പ്രധാനപ്പെട്ട ഒരു നാരദന്‍ ഇത് എങ്ങനെയോ മണത്തറിഞ്ഞു .
അവളുടെ അടുത്തേക്ക്‌ രാത്രി ഒരുത്തന്‍ വരുന്നുണ്ട് . നാടുണരും മുന്‍പേ ‘എല്ലാം കഴിഞ്ഞ് ‘ കുളിച്ചു കുട്ടപ്പനായി 'അവന്‍ ' തിരിച്ചു പോകുന്നു .!! അയാള്‍ കണ്ടു പിടിച്ചു !! പറഞ്ഞു പരത്തി
കഥ നാടാകെ പരന്നു . വിശേഷം വിദേശത്തും എത്തി . ഭര്‍ത്താവിന്റെ പല സുഹൃത്തുക്കളും അറിഞ്ഞു . ഏറ്റവും ഒടുവിലാണ് ഭര്‍ത്താവിന്റെ ചെവിയിലെത്തിയത് .
സാധാരണ ഗതിയില്‍ ഇത്തരം അപവാദ കഥകള്‍ ആദ്യം അറിയേണ്ടവര്‍ അതറിയുക നാട് മുഴുവന്‍ അറിഞ്ഞ ശേഷം ഏറ്റവും അവസാനം ആയിരിക്കും .
ഭാഗ്യത്തിന് ആ ഭര്‍ത്താവ് ഒരു മന്തനായിരുന്നില്ല . അയാള്‍ക്ക്‌
വിദ്യാഭ്യാസമുണ്ട് . ലോകവിവരവും .
അയാള്‍ കേട്ടത് അപ്പടി വിശ്വസിച്ചില്ല .
ചാടിപ്പുറപ്പെട്ടു ഒന്നും ചെയ്തില്ല .
വിഷയം ഒന്ന് പഠിക്കാന്‍ നാട്ടിലുള്ള തന്റെ ആത്മ സുഹൃത്തിനെ ചുമതലപ്പെടുത്തി . നാട്ടിലും മറുനാട്ടിലും നടക്കുന്ന ഈ പുകിലൊന്നും ആ പെണ്ണ് അറിയുന്നുണ്ടായിരുന്നില്ല .
അധികം വൈകാതെ സുഹൃത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നു .
അതിങ്ങനെയായിരുന്നു .
അവന്‍ , ബൈക്കുകാരന്‍ അതിരാവിലെ പുറപ്പെട്ട് രാത്രിയില്‍ തിരിച്ചെത്തുന്ന ഒരു ദീര്‍ഘ ദൂര ബസ്സിലെ കണ്ടക്റ്റര്‍ ആണ് .
ബസ്സ് തൊട്ടടുത്ത നഗരത്തില്‍ ഹാള്‍ട്ട് ആക്കി രാത്രി തന്റെ വീട്ടിലേക്കു വരുന്നതും അതി രാവിലെ തിരിച്ചു പോകുന്നതും ബൈക്കിലാണ് .
അവന്റെ വീട്ടിലേക്ക് വയലുകളും ഊട് വഴികളും കടന്നു കുറച്ചു ഉള്ളോട്ട് പോകണം . രാത്രിയില്‍ ബൈക്ക് ആ വീടിന്റെ മുറ്റത്ത് ഒരരികില്‍ നിര്‍ത്തിയിടും .
വരാനും കാത്തിരിക്കാനും ആരുമില്ലാത്തത് കൊണ്ട് മൂന്നു കുട്ടികളും അവളും നേരത്തെ ഉറങ്ങും . അവര്‍ ഉറങ്ങിയിട്ടാണ് അവന്‍ വരിക . അവരുണരും മുന്‍പേ അവന്‍ ബൈക്കെടുത്ത് പോവുകയും ചെയ്യും . സത്യം അതായിരുന്നു .
പ്രത്യുല്പ്പ ന്നമതിയും ദീര്‍ഘ വീക്ഷണവും ഉള്ള ഒരു ഭര്‍ത്താവ് ആയതു കൊണ്ടാണ് ഈ കഥാന്ത്യം ഇങ്ങനെ ആയത് .
അപവാദ കഥകള്‍ക്ക് നമ്മുടെ നാട്ടില്‍ പഞ്ഞമൊന്നും
ഇല്ല . അവിഹിത ബന്ധങ്ങളും ജാര കഥകളും ഇഷ്ടം പോലെ നടക്കുന്നുണ്ട് .
പക്ഷേ 'കേട്ടീമേ കേട്ട' കഥകളില്‍ കുറെയേറെ , കാര്യം എന്തെന്നറിയാതെ കെട്ടിച്ചമക്കുന്നവയാണ് . അത്തരം കഥകള്‍ പറയാനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും വല്ലാത്ത ഒരു ആവേശമാണ് . ആര്‍ക്കു കിട്ടിയാലും അത് ആഘോഷിക്കും . അവ പരത്താനും സംപ്രേക്ഷണം ചെയ്യാനും ആയിരം പേരുണ്ടാവും .
കഥാ നായിക പ്രവാസി ഭാര്യ കൂടി ആണെങ്കില്‍ ആവേശം ഒന്നു കൂടി കൂടും .
എന്നാല്‍ സത്യം വെളിച്ചത്തു വരുമ്പോഴാവട്ടെ എല്ലാവരുടെയും നാവിറങ്ങിപ്പോവും . അന്നേരം അവരൊക്കെ മൌനം പാലിച്ചു വിദ്വാന്മാര്‍ ആവും .
അല്ലെങ്കിലും പരത്തുന്നതിനു കിട്ടുന്ന സുഖം തിരുത്തുന്നതിന് കിട്ടില്ലല്ലോ .
പതിവ്രതകളായ സ്ത്രീകളെ അപവാദം പറയുന്നത് സപ്ത മഹാ പാപങ്ങളില്‍ ഒന്നായാണ് മതം ഗണിക്കുന്നത്. ‘പല ഊഹങ്ങളും തെറ്റാണ് . നിങ്ങള്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുത് . പരസ്പരം പരദൂഷണം പറയരുത് . എന്ന് ഖുര്‍ആന്‍ .
ഇത്തരക്കാരോട് വിശുദ്ധ ഗ്രന്ഥം ചോദിക്കുന്ന
ഒരു ചോദ്യം ഉണ്ട് . 'നിങ്ങളാരെങ്കിലും നിങ്ങളുടെ സഹോദരന്റെ ശവം തിന്നാന്‍ ഇഷ്ടപ്പെടുമോ ? എന്ന് !!!
അത് കൊണ്ട്
കുറ്റപ്പെടുത്തും മുമ്പ്
തിട്ടപ്പെടുത്തുക
കൊതുകുകള്‍ ആവാതെ
കുതുകികള്‍ ആവുക !!!
- ഉസ്മാൻ ഇരിങ്ങാട്ടിരി

നുറുങ്ങുകൾ


1
തെറ്റ് പറ്റും
തെറ്റ് തന്നെ പറ്റരുത്
2
തരം കിട്ടിയാല്‍
തരം പോലെ
തരം താഴുന്ന
തരക്കാരാണേറെയും
3
മസിലില്ലാത്തവര്ക്കും
മസിലുപിടിക്കാം
4
കരവിരുതുള്ളവനൊരു വര
വരയുകില -
തിലും കാണും
കല തന്‍ ചാരുത
5
മനനത്തിലെക്കുള്ള
നല്ല അയനമാണ്
വായന
6
മിത്രങ്ങളെത്രയേറിയോയത്രയും നന്ന്
7
തറ വേണമെല്ലാറ്റിനും
തനി തറയാവരുതെന്നു മാത്രം
8
നുണ നുണയരുത്
9
ആളാവാനാളേറെ
10
പ്രതികള്‍ക്കില്ല പഞ്ഞം
പ്രതിഭകള്‍ക്കുണ്ട് പഞ്ഞം
11
മെയ്‌ വഴക്കം മാത്രം പോര
മൊഴി വഴക്കം കൂടി വേണം
12
ഇരുട്ടില്ലായിരുന്നെങ്കില്‍
ഈ ലോകം
ഇതിലേറെ ഇരുട്ടിയേനെ
- ഉസ്മാൻ ഇരിങ്ങാട്ടിരി

കഥ - ശലഭയാനം


അലാറം ശബ്ദിച്ച ഉടനെ സുപ്രിയ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
അത് പതിവില്ലാത്തതാണ്. പുതപ്പ് തലവഴി ഒന്നുകൂടിമൂടി ചുരുണ്ടുകൂടലാണ് അവളുടെ പ്രകൃതം. എന്തുകൊണ്ടോ അന്ന് അവള്‍ക്കതിന് കഴിഞ്ഞില്ല. കട്ടിലിന്റെ ഒരുഭാഗത്ത് മൂടിപ്പുതച്ചുകിടക്കുന്ന ലച്ചുമോനെ സ്നേഹപൂര്‍വ്വം ഒന്നുനോക്കി. ഉറക്കത്തില്‍ തിരിഞ്ഞുംമറിഞ്ഞുംകിടന്ന് അവനെവിടെയൊക്കെയോ എത്തിയിട്ടുണ്ട് . അരികില്‍കിടത്തി കഥ പറഞ്ഞുകൊടുത്ത് ഉറക്കിയതാണ്. ഇപ്പോള്‍ കട്ടിലിന്റെ ഒരറ്റത്ത് വിലങ്ങനെ കിടക്കുന്നു..
പാവം...!! അമ്മയോടൊപ്പമല്ലാതെ കിടക്കാത്ത കുട്ടിയാണ്...
അടുക്കളയില്‍ പാത്രങ്ങളുടെ ശബ്ദം കേള്‍ക്കുന്നുണ്ട്.
പ്രിയേ , എന്ന് നീട്ടിവിളിച്ചു കൊണ്ട് അമ്മ ഇപ്പോള്‍ വരുമെന്നും തന്നെ തട്ടിവിളിക്കുമെന്നും അവള്‍ക്ക് തോന്നി.. അതോര്‍ത്തപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു. 'മോളെ ഒന്ന് എഴുന്നേല്‍ക്ക്.. ആരാന്റെ വീട്ടില്‍ പോവേണ്ട കുട്ടിയല്ലേ നിയ്യ് .. ഇങ്ങനെ ഉറങ്ങി ശീലിച്ചാലെങ്ങനാ .. എന്നെയാവും എല്ലാരും കുറ്റം പറയുക.. വളര്‍ത്തു ദോഷം ന്ന്..'
അവള്‍ അഴിഞ്ഞുലഞ്ഞ മുടി മാടിയൊതുക്കി കട്ടിലില്‍ നിന്നിറങ്ങി . അടുക്കളയില്‍ ആരാണാവോ? അമ്മായിയോ, എളേമ്മയോ അതോ അച്ഛമ്മയോ?
ബ്രഷില്‍ പേസ്റ്റ് പുരട്ടുമ്പോള്‍ , " മോളെ ലച്ചുവിനെ ഒന്ന് വിളിച്ചേ , അവന്റെ സ്കൂള്‍ബസ്സ്‌ ഇതാ ഇപ്പൊ ഇങ്ങെത്തും..." അമ്മ വിളിച്ചു പറയുന്നതായി അവള്‍ക്കു തോന്നി.
ഇല്ല; ആ വിളിയും ശാസിക്കലും ഇനിയുണ്ടാവില്ലെന്ന തിരിച്ചറിവ് അവളില്‍ വല്ലാത്തൊരു ഭീതി വളര്‍ത്തി. അവള്‍ കണ്ണുകള്‍ അമര്‍ത്തിത്തുടച്ചു.
സ്കൂളില്‍ പോയിട്ട് ദിവസങ്ങളായി.. ഇന്ന് മുതല്‍ പോയി തുടങ്ങണം. അമ്മയില്ലാത്ത വീട്ടില്‍ നിന്നിറങ്ങിപ്പോയി അമ്മയില്ലാത്ത വീട്ടിലേക്കുള്ള തിരിച്ചുവരവ്.. ഓര്‍ക്കാനേ കഴിയുന്നില്ല .
അമ്മയ്ക്ക് എന്തെല്ലാം സ്വപ്നങ്ങളായിരുന്നു.. 'നിന്നെ അത്ര വേഗമൊന്നും കെട്ടിക്കില്യ . നന്നായിപഠിച്ച് വല്യ ഒരുജോലിക്കാരി ആയിട്ടെ കെട്ടിക്കൂ.. പ്ലസ്‌ടു കഴിയുമ്പോഴേക്കും കുട്ട്യാളെ അങ്ങ്ട് കെട്ടിക്കും. അടുത്തകൊല്ലം കുട്ടിയായി.. പ്രരാബ്ധമായി . പിന്നെ എവിടെ കുട്ട്യാള്‍ക്ക് ജീവിക്കാന്‍ നേരം? ഇന്നത്തെ കാലത്ത് സ്വന്തംകാലില്‍ നില്‍ക്കാന്‍ ഒരുയോഗ്യതയൊക്കെ ണ്ടാകുന്നത് നല്ലതാ .. ഒരു ധൈര്യത്തിന്..
ആര് കൈവിട്ടാലും ജീവിക്കാമല്ലോ...'
അവള്‍ , ബാത്ത് റൂമിലേക്കു കയറുമ്പോള്‍ 'മോളെ നിന്റെ അടിയുടുപ്പുകളൊക്കെ ഒന്ന് കഴുകിയിട്ടേര്‌ , അതിനി അവിടെയെവിടെയെന്കിലും ചുരുട്ടിക്കൂട്ടിയിടല്ലേ .. '' എന്ന ഓര്‍മ്മപ്പെടുത്തല്‍ മനസ്സില്‍ വന്നു തൊട്ടു വിളിച്ചു.
നല്ലകൂട്ടായിരുന്നു. എല്ലാംപറയാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു.. ക്ലാസ്സിലും സ്ക്കൂളിലും ഉണ്ടാവുന്ന ചെറിയ വിശേഷംപോലും അമ്മയോട് പറയും. പറഞ്ഞില്ലെങ്കില്‍ ചോദിച്ചറിയും. ഒന്നും മറച്ചു വെച്ചില്ല , മറച്ചുവെക്കാന്‍ ഒന്നും ഇല്ലായിരുന്നു . എന്നാലും ..
കൌമാരം മനസ്സിലും ശരീരത്തിലും ചിത്രംവരച്ചു തുടങ്ങിയപ്പോഴേ അമ്മ ഓര്‍മ്മപ്പെടുത്തിയിരുന്നു . ഒരു മുന്‍ധാരണ ഉണ്ടായിരുന്നു . പതറാതിരുന്നതും പേടിതോന്നാതിരുന്നതും അതുകൊണ്ടാണ് . ഇത്തരം ഘട്ടങ്ങളില്‍ ഏതുകുട്ടിയും ഒന്ന് വിറളും. ഋതുഭേദങ്ങള്‍ പൂവിടുകയാണ് എന്നൊന്നുമറിയാതെ പെട്ടന്നൊരു നാള്‍ ..!!
കൂട്ടുകാരി ആസിഫാക്ക് വല്ലാത്ത അദ്ഭുതമായിരുന്നു .
'അയ്യേ എനിക്ക് അതൊക്കെ ഉമ്മാനോട് പറയാന്‍ നാണമാണ് . ' അവള്‍ ജ്യേഷ്ഠത്തിയോടാണത്രേ എല്ലാം പറയുക. തനിക്ക് ചേച്ചിയും കൂട്ടുകാരിയും അമ്മയും പിന്നെയും ആരൊക്കെയോ ആയിരുന്നു അമ്മ ..
ഹൗസ്‌ ലീഡര്‍ സൂരജ് കൂടക്കൂടെ തികച്ചും ബാലിശമായ ഓരോ കാരണവും പറഞ്ഞു
അമിതമായ ഇടപെടലിന് ശ്രമം നടത്തുന്നതു മനസ്സിലായിതുടങ്ങിയപ്പോള്‍ തന്നെ അമ്മയോട് വിഷയം അവതരിപ്പിച്ചു. വലിയ പണക്കാരനാണ്. ബൈക്കിലൊക്കെയാണ് വരവ്. രക്ഷിതാക്കള്‍ ഗള്‍ഫില്‍ എവിടെയോ ആണ്. ഒരു ബന്ധുവിന്റെ വീട്ടില്‍നിന്ന് പഠിക്കുകയാണ്.
വിവരങ്ങളൊക്കെ പലരുംപറഞ്ഞു അറിയാം . വലിയവീട്ടിലെ കുട്ടികളുടെ വിശേഷങ്ങള്‍ പറയാനും പ്രചരിപ്പിക്കാനും ആളുകളേറെ ഉണ്ടാകും.
'ആണ്‍കുട്ടികളോട് തീക്കായുംപോലെ നിന്നാമതി . ഇത്തരം അടുത്തുകൂടലും സ്നേഹം ഭാവിക്കലും ഇനി ജീവിതത്തില്‍ ഒരുപാട് ഉണ്ടാകും . ഒരു പെണ്ണിന്റെ മരണം വരെ അത് പ്രതീക്ഷിക്കണം . പ്രലോഭനങ്ങളില്‍ വീണു പോകരുത് .. എങ്ങനെ പോയാലും നഷ്ടം പെണ്ണിന് തന്നെയാവും .. അതിജയിക്കാനുള്ള ത്ന്റെടമാണ് പ്രധാനം..' അമ്മ പറഞ്ഞു തന്നു.
ചില കലാകായിക മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു . റെഡ്‌ ഹൌസിലെ കുട്ടികളില്‍ കൂടുതല്‍ പോയിന്റ്‌ നേടിയത് താനായിരുന്നു . പലപ്പോഴും അവന്‍ ഓടിവന്നു അഭിനന്ദിച്ചു. അതൊരു പാലമിടലാണ് എന്ന് മനസ്സിലായപ്പോഴാണ് അമ്മയോട് പറഞ്ഞത്. പിന്നീട് അവനോടു വലിയ അടുപ്പം കാണിച്ചില്ല. അവന്‍ മെല്ലെ മറ്റൊരു കുട്ടിയിലേക്ക് ഒരു വികൃതിച്ചാട്ടം ചാടുന്നതാണ് പിന്നെ കണ്ടത്. അമ്മ പറഞ്ഞപോലെ ഇവരൊക്കെ പഠനംപൂര്‍ത്തിയാക്കുന്നതിനിടക്ക് എത്രകുട്ടികളെ ഇങ്ങനെ വലവീശി പിടിക്കാന്‍ നോക്കും ?
തറവാട്ടിലായിരുന്ന കാലത്ത് അമ്മയെ തിരക്കില്ലാതെ കണ്ടിട്ടേയില്ല . തിരുമ്മലും തുടക്കലും അലക്കലും വെച്ചുണ്ടാക്കലുമൊക്കെയായി ഓടിനടക്കുക തന്നെയാവും. ഇടയ്ക്കു തലവേദനയെന്നും പറഞ്ഞുപോയി കുറച്ചുനേരം കിടക്കും . പലപ്പോഴും നെറ്റിയില്‍ തുണിനനച്ചിട്ട് താനും ഒപ്പം ചെല്ലും .
''തലേടെ അകത്ത് എന്തോ വല്ലാത്ത ഒരു കൊളുത്തല്‍ . തല രണ്ടു കഷ്ണമായി ഇപ്പൊ പൊട്ടിത്തെറിക്കും ന്നു തോന്നുണൂ ..'' അമ്മ ഇടയ്ക്കിടെ പറയും..
കുറച്ചു നേരം കിടന്നു ചെറിയ ഒരു സമാധാനം കിട്ടുമ്പോള്‍ വീണ്ടും അമ്മ സജീവമാകും .
സ്വന്തമായി വീടായപ്പോള്‍ അമ്മ പറഞ്ഞു:
" ഇനി ഞാനങ്ങട് ചത്താലും വേണ്ടില്ല ..'
ആറു മാസമേ ആയുള്ളൂ വീട്ടിലേക്കു താമസം മാറിയിട്ട്..
പിന്നെപ്പിന്നെ അമ്മയ്ക്ക് തലവേദന ശക്തമായി വന്നുതുടങ്ങി.. ഒടുവില്‍ താനാണ് അച്ഛനോട് പറഞ്ഞത്.. ''അച്ഛാ അമ്മയെ നല്ല ഒരു ഡോക്ടറെ കാണിക്കണം .. ഇതിങ്ങനെ വെച്ചോണ്ടിരിക്കാന്‍ പറ്റില്ല ..''
സുപ്രിയയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അമ്മ ചെക്കപ്പിനു പോയത്. അന്ന് വൈകിയാണ് അമ്മയും അച്ഛനും വന്നത് .. എത്തിയ പാടെ ഓടിച്ചെന്ന് അമ്മയോട് ചോദിച്ചു.
'എന്ത് പറഞ്ഞു ഡോക്ടര്‍ '
'സാരമില്ല; ചെന്നിക്കുത്തിന്റെ കുഴപ്പമാണ് . സ്കാന്‍ ചെയ്തു. വെറുതെ കുറെ കാശ് കളഞ്ഞു.. '
പക്ഷെ, അച്ഛന്റെ മുഖത്തെ പ്രകാശം പറ്റെ കെട്ടിരുന്നു . പിന്നീട് പലപ്പോഴും അച്ഛന്‍ ചിരിക്കാന്‍ പാടുപെട്ടു പരാജയപ്പെടുന്നത് കാണാമായിരുന്നു.
അമ്മ മെല്ലെമെല്ലെ നഷ്ടപ്പെടുകയാണ് എന്നൊരു ആധി മനസ്സിലെങ്ങനെയോ വളരാന്‍ തുടങ്ങി. വിട്ടു കൊടുക്കില്ല . ഹൈസ്കൂള്‍ പോലും പിന്നിടാത്ത തന്നെയും യു.കെ..ജിയില്‍ പഠിക്കുന്ന ലച്ചുവിനെയും തനിച്ചാക്കി അമ്മ ഒറ്റയ്ക്ക് എങ്ങോട്ട് പോകാനാണ്..? സമ്മതിക്കില്ല ഞാന്‍ ...
ഒരുചെറിയ ഓപ്പറേഷന്‍ ഉണ്ടെന്നു പറഞ്ഞാണ് അമ്മയെ കൊണ്ടുപോയത് . കളിച്ചു ചിരിച്ചു തനിക്കു ഉമ്മയൊക്കെത്തന്നാണ് ഇറങ്ങിപോയത്. നല്ലൊരുമ്മ കിട്ടിയിട്ട് കാലമേറെയായിരുന്നു. അന്ന് മുഴുവനും കവിളില്‍ നിന്ന് ആ ഉമ്മ മാഞ്ഞുപോകാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചു.!
പിറ്റേന്ന് , ഹൃദയം നടുക്കുന്ന വാര്‍ത്തയാണറിഞ്ഞത്. ചിരിച്ചിറങ്ങിപ്പോയ അമ്മ എല്ലാവരെയും കരയിപ്പിച്ചാണ് തിരിച്ചു വന്നത്. വെള്ളത്തുണിയില്‍ പൊതിഞ്ഞു മായാത്ത പുഞ്ചിരിയുമായി .. ഉറങ്ങിക്കിടക്കുംപോലെ ..!
കുളികഴിഞ്ഞു ബാത്ത്റൂമില്‍ നിന്ന് പുറത്തിറങ്ങി ലച്ചുമോനെ വിളിച്ചുണര്‍ത്താന്‍ ചെല്ലുമ്പോള്‍ അവനെ കാണുന്നില്ല . ഇവനിതെവിടെ പോയി കിടക്കുന്നു എന്ന് വിചാരിച്ചു നോക്കുമ്പോള്‍ മുറ്റത്തെ പൈപ്പിന് കീഴെ കുന്തിച്ചിരുന്നു അവന്‍ ബ്രഷ് ചെയ്യുന്നു.! അമ്മ പേസ്റ്റ് പുരട്ടി ബ്രഷ് കയ്യില്‍ കൊടുത്താലും മടിപിടിച്ച് വാശി കാണിക്കുന്ന അവനും എല്ലാം മനസ്സിലായി തുടങ്ങിയിരിക്കുന്നു.
ബ്രഷ് ചെയ്തു കഴിഞ്ഞു കുളിമുറിയിലേക്കോടിപോകുന്ന ലച്ചുവിനെ അവള്‍ അദ്ഭുതത്തോടെ നോക്കി നിന്നു..!!
പതിവിലും നേരത്തെ അവന്‍ സ്കൂളിലേക്ക് പോകാന്‍ റെഡിയായിയിരിക്കുന്നു. അവനെ ബസ്സ്‌ കേറ്റി വിട്ടു സ്വയം ഒരുങ്ങലിലേക്ക് തിരിയുമ്പോഴും അവളുടെ കണ്ണുകള്‍ നനഞ്ഞു തന്നെയിരുന്നു . .
മുടി മെടയുമ്പോള്‍ പിന്നില്‍ നിന്നു ഒരു കൈ അവളെ തലോടുന്നതും 'നീ മെടയാന്‍ നിന്നാല്‍ ബസ്സ് അങ്ങ് പോകും ' എന്നും പറഞ്ഞു അമ്മ വന്നു മുടി മെടഞ്ഞു തരുന്നതായി അവള്‍ക്കു അനുഭവപ്പെട്ടു.
ബസ്സ്റ്റോപ്പിലെത്തുമ്പോള്‍ മൈമൂനത്താത്ത എത്തിയിട്ടില്ല. സാധാരണ താനെത്തും മുമ്പേ അവരെത്തിയിടുണ്ടാവും . ഇന്ന് പക്ഷെ താന്‍ നേരത്തെയാവും.. ബസ്സ്‌ വരാന്‍ ഇനിയുമുണ്ട് ആറേഴു മിനിറ്റ്.. ബസ്സിനു കൊടുക്കാന്‍ ചില്ലറയില്ലെങ്കില്‍ അവരാണ് സഹായിക്കുക..
മൈമൂനത്താത്ത ദൂരെ നിന്നു നടന്നു വരുന്നത് കണ്ടു. അക്കരപ്പുരത്താണ് അവരുടെ വീട് . പട്ടണത്തിലെ ഒരാശുപത്രിയിലെ ജീവനക്കാരിയാണ് .
കണ്ടപാടെ അവര്‍ ചോദിച്ചു: " ഇന്ന് ഇന്റെം മുമ്പിലെത്തിയോ ഇയ്യ്‌... ..?
തലയാട്ടി , തികച്ചും ദുര്‍ബലമായ ഒരു ചിരി ചിരിച്ചു .
'നാലഞ്ചു ദിവസായിട്ട് അന്നെ കാണണ് ല്ലല്ലോ എന്ത് പറ്റി ? അസുഖം എന്തേലും ഉണ്ടായിരുന്നോ?'
ആ ചോദ്യം അവളില്‍ ഒരു തേങ്ങലാണ് സൃഷ്ടിച്ചത്.
എത്ര അടക്കിപ്പിടിച്ചിട്ടും അവള്‍ക്കു നിയന്ത്രിക്കാനായില്ല .
അവള്‍ നിന്നു വിതുമ്പി.
അവര്‍ അവളെ ആശ്വസിപ്പിച്ചു .
'എന്ത് പറ്റി ന്റെ കുട്ടിക്ക് ..?''
'അമ്മ ..'
'അമ്മ ..?'
'പോയി ..'!
അവരുടെ കണ്ണുകളും നിറഞ്ഞു.. അവരവളെ ചേര്‍ത്ത് പിടിച്ചു സമാധാനിപ്പിച്ചു .
യാത്രയിലൊക്കെയും അവള്‍ വിതുമ്പുകയായിരുന്നു. കണ്ടക്റ്റ ര്‍ക്ക് ചാര്‍ജ്ജ് കൊടുത്തത് പോലും സ്വയമറിയാതെയാണ്.
ഒറ്റയ്ക്കുള്ള ജീവിതയാത്ര തുടങ്ങുകയാണ് ..
ബസ്സില്‍ നിന്നിറങ്ങി സ്കൂളിലേക്ക് നടക്കുമ്പോള്‍ കൂട്ടുകാരികള്‍ സഹതാപത്തോടെ അവളെ നോക്കുന്നത് കണ്ടു. ആരും ഒന്നും ചോദിച്ചില്ല ..
ക്ലാസ് ടീച്ചര്‍ വിജി അവളെ അടുത്ത് വിളിച്ചു പറഞ്ഞു:
'വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല. നന്നായി പഠിച്ചു ഒരു നിലയിലെത്തണം . എല്ലാം മറന്നേ പറ്റൂ.. ഞങ്ങള്‍ ഉണ്ടാകും കുട്ടിയുടെ കൂടെ..'
ഇന്റര്‍വെല്ലിനു കൂട്ടുകാരി ജമിന അവളുടെ അടുത്തേക്ക് ചേര്‍ന്നിരുന്നു പറഞ്ഞു: 'നീയും ഇപ്പൊ എന്നെപോലെ ആയി .. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു .
'ഇനി അന്റെ അച്ഛന്‍ പുത്യ പെണ്ണ് കെട്ടും .. പിന്നത്തെ കാര്യം ഒന്നും പറയാണ്ടിരിക്ക്യാ നല്ലത് .. നിനക്ക റിയോ..എനിക്ക് ഇപ്പൊ വീട്ടിലേക്കു ചെല്ലുന്നതെ ഇഷ്ടല്ല ...!! അവള്‍ കണ്ണ് തുടച്ചു പൊട്ടിപ്പൊട്ടിക്കരഞ്ഞു..
ഒരു ദീര്‍ഘ നിശ്വാസത്തോടെ കഥയ്ക്ക് 'ശലഭയാനം ' എന്ന ശീര്‍ഷകമെഴുതി നീരജ എഴുന്നേറ്റു.
നീരജ അടുക്കളയിലേക്കു നടന്നു . തൊണ്ടയില്‍ ഒരു മുറുകെപ്പിടുത്തം കിടന്നു പിടക്കുന്നുണ്ട് . ഫ്രിഡ്ജില്‍ നിന്ന് തണുത്ത വെള്ളമെടുത്തു കുടുകുടെ കുടിച്ചു . ദാഹം തീരുന്നില്ല . വാഷ്ബേസിനരികെ ചെന്ന് മുഖം കഴുകാന്‍ ഒരു കുമ്പിള്‍ വെള്ളമെടുക്കുമ്പോള്‍ അവള്‍ കണ്ണാടിയില്‍ തന്റെ മുഖം കണ്ടു!
കണ്ണുകള്‍ കലങ്ങിയിരിക്കുന്നു .. കൊഴിഞ്ഞു തീരാറായ മുടിയികള്‍ അവിടവിടെ ചിതറിക്കിടക്കുന്നു .. തലക്കകത്ത് വല്ലാത്ത ഒരു പുകച്ചില്‍ ..
മകള്‍ അഷിത വരാന്‍ ഇനിയും സമയമെടുക്കും ..
നീരജ എഴുത്ത് മുറിയിലേക്ക് മെല്ലെ നടന്നു . തലക്കകത്ത് പെരുപ്പ്‌ വര്‍ധിച്ചിരിക്കുന്നു ..
അവള്‍ കസേരയിലേക്ക് ചാഞ്ഞു . അവളുടെ കണ്ണുകള്‍ മെല്ലെ അടഞ്ഞു .
അന്നേരം , കോളിംഗ്ബെല്‍ നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു!!

By 
Usman Iringattiri

ചായ ഒരു സംഭവം തന്നെ



സത്യത്തിൽ ഈ ചായ ഒരു സംഭവം തന്നെ .
കാലിച്ചായ , പാൽ ചായ , കട്ടൻ ചായ , മീഡിയം ചായ , സ്ട്രോങ്ങ്‌ ചായ , പൊടിച്ചായ , വിത്ത്‌ഔട്ട്‌, മധുരം കമ്മി ...
ഇങ്ങനെ പലപേരിലും അറിയപ്പെടുന്ന എല്ലാ ചായയിലും കൂട്ട്
പഞ്ചസാര , ചായപ്പൊടി , പാൽ , തിളച്ച വെള്ളം ഇവയാണ് എങ്കിലും ഓരോ
ചായയും നമ്മിൽ ഉണർത്തുന്ന നിർവൃതികൾ , വൈകാരിക ഭാവങ്ങൾ അനുഭൂതികൾ തികച്ചും വ്യത്യസ്തവും രസകരവുമാണ് .
അതി രാവിലെ കിടക്കയിൽ നിന്ന് എഴുന്നേറ്റ ഉടനെ കുടിക്കുന്ന ചായയുടെ രുചിയല്ല ഏറെ ക്ഷീണിച്ചു തളർന്ന ശേഷം കുടിക്കുന്ന ചായ
വീട്ടിലേക്കു കേറിച്ചെന്ന പാടെ ഭാര്യ ഉണ്ടാക്കിത്തരുന്ന ചൂടുള്ള ചായയുടെ മധുരം വേറെ ,
പെണ്ണ് കാണാൻ ചെന്നിട്ടു കുട്ടിയെ ഇഷ്ടപ്പെട്ട സന്തോഷത്തിൽ മൊത്തിക്കുടിക്കുന്ന ചായയുടെ രസം വേറെ ,
ഇഷ്ടപ്പെട്ടില്ലെങ്കിൽ കുടിക്കുന്ന ചായയുടെ 'ടേസ്റ്റ്' വേറെ.
മഴ നനഞ്ഞു വീട്ടിലേക്ക് കേറി ചെല്ലുമ്പോൾ തല തോർത്തി തന്നു ഉമ്മ കൊണ്ട് വന്നു തരുന്ന സ്നേഹച്ചായയുടെ സ്വാദ് വേറെ.
അതേ ഉമ്മ തന്നെ രാത്രി ഏറെ വൈകി പരീക്ഷയ്ക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു കട്ടൻ ചായ ഉണ്ടാക്കി കൊണ്ട് വന്നു തരുന്ന പാതിരാ ചായയുടെ 'ഉന്മേഷം' വേറെ.
കഥ എഴുതുമ്പോൾ , ചിന്ത പുകയുമ്പോൾ, അവളുണ്ടാക്കി കൊണ്ട് തരുന്ന
ചിന്തക്ക് തീ പടർത്തുന്ന
'ഭാവന' ച്ചായക്കും
കല്യാണ ത്തലേന്നു പന്തലിന്റെ പണിയും സവാള അരിയലും മണിയറ ഒരുക്കലും ഒക്കെയായി ആർമാദിക്കുമ്പോൾ പെങ്ങൾ വലിയ ഒരു ട്രേയിൽ കൊണ്ട് വന്നു തരുന്ന 'കല്യാണ ചായക്കും' രസമൊന്നു വേറെ.
വല്ല സത്ക്കാരങ്ങൾക്കോ സദ്യകൾക്കോ ചെന്നിട്ടു ബിരിയാണി തട്ടി അവസാനം
അതൊന്നു ഒതുങ്ങാൻ കുടിക്കുന്ന 'ദം ചായ'ക്കും , പാർട്ടി കഴിഞ്ഞു പോകാൻ നേരം തരുന്ന 'പോകാൻ ചായ' ക്കും
എല്ലാം ഒരേ രുചിയല്ല . സ്വാദല്ല . .!
നമ്മുടെ ഗ്രാമത്തിലെ ചായക്കടയിൽ നിന്ന്
സൊറ പറഞ്ഞും പത്രം വായിച്ചും കുടിക്കുന്ന മക്കാനിച്ചായക്ക്‌
അനുഭൂതി വേറെ .
വിനോദ യാത്രയിലും ഉല്ലാസ വേളകളിലും കറങ്ങി നടക്കുമ്പോൾ കോടമഞ്ഞിന്റെ കുളിരും ടൂറിന്റെ ത്രില്ലും അനുഭവിച്ച് വഴി യോരത്തു നിന്ന് കുടിക്കുന്ന ഉല്ലാസച്ചായയുടെ നിർവൃതി വേറെ .
വല്ലാതെ ടെൻഷൻ അടിക്കുമ്പോൾ സ്വയം ഉണ്ടാക്കി കുടിക്കുന്ന സുലൈമാനി പകരുന്ന 'പ്രഷർ ചായ'യുടെ ആവേശം വേറെ .
തികച്ചും സർപ്രൈസ് ആയി ഭാര്യയ്ക്ക് വല്ല സമ്മാനവും കൊണ്ട് പോയി കൊടുത്ത വകയിൽ അപ്പോൾ തന്നെ അവളുണ്ടാക്കി തരുന്ന
'റൊമാൻസ് ചായ'യുടെ 'ചൂട്' വേറെ .
ചേരുവ ഒന്നാണ് ..
പക്ഷേ അവസരത്തിനും സാഹചര്യത്തിനും നമ്മുടെ
മാനസിക അവസ്ഥയ്ക്കും അനുസരിച്ച് ചായ പകരുന്ന അനുഭൂതികൾ
അവർണ്ണനീയം തന്നെ .
എന്താല്ലേ !!!
OO
- ഉസ്മാൻ ഇരിങ്ങാട്ടിരി

പിണങ്ങിപ്പോയതിന്റെ പിറ്റേന്ന്


വെന്തുതുടങ്ങിയ
രണ്ടുവറ്റുകളെടുത്തു
കൈവെള്ളയില്‍വെച്ചപ്പോള്‍
അവ
മുഖംവെട്ടിച്ച്
കലത്തിലേക്ക് തന്നെ
പിണങ്ങിപ്പോയി.
തിളച്ചുതൂവിയ
വാക്കിന്റെ
വക്കില്‍നിന്ന്
വേവിറക്കി വെക്കുമ്പോള്‍
വിരല്‍ച്ചുണ്ടുകളില്‍
പൊള്ളല്‍ക്കുത്തേറ്റു .
ചുട്ടുനീറിയ
കൈകുടഞ്ഞ്‌
ഇത്തിരി തണുപ്പ്
പരതുമ്പോള്‍
ഹോര്‍ലിക്സ്കുപ്പികള്‍ക്കിടയില്‍
മറഞ്ഞിരുന്ന്
തേന്‍ കുപ്പി
കണ്ണിറുക്കികാണിച്ചു
'മിണ്ടരുത്..'
കറിക്കരിയുമ്പോള്‍
പൊള്ളിയ വിരല്‍പള്ളയില്‍ തന്നെ
കത്തി തട്ടിയപ്പോള്‍
അടുക്കളക്കോണില്‍
പേടിച്ചരണ്ട്,
പതുങ്ങിക്കിടന്ന
വളപ്പൊട്ട്‌ ചോദിച്ചു:
'വല്ലാതെ നൊന്തോ..'?
- ഉസ്മാൻ ഇരിങ്ങാട്ടിരി

പാളങ്ങൾ


നാലുമണിക്കേ എഴുന്നേല്‍ക്കണമെന്ന അയാളുടെ ആവശ്യത്തോട് അവള്‍ പ്രതികരിച്ചത് ഇങ്ങനെയാണ് . 'അയ്യോ , അത്ര നേരത്തെയോ , അഞ്ചിന് എണീറ്റാല്‍ തന്നെ ധാരാളം സമയമുണ്ട്. വെറുതെയെന്തിനാ സുഖകരമായ ഒരു മണിക്കൂര്‍ വേസ്റ്റാക്കുന്നത്..'?
എന്നിട്ടും അയാള്‍ നാലരയ്ക്ക് തന്നെ അലാറം വെച്ചു .
അവളും മക്കളും ഒരുങ്ങിപ്പിടിച്ചു ഇറങ്ങുമ്പോള്‍ എന്തായാലും വൈകും . മൈന ഏതാണ് നാളെ ഇടേണ്ടത് എന്ന് പോലും നിശ്ചയിട്ടുണ്ടാവില്ല . നൈന അവള്‍ക്കിടാനുള്ള തൊക്കെ നേരത്തെ ത്തന്നെ ഒരുക്കി വെക്കുന്നത് കണ്ടു .
'നല്ല കുട്ടികള്‍ ഇങ്ങനെയായിരിക്കു'മെന്നു ഒരു കോംബ്ലിമെന്റ് കൊടുത്തു
അയാള്‍ അവള്‍ക്ക്. ഭാര്യക്കും മൂത്ത മോള്‍ക്കും തന്നെയാണ് ഒരുങ്ങാന്‍ കൂടുതല്‍ സമയം വേണ്ടിവരിക .
'നീ ജീരകവെള്ളം എടുത്തുവെച്ചിട്ടുണ്ടോ ? അത് മറന്നാല്‍ പിന്നെ ഏതെങ്കിലും കുപ്പിവെള്ളം കുടിക്കേണ്ടിവരും . അത് നമ്മുടെ പോക്കറ്റിനെ മാത്രമല്ല ആരോഗ്യത്തെയും ബാധിക്കും . ഏതെങ്കിലും വൃത്തികെട്ട പുഴ വെള്ളമോ കുളത്തിലെ അഴുക്കുവെള്ളമോ ഒക്കെയാണ് കുപ്പിയിലാക്കി കൊള്ളാവുന്ന ഒരു പേരും വെച്ച് കൊള്ളലാഭത്തിനു വില്‍ക്കുന്നത് ..'
അയാളുടെ അധികപ്രസംഗത്തിന് ചെവികൊടുക്കാതെ അവള്‍ എപ്പോഴോ ഉറങ്ങിക്കഴിഞ്ഞിരുന്നു . അയാള്‍ മെല്ലെ കണ്ണടച്ച് കിടന്നു . വെളുപ്പിന് ഏഴിന് മുമ്പേ സ്റ്റേഷനില്‍ എത്തണം . അതെങ്ങാനും മിസ്സായാല്‍ ഇന്നത്തെ യാത്ര തന്നെ അവതാളത്തിലാവും . രാത്രി ഏഴു മണിയാവും തിരുവനന്ത പുരത്തെത്താന്‍.
രണ്ടു പെണ്‍കുട്ടികളും ഭാര്യയും രാത്രിയും റെയില്‍വേ സ്റ്റേഷനും എല്ലാം കൂടി ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ആധി പെരുത്തു. ഒറ്റയ്ക്ക് യാത്ര പോകുന്ന പോലെയല്ല പെണ്‍മക്കളുമായുള്ള യാത്ര .
ഈ ആശങ്കകള്‍ അവളുമായി പങ്കുവെച്ചപ്പോള്‍ അവള്‍ അയാളെ കൊച്ചാക്കി പറഞ്ഞു:
'അതിനെന്താ നിങ്ങളില്ലേ കൂടെ ? അങ്ങനെയൊക്കെ പേടിച്ചും സങ്കല്‍പ്പിച്ചും ഇരുന്നാല്‍ വല്ലതും നടക്കുമോ? നിങ്ങള്‍ എങ്ങനെയിങ്ങനെ ഒരു പേടി ത്തൊണ്ടനായി എന്റെ മാഷെ ? വെറുതെ കട്ടി മീശയും വെച്ച് നടന്നാല്‍ മതിയോ?
നിങ്ങള്‍ പേടിക്കേണ്ട , ഞാനുണ്ട് കൂടെ കൂള്‍ ഡൌണ്‍ .. '
അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പോവാമെന്നു വെച്ചത് . കാലമേറെയായി അവള്‍ പറയുന്നു. വസന്തചേച്ചിയെ ഒന്ന് കാണണമെന്ന്. ചേച്ചിക്ക് എന്തോ അസുഖം ഉണ്ടെന്നു കേട്ടത് മുതല്‍ അവള്‍ക്ക് തീരെ ഇരിക്കപ്പൊറുതിയില്ല .
ചേച്ചിയെന്നു പറഞ്ഞാല്‍ അവള്‍ക്ക് ജീവനാണ് .
കെട്ടിക്കൊണ്ടു വരുമ്പോള്‍ തന്നോട് ഏറ്റവും കൂടുതല്‍ അവള്‍ സംസാരിച്ചത് വസന്തയെ കുറിച്ചാണ്.
അവളുടെ ടീച്ചര്‍ ആയിരുന്നു വസന്തകുമാരി . വീടിനു തൊട്ടപ്പുറത്തെ വാടക വീട്ടിലെ താമസക്കാരി .
അവളുടെ കല്യാണത്തലേന്നു ബോംബെക്കാരി അമ്മായി രണ്ടുകൈകളിലും കാലുകളിലും മുട്ടോളം മൈലാഞ്ചിയിട്ട് ചുവപ്പിച്ചപ്പോള്‍ അവള്‍ക്ക് ചോറ് വാരിക്കൊടുത്തത് വസന്തേച്ചി യായിരുന്നുവത്രേ. അന്ന് ചേച്ചിയോടൊപ്പം അവരുടെ വാടക വീട്ടില്‍ ആണ് പോലും അവള്‍ കിടന്നത്.
വീട്ടില്‍ കല്യാണ ത്തിന്റെ ഒച്ചയും ബഹളവും ആയിരുന്നു.
ചേച്ചി തന്നെയാണ് അങ്ങനെയൊരു സജഷന്‍ മുന്നോട്ടു വെച്ചത് .
'ഇന്ന് ഏതായാലും നീ ഉറക്കമിളക്കണ്ട '
ചേച്ചി അങ്ങനെയാണ് . ചിലപ്പോള്‍ നല്ല ഒരു കൂട്ടുകാരി . മറ്റു ചിലപ്പോള്‍ ഉത്തരവാദിത്തമുള്ള ഒരു ജ്യേഷ്ടത്തി . ചില നേരങ്ങളില്‍ സ്നേഹമുള്ള അമ്മ . ചിലപ്പോള്‍ ഗുണകാംക്ഷിയായ അധ്യാപിക .
അവളുടെ വലിയ വായിലെ വര്‍ണ്ണനകള്‍ കേട്ട് മെല്ലെമെല്ലെ വസന്ത ടീച്ചറെ അയാളും ഇഷ്ടപ്പെട്ടു തുടങ്ങി.
അവളുടെ വീട്ടിലേക്കു പോകുമ്പോള്‍ അവള്‍ ആദ്യം ഓടിച്ചെല്ലുക ടീച്ചറിന്റെ അടുത്തേക്കാണ് . അധികം സംസാരിക്കാനൊന്നും വരില്ല . കുലീനമായ കാണാന്‍ ഭംഗിയുള്ള ഒരു ചിരി തരും എപ്പോഴും.
അവളോടെ ഉള്ളു തുറക്കൂ .
'കല്യാണമൊന്നും വേണ്ടേ ഇങ്ങനെ മൂത്ത് നരക്കാന്‍ തന്നെയാണോ പരിപാടി '? എന്ന് അവള്‍ ഒരിക്കല്‍ ചോദിച്ചു പോലും ..
'നിങ്ങളെ പോലെ മുട്ടയില്‍ നിന്ന് വിരിയും മുമ്പേ യൊന്നും ഞങ്ങളെ കെട്ടിക്കില്ല . ഇനി നിനക്കൊരു കുട്ടിയൊക്കെ ആവട്ടെ . എന്നിട്ടേ ഞാന്‍ കല്യാണം കഴിക്കുന്നുള്ളൂ.. '
ടീച്ചറെ കുറിച്ച് പറയുമ്പോള്‍ നൂറു നാക്കാണ് അവള്‍ക്ക് . അവളെ ചൊടിപ്പിക്കാന്‍ ഇടയ്ക്ക് അയാള്‍ പറയും ..
നിന്റെ ആദ്യത്തെ പുത്യാപ്ല ആയിരുന്നോ വസന്ത ? നീയും നിന്റെ ഒരു കോഴിവസന്തയും ..
അത് കേള്‍ക്കെ അവള്‍ക്ക് കലിയിളകും . കോക്രികാട്ടിയും നല്ല മുഴുത്ത നുള്ള് വെച്ച് കൊടുത്തും അവള്‍ അയാളോട് കലി തീര്‍ക്കും .
പിന്നെയും കുറേക്കാലം കഴിഞ്ഞാണ് വിവരം അറിയുന്നത് . വസന്ത ച്ചേച്ചി സുമംഗലിയാവാന്‍ പോകുന്നു . വരന്‍ ആ സ്കൂളില്‍ തന്നെ യുള്ള മുരളി മാഷ്‌ . അവര്‍ പ്രേമത്തിലായിരുന്നുവത്രേ.
അതറിഞ്ഞപ്പോള്‍ അയാള്‍ അവളെ ശുണ്‍ഠി പിടിപ്പിച്ചു .
'നിന്റെ വസന്ത ആള് കൊള്ളാമല്ലോ , കണ്ടാല്‍ വെറും പാവം .. പുളിങ്കൊമ്പില്‍ കേറിയങ്ങ് പിടിച്ചല്ലോ ..
'അതിനെന്താ പ്രേമിച്ചു കല്യാണം കഴിക്കുന്നത് തെറ്റാണോ ? ചേച്ചി തെറ്റൊന്നും ചെയ്തിട്ടില്ല .'
മുരളി മാഷും അവളുടെ അധ്യാപകനാണ് . കണക്കു മാഷ്‌. കുട്ടികളുടെ പേടി സ്വപ്നം . പക്ഷെ അവള്‍ക്കു മുരളി മാഷെ അത്ര ഇഷ്ടമല്ല . 'അത്ര നല്ല ടീച്ചര്‍ക്ക് എങ്ങനെ അയാളെ ഇഷ്ടമായി ? എനിക്ക് മാഷെ കാണുന്നതെ പേടിയാണ് ..'
'അയാള്‍ നിന്റെ രക്ഷകനല്ലേ . അയാളെ പറ്റി നീ ഇത് തന്നെ പറയണം . അയാള്‍ തക്ക സമയത്ത് ഓടി വന്നില്ലായിരുന്നെങ്കില്‍ നീ ആയിരിക്കില്ല ഇന്ന്
എന്റെ ഭാര്യ ..'
'അതോണ്ടെന്ത്യെ ങ്ങക്ക് നല്ലൊരു സുന്ദരിക്കുട്ടീനെ കിട്ടീലെ ..'.
'ഓ , ഒരു സുന്ദരിക്കോത ..'
അയാള്‍ എണീറ്റ് ചെന്ന് മണ്കൂജയില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു . സമയം പന്ത്രണ്ട് പത്ത്.
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആള്‍മറയില്ലാത്ത കിണറ്റിലേക്ക് ബക്കറ്റിനോടൊപ്പം അവളും വീണത്‌ . രാത്രിയില്‍ വെള്ളം കോരാന്‍ ഇറങ്ങിയതായിരുന്നു അവള്‍ . അന്ന് കിണറ്റില്‍ രണ്ടാള്‍ക്ക്‌ വെള്ളമുണ്ട് . അവള്‍ക്കു നീന്തല്‍ അറിയാമായിരുന്നത് ഭാഗ്യം . അവള്‍ മുങ്ങിപ്പൊങ്ങി കിണറിന്റെ ഒരു 'പാമ്പേരിയില്‍' പിടിച്ചു നിന്നു. ബഹളവും നിലവിളിയും കേട്ട് ആദ്യം ഓടിയെത്തിയത് മുരളി മാഷ് ആയിരുന്നു. കസേരയിരക്കി കിണറ്റിലിറങ്ങി അവളെ രക്ഷിച്ചതും മാഷ്‌ തന്നെ.
അത് കൊണ്ട് തന്നെ രണ്ടു പേരോടും അവള്‍ക്കു വല്ലാത്ത കടപ്പാടും വിധേയത്വവും ഉണ്ട് ..
ഓരോ സ്കൂള്‍ വെക്കേഷന്‍ സമയത്തും അവള്‍ പറയും :
'നമുക്കൊന്ന് പോകാം മാഷെ .. '
ഭാഗ്യത്തിന് വസന്തക്കും മുരളി മാഷ്ക്കും ഒരുമിച്ചാണ് അവരുടെ നാട്ടിലേക്ക് ട്രാന്‍സ്ഫെര്‍ ശരിയായത് . ഇടയ്ക്കു അവള്‍ ചേച്ചിക്ക് വിളിക്കാറുണ്ട് . വിവരങ്ങളൊക്കെ അവളുടെയടുത്ത് അപ്ടുഡേറ്റ് ആണ്.
അയാള്‍ക്ക്‌ യാത്ര ഇഷ്ടമേയല്ല . അവള്‍ക്കാണെങ്കില്‍ യാത്ര ജീവനാണ് . യാത്രാ വേളകളില്‍ അവള്‍ പതിവിലേറെ പ്രസന്നവതിയായിരിക്കും . സ്റ്റേഷനില്‍ മുരളി മാഷ്‌ വന്നു നില്‍ക്കാം എന്ന് പറഞ്ഞിട്ടുണ്ട് . പറ്റുമെങ്കില്‍ കോവളം , നാഗര്‍ കോവില്‍ , കന്യാകുമാരി ഇവിടെയൊക്കെ ഒന്ന് പോകണം . മക്കള്‍ക്കും ഒരു ചേഞ്ച്‌ ആവും .
സ്കൂളില്‍ നിന്ന് മൂന്നാറിലേക്ക് ടൂര്‍ പോകാന്‍ വാശി പിടിച്ചപ്പോള്‍ നൈന ക്ക് വാക്ക് കൊടുത്തതാണ് കന്യാകുമാരിയിലേക്ക് കൊണ്ട് പോകാം എന്ന് . സത്യത്തില്‍ അയാളുടെ ഉള്‍ഭയം തന്നെയായിരുന്നു അതിനും കാരണം . പെണ്‍കുട്ടികളെ ടൂറിനു പറഞ്ഞയക്കുന്ന രക്ഷിതാക്കള്‍ക്ക് വല്ല മന:സമാധാനവും മുണ്ടാകുമോ അവര്‍ തിരിച്ചെത്തും വരെ ..?
ഇടയ്ക്കെപ്പോഴോ അയാളൊന്നു മയങ്ങി. പിന്നീട് എപ്പോഴോ അയാള്‍ ഞെട്ടിയുണര്‍ന്നു . സമയം നാല് മണിക്ക് പത്തു മിനിറ്റ് ബാക്കി . തന്റെ കുളിയും പ്രാഥമിക കാര്യങ്ങളും നടത്തിയാലോ ? റയില്‍വേ സ്റ്റേഷന്‍ വരെ കൊണ്ട് വിടാന്‍ ഒരു ഓട്ടോ ക്കാരനെ ഏര്‍പ്പാടാക്കിയിട്ടുണ്ട് . ഇനി അവന്‍ എഴുന്നേറ്റു വരാന്‍ വൈകുമോ എന്തോ? അഞ്ചു മണിക്ക് അവനെ ഒന്ന് വിളിക്കാം . ഒരുറപ്പിന്. അവന്‍ ഉറങ്ങിപ്പോയാല്‍ പോക്ക് കുളമാവും.
ട്രെയിനില്‍ വലിയ തിരക്കൊന്നും കണ്ടില്ല . ജനറല്‍ കമ്പാര്‍ട്ട് മെന്റ് മതിയെന്ന് അവളാണ് പറഞ്ഞത്. പകലല്ലേ യാത്രയുള്ളൂ . രാത്രിയാകുമ്പോഴേക്കും അവിടെ എത്തുകയും ചെയ്യും . അയാള്‍ക്ക്‌ സ്ലീപ്പര്‍ ക്ലാസ് ആയിരുന്നു ഇഷ്ടം . ടെന്‍ഷന്‍ കുറയും . അത് പറഞ്ഞു തര്‍ക്കിക്കാനൊന്നും നില്‍ക്കാതെ അയാള്‍ ടിക്കറ്റ് എടുത്തു . നാല് പേര്‍ക്കും ഒന്നിച്ചിരിക്കാന്‍ സീറ്റ് കിട്ടിയത് ഭാഗ്യം . മക്കളും വല്ലാത്ത സന്തോഷത്തിലാണ് . യാത്രക്കാര്‍ ക്രമേണ വര്‍ധിച്ചു കൊണ്ടിരുന്നു . ഓരോ സ്റ്റോപ്പില്‍ നിന്നും കണ്ടമാനം ആളുകള്‍ കേറിത്തുടങ്ങി .
വട വടെ വട എന്ന കൊതിപ്പിക്കുന്ന വിളിച്ചു പറയലിനോടൊപ്പം അവരുടെ മുമ്പിലെത്തിയ നല്ല ചൂടുള്ള ഉഴുന്ന് വട കണ്ടപ്പോള്‍ അവള്‍ക്കും കുട്ടികള്‍ക്കും വാങ്ങിയെ തീരൂ .
അയാള്‍ പറഞ്ഞു: ട്രയിനിലെ ആഹാര സാധനങ്ങളൊന്നും കഴിക്കാന്‍ കൊള്ളില്ല . വെറുതെ വയറു കേടാക്കണ്ട . നമുക്ക് ദീര്‍ഘ ദൂരം യാത്ര ചെയ്യാനുള്ളതാണ് .'
ഒടുവില്‍ അവള്‍ ഇടപെട്ടു . 'ഒന്നും സംഭവിക്കില്ലന്നേ .. എത്ര ആളുകള്‍ ആണിതൊക്കെ വാങ്ങിക്കഴിക്കുന്നത് .
എന്നിട്ട് അവര്‍ക്ക് വല്ല കുഴപ്പവും ഉണ്ടോ ?
അയാള്‍ ആവശ്യപ്പെടും മുമ്പേ അവള്‍ നാല് വടക്ക് ഓര്‍ഡര്‍ കൊടുത്തു .
അയാള്‍ വട വില്പനക്കാരനോട് പറഞ്ഞു : മൂന്നെണ്ണം മതി .
അടുത്ത സ്റ്റോപ്പില്‍ നിന്ന് ഒരു മധ്യ വയ്സ്ക്ക കേറി വന്നു സീറ്റ് കിട്ടാതെ കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ മൈനയോടു പറഞ്ഞു : 'മോളെ ഒന്ന്
അഡ്ജസ്റ്റ് ചെയ്യാമോ? അവള്‍ അയാളെ ഒന്ന് നോക്കി , അവര്‍ക്ക് ഇരിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തു . ഏതു തരക്കാരാണെന്ന് ആര്‍ക്കറിയാം . അയാള്‍ മനസ്സില്‍ പറഞ്ഞു.
അവരുടെ കണ്ണുകള്‍ മക്കളുടെ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണ്ണ ചെയിനിലെക്കും കമ്മലിലേക്കും നീളുന്നുണ്ടെന്നു അയാള്‍ക്ക്‌ തോന്നി.
ദൂരയാത്രയാണ് ആഭരണമൊന്നും വേണ്ടെന്നു എത്ര പറഞ്ഞതാണ് ..
കേള്‍ക്കണ്ടേ . 'ചേച്ചിയൊക്കെ കാണുമ്പോള്‍ മോശമല്ലേ ? വല്ല ചന്ത ക്കമ്മ ലും ഇട്ടു ചെന്നാല്‍ അവരെന്തു വിചാരിക്കും ? കുറച്ചില്‍ നമുക്ക് തന്നെയല്ലേ ? ഇള്ളക്കുട്ടികള്‍ ഒന്നും അല്ലല്ലോ അവര് . അവരുടെ സാധങ്ങളൊക്കെ സൂക്ഷിക്കാന്‍ അവര്‍ക്ക് അറിയാം .. അവള്‍ ഇടപെട്ടത് അന്നേരം അയാള്‍ ഓര്‍ത്തു .
ഇപ്പോള്‍ നാല് ചെറുപ്പക്കാര്‍ ആണ് അവര്‍ക്ക് അഭിമുഖമായി ഇരിക്കുന്നത് . ഒരറ്റത്ത് ഒരു മധ്യവയസ്ക്കന്‍ . അയാള്‍ തൃശൂരില്‍ നിന്നാണ് കേറിയത്‌ . അയാളുടെ സ്യൂട്ട് കേസ് തന്റേതു പോലെയാണല്ലോ എന്ന ദുഷ്ചിന്ത അയാളിലപ്പോള്‍ ഉടലെടുത്തു . ത്ന്റെതിനു അടുത്തു തന്നെ കല്പിച്ചു കൂട്ടി അയാള്‍ പെട്ടി വെച്ചത് എന്തിനാവും ? അയാളുടെ മട്ടും ഭാവവും കണ്ടിട്ട് ഒരു കള്ളാ ലക്ഷണം ഉണ്ട് . ഇപ്പോഴത്തെ കാലത്ത് ആരെയാണ് വിശ്വസിക്കുക ? ഏതെല്ലാം വിധത്തിലാണ് തട്ടിപ്പ് നടത്തുകയെന്ന് ഒരു നിശ്ചയവും ഇല്ല .
ആ പെട്ടിയില്‍ എന്താവും ? കുഴല്‍പ്പണമാകുമോ? അതോ മാരകായുധങ്ങ ളോ ? ഇനി വല്ല ബോംബോ മറ്റോ ആവുമോ? ഭീകര വാദികളുടേയും തീവ്രവാദികളുടേയും കാലമാണ് . എന്തെങ്കിലും അപായം മണത്താല്‍ പെട്ടെന്ന് പെട്ടി മാറ്റി അയാളെങ്ങാനും കടന്നു കളഞ്ഞാലോ ? കുടുങ്ങാനും ആഴിയെണ്ണാനും പിന്നെ അതുമതി . തന്റെ പെട്ടിയില്‍ നിന്ന് എന്തോ എടുക്കാനെന്ന ഭാവേന അയാള്‍ പെട്ടി തനിക്കരികിലേക്ക് കൂടുതല്‍ ചേര്‍ത്തു വെച്ചു .
ചെറുപ്പക്കാര്‍ മക്കളെയും ഭാര്യയേയും ശ്രദ്ധി ക്കുന്നുണ്ടെന്ന് അയാള്‍ കണ്ടു പിടിച്ചത് അപ്പോഴാണ്‌ . അവരൊക്കെ തങ്ങളുടെ വിലകൂടിയ മൊബൈലുകളില്‍ വ്യത്യസ്തങ്ങളായ നേരം പോക്കുകളില്‍ മുഴുകിയിരുപ്പാണ് . അവരുടെ കണ്ണുകള്‍ ഇടയ്ക്കിടെ മക്കളെയും ഭാര്യയെയും ഉഴിയുന്നുണ്ട് . മൈനയുടെ തട്ടം തോളിലേക്ക് ഊര്‍ന്നു വീണു കിടക്കുന്നു . ഈ കുട്ടിക്ക് ഒരു ശ്രദ്ധയുമില്ല .
ബ്ലൂട്ടൂത്തിന്റെയും ഒളി കാമറയുടെയും കാലമാണ് . ബാത്ത് റൂം പോലും ഇന്നത്തെ കാലത്ത് സുരക്ഷിതമല്ല . നാളെ തന്റെ മക്കളുടെയും ഭാര്യയുടെയും നഗ്ന ചിത്രങ്ങള്‍ ഇന്റര്‍ നെറ്റിലൂടെ പ്രചരി ക്കില്ലെന്ന് ആര് കണ്ടു ? തന്റെ ഗ്രാമത്തിലെ ഒരു പ്ലസ്‌ ടു ടീച്ചറുടെ അശ്ലീല ചിത്രങ്ങള്‍ ഇയ്യിടെ നെറ്റിലൂടെ ഒഴുകി നടക്കുന്നുണ്ട് എന്ന് ആരോ പറഞ്ഞത് അയാള്‍ അന്നേരം ഓര്‍ത്തു .
അയാള്‍ ഭാര്യയോടു സ്വകാര്യം പറഞ്ഞു :
'ആ ചെക്കന്മാരെ സൂക്ഷിക്കണം . അവരുടെ ഇരിപ്പും ഭാവവും കയ്യിലിരുപ്പും അത്ര ശരിയല്ല .. '
അവള്‍ അല്പം പുച്ഛം കലര്‍ന്ന ഭാഷയില്‍ അയാളോട് പറഞ്ഞു :
'നിങ്ങള്ക്ക് വെറുതെ ഓരോന്ന് തോന്നുന്നതാ , അങ്ങനെ സംശയിക്കാന്‍ തുടങ്ങിയാല്‍ നമുക്ക് ജീവിക്കാന്‍ പറ്റുമോ? എങ്ങോട്ടെങ്കിലും പോകാന്‍ പറ്റുമോ? നിങ്ങള്‍ ഓരോന്ന് ആലോചിച്ചു ഈ യാത്രയുടെ രസം കളയാതിരുന്നാല്‍ മതി ...'
അയാള്‍ അവളുടെ മുമ്പില്‍ വീണ്ടും ചെറുതായി .
മക്കളും ഭാര്യയും യാത്ര നന്നായി ആസ്വദിക്കുകയാണ് .
ഇപ്പോള്‍ ട്രെയിന്‍ കുതിച്ചു പായുന്നത് അയാളുടെ മനസ്സിലൂടെയാണ് . തുരങ്കങ്ങളും പാലങ്ങളും വയലുകളും കുന്നുകളും മേടുകളുമൊക്കെ കടന്ന് , അകം നിറയെ കനലെരിഞ്ഞ് , തീതുപ്പി , കുതിച്ച് ,
വല്ലാതെ കിതച്ച്‌ ..!!
OO
കഥ
പാളങ്ങൾ
- ഉസ്മാന്‍ ഇരിങ്ങാട്ടിരി

ഒരു ചെറിയ കയ്യബദ്ധം


ഇന്ന് വല്ലാതെ വേദനിപ്പിച്ച ഒരു ദുരന്ത വാർത്ത അറിഞ്ഞാണ് നേരം
വെളുത്തത് .
ഒരു ചെറിയ കയ്യബദ്ധം കൊണ്ടുണ്ടായ വലിയ ദുരന്തം .
കൊക്കിൽ ജീവനുള്ള കാലത്തോളം അതിനു കാരണക്കാരിയായ ആൾക്ക് മറക്കാനാവാത്ത പിന്നെയും പിന്നെയും കുത്തി നോവിക്കുന്ന സംഭവം .
വിധി എന്ന് പറഞ്ഞു ആശ്വസിക്കാൻ പോലും ആവാത്ത ദുരനുഭവം
ഒരു അമ്മയ്ക്കും സഹിക്കാവുന്നതിലും അപ്പുറമുള്ള ഒരു ദുര്യോഗം .
ഇത് നിങ്ങളുമായി പങ്കു വെക്കുന്നത് ഒരു പോസ്റ്റിനുള്ള വിഷയം എന്ന നിലക്കല്ല .
ഇത് വായിക്കുന്ന മറ്റൊരു അമ്മയ്ക്കും കുഞ്ഞിനും ഇങ്ങനെ ഒരു അനുഭവം വരരുതേ അതിനു അവസരം ഉണ്ടാവരുതേ എന്ന നല്ല ഉദ്ദേശ്യത്തോടെ മാത്രം .
ദുരന്തം നടന്നത് ഇങ്ങനെ . കുഞ്ഞിനു മുലകൊടുത്തു അമ്മ ഉറങ്ങിപ്പോയി .
കുടിച്ചു കുടിച്ചു ഓവർ ഫ്ലോ ആയി പാൽ ശ്വാസ കോശത്തിൽ എത്തി .
കുട്ടി നീല നിറം ആയി .
വളരെ വൈകി മാത്രം ഉണർന്ന അമ്മ കണ്ടത് നീല കളറുള്ള
കുഞ്ഞിനെയാണ് .
ഹോസ്പിറ്റലിൽ എത്തിച്ചു . പക്ഷേ കുഞ്ഞു എപ്പോഴോ മരിച്ചിരുന്നു .
എന്റെ ഒരു സുഹൃത്തിന്റെ അളിയന്റെ കുട്ടിയാണ് അതി ദാരുണമായി മരിച്ചത് .
വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞതേയുള്ളൂ . ആദ്യത്തെ കണ്മണിയാണ് ഇങ്ങനെ ഒരു കണ്ണീർ മണിയായി ഈ ലോകത്ത് നിന്നും യാത്രയായത് .
കുട്ടിക്ക് പേര് പോലും ഇട്ടിട്ടില്ലായിരുന്നു .
ഇത്തരം ദുരന്തങ്ങൾ വരാതിരിക്കാൻ അമ്മമാർ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് .
കുട്ടിക്ക് കിടന്നു കൊണ്ട് ഒരിക്കലും മുല കൊടുക്കരുത്
കാരണം പ്രസവ സംബന്ധമായ വിഷമങ്ങളും ശാരീരിക ക്ഷീണവും കാരണം അറിയാതെ ഉറങ്ങി പോകാനുള്ള സാധ്യത ഏറെയാണ്‌ . കുട്ടിക്ക് മുലകുടിക്കാനല്ലാതെ മറ്റൊന്നിനും കഴിവില്ലാത്ത പ്രായമാണ് . ശ്വാസ കോശത്തി ലേക്ക് നേരിയ വല്ലതും പ്രവേശിക്കുമ്പോഴേക്കും കാര്യമായി ചുമക്കാനോ തുമ്മാനോ കുട്ടിക്ക് കഴിയില്ല . അത് കൊണ്ട് ഒരിക്കലും കിടന്നു കൊണ്ട്
മുലയൂട്ടരുത് .
അമ്മ ഇരുന്നു വേണം കുട്ടിക്ക് മുല കൊടുക്കാൻ
തല അല്പം പൊക്കി വെച്ച് ആവണം.
പണ്ട്
കാലത്ത് ഇതൊക്കെ പറഞ്ഞു കൊടുക്കാൻ ഉമ്മമാരും അമ്മൂമ്മമാരും
ഉണ്ടായിരുന്നു. ഇന്ന് മിക്ക വീടും അണുകുടുംബം ആണല്ലോ.
സത്യത്തിൽ മുലയൂട്ടുന്നത് അമ്മ കൂടി ആസ്വദിച്ച് വേണം . ശ്രദ്ധിച്ചും .
ഒരു പാട് നേരം കൊടുക്കാതെ ഇടയ്ക്കിടെ കൊടുക്കണം
മുല യൂട്ടി കഴിഞ്ഞാൽ തോളിൽ ഇട്ടു പുറത്തു രണ്ടു കൊട്ട് കൊടുക്കണം .
പാൽ വയറ്റിലേക്ക് സുഗമമായി ഇറങ്ങിപ്പോകാൻ ഇത് ആവശ്യമാണ് .
ഇരുന്നു കൊടുക്കുമ്പോൾ ഇത്തരം അപകടങ്ങൾക്ക് ഉള്ള സാധ്യത ഇല്ലാതാവുന്നു .
വേറെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം . മുല കൊടുക്കുമ്പോൾ മുലക്കണ്ണ് മാത്രം കുട്ടിയുടെ വായിൽ വരത്തക്ക വണ്ണം രണ്ടു വിരൽ കൊണ്ട് മുലക്കണ്ണി നു ചുറ്റും പിടിച്ചു വേണം കൊടുക്കാൻ .
അല്ലെങ്കിൽ മുല അമർന്ന് ശ്വാസം കിട്ടാതെ കുട്ടി മരിക്കാനും സാധ്യതയുണ്ട് . ഇതും കിടന്നു കൊണ്ട് കൊടുക്കുമ്പോൾ സംഭവിക്കാവുന്ന അപകടം ആണ് .
അത് കൊണ്ട് സൂക്ഷിക്കുക .
ദൈവം നമുക്ക് നൽകുന്ന അമൂല്യമായ സമ്മാനം നമ്മുടെ അശ്രദ്ധ കൊണ്ടോ
അറിവില്ലായ്മ കൊണ്ട് നഷ്ടപ്പെടാതിരിക്കട്ടെ ..
തന്റെ അശ്രദ്ധ കാരണം തന്റെ കുഞ്ഞു മരിക്കുക എന്നതിൽ കവിഞ്ഞ ഒരു ദുഃഖം ഈ ലോകത്ത് മറ്റെന്തെങ്കിലും ഉണ്ടോ ഒരു അമ്മയ്ക്ക് .
അതും ജനിച്ചു വീണിട്ടു ഏതാനും ദിവസം മാത്രം ആയ പിഞ്ചു കുഞ്ഞ് .
- ഉസ്മാൻ ഇരിങ്ങാട്ടിരി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo